വീടുകളില്‍ തിരികെയെത്തെണ്ടവരും 

രണ്ടു  കുറ്റാന്വേഷകരും 

അജയകുമാര്‍


ഇവിടെ സൂചിപ്പിക്കുവാൻ പോകുന്ന കേസിനാസ്പദമായ സംഭവം നടന്നത് 2005 ഫെബ്രുവരിയിലായിരു ന്നു. അപ്പോഴേക്കും വയനാട് ജില്ലയിൽ ആയിരത്തിലേറെ കർഷകർ ആത്മഹത്യ ചെയ്തുകഴിഞ്ഞിരുന്നു. അനേകം കുടുംബങ്ങൾ അനാഥവുമായി. കുട്ടികളും സ്ത്രീകളും പലപ്പോഴായി എവിടേയ്ക്കോ നാടുവിട്ടും ഒറ്റതിരിഞ്ഞും പോയി. അവശേഷിച്ചവർ പട്ടിണിക്കോലങ്ങളായി കടക്കെണിയിൽപ്പെട്ട് അവരുടെ ഇരുണ്ട അകത്തളങ്ങളിൽ ജപ്തിചെയ്യാനെത്തുന്നവരെ കാത്തിരുന്നു. പത്രങ്ങളിൽ വാർത്ത വരുന്നതും വാർത്തയ്ക്ക പ്രാധാന്യം കുറഞ്ഞുവരുന്നതും അവരറിഞ്ഞിരുന്നില്ല. ഈ സമയത്താണ് ബാങ്കുകാർക്കും, കൊള്ളപ്പലിശ ക്കാർക്കുമെതിരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതെന്നുപറയാം. ജില്ലയിലാകമാനം രാത്രിക്കുരാത്രി ഈ പോസ്റ്ററുകൾ പതിച്ചത് ശ്രീജിത്തും സൈമനും ടിറ്റോയും ചേർന്നായിരുന്നു. പല തരം ജോലികൾ ചെയ്തു കഴിയുന്ന ഈ യുവാക്കളാകട്ടേ ദുരിതങ്ങൾ നേരിട്ടറിയുന്നവരായിരുന്നു. വൈകു ന്നേരം വരെ പണിയെടുക്കുക, കിട്ടുന്ന കാശുകൊണ്ട് കഴിയുമെങ്കിൽ ഉച്ചമുതൽ മദ്യപിച്ചു തുടങ്ങുക, രാത്രിയാകുമ്പോൾ എവിടെയെങ്കിലും കിടന്നുറങ്ങുക എന്നതൊഴികെ യാതൊരു കർമ്മവും ചെയ്യാത്തതിനാൽ ഇടയ്ക്ക് കുറ്റബോധം തോന്നുമ്പോൾ മാത്രം ഇങ്ങനെ പോസ്റ്ററുകൾ എഴുതി ഒട്ടിച്ചുപോന്നു.

അങ്ങനെയിരിക്കെ ശ്രീജിത്ത് ഒരു ബാങ്കു തീവെയ്ക്കുവാൻ തീരുമാനിക്കുക യായിരുന്നു. അനേകം പേർ കടക്കെണിയിലായിട്ടും ഇരുപതോളം പേർ ആത്മഹത്യചെയ്തിട്ടും യാതൊരു കരുണയുമില്ലാതെ കവലയിൽ നിലയുറ പ്പിച്ചിരുന്ന ബാങ്കായിരുന്നു, അത്. രാത്രിയിൽ കാവലിരുന്നിരുന്ന സെക്യൂരിറ്റിയെ പുറകിലൂടെ ചെന്നു ബന്ദിയാക്കി മയക്കുമരുന്നു ശ്വസിപ്പിച്ച് ഓട്ടോറിക്ഷായിൽ കൊണ്ടുപോയി ഒരു കടയുടെ പുറകിൽ കിടത്തിയ ശേഷം തിരിച്ചുവന്ന് ബാങ്കുതീയിടുകയും തീ അണയാതെ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ആരും ഓടി ക്കൂടിവന്നു തീയണയ്ക്കാനില്ലാത്തതിനാൽ നന്നായി നിന്നു കത്തിയ ബാങ്ക് രാവിലെ ഒരു കരിക്കട്ടരൂപത്തിൽ നിന്നു. കാഴ്ച കാണാനായി ശ്രീജിത്തും സൈമണും ടിറ്റോയുമൊക്കെ പോയിരുന്നു. പോലീസ് അന്വേഷണം ഒരുവശത്തു നടക്കെത്തന്നെ, മറ്റൊരു വശത്ത് ബാങ്കുകൾ കൂടിയാലോചിച്ച് കടങ്ങൾ എഴുതിത്തള്ളിയതായി പ്രഖ്യാപിച്ചു. ഭയപ്പെട്ടു ചെയ്തതായിരുന്നു അതെങ്കിലും എല്ലാം വളരെ ആസൂത്രിതമായ ഒരു ത്രന്തത്തിന്റെ ഭാഗമായിരുന്നുവെന്ന് പറയപ്പെടുന്നു. എല്ലാം നഷ്ടപ്പെട്ട് അന്തകൂപത്തിൽ കഴിയുന്ന ഒരു സമൂഹം മറ്റു ഭവി ഷത്തുകൾ നോക്കാതെ ഇനിയും നശീകരണത്തിനു തയ്യാറാകുമെന്നും, വീണ്ടും ബാങ്കുകൾ കത്തുമെന്നും അങ്ങനെ വന്നാൽ എഴുതിത്തള്ളുന്നതിനെക്കാൾ സാമ്പത്തികനഷ്ടം ബാങ്കുകൾക്കുണ്ടാവുമെന്നും, അവർ മനസ്സിലാക്കി. അതുപോലെതന്നെ പരമ്പരാഗത കൃഷിക്കാരിൽ നിന്നു വേർപെട്ട് ചിന്നിച്ചിതറിപ്പോയതും കൃത്യ മായ തൊഴിൽ ചെയ്യാത്തവരുമായ ഒരു യുവതലമുറ അലഞ്ഞുനടക്കുന്നുണ്ടെന്നും അവരെ ഏകോപിപ്പിച്ചു കൊണ്ട് പ്രതിരോധപരവും ആകമണപരവുമായ പ്രവർത്തനങ്ങൾ ആരെങ്കിലും നടത്തിയാൽ അത് ബാങ്കു കൾക്ക് ഭീഷണിയാകുമെന്നും അവർക്ക് വ്യക്തമായ അറിവുകൾ ലഭിച്ചിരുന്നു. -- ശാസ്ത്രീയമായ ഈ പഠനങ്ങളിൽനിന്നു ലഭിക്കുന്ന കണക്കുകൾക്കപ്പുറത്തും മറ്റനേകം ചെറുസമൂഹ ങ്ങളും മനുഷ്യരും ഇവിടെ കഴിഞ്ഞുകൂടുന്നു. സ്വന്തം കൃഷിസ്ഥലം തരിശായിക്കിടക്കുന്നതു നോക്കിയിരിക്കുന്നവരും കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവരും, സ്ഥലങ്ങൾ പല ഘട്ടങ്ങളിലായി വീതിക്കപ്പെട്ടും, ആധാരം പണ യപ്പെട്ടും, വ്യാജ രേഖകളിൽ കുരുങ്ങി വഞ്ചിക്കപ്പെട്ടും, പുറമ്പോക്കിൽ പെട്ടും, മൃതമായിക്കിടക്കുന്ന സ്ഥലമുള്ളവരും അടങ്ങുന്ന നിരവധി സമൂഹങ്ങൾ ഈ മലയിടുക്കുകളിൽ കഴിയുന്നു. ഇതിനിടയിൽ വളർന്നുവന്ന കുട്ടികളുടെ ജീവിതങ്ങൾ വീടിനടുത്തുള്ള വർക്ക്ക്ഷോപ്പുകളിലും, ഗ്യാസ് സ്റ്റൗവും ഉപകരണങ്ങളും നന്നാക്കിക്കൊടുക്കുന്ന കടകളിലും, ഉത്പന്നങ്ങളുടെ വിപണനങ്ങളിലും പെട്ടെന്നു തട്ടിക്കൂട്ടി പിന്നെ നിലച്ചുപോയ തട്ടുകടകളിലും മാസംതോറും ജോലിക്കാരെ മാറ്റുന്ന ബാറുകളിലും, ഒക്കെയായി ചിതറിപ്പോയിരുന്നു. ഒരു തൊഴിലും അവരുടെ കൈകളിൽ നിന്നില്ല, അല്ലെങ്കിൽ ഒരു തൊഴിലിലും അവരെ നിലനിർത്തിയില്ല എന്നു പറയാം. ചില തൊഴിലുകളിൽ അനാശ്യാദൃശമായ കഴിവുകൾ അവർ പ്രകടിപ്പിച്ചിരുന്നുവെങ്കിൽ അതൊന്നും അവർക്ക് ജീവിതോപാധിയായി മാറിയില്ല. അസാധാരണമായ ആ കഴിവുകളും കൊണ്ട് അവർ അലഞ്ഞുനടന്നു. തന്റെ മുന്നിൽ കൊണ്ടുകൊടുക്കുന്ന ഏതുവീട്ടുപകരണവും ശ്രീജിത്ത് ഒരു മണിക്കൂറിനകം നന്നാക്കി ക്കൊടുക്കും. വീട്ടിൽ അവൻ കിടക്കുന്ന മുറിയും വരാന്തയും നിറയെ ഗ്യാസ് പ്ലേറ്റുകളും, ടിവിസെറ്റുകളും വീഡിയോ സൈറ്റുകളും കുട്ടികളുടെ കളിപ്പാട്ടങ്ങളും കുന്നുകൂടിക്കിടക്കും. പലപ്പോഴായി ആരൊക്കെയോ റിപ്പയർ ചെയ്യാനായി കൊണ്ടുവന്നു നിക്ഷേപിച്ചുപോയ ഇവയൊക്കെ തിരിച്ചെടുക്കാൻ അവർ വന്നാലായി ഇല്ലെങ്കിലായി. ഓരോ ഉപകരണവും കൊണ്ടുവരുന്നവർ ആരൊക്കെയാണെന്നോ അവർ എന്നു തിരിച്ചുവരുമെന്നോ ഒന്നും തന്നെ ശ്രീജിത്തിനറിയില്ല. എങ്കിലും പ്രത്യേകം അത്യാവശ്യമുള്ളവയിൽ മാർക്കർ പേനകൊണ്ട് ഉടമസ്ഥന്റെ പേരോ, തിരിച്ചറിയാനുള്ള അടയാളമോ കോറി വയ്ക്കും. ഉപകരണങ്ങൾ കൊണ്ടുവരുന്നവരിൽ തന്നെ മിക്കവരും ആരാണെന്നും ശ്രീജിത്തിനറിയില്ല. പരിചയം പോലുമില്ലാത്ത നിരവധി പേരുണ്ടെങ്കിലും ദീർഘകാലമായി പരിചിതരെപ്പോലെ അവർ പെരുമാറും. സൈമൺന്റെ വീട്ടിലും ഏതാണ്ട് സമാനമായ ഒരു സ്ഥിതിവിശേഷം കുറെ വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. വീടിനു മുൻവശം പലതരത്തിലുള്ള മോട്ടോർ സൈക്കിളു കളുടെ ഒരു ആകികടപോലെയായിട്ട് നാളേറെക്കഴിഞ്ഞിരിക്കുന്നു. ഇന്ന് അവർ മൂന്നുപേരും ഉപയോഗിക്കുന്നത് സൈമൺ തന്നെ കൂട്ടിച്ചേർത്തു നിർമ്മിച്ച മൂന്നു മോട്ടോർ സൈക്കിളുകളാണ്. റോഡിലൂടെ ഓടുന്ന മോട്ടോർ സൈക്കിളുകൾക്കുള്ള ബാഹ്യമായ യാതൊരു ഘടകങ്ങളും ഈ മൂന്നിനുമില്ലെന്നുതന്നെ പറയാം. ഏതോ പുരാതനകാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന വിചിത്രവാഹനമെന്നു തോന്നിക്കുമാറ് പെയിന്റു പരി പൂർണ്ണമായി ഇല്ലാത്തതും, എണ്ണയും തുരുമ്പും കൊണ്ട് ഭാഗങ്ങൾ കാണാൻ പറ്റാത്തതും വളരെ സൂക്ഷിച്ചു നോക്കിയാൽ മാത്രം ടയറിന്റെ അംശം കാണാൻ കഴിയുന്ന വീലുകളും ചേർന്ന ഈ മോട്ടോർ ബൈക്കുകൾ പലതരം ബാന്റുകൾ ചേർത്തു നിർമ്മിച്ചിരിക്കുന്നു. സുസുക്കി, കാവസാക്കി, യമഹ, ഹീറോ ഹോണ്ട, യെസ്ടി, രാജ്ദൂത് തുടങ്ങി എല്ലാറ്റിന്റെയും ഭാഗങ്ങൾ ആവശ്യാനുസരണം മാറ്റിയും തിരിച്ചും ഇട്ടുകൊണ്ട് ബൈക്ക് ഓടുന്ന പരുവത്തിലാക്കാൻ കഴിയുന്ന ഒരു സിദ്ധി സൈമണുണ്ടായിരുന്നു. വണ്ടിയുരുണ്ടാൽ പോരേ. പേരെന്തിനറിയണം എന്നത് സൈമൺന്റെ കാഴ്ചപ്പാടായിരുന്നു. ഇത്തരം ബൈക്കുകളിലാണ് ഇവർ ആറുപേർ പണിക്കു പോകുന്നതും വരുന്നതും. റോഡില്ലാത്തിടത്തും, വരമ്പുകളിലും കിഴുക്കാംതൂക്കായ കുന്നുകളിലും കാട്ടിലെ ഒറ്റയടിപ്പാതയിലൂടെയും ഇവർ പോകുന്നത് ഈ ജില്ലയിലുള്ളവർക്കെല്ലാം നിത്യകാഴ്ചയായതിനാൽ, ആരും അത്ഭുതപ്പെട്ടിട്ടില്ല. ഈ വണ്ടികൾക്കോ കൈകാര്യം ചെയ്യുന്നവർക്കോ എന്തെങ്കിലും തരത്തിലുള്ള രജിസ്ട്രേഷൻ, കൈവശാവകാശരേഖകൾ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയൊന്നും ഏതെങ്കിലും കാലത്തുണ്ടായിരുന്നതായി ആർക്കുമറിയില്ല. ട്രാഫിക് എന്നൊന്നില്ലാത്ത സ്ഥലങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്നവർക്ക് ട്രാഫിക് നിയമാനുസൃതമായ രേഖകൾ ആവശ്യമില്ല എന്ന ദീപകിന്റെ വിശദീകരണം ഇവിടെ യുക്തിസഹമാകുന്നുവെങ്കിലും ട്രാഫിക് പോലീസുള്ള തിരക്കേറിയ ടൗണിലും പ്രാന്തപ്രദേശങ്ങളിലും ഇവർ യഥേഷ്ടം സഞ്ചരിക്കുന്നുവെന്നതും ഏതെങ്കിലും നിയമപാലകർ ഈ വണ്ടികൾ അഥവാ കാണുകയും സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാതെ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാൽ ഇവർ നിമിഷനേരത്തിന് മറഞ്ഞുപോവുകയും ചെയ്യുന്നതുകൊണ്ടാകാം പിടിയ്ക്കപ്പെടാതെ പോകുന്നതെന്നു കരുതാം. ദീപകാകട്ടേ മിക്കവാറും കോടതിയിലും സിവിൽ സ്റ്റേഷനുകളിലും സഞ്ചരിക്കുന്നുണ്ടായിട്ടും ഇന്നുവരെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാകുന്നു. - ദീപകാകട്ടേ പരാതികൾ എഴുതുന്നതിനും, അപേക്ഷകൾ തയ്യാറാക്കുന്നതിനും സാധാരണയിൽ കവിഞ്ഞ വേഗതയും വൈദഗ്ദ്ധ്യവും ഉള്ളതിനാൽ ലഭിക്കുന്ന സമയമൊക്കെ അത്തരം കാര്യങ്ങൾക്കായി നിർലോഭം ഉപയോഗിക്കുന്നു. പരാതികളും അപേക്ഷകളും പെട്ടെന്ന് എഴുതിക്കൊടുക്കുന്ന ദീപകിന്റെ കഴിവുകണ്ട് അയൽവാസിയായ പോലീസ് കോൺസ്റ്റബിൾ അയാളെക്കൊണ്ട് എഫ്.ഐ.ആർകൾ തയ്യാറാക്കി കൊണ്ടു പോകാറുണ്ട്. ഇതൊക്കെയാണെങ്കിലും എല്ലാപേരും ജീവന്റെ സംഘാടകത്വത്തിലാണ് പ്രവർത്തിക്കുന്നത്. കാരണം ഈ കഴിവുകളൊന്നും കൊണ്ട് ഒരു ദിവസത്തെ ജീവിതത്തിനുള്ളതൊന്നും അവർക്കു നൽകിയിരുന്നില്ല. സഹായങ്ങൾ സ്വീകരിച്ചശേഷം മറഞ്ഞുപോകുന്നവരും ചിലപ്പോൾ എന്തെങ്കിലും ചെറിയ തുക നൽകുന്നവരും മിക്കപ്പോഴും പ്രതിഫലമായി ഒരു അരക്കുപ്പി ഏതെങ്കിലും മദ്യം കൊടുക്കുന്നവരുമായിരുന്നു

