പരാജയപ്പെടുന്ന  
              ജനതയാകരുത് നാം                സ്വരൂപാനന്ദന്‍

 '' നിന്റെ ശത്രുവിനെ അറിയുക,
                നിന്റെ നിറം അവന്‍ ശ്രദ്ധിക്കുന്നില്ല 
                                          നീ അവനു വേണ്ടി പണിയെടുക്കുന്നിടത്തോളം ,
                                       നീ എത്ര സമ്പാദിക്കുന്നുണ്ടെന്നും അവന്‍ ശ്രദ്ധിക്കുന്നില്ല 

                        നീ കൂടുതല്‍ സമ്പാദിക്കുന്നത് അവന് വേണ്ടിയായിരിക്കുന്നിടത്തോളം, 
                                           മുകളിലെ മുറിയില്‍ ആരാണ് താമസിക്കുന്നതെന്നതും അവന് പ്രശ്‌നമല്ല 

                                           കെട്ടിടം അവന്റെ സ്വന്തമായിരിക്കുന്നിടത്തോളം, 
                                           അവന്‍ മാനവരാശിയുടെ സ്തുതിഗീതങ്ങള്‍ പാടുന്നു,
                                           പക്‌ഷേ, മനുഷ്യരേക്കാള്‍ വില യന്ത്രങ്ങള്‍ക്കാണെന്ന് അവനറിയാം,

                                           അവനുമായി വില പേശുക, ചിരിച്ചുകൊണ്ട് അവന്‍ നിന്നെ മറികടക്കും, 

                                           അവനെ വെല്ലുവിളിക്കൂ
                                           അവന്‍ കൊല്ലും,

                                           സ്വന്തം സാമാജ്യം നഷ്ടപ്പെടുന്നതിനു മുമ്പ്
                                           അവന്‍ ലോകം നശിപ്പിക്കും. ''

            1968 ല്‍ ഇംഗ്‌ളീഷ് കവി   ക്രിസ്റ്റഫര്‍ ലോഗ് എഴുതിയ ഈ വരികള്‍ സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയെ അനുസ്മരിപ്പിക്കുന്നുണ്ടെങ്കില്‍ അത് യാദൃശ്ചികമല്ല.നവ ഫാസിസത്തിന്റെ അലയൊലികള്‍ക്കെതിരെ യൂറോപ്പിലും ലാറ്റിനമേരിക്കയിലും വിപ്ലവത്തിന്റെ തീനാമ്പുകള്‍ ജ്വലിക്കുന്നതിനിടെയാണ് ലോഗ് ഈ വാക്കുകള്‍ കുറിച്ചത്.വിയറ്റ്‌നാമില്‍ അമേരിക്ക നടത്തിയ അധിനിവേശവും ബൊളീവിയയില്‍ അമേരിക്കന്‍ പിണിയാളുകള്‍ ചെഗുവേരയെ വധിച്ചതും ലോകത്തെ നടുക്കിയ നാളുകളായിരുന്നു അത്. ഫാസിസം ആത്യന്തികമായി ചെയ്യുന്നത് മാനവികതയെ ഇല്ലാതാക്കലാണെന്ന തിരിച്ചറിവിലാണ് മര്‍ദ്ധിത ജനസമൂഹങ്ങള്‍ പോരാട്ടത്തിന്റെ പാതയിലേക്കിറങ്ങിയത്.

