'മീശ'   വടിക്കുമ്പോള്‍

ജനാധിപത്യ വിരുദ്ധ ശക്തികള്‍ തീര്‍ക്കുന്ന ചതുപ്പില്‍ വീഴാതിരിക്കുക എന്നതാണ്  കേരള സമൂഹം നേരിടുന്ന കടുത്ത വെല്ലുവിളി

 രമാകാന്തന്‍ 
 

 ശാരദക്കുട്ടിയും ബെന്യാമിനും പ്രതീകങ്ങളാണ്. മീഡിയോക്രിറ്റി ആഘോഷമാവുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധികള്‍. ഹിന്ദുത്വയുടെ ആക്രമണത്തിനിരയായ എസ്. ഹരീഷ് എന്ന എഴുത്തുകാരനോട് ഒളിച്ചോടരുതെന്നും ഭീരുവാകരുതെന്നും ആഹ്വാനം ചെയ്തുകൊണ്ട് ഇവരിട്ട പോസ്റ്റുകള്‍ അന്തഃസാരശൂന്യമായ നിലപാടുകളുടെ ഉത്തമോദാഹാരണമായിരുന്നു. മൂന്നു കൊല്ലം മുമ്പ് പെരുമാള്‍ മുരുകന്‍ എന്ന തമിഴ് എഴുത്തുകാരന്‍ നേരിട്ട അതേ പ്രതിസന്ധിതന്നെയാണ് ഹരീഷും നേരിട്ടത്. ഹിന്ദുത്വയുടെ ഭീഷണിക്കു മുന്നില്‍ പെരുമാള്‍ മുരുകനും കുടുംബത്തിനും രാത്രിക്ക് രാത്രി സ്വദേശമായ നാമക്കലില്‍ നിന്നും ചെന്നൈയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. എന്തിനാണ് നാമക്കലില്‍ നിന്ന് ഒളിച്ചോടിയതെന്നും എന്തിനാണ് എഴുത്ത് നിര്‍ത്തിയതെന്നും അന്ന് പെരുമാള്‍ മുരുകനോട് ചോദിച്ച നിരവധി ശാരദക്കുട്ടിമാരും ബെന്യാമിന്‍മാരുമുണ്ട്. ആള്‍ക്കൂട്ടത്തിന്റെ ആക്രമണം എന്തെന്നറിയാത്തവര്‍ ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. 

'' നിങ്ങള്‍ക്കിഷ്ടമില്ലെങ്കില്‍ ആ പുസ്തകം നിങ്ങള്‍ വലിച്ചെറിഞ്ഞോളൂ പക്ഷേ, എഴുത്തുകാരനെ ആക്രമിക്കാന്‍ നിങ്ങള്‍ക്കവകാശമില്ല.'' ജസ്റ്റിസ് കൗള്‍


   കൃത്യ സമയത്ത് ഉണ്ടും ഉറങ്ങിയും വെടിവട്ടം കൂടിയും കാലം കഴിക്കുന്നവര്‍ക്ക് പെരുമാള്‍ മുരുകനും ഹരീഷും ഭീരുക്കളായി മാറുന്നു. മാതൊറുഭാഗന്‍ എന്ന നോവല്‍ പെരുമാള്‍ മുരുകന്‍ എഴുതിയത് തമിഴിലാണ്. 2010 ല്‍ ഈ നോവല്‍ പുറത്തിറങ്ങിയപ്പോള്‍ തമിഴ്‌നാട്ടില്‍ ഒരു തരത്തിലുള്ള കോലാഹലവുമുണ്ടായില്ല. പക്‌ഷേ, നാലുവര്‍ഷത്തിനു ശേഷം 2014 ല്‍ പെന്‍ഗ്വിന്‍ സംഗതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. നോവലിലെ നായിക തിരുച്ചെങ്കോട്ടെ കൈലാസ നാഥക്ഷേത്ത്രില്‍ വൈകാശി ഉത്സവനാളില്‍ നടക്കുന്ന ഒരു ആചാരത്തില്‍ പങ്കെടുക്കുന്നതിന്റെ വിവരണമാണ് ഹിന്ദുത്വ ശക്തികളെ പ്രകോപിപ്പിച്ചത്. മക്കളില്ലാത്ത സ്ത്രീകള്‍ക്ക് വൈകാശി നാളിലെ ഉത്സവരാത്രിയില്‍ അവിടെയെത്തുന്ന ഏതു പുരുഷനുമായും ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്ന ഒരാചാരം പണ്ടുകാലത്ത് ഈ ക്ഷേത്രത്തിലുണ്ടായിരുന്നുവെന്നും തന്റെ നായിക ഗര്‍ഭിണിയായത് ഈ ആചാരത്തില്‍ പങ്കാളിയായതിലൂടെയാണെന്നുമാണ് പെരുമാള്‍ മുരുകന്‍ എഴുതിയത്.    തിരുച്ചെങ്കോട്ടെ പ്രബല സമുദായക്കാര്‍ വെള്ളാള ഗൗണ്ടര്‍മാരാണ്. വൈകാശി നാളില്‍ ഉത്സവത്തിനെത്തുന്നവരില്‍ ദളിത് ചെറുപ്പക്കാരുമുണ്ടാവാറുണ്ടെന്ന് നോവലില്‍ പരാമര്‍ശമുണ്ടായിരുന്നു. ഈ പരാമര്‍ശമായിരുന്നു കലാപത്തിന്റെ കേന്ദ്ര ബിന്ദു. 