സൈമൺന്റെയും ദീപകിന്റെയും ശ്രീജിത്തിന്റെയും അത്യുദയകാംക്ഷികൾ. ഈ രീതിയിൽ നിന്ന് അവർക്കൊരു മാറ്റമുണ്ടാക്കിയത് ബാല്യകാലസുഹൃത്തും ദീപകിന്റെ അയൽവാസിയുമായ ജീവനായിരുന്നു. ജീവൻ, അയാൾക്കുള്ള വ്യക്തിബന്ധങ്ങളും ബാഹ്യബന്ധങ്ങളും വച്ച് (അപകടത്തിൽപെട്ട് അകാലമരണമടഞ്ഞ ഒരു പൊതുപ്രവർത്തകന്റെ മകനായിരുന്നു ജീവൻ) കെട്ടിടനിർമ്മാണം തകൃതിയായി നടക്കുന്ന മാനന്തവാടി, കൽപ്പറ്റ, മേഖലയിൽ ചുവരടിക്കാനുള്ള കോൺടാക്ടകൾ അയാൾ സംഘടിപ്പിച്ചു. വലിയ തോതിലുള്ള ഉത്തരവാദിത്തമോ തർക്കപ്രശ്നങ്ങളോ ഉണ്ടാക്കാത്ത ഈ പണി അവരെ സംബന്ധിച്ച് ലാഘവത്തോടെ ചെയ്യാൻ പറ്റിയതായിരുന്നു. രാവിലെ നേരത്തെ തന്നെയെത്തി ചെയ്യാനുള്ള ജോലി തുടങ്ങി ഇടതടവില്ലാതെ പണിയെടുക്കുന്ന അവരുടെ രീതി ഉടമസ്ഥർക്കും പെയിന്റ് കമ്പനിക്കാർക്കും ഇഷ്ടപ്പെട്ടു. ജോലിക്കിടയിലുള്ള സാമൂഹ്യസമ്പർക്കം, സമയബന്ധിതമായ പണിതീർക്കൽ, കുട്ടികൾക്കും സ്ത്രീകൾക്കും ആവശ്യ മായ സാധനങ്ങൾ സംഘടിപ്പിച്ചുകൊടുക്കൽ, സർവ്വോപരി ഗഹനാഥന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും ആവശ്യമായ മദ്യം സിവിൽ സപ്ലെസിൽ ക്യൂ നിന്നു വാങ്ങിക്കൊടുക്കൽ തുടങ്ങി പൊതുകാര്യപ്രസക്തിയുള്ളതും മർമ്മപ്രധാനമായതുമായ സഹായങ്ങൾ കൂടി ഇവർ ചെയ്തുകൊടുക്കുന്നതിനാൽ, "ജീവൻ 6' എന്നറിഞ്ഞുതുടങ്ങിയ ഈ സംഘം വളരെയേറെ ആവശ്യമുള്ളവരും പ്രിയപ്പെട്ടവരുമായി മാറി. - ഇപ്പോഴാകട്ടെ കഴിഞ്ഞ ഏഴുദിവസമായി ബ്ലോക്ക് പഞ്ചായത്തു സമുച്ചയത്തിന്റെ ചുവരുകൾ മുഴുവനും ചായമടിച്ചു തീർക്കാൻ അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ ദിവസം രണ്ടാം ശനിയാഴ്ചയും നാളെ ഞായറാഴ്ചയുമായതിനാൽ ഉദ്യോഗസ്ഥരും കാവൽക്കാരുമില്ലെങ്കിൽക്കൂടിയും പണിയെടുത്തു പൂർത്തിയാക്കുമെന്ന് തീരുമാനിച്ച് രാവിലെ ആറുമണിമുതൽ എല്ലാപേരും എത്തിച്ചേർന്നു പണിയാരംഭിക്കുകയും ചെയ്തു.

- അന്നത്തെ ദിവസം സമയം രാവിലെ ഒൻപതു മണിയോടടുക്കുമ്പോഴാണ്, ആദ്യം സൂചിപ്പിച്ചതുമായി വിദൂരബന്ധമുള്ള ഒരു സംഭവം തുടങ്ങുന്നതെന്നു പറയാം. പ്രത്യേകിച്ച് എന്താണ് ഉദ്ദേശലക്ഷ്യങ്ങൾ എന്നു വ്യക്തമായി മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ രണ്ടു സീനിയർ ഐബി ഉദ്യോഗസ്ഥന്മാർ ബ്ലോക്കു പഞ്ചായത്തു കാര്യാലയത്തിലെത്തിച്ചേർന്നു. എന്നാൽ അത്രയ്ക്ക് കൃത്യമല്ലാത്തതായ ചില താത്പര്യങ്ങൾ അവർക്കുണ്ടായിരുന്നു. ഒന്നാമതായി ബ്ലോക്കു പഞ്ചായത്തിലെ അറ്റന്ററും സ്ഥലക്കച്ചവട ദല്ലാളുമായ മുസ്തഫ ഈ പഞ്ചാ യത്തതിർത്തിയിൽ പെടുന്ന ചില സ്ഥലങ്ങൾ വിൽക്കാനിട്ടിരിക്കുന്ന കാര്യം അവരെയറിയിച്ചത് അന്വേഷിക്കുക,രണ്ടാമതായി ഇങ്ങനെയുള്ള അന്വേഷണങ്ങൾക്കിടയിലുണ്ടാകുന്ന പൊതുസമ്പർക്കം ഉപയോഗിച്ച് കേസ ന്വേഷണത്തിന് ഉപയോഗപ്രദമായ വിവരങ്ങൾ ശേഖരിക്കുക, മൂന്നാമതായി സ്വന്തം സർക്കാർ സേവനത്തിന്റെ ഈ അവസാനഘട്ടത്തിൽ ഔദ്യോഗികവൃത്തിയിൽനിന്നും കുടുംബത്തിൽ നിന്നും മോചനം നേടി വീണുകി ട്ടുന്ന ദിവസങ്ങളിൽ സ്വാതന്ത്യം ആഘോഷിക്കുക, തുടങ്ങി സമ്മിശ്രമായ താത്പര്യങ്ങൾ അവർക്കുണ്ടായിരുന്നു. - ബ്ലോക്ക് പഞ്ചായത്തോഫീസിനു മുന്നിലുള്ള റോഡിലൂടെ കടന്നുപോകുമ്പോൾ കാര്യാലയത്തിനുള്ളിൽ കുറേപേരിരുന്നു ചുവരിൽ വെള്ളയടിക്കുന്നതുകണ്ടു അവർ അങ്ങോട്ടു കടന്നുചെന്നു. വരാന്തയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ രണ്ടുപേരടങ്ങുന്ന സംഘങ്ങൾ ഇരുന്നു തകൃതിയായി ചുവരടിച്ചുകൊണ്ടിരിക്കുന്നു. വരാന്തയിലേക്കു കയറുന്നിടത്തുള്ള പാർക്കിംഗ് സ്ഥലത്ത് മോട്ടോർ ബൈക്കുപോലെ തോന്നിപ്പിക്കുന്ന തുരുമ്പിച്ചുകറുത്ത മൂന്നു രൂപങ്ങൾ പല ദിക്കിലേക്കു ചരിച്ചിട്ടുപോലെ കിടന്നിരുന്നുവെങ്കിലും അവയെല്ലാംതന്നെ സ്റ്റാന്റിട്ട് വച്ചിരിക്കുകയാണെന്നും എന്നാൽ സ്റ്റാന്റാകട്ടെ മണലിലേക്കു താഴ്ന്നിറങ്ങി അങ്ങനെയായതാണെന്നും മനസ്സിലാക്കാൻ കഴിയും. തൊഴിൽപരമായ നിരീക്ഷണപാടവം കൊണ്ടാകാം നമ്മുടെ ഐബി ഉദ്യോഗസ്ഥന്മാരുടെ കാഴ്ചയിൽ പെട്ടെന്നുടക്കിയത് മൂന്നു ബൈക്കുകളിലും ഒരേപോലെ കാണപ്പെട്ടതും ഏതോ കാലത്ത് ഉണ്ടായിരുന്നുവെന്ന് സംശയം തോന്നിപ്പിക്കുന്ന നമ്പർ പ്ലേറ്റുപോലെ പരന്നു തുരുമ്പിച്ച തകിടുകളായിരുന്നു. ഓരോന്നിലും ഒരു അക്കമെങ്കിലും മാത്രമേ ദൃശ്യമായിരുന്നുള്ളൂവെന്നതിനാൽത്തന്നെ അവയ്ക്ക് എന്നോ ഒരിക്കൽ നമ്പറുണ്ടായിരുന്നുവെന്നും തോന്നിക്കുമായിരുന്നു. ജോലി വളരെ വേഗത്തിൽ ചെയ്യുമ്പോഴും സംസാരിക്കുകയും ഇടയ്ക്കു മൂളിപ്പാട്ടു പാടുകയും, മാറിനിന്ന് ബീഡി വലിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഈ യുവാക്കളെ മദ്ധ്യവയസുകഴിഞ്ഞ ഈ ഉദ്യോഗസ്ഥന്മാർക്കു വളരെ കൗതുകകരമായി തോന്നി. ജനജീവിതം നിശ്ചലമായിക്കിടക്കുന്ന ഈ രണ്ടാംശനിയാഴ്ചദിവസം രാവിലെതന്നെ ഊർജ്ജ്വസ്വലരായി പണിയെടുക്കുന്ന ചെറുപ്പക്കാരെ കണ്ടപ്പോഴുണ്ടായ മതിപ്പിൽ അവർ അല്പനേരം നിന്നുപോയി. - വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് നീണ്ടുമെലിഞ്ഞ് ഇരുനിറത്തിലുള്ള അബ്ദുൽ അസീസും കോടിക്കളർ മുക്കിയ അലക്കിതേച്ച മുണ്ടും അരക്കയ്യൻ ചെക്കു ഷർട്ടും ധരിച്ച് തിളങ്ങുന്ന കഷണ്ടിയുള്ള ഇരുണ്ട നിറത്തിലെ രാജേന്ദ്രപ്രസാദുമാണ് ഈ ഉദ്യോഗസ്ഥന്മാർ. ഇവരുടെ നിൽപ്പും മുഖഭാവങ്ങളും കണ്ടാൽ വിവാഹസംബന്ധിയായ കാര്യങ്ങൾക്കോ, സ്ഥലം വാങ്ങൽ-വിൽപ്പനകൾക്കോ വന്ന ഏതോ കാരണവന്മാരെപ്പോലെ തോന്നിപ്പിക്കുമെന്നതിനു രണ്ടഭിപ്രായമുണ്ടാകില്ല. വരാന്തയുടെ ഏറ്റവും മുൻഭാഗത്ത് ചുവരടിക്കുന്നത് ജീവനുംസൈമണും ആയിരുന്നെങ്കിൽ തൊട്ടുപുറകിൽ അശോകനും ദീപകും അവർക്കു പുറകിൽ ശ്രീജിത്തും ടിറ്റോയും എന്നിങ്ങനെയായിരുന്നു. എല്ലാപേരും വരാന്തയുടെ വശത്തുള്ള ഇടനാഴിയിൽ വാഷ്ബേസിനുകളും ടോയ്ലെറ്റുമുള്ള സ്ഥലത്തേക്കു ബ്രഷ് കഴുകാനായി ഇടയ്ക്കിടയ്ക്ക് പോവുകയും തിരികെ വരികയും ചെയ്യുന്നതിന് മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു. ഇടവേളകൾ സൃഷ്ടിച്ച് രണ്ടുപേർ വീതം പോയി അവിടെ സൂക്ഷിച്ചുവച്ചിട്ടുള്ള സഞ്ചിയിൽനിന്നും ഗ്ലാസുകളിൽ മദ്യം പകർന്ന് വെള്ളം ഒഴിച്ച് ഒറ്റ വലിവലിക്കുകയും ബ്രഷ് കഴുകി തിരികെ വരാന്തയിലേക്കു നടന്നുവരികയും ചെയ്തുകൊണ്ടിരുന്നു. - ഇവർ വെറും കരാർ തൊഴിലാളികളാണെന്നും മുൻപ് ഈ കാര്യാലയത്തിൽ ഗുമസ്ഥനായിരുന്ന ആനിക്കര ഷിബുവെന്ന സി.പി.ഐ എം.എൽ.കാരനെ അറിയുവാൻ സാദ്ധ്യതയുണ്ടെന്ന് കരുതുന്നതിൽ അർത്ഥമി ല്ലെന്നും, അസീസിനും പ്രസാദിനും തോന്നി. ആനിക്കരഷിബുവാകട്ടെ സർവീസിൽ നിന്നും ഡിസ്മിസലും നേരിട്ട് 2009-ൽ പിരിഞ്ഞുപോയി എങ്കിലും അയാൾ വയനാട് മേഖലയിൽ പ്രവർത്തനനിരതനാണെന്നാണ് ഡിപ്പാർട്ട്മെന്റിന്റെ നിഗമനം. കൽപ്പറ്റയിലെ ചില റിസോർട്ട് ആക്രമണങ്ങൾ, പത്തുവർഷം മുൻപുണ്ടായ ബാങ്കു കത്തിക്കൽ, ഒരു എസ്റ്റേറ്റ് ഓഫീസാക്രമണം തുടങ്ങി തെളിയാത്ത പല കേസുകളും ഷിബുവിന്റെയോ അയാളുമായി ബന്ധപ്പെട്ടവരുടെയോ പേരിൽ ഇപ്പോഴും അന്വേഷണം തുടരുന്നു. ഈ കേസുകളുടെ അന്വേഷണം ഊർജിതപ്പെടുത്തിയാൽ അനുബന്ധമായ അനേകം ശൃംഖലകൾ കണ്ടുപിടിക്കാമെന്നും അതുവഴി മാവോയിസ്റ്റ് പ്രവർത്തനങ്ങളെ കണ്ടെത്താനാകുമെന്നും ഡി.ജി.പി. സൂചന നൽകിയിരുന്നു. മാവോയിസ്റ്റുകളെ നേരിടാൻ തണ്ടർബോൾട്ട് എന്ന സംഘടന പോലീസ് രൂപവത്ക്കരിച്ചിട്ടുണ്ടെങ്കിലും ഐ.ബി.യ്ക്ക് ഇതു സംബന്ധമായി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും അതിനനുസൃതമായി അവരെ സഹായിക്കാനും കഴിയുമെന്നും ഡി.ജി. പി. പ്രത്യാശിച്ചു. അതുകൊണ്ടാണ് താരതമ്യേന ക്ഷമാശീലരും ശാന്തരും കർമ്മനിരതരുമായി ജോലി ചെയ്യുന്നവരുമായ സീനിയർ ഉദ്യഗസ്ഥരായ നിങ്ങളെ ഈ പ്രവർത്തനം ഏൽപ്പിച്ചതെന്നു പ്രോത്സാഹനജനകമായി ഡി.ജി.പി. അവരോടു പറയുകയുണ്ടായി.

