ico-c-KmÔn


ഡോ.പി എം ഗിരീഷ്


ആമുഖം


തീവ്രഹിന്ദുത്വവാദികളും  തീവ്രസ്ത്രീവാദികളും ദലിത് വാദികളും വ്യത്യസ്ത വീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഗാന്ധിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി വിചാരണചെയ്യുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ 'ഗാന്ധീശരീര'-ത്തിന്റെ സമകാലികപ്രസക്തി, ജ്ഞാനമാതൃകയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.



ജ്ഞാനമാതൃക

നാം സ്വയത്തമാക്കിയ അറിവ് മസ്തിഷ്‌കത്തില്‍ സൂക്ഷിച്ചുവെയ്ക്കുന്നത് രേഖാരൂപങ്ങളുടെ അഥവാ ജ്ഞാനബിംബവ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്. 'നോളേജ് -സ്‌കീം' എന്ന് ധൈഷണികമനശ്ശാസ്ത്രം ഇതിനെ വിശേഷിപ്പിക്കുന്നു. ഇത്തരം രേഖാരൂപങ്ങളെ ആവിഷ്‌കരിക്കുന്നതിനുള്ള ഉപാധിയാണ് ഫ്രെയിം അഥവാ ജ്ഞാനമാതൃക. ബിംബങ്ങളുടെ ധൈഷണികസംരചനയായ ജ്ഞാനമാതൃക അറിവ് രൂപപ്പെടുത്തുന്ന ചട്ടക്കൂടാണ്. ഉദാഹരണത്തിന് അധ്യാപകര്‍, വിദ്യാര്‍ഥികള്‍, അധ്യാപനം, പാഠപുസ്തകം, പെന്‍, പെന്‍സില്‍, ബെഞ്ച്, ഡസ്‌ക്, ചോക്ക് എന്നിങ്ങനെ പല ഘടകങ്ങള്‍ ചേര്‍ന്നാണ് 'ക്ലാസ്സ്മുറി' എന്ന ജ്ഞാനമാതൃക രൂപപ്പെടുന്നത്.


ജ്ഞാനമാതൃക വ്യക്തികളുടെ സങ്കല്പനത്തിന് അനുസരിച്ച് മാറുകയും ചെയ്യും. ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ജ്ഞാനമാതൃകയ്ക്ക് അനുസൃതമായി സാമാന്യബോധം രൂപപ്പെടുന്നു. മതം, രാഷ്ടീയം ഇവയ്ക്കനുസരിച്ച് വ്യക്തിമനോഭാവങ്ങള്‍ മാറുന്നത് ഉദാഹരണം. ഒരു ജ്ഞാനമാതൃകയുടെ ആവര്‍ത്തിച്ചുള്ള പ്രയോഗം അതിനെ ഉറപ്പിക്കുന്നു. അതിനാല്‍ വിശ്വാസങ്ങള്‍ മാറ്റിമറിക്കുന്ന ജ്ഞാനമാതൃകയെ പലരും ഭയക്കുന്നു. ഉദാഹരണം: 1926-ല്‍ ജൂലൈ 24ന് ഗുജറാത്തിലെ നാഷണല്‍ കോളെജിലെ വിദ്യാര്‍ഥികള്‍ക്കായി ഗാന്ധി പുതിയനിയമം വായിച്ചു. അതേക്കുറിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ ഗാന്ധിജിയോട് ഇങ്ങനെ ചോദിച്ചു, 'ഗുജറാത്ത് നാഷണല്‍ കോളെജിലെ വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ ബൈബിള്‍ വായിച്ചത് എന്തുകൊണ്ടൊണെന്ന് അങ്ങ് ദയവായി പറയാമോ? നമ്മുടെ പുരാണങ്ങളിലൊന്നും ഗുണകരമായി ഒന്നുമില്ലേ? അങ്ങയ്ക്ക് ബൈബിളിനെക്കാളും കുറഞ്ഞതാണോ ഗീത? കടുത്ത സനാതനഹിന്ദുവാണെന്ന് പറഞ്ഞ് അങ്ങയ്ക്ക് ഒരിക്കലും മതിയായിട്ടില്ലേ? താങ്കള്‍ ഇപ്പോള്‍ രഹസ്യമായി ക്രിസ്ത്യാനിയായി മാറിക്കഴിഞ്ഞോ? ബൈബിള്‍ വായിച്ചതുകൊണ്ടു ഒരു മനുഷ്യന്‍ ക്രിസ്ത്യാനിയായി മാറുന്നില്ലെന്ന് താങ്കള്‍ക്കു പറയാം. പക്ഷേ, ആണ്‍കുട്ടികള്‍ക്കു മുന്നില്‍ ബൈബിള്‍ വായിക്കുന്നത് അവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്താനുള്ള മാര്‍ഗമല്ലേ? ബൈബിള്‍ വായന ഏശാതെ തുടരാന്‍ കുട്ടികള്‍ക്കാവുമോ?'


