'ചോരയുടെ കഥ': 
അവയവമില്ലാത്ത ശരീരം

ഉടലും കലാപവും ഇല്ലെങ്കിൽ പോലും ചോര പടരാത്ത ഒരു നിമിഷം ഉണ്ടാകില്ല പ്രകൃതിജീവിതത്തിൽ.ഉയർച്ചതാഴ്ചകളുടെ ബന്ധങ്ങളിൽ ചോരയാണു കഥയും ചരിത്രവും പറയുക. ചോരയോട്ടമില്ലാത്ത കഥയും ചരിത്രവും നിർജ്ജീവമായി കരുതാൻ കാരണം ചോരയുടെ ശക്തിയും ഊർജ്ജവുമാണ്.

വി.ആർ.സന്തോഷ്
    
   ഉടലിനെക്കുറിച്ചു പറയുമ്പോഴും അക്രമത്തെക്കുറിച്ചു പറയുമ്പോഴും ചോരയുടെ സാന്നിധ്യമുണ്ടാകുന്നു. ഉടൽ മുറിഞ്ഞില്ലെങ്കിലും അക്രമത്തിൽ ചോര പൊടിഞ്ഞില്ലെങ്കിലും ചോര നിരാകരിക്കപ്പെടുന്നില്ല. നമ്മുടെ ഓർമകളിൽ ഇവ അടയാളപ്പെടുത്തിയിരിക്കുന്ന ബോധമാണ് ഇതിനു കാരണം. ഉടൽ മുറിഞ്ഞാൽ ചോര വരും.അക്രമം അതിരുകടന്നാൽ അധികാരം ചോരയിൽ അതിന്റെ ശക്തി പ്രകടിപ്പിക്കും. അതു കൊണ്ട് ചോര നമുക്കു മുന്നിൽ ഒരു യാഥാർത്ഥ്യമാണ്. നമ്മെനടത്തുന്നതും നമ്മെ പ്രവർത്തി ചെയ്യിപ്പിക്കുന്നതും ചോരയാണ്. ജീവിതത്തിൽ ചോര തുടക്കവും ഒടുക്കവുമാണ്. നിത്യജീവിതത്തിൽ സകർമ്മക ക്രിയയാണ് ചോര.ഉടലും കലാപവും ഇല്ലെങ്കിൽ പോലും ചോര പടരാത്ത ഒരു നിമിഷം ഉണ്ടാകില്ല പ്രകൃതിജീവിതത്തിൽ.ഉയർച്ചതാഴ്ചകളുടെ ബന്ധങ്ങളിൽ ചോരയാണു കഥയും ചരിത്രവും പറയുക. ചോരയോട്ടമില്ലാത്ത കഥയും ചരിത്രവും നിർജ്ജീവമായി കരുതാൻ കാരണം ചോരയുടെ ശക്തിയും ഊർജ്ജവുമാണ്. "ചോര തുടിക്കും ചെറുകയ്യുകളേ, പേറുക വന്നീപ്പന്തങ്ങൾ " ( പന്തങ്ങൾ )എന്ന് വൈലോപ്പിളളിയ്ക്ക് എഴുതാൻ കഴിഞ്ഞത് ചോരക്ക് ഒരു പുതു ലോകത്തെ നിർമ്മിക്കാൻ കഴിയും എന്നതുകൊണ്ടാണ്. ഈ പുതുക്കൽ ചരിത്രത്തിൽ മാത്രമല്ല; സ്ത്രീകളിൽ നിരന്തരം നടക്കുന്നുവെന്ന് പറയുന്ന കവിതയാണ് അനിത തമ്പിയുടെ "ചോരയുടെ കഥ "     
 
 ഫോട്ടോ :എം ആര്‍ മനു       


അനിത തമ്പി

ചോരക്ക് ഒരു പുതു ലോകത്തെ നിർമ്മിക്കാൻ കഴിയും . ഈ പുതുക്കൽ ചരിത്രത്തിൽ മാത്രമല്ല; സ്ത്രീകളിൽ നിരന്തരം നടക്കുന്നുവെന്ന് പറയുന്ന കവിതയാണ് അനിത തമ്പിയുടെ "ചോരയുടെ കഥ "    

നവചരിത്രത്തിനു വേണ്ടിയുള്ളതാണെന്ന പ്രചാരണം മറ്റുള്ളവരെ മാറ്റി നിർത്താനുള്ള അവസ്ഥയുണ്ടാക്കി. സ്ത്രീകൾ, ദളിതർ, ട്രാൻസ്ജെൻ ഡേഴ്സ് തുടങ്ങിയവരെല്ലാം ശബ്ദമില്ലാത്തവരായി ഈ അവസ്ഥയിൽ മാറി. ഇത്രയും കാലവും പുരുഷൻ ചരിത്രത്തിന്റെ പ്രധാന ഇടങ്ങളിലെല്ലാം സ്ഥാനപ്പെടാൻ കാരണം ശബ്ദങ്ങൾ മാറ്റി നിർത്തിയതാണ്.അധികാരം, ആധികാരികത എന്നിവിടങ്ങളിൽ തങ്ങൾ മാത്രമാണ് 'ശരി ' എന്ന അപകടം കൂടിയാണ് ഇതുവരെ നിലനിന്നിരുന്നത്. അതു കൊണ്ട് എല്ലാ ശബ്ദങ്ങളും ഒറ്റ ശബ്ദുത്തിൽ കേൾക്കുന്നതാണ് സുഖം എന്നു വന്നു.പക്ഷെഒറ്റ ശബ്ദമല്ല, എല്ല ശബ്ദങ്ങളിലും അതിന്റേതായ ശബ്ദവ്യത്യാസമുണ്ടെന്ന ആധുനികതയ്ക്കു ശേഷമുള്ള കാഴ്ചപ്പാട് പുരുഷനെ തന്നെ പലതാക്കി മാറ്റി. ഈ പലതുകളാണ് സ്ത്രീയ്ക്കും മറ്റെല്ലാവർക്കും ശബ്ദമുണ്ടാക്കിയത്. 