   ഹിന്ദു മതം നിറഞ്ഞു നില്‍ക്കുന്ന ഇടമാണെങ്കിലും ദക്ഷിണേന്ത്യയില്‍ ഹിന്ദുത്വയ്ക്ക് കാര്യമായ വേരോട്ടമില്ലാത്ത ഇടമാണ് തമിഴകം. ദ്രാവിഡ പ്രസ്ഥാനത്തിന്റെ മുന്നേറ്റമാണ് തമിഴകത്ത് ഹിന്ദുത്വയെ ദുര്‍ബ്ബലമാക്കിയത്. തമിഴകം എങ്ങിനെ പിടിച്ചെടുക്കണമെന്നത് സംഘപരിവാര്‍ വര്‍ഷങ്ങളായി നേരിടുന്ന വെല്ലുവിളിയാണ്. ഇടക്കാലത്ത് ജയലളിത എഐഎഡിഎംകെയുടെയും തമിഴ്‌നാട് സംസ്ഥാനത്തിന്റെയും തലപ്പത്ത് വന്നപ്പോള്‍ ഹിന്ദുത്വ ശക്തികള്‍ ഒന്നുണര്‍ന്നിരുന്നു. പക്‌ഷേ, ആര്‍ എസ് എസ്സിന് ജയലളിത വഴങ്ങിയില്ല. സ്വന്തമായൊരു ഹിന്ദു വോട്ട് ബാങ്ക് സൃഷ്ടിക്കാനാണ് ജയലളിത ശ്രമിച്ചത്. ഈ ശ്രമത്തിന് 2004 ലെ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായതോടെ ബിജെപിയുമുള്ള സഖ്യം ജയലളിത ഉപേക്ഷിക്കുകയും ചെയ്തു.

    1998 ല്‍ ജയലളിത തന്നെയാണ് ആദ്യമായി തമിഴകത്ത് ബിജെപിയുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയത്. തൊട്ടടുത്ത വര്‍ഷം ഡിഎംകെ ഇതേ പാത പിന്തുടര്‍ന്നു. ഈ കൂട്ടുകെട്ടുകളാണ് തമിഴകത്ത് ബിജെപിക്കും സംഘപരിവാറിനും കുറച്ചെങ്കിലും വളര്‍ച്ചയുണ്ടാക്കിയത്. പക്‌ഷേ, 2004 നു ശേഷം എ ഐ എ ഡിഎം കെയോ ഡി എം കെയോ ബിജെപിയുമായി സഖ്യത്തിനു തയ്യാറായിട്ടില്ല. നരേന്ദ്ര മോദിയുടെ കീഴില്‍ ബിജെപി ശക്തമായി തിരിച്ചുവരവ് നടത്തിയ 2014 ല്‍ ഒരേയൊരു സീറ്റ് മാത്രമാണ് ബിജെപിക്ക് തമിഴ്‌നാട്ടില്‍ നേടാനായത്. ഏതുവിധേനയും തമിഴകം പിടിക്കുക എന്ന അജണ്ട ബിജെപിയും സംഘപരിവാറും ശക്തമാക്കുന്നത് ഈ പരിസരത്തിലാണ്. ഈ പദ്ധതിയുടെ ഭാഗമായാണ് പെരുമാള്‍മുരുകനെതിരെയുള്ള കലാപം അരങ്ങേറിയതും. 