രോഗിയിച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതുമൊന്നുതന്നെയെന്നു സമാധാനിച്ച പ്രസാദും അസീസും ആദ്യദിവസം മുതൽ വയനാടിൽ പലസ്ഥലങ്ങളിലായി താമസിച്ചും പല തട്ടിലുള്ള മനുഷ്യരുമായി ഇടപഴകിയും ജനവാസപദേശങ്ങളും കാടും കൃഷിസ്ഥലങ്ങളും നിരീക്ഷിച്ചും ജോലിയാരംഭിച്ചു. പടിപടിയായി ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തിലേക്കും മനുഷ്യരിലേക്കും ഇറങ്ങി ചെല്ലുകയും എന്നും വൈകുന്നേരം അതൊക്കെ അയവിറക്കി രണ്ടു ഗ്ലാസുകൾക്ക് അഭിമുഖമായി ഇരിക്കുകയും ചെയ്തു. നീണ്ട മുപ്പതുവർഷത്തെ പോലീസ് സേവനത്തിനിടയിൽ ഇങ്ങനെയൊരറിവും സമാധാനവും ആഘോഷവും അവർക്കു കിട്ടിയിട്ടില്ലായിരുന്നു. പലപ്പോഴായി നിരവധിപേരെ കണ്ടുമുട്ടിയതിൽ നിന്നും ഏറ്റവും കൂടുതൽ പേർ തൊഴിൽ ചെയ്യുന്നതും ഇടപെടുന്നതുമായ മേഖലയാണ് സ്ഥലകച്ചവടം അഥവാ റിയൽ എസ്റ്റേറ്റ് എന്നും കൂടുതലും ചെറുപ്പക്കാരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നതെന്നും അവർക്കു മനസ്സിലായി. ദിവസം ചെല്ലുന്തോറും രാജേന്ദ്രപ്രസാദിനെപ്പോലെയൊരാളിന് ഒരു ചെറിയ സ്ഥലം സ്വന്തമാക്കാൻ താത്പര്യം തോന്നിത്തുടങ്ങുകയും റിട്ടയർമെന്റ് ജീവിതത്തിലെ ഒരു ഘട്ടമെങ്കിലും ഇങ്ങോട്ടുമാറി താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു. അബ്ദുൽ അസീസാകട്ടേ അടുത്തവർഷം വിരമിക്കുമ്പോഴേക്കും അല്ലെങ്കിൽ അതിനുമുൻപുതന്നെ വേണമെങ്കിൽ അയാ ളുടെ ബാല്യകാലസുഹൃത്തായ ഹംസക്കോയയുടെ നിലമ്പൂരുള്ള എസ്റ്റേറ്റിൽ മാനേജരായി ചേർന്നു എക്കാലവും ജോലി തുടരാം. വരുന്ന എട്ടുമാസം എങ്ങനെയെങ്കിലും തള്ളിനീക്കി അവിടേക്കു നീങ്ങാനും അവിടെ ജൈവകൃഷിയുൾപ്പെടെയുള്ളതു വികസിപ്പിച്ച് എങ്ങനെയൊരു മാതൃകാ എസ്റ്റേറ്റ് നിർമ്മിക്കാമെന്നതിന്റെ ചിന്ത യുമായി നടക്കുകയാണ് ഹംസക്കോയ.

ഇവർ രണ്ടുപേരും ഇങ്ങനെ അവരുടേതായ ലോകങ്ങളിൽ വ്യാപരിച്ചുകൊണ്ടുനിൽക്കുമ്പോൾ അവിടെ പണിയെടുത്തുകൊണ്ടിരുന്ന നമ്മുടെ യുവാക്കളാകട്ടെ അവർ ആരെന്നോ എന്തിനുവന്നുവെന്നോ നോട്ടം കൊണ്ടോ ഭാവംകൊണ്ടോ പ്രകടിപ്പിക്കാതെ പണി ചെയ്തുകൊണ്ടിരുന്നു. പണിപൂർത്തിയാക്കുന്നതിനുമുൻപ് കുപ്പി കാലിയാക്കി പോകുമല്ലോ എന്നോർത്ത് വ്യാകുലപ്പെട്ടിരുന്നതിനാൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരുന്നത് ഇടയ്ക്കു വാഷ്ബേസിനിലേക്കു പോകുന്നതിലും തിരിച്ചുവരുന്നതിലുമായിരുന്നു. പണിക്കാരുടെ ഈ പെരുമാറ്റത്തെ സ്വന്തം പ്രവർത്തി നിർവ്വഹണത്തിലുള്ള ആത്മാർത്ഥതയായി കരുതിയ ഐ ബി ക്കാർ ഇത്തരം ചെറുപ്പക്കാർ ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെ നാട് എത്ര അഭിവൃദ്ധിയിലേക്കു കുതിച്ചു പായുമായിരുന്നുവെന്നു ധരിച്ചു. ഈ ധാരണ സത്യമായിരുന്നുവെങ്കിലും പ്രവർത്തനത്തിനിടയിൽ അവർ സ്വന്തമായ ചില ഉദ്ദേശലക്ഷ്യങ്ങൾ നിർവഹിക്കുന്നുണ്ടെന്നും ഇടയ്ക്ക് രണ്ടുപേരൊന്നിച്ച് ഇടനാഴിയിലേക്കു പോകുന്നതും പെയിന്റു കലക്കിയ ബക്കറ്റുമായി പതിവിലധികം ഊർജ്വസ്വലമായ തിരിച്ചുവരുന്നതും വരുമ്പോൾ മിക്സിംഗ് എന്നു പരസ്പരം പറയുന്നതും, അങ്ങനെ പറയുന്നതിൽ രഹസ്യമായ ഒരു ആനന്ദം അനുഭവിക്കുന്നതും ചിലപ്പോൾ മദ്യ ത്തിന്റെ ഗന്ധം കുമിഞ്ഞുവരുന്നതും ഐ ബി ക്കാരിൽ കൗതുകമുണർത്തി. അതുകൊണ്ടുതന്നെ ചെറുപ്പക്കാർ ഇടയ്ക്കിടയ്ക്ക ഇടനാഴിയുടെ മൂലയ്ക്കുപോകുന്നത് വീശാൻ തന്നെയാണെന്നു അവർ സ്ഥിതീകരിച്ചു. ഈ പ്രവർത്തനത്തിലടങ്ങിയിരിക്കുന്ന കുസൃതി നമ്മുടെ സ്വാതന്ത്യകാംക്ഷികളായ മദ്ധ്യവയസ്കന്മാർക്ക് മതിപ്പുളവാക്കിയെന്നു മാത്രമല്ല പ്രചോദനം സൃഷ്ടിക്കുന്നതുമായിരുന്നു. ഇന്നത്തെ പരിപാടികൾക്കുശേഷം ഉച്ചയ്ക്കുതന്നെ തിരികെപ്പോകുമ്പോൾ ഏതെങ്കിലും ബാറിൽ കയറി രണ്ടുപെഗ്ഗ് കഴിക്കണമെന്ന് അവർ ആഗഹിച്ചു.