   ചോരയ്ക്ക് പ്രാധാന്യമുണ്ടാകുന്നത് പ്രവർത്തിയുമായി ബന്ധപ്പെട്ടാണ്.ഒരു പ്രവർത്തിയിലൂടെ ഒഴുക്കുന്ന ചോര ആ പ്രവർത്തിയെ ഔന്നത്യത്തിലെത്തിക്കുന്നു. ആ ഔന്നത്യം പലപ്പോഴും വന്നു ചേരുന്നത് പുരുഷനിലാണ്. പുരുഷൻ നിർമ്മിച്ചെടുത്തിരിക്കുന്ന മാതൃകയാണ് ഈ ഔന്നത്യത്തിനു കാരണം.പ്രകൃതിയെ കീഴടക്കുന്നതു മുതൽ ഈ ഔന്നത്യം പുരുഷനിൽ വന്നു ചേരുന്നു. പിന്നീട് പുരുഷൻ തന്നെ നിർമ്മിച്ച മതഗ്രന്ഥങ്ങൾ, നിയമങ്ങൾ എല്ലാറ്റിലും അവനെ നേതൃത്വ സ്ഥാനത്ത് എത്തിച്ചു.ഈ പുരുഷൻ വീരചരമം അടയുമ്പോൾ, രക്തസാക്ഷിയാകുമ്പോൾ അവന് കൂടുതൽ മഹത്വമുണ്ടായി. "നരി വന്നാൽ - വന്നോട്ടെ, സുപരീക്ഷിതങ്ങളെൻ ചരണങ്ങൾ, ഞാനൊരു പെണ്ണല്ലല്ലോ" എന്ന് " ബുദ്ധനും ഞാനും നരിയും'' എന്ന കവിതയിൽ ഇടശ്ശേരി പറയുന്ന ബോധം പുരുഷനെ എക്കാലത്തും ചോരത്തിളപ്പുള്ളവനാക്കി. 

ചോരയ്ക്ക് പ്രാധാന്യമുണ്ടാകുന്നത് പ്രവർത്തിയുമായി ബന്ധപ്പെട്ടാണ്.ഒരു പ്രവർത്തിയിലൂടെ ഒഴുക്കുന്ന ചോര ആ പ്രവർത്തിയെ ഔന്നത്യത്തിലെത്തിക്കുന്നു. ആ ഔന്നത്യം പലപ്പോഴും വന്നു ചേരുന്നത് പുരുഷനിലാണ്. 

      ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീയുടെ സാന്നിധ്യങ്ങളെ മറച്ചു പിടിക്കാനാണ് ശ്രമിക്കാറ്. ദൃശ്യത്തിൽ സമയബന്ധിതമായി പുരുഷന്റെ രൂപങ്ങളെ രൂപപ്പെടുത്തിയെടുക്കുന്ന മെക്കാനി സമുണ്ട് .അതൊരു ഡാറ്റാ ബെയ്ഡായ രൂപപ്പെടുത്തൽ കൂടിയാണ്.ഒരു ഡാറ്റയ്ക്ക് എന്തു വരെ പോകാനാവുമെന്നതുപോലെയാണിത്. ചരിത്രത്തിൽ, സാമൂഹിക ശാസത്രത്തിൽ നിർമ്മിച്ചു വെച്ചിട്ടുള്ളത് ഈ രൂപത്തിലാണ്. അതിനെ മറികടക്കാൻ ഏറെ കാലമെടുക്കും. അതു കൊണ്ട് ആവർത്തനങ്ങളെ ഉപയോഗിക്കാനാണ് പലപ്പോഴും ശ്രമിക്കാറ്. ഇവിടെ അതു കൊണ്ടു തന്നെ സാന്നിധ്യങ്ങളെ മറച്ചുവയ്ക്കുന്നു. 

      മറച്ചുവയ്ക്കപ്പെട്ട സാന്നിധ്യമെന്നത് അസാന്നിധ്യമല്ലെങ്കിലും അത് പരന് അപരമാണ്. പുരുഷന് അപരമായ ലോകമുണ്ടാക്കിയാൽ മാത്രമെ സ്ത്രീയെ മറച്ചു പിടിക്കാനാവൂ. ആ മറയിൽ തന്നെ നിൽക്കുന്ന അവയമില്ലാത്ത ശരീരമാണ് ചോരയുടെ കഥയിലേയും സ്ത്രീയുടേത്. " ഒറ്റ ഉടലിൽ'' നിന്നാരംഭിയ്ക്കുന്ന ചോരയുടെ ഒഴുക്ക് ലോകത്തിലെ രക്തരൂക്ഷിതമായ കലാപത്തേക്കാൾ വലുതാണെന്ന് അനിത തമ്പി പറയുന്നു.എന്നാൽ ആ ഒഴുക്ക് "പിറക്കാത്ത പൈതങ്ങൾക്ക് പിഴയുട്ടുന്ന ചോര "യുടെ ഒഴുക്കാണെന്ന് പറയുന്നിടത്ത് സ്ത്രീകളിലേക്കുള്ള ജൈവ പടർച്ചയെ കാട്ടിത്തരുന്നു.രക്തമുള്ള സ്ത്രീ ചലനാത്മകമായ ഒരു സമൂഹത്തെ കാട്ടിത്തരുന്നു. അവൾ ജീവിതത്തിലേക്ക് നിരന്തരം വന്നു കൊട്ടിരിക്കുന്ന സ്ത്രീയാണെന്നും ജീവനിലേക്കു മാത്രം പടരുന്നവളല്ലെന്നും ജീവനില്ലാത്തവയ്ക്കു കൂടി ബലിയിടുന്നവളാണെന്നു വരുന്നു .രക്തസാക്ഷി ഒരാശയത്തിനോ മാറ്റത്തിനോ വേണ്ടി ശ്രമിക്കുമ്പോൾ സ്ത്രീ മാസം തോറും നൽകുന്ന രക്തം ജീവനില്ലാത്ത വയ്ക്കുകൂടിയാണെ കണ്ടെത്തൽ എല്ലാറ്റിനേയും ഒരു പോലെ ഒരു സ്ത്രീയ്ക്ക് കാണാനാവുമെന്നതിന്റെ വ്യാഖ്യാനമാണ്.

" ഒറ്റ ഉടലിൽ'' നിന്നാരംഭിയ്ക്കുന്ന ചോരയുടെ ഒഴുക്ക് ലോകത്തിലെ രക്തരൂക്ഷിതമായ കലാപത്തേക്കാൾ വലുതാണെന്ന് അനിത തമ്പി പറയുന്നു.


      എങ്കിലും പുരുഷലോകത്തിന്റെ ലക്ഷണങ്ങൾ തകർന്നില്ല. അത് മറ്റെല്ലാറ്റിനും ഉള്ളിലൂടെ സ്ഥാനം പിടിക്കുകയായിരുന്നു. ഈ സ്ഥാനമാറ്റത്തെ തിരിച്ചറിഞ്ഞവർ ലോകം അത്രകണ്ട് വേരുറച്ചതല്ലെന്ന് തിരിച്ചറിഞ്ഞു. സംസ്കാരവും മാനവികതയും അതുപോലെ തന്നെയാണ്. ഈ രീതിയിൽ മാത്രമെ ബോധമണ്ഡലങ്ങൾക്ക് സഞ്ചാരിക്കാനാവൂ. അതിനാൽ എല്ലാം പടരുകയാണെന്ന് ജ്ഞാന ലോകം മനസിലാക്കി. റൈസോമാറ്റിക്കായ ഈ തുടർച്ചയെ ആണ് ലോകം അഭിമുഖീകരിക്കുന്നത്."ആണു പെണ്ണിന് നരകമാകാത്ത ഭൂമിയെ " (കയറ്റം) ക്കുറിച്ച് ആഗ്രഹിക്കാൻ സച്ചിദാനന്ദൻ പറയുന്നത് ഇക്കാരണത്താലാണ്. 