മതേതരത്വവും ബഹുസ്വരതയും നിലനിര്‍ത്തുന്ന തിനുള്ള പോരാട്ടത്തില്‍ അവേശഷിക്കുന്ന ഒരു തുരുത്തുകൂടി ഇല്ലാതാക്കുകയാണ് മത തീവ്രാദി
കളുടെ ലക്ഷ്യം. നബി പ്രശ്‌നത്തില്‍ ഇസ്ലാമിക് തീവ്രവാദികളും ഹരീഷിന്റെ നോവലിനെ ചൊല്ലി സംഘപരിവാറും ഒരു പോലെ ലക്ഷ്യമിട്ടത് മാതൃഭൂമിയെയാണ് "


   പെരുമാള്‍ മുരുകനെ എഴുത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് മദ്രാസ് ഹൈക്കോടതിയാണ്. 2016 ജൂലായ് അഞ്ചിന് പുറപ്പെടുവിച്ച ചരിത്രപരമായ വിധിയില്‍ അന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന സഞ്ജയ് കിഷന്‍ കൗളും ജസ്റ്റിസ് പു്ഷ്പ സത്യനാരായണയുമടങ്ങിയ ഡിവിഷന്‍ ബഞ്ച് ഭരണകൂടത്തിനും ഹിന്ദുത്വ ശക്തികള്‍ക്കുമെതിരെ നിശിത വിമര്‍ശമാണ് നടത്തിയത്. എഴുത്തുകാരനെതിരെ സാമൂഹ്യവിരുദ്ധര്‍ കലാപത്തിനൊരുങ്ങിയാല്‍ കലാപകാരികളെയല്ല എഴുത്തുകാരനെയാണ് ഭരണകൂടം സംരക്ഷിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. വര്‍ഷങ്ങള്‍ക്കു മുമ്പ് ചിത്രകാരന്‍ എം എഫ ഹുസൈനെതിരെ ഹിന്ദുത്വ ശക്തികള്‍ രംഗത്തു വന്നപ്പോള്‍ അന്ന് ഡെല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ഹുസ്സെന് അനുകൂലമായി പുറപ്പെടുവിച്ച വിധിയും ശ്രദ്ധേയമായിരുന്നു. 

    ഭരണകൂടം മുഖം തിരിഞ്ഞുനില്‍ക്കുമ്പോഴാണ് ആള്‍ക്കൂട്ടങ്ങള്‍ നിയമം കൈയ്യിലെടുക്കുന്നത്. 1984 ലെ സിഖ് കൂട്ടക്കൊലയും 2002ലെ ഗുജറാത്ത് കലാപവുമൊക്കെതന്നെ ഭരണകൂടത്തിന്റെ മൗനസമ്മതത്തോടെയായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല. ഭരണകൂടത്തിന്റെ ഇച്ഛയും ഇഷ്ടവും ആള്‍ക്കൂട്ടം നിറവേറ്റുമ്പോഴാണ് ഭരണകൂടം കാഴ്ചക്കാരനാവുന്നത്. പെരുമാള്‍ മുരുകനെ സ്വദേശമായ നാമക്കലില്‍ നിന്ന് ആട്ടിയോടിക്കാന്‍ ആള്‍ക്കൂട്ടത്തിന് കഴിഞ്ഞത് ഭരണകൂടത്തിന്റെ പിന്തുണയുണ്ടായിരുന്നതുകൊണ്ടാണ്. സംസാര സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ സംസാരിച്ചുകഴിഞ്ഞതിനു ശേഷമുള്ള സ്വാതന്ത്ര്യം കൂടിയാണെന്ന് പെരുമാള്‍ മുരുകന്‍ കേസില്‍ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി. സംസാരിച്ചു കഴിഞ്ഞതിനു ശേഷവും എഴുതിയതിനു ശേഷവും ഒരാള്‍ക്ക് ഇവിടെ സ്വതന്ത്രമായി നിലനില്‍ക്കാന്‍ കഴിയണം. ഇല്ലെങ്കില്‍ പിന്നെ സംസാര സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥമെന്താണെന്നാണ് ഇന്ത്യന്‍ ജനാധിപത്യം എന്നും നെഞ്ചിലേറ്റേണ്ട ആ വിധിയെഴുതിയ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ചോദിച്ചത്. '' നിങ്ങള്‍ക്കിഷ്ടമില്ലെങ്കില്‍ ആ പുസ്തകം നിങ്ങള്‍ വലിച്ചെറിഞ്ഞോളൂ പക്ഷേ, എഴുത്തുകാരനെ ആക്രമിക്കാന്‍ നിങ്ങള്‍ക്കവകാശമില്ല.'' ജസ്റ്റിസ് കൗള്‍ എഴുതി. നിങ്ങള്‍ക്കിഷ്ടമില്ലെങ്കില്‍ നിങ്ങള്‍ ബീഫ് കഴിക്കേണ്ട കാര്യമില്ല പക്ഷേ, ബീഫ് കഴിക്കുന്നവരെ ആക്രമിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല എന്നത് ഈ വിധിയുടെ മറുവായനയാവുന്നു. 