                 മതങ്ങളെക്കുറിച്ച് മാര്‍ക്‌സ് നടത്തിയ നിരീക്ഷണം ഫാസിസത്തിനും ബാധകമാണ്. ജനങ്ങളുടെ നിരാശയും തകര്‍ച്ചയും മുതലെടുത്തുകൊണ്ടാണ് ഫാസിസം പടരുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായ അഴിമതികളുടെ പരിസരത്തില്‍ സോണിയഗാന്ധിയുടെ വിദേശഉത്പത്തിയുമായി ബന്ധപ്പെടുത്തി സംഘപരിവാര്‍ വിദഗ്ദമായി നടപ്പാക്കിയ വര്‍ഗ്ഗീയ അജണ്ട പച്ചപിടിക്കാനുണ്ടായ കാരണം ഇന്ത്യന്‍ ജനതയുടെ സാമ്പത്തിക പിന്നാക്കാവസ്ഥ തന്നെയായിരുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലി എന്ന നിലയിലാണ് നരേന്ദ്രമോദി അവതരിപ്പിക്കപ്പെട്ടത്. ക്രോണി ക്യാപിറ്റലസത്തിന്റെ വിഷമത്രയും പേറുന്ന വികസനത്തിന്റെ ഗുജറാത്ത് മാതൃക  ഇന്ത്യയുടെ ഭാവിയായി ചിത്രീകരിക്കുന്നതില്‍ സംഘപരിവാര്‍ വിജയിച്ചു. ലാല്‍ കൃഷ്ണ അദ്വാനിയല്ല ഈ പട നയിക്കാന്‍ യോഗ്യനെന്ന് സംഘപരിവാര്‍ കൃത്യമായി തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. ഒരു പ്രതിസന്ധിയിലും പതറില്ലെന്ന പ്രതീതി ജനിപ്പിക്കുന്ന , സര്‍ദാര്‍ പട്ടേലിന്റെ വലതുപക്ഷപാതിത്വം അതിന്റെ സമസ്ത തീവ്രതയിലും സ്വാംശീകരിക്കാനും നടപ്പാക്കാനും കഴിയുന്ന , ഗാന്ധിജിയും നെഹ്രുവും കെട്ടിയുയര്‍ത്തിയ ഇന്ത്യന്‍ മതേതരത്വത്തിനെ എല്ലാ വിധത്തിലും വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു നേതാവിനെയായിരുന്നു സംഘപരിവാറിന് വേണ്ടിയിരുന്നത്. നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന ഗുജറാത്തുകാരനില്‍ അവര്‍ അത്തരമൊരാളെ കണ്ടെത്തി.

                                      2002 ല്‍ ഗുജറാത്ത് കലാപത്തിന്റെ അകമ്പടിയോടെയാണ് മോദി നിയമസഭാ തിരഞ്ഞെടുപ്പിനെ ആദ്യമായി നേരിട്ടത്. '' വിഷം നിറച്ച ഈ പാനപാത്രം തിരസ്‌കരിക്കുക'' എന്ന തലക്കെട്ടിലാണ് വോട്ടെടുപ്പ് ദിനത്തിലെ ഹിന്ദു പത്രത്തില്‍ അന്ന് എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന മാലിനി പാര്‍ത്ഥസാരഥി ലേഖനമെഴുതിയത്. ഗുജറാത്ത് പക്ഷേ, ആ പാനപാത്രം സ്വീകരിച്ചു. ഒരു വ്യാഴവട്ടത്തിനപ്പുറം ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന നേതാവായി മോദി വളരുകയും ചെയ്തു. ഈ പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതിനും അതിലെ പാനീയം സന്തോഷപൂര്‍വ്വം മറ്റുള്ളവര്‍ക്ക് പകരുന്നതിനും മടിയേതുമില്ലാത്ത തലത്തിലേക്ക് ഇന്ത്യയിലെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ പരിണമിക്കുന്ന കാഴ്ച ദയനീയമായിരുന്നു. 


          1999 ല്‍ അധികാരത്തില്‍ വന്ന വാജ്‌പേയി മന്ത്രിസഭയ്ക്ക് പരിമിതികളുണ്ടായിരുന്നു. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ആര്‍ എസ് എസിന് സ്വന്തം അജണ്ടകള്‍ നടപ്പാക്കുക എളുപ്പമായിരുന്നില്ല. മിതവാദി എന്ന പ്രതിച്ഛായ നിലനിര്‍ത്തണമെന്ന വാജ്‌പേയിയുടെ ആഗ്രഹവും സംഘപരിവാറിന് തിരിച്ചടിയായി. 2002ലെ കലാപത്തിന്റെ പേരില്‍ മോദി ഗുജറാത്തിലെ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് വാജ്‌പേയി പാര്‍ട്ടിക്കുള്ളില്‍ ആവശ്യപ്പെട്ടിരുന്നു. കലാപത്തിന് പിന്നാലെ ഗോവയില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ മോദി രാജി പ്രഖ്യാപിക്കണമെന്ന നിലപാടായിരുന്നു വാജ്‌പേയിയുടേത്. പക്‌ഷേ, എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ ആര്‍ എസ് എസ് ഈ നീക്കം വിദഗ്ദമായി തടഞ്ഞു. ഗോവയില്‍ മോദിയുടെ രാജി പ്രഖ്യാപനമുണ്ടായില്ല. പിന്നീടങ്ങോട്ട് മോദിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിന്തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