    അതിന്റെ റൈസോം സ്ത്രീയുടേതാണെന്ന് വ്യക്തമാക്കുന്നതാണു് ആലപ്പുഴ പൂഴിമണ്ണ് തിരളുന്നതാണ് വെളളം, അത് കറപിടിക്കുന്നു, നനയക്കുന്നു, കുളിക്കുന്നു, അത് നൊന്തു കിടക്കുന്നു, എഴുന്നേറ്റു നടക്കുന്നു, ഇണ വെള്ളം തീണ്ടാതെ ഉറങ്ങാതെ കിടക്കുന്നു എന്നീ സൂചനകളിലൂടെ അത് സ്ത്രീയെ നിർമ്മിച്ചെടുക്കുന്നുണ്ട്. 

    ആലപ്പുഴ വെള്ളവും ആഖ്യാന തലത്തിൽ സ്ത്രീ മനസുമായി ചേർന്നാണു നിൽക്കുന്നത്. തെക്കൻ നീരിലൂരുറച്ചു പോയ വളാണെങ്കിലും അരമുള്ള നാവുള്ളമെരുക്കമില്ലാത്ത വെള്ളം തെളിയാൻ കൂട്ടാക്കാത്ത കലക്കത്തിന്റെ മനസുള്ള വെളളത്തെയാണു് അവൾ ഇഷ്ടപ്പെടുന്നത്. അതിനിടയിൽ സന്ദേഹത്തിന്റെ പഴുതുകളാണ് " ജല" മെന്നെഴുതണോ?ആറ്റൂരിന്റെ "വെള്ള " മെന്നെഴുതാണോ? എന്നത്.ഈ സന്ദേഹത്തെ സംസ്കാരങ്ങളുടെ സന്ദേഹമായിക്കാണുകയാണെങ്കിൽ അതിൽ ദേശ നിർമ്മിതിയുടെ സ്വത്വമുണ്ടാകുന്നതു കാണാം. ജ്ഞാനം കൊണ്ടു പരിഷ്കൃതരായവർ തങ്ങളുടെ അതിർത്തികൾക്കുള്ളിൽ എല്ലാം ശേഖരിച്ചു വയ്ക്കാൻ ശ്രമിക്കുകയും അതില്ലാത്തവർ അപരിഷ്കൃതരായി മാറുകയും ചെയ്തു. സ്വത്തും പ്രകൃതി വിഭവങ്ങളും ഒന്നിച്ചു വച് അതു പയോഗിക്കാൻ ശ്രമിക്കുന്നവരെ ദേശീയ സ്വത്വമുള്ളവരായിക്കണ്ടു. ഇത്തരത്തിലുള്ള സന്ദേഹത്തിനിടയിൽ കൂടിയാണ് ആലപ്പുഴ വെള്ളം കടന്നു പോകുന്നത്. വയനാട്ടിലേയും നിള നാട്ടിലേയും മലനാട്ടിലേയും തെളിനീരല്ല ആലപ്പുഴയിലേതെന്നു പറയുന്നിടത്ത് ജലപ്പ കർച്ചകൾ പോലെ തന്നിലേ ചോരയുടെ ഘടന മറ്റൊന്നാണെന്ന് പറയുന്നു. ജലത്തിന്റെ പടർച്ചകൾക്കിടയിൽ തങ്ങളുടെ ചരിത്രം കലശ് വെള്ളം പോലെ വേറിട്ട താണെന്നു പറയുന്നിടത്ത് നിരന്തര ജീവിതത്തിലുള്ള ചരിത്രങ്ങളെക്കൂടി അതു മുന്നോട്ടുവയ്ക്കുന്നുണ്ട്

    ഉടലിൽ നിന്ന് മറ്റൊരുടൽ മെല്ലെ ഉണർന്നു വന്ന് ഉടുപ്പണിയാതെ തിണ്ണയിൽ നിന്ന് നിരത്തിലേക്കിറങ്ങുന്നതിനെക്കുറിച്ച് ഉടുപ്പ് എന്ന കവിതയിൽ പറയുന്നുണ്ട്. ജലവും രക്തവും പടരുന്നത് ഉടുപ്പിൽ നിന്ന് ശരീരം തന്റെ സ്വത്വം കണ്ടെത്തുന്നതു പോലെയാണ്. മാറ്റത്തിനു വിധേയമായി രൂപപ്പെടുകയാണ് എല്ലാ സ്വത്വങ്ങളും അവിടെ ഭൂപടങ്ങളിൽ നിന്നു ഭൂപടങ്ങളിലേക്കുള്ള പടരൽ കാണാം. അധികാരം എങ്ങനെ അതിനാവശ്യമായ ഘടനയുണ്ടാക്കുന്നു ചോദിച്ചാൽ അതിന്റെ നാനാതരത്തിലുള്ള വ്യവഹാരങ്ങളിലൂടെയാണ് സാധ്യമാക്കുന്നതെന്നു പറയാൻ കഴിയും. ജലവും രക്തവും ഇതുപോലെ വ്യവഹാരങ്ങൾ ഉണ്ടാക്കുന്നുണ്ട്. പടർന്ന് അത് അതിന്റെ മണ്ഡലങ്ങൾ സാധ്യമാക്കുന്നുവെന്നു പറയാം. 

ജലമില്ലെങ്കിൽ ജീവിക്കാൻ പറ്റില്ല. രക്തമില്ലെങ്കിലും ജീവിക്കാൻ പറ്റില്ല. ഇവയുടെ രണ്ടിന്റെയും ഒഴുക്ക് അസമാനതകൾ ഇല്ലാതാക്കലാണ്.