ഹിന്ദുമതവിശ്വാസത്തിന്റെ ജ്ഞാനമാതൃക മസ്തിഷ്‌കത്തില്‍ ഉറച്ചുപോയ പാരമ്പര്യഹിന്ദുവായ ഒരാളുടെ ഭയപ്പാടാണിത്. തുടര്‍ച്ചയായി ബൈബിള്‍വായിച്ചാല്‍ ഹിന്ദുക്കുട്ടികളില്‍ ഉറച്ചുപോയ ഹിന്ദുമതവിശ്വാസജ്ഞാനമാതൃക  മാറി, പകരം ക്രിസ്തുമതത്തിന്റെ ജ്ഞാനമാതൃക പ്രതിഷ്ഠിതമാകാനുള്ള സാധ്യതയുണ്ടണ്ട് . ഉറച്ചുപോയ ജ്ഞാനമാതൃകയെ പറിച്ചെറിയാന്‍ ദുസ്സാധ്യമാണെങ്കിലും അങ്ങനെ സംഭവിച്ചുകൂടായെന്നില്ല എന്നുതന്നെയാണ് സമകാലിക മസ്തിഷ്‌കപഠനം വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് മറ്റ് രാഷ്ടീയപാര്‍ട്ടികളുടെ ആശയങ്ങളും പ്രത്യയശാസ്ത്രപദങ്ങളും സ്വന്തംപാര്‍ട്ടിക്കാര്‍ക്കിടയിലും നിഷ്പക്ഷമതികളുടെയിടയിലും ആവര്‍ത്തിച്ച് ഉപയോഗിക്കരുതെന്ന് പറയുന്നത്.


മസ്തിഷ്‌കത്തില്‍ മുമ്പേതന്നെ നിലനില്‍ക്കുന്ന ജ്ഞാനമാതൃക ഒരു സുപ്രഭാതത്തില്‍ മാറുകയില്ല. മറ്റൊരു ജ്ഞാനമാതൃകയുടെ ആവര്‍ത്തിച്ചുള്ള പ്രയോഗം അതിനെ സ്ഥിരപ്പെടുത്താനാണ് ഇടനല്‍കുന്നത്. ഒരു സങ്കീര്‍ണമായ വസ്തുതയേയോ സത്യത്തേയോ ആവിഷ്‌കരിക്കണമെങ്കില്‍, ഒരാള്‍ ശരിയായ പദങ്ങള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം. എങ്കില്‍മാത്രമേ ശരിയായ ജ്ഞാനമാതൃക ഉണരുകയുള്ളൂ. കേള്‍വിക്കാരില്‍ ഇത്തരം ജ്ഞാനമാതൃകകള്‍ ഇല്ലെങ്കില്‍ വളരെയധികം സൂക്ഷിച്ച് അത്തരം ജ്ഞാനമാതൃകകള്‍ ഉണ്ടാക്കിയെടുക്കാനായി ശ്രമിക്കണം. സമര്‍ഥരായ മതപ്രചാരകരും രാഷ്ട്രീയക്കാരും ഇക്കാര്യത്തില്‍ സജീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.