          1999 ല്‍ സാധിക്കാന്‍ കഴിയാതിരുന്നത് 2014 ല്‍ നേടിയെടുക്കാന്‍ സംഘപരിവാറിന് കഴിഞ്ഞു. ലോക്‌സഭയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം എന്ന അജണ്ട സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതോടെ ആര്‍ എസ് എസ് അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കെത്തുന്നതിനുള്ള കരുനീക്കങ്ങള്‍ തുടങ്ങുകയും ചെയ്തു. ഇക്കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ പോലെ സംഘപരിവാര്‍ അധികാരം രുചിച്ച മറ്റൊരു കാലം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. അധികാരം പോലെ മറ്റൊരു ലഹരിയില്ല. അതുകൊണ്ടുതന്നെ ഈ ലഹരി വേണ്ടെന്നുവെയ്ക്കാന്‍ സംഘപരിവാറിനാവുകയില്ല.  മതേതര , സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി ഇന്ത്യ തുടരുന്നത് പോലെ ആര്‍ എസ് എസ്സിനെ അലോസരപ്പെടുത്തുന്ന മറ്റൊന്നില്ല. 1948 ല്‍ ഗാന്ധിജിയുടെ വധമാണ്  ഇന്ത്യയെ  ഒരു മതരാഷ്ട്രമാകുന്നതില്‍   നിന്ന് തടഞ്ഞതെന്ന് രാമചന്ദ്ര ഗുഹയെപ്പോലുള്ളവര്‍ നിരീക്ഷിക്കുന്നുണ്ട്. ഗാന്ധിജിയുടെ വധം ഇന്ത്യന്‍ ജനതയെ ഞെട്ടിച്ചു. മത തീവ്രവാദികളുടെ കൈപ്പിടിയിലേക്ക് രാജ്യം എത്തിപ്പെട്ടാല്‍ എന്തായിരിക്കും ഫലമെന്ന് ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞതാണ് ജനാധിപത്യത്തിന് തുണയായത്. 1948 ല്‍ നിന്നും 2002 ലേക്കുള്ള യാത്രയ്ക്കിടയില്‍ സംഘപരിവാര്‍ പക്‌ഷേ, ഗൃഹപാഠം കൃത്യമായി ചെയ്തു. ഇന്ത്യ തങ്ങള്‍ക്ക് ഒസ്യത്തായി കിട്ടിയതാണെന്ന് ധരിച്ചുവശായ നെഹ്രുകുടുംബത്തിന്റെ ചെയ്തികള്‍ ഈ യാത്രയില്‍ സംഘപരിവാറിന് വീണുകിട്ടിയ മൂലധനമായിരുന്നു. ബിജെപിയുടെ മാതൃസംഘടനയായ ജനസംഘിന് ഇന്ത്യന്‍ ജനസമൂഹത്തില്‍ വേര് പടര്‍ത്തുന്നതിന് വളക്കൂറുള്ള മണ്ണൊരുക്കിയത് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയായിരുന്നു എന്നത് വിസ്മരിക്കാനാവില്ല. ഇന്നിപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയപാര്‍ട്ടിയായി ബിജെപി വളര്‍ന്നിട്ടുണ്ടെങ്കില്‍ അതില്‍ ജയപ്രകാശ് നാരായണ്‍ എന്ന സോഷ്യലിസ്റ്റിനോടും ആ പാര്‍ട്ടിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. അടിയന്തരവാസ്ഥയ്‌ക്കെതിരായ ജനമുന്നേറ്റത്തില്‍ ജനസംഘിനെക്കൂടി ഉള്‍ച്ചേര്‍ക്കാന്‍ ജെപി എടുത്ത തീരുമാനമാണ് ആ തീവ്ര വലതുപക്ഷ സംഘടനയ്ക്ക് അനിവാര്യമായിരുന്ന ജീവവായു നല്‍കിയത്.