      ഈ സ്ത്രീ നിർമ്മിതിയെ എന്നാൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ പടർന്നാണ് ആലപ്പുഴയിലേക്കെത്തുന്നത്. ഗൃഹാതുരതയ്ക്കപ്പുറം അത് ഉയർത്തുന്ന രാഷ്ട്രീയ പ്രവർത്തനം ജലത്തിന്റെ, സ്ത്രീയുടെ രാഷ്ട്രീയമാണ് അപ്പോൾ തന്നെ തൊണ്ടനനയാൻ വെളളത്തിനായി ദാഹിക്കുന്ന പ്രകൃതി കുലത്തിന്റെ രാഷ്ട്രീയമാണ്.ഇവിടെയാണ് ജലത്തിന്റെയും ചോരയുടെയും രാഷ്ട്രീയം പരസ്പരം പങ്കിടുന്നത്. ജലമില്ലെങ്കിൽ ജീവിക്കാൻ പറ്റില്ല. രക്തമില്ലെങ്കിലും ജീവിക്കാൻ പറ്റില്ല. ഇവയുടെ രണ്ടിന്റെയും ഒഴുക്ക് അസമാനതകൾ ഇല്ലാതാക്കലാണ്.

 ഈ മണ്ഡലങ്ങൾ ജീവന്റെ നിലനില്പിലേക്കുള്ള വഴികളെന്ന നിലയിൽ അതിന്റെ സാധ്യതകൾ വിപുലമാണ്. പക്ഷെ കടലിന്റെയും നദിയുടേയും നാശത്താൽ ജനപഥങ്ങൾ ഇല്ലാതായിട്ടുണ്ട്.

     രക്തത്തിന്റെ പ്രശ്നങ്ങളാൽ ജനങ്ങൾ തമ്മിലകലുന്നു. ജാതിയും മതവും ജൻഡറും ഉല്പാദിപ്പിക്കപ്പെടുന്നു.രണ്ടിലും മനുഷ്യരും ഭിന്നതകളും ഐക്യപ്പെടലുകളും കാണപ്പെടാം. പലായനങ്ങളുടെ വേഗത നിശ്ചയിക്കുന്നതും ആക്രമങ്ങളുടേയും കൊലപാതകങ്ങളുടെയും യുദ്ധങ്ങളുടെയും വേഗത നിശ്ചയിക്കുന്നതും ജലവും രക്തവുമാണ്. 

    ആലപ്പുഴ വെളളം ആലപ്പുഴയുടേതു മാത്രമാകുന്നത് ജലം, വെള്ളം എന്ന പര്യായങ്ങളിലൂടെയാണ്.അത് മറ്റ് സ്ഥലങ്ങളിലെ വെള്ളവുമായി തട്ടിച്ചു നോക്കുമ്പോൾ വെളളത്തിന്റെ തന്നെ പാർശ്വവത്ക്കരിക്കപ്പെട്ട ഇടത്താണ് സ്ഥാനമുളളത്. എന്നാൽ ആലപ്പുഴയുടെ ചരിത്രം നോക്കിയാൽ അതിന്റെ സ്ഥാനം ലോക ചരിത്രത്തിൽ ഇടം പിടിച്ചതു കൂടിയാണ്. സ്വാതന്ത്ര്യനും മനുഷ്യനെ ഒന്നായി കാണാനുള്ള കലാപങ്ങൾ നടന്നിടത്തെ പ്രകൃതി തന്നെ മറ്റൊന്നിലേക്ക് മാറ്റി അടയാളപ്പെടുത്തുന്നതിനാലാണ് തൊണ്ട ദാഹിക്കുന്നുവെന്നത് ആലപ്പുഴ വെളളം എന്ന കവിതയിലെ കീ വേഡാകുന്നത്
 
   ജ്ഞാനത്തിന്റെയും പ്രകൃതിയുടേയും പടരൽ ഇവിടെ നടന്നു കഴിഞ്ഞിരിക്കുന്നു. അത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ക്രോണോടോപ്പിലൂടെയാണ് കവിതയിൽ പടർന്നിരിക്കുന്നത്. 

    അതിന്റെ ദേവതയുണ്ടാകുമ്പോൾ ആലപ്പുഴയിലെ വെള്ളത്തിന് എന്താണുണ്ടാകുക? പ്രേതമോ? എന്ന പോലെഫ്രാൻസെസ്കാവുഡ്മാൻ എന്ന വനിതാ ഫോട്ടോഗ്രാഫർ (1958-1981) ചിന്തിക്കുകയുണ്ടായി.അവർ അതു കൊണ്ട് സ്ത്രീയെക്കുറിച്ച് ചിന്തിച്ചപ്പോൾ പ്രേതത്തേയും മാലാഖയേയും തന്റെ ഫോട്ടോഗ്രാഫിയിൽ സമന്വയിപ്പിക്കുകയുണ്ടായി. പ്രാതിനിധ്യത്തിലെ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കുമ്പോഴാണ് ശരീരത്തെ തിരിച്ചറിയൂ.ആലപ്പുഴ ജലത്തിന്റെ ശരീരമാക്കുമ്പോൾ അതൊരു പെൺശരീരവും മറഞ്ഞുകിടക്കുന്ന നിരവധി പെൺ അനുഭവങ്ങളുടെ ശരീരവുമാണെന്ന് ഈ കവിത വെളിപ്പെടുത്തുന്നു. അത് പ്രേതവും മാലാഖയും ഉൾച്ചേർന്ന വിതാനം പോലെ ഒന്നാണെന്ന് നാമറിയുന്നു 

ജലമില്ലെങ്കിൽ ജീവിക്കാൻ പറ്റില്ല. രക്തമില്ലെങ്കിലും ജീവിക്കാൻ പറ്റില്ല. ഇവയുടെ രണ്ടിന്റെയും ഒഴുക്ക് അസമാനതകൾ ഇല്ലാതാക്കലാണ്.

     ശരീരം എന്തെന്ന ചോദ്യമാണ് ഇവിടെയും മുന്നോട്ടുവയ്ക്കുന്നത്.കോവിലും ദേവതയുമുളള വിശുദ്ധമായ ലോകവും. പ്രേതവും പിശാചും അടങ്ങിയ അശുദ്ധമായ ലോകവും.ഇവയിൽ ഏതാണ് നമുക്കു വേണ്ടത്.ദേവതയും പിശാചും ഒരു പോലെയുള്ള ലോകവും ശരീരവും നാം എന്തുകൊണ്ട് നാം ഇഷ്ടപ്പെടുന്നില്ല? അതിനു കാരണമെന്ത്? ആ അന്വേഷണം ഫ്രാൻസെസ്കാ വുഡ്മാൻ നടത്തുന്നത് ശരീരത്തെ തിരിച്ചറിയാനാണ്. ആലപ്പുഴ വെള്ളത്തിലും ചോരയുടെ കഥയിലും ഇതിനു സമാനമായ അന്വേഷണമുണ്ട്. രണ്ടിലും അവയവങ്ങളില്ലാത്ത ശരീരമാണ് സഞ്ചരിക്കുന്നത്. ഒന്ന് ജലമായും മറ്റൊന്ന് ചോരയായും എന്ന വ്യത്യാസമേയുള്ളൂ 

ശുദ്ധമല്ലാത്ത ആലപ്പുഴ വെള്ളം പോലെ പിറക്കാത്ത കുഞ്ഞുങ്ങൾക്ക് ചോര കൊണ്ട് ബലിയിടുന്ന 'ഉല്പാദന 'രഹിതമായ ജീവിതം പോലെ മറ്റൊരാൾക്ക് അശുദ്ധമെന്നവകാശപ്പെടാവുന്ന ഒരു ജീവിതം  ഇവിടെ വിലാസപ്പെടുന്നുണ്ട്. 