ഒന്നുചിരിച്ചുകൊണ്ടും തൊണ്ടയനക്കിക്കൊണ്ടും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചശേഷം "മാതംഗി' എന്ന സ്ഥലത്തേക്കും അതിനടുത്തുള്ള ചാലിയക്കര എസ്റ്റേറ്റിലേക്കും എത്രദൂരമുണ്ടെന്നും രാജേന്ദ്രപ്രസാദ് ചോദിച്ചു. മാതംഗി തൊട്ടടുത്ത് രണ്ടുകിലോമീറ്റർ ദൂരത്തിനടുത്തുള്ള സ്ഥലമാണെന്നും എന്നാൽ ഇങ്ങനെയൊരു എസ്റ്റേറ്റിനെപ്പറ്റി അറിയില്ലെന്നും ജീവൻ മറുപടി പറഞ്ഞു. ഇടയ്ക്ക് മുസ്തഫ സൂചിപ്പിച്ച സ്ഥലങ്ങളെക്കുറിച്ചു സംസാരിച്ചുവെങ്കിലും ചെറുപ്പക്കാർക്ക് ഒട്ടും തിട്ടമുള്ളതായി തോന്നിയിരുന്നില്ലാത്തതിനാൽ അവർ സ്ഥല മിടപാടുകളെക്കുറിച്ച് വിവരമില്ലാത്ത ഒരു വിഭാഗമാണെന്ന് വ്യക്തമായി. സംസാരത്തിനിടയിൽ വെള്ളയടിക്കുന്ന ചുവരിലേക്കും പിന്നെ പെയിന്റുകലക്കിയ ബക്കറ്റിലേക്കും അവരുടെ മുഖത്തേക്കുമെല്ലാം മാറിമാറി നോക്കിയിട്ട് മിക്സിംഗ് നന്നാവുന്നുണ്ടല്ലോ എന്നൊരു കമന്റ് പ്രസാദ് പാസാക്കുകയും "സർ!' എന്നു പ്രതികരിച്ചുകൊണ്ട് ജീവൻ പണി തുടരുകയും ചെയ്തു. അപ്പോൾ അബ്ദുൽ അസീസ് "ഇതെവിടെനിന്നാ കിട്ടു ക, പ്രത്യേകിച്ചു ഈ സ്ഥലത്ത്' എന്നു ചോദിക്കുകയും ജോലിക്കുവരുമ്പോൾ ഞങ്ങൾ തന്നെ വാങ്ങിക്കൊണ്ടുവരും' എന്നു സൈമൺ മറുപടി പറയുകയും ചെയ്തു. ആദ്യം പ്രസാദ് നടത്തിയ കമന്റും പിന്നീടുള്ള അബ്ദുൽ അസീസിന്റെ ചോദ്യവുമൊന്നും അവരുടെ പ്രായത്തിനോ തൊഴിലിനോ ഒട്ടും ചേർന്നതായിരുന്നില്ല എന്നാർക്കെങ്കിലും തോന്നിയാൽ അതിലത്ഭുതപ്പെടാനില്ല. ഇത്തരം സന്ദർഭങ്ങളും ദൗർബല്യങ്ങളും വെപ്രാളവുമൊക്കെ ഏതുമനുഷ്യന്റെയും ജീവിതത്തി ലുമുണ്ടാകുമല്ലോ; പ്രത്യേകിച്ചും സ്വന്തം ജോലിയെ ആഘോഷവും കൂടിയാക്കിമാറ്റിയിരിക്കുന്ന ചെറുപ്പക്കാരെ കാണുമ്പോൾ. -- രണ്ടു മാസം മുൻപ് പ്രസാദും അസീസും കൂടി കേസന്വേഷണത്തിനിറങ്ങിയ ശേഷം മറ്റുള്ള ജനങ്ങളുടെ ജീവിതനിരീക്ഷണത്തിൽന് ലഭിച്ച അറിവും അനുഭവിച്ച സ്വാതന്ത്യവും ഇവരെ പലതിൽനിന്നും മോചിപ്പിക്കുവാൻ പ്രേരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അപ്പപ്പോൾ തോന്നുന്ന രീതിയിൽ അവർ ജനങ്ങളുമായി ഇട പെട്ടുതുടങ്ങി. നേരത്തേ സംസാരിച്ചതും അതിൽ ഒട്ടും ഖിന്നരാവാതെ തുടർന്നും സംസാരിച്ചുകൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. സംഭാഷണം തുടങ്ങിയത് ജീവനോടും സൈമണോടുമായിരുന്നെങ്കിലും ഇടയ്ക്കിടയ്ക്ക് ദീപകും അത്രയൊന്നും സംസാരിക്കാത്ത ശ്രീജിത്തും വന്നും പോയുമിരുന്നു. ഒരു ദിവസം അവർക്കു കിട്ടുന്ന കൂലി, അത് എങ്ങനെ ചെലവാക്കുന്നു, ഇനിയുള്ള കാലം കഴിയാനായി എന്തെങ്കിലും സമ്പാദ്യങ്ങൾ കരുതിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുകയും അതിലവർ അസ്വസ്ഥരാവുകയും ചെയ്തു. ഒരു ദിവസത്തെ വേതനം വൈകുന്നേരത്തിനുമുൻപു തന്നെ മദ്യത്തിനു ചെലവാക്കി തീർക്കുമെന്നുള്ള വസ്തുത വളറെ അപകടകരമായി കാണണമെന്ന് സ്നേഹത്തോടും ഗൗരവത്തോടും ഈ കാരണവ ന്മാർ പറയുമ്പോൾ അതേക്കുറിച്ച് ഒന്നാലോചിക്കേണ്ടതുണ്ടെന്ന് അവർക്കു തോന്നി. അപ്പോൾ ജീവൻ ഇങ്ങനെയൊരു ചോദ്യം ഉയർത്തി: സാറന്മാർ കഴിക്കുകില്ലേ?

കഴിക്കും. അസീസ് പറഞ്ഞു. ഞങ്ങൾക്കും കുടുംബത്തിനും ജീവിക്കാനുള്ളത് നീക്കിവച്ച് ബാക്കിയുള്ളതിനു കഴിക്കും. നിങ്ങൾക്കും അതൊക്കെ ആകാവുന്നതല്ലേ? ഒരു ചെറിയ കണക്കുകൂട്ടൽ വേണം. കുറേ ക്കാലം കഴിഞ്ഞ് നമുക്കൊക്കെ പണിയെടുക്കാൻ പറ്റാതാകുമ്പോൾ എന്തെങ്കിലും കൈയ്യിലുണ്ടാവണം. അതു കൂടി ആലോചിക്കേണ്ടേ?

കാശു കൈയിലില്ലാതെ വരുമ്പോൾ മാത്രം പണിയെടുക്കുവാൻ പോകുന്ന വിഭാഗത്തിൽ പെടുന്നവർ ഭാവിയിലേക്കു എന്തെങ്കിലും കരുതിവയ്ക്കണമെന്ന് പറയുന്നതും യുക്തിസഹമല്ല. ഒരു തൊഴിലിലും കൃത്യ മായി ശ്രദ്ധക്കൊടുക്കാതെ ലഭ്യമാകുന്ന എന്തെങ്കിലും ജോലികൾ ചെയ്തു ജീവിക്കുന്ന ഒരു വലിയ വിഭാഗം ചെറുപ്പക്കാർ കേരളത്തിലുണ്ടെന്നും അവർ ഒരു തൊഴിലിലും വൈദഗ്ദ്ധ്യം ആർജിക്കുന്നില്ലെന്നും അതു കൊണ്ട് തൊഴിലുകളിൽ വൈദഗ്ദ്ധ്യമുള്ളവരെ പുറമേ നിന്നിനി ഇറക്കുമതി ചെയ്യേണ്ട ഒരു സ്ഥിതി വിശേഷ മുണ്ടായിവരുമെന്നും സമീപകാലത്ത് നടത്തിയ ഒരു സർവ്വേ റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ ഒരു തൊഴിലിലും വൈദഗ്ദ്ധ്യമില്ലാത്ത ചെറുപ്പക്കാർ പിൽക്കാലത്ത് മദ്ധ്യവയസ്കന്മാരും വൃദ്ധരും സർവ്വോപരി തൊഴിൽര ഹിതരുമാവുകയും അവർ അനാഥരും അനാരോഗ്യവാന്മാരുമടങ്ങുന്ന ഒരു സമൂഹമായി പരിണമിക്കുകയും ചെയ്യുമെന്നതായിരുന്നു ഈ റിപ്പോർട്ടിന്റെ കണ്ടെത്തൽ. ഈ വ്യാകുലത കളൊന്നും അവർക്കില്ലായിരുന്നു. എങ്കിലും അവരെ ശല്യപ്പെടുത്തുന്ന എന്തൊക്കെയോ ചുറ്റിലും സംഭവിക്കുന്നുണ്ടെന്ന തോന്നൽ അവരിൽ സ്ഥായിയായി നിലനിൽക്കുകയും ചെയ്യുന്നു. അങ്ങനെ സംസാരിച്ചിരിക്കെ വീണ്ടും ജീവൻ ഒരല്പം മയത്തോടെ ചോദിച്ചു. സർ. അല്പം കഴിക്കുന്നോ, ഞങ്ങളുടെ കൈയിൽ സാധനംണ്ട്. - ഇങ്ങനെയൊരു ചോദ്യം അവർ ആഗ്രഹിച്ചി രുന്നുവെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ തന്നെ എങ്ങനെ പ്രതികരിക്കും എന്നാലോചിച്ച് ഒരു നിമിഷം കുഴങ്ങിപ്പോവുകയും രാജേന്ദ്രപ്രസാദ് ഇങ്ങനെ പറയുകയും ചെയ്തു: കഴിക്കാം, പക്ഷേ ഞങ്ങൾ നിങ്ങടെ കൈയ്യിൽ നിന്നും അതു വാങ്ങാൻ പോകുകയാണ്. നിങ്ങൾ സമയവും പണവും ചെലവാക്കി കഷ്ടപ്പെട്ടു നിന്നു വാങ്ങുന്നതാണ്. അതുകൊണ്ട് ഞങ്ങൾക്കു വിലയ്ക്ക തരുക, ഞങ്ങൾ തരുന്നതുകൊണ്ട് നിങ്ങൾക്കു വീണ്ടും വാങ്ങാമല്ലോ. - ഒന്നു ചിരിച്ചുകൊണ്ട് ജീവൻ മറ്റുള്ളവരുമായി കൂടിയാലോചിച്ചു സ്വന്തം ബാഗിൽ നിന്ന് ഒരു അര ക്കുപ്പിയെടുത്തു പ്രസാദിനു കൊടുത്തു പൈസയും വാങ്ങി ഉടൻതന്നെ അടുത്തതു വാങ്ങാനായി സൈമണ ഏൽപ്പിച്ചു. സൈമൺ പോകാൻ തുടങ്ങുമ്പോൾ പ്രസാദും ജീവനും വീണ്ടും കുറെ പൈസകൊടുത്തു. ഒരു വഴിക്കുപോയി വരുമ്പോൾ ചെറിയ പൊതിയുമായി വരേണ്ട എന്ന് അസീസ് കൂട്ടിച്ചേർത്തു. - വാഷ്ബേസിനുള്ള ഇടനാഴിയിൽ കടന്നുചെല്ലുമ്പോൾ താഴെ ഒരു മുണ്ടുവിരിച്ച് മതപരമായ ഏതോ അനുഷ്ടാനം പോലെ ഗ്ലാസുകൾ കഴുകി നിരത്തിവച്ചിരിക്കുകയായിരുന്നു. ചുറ്റിലുമുള്ള കവറുകളിൽ കടലകൾ, മിക്സർ, കപ്പലണ്ടി മിഠായി തുടങ്ങിയവയും ഉള്ളി തക്കാളി അടങ്ങിയ പ്ലാസ്റ്റിക് കോട്ടു ചെയ്തു പ്ലേറ്റുകളും ഒരു ചെറിയ കത്തിയും ഉണ്ടായിരുന്നു. “കഴിച്ചോ ഞങ്ങൾ ഒന്നു പിടിച്ച് അപ്പുറത്തേക്കു പോകും', എന്നു പ റഞ്ഞ് ജീവനും ദീപകും പോയി. കുറെ കഴിയുമ്പോൾ ശ്രീജിത്തും ടിറ്റോയും വന്നു രണ്ടു ഗ്ലാസിലൊഴിച്ച് അല്പനേരം നിന്നു സംസാരിച്ചു പിരിയുമ്പോഴേക്കും എന്തോ മറന്നപോലെ ശ്രീജിത്ത് പാന്റ് സിന്റെ പോക്കറ്റിൽ നിന്ന് ഒരു പൊതിയെടുത്തഴിച്ച് രണ്ടു എള്ളുണ്ടകൾ എടുത്തവർക്കു കൊടുത്തു. ഒന്നു നീട്ടിച്ചിരിച്ച് തിരിച്ചുപോവുകയും ചെയ്തു. അവരിൽ ഏറ്റവും കുറച്ചുമാത്രം സംസാരിച്ചത് ശ്രീജിത്തായിരുന്നു എന്നു മാത്ര മല്ല മദ്യപിച്ചു കഴിഞ്ഞാൽ അവൻ സംസാരമേ ഇല്ലെന്നാണ് എല്ലാപേരുടെയും അഭിപ്രായം. ഉറങ്ങാതെയിരുന്ന് എത്ര മണിക്കൂറുകളോളവും പണിയെടുക്കുന്ന ശ്രീജിത്ത് ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കുന്നത് എപ്പോഴെന്ന് പറയാൻ കഴിയുകയില്ലെന്നു മാത്രമല്ല എഴുന്നേൽപ്പിക്കാനും സാധിക്കുകയില്ല. ഉറങ്ങണമെങ്കിൽ നന്നായി കുടിക്കണമെന്നുമുള്ളതിനാൽ ശ്രീജിത്ത് കുടിക്കാൻ തുടങ്ങുമ്പോൾ മറ്റുള്ളവർ അത് ശ്രദ്ധിക്കുകയും അവലോകനം ചെയ്യുകയുമുണ്ടാകും. - തീരെ അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ ബ്ലോക്ക് പഞ്ചായത്തു പോലെയുള്ള ഒരു പൊതുസ്ഥലത്ത് നട്ടുച്ചസമയത്ത് രണ്ടു പെഗ്ഗ് കഴിച്ച് ഇങ്ങനെ നിൽക്കുന്നതു കൊണ്ടാണോ എന്താണെന്നറിയില്ല പ്രസാദിനും കോയയ്ക്കും വല്ലാത്ത സന്തോഷം തോന്നുകയായിരുന്നു. ആ ദിവസത്തിന് അവർ മനസാ നന്ദി പറഞ്ഞു

. ചോരയിനാൽ നീ കോരിയ ചിതയിൽ

മോഹശതങ്ങൾ കരിഞ്ഞക്കാട്ടു ചിതയിൽ

ചാരിയിരിക്കുന്നേൻ

ഒരു ബീഡി കൊളുത്തി വലിക്കുന്നേൻ

അത്രയ്ക്ക് ഉച്ചത്തിലല്ലാതെ വരാന്തയിൽ നിന്നുയർന്നുവന്നതായിരുന്നു ഈ വരികൾ. ഒരു തുടർച്ചയില്ലാതെ വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ടും ചിലപ്പോൾ ഉച്ചത്തിലും മറ്റുചിലപ്പോൾ മൂളിപ്പാട്ടായും ചൊല്ലി ക്കൊണ്ട് ശ്രീജിത്ത് പണിതുടരുകയാണ്. വരികൾ ഓരോന്നും ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ എവിടെയോ വൈദ്യുതാഘാതം ഏൽക്കുന്നപോലെ പ്രസാദിനുതോന്നി. കാക്കിയുടുപ്പുകൾക്കപ്പുറമുള്ള ഏതോ ഒരു കാലം അയാളുടെ സ്മൃതിയിൽ മങ്ങിമങ്ങി തെളിയുകയും പ്രകാശിക്കുകയും ചെയ്തു. ഇരുട്ടിലെ ഏതോ പാടങ്ങ ളിൽനിന്ന് പന്തങ്ങൾ കത്തിയുയർന്നു. - അതെ. ഇതു കടമ്മനിട്ട രാമകൃഷ്ണന്റെ കവിതയാണ്. പ്രസാദ് അസീസിനോടു പറഞ്ഞു. പക്ഷേ ഇതേതു കവിതയാണ്? കാട്ടാളനല്ല. കുറത്തിയല്ല കിരാതവൃത്തവും കടമ്മനിട്ടയുമല്ല. പിന്നെ ഏതാണ്?

കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രസാദിനെ അറിയുന്ന അസീസ് ആകെ അത്ഭുതത്തിലാവുകയും ഇയാൾക്ക് കവിതയെക്കുറിച്ച് ഇത്രമാത്രം അറിയാമോ എന്നു അതിശയിക്കുകയും ചെയ്തു. പ്രസാദ് ഒരു കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ കടമ്മനിട്ട രാമകൃഷ്ണൻ മുഖ്യാതിഥിയായി വന്നു കവിത ചൊല്ലിയതും, വൈകുന്നേരം ഹോസ്റ്റലിലെ ഇരുട്ടുമുറിയിൽ വന്നു അർദ്ധരാത്രിവരെ കവിതകൾ ചൊല്ലിയിരുന്നതും നേരം വെളുക്കുംമുൻപ് ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടതും ബസിന്റെയവസാനത്തെ സീറ്റിലിരുന്ന് കവി പൂനി ലാവുപോലെ ചിരിച്ചു യാത്ര പറഞ്ഞതും പിന്നെ ബസു വിട്ടകലുമ്പോൾ സീറ്റിലേക്കു ചെരിഞ്ഞ് ജനൽകമ്പികളിലേക്കു തലചായ്ക്കുതും അയാളുടെ സ്മരണകളിരമ്പിയുണർന്നു. - കവിതകൾ വായിച്ചും കവിയരങ്ങുകൾ കേൾക്കാൻ യാത്രചെയ്തും തുടങ്ങിയതന്നു മുതൽക്കായിരുന്നു. പിന്നീടൊരിക്കൽ പോലീസ് ട്രെയിനിംഗ് കാലത്ത് അയാൾ താമസിച്ചിരുന്ന ഹോട്ടലിൽ കടമ്മനിട്ട വന്നിരുന്നു.രാവേറെകവിതചൊല്ലിയിരുന്നതും അന്നവിടെ താമസിച്ചിരുന്ന വരെല്ലാം കൂടി കടമ്മനിട്ട പടയണിക്കുപോയതും അന്നുരാത്രി മൺകട്ടകൊണ്ടുള്ള കവിയുടെ കുടുംബവീട്ടിന്റെ മുന്നിലിരുന്ന് കിരാതവൃത്തം കേട്ടതും എല്ലാം ഓരോന്നായി തെളിഞ്ഞുവന്നു.

ഇതു മുഴുവനറിയാമോ? കടമ്മനിട്ടയുടെ ഏതു കവിതയാണ്? പ്രസാദ് ശ്രീജിത്തിനോടു ചോദിച്ചു. എന്നോ ഒരിക്കൽ മനസ്സിൽ തട്ടിനിന്ന വരികൾ ഏറ്റുപാടുകമാത്രമാണ് ചെയ്തതെന്നും ആരുടെ ഏതു കവിതയാണെന്നറിയില്ലെന്നും ശ്രീജിത്തുപറഞ്ഞു.

ഇടനാഴിയിൽ ചെന്ന് ഗ്ലാസുകൾ നിറച്ച് ഇരുവരും ജീവന്റെയടുത്തു ചെന്നിരുന്നു. ഉച്ചയ്ക്കുശേഷം തീർക്കേണ്ടുന്ന പണിയുടെ കാര്യങ്ങൾ, വെള്ളവും പെയിന്റും തമ്മിലുള്ള അനുപാതം പരിശോധിക്കുക, കട്ടപിടിച്ചു തുടങ്ങിയ ബഷുകൾ മാറ്റി പുതിയതെടുക്കുക, ഇടയ്ക്കിടയ്ക്ക് മദ്യം ഒഴിച്ച് വെള്ളം ചേർക്കുക, തുടങ്ങി ചിട്ട യായി പ്രവർത്തനങ്ങൾക്കു നേതൃത്വവും സംഘാടകത്വവും കൊടുക്കുന്നത് ജീവനായിരുന്നു. ഓരോരുത്തരും ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ അസീസ് പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടിരുന്നു. നടുമുറ്റത്തേക്കിറങ്ങിവന്നു കാറ്റ് അപ്പോൾ അവിടെയാകെ ചുറ്റിയടിക്കുകയും ഇളം തണുപ്പു പടരുകയും ചെയ്തു. സംസാരവും കുടിയും ദൂരെയിരിക്കുന്ന ശ്രീജിത്തിന്റെ കവിത ചൊല്ലലും, ഇളങ്കാറ്റും എല്ലാംകൂടി രംഗം കൊഴുക്കുകയായിരുന്നു ഗദ്യത്തിലും ചിലപ്പോൾ പദ്യത്തിലും മറ്റു ചിലപ്പോൾ രണ്ടും ചേർന്ന ആത്മഗതംപോലെയുമായിരുന്നു ശ്രീജിത്തിന്റെ കവിതാലാപനം, അവൻ സ്വന്തമായി ഉണ്ടാക്കുന്ന കവിതകളാണെന്നും മുൻപ് നാട്ടിലെ ചില സംഘങ്ങളിൽ ശ്രീജിത്ത് കവിതചൊല്ലിയിരുന്നുവെന്നും ജീവൻ പറഞ്ഞു. ഇവൻ ശരിക്കും ഒരു മനുഷ്യസ്നേഹിയാ സാറേ, ഞങ്ങടെ ഇടയിൽ ഇവനെപ്പോലെ ആരുമില്ല. കവിയല്ലേ. തീർച്ചയായും മനുഷ്യസ്നേഹി യല്ലാതെയാകാൻ പറ്റുമോ? അസീസ് ഒരു സാമാന്യതത്വം പറഞ്ഞു. അങ്ങനത്തെ മനുഷ്യസ്നേഹിയല്ല. പ്രശ്നങ്ങൾ പരിഹരിക്കുന്ന മനുഷ്യസ്നേഹി. സത്യം പറഞ്ഞാൽ ഇവിടത്തെ കൃഷിക്കാരുടെ ആത്മഹത്യ ഒരുവിധത്തിൽ നിലച്ചത് ശ്രീജിത്തു കാരണമാണ്; അല്ലെങ്കിൽ അതു നിൽക്കാനുള്ളതിന് ഒരു കാരണമെങ്കിലും ശ്രീജിത്താണ്. രാഷ്ട്രീയപ്പാർട്ടികൾ ബഹളമുണ്ടാക്കിയതുകൊ ണ്ടാണ് ബാങ്ക് വായ്പകൾ എഴുതിത്തള്ളിയെന്നത് അവർ അവകാശപ്പെടുന്നു വെന്നേയുള്ളൂ. സത്യമതല്ല: ജീവൻ പറഞ്ഞു. - ഭയന്നുകൊണ്ടാണ് ബാങ്കുകൾ വായ്പയെഴുതിത്തള്ളിയത്. ശ്രീജിത്തിന്റെ പരിപാടിയായിരുന്നു. ഇവർ വെറും മൂന്നുപേർ ചേർന്ന് ഒരു ബാങ്കങ്ങു കത്തിച്ചു മാഷേ, രാവിലേ ബാങ്ക് കരിക്കട്ടെ. - കത്തിച്ചു തീരുമാനിച്ചത് അതേദിവസം സന്ധ്യയ്ക്കായിരുന്നു. അടുത്തുള്ള ഹെൽത്ത് സെന്ററിൽ നിന്നു സംഘടിപ്പിച്ച ക്ലോറോഫാമും, ആറുകാൻ പെട്രോളുമായി അവർ മൂന്നുപേർ ഏകദേശം പന്ത്രണ്ടുമണിയോടെ ഓട്ടോറിക്ഷയിൽ കവലയിലെത്തി ഓട്ടോറിക്ഷക്കാരൻ സണ്ണിയെ മൂക്കറ്റം കുടിപ്പിച്ചു കിടത്തി ഓട്ടോറിക്ഷയെടുത്തുവന്ന് ആദ്യം ബാങ്ക് സെക്യൂരിറ്റി പീതാംബരൻ ചേട്ടനെ പിറകിൽ നിന്നു പിടിച്ച് മുഖംമൂടിയിട്ട് മൂക്കിൽ ക്ലോറോഫാം കയറ്റി, പിന്നെ ചുറ്റിക്കെട്ടി, ഒരു കിലോമീറ്ററിനപ്പുറമുള്ള കടത്തിണ്ണയിൽ കിടത്തിയുറക്കി തിരികെവന്ന് അകവും പുറവും പെട്രോൾ തളിച്ചു, തീ കത്തിച്ചു. അണയുന്ന സ്ഥലങ്ങളിൽ വീണ്ടും കൊണ്ടാഴിച്ചു കത്തിപ്പടർത്തി. അന്ന് വള്ളിയൂർക്കാവു പൂരമായിരുന്നതിനാൽ ചുറ്റുപാടും ആൾക്കാരാരുമില്ലായിരുന്നു. കത്തിയെരിഞ്ഞ ബാങ്ക് ജനങ്ങൾ കണ്ടത് അടുത്ത ദിവസമായിരുന്നു.

ബാങ്ക് കത്തിച്ച വിപ്ലവകാരികളെ കുറിച്ചാലോചിക്കുമ്പോഴൊക്കെ അസീസിന്റെയും പ്രസാദിന്റെയും മനസ്സിലുണ്ടായിരുന്നത് ചെങ്കിസ്ഖാൻ, ചെഗുവരെ, തുടങ്ങിയ പടത്തലവന്മാരുടെയും വിപ്ലവകാരികളുടെയും രൂപങ്ങളായിരുന്നു. ഒരു കൂനനുറുമ്പിനെപ്പോലെ നീങ്ങിനീങ്ങി ബ്ലോക്ക് പഞ്ചായത്തിന്റെ ചുവരടിക്കുന്ന ദുർബലനായ ശ്രീജിത്തിനെ അങ്ങനെ സങ്കല്പിക്കാനേ വയ്യ. ഈ സമയം ബഷ് ബക്കറ്റിലിട്ട് കൈ കഴുകി വന്ന ശേഷം ശ്രീജിത്ത് രണ്ടുമൂന്നു തക്കാളികൾ മുറിച്ച് ഓരോ കഷണങ്ങളാക്കി എല്ലാപേർക്കുമായി വിതരണം ചെയ്തു. തക്കാളിക്കഷണങ്ങൾ അവൻ വച്ചുനീട്ടുമ്പോൾ അസീസും പ്രസാദും നിർന്നിമേഷരായി അവന്റെ മുഖത്തേക്കുനോക്കി. നിഷ്ക്കപടമായ ആഥിത്യം നിറഞ്ഞ കണ്ണുകൾകൊണ്ട് അവൻ എല്ലാപേരെയും ഇടനാഴിയിൽ നിറച്ചു വച്ച ഗ്ലാസുകൾക്കായി ക്ഷണിച്ചു. ഗ്ലാസെടുത്ത് ഒന്നു ചുണ്ടിൽ വയ്ക്കുമ്പോഴേക്കും ദീപക് സ്വന്തം ബാഗിൽനിന്ന് ഒരു വലിയ പൊതി വലിച്ചെടുക്കുകയും മറ്റുള്ളവർ ആരവത്തോടെ സ്വാഗതം ചെയ്യു കയും ഒപ്പമായിരുന്നു. വളരെ സമൃദ്ധമായ തോതിൽ കുടിയുള്ള ദിവസങ്ങളിലാണ് ദീപക് തന്റേത് എന്ന് അവകാശപ്പെടുന്ന അടകൾ കൊണ്ടുവന്ന് പുറത്തെടുക്കുക. കഴിച്ചു പരിചയമില്ലാത്ത രണ്ടുപേർ കൂട്ടത്തിലുണ്ടെന്നതിനാൽ ദീപക് ഒരു പാചകവിദഗ്ദ്ധനെപ്പോലെ ഇങ്ങനെ പറഞ്ഞു: ഇതു മീൻ അടകളാണ്. ശർക്കര, തേങ്ങ, പഴം എന്നിവയ്ക്കു പകരം തേങ്ങയിട്ട മീൻമസാലയിൽ വേവിച്ചെടുത്ത മീൻ, മുള്ളുമാറ്റി അടിയിൽ വച്ചു ഇലയിൽ പൊതിഞ്ഞു പുഴുങ്ങിയെടുക്കുന്നതാണ് ഈ അട.

എല്ലാപേരുമൊന്നിച്ച് നിലത്തിരുന്ന്, ഇലപ്പൊതിയഴിച്ച് അടകഴിച്ചുകൊണ്ടിരിക്കെ പ്രസാദിന്റെ കണ്ണുകൾ നിറയുന്നതും എന്തോ സംസാരിക്കാനായി വീർപ്പുമുട്ടുന്നതും അസീസ് ശ്രദ്ധിക്കുകയും അയാളുടെ കൈയ്യിൽ ഒന്നമർത്തി പിടിക്കുകയും ചെയ്തു. പക്ഷേ അപ്പോൾ പ്രസാദ് കൂടുതൽ വികാരാധീനമാവുകയും അത് മറ്റു ള്ളവരുടെ ശ്രദ്ധയിൽപെടുകയും ചെയ്തു. വളരെ പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു തുടങ്ങി.. - ഞങ്ങൾ ആരാണെന്നറിഞ്ഞാൽ നിങ്ങൾക്ക് വിദ്വേഷം തോന്നും. ഇപ്പോഴത്തെ ഈ സൗഹാർദ്ദം ഇല്ലാതെയാകും. ഈ സന്തോഷകരമായ ദിവസവും ഇല്ലാതെയാകും. സാറു പറഞ്ഞാ , നമുക്കു പ്രശ്നമില്ല. സൈമൺ പറഞ്ഞു. സാറു പറയണ്ട, ജീവൻ പറഞ്ഞു. ടിറ്റോയും ദീപകും അനുകൂലിച്ചു: വേണ്ട. സന്തോഷം ഇല്ലാതെയാകുന്നതൊന്നും പറയണ്ടാ.