                             ഇന്ത്യന്‍ ബഹുസ്വരത ഇതുപോലെ വെല്ലുവിളിക്കപ്പെട്ട ഒരു കാലം വേറെയുണ്ടായിട്ടില്ല. അടിയന്തരാവസ്ഥയുടെ പാപക്കറയില്‍ നിന്ന് കോണ്‍ഗ്രസിനെയോ ഇന്ദിരയേയോ കഴുകിയെടുക്കാന്‍ ഒരു സുഗന്ധദ്രവ്യത്തിനും കഴിയില്ല. പക്‌ഷേ, ആ കറുത്ത നാളുകളിലും ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും നിരാകരിക്കാന്‍ ഇന്ദിര തയ്യാറായിരുന്നില്ല.ഭിന്ദ്രന്‍വാലയെ ഇല്ലാതാക്കാന്‍  സുവര്‍ണ്ണകേ്ഷത്രത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനു ശേഷവും സ്വന്തം സുരക്ഷാവലയത്തില്‍ നിന്ന് സിഖ്‌വംശജരെ ഒഴിവാക്കാന്‍ ഇന്ദിര വിസമ്മതിച്ചു. ഇക്കഴിഞ്ഞ യു പി തിരഞ്ഞെടുപ്പില്‍ മുസ്‌ലിം സമുദായത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാതിരുന്ന ബിജെപിയുടെ നിലപാടുമായി ഇന്ദിരയുടെ സമീപനം തുലനം ചെയ്യാതിരിക്കാനാവില്ല. ഉത്തര്‍പ്രദേശില്‍ 19 ശതമാനം മുസ്ലീങ്ങളുണ്ടെന്നാണ് കണക്ക്. ഈ ജനവിഭാഗത്തിന് ഭരണനിര്‍വ്വഹണത്തില്‍ ഒരു പ്രാതിനിധ്യവും വേണ്ടെന്ന് ബിജെപി അസന്ദിഗ്ദമായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യന്‍ ബഹുസ്വരതയെ ഇത്രയും നിഷ്ഠൂരമായി വെല്ലുവിളിക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നത്  ജനാധിപത്യ വിശ്വാസികള്‍ ഞെട്ടലോടെയാണ് കണ്ടത്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ യോഗി ആദിത്യനാഥ് എന്ന തങ്ങളുടെ കറകളഞ്ഞ പ്രവര്‍ത്തകനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടു വരുന്നതിന് ആര്‍ എസ് എസ്സിനായി. ആത്യന്തികമായി അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണമായിരിക്കും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇറക്കിയേക്കാവുന്ന തുറുപ്പ് ചീട്ട് എന്ന സാദ്ധ്യതയിലേക്കാണ് യോഗിയുടെ മുഖ്യമന്ത്രിസ്ഥാനം വിരല്‍ ചൂണ്ടുന്നത്. 

                                                         ഏകാധിപത്യമാണ് ഫാസിസം ആവശ്യപ്പെടുന്ന പരിസരം. അവിടെ ഒരു നേതാവു മാത്രമേയുണ്ടായിരിക്കുകയുള്ളൂ. വിമര്‍ശനങ്ങള്‍ അലര്‍ജിയായ നേതാവ് സ്വന്തം അജണ്ട നടപ്പാക്കാന്‍ നിഷ്ഠൂര മാര്‍ഗ്ഗങ്ങളിലേക്ക് തിരിയും. ജനങ്ങളെ ഞെട്ടിപ്പിച്ചും ഭയപ്പെടുത്തിയും വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കും. 2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം ഈ വഴിയിലുള്ള നടപടിയായിരുന്നു. തീര്‍ത്തും ഏകാധിപത്യപരമായ നടപടിയായിരുന്നു ഇതെന്നാണ് അമര്‍ത്യാസെന്നിനെപ്പോലുള്ള ഒരു സാമ്പത്തികശാസ്ത്രജ്ഞന്‍ വിശേഷിപ്പിച്ചത്. സ്വന്തം ധനകാര്യമന്ത്രിയേയോ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറേയോ വിശ്വാസത്തിലെടുക്കാതെയാണ് ഈ കടുത്ത നടപടിയുമായി മോദി മുന്നോട്ട് പോയതെന്നും വിമര്‍ശമുയര്‍ന്നു. രാത്രിക്ക് രാത്രി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുത്തഴിയുന്നതകണ്ട് ലോകം അമ്പരന്നു. ഇതിനു പിന്നാലെയാണ് ചരക്ക് സേവന നികുതിയെന്ന ജി എസ് ടി എത്തിയത്. ഈ പുതിയ നികുതി സമ്പ്രദായവും തീര്‍ത്തും അശാസ്ത്രീയമായാണ്  നടപ്പാക്കിയതെന്ന ആരോപണം യുക്തിഭദ്രമായി നേരിടാന്‍ മോദി സര്‍ക്കാരിനായിട്ടില്ല.