ഉല്പാദിത ബോധത്തിന്റെ കുടുംബവും വിഭവങ്ങളുമായി മാറിയിട്ടുള്ള പരിണാമങ്ങളിൽ ശുദ്ധിവാദം പ്രാധാന്യമർഹിക്കുന്നു. സെമറ്റിക്കായ ബോധമുല്പാദിപ്പിക്കപ്പെട്ടിട്ടുള്ള പൊതുബോധങ്ങളില്ലൊം ദൈവത്തിനെതിരെ പിശാചിനെ നിർമ്മിച്ചെടുത്തിട്ടുണ്ട്. പിശാചിനെ രൂപങ്ങൾ എല്ലാ സെമിറ്റിക്കിടങ്ങളിലും ഭയം ജനിപ്പിക്കുന്നതാണ്.ഈ രൂപപ്പെടലാണ് പ്രസ്ഥാനങ്ങളിലും കാണാൻ കഴിയുന്നത്.ഇവർ പരസ്പരം ദൈവങ്ങളേയും പിശാചുക്കളേയും കാലികമായി നിർമ്മിക്കുന്നു. ദൈവങ്ങളെന്നും പിശാചുക്കളെന്നും പറയുന്നില്ലെന്നു മാത്രം. പക്ഷെ ബോധ തലങ്ങൾ ഇതു തന്നെയാണ്.അത് ഈ കവിതകളുടെ ഉളളിൽ കിടപ്പുണ്ട്.അതുകൊണ്ടാണ് ശുദ്ധിയേക്കാൾ അശുദ്ധിയെക്കുറിച്ച് ഈ കവിതകൾക്ക് സംസാരിക്കേണ്ടി വരുന്നത്. 

   പ്രേതമെന്ന കവിതയിലും ഇതിന്റെ ഒരു വ്യാഖ്യാനസാധ്യത കാണാനാവുന്നുണ്ട്. എങ്ങനെയാണ് മറ്റു ജാതികളിൽ നിന്ന് അസ് പൃശ്യ രണ്ടായി എന്ന് ഡോ .അംബേദ്ക്കാർ ചോദ്യമുന്നയിക്കുന്നുണ്ട്. ഹൈന്ദവ പുരാണപ്രകാരം ധർമം ആചരിക്കുന്ന മനുഷ്യർക്കിടയിൽ കഴിയാൻ പാടില്ലാത്തവർ എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.അങ്ങനെ സാമ്പത്തിക സാമൂഹികാവസ്ഥയിൽ നിന്ന് ധർമം ആചരിക്കുന്ന അവസ്ഥയിൽ നിന്ന് മാറ്റി നിർത്തുന്നവരെ നിർമ്മിച്ചെടുക്കുന്ന മാനസികാവസ്ഥ സംഘർഷഭരിതമായ മനുഷ്യരുടെ മാനസികാവസ്ഥയാണ്.ഈ മാനസികാവസ്ഥ പോകാത്തതിനാലാണ് ചേരികൾ നിലനില്ക്കുന്നതും പ്രേതസ്ഥലങ്ങൾ നിലനില്ക്കുന്നതും. 
 
    ഇവയെ മറികടക്കാൻ നമ്മുടെ മനസികാവസ്ഥ ഇപ്പോഴും പര്യാപ്തമായിട്ടില്ല. അതിനാവശ്യമായ മാനസിക പരിണാമം ഇല്ലെങ്കിൽ ഇവ നിലനില്ക്കുക തന്നെ ചെയ്യും. ചത്ത് ചീർത്ത് അടിഞ്ഞ് സന്ധ്യയക്ക് ഒറ്റയ്ക്ക് മുടിഞ്ഞ ഇതേ തേവിടിശ്ശിക്കരയിലേക്ക് തന്നെ എത്തേണ്ടി വരുമെന്ന് കവിതയ്ക്ക് പറയേണ്ടിയും വരും.മനുഷ്യരെ പരസ്പരം അകറ്റി നിർത്താനുള്ള ശ്രമങ്ങളിൽ പലപ്പോഴുമുണ്ടാകുന്നത് നെഗറ്റീവായ വർത്തമാനങ്ങളും പേരിടലുകളുമാണ്.അത് സ്ഥാപിച്ചു കഴിഞ്ഞാൽ അതിനുള്ളിലുള്ള വ്യവഹാരങ്ങളെ മൂടിക്കളയുകയും നെഗറ്റീവുകൾ മാത്രം പുറത്തെടുക്കുകയും ചെയ്യും. അശുദ്ധിയുടെ വ്യവഹാരങ്ങളിലേക്ക് മാറുകയും ചെയ്യും. 

ഈ കവിതയിൽ ശരീരമുണ്ട്. പക്ഷെ ശരീരത്തെ അടയാളപ്പെടുത്തുന്ന അവയവങ്ങളില്ല. 


    അവരാതി വെയിലായും സ്വൈരണിയായ കാറ്റായും കുലട നിഴലായി അത് മാറും. സ്ത്രീയുടെ പര്യായങ്ങളിൽ അത് ചേർക്കപ്പെടുകയും ചെയ്യും. അസ്പൃശ്യരാക്കപ്പെടുന്നതിന് ചെയ്യുന്ന ഇത്തരം വേലകളുടെ നൈതിക മണ്ഡലത്തിൽ ബൈ ന റികൾ ഉല്പാദിപ്പിച്ചാൽ മതി. ധർമം ആചരിച്ചാൽ എല്ലാം മാറുമോ? അംബേദ്ക്കറുടെ ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.അതുകൊണ്ടുതന്നെയാണ് പ്രേതമെന്ന കവിതയുണ്ടാകുന്നതും ആലപ്പുഴ വെള്ളമുണ്ടാകുന്നതും ചോരയുടെ കഥയുണ്ടാകുന്നതും. ബൈനറികളെ മാറ്റിബഹുത്വത്തിലേക്ക് വികസിക്കാനുള്ള മാനസികാവസ്ഥയുണ്ടായാൽ ധർമം ആചരിക്കൽ മാറുകയും പ്രവ്യത്തികളുടെ വിശാലതകൾ സാധ്യമാകുകയും ചെയ്യും 