ഉടല്‍ ഉരുവപ്പെടുത്തുന്ന ജ്ഞാനമാതൃക


ഉടല്‍ ധാരാളം ജ്ഞാനമാതൃകകള്‍ ഉണര്‍ത്തുന്നുണ്ട. ആര്‍ദ്രമായ നയനങ്ങള്‍, വിശാലമായ നെറ്റിത്തടം, കുറുകിയ കണ്ണുകള്‍, വിടര്‍ന്ന ചെവി, നിറഞ്ഞ പുഞ്ചിരി, കുറുതായി കറുത്ത ദേഹം, നീണ്ടുണ്ടു മെലിഞ്ഞ പ്രകൃതി എന്നിങ്ങനെ ദേഹകേന്ദ്രീകൃതമായിട്ടാണ് നാം ആളുകളെ അടയാളപ്പെടുത്തുക. ഇതുപോലെ ശരീരം അന്തസ്സത്തയായി വരുന്ന ധാരാളം ജ്ഞാനമാതൃകകള്‍ നിത്യവ്യവഹാരത്തില്‍ നാം ഉപയോഗിക്കുന്നുണ്ട് ്. ചില ഉദാഹരണങ്ങള്‍: 1.'നിങ്ങള്‍ അര്‍ഥമാക്കുന്നത് നല്ലൊരു കാര്യമായി ഞാന്‍ കാണുന്നില്ല' എന്ന വാക്യം ഉടല്‍ ഉള്‍ക്കൊള്ളുന്ന വീക്ഷണം(പെര്‍ഫക്ഷന്‍) എന്ന ജ്ഞാനമാതൃകയ്ക്ക് ഉദാഹരണമാണ്. 2. 'നിങ്ങള്‍ പറയുന്നത് എനിക്ക് ദഹിക്കുന്നില്ല' എന്ന വാക്യത്തിലാകട്ടെ 'ദഹനം' എന്ന ജ്ഞാനമാതൃകയാണ് തെളിയുന്നത് 3. 'അപ്രകാരം എഴുതുന്നതൊരു മാനസിക വ്യായാമമായിരിക്കും',  എന്നതാകട്ടെ 'അദ്ധ്വാനം' എന്ന ജ്ഞാനമാതൃകയുടെ ആവിഷ്‌കാരമാണ്.


 


ഗാന്ധിയും ജ്ഞാനമാതൃകയും

ഗാന്ധിയുടെ ഉടല്‍ പലതരത്തിലുള്ള ജ്ഞാനമാതൃകകളെ ഉണര്‍ത്തുന്നതാണ്.  ഫക്കീറായും കര്‍മയോഗിയായും പിതാവായും രാഷ്ട്രപിതാവായും ഗാന്ധിയെ പ്രതിഷ്ഠിച്ചതിന് അടിസ്ഥാനം വ്യത്യസ്ത ജ്ഞാനമാതൃകകളാണ്.  ഇന്ത്യന്‍ ദേശീയസമരത്തോടൊപ്പം രൂപപ്പെട്ട ജ്ഞാനമാതൃകകളാണ് ഗാന്ധിക്ക് ഉടലധിഷ്ഠിതമായ വ്യത്യസ്ത ആവിഷ്‌കാരങ്ങള്‍ നല്‍കിയത്.