                                                                  വല്ലാത്തൊരു ഭീതി ഇന്ത്യയെ ഗ്രസിച്ചിരിക്കുകയാണെന്നാണ് അടുത്തിടെ മുന്‍ ബംഗാള്‍ ഗവര്‍ണ്ണര്‍ ഗോപാല്‍കൃഷ്ണഗാന്ധി ചൂണ്ടിക്കാട്ടിയത്. സമൂഹത്തില്‍ ഭീതി പടരുന്നത് നമുക്ക് തൊട്ടറിയാം. നരേന്ദ്ര ധബോല്‍ക്കര്‍  ( 2013 ) , ഗോവിന്ദ് പന്‍സാരെ ( 2015 ) , എം എം കല്‍ബുര്‍ഗി ( 2015 ), ഗൗരിലങ്കേഷ് ( 2017 ) എന്നിവരുടെ കൊലപാതകങ്ങള്‍ ഈ ഭീതി വളര്‍ത്തി. വിയോജിപ്പിന് അവസരമുണ്ടെന്നതാണ് ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത്. '' എന്നെ എതിര്‍ക്കാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി കൊലമരത്തിലേക്ക് പോവാന്‍ ഞാന്‍ തയ്യാറാണ് '' എന്ന ഫ്രഞ്ച്   ചിന്തകന്‍ വോള്‍ട്ടയറുടെ വചനത്തിനപ്പുറത്ത് ജനാധിപത്യത്തിന് വേറൊരു നിര്‍വ്വചനമില്ല. ഈ പരിസരമാണ് സമകാലിക ഇന്ത്യയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് ഇപ്പോഴും വിമര്‍ശിക്കാന്‍ കഴിയുന്നില്ലേയെന്നും ഇപ്പോഴും വിയോജിപ്പിന്റെ രേഖപ്പെടുത്തലുകള്‍ ഉള്ള പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ കഴിയുന്നില്ലേയെന്നുമുള്ള ചോദ്യങ്ങള്‍ മറുപക്ഷത്തു നിന്നും ഉയരുന്നുണ്ട്. അന്തരീക്ഷം മലിനമാണ് . പക്‌ഷേ, നമ്മള്‍ ഇപ്പോഴും ശ്വസിക്കുന്നുണ്ട്. നമ്മള്‍ ജീവവായു തേടുന്നുണ്ടെന്നതും നമുക്കത് ലഭിക്കുന്നുണ്ടെന്നതും അന്തരീക്ഷം മലിനമല്ല എന്ന് തെളിയിക്കുന്നില്ലെന്ന വ്യക്തമായ ഉത്തരമാണ് ഗോപാല്‍കൃഷ്ണഗാന്ധി ഇതിന് നല്‍കുന്നത്. വാസ്തവത്തില്‍ 1948 ല്‍ ഗാന്ധി വധത്തില്‍ നിന്നും തുടങ്ങിയ പ്രക്രിയയാണിത്. എതിരാളിയെ ശാരീരികമായി ഇല്ലാതാക്കുകയാണ് ഏറ്റവും മികച്ച പ്രതിരോധം എന്ന ഫാസിസ്റ്റ് നയത്തിന്റെ പ്രയോഗമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

                                       2002 ലെ ഗുജറാത്ത് കലാപം പ്രമേയമാക്കിയ രാഹുല്‍ ഥൊലാക്കിയയുടെ പര്‍സാനിയ എന്ന സിനിമ നാളിതുവരെ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. ആസ്വാദകര്‍ക്കു മുന്നിലെത്തും മുന്‍പ് സെന്‍സറിങ് നടക്കുന്ന ഒരേയൊരു കലയാണ് സിനിമ എന്നിരിക്കെയാണ് ഈ വൈപരീത്യം. തമിഴില്‍ അടുത്തിടെ പുറത്തിറങ്ങിയ മെര്‍സല്‍ എന്ന സിനിമയില്‍ വിജയിന്റെ നായക കഥാപാത്രം ജി എസ് ടി യെ ചോദ്യം ചെയ്തത് തികഞ്ഞ അസഹിഷ്ണുതയോടെയാണ് ബിജെപി നേരിട്ടത്. ഈ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെടാന്‍ ആ പാര്‍ട്ടിയുടെ നേതൃത്വത്തിന് ഒരു മടിയുമുണ്ടായില്ല. വിജയിന്റെ പൂര്‍ണ്ണമായ പേര് ജോസഫ് വിജയ് ആണെന്ന് കണ്ടെത്തിക്കൊണ്ടാണ് ബിജെപിയുടെ ദേശീയ സെക്രട്ടറി എച് രാജ  മെര്‍സലിനെതിരെയുള്ള പടയൊരുക്കം കൊഴുപ്പിച്ചത്. ഭരണകൂടത്തെ വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നയാളുടെ ജാതിയും മതവും ഉയര്‍ത്തിക്കാട്ടുകയെന്നത് ഫാസിസം എക്കാലത്തും പരീക്ഷിച്ചിട്ടുള്ള തന്ത്രമാണ്. 