    ഈ വിശാലതകൾ സാധ്യമാക്കണമെങ്കിൽ ജാതി ഒളിപ്പിക്കുന്ന സ്വത്വ സമൂഹങ്ങൾ ജാതിയിൽ നിന്നു തന്നെ മോചിക്കപ്പെടണം.അംബേദ്ക്കർ ഉന്നയിക്കുന്ന ജാതി ഉന്മൂലനം അതാണ്. ജാതിയിലൂടെ സമൂല മാറ്റമുണ്ടാകില്ല. അത് എപ്പോഴുംബൈനറികളെ കാണുന്നതിനാൽ ബഹുത്വങ്ങളെ തിരിച്ചറിയാൻ കഴിയില്ല. ഇത് ജാതികളുടെ പ്രശ്നമാണ്.നിലവിലുള്ള ഉച്ചനീചത്വങ്ങൾ മാറണമെങ്കിൽ ജാതി ഇല്ലാതാകണം സ്വത്വങ്ങളിലധിഷ്ഠിതമായ ജാതിയ്ക്ക് അവയുടെ നിലവിലുള്ള ജാതിയായി മുന്നേറാനുള്ള വ്യാമോഹമാണുളളത്. അത് ജാതീയത നിലനിർത്തുകയുള്ളൂ

     ഇത് അധികാരത്തിന്റെ മേഖലയായതുകൊണ്ട് തന്റെ അധികാരം നഷ്ടപ്പെടുമോ എന്നു കരുതി ഉയർന്ന ജാതികൾ എന്നവകാശപ്പെടുന്നവർ പിന്നോട്ടു നടക്കുകയും തങ്ങളുടെ ജാതീയത നിലനിർത്താൻ വൈകാരികമായ ജാതീയ സാഹചര്യങ്ങൾ മതഗ്രന്ഥങ്ങളിൽ നിന്നു വീണ്ടെടുക്കുകയും ചെയ്യും. ഇതു കൊണ്ട് അoബോദ്ക്കാർ ഉന്നയിച്ച ജാതി ഉന്മൂലനം സ്വത്വജാതിവാദികൾ ഇല്ലാതാക്കും.കാരണം രണ്ടു കൂട്ടരും സൃഷ്ടിക്കുന്നത് വൈകാരികമായ ജാതിരാഷ്ട്രീയമാണ്.ഇത് സംഘർഷങ്ങളെ നിർമ്മിച്ചെടുക്കുകയും. ജാതീയത രൂക്ഷമാക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളെ ബഹുത്വങ്ങളിലൂടെ മാത്രമേ നേരിടാൻ കഴിയൂ. അവിടെയാണ് ചോരയുടെ കഥ എന്ന കവിത പ്രസക്തമാകുന്നത്. 

 ഈ കവിതയിൽ ശരീരമുണ്ട്. പക്ഷെ ശരീരത്തെ അടയാളപ്പെടുത്തുന്ന അവയവങ്ങളില്ല. ശരീരമെന്ന വ്യവസ്ഥയിൽ അവയവങ്ങളുണ്ട്. അത് ഇതാണ് അല്ലെങ്കിൽ അതാണെന്നു പറയേണ്ടതുണ്ടോ? മൊത്തം വ്യവഹാരങ്ങളിൽ ഓരോന്നും പരസ്പരം ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. വേർതിരിവുകളുടെ യുക്തി ഇന്ത്യൻ ജാതിപോലെയാണ്. അവ പരസ്പരം ഐക്യപ്പെടാനല്ല ശ്രമിക്കുന്നത്. തങ്ങളുടെ അധികാരം സ്ഥാപിച്ച് ജാതിയുടെ മേൽക്കയ് നേടാനാണ് ശ്രമിക്കുന്നത്. ഇതു കൊണ്ട് പരസ്പരം ഐക്യപ്പെടാനുള്ള അവസരം നഷ്ടമാക്കുകയാണ്.ഈ സാമൂഹികാവസ്ഥയിൽ നിന്ന് ചോരയുടെ കവിത വായിക്കുമ്പോളാണ് ബഹുത്വത്തിന്റെ അർത്ഥം മനസിലാകുക .

    എല്ലാ അവയവങ്ങളും ചേർന്ന ആ ശരീരം ഉല്പാദിപ്പിക്കുന്ന ശരീര വ്യവസ്ഥയിൽ നിന്നാണ് ഇതൊരു സ്ത്രീയാണെന്നു മനസിലാക്കാനാവുക. ആ ശരീരം പ്രത്യേകിച്ച് പുതിയതായി ഒന്നും തരുന്നില്ലെങ്കിലും സ്ത്രീയുടെ മാനസിക ശാരീരികാവസ്ഥയെക്കുറിച്ചു പറയുന്നുണ്ട്. 

'മുഴുവൻ രക്തസാക്ഷികളുമൊന്നിച്ച് മണ്ണിന് കൊടുത്തിട്ടില്ല അതിന്റെ ഉപ്പ് 'രക്തസാക്ഷി ഒഴുക്കിയ രക്തത്തെ താരതമ്യം ചെയ്യുന്നുണ്ട് കവിത. 

   അത് ചരിത്രത്തെ അഴിച്ചു നോക്കുകയും ചെയ്യുന്നുണ്ട്. 'മുഴുവൻ രക്തസാക്ഷികളുമൊന്നിച്ച് മണ്ണിന് കൊടുത്തിട്ടില്ല അതിന്റെ ഉപ്പ് 'രക്തസാക്ഷി ഒഴുക്കിയ രക്തത്തെ താരതമ്യം ചെയ്യുന്നുണ്ട് കവിത. ഇവിടെ സ്ത്രീ സമൂഹത്തെചരിത്രം അടയാളപ്പെടുത്താതെ പോയതിന്റെ ഓർമ്മപ്പെടുത്തലും പുരുഷന് അധികാരമുളള തിനാൽ തങ്ങൾ ഒഴുക്കിയ ചോരയുടെ ഉപ്പ് അടയാളപ്പെടുത്താതെ പോയതിന്റെ ഓർമപ്പെടുത്തലുമുണ്ട്. സ്വാഭാവികമായി സ്ത്രീകൾ പ്രകൃതിയോടും ജീവിതത്തോടും ഇടപെട്ട് ഒരു പുതിയ ലോകം നിർമ്മിച്ചെടുക്കുമ്പോൾ അത് മൂടിവയ്ക്കുന്നതിനെക്കൂടി ഇ തോർമ്മപ്പെടുത്തുന്നുണ്ട്. രക്തസാക്ഷി ഒ ഴുക്കുന്ന രക്തത്തിന് കൊടുക്കുന്ന വില എന്തുകൊണ്ട് സ്ത്രീകൾ ഒഴുക്കുന്ന രക്തത്തിന് കൊടുക്കുന്നില്ല എന്നു വരുമ്പോൾ ചരിത്രത്തിന് തിരിഞ്ഞു നില്ക്കാൻ കഴിയില്ല. ചരിത്രം ഉത്തരം തേടണമെന്നു തന്നെയാണ് പറയുന്നത്. 