      ജസ്റ്റിസ് സഞ്ജയ്കിഷന്‍ കൗള്‍ എഴുതിയ ഈ വിധി ന്യായത്തില്‍ നിന്ന് പ്രസക്തഭാഗങ്ങള്‍ ഇവിടെ കൊടുക്കേണ്ടതുണ്ടെന്നു കരുതുന്നു. ഭരണകൂടം പരാജയപ്പെട്ടിടത്ത് ജുഡീഷ്യറി എങ്ങിനെയാണ് ജനാധിപത്യത്തോടുള്ള കടമ നിറവേറ്റുന്നതെന്ന് ഈ വിധി നമ്മോട് പറയുന്നുണ്ട്. '' കല പലപ്പോഴും പ്രകോപനപരമാണ് .അതെല്ലാവര്‍ക്കും വേണ്ടിയുള്ളതല്ല , സമൂഹത്തിലെ മുഴുവന്‍ ആളുകളും അത് കാണണമെന്ന് നിര്‍ബ്ബന്ധമില്ല. കാഴ്ചക്കാരന്റെ തിരഞ്ഞെടുപ്പാണത്. കുറച്ചു പേര്‍ക്ക് പ്രശ്‌നമുണ്ടെന്നുള്ളതുകൊണ്ട് അതിനെതിരെ തോന്നിവാസം കാണിക്കാനുള്ള ലൈസന്‍സ് അവര്‍ക്ക് കൊടുക്കാനാവില്ല. ഇത്തരം അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ കൈകാര്യം ചെയ്യാനാവില്ലെന്ന് ഭരണകൂടത്തിന് വാദിക്കാനാവില്ല.'' '' എഴുത്തുകാരനായ പെരുമാള്‍ മുരുകന്‍ ഭീതിക്കടിപ്പെടരുത്. എഴുതാനും തന്റെ രചനകളുടെ കാന്‍വാസ് വികസിപ്പിക്കാനും അദ്ദേഹത്തിനു കഴിയണം.അദ്ദേഹത്തിന്റെ ശൈലിയോടും ഉള്ളടക്കത്തോടും വിയോജിപ്പുള്ളവരുണ്ടെന്നതുകൊണ്ട് അദ്ദേഹത്തിന്റെ രചനകള്‍ സാഹിത്യപരമായ സംഭാവനകള്‍ അല്ലാതാവുന്നില്ല. ഒരു പ്രത്യേക പുസ്തകം വായിക്കുന്നതിനോ ഉള്ളടക്കത്തെചൊല്ലി ക്രോധാകുലരാവാതെ അതിനെ സ്വാംശികരിക്കുന്നതിനോ സമൂഹം തയ്യാറാണോ എന്നതിനെക്കുറിച്ചുള്ള സംവാദം കുറെക്കാലമായി നടക്കുന്നതാണ്. കാലം മാറിയിട്ടുണ്ട്. നേരത്തെ അംഗീകരിക്കപ്പെടാതിരുന്നത് ഇപ്പോള്‍ അംഗീകരിക്കപ്പെടുന്നുണ്ട്. 'ലേഡി ചാറ്റര്‍ലീസ് ലവര്‍ ' ഉദാത്ത ഉദാഹരണമാണ്. വായിക്കണോ വേണ്ടയോ എന്നത് വായനക്കാരന്റേ ( വായനക്കാരിയുടെ ) താണ്. നിങ്ങള്‍ക്കാ പുസ്തകം ഇഷ്ടമില്ലെങ്കില്‍ വലിച്ചെറിയൂ. പുസ്തകം വായിക്കണമെന്ന് ആരും നിര്‍ബ്ബന്ധിക്കുന്നില്ല. സാഹിത്യ വാസനകള്‍ വ്യത്യസ്തമാണ്.ഒരാള്‍ക്കിഷ്ടമായത് മറ്റൊരാള്‍ക്കിഷ്ടപ്പെടണമെന്നില്ല.എഴുതാനുള്ള അവകാശം പക്‌ഷേ, തടസ്സപ്പെടരുത്. ''