                                                          ഈ നീക്കങ്ങള്‍ വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ് ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്നത്. തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വെളിപ്പെടുത്തല്‍ ശ്രദ്ധേയമായിരുന്നു. പെരുമാള്‍ മുരുകന്റെ ' മാതൊറു ഭാഗന്‍ ' എന്ന നോവലിനെതിരെ വന്‍ ആക്രമണമാണ് തമിഴ്‌നാട്ടിലെ ജാതി സംഘടനകള്‍ നടത്തിയത്. നാമക്കല്‍ എന്ന സ്വദേശം വിട്ട് ചെന്നൈയിലേക്ക് താമസം മാറ്റേണ്ടി വന്ന പെരുമാള്‍ മുരുകന് അവസാനം തുണയായത് മദ്രാസ് ഹൈക്കോടതിയാണ്. എഴുത്ത് ജീവിതം അവസാനിപ്പിച്ച മുരുകനോട് വീണ്ടും എഴുതണമെന്നും എഴുത്തുകാരനേയും കലാകാരനേയും സംരക്ഷിക്കേണ്ട കടമയും ഉത്തരവാദിത്വവും ഭരണകൂടത്തിനുണ്ടെന്നും വിധിയെഴുതിയ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ഓര്‍മ്മിപ്പിച്ചു. ഈ വിധിയെത്തുടര്‍ന്നാണ് പെരുമാള്‍ മുരുകന്‍ എഴുത്തിലേക്ക് തിരിച്ചുവന്നത്. പക്‌ഷേ, ഇപ്പോള്‍ എന്തെഴുതുമ്പോഴും ഒരു പ്രീ സെന്‍സറിങ് താനറിയാതെ തന്നെ തന്റെ ഉള്ളില്‍ നടക്കുന്നുണ്ടെന്നാണ് പെരുമാള്‍ മുരുകന്‍ പറഞ്ഞത്. ഇത് വല്ലാത്തൊരു അവസ്ഥയാണ്. എഴുതുന്നത് ആര്‍ക്കെങ്കിലും അലോസരമാവുമോ എന്ന ചിന്ത മനസ്സിലുടലെടുത്താല്‍ തീര്‍ച്ചയായും അത് ഉള്ളടക്കത്തെ ബാധിക്കും.  പ്രതിലോമശക്തികള്‍ക്ക് ഇഷ്ടപ്പെട്ടേക്കില്ലെന്ന തോന്നലില്‍ നമ്മള്‍ ഒഴിവാക്കിയേക്കാവുന്ന ഓരോ വാക്കും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ബലിത്തറയിലാണ് പിടഞ്ഞുമരിക്കുന്നത്. ഈ ഭയം സമര്‍ത്ഥമായി സൃഷ്ടിക്കുന്നതിനും ജനസമൂഹങ്ങളെ അതിന്റെ നിഴലിലാഴ്ത്തുന്നതിനും കഴിയുന്നിടത്താണ് ഫാസിസം വിജയിച്ചു തുടങ്ങുന്നത്.