   ചരിത്രത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രതിഷേധം കൂടി ഇതിലുണ്ട്.അതുകൊണ്ടാണ് മുഴുവൻ രക്തസാക്ഷികളുമൊന്നിച്ച്‌ മണ്ണിന് കൊടുത്തിട്ടില്ല അതിന്റെ ഉപ്പ് എന്നു പറയേണ്ടി വരുന്നത്.തങ്ങൾ നിരന്തരം രക്തസാക്ഷികൾ ആയതു കൊണ്ടാണ് ഈ ഉൾപ്പറയലിന് ഗൗരവമുണ്ടാകുന്നത്. 

    വേലികളിലെ ചെമ്പരത്തികൾക്കും കവലകളിലെ കൊടിക്കൂറകൾക്കും പെൺശരീരങ്ങൾ ചൊരിഞ്ഞ ചോരയുടെ ചുവപ്പില്ലെന്നു പറയുന്നിടത്ത് സ്വശരീരത്തിന്റെ രക്തസാക്ഷിത്വത്തെത്തന്നെയാണ് സ്ത്രീകൾ അടയാളപ്പെടുത്തുന്നത്.അബ് നോർമൽ ഇൻഡിവിച്വലുക (Abnormal Individual)ളെ ഉല്പാദിപ്പിക്കുന്ന ഇക്കാലത്ത് സ്ത്രീ + സ്ത്രീകളുടെ ഈ തിരിച്ചറിവ് വിധേയത്വ ക്രമീകരണങ്ങളെ ചോദ്യം ചെയ്യാൻ പോന്നതാണ്. തങ്ങൾ രക്തസാക്ഷികളേക്കാൾ രക്ത സാക്ഷികളും പ്രകൃതിയേക്കാൾ പ്രകൃതിയുമാണെന്ന കാഴ്ചപ്പാടുള്ളതുകൊണ്ടാണ് ഇപ്രകാരം പറയാൻ കഴിയുന്നത്. 

      ഭക്ഷണം കരിഞ്ഞാൽ ഭർത്താവിന്റെ മുഖം വാടുന്ന ബാല മണിയമ്മയുടെ കാലത്തു നിന്ന് മുന്നോട്ടു പോയ അനുഭവത്തിന്റെ തന്നെ അബ്നോർമലായ ഒരു കാലത്ത് ജീവിക്കേണ്ടി വരുന്നതു കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത് 
അബ് നോർമലായിരിക്കുക എന്നതിനകത്ത് സമൂഹത്തിലേക്ക് തിരിച്ചു വരിക എന്നുകൂടിയുണ്ടെന്നു തോന്നുന്നു. ഓർമകൾ കെട്ടിമറിയുമ്പോളാണല്ലോ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. ഓർമകളെ തിരിച്ചെടുക്കാനും കൂട്ടി ചേർക്കാനും ശ്രമിക്കുമ്പോൾ അയാൾ പൊതുബോധത്തിൽ നിന്ന് മാറിപ്പോകുന്നതായി മറ്റുള്ളവർക്കു തോന്നാം. ഇതിനെയാണ് പലപ്പോഴും അബ് നോർമൽ എന്നു പേരിട്ടു വിളിക്കുന്നത്. എന്നാൽ ഇതെല്ലാം ചേർന്ന ബഹുത്വ സമൂഹത്തിൽ അവരെക്കൂടി ചേർത്തു പിടിക്കുന്നതിന്റെ വ്യാപ്തിയാണ് പിറക്കാത്ത പൈതങ്ങൾക്ക് പിഴയൂട്ടുന്ന ചോരയാകുന്നത്. സ്ത്രീയെക്കുറിച്ച് പുരുഷൻ എഴുതുമ്പോൾ ഇതുപോലെ സംഭവിക്കില്ല. കാലാകാലങ്ങളായി പുരുഷൻ പുലർത്തുന്ന അധികാരത്തിന്റെ മേൽത്തട്ടിലായിരിക്കും ഇരിക്കുക.

     പി. എൻ ഗോപികൃഷ്ണന്റെ "എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോടു പറയുന്നത് " എന്ന കവിത എടുക്കുക. സ്ത്രീകൾ പരസ്പരം കുടുംബ + സമൂഹ+ ജീവിതങ്ങളെക്കുറിച്ചു പറയുന്ന കവിത ബൈനറിയിലാണ് കഴിയുന്നത്.പുരുഷൻ സ്ത്രീയുടെ ദ്വന്ദ്വമെന്ന നിലയിൽ തന്നെയാണ് കവിത മുന്നേറുന്നത്. "മുകളിലെ ഫാനിന്റെ ഇതളുകൾ മകന്റെ കൈയിതളുകളെക്കാൾ സ്നേഹം ചൊരിയും" എന്നു പറയുന്നിടത്ത് ഒരു സ്ത്രീയെ കവി പ്രതിഷ്ഠിക്കുന്നുണ്ട്.അങ്ങനെ ദ്വന്ദ്വങ്ങളിലൂടെ സ്ത്രീ പുരുഷനെ തന്റെ എതിർ രൂപമായി പ്രതിഷ്ഠിക്കുന്നു. " കുട്ടികൾ ജയിച്ചു ജയിച്ചു പോയിട്ടും തോറ്റു തോറ്റു കൊണ്ടിരിക്കുന്ന പള്ളിക്കൂടങ്ങൾ പോലെ എങ്കിലും നാം നിലനില്ക്കുന്നു എന്നിടത്ത് സ്ത്രീയെ പൊതുബോധം എങ്ങനെ കാണുന്നു വെന്നിടത്താണ് ഈ കവിത നിർത്തുന്നത്. ഈ കവിതയ്ക്ക് തന്റെ കർതൃത്വത്തിൽ നിന്ന് ഒട്ടും മുന്നോട്ടു പോകാൻ കഴിയുന്നില്ല. പുരുഷന്റെ നിലനില്പിൽ നിന്നു മാത്രമെ നോക്കിക്കാണാൻ കഴിയുന്നുള്ളൂ. ദ്വന്ദ്വത്തിന്റെ യുക്തിയ്ക്കപ്പുറത്ത് സ്ത്രീയെ മാറ്റിക്കാണാൻ കഴിയുന്നില്ല എന്നു ചുരുക്കം. എന്നാൽ ചോരയുടെ കഥ യിൽ ദ്വന്ദ്വമല്ല പ്രവർത്തിക്കുന്നത് എല്ലാം ഒരേ പോലെ പ്രവർത്തിക്കുന്നതാണ് കാണാനാവുന്നത്.മരിച്ചതും ജീവിച്ചിരിക്കുന്നതും പ്രകൃതിയും ജീവജാലങ്ങളും ഒരുപോലെ കാണാനാവുന്നതാണ് കലയ്ക്ക് ഇന്നാവശ്യം. മറ്റെല്ലാം സ്വത്വരാഷ്ട്രീയത്തിന്റെയോ ജാതി രാഷ്ട്രീയത്തിന്റെയോ വർഗരാഷ്ട്രീയത്തിന്റെയോ പ്രയോഗ സന്തതികളാണ്. അവയക്ക് പൊതുജീവിതത്തെ മുന്നോട്ടു നയിക്കാൻ കഴിയില്ല. സംഘർഷങ്ങൾ ഉണ്ടാക്കാനേ കഴിയൂ.