ഞങ്ങൾ വാസ്തവത്തിൽ ഐ ബി ഉദ്യോഗസ്ഥന്മാരാണ്. അസീസ് കയറി പറഞ്ഞു. പോലീസുകാരാണ്. പത്തുവർഷം മുൻപാരംഭിച്ച ബാങ്കു തീവെപ്പുകേസ് ഉൾപ്പെടെയുള്ളത് അന്വേഷിച്ചു റിപ്പോർട്ടുകൊടുക്കാൻ നിയോഗിക്കപ്പെട്ടവർ എന്നു പറയാം. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളിൽ രണ്ടുപേരെയങ്കിലും പിടിക്കാൻ നിയോഗിക്കപ്പെട്ടവർ. - അത്രയും കേട്ടിട്ടും പ്രത്യേകിച്ച് ഒരു ഞെട്ടലോ അത്ഭുതമോ ഒന്നും ആരിലും കണ്ടില്ല. എന്നുമാത്രമല്ല അവരുടെ മുഖത്താകെ ഒരുതരം നിസ്സംഗതയായിരുന്നുവെന്നു പറയാം. എന്തുകൊണ്ടാ ഒരല്പനേരം എല്ലാ പേരും മൗനത്തിലായി. അപ്പോൾ പ്രസാദ് കൂട്ടിച്ചേർത്തു. നിങ്ങളാണെന്നറിഞ്ഞുകൊണ്ട് ഇവിടെ വന്നതല്ല ഞങ്ങൾ. ഇവിടെ ചില സ്ഥലങ്ങൾ വിൽക്കാനിട്ടിരിക്കുന്നതായി കാര്യാലയത്തിലെ അറ്റന്റർ മുസ്തഫ പറഞ്ഞറിഞ്ഞു. അന്വേഷിക്കാമെന്നു കരുതി വന്നതാണ്. ഇതു സാരമില്ല. ഈ കേസ് ഞങ്ങളെഴുതിതള്ളും. ഞങ്ങളാരെയും കണ്ടിട്ടുമില്ല. ആനിക്കര ഷാജിയെ അന്വേഷിച്ചിട്ട് ഒരു വിവരവും ഇല്ല. ജീവൻ എല്ലാ ഗ്ലാസിലുമായി ഒരു വട്ടം കൂടി ഒഴിച്ചു. ചെയ്തത് ഞാൻ തനൃണ് സാർ. അതിന് സംശയമില്ല. എന്ന് ശ്രീജിത്ത് പറഞ്ഞതു പൊതുവിൽ ചിരി പടർത്തി. "സത്യം പറഞ്ഞാൽ, സർ ജീവിതത്തിൽ എന്തെങ്കിലും ചെയ്തുവെന്ന് സംതൃപ്തി തോന്നിയ കാര്യം ഇതുമാത്രമാണ്. "അതു ശരി തനൃണ്. ഇവിടെ നാട്ടുകാർക്ക് ഗുണം കിട്ടിയ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഈ സംഭവം മാത്രമാണെന്നു എല്ലാപേർക്കുമറിയാം. ബാങ്ക് സംഭവത്തിനുശേഷം ഇവിടത്തെ പലിശക്കമ്പനി കൾ നടത്തിവന്നിരുന്ന കൊള്ളയും ചതിയും ഒരു പരിധിവരെ കുറഞ്ഞതും തുടർന്നും ജീവിക്കാമെന്നു കൃഷിക്കാർക്കു തോന്നിത്തുടങ്ങിയതുമൊക്കെ ജീവനും ടിറ്റോയും വിശദീകരിച്ചു. കോടിക്കണക്കിനു രൂപയുടെ കണക്കുകൾ എപ്പോഴും ഇവിടെ ആദിവാസിയുടെയും കൃഷിക്കാരുടെയും മേഖലയിലും ചെലവാക്കുന്നതായി സർക്കാർ പറയുന്നു. എന്തെങ്കിലും ഇവിടെ കാണാനുണ്ടോ? അവർ വാചാലരാകുമ്പോൾ പ്രസാദും അസീസും നല്ല കേൾവിക്കാരായി മാറി.

ആകാശം കനക്കുകയും ഒരു വേനൽമഴ പെയ്യുകയും മൃദുവായി തണുത്ത കാറ്റു വീശിക്കൊണ്ടിരിക്കുകയും ചെയ്തതോടെ അന്തരീക്ഷത്തിൽ വീണ്ടും ആർദ്രത നിറഞ്ഞു. രണ്ടാമതു വാങ്ങിയ കുപ്പിയിലെ അവ സാനത്തെ വട്ടവും കൂടി കഴിഞ്ഞശേഷം ജീവൻ കുപ്പി കാലിയായതായി പ്രഖ്യാപിച്ചു. എങ്ങനെ നന്ദി പറ യണം യാത്രപറയണം എന്നൊക്കെയാലോചിച്ച് പ്രസാദും അസീസും ബുദ്ധിമുട്ടിലാവുകയായിരുന്നു. എന്നാൽ ചെറുപ്പക്കാരെ സംബന്ധിച്ച് അത്തരമൊരു വിമ്മിഷ്ടമോ, പിരിയാൻ പോകുന്നതിന്റെ വേവലാതിയോ ഒന്നും പ്രകടമായിരുന്നില്ലെന്നു മാത്രമല്ല ഒരു പകൽ പണി കഴിഞ്ഞു പോകുന്നതിന്റെ ലാഘവത്തോടെ അവർ സ്വന്തം സാമഗ്രികൾ ഉത്തരവാദിത്തത്തോടെ ഒതുക്കി തുടങ്ങി. ഗ്ലാസുകളും കുപ്പികളും വെവ്വേറെയും അവശിഷ്ട ങ്ങൾ മറ്റൊരു കൂടിലും പായ്ക്കുചെയ്തുകൊണ്ട് ചുറ്റുപാടും സൂക്ഷ്മനിരീക്ഷണം നടത്തി തുണികൊണ്ടു തുടച്ച് ബാക്കിവന്ന ബക്കറ്റുകളും ബ്രഷുകളും കൂട്ടിപൊതിഞ്ഞും പോകാൻ തയ്യാറെടുത്തു തുടങ്ങി. വണ്ടിയോടിക്കുവാൻ പ്രയാസമുണ്ടെങ്കിൽ അവരാരെങ്കിലും ഓടിച്ചുകൊണ്ടുവിടാമെന്ന് സൈമൺ പറഞ്ഞപ്പോൾ പ്രസാദ് അതു സ്നേഹപൂർവം നിരസിച്ചു. കൂട്ടത്തിൽ അവരെയെല്ലാം കൂടി ഭക്ഷണത്തിനു ക്ഷണിക്കുകയും ചെയ്തു. അങ്ങനെ അവർ ആറുപേർ മൂന്നു മോട്ടോർ ബൈക്കിലും അസീസും പ്രസാദും അവരുടെ ചെറിയ മാരുതി കാറിലുമായി ടൗണിൽ ചെന്നു ഭേദപ്പെട്ട ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അസീസ് എല്ലാപേരോടുമായി നിങ്ങൾക്ക് ഒരു എസ്റ്റേറ്റിൽ ജോലി ചെയ്യാൻ താത്പര്യമാണോ എന്നു ചോദിച്ചു. എന്തു ജോലിയെന്ന പ്രശ്നം അവർക്ക് ചിന്താകുഴപ്പം സൃഷ്ടിക്കുന്നതായിരുന്നു. നിങ്ങൾ ആറുപേർക്കും കഴിയുന്ന ഓരോ ജോലികൾ തന്നെയായിരിക്കും, എന്നു പറഞ്ഞുകൊണ്ട് അയാൾ എട്ടുമാസത്തിനകം പെൻഷനാകന്നതും തുടർന്ന് വഹിക്കാൻ പോകുന്ന എസ്റ്റേറ്റ് മാനേജർ ജോലിക്കാര്യവും എല്ലാം വിശദീകരിച്ചു. - പിരിയുമ്പോൾ വീണ്ടും കാണുമെന്നും ഒന്നിച്ച് പ്രവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നുമുള്ള പരസ്പര ധാര ണയുണ്ടായതിനാൽ രണ്ടുകൂട്ടരും സന്തോഷത്തടെ മടങ്ങി.

അടുത്തദിവസം മുതൽ പ്രസാദും അസീസും കൂടി കേസ് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തി. ആരു വായിച്ചാലും ബോദ്ധ്യപ്പെടുന്നരീതിയിൽ കാര്യകാരണസഹിതം ഒരാഴ്ചകൊണ്ട് റിപ്പോർട്ട് പൂർത്തിയാക്കി. ബാങ്ക് കത്തിച്ചതായി കണ്ട് സാക്ഷികളാരുമില്ലാത്തതും, കേസ് ഊജിതമായി കൊണ്ടുപോകണമെന്ന് വാദിഭാഗത്തിന് വലിയ നിഷ്ക്കർഷ യില്ലാതിരുന്നതും റിപ്പോർട്ടിനെ സഹായിക്കുന്ന ഘടകങ്ങളായിരുന്നു. ഇങ്ങനെയൊരു സംഭവം നടന്നതിനുശേഷം സംഭവത്തെ സംബന്ധിക്കുന്ന ഒരു ദൃക്സാക്ഷി മൊഴിപോലും രേഖപ്പെടുത്തിയിട്ടില്ല എന്നത് വളരെ വിചിത്രവുമായിരുന്നു.

റിപ്പോർട്ട് തയ്യാറാക്കുന്ന ദിവസങ്ങളിൽത്തന്നെ പ്രസാദ് കുറെ സ്ഥലങ്ങൾ കാണുകയും ഇഷ്ടപ്പെട്ട ഒന്നു രണ്ട് സ്ഥലങ്ങൾ മുസ്തഫയെ അറിയിക്കുകയും ചെയ്തുവെങ്കിലും ചെറിയ സ്ഥലങ്ങളുടെ കൈമാറ്റത്തിന് ഇടനിലക്കാരനാകാൻ മുസ്തഫയ്ക്ക് താത്പര്യമില്ലായിരുന്നു. അതുകൊണ്ടയാൾ വലിയ സ്ഥലങ്ങൾ കൊണ്ടു വന്നു. എന്തുതന്നെയായാലും എട്ടുമാസത്തിനുശേഷം പാറശ്ശാലയിലേക്കു മടങ്ങി എന്നെന്നേക്കും അവിടെ ശിഷ്ടജീവിതം കഴിക്കണമെന്നത് പ്രസാദിന് ഒരു പേടിസ്വപ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ അസീസിനെ സംബന്ധിച്ച് വരാനിരിക്കുന്നത് ഒരു വാഗ്ദത്തഭൂമിയുമായിരുന്നു. അപ്പോഴേക്കും അസീസ് എസ്റ്റേ റ്റിന്റെ മാനേജർ സ്ഥാനം ഭാവനയിൽ ഏറ്റെടുത്തുവെന്നതുമാത്രമല്ല, കൂടെ സഹായികളായി ആറു ചെറുപ്പക്കാരെക്കൂടി എടുക്കുന്ന കാര്യം ഉടമസ്ഥനും സുഹൃത്തുമായ ഹംസാകോയയുമായി സംസാരിച്ചുകഴിയുകയും ചെയ്തിരുന്നു. നിലവിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്കു ആളിനെ കണ്ടെത്താനും ഒരു പ്രയോജനവുമില്ലാതെ എസ്റ്റേറ്റ് മുടിപ്പിക്കുന്നവരെ മറ്റേതെങ്കിലും സ്ഥലങ്ങളിൽ വിന്യസിക്കാനുമൊക്കെ അസീസ് വിശദമായ പദ്ധതി തയ്യാറാക്കി. അതു പ്രകാരം ജീവന് റബ്ബർ വെട്ടുന്നതിന്റെ സൂപ്പർവിഷനും, എസ്റ്റേറ്റ് വർക്ക്ഷോ പ്പ്, വാഹനങ്ങൾ തുടങ്ങിയവ സൈമണും, കെട്ടിടങ്ങളുടെയും കോഫി സംസ്കരണകേന്ദ്രത്തിന്റെയും മേൽനോട്ടം ശ്രീജിത്തിനും, ഓഫീസ് വ്യവഹാരങ്ങൾ ദീപകിനും സഹായിയായി ടിറ്റോയെയും ഏൽപ്പിച്ചാൽ സുഗമമാകുമെന്ന ആശയം അയാൾ പ്രസാദുമായി പങ്കുവച്ചു. ഇടയ്ക്ക് അവർ എസ്റ്റേറ്റിൽ പോയിവരുകയും ചെയ്തു. -- റിപ്പോർട്ടു നൽകി ഒരാഴ്ചകഴിഞ്ഞ് ബാക്കിവരുന്ന അവധികൾ എടുക്കാൻ പോകുന്ന കാര്യം ഡി.ജി.പി. യോടു സംസാരിക്കാൻ ചെന്നപ്പോൾ അവധിക്കാര്യം കഴിയുന്നൂത്ര നിരുത്സാഹ പ്പെടുത്തണമെന്ന് ഡിപ്പാർട്ടുമെന്റിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും അയാൾ അറിയിച്ചു. ഇത്രയും കാലം സേവനം നടത്തിയ സ്വഭാവശുദ്ധിയുള്ള രണ്ടുദ്യോഗസ്ഥന്മാർക്ക് എടുത്തു തീർക്കാനർഹതയുള്ള അവധി തീർച്ചയായും നൽകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് പൊതുവേ നന്നായിട്ടുണ്ടെന്നു പറഞ്ഞുകൊണ്ടുതന്നെ ചില ഭാഗങ്ങൾ മാറ്റുന്നതാണ് നല്ലതെന്ന് അയാൾ പറയുമ്പോൾ തന്നെ അത് ഏതു ഭാഗമായിരിക്കുമെന്നവർക്കു മനസ്സിലായി. - "ഇത്രനാളത്തെ അന്വേഷണത്തിനിടയ്ക്ക് പൗരസമൂഹത്തിലോ, ഉൾക്കാടിനുള്ളിലോ ഏതെങ്കിലും തരത്തിലുള്ള മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടക്കുന്നതായി നേരിട്ടോ അല്ലാതെയോ അറിവു ലഭിച്ചിട്ടില്ല. ഉൾക്കാടിനുള്ളിൽ അത്തരം പ്രവർത്തനം നടക്കുന്നുണ്ടെങ്കിൽ അതിന്റെ ഏതെങ്കിലും തരത്തിലുള്ള പ്രതിഫലനം നാട്ടിലോ ആദിവാസി ഊരുകളിലോ വസിക്കുന്ന ജനങ്ങളുടെ മദ്ധ്യത്തിൽ കാണപ്പെടേണ്ടതാണ്. അങ്ങനെയൊന്നില്ല. ചില ആദിവാസി ഊരുകളിൽ ആരോ അപരിചിതർ കാടുവഴി ചെന്നിരുന്നതായി മാദ്ധ്യമങ്ങളിൽ വന്ന വാർത്തയും ശരിയല്ല. അഥവാ ഇങ്ങനെ പ്രവർത്തനം നടക്കുന്നുവെങ്കിൽ അവർ ലക്ഷ്യമിടുന്നതെന്താണ്? 1960 കളുടെ അവസാനത്തിൽ ആവിഷ്ക്കരിച്ചതുപോലെ ആദിവാസി ഊരുകളിൽ ശാക്തീകരണം നടത്തി ക്കൊണ്ട് കേരളത്തിൽ വിപ്ലവമുന്നേറ്റമോ അതു സംബന്ധമായ ആക്ഷനുകളോ നടത്തുവാൻ ഇവർ ഒരുമ്പെടുമെന്നും വിശ്വസിക്കാൻ കഴിയില്ല. ഒപ്പം തന്നെ ഡിപ്പാർട്ടുമെന്റിന് ഇതു സംബന്ധമായി ലഭിച്ച സിഡികൾ പരി ശോധിച്ചതിൽ നിന്ന് അവ ഉത്പാദിപ്പിച്ചിരിക്കുന്നത് അത്യധികം സാങ്കേതികമേന്മനിറഞ്ഞ ആപ്പിളിന്റെ സാങ്കേതികോപകരണങ്ങൾ ഉപയോഗിച്ചാണെന്നും അവയൊന്നും ഈ സ്ഥലങ്ങളിലൊന്നും സ്ഥാപിച്ച് പ്രവർത്തിപ്പിച്ചിരിക്കാൻ സാദ്ധ്യതയില്ല എന്നും അറിയിക്കട്ടെ. ഈ ഭാഗം ഒഴിവാക്കേണ്ടിവരുമെന്ന് അത് എഴുതിച്ചേർക്കുമ്പോൾ തന്നെ അവർക്കു മനസ്സിലായിരുന്നു.