                                  ആത്മഗതങ്ങളില്‍ അഭിരമിക്കുന്ന നേതാവാണ് നരേന്ദ്രമോദി. രണ്ടു പേര്‍ ചേര്‍ന്നുള്ള ഭാഷണങ്ങളില്‍ , സംവാദങ്ങളില്‍ മോദിക്ക് താല്‍പര്യമില്ല. അഖിലേന്ത്യാ റേഡിയോയിലൂടെയുള്ള മന്‍കീബാത്ത് എന്ന പ്രഭാഷണമാണ് മോദിക്കും ഇന്ത്യന്‍ ജനതയ്ക്കുമിടയിലുള്ള പതിവ് ആശയവിനിമയ പാലം. അധികാരമേറ്റ് നാല്  വര്‍ഷം കഴിഞ്ഞെങ്കിലും ഇതിനിടയില്‍ ഒരിക്കല്‍പോലും ഒരു പത്രസമ്മേളനം പോലും മോദി വിളിച്ചിട്ടില്ല. ഒരു പക്‌ഷേ, ഒരു മാദ്ധ്യമ സമ്മേളനം പോലും അഭിസംബോധന ചെയ്യാതിരുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന ' ബഹുമതി ' ആയിരിക്കണം മോദി ലക്ഷ്യമിടുന്നത്. ചോദ്യങ്ങള്‍ തീര്‍്ച്ചയായും മോദി ഭയപ്പെടുന്നുണ്ട്. എവിടെവെച്ചും ഏതുനിമിഷത്തിലും ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ചോദിച്ചേക്കാമെന്ന് അദ്ദേഹം പേടിക്കുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിനു ശേഷമാണ് മോദി ഈ പേടിക്കടിപ്പെട്ടത്. ആയിരക്കണക്കിന് ജനങ്ങളുടെ നിലവിളിയില്‍ നിന്ന് ഓടിയൊളിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണിത്. 

                                                ഒരാള്‍ മാത്രം സംസാരിക്കുകയും മറ്റുള്ളവര്‍ കേള്‍വിക്കാരാവുകയും ചെയ്യുന്നത് ജനാധിപത്യമല്ല.തുറന്ന സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ ആത്മാവ്.  സാമൂഹികമാദ്ധ്യമങ്ങളുടെ വളര്‍ച്ച ബലിഷ്ഠമാക്കിയത് ജനാധിപത്യത്തിന്റെ ഈ അടിത്തറയാണ്. പക്‌ഷേ, ബഹുസ്വരമായ ഇന്ത്യയെ കാണാതിരിക്കുകയും ഏകീകൃത ഇന്ത്യയെന്ന പ്രതിലോമപരതയില്‍ അഭിരമിക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യം നാനാവിധമാവുന്നു. ഏകീകൃത സിവില്‍ നിയമം  നടപ്പാക്കുന്നതിലൂടെ ഏകീകൃത ഇന്ത്യ സൂഷ്ടിക്കാനാവുമെന്നാണ് ബിജെപി ധരിച്ചിരിക്കുന്നത്. ഇന്ത്യയുടെ സുന്ദരവും സുരഭിലവുമായ ബഹുസ്വരത ബിജെപിയെ എന്നും അലോസരപ്പെടുത്തി യിട്ടേയുള്ളൂ. ജമ്മുകാശ്മീരിന്റെ സ്വയം നിര്‍ണ്ണയാവകാശവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഭരണഘടനയുടെ 370 ാം വകുപ്പിന്റെ പുനഃപരിശോധനയും അയോദ്ധ്യയിലെ രാമകേ്ഷത്ര നിര്‍മ്മാണവുമാണ് ഈ ദിശയില്‍ ബിജെപി ലക്ഷ്യമിടുന്ന മറ്റ് രണ്ട് നിര്‍ണ്ണായക കാര്യങ്ങള്‍. 