 '' വിക്ടോറിയന്‍ തത്വശാസ്ത്രമല്ല നമ്മുടെ തന്നെ സാഹിത്യവും രചനകളുമാണ് നമ്മെ പ്രചോദിപ്പിക്കേണ്ടത്. ചിലപ്പോള്‍ ചെറിയൊരു കൂട്ടം ആളുകള്‍ മാത്രമായിരിക്കാം ഇങ്ങനെ പ്രശ്‌നമുണ്ടാക്കുന്നത്. സെക്‌സ് ഒരിക്കലും അതില്‍ തന്നെ അനഭിലഷണീയമല്ല , സംസ്‌കാരത്തിന്റെ തുടക്കം മുതലേ അതിന്റെ അവിഭാജ്യ ഘടകമാണത്.വിവാഹേതര ബന്ധങ്ങള്‍ക്ക് മഹാഭാരതത്തില്‍ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. താഴേതട്ടിലുള്ളവരും ഉയര്‍ന്ന തട്ടിലുള്ളവരും ഒരു പോലെ തന്നെ ഇത് പിന്തുടരന്നിട്ടുണ്ട്. അതുകൊണ്ട് മഹാഭാരതം പോലുള്ള ഗ്രന്ഥങ്ങള്‍ നിരോധിക്കണമെന്ന് നമ്മള്‍ ആവശ്യപ്പെടുമോ? '' '' പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ ആള്‍ക്കൂട്ടത്തിന്റെ രോഷം നേരിടേണ്ടി വന്നു. അദ്ദേഹത്തിന്റെ നോവലിനെതിരെ സമരവും ബന്തുമുണ്ടായി. ഇത്തരം ഘട്ടങ്ങളില്‍ ക്രമസമാധാന പരിപാലനം ഭരണകൂടത്തിന്റെ കടമയാണ്. പക്‌ഷേ, അതൊരിക്കലും ആവിഷ്‌കാര സ്വാതന്ത്ര്യം ബലികഴിച്ചുകൊണ്ടാവരുത്. സാഹിത്യ , സാംസ്‌കാരിക പ്രശ്‌നങ്ങളില്‍ ഭരണകൂടവും പോലീസുമാണ് ഏറ്റവും നല്ല വിധികര്‍ത്താക്കള്‍ എന്നു പറയാനാവില്ല. അത് ആ വിഷയങ്ങളിലെ വിദഗ്ദര്‍ക്ക് വിടുന്നതാണ് നല്ലത്. അതിനുശേഷം കോടതികള്‍ക്കും. '' 