ഒരു അന്വേഷണ റിപ്പോർട്ട് എന്നതിലുപരി "ഇവിടെ നിങ്ങൾ ചില അസന്നിഗ്ദ്ധമായ പ്രസ്താവങ്ങൾ നടത്തു ന്നു. അവയ്ക്ക് ഒരുതരം രാഷ്ട്രീയമായ വിശദീകരണം നൽകുന്നു, അങ്ങനെയൊരു വിഷയത്തിലേക്ക് നാം പോകേണ്ടതില്ലല്ലോ. പക്ഷേ, രാഷ്ട്രീയമായ കാര്യത്തിന് രാഷ്ട്രീയമായിത്തന്നെയല്ലേ വിശദീകരിക്കേണ്ടതെന്ന് നിങ്ങൾക്ക് ചോദിക്കാം. ശരിയാണ്' ഡി.ജി.പി പറഞ്ഞു.

അതൊന്നുമല്ല കാര്യം എല്ലാ സംസ്ഥാനങ്ങൾക്കും മാവോയിസ്റ്റ് ഓപ്പറേഷന്റെ ഭാഗമായി ലഭിക്കുന്ന ഒരു നല്ല സംഖ്യ കേന്ദ്രസഹായം ലഭ്യമാക്കിയിരിക്കുകയാണ്. ഫണ്ടനനുസരിച്ചുള്ള പ്രവർത്തനങ്ങളും ഓപ്പറേഷൻസും നടത്തിയിരിക്കണം. മാവോയിസ്റ്റ് പ്രവർത്തനമേ നടക്കുന്നില്ല എന്നെഴുതിയാൽ പിന്നെ അത് ഡിപ്പാർട്ടു മെന്റ് വിരുദ്ധമാകും, അസംബന്ധവുമാകും. റിപ്പോർട്ടു തിരികെ വാങ്ങി പ്രസക്തമായ ആ ഭാഗങ്ങൾ മാറ്റിക്കളഞ്ഞശേഷം ഏൽപ്പിക്കുമ്പോൾ ഡി.ജി.പി. ഒന്നു ചിരിച്ചു. - പത്തു ദിവസത്തെ അവധിക്കുള്ള അനുമതി കിട്ടിയശേഷം നാട്ടിലേക്കു പുറപ്പെടാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി പ്രസാദ് അസീസിനെ കാത്തിരുന്നു മുഷിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ അയാളുടെ കാർ മുന്നിൽ വന്നു നിന്നു. വരുന്നവഴി പ്രസാദിനു അടുത്തദിവസം കൊണ്ടുപോകാനായി കോഴിക്കോടൻ ഹലുവ കൂടി അസീസ് വാങ്ങിയിരിക്കുന്നു. അതു കാറിന്റെ പിൻസീറ്റിലേക്കു തള്ളി പ്രസാദ് മുന്നിൽ ഇരുന്നതും ഒന്നും സൂചിപ്പിക്കാതെ അസീസ് വണ്ടിയെടുത്തതും ഒന്നിച്ചായിരുന്നു. കൂടുതൽ ലീവ് എടുക്കുന്നെങ്കിൽ നമുക്കിനി കോഴിക്കോട് കുറെ ദിവസങ്ങൾ മാത്രം. പ്രസാദ് പറഞ്ഞു.സ്വന്തം വീടും ഇനി ആസ്വദിക്കാൻ പോകുന്ന പുതിയ ജോലിയും നിലമ്പൂരായതിനാൽ അസീസിന് കോഴിക്കോട് ദൂരെയല്ല. പക്ഷേ പ്രസാദിനങ്ങനെയല്ല. കേരളത്തിലെല്ലാ സ്ഥലത്തും ജോലി ചെയ്തപ്പോഴും പ്രസാദിന് കോഴിക്കോടും വയനാടും ഒരിക്കലും കിട്ടിയിരുന്നില്ല. അവസാനം അയാൾ അപേക്ഷ നൽകി അവിടെയെത്തിച്ചേർന്നു. ദീർഘകാലം പലസ്ഥലങ്ങളിൽ ഒന്നിച്ചു ജോലിചെയ്തു അസീസുമായി അവസാനം ഒന്നിച്ചു പണിയെടുക്കുക വിരമിക്കുക. -- അവർ സ്ഥിരമായി ചെന്നിരിക്കാറുള്ള കടൽപ്പുറത്തെ റോഡിന്റെ വശത്തുള്ള ബാർ ഹോട്ടലിൽ വണ്ടി പാർക്കുചെയ്ത് അകത്തേക്കു കയറുമ്പോൾ സന്ധ്യയിരുണ്ടിരുന്നു. ബാറിനകത്ത് അധികം പേരില്ല. അവർ ചെന്നിരിക്കാറുള്ള മൂലയിലെ മേശ ഒഴിഞ്ഞുകിടന്നിരുന്നു. അടുത്ത ദിവസം ഈ സമയം ഗാർഹികമായ കാര്യങ്ങ ങ്ങൾക്കിടയിൽ ഇങ്ങനെയിരിക്കാൻ കഴിയില്ലെന്നു ആലോചിച്ചുകൊണ്ട് സാവകാശം ഗ്ലാസിലേക്കു ഐസും സോഡയും ചേർത്തു. "നമ്മളിൽ പലരും ഭൂതകാലത്തിൽ ജീവിക്കുന്നവരാണ്. ഭൂതകാലമെന്നാൽ കഴിഞ്ഞ കാര്യമാണ്. പാസ്റ്റ്. അതിനെ നമ്മൾ ഭൂതമെന്നു വിളിക്കുന്നു. ഹോ, ഭൂതം! വല്ലാത്തപദം. നമ്മ പിറകോട്ട് പിറകോട്ട് പിടിച്ചു വലിക്കുന്ന ഒന്നാണ് ഭൂതം.' - തൊട്ടടുത്ത മൂലയിലിരിക്കുന്ന നാൽപ്പതുകൾ കടന്നിട്ടില്ലാത്ത ചെറുപ്പക്കാരുടെ ചെറുസംഘത്തിൽ ഒരാൾ സംസാരിക്കുന്നതിന്റെ ശകലങ്ങൾ കേൾക്കുകയായിരുന്നു. എതിർവശത്തെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന വലിയ സകീനിൽ ദൃശ്യങ്ങൾ മാറുന്നതിന്റെ പ്രതിഫലനത്തിൽ അവരുടെ മുഖങ്ങൾ മിന്നിത്തെളിയുന്നു. പലനിറങ്ങളിൽ തെളിയുന്ന മുഖങ്ങളിൽ നിന്ന് അവരെല്ലാം വളരെ ഗൗരവത്തോടെ സംഭാഷണത്തിൽ വ്യാപൃതരാണെന്നു കാണാം. ഗ്ലാസൊഴിയുന്നതിനനുസരിച്ച് സംസാരത്തിൽ കടന്നുവരുന്ന മേഖലകളും വിശാലമാ കുന്നു. ഭൂതത്തെ പരിപൂർണ്ണമായും മറക്കുവാൻ അവരുടെ സംഭാഷണം അസീസിനും പ്രസാദിനും ഉത്തേജനം നൽകിക്കൊണ്ടിരുന്നു. - "എം.എൻ.വിജയൻ പറഞ്ഞത് വി.എസ്. പരാജയം ഭക്ഷിച്ചു ജീവിക്കുന്ന ഒരാളാണെന്നതാണ്', എന്ന് ഒരാൾ പറഞ്ഞതും മറ്റൊരാൾ "നമ്മൾ' എന്നു തിരുത്തണം. നമ്മൾ പരാജയം ഭക്ഷിച്ചു ജീവിക്കുന്ന ഒരു സമൂഹമാണെന്നു പറയൂ.” അയാൾ തുടർന്നുകൊണ്ടിരുന്നു.

ഇവിടെ “പരാജയം ഭക്ഷിച്ചു ജീവിക്കുക' എന്ന പ്രയോഗം അസീസിനെയും പ്രസാദിനെയും വല്ലാതെ ബാധിക്കുന്ന ഒന്നായിരുന്നു. സാഹിത്യം സാംസ്കാരികം രാഷ്ട്രീയം തുടങ്ങിയ മേഖലകളിലൊന്നും വിഹരിക്കാത്ത അവർക്ക് ഈ പ്രയോഗങ്ങൾ അന്യമായിരുന്നുവെങ്കിലും ഈ സായാഹ്നത്തിൽ അതൊരു വെളിപാ ടായി മാറുകയായിരുന്നു. അവർ വീണ്ടും കാതോർത്തുകൊണ്ടിരുന്നു. ടി.വി.യിൽ നിന്നു പ്രസരിക്കുന്ന നിറഭേദങ്ങളിലൂടെ അവർ പരാജയം ഭക്ഷിച്ചു മാത്രം ജീവിച്ച ഭൂതകാലം മങ്ങിത്തെളിഞ്ഞു ഇരുപത്തിയൊൻപതു മുപ്പതു വർഷത്തെ നിയമപാലനവും രഹസ്യാന്വേഷണവുമടങ്ങുന്ന സേവനകാലത്ത് അന്വേഷിച്ചു തെളിയിച്ച് അനേകം കുറ്റകൃത്യങ്ങളും കുറ്റവാളികളും ഒരു കാർണിവൽ പോലെ കടന്നുപോയി. എണ്ണക്കാട് ഇരട്ടക്കൊല ക്കേസ്, ആമപ്പാറയിലെ ഒന്നരയേക്കർ ഇരുപതുവർഷത്തെ നിയമവിരുദ്ധ പാറഖനനം, വേൽചിറയിലെ കായൽ നികത്തൽ.. അങ്ങനെ നൂറുകണക്കിനു കേസുകൾ - ഒരോന്നും കണ്ടെത്തി, തെളിവുകൾ നിരത്തി ഒരു ഗോപുരം പണിയുമ്പോലെ ഉയർത്തിക്കെട്ടുമ്പോഴേക്കും അടിയിൽ നിന്ന് ഒരൊറ്റ വലി. ഒന്നുകിൽ മേലുദ്യോഗസ്ഥർ അല്ലെങ്കിൽ കീഴുദ്യോഗസ്ഥർ, അതുമല്ലെങ്കിൽ ഇരുകൂട്ടരും ചേർന്ന് ഓരോ കേസുകളും തകർക്കുന്നു. പരാജയം ഭക്ഷിച്ചുകൊണ്ടേയിരുന്നു. ഇത്രയും കാലത്തിനിടയ്ക്ക് കുറ്റകൃത്യം തെളിയിച്ച് ശിക്ഷവാങ്ങിക്കൊടുത്തത് കുറെ പോക്കറ്റടിക്കാരെയും, അനാഥരെയും, നിസ്വരും അശരണരുമായ മനുഷ്യരെയുമായിരുന്നു. ഇത്രയും നാൾ പരാജയം ഭക്ഷിച്ചു ജീവിക്കുന്നവർക്കു വീണ്ടും വീണ്ടും ശിക്ഷ വാങ്ങിക്കൊടുത്തതിന്റെ ശമ്പളം വാങ്ങു ന്നവരായി കഴിഞ്ഞുകൂടുകയായിരുന്നു.

അസീസ് പറഞ്ഞു: നമ്മൾ പരാജയം ഭക്ഷിക്കുന്ന കാലം അവസാനിക്കുകയാണ്. നിങ്ങൾ പരാജയം ഭക്ഷിക്കുന്നവനും എല്ലായ്പ്പോഴും എല്ലായ്പ്പോഴും പരാജയം ഭക്ഷിക്കാൻ ജനിച്ചവനുമാണെന്നും ഓർക്കുക. ആമേൻ ! അവസാനം ചെറുപ്പക്കാരൻ അയാളുടെ സംഭാഷണം ബൈബിൾ രൂപത്തിലാക്കിയിരിക്കുന്നു. ടി വിയിൽ നിന്നു പ്രതിഫലിക്കുന്ന വെളിച്ചത്തിൽ പലനിറങ്ങളിൽ കാണപ്പെടുന്ന അവരുടെ മുഖങ്ങൾ നല്ല ഉന്മാദത്തോടെ പരാജയം ഭക്ഷിക്കുന്ന വചനം ഏറ്റുപറയുന്നു. അപ്പോൾ താടി നീട്ടിവളർത്തിയ വ്യക്തി ഇപ്രകാരം പറഞ്ഞു.