 
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്.   തങ്ങളുടെ പ്രഖ്യാപിത അജണ്ട നടപ്പാക്കുന്നതിന് ഇതനിവാര്യമാണെന്ന് അവര്‍ക്കറിയാം. ഭൂരിപക്ഷ വര്‍ഗ്ഗീയത ആളിക്കത്തിച്ച് ഈ ലക്ഷ്യം കൈവരിക്കുകയാണ് ബിജെപിയുടെ പദ്ധതി. പശു സംരക്ഷണവും താജ്മഹലിനെതിരെയുള്ള ആക്രമണവും ഈ ലക്ഷ്യത്തിനുള്ള മാര്‍ഗ്ഗങ്ങളായാണ് സംഘപരിവാര്‍ കാണുന്നത്. ഈ യുദ്ധ സന്നാഹത്തില്‍ സംഘപരിവാര്‍ നേരിടുന്ന വലിയൊരു വെല്ലുവിളി ദളിത് സമൂഹത്തില്‍ നിന്നാണ്. അതിശക്തമായൊരു ദളിത് മുന്നേറ്റം ഇന്നിപ്പോള്‍ ഇന്ത്യയിലുണ്ട്. '' എന്റെ ജന്മമാണ് എന്റെ മാരകമായ വിപത്ത്  ''     എന്ന രോഹിത്‌വെമുലയുടെ ആത്മഹത്യാക്കുറിപ്പിന്റെ പരിസരത്തിലാണ് ഈ മുന്നേറ്റം വിശകലനം ചെയ്യപ്പെടേണ്ടത്. ഗുജറാത്തില്‍ പശുഭീകരതയ്‌ക്കെതിരെ ദളിതര്‍ നടത്തിയ ചെറുത്തു നില്‍പ് ശ്രദ്ധേയമായിരുന്നു. ഫാസിസത്തിനും ഹിന്ദുത്വയ്ക്കുമിടയിലുള്ള അന്തര്‍ധാരയെക്കുറിച്ച് ദളിത് എഴുത്തുകാരായ കാഞ്ച എലയ്യയും ശരണ്‍കുമാര്‍ ലിംബാളെയുമൊക്കെ നടത്തുന്ന നിരീക്ഷണങ്ങള്‍ ഈ പരിസരത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. ഉത്തരേന്ത്യന്‍ അധീശത്വത്തിനെതിരെയുള്ള ദക്ഷിണേന്ത്യന്‍ ചെറുത്തു നില്‍പും ഈ കാലഘട്ടത്തെയും ചരിത്രത്തെയും അടയാളപ്പെടുത്തുന്നുണ്ട്. ദക്ഷിണേന്ത്യ ഏതു വിധേനയും പിടിക്കണമെന്ന ബിജെപിയുടെ ആഗ്രഹത്തിന് വിഘാതമാവുന്നത് ദക്ഷിണേന്ത്യന്‍ ജനതയുടെ തനത് സാംസ്‌കാരിക ഈടുവെയ്പുകളാണ്. 

                                                           അന്തരീക്ഷം തീര്‍ച്ചയായും കാര്‍മേഘാവൃതമാണ്  ( സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി പോലുള്ള രജതരേഖകള്‍ തീര്‍ച്ചയായും കാണാതിരിക്കുന്നില്ല)  . ഫാസിസത്തിന്റെ കരിനിഴലുകള്‍ ഇന്ത്യയ്ക്ക് മേലെയുണ്ട്. പക്‌ഷേ, നിരാശയല്ല , തികഞ്ഞ ശുഭാപ്തിവിശ്വാസം തന്നെയാണ് നമ്മളെ നയിക്കേണ്ടത്. വിഭജനവും ഗാന്ധിജിയുടെ വധവും അടിയന്തരാവസ്ഥയും അതിജീവിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിനായിട്ടുണ്ട്. പ്രതിസന്ധികളുടെ ഈ കടുത്ത നിമിഷങ്ങളില്‍ തളരാന്‍ നമുക്കാവില്ല. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും തീര്‍ച്ചയായും പ്രത്യാശയുടെ വെള്ളിവെളിച്ചം പേറുന്നുണ്ട്. അടിയന്തരാവസ്ഥയെ ചെറുത്തുതോല്‍പിച്ചത് ഉത്തരേന്ത്യയിലെ നിരക്ഷരരായ സാധാരണക്കാരായിരുന്നു. ഇക്കുറിയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷ ഉത്തരേന്ത്യന്‍ ജനസമൂഹത്തില്‍ തന്നെയാണ്.

  1960 കളില്‍ ബൊളീവിയന്‍ കാടുകളില്‍ കഴിയുകയായിരുന്ന ചെഗുവേരയോട് ഒരമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ സാധാരണ ജനങ്ങള്‍ക്ക് എന്തു വിപ്ലവ പ്രവര്‍ത്തനമാണ് നടത്തനാവുകയെന്ന് ചോദിച്ചു. ചെയുടെ മറുപടി ഇതായിരുന്നു. '' നിങ്ങള്‍ ഒരു വ്യാളിയുടെ വയറ്റിലാണ്. പക്‌ഷേ, നിങ്ങള്‍ക്ക് ഉള്ളില്‍ കിടന്ന് അതിനെ തൊഴിക്കാന്‍ കഴിയും.  പ്രഹരിക്കണമോയെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ''  സാധാരണ ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ നമ്മള്‍ നടത്തുന്ന ഓരോ ചെറുത്തുനില്‍പും പ്രസക്തമാണെന്നു തന്നെയാണ് ചെ വിവക്ഷിക്കുന്നത്.   
                                                   

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image