ബഹുത്വമെന്ന അസംബ്ലേജിൽ ഒറ്റയ്ക്ക് ഒരു ഘടന ഇല്ല. അതിന്റെ ഒഴുക്കാണുള്ളത്. അതിൽ ചിലപ്പോൾ ഓർമിച്ചെടുക്കാൻ മുഖം പോലും ഉണ്ടാകില്ല. 

    ഇതിനെ മറികടക്കലും ജനാധിപത്യ ബോധ്യങ്ങളും നിർമ്മിച്ചെടുക്കലുമാണ് കലാ നിർമ്മിതികൾ ചെയ്യേണ്ടത്. അതു കൊണ്ടു തന്നെ രൂപങ്ങളിൽ നിന്നു രക്ഷപ്പെടേണ്ടി വരും. അവയവങ്ങളില്ലാത്ത ശരീരങ്ങളും അവയുടെ ഒഴുക്കും നിർമ്മിയെടുക്കേണ്ടി വരും നിക്കോളേ ജോളിക്കോയർ ( 1947 ....) എന്ന ഫ്രഞ്ച് കനേഡിയൻ പൗരത്വമുള്ള സ്ത്രീ ഫോട്ടോഗ്രാഫർ ചെയ്തതുപോലെ ചിലപ്പോൾ സുതാര്യമായ സിൽക്ക് വസ്ത്രങ്ങളിൽ പൊതിഞ്ഞ് ചുരുങ്ങിയ (contorted) രൂപങ്ങളാകേണ്ടി വരും. ഇതിലൂടെ സൗന്ദര്യ നഷ്ടമല്ല നിർമ്മിക്കപ്പെടുന്നത്.സമൂഹത്തിന്റെ ഒഴുക്കിൽ അവയവ ഘടന ഇല്ലാതെ ഒന്നിക്കാമെന്നതാണ്. വസ്തുതകളുടെ ക്രൂരതയെ തുറന്നുകാട്ടാൻ ഫ്രാൻസീസ് ബേക്കൺ (1909-1992) പെയ്ന്റിങ്ങിലൂടെ ചെയ്തതിനു സമാനമാണിത്. ഒരു സമൂഹത്തിന്റെ പോക്ക് അത് എങ്ങനെ ആണെന്ന് ജോളിക്കോയറും ഫ്രാൻസീസ് ബേക്ണും ശരീരങ്ങളിലൂടെ അടയാളപ്പെടുത്തുമ്പോൾ അവയവങ്ങളുടെ വൈകാരികതയെ മാറ്റി നിർത്താൻ കഴിയുന്നുണ്ട്. അവ അവയവങ്ങളില്ലാത്ത ശരീരങ്ങളായതിന്റെ പ്രത്യേകതകൂടിയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ബഹുത്വമെന്ന അസംബ്ലേജിൽ ഒറ്റയ്ക്ക് ഒരു ഘടന ഇല്ല. അതിന്റെ ഒഴുക്കാണുള്ളത്. അതിൽചിലപ്പോൾ ഓർമിച്ചെടുക്കാൻ മുഖം പോലും ഉണ്ടാകില്ല. 

ചോരയുടെ കഥയിൽ സമുദ്രമില്ലെങ്കിലും ആലപ്പുഴയിലെ കലശുവെളളത്തിന്റെ ഭാഷയുണ്ട്.തൊണ്ട ദാഹിക്കുന്ന ഭാഷ.ചോരയുടെ അവയവമില്ലാത്ത ശരീരവും.


     സമകാലിക സ്കോട്ടീഷ് ചിത്രകാരനായ ഡഗ്ലസ് ഗോർഡന്റെ " സെൽഫ് പോർട്രെയ്റ്റ് ഓഫ് യൂ + മീ" എന്ന പെയ്ന്റിംഗിന് സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. പകുതി വെട്ടിയെടുത്ത മുട്ടത്തോടു പോലെ അവയവമില്ലാത്ത ശരീരമായിത്തീർന്ന നമ്മൾ അവയവ നിഷ്ഠയെക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ല. മൊത്തം ശരീരം മൊത്തമായി പ്രവത്തിക്കുന്നുവെന്നു കണ്ടാൽ മതി.അതിന് ഒരുദാഹരണമാണ് ചോരയുടെ കഥ. അത് ഉല്പാദിപ്പിക്കുന്ന രക്തം ഏത് അവയവത്തിൽ നിന്നെന്ന് പറയുന്നില്ല. പക്ഷെ അത് എല്ലാ സ്ത്രീകളേയും കുറിച്ച് പറയുന്നു. തങ്ങളെ മാറ്റിനിർത്തിയ ചരിത്രത്തെയും കുറിച്ച് പറയുന്നു. സ്ത്രീകൾ സമുദ്രത്തിന്റെ ഭാഷയിൽ സംസാരിക്കുന്നതുകൊണ്ടാണ് ലോകത്ത് മാറ്റമുണ്ടാകുന്നതെന്ന് നിസാർ ഖബ്ബാനി പറയുന്നുണ്ട്. ചോരയുടെ കഥയിൽ സമുദ്രമില്ലെങ്കിലും ആലപ്പുഴയിലെ കലശുവെളളത്തിന്റെ ഭാഷയുണ്ട്.തൊണ്ട ദാഹിക്കുന്ന ഭാഷ.ചോരയുടെ അവയവമില്ലാത്ത ശരീരവും.മലയാള കവിതയുടെ മുന്നോട്ടുള്ള യാത്രയിൽ ഈ കവിത മാറ്റത്തിന്റെ ഭാഷ പറയുന്നു. അത് കാണാതെ പോകാൻ കഴിയില്ല.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image