"ഞാൻ നിങ്ങളോട് വിയോജിക്കുന്ന മേഖലയിതാണ്. മാക്സിസം ഇവിടെ പരാജയപ്പെടുന്നു. അന്നും ഇന്നും, എന്നും നടക്കുന്നത് survival of the fittest എന്ന സത്യമാണ്. ശക്തന്റെ വിജയം. എക്കാലത്തും ശക്തന്മാർ മാത്രം. സാമ്പത്തിക-ശാരീരിക-വിഭവശക്തിയുള്ള ശക്തരുടെ മാത്രം വിജയമാണ് ചരിത്രം. "സർവൈവൽ എന്നാൽ വിജയമല്ലെല്ലോ...' കൂട്ടത്തിൽ മെലിഞ്ഞ വ്യക്തി പറഞ്ഞു. അത് അതിജീവനമാണ്.

ശരി. എങ്കിൽ അതിജീവിക്കുന്നവർ തന്നെ. ഇപ്പോഴതിന് ഞാൻ വിക്ടോറിയസ് എന്നു തിരുത്തുന്നു. ശക്തരുടെ ശാക്തീകരണം എന്നാക്കാം. സമസ്തതലത്തിലും ശക്തരുടെ ശാക്തീകരണം. ശാക്തനു:ശക്ത: ശാക്തീ കരണേന വിജയതേ എന്നു വചനമാക്കി ശ്ലോകമാക്കാം. - - അങ്ങനെയവർ ശ്ലോകങ്ങളിലേക്കു കടക്കുമ്പോൾ നിറഭേദം മാറി ഒറ്റനിറത്തിൽ ബേക്കിംഗ് ന്യൂസ് പ്രത്യ ക്ഷപ്പെട്ടത് സംഭാഷണത്തെ ഒന്നു നിശബ്ദമാക്കി. വാർത്തകൾ ഓരോന്നായി വന്നുകൊണ്ടിരിക്കെ ഇടയ്ക്ക് താടിക്കാരൻ കൈയുയർത്തി ചിരിച്ചുകൊണ്ട് അല്പം ഉച്ചത്തിൽ പറഞ്ഞു. അതെ മാവോയിസ്റ്റുവേട്ട. - അത് ബ്രേക്കിംഗ് ന്യൂസിലെ രണ്ടാമത്തെ വാർത്തയായിരുന്നു. പ്രസാദും അസീസും സ്ക്രീനിലേക്കു തിരിഞ്ഞു. വലിയ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ന്യൂസ് റീഡർക്ക് പുറകിൽ തോക്കുകളുടെയും തണ്ടർബോൾട്ട് സേനയുടെയും ഗ്രാഫിക്സ് വാർത്ത തുടരുകയാണ്. പോലീസിന്റെയും തണ്ടർ ബോൾട്ടിന്റെയും സഹായത്തോടെ വയനാടൻ വനാന്തരങ്ങളിൽ മാവോയിസ്റ്റുകളെ കണ്ടെത്തിയെന്ന് ആമുഖമായി ന്യൂസ് റീഡർ ആനി തോമസ് വിവരണം നൽകി. കൂടുതൽ വിവരങ്ങൾ ഞങ്ങളുടെ ലേഖകൻ സുഭാഷ് തിരുനെല്ലിയിൽ നിന്നും നൽകുന്നതാണ്.. ആനീ, ഞാനിപ്പോൾ തിരുനെല്ലിയിലെ റിസർവ് വനപ്രദേശത്തിന്റെ അതിർത്തിയിലാണ്. തണ്ടർബോൾട്ട് സേന ഇവിടെ നടത്തിയ വളരെ സാഹസികമായ ഓപ്പറേഷനിലൂടെ മാവോയിസ്റ്റുകളെ കണ്ടത്തുകയും വലയിലാക്കുകയും അവരിൽനിന്ന് വളരെ പരിഷ്കൃതമായ സാങ്കേതികോപകരണങ്ങളും തോക്കുകളും പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. ഇവയൊന്നും ഔദ്യോഗികമായി സ്ഥിതീകരിക്കപ്പെട്ടിട്ടില്ല എന്നു മാത്രമല്ല, പിടിയിലായ മാവോയിസ്റ്റുകളെയും ഉപകരണങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ഒന്നുംതന്നെ ഇപ്പോൾ പുറത്തുപറയുകയില്ലെന്ന് തണ്ടർബോൾട്ട് മേധാവി ക്യാപ്റ്റൻ സുന്ദർ ബൻസി പറയുകയുണ്ടായി. ഇവരെ കോടതിയിൽ ഹാജരാക്കിയശേഷം ജാമ്യമില്ലാത്ത കസ്റ്റഡിയിൽ പാർപ്പിക്കുവാൻ കണ്ണൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുപോകുകയുണ്ടായി.

വാർത്താവിവരണത്തോടൊപ്പം മാവോയിസ്റ്റുകളെ കോടതിയിലേക്കു കൊണ്ടുപോകുന്ന ദൃശ്യങ്ങളും കാണിച്ചുതുടങ്ങി. കറുത്തമുഖംമൂടിയണിയിച്ച് പാന്റും ടീഷർട്ടും ധരിച്ച ചെറുപ്പക്കാർ. അസീസിന്റെയും പ്രസാദിന്റെയും വയറ്റിൽകൂടിയൊരു കൊള്ളിയാൻ പാഞ്ഞു. അതെ. അവർതന്നെ. ദീപക്, ശ്രീജിത്, സൈമൺ, ടിറ്റോ, ജീവൻ, അശോകൻ. മുഖംമൂടികൾ അഴിക്കാതെ തന്നെ അവരുടെ വേഷത്തിൽനിന്ന്, ഹതാശമായ നടത്തയിൽനിന്ന് ഓരോരുത്തരെയായി തിരിച്ചറിയാം. മുഖംമൂടികൾക്കകത്തെ അവരുടെ ദയനീയമായ കണ്ണുകൾ പ്രകാശിക്കുന്നതു കാണാം. - "ഏതോ കുട്ടികളാണ്' അടുത്ത മേശയ്ക്കരികിൽ നിന്നും താടിക്കാരന്റെ ശബ്ദമുയർന്നു. നാളെ വീട്ടിലെത്തേണ്ടുന്ന കുട്ടികൾ. അവരുടെ കഴുത്തിൽ കറുത്ത തുണിയിട്ടു കഴിഞ്ഞു. ആരാച്ചാർ എത്തുംമൂൻപ് അവരുടെ കഴുത്തിൽ കറുത്ത തുണി വീണുകഴിഞ്ഞു. ആരോ ചെയ്ത കുറ്റങ്ങൾ ഇനിയിവർക്കുമേൽ ചാർത്തപ്പെടും.'

അയാളുടെ വാക്കുകൾ ഒരുതരം ഏകഭാഷണമായി മാറിക്കഴിഞ്ഞിരിക്കുന്നു. മറ്റുള്ളവർ നിശബ്ദരായി ഗ്ലാസുകൾ കാലിയാക്കിക്കൊണ്ടിരിക്കുന്നു. ക്രമേണ ബാറ് ഒഴിഞ്ഞുതുടങ്ങിയിരുന്നു. ഈ അറവുശാലയിലേക്കു കൊണ്ടുപോകുന്നത് നമ്മുടെ കുട്ടികളെയാണ്' എന്നുകൂടി പറഞ്ഞുകൊണ്ട് അയാൾ മേശയിലേക്കു മുഖം കമഴ്ത്തി. അയാളെ നിശബ്ദമായി കേട്ടുകൊണ്ടിരുന്ന ചെറുപ്പക്കാർ അയാളുടെ മുഖമുയർത്താൻ ശ്രമിച്ചു.

ഈ ചെറുപ്പക്കാർക്കു സമീപത്തെ മേശയ്ക്കുചുറ്റും തത്വദർശനങ്ങളുടെ ആഴമൊന്നും അറിയാത്ത രണ്ടു മദ്ധ്യവയസ്കന്മാർ അവരുടെയവസാനത്തെ പരാജയത്തിന്റെ ഗ്ലാസും മോന്തിക്കൊണ്ട് ഇരുന്നിരുന്നതും അവ രുടെ മസ്തിഷ്ക്കം മദ്യത്തിനപ്പുറമുള്ള രാസപ്രക്രിയകളാൽ നിറയുന്നതും അൻപത്തിയഞ്ചു വർഷത്തെ ശരാശരി ജീവിതത്താലും തൊഴിലിനാലും അവമതിക്കപ്പെട്ട് രണ്ടു മാംസപിണ്ഡമായി തീർന്നതും ഒരുപക്ഷേ ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാ വണമെന്നില്ല. - അവരുടെ മുന്നിൽ ബെയറർ വന്നു നിന്നതും അസീസ് എന്തോ പറയുന്നതും തിരികെ അരക്കുപ്പി മദ്യം കൊണ്ടുവന്ന് നൽകുന്നതും പൈസ കൊടുത്തശേഷം ആ കുപ്പി തുറന്ന് അതേപടി അസീസ് വായിലേക്കൊഴിച്ചതും ദ്രുതഗതിയിലായിരുന്നു. പിന്നീട് അതിവേഗം പുറത്തിറങ്ങിയ അസീസ് വീണ്ടും എന്തോ പറയുകയും ഒറു ദീനരോദനംപോലെ അതു തിരിച്ചറിയാനാകാത്ത ഏതോ ശബ്ദങ്ങളായി മാറുകയും കാറിന്റെഡോർ തുറന്നകത്തുകയറുകയും ചെയ്തു. പ്രസാദാകട്ടെ ബാർ വിട്ടിറങ്ങി റോഡുമുറിച്ചുകടക്കുകയും അപ്പോൾ അസീസ് കാർകൊണ്ടുവന്നു നിറുത്തുകയും ചെയ്തു. പ്രസാദ് കാറിനകത്തിരിക്കുന്ന കുപ്പിചൂണ്ടി അതെടുക്കാൻ ആംഗ്യം കാണിച്ചു. അസീസ് കുപ്പിയെടുത്ത് പ്രസാദിനു കൊടുക്കുകയും അയാളത് വായിലേക്കൊഴിക്കുകയും പിന്നെ തിരിച്ച് കൊടുക്കുകയും ചെയ്തു. കാർ ശക്തിയായി ഇരപ്പിച്ചുകൊണ്ടും അതുവരെ കാണാ ത്തവിധത്തിൽ അസാധാരണമായി ചിരിച്ചുകൊണ്ടും അസീസ് പറഞ്ഞു: നമ്മൾ നിലമ്പൂരേക്കു പോകുന്നു.

"ഇല്ല. ഞാനിവിടെയൊരല്പമിരിക്കാൻ പോകുന്നു.' അല്പം കനപ്പിച്ച ശബ്ദത്തിൽ കടൽക്കരയിലേക്കു ചൂണ്ടി പറഞ്ഞുകൊണ്ട് പ്രസാദ് നടന്നുനീങ്ങി. - ഈ സമയം ഇരപ്പിച്ചുകൊണ്ടു നിന്ന കാറുമായി അസീസ് മുന്നോട്ടുനീങ്ങുന്നതും ബീച്ചിലേക്കു പ്രസാദ് വേച്ചുവേച്ചിറങ്ങുന്നതും അരണ്ട വെളിച്ചത്തിൽ കാണാമായിരുന്നു. ആ ഇരുട്ടിൽ കൽപ്പടവുകളിറങ്ങി മണലിൽ കാലുകൾ പൂഴ്ത്തി അയാൾ അല്പനേരം നിന്നു. ജീവിതത്തിൽ എന്നോ കെട്ടുപോയ പ്രകാശങ്ങൾ കടലിനും ആകാശത്തിനുമിടയിൽ എവിടൊക്കെയോ തേഞ്ഞുമാഞ്ഞുകിടന്നു. പ്രസാദ് മുന്നോട്ടു നടന്നു. “പരാജയം ഭക്ഷിക്കാനല്ല ഞാൻ.' ഒരു തിര വന്നടിച്ചപ്പോൾ തിരിച്ചടിച്ചുകൊണ്ട് അയാൾ പറഞ്ഞു. - ഇരുട്ടിൽ ഈ ഒഴിഞ്ഞ റോഡിലൂടെ അതിവേഗം കാറോടിക്കുമ്പോൾ എതിരെ ഒരു വണ്ടി വന്നിരുന്നെങ്കിൽ അതൊരു വൻസ്ഫോടനമാകുമായിരുന്നുവെന്ന് അസീസ് മനസ്സിലാക്കി. നിലമ്പൂരേക്കുള്ള ഈ യാത്രയിൽ തൊട്ടടുത്ത് പ്രസാദില്ലെന്നും അയാൾ ബീച്ചിലെവിടെയോ പിൻതിരിഞ്ഞു പോയി എന്നും ഒരു നിമിഷം പെട്ടെന്നോർത്തുകൊണ്ട് അസീസ് തിരികെപോകാനായി കാർ വെട്ടിത്തിരിച്ചു.

നേരം പരപരാ വെളുക്കുമ്പോൾ കോഴിക്കോട് കടപ്പുറത്ത് ഒരു മദ്ധ്യവയസ്കന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ഏകദേശം രണ്ടുമൂന്നു കിലോമീറ്റർ തെക്ക് ബേപ്പൂർ റോഡിൽ കലുങ്കിൽ ഇടിച്ചു മറിഞ്ഞു തകർന്ന നിലയിൽ ഒരു മാരുതി കാറ് അവശിഷ്ടങ്ങളായി കിടന്നിരുന്നു. അവിടെ തിരിച്ചറിയാനാകാത്തവിധം ഒരു മദ്ധ്യവയസ്കന്റെ മൃതശരീരവും കാണപ്പെട്ടു.Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image