ദൈവപ്പെടും മുമ്പെസീന ശ്രീവത്സന്‍
ദൈവപ്പെടും മുമ്പെ നിന്റെ ചൊടികളിൽ
എനിക്കൊന്നുമ്മവെക്കണം
ദ്വിഗന്തങ്ങളെ അമ്മാനമാടിയ
ചൂണ്ടുവിരലുകളിൽ നുള്ളണം
പ്രണയത്തീ കുടിപ്പിച്ച
കൺകോണുകളിലൂതിക്കളിക്കണം.
വിടർന്ന മാറും ശ്രീവത്സവും
കോറിച്ചുവപ്പിക്കണം
ശംഖും ചക്രവും കൈപ്പിടിയിലൊതുക്കണം
നിരായുധനായ നിന്നെ നോക്കി
വെളിപാടിന്റെ പുതുഗീതകളുണർത്തണം.
ദൈവപ്പെടും മുമ്പെ ഒരിക്കൽക്കൂടി
ഞാൻ വെറുമൊരു രാധയല്ലെന്ന്
അരവിന്ദലോചനാ
നിന്നോടുറക്കെ പറയണം.
കവിത:ദൈവപ്പെടും മുമ്പെ

Comments