  '' സമൂഹത്തിലെ ഒരു വിഭാഗത്തിന് ഇഷ്ടപ്പെടുന്നില്ല എന്നതുകൊണ്ട് ഒരു രചനയും കലയും അശ്ലീലമാവുന്നില്ല. രചനകളോട് തീര്‍ച്ചയായും സഹിഷ്ണുതയുണ്ടാവണം. വിയോജിപ്പുള്ളവര്‍ക്ക് അത് പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. പക്‌ഷേ , അതൊരിക്കലും രചയിതാവിനെ ഭീഷണിപ്പെടുത്തുന്നതിലേക്കോ ഒരു നാടിനെ തന്നെ സ്തംഭിപ്പിക്കുന്നതിലേക്കോ എത്തിച്ചേരരുത്.'' '' കാലം വലിയൊരു വൈദ്യനാണ്. ഒരു പാട് മുറിവുകള്‍ സുഖപ്പെടുത്താന്‍ അതിനാവും. പെരുമാള്‍ മുരുകനും അദ്ദേഹത്തിന്റെ എതിരാളികളും ജിവിതം തുടരേണ്ടതായുണ്ട്. ചലനാത്മകമായ ഒരു ജനാധിപത്യവ്യവസ്ഥ മുന്നോട്ടുകൊണ്ടുപോവുന്നതിന് ഇത്തരം പ്രതിസന്ധികള്‍ കുഴിച്ചുമൂടേണ്ടതായുണ്ട്. മറക്കാനും പൊറുക്കാനുമാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്. എഴുത്തുകാരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ, അദ്ദേഹം അദ്ദേഹത്തിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ചെയ്യട്ടെ, അദ്ദേഹം എഴുതട്ടെ. ''

ഹരീഷിന്റെ കാര്യത്തില്‍ പക്‌ഷേ, ഇടതു ഭരണകൂടം ദയനീയമാം വിധം പരാജയപ്പെടുന്നതാണ് കണ്ടത്. പേടിക്കാതെ എഴുതൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞെങ്കിലും അതിനുള്ള പരിസരം ഒരുങ്ങിയില്ല. ഹരീഷിനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ നിര്‍ബ്ബാധം പ്രവഹിച്ചപ്പോള്‍ ഭരണകൂടം മുഖം തിരിഞ്ഞു നിന്നു

   സെന്‍സര്‍ഷിപ്പ് ആള്‍ക്കൂട്ടം ഏറ്റെടുക്കുമ്പോഴാണ് പെരുമാള്‍ മുരുകനും ഹരീഷിനുമാക്കെ രചനകള്‍ പിന്‍വലിക്കേണ്ടി വരുന്നത്. പെരുമാള്‍മുരുകന്റെ കാര്യത്തില്‍ ജയലളിത സര്‍ക്കാര്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നാമക്കലില്‍ നിന്ന് ചെന്നൈയിലേക്ക് ജോലി മാറ്റം നല്‍കാന്‍ തയ്യാറായെന്നത് കാണാതിരിക്കാനാവില്ല. ഹരീഷിന്റെ കാര്യത്തില്‍ പക്‌ഷേ, ഇടതു ഭരണകൂടം ദയനീയമാം വിധം പരാജയപ്പെടുന്നതാണ് കണ്ടത്. പേടിക്കാതെ എഴുതൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞെങ്കിലും അതിനുള്ള പരിസരം ഒരുങ്ങിയില്ല. ഹരീഷിനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ നിര്‍ബ്ബാധം പ്രവഹിച്ചപ്പോള്‍ ഭരണകൂടം മുഖം തിരിഞ്ഞു നിന്നു. ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ രക്ഷയ്‌ക്കെത്തിയതുപോലെ ഇടതുപക്ഷ സര്‍ക്കാരോ മാദ്ധ്യമങ്ങളോ ഹരിഷിനെ തുണയ്ക്കാനുണ്ടായിരുന്നില്ല.  സംഘപരിവാറിന്റെ സുസംഘടിതമായ ആക്രമണമാണ് ഹരീഷിനെതിരെയുണ്ടായത്. ഹരീഷിനെ മാത്രമല്ല നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിയേയും ഹിന്ദുത്വ ശക്തികള്‍ ഒറ്റപ്പെടുത്തി ആക്രമിച്ചു. ഹനാനെതിരെയുണ്ടായ ആക്രമണം വിജയകരമായി ചെറുക്കാന്‍ മാതൃഭൂമിക്കായി.  

       പക്‌ഷേ, ഹരീഷിന്റെ നോവലിനെതിരെയുള്ള കലാപം നേരിടുന്നതില്‍ മാതൃഭൂമിക്ക് എന്തുകൊണ്ട് തിരിച്ചടി നേരിട്ടു എന്നത് സാംസ്‌കാരിക കേരളം ആഴത്തില്‍ വിലയിരുത്തേണ്ടതായുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഒരാള്‍ക്ക് ചെയ്യാവുന്നതാണ് ഹരീഷ് ചെയ്തത്. അദ്ദേഹം നോവല്‍ പിന്‍വലിച്ചു. അത് ശാരദക്കുട്ടിയോ ബെന്യാമിനോ ആരോപിക്കുന്നതു പോലെ ഒരു ഭീരുവിന്റെ പ്രതികരണമായിരുന്നില്ല. ഹരീഷ് നോവല്‍ പിന്‍വലിച്ചതിന് പിന്നാലെ ഹിന്ദു ദിനപത്രത്തില്‍ പെരുമാള്‍ മുരുകന്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. ഹരീഷിന്റെ അവസ്ഥ തനിക്ക് കൃത്യമായി മനസ്സിലാകുന്നുണ്ടെന്ന് പെരുമാള്‍ മുരുകന്‍ എഴുതി. '' രാജ്യം ഭരിക്കുന്നവരോട് പൊരുതാന്‍ തനിക്കാവില്ലെന്ന് ഹരീഷ് പറയുന്നുണ്ട്. ഈ വാക്കുകള്‍ ഒരിക്കലും ഒരു ഭീരുവിന്റേതല്ല. അതാണ് പച്ചയായ യാഥാര്‍ത്ഥ്യം. ഒരു സംഘടനയോടോ രാഷ്ട്രീയ പാര്‍ട്ടിയോടോ ഏറ്റുമുട്ടാന്‍ എഴുത്തുകാര്‍ക്കായെന്നു വരില്ല. അവരുടെ ആയുധം എഴുത്ത് മാത്രമാണ്. സാഹിത്യം ജീവിതത്തെക്കുറിച്ചുള്ള പുനരാലോചനയാണ്. വെറുപ്പം വിദ്വേഷവും പക്‌ഷേ, ഒരു തരത്തിലുള്ള അന്വേഷണവും അനുവിദിക്കുന്നില്ല.ഇത്തരം പുനരാലോചനകള്‍ അനുവദിക്കാത്ത ഒരു സമൂഹത്തിനു വേണ്ടി എഴുതേണ്ടതുണ്ടോ എന്ന് ഒരെഴുത്തുകാരന്‍ ആകുലനാവുക സ്വാഭാവികമാണ്. ഇപ്പോള്‍ ഹരീഷിന്റെ കൈപിടിച്ച് ഇങ്ങനെ പറയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വെറുപ്പ് അടങ്ങുന്ന സമയം വരും . നമുക്ക് കാത്തിരിക്കാം. ''

നോവലിന്റെ മൂന്ന് അദ്ധ്യായങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെയുണ്ടായ പ്രതിഷേധം നോവല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പൂര്‍ണ്ണമായും പ്രസിദ്ധീകരിച്ച ഡി സി ബുക്ക്‌സിനെതിരെയുണ്ടായില്ല.

 ഹരീഷിനു വേണ്ടിയുള്ള ചെറുത്തുനില്‍പ് ആത്യന്തികമായി ജനാധിപത്യത്തിനു വേണ്ടിയുള്ള ചെറുത്തുനില്‍പാവുന്നു. പെരുമാള്‍ മുരുകന്റെ കാര്യത്തിലെന്ന പോലെ കൃത്യമായ അജണ്ടയാണ് സംഘപരിവാറിന് ഹരീഷിന്റെ നോവലിലുമുള്ളത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാനുള്ള തത്രപ്പാടിലാണ് സംഘപരിവാര്‍. ഉത്തരേന്ത്യയില്‍ മോദിക്കും സംഘത്തിനും തിരിച്ചടിയുണ്ടാവുമെന്ന് സംഘപരിവാര്‍ കണക്കുകൂട്ടുന്നുണ്ട്. അപ്പോള്‍ പിന്നെ ദക്ഷിണേന്ത്യയിലാണ് അവരുടെ നോട്ടവും പ്രതീക്ഷയും. കേരളത്തില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ എന്തും ചെയ്യാമെന്ന നിലപാടിലാണ് പരിവാര്‍. ഹരീഷിന്റെ നോവലിലെ രണ്ടു വരികള്‍ അടര്‍ത്തിയെടുത്തത് ഈ പദ്ധതിയുടെ ഭാഗമായാണ്. നോവലിന്റെ മൂന്ന് അദ്ധ്യായങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെയുണ്ടായ പ്രതിഷേധം നോവല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പൂര്‍ണ്ണമായും പ്രസിദ്ധീകരിച്ച ഡി സി ബുക്ക്‌സിനെതിരെയുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. 

   അപ്പോള്‍ ലക്ഷ്യം മാതൃഭൂമിയായിരുന്നു . എന്തുകൊണ്ട് സംഘപരിവാര്‍ മാതൃഭൂമിയെ ഒറ്റപ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നത് വലിയൊരു ചോദ്യമാണ്. മാതൃഭൂമി വായിക്കുന്നവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. കേരളത്തിലെ മതേതര സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് ഇവരില്‍ ഏറെയും. ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിനെ സംഘപരിവാര്‍ ഭയപ്പെടുന്നതുപോലെ തന്നെയാണ് മലയാളത്തില്‍ മാതൃഭൂമിയേയും പരിവാര്‍ പേടിക്കുന്നത്. 

   മാതൃഭൂമിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ കാണാതെയല്ല ഈ നിരീകഷ്ണം. ഉദാത്തവും മാതൃകാപരവും ആദര്‍ശാത്മകവുമായ പത്രപ്രവര്‍ത്തനമാണ് മാതൃഭൂമി നടത്തുന്നതെന്ന് ഇപ്പോള്‍ ജിവിച്ചിരിപ്പുണ്ടെങ്കില്‍ കെ പി കേശവമേനോന്‍ പോലും പറയില്ല. പക്‌ഷേ, ഇന്നും സംഘപരിവാറും എന്‍ ഡി എഫും അടക്കമുള്ള തീവ്ര വര്‍ഗ്ഗീയ ശക്തികള്‍ കേരളത്തില്‍ ഭയപ്പെടുന്ന ഒരു മാദ്ധ്യമം മാതൃഭൂമി തന്നെയാണ്. മതേതരത്വവും ബഹുസ്വരതയും നിലനിര്‍ത്തുന്നതിനുള്ള പോരാട്ടത്തില്‍ അവേശഷിക്കുന്ന ഈ തുരുത്തുകൂടി ഇല്ലാതാക്കുകയാണ് മത തീവ്രാദികളുടെ ലക്ഷ്യം. നബി പ്രശ്‌നത്തില്‍ ഇസ്ലാമിക് തീവ്രവാദികളും ഹരീഷിന്റെ നോവലിനെ ചൊല്ലി സംഘപരിവാറും ഒരു പോലെ ലക്ഷ്യമിട്ടത് മാതൃഭൂമിയെയാണെന്ന് മറക്കരുത്. 

അതുകൊണ്ടുതന്നെ കേരള ചരിത്രത്തിന്റെ ഈ സവിശേഷ ദശാസന്ധിയില്‍ സമൂഹമൊന്നാകെ മാതൃഭൂമിക്കൊപ്പം നിലയുറപ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ മാതൃഭൂമി വീണാല്‍ ആഘോഷിക്കുന്നവര്‍ ജനാധിപത്യത്തിന്റെ എതിര്‍പാളയത്തിലുള്ളവരായിരിക്കും എന്നതില്‍ സംശയമില്ല. ചേകന്നൂര്‍ മൗലവിയുടെയും അഭിമന്യുവിന്റെയും ഘാതകരും ജോസഫ് മാഷുടെ കൈവെട്ടിയവരും ഗൗരിലങ്കേഷിനെയും ഗോവിന്ദ് പന്‍സാരയെയും ഇല്ലാതാക്കിയവരുമാണ് മാതൃഭൂമിയുടെ വീഴ്ച കൊണ്ടാടുക. ഈ ജനാധിപത്യ വിരുദ്ധ ശക്തികള്‍ തീര്‍ക്കുന്ന ചതുപ്പില്‍ വീഴാതിരിക്കുക എന്നതാണ് ഇന്നിപ്പോള്‍ കേരള സമൂഹം നേരിടുന്ന കടുത്ത വെല്ലുവിളി.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image