ഗാന്ധിയുടെ ശരീരവും അര്‍ഥമാനങ്ങളും

ചരിത്രനിര്‍മിതി ഉടല്‍ ഉത്പന്നമാണെന്ന ജ്ഞാനമാതൃക ലോകത്തിന് പകര്‍ന്നുകൊടുത്തുവെന്നതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലൂടെ ഗാന്ധി നല്‍കിയ മികച്ച സംഭാവന.  ജനാധിപത്യസമരമാര്‍ഗങ്ങള്‍ ഉടല്‍ അധിഷ്ഠിത സഹനസമരമാണെന്ന് സത്യഗ്രഹം, അഹിംസ എന്നീ മൂല്യങ്ങളിലൂടെ ഗാന്ധി കാണിച്ചുകൊടുത്തു. പടവെട്ടി ജയിക്കുന്ന/ രക്തച്ചൊരിച്ചലിന്റെ ഭാഗം മാത്രമായി  ശരീരത്തെ കണ്ടിരുന്ന ജ്ഞാനമാതൃകയെയാണ് ഗാന്ധി മാറ്റിമറിച്ചത്. പോരാട്ടത്തിന്റെ 'പാരഡൈം ഷിഫ്റ്റായി' ഇതിനെ കാണാവുന്നതാണ്. പോരാട്ടത്തില്‍, ബലപ്രയോഗത്തിന്റെ ചിഹ്നമായി ഉറച്ചുപോയ ഉടലിനെ, സമാധാനപരമായി, സമര്‍ദ്ദത്തിനുള്ള ഉപാധിയാക്കി മാറ്റിയെടുക്കുകയായിരുന്നു ഗാന്ധി. ഇപ്പോള്‍ ഈ സമരമാര്‍ഗങ്ങള്‍ ഇന്ത്യയെ കൂടാതെ മറ്റു പല രാഷ്ട്രങ്ങളും അവകാശസമരങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.  ദലിതരും സ്ത്രീവാദികളും ആശയതലത്തില്‍ ഗാന്ധിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോഴും സമരമാര്‍ഗങ്ങളില്‍ ഗാന്ധിയെ പിന്‍തുടരുകയാണെന്ന് കാണാം. രാഷ്ടീയാദര്‍ശങ്ങള്‍ ഏതായാലും സമകാലികാന്തരീക്ഷത്തില്‍ പലരും ഗാന്ധിയുടെ ഉടല്‍മാര്‍ഗസമരമുറകള്‍ അവകാശസമരങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നര്‍ഥം. ശ്രദ്ധേയമായ പല സമരങ്ങളിലും ശരീരംതന്നെയാണ് പ്രയോഗിക്കപ്പെടുന്നത്. ഇറോംശര്‍മിള അനുഷ്ഠിച്ച നിരാഹാരസമരം, നില്പുസമരം, ഇന്ത്യന്‍ ഇടതുപക്ഷരാഷ്ട്രീയവിശ്വാസികള്‍ക്ക് പുത്തനുണര്‍വ് പകര്‍ന്ന കര്‍ഷകരുടെ ലോങ് മാര്‍ച്ച്, എന്നിവ ഗാന്ധിയന്‍ സമരമുറകളുടെ സമകാലികരൂപങ്ങളാണ്. 


ശരീരാധിഷ്ഠിത മൂല്യബോധമാണ് ഗാന്ധി പടുത്തുയര്‍ത്തിയത്.


ഗാന്ധി എന്ന ഉടല്‍ബിംബം


ഉടലിന്റെ അടിസ്ഥാനത്തിലല്ലാതെ ഗാന്ധിയെ പഠിക്കാനാവുകയില്ല. 'ശരീരത്തിന് അത്യാവശ്യമായ വിശപ്പ്, രതി എന്നിവയെ നിയന്ത്രിക്കാനുള്ള ശ്രമം ഗാന്ധി നടത്തി. ഇതിനെ മൂല്യബോധവുമായി ഇണക്കി. സ്വയം അച്ചടക്കത്തിനുള്ള മാര്‍ഗമായി ഗാന്ധി കണ്ടിരുന്ന മാര്‍ഗങ്ങളായിരുന്നു ഇവ'. ആരോഗ്യപരിപാലനം രാഷ്ട്രീയ ആശയംകൂടിയാണെന്ന കാഴ്ചപ്പാട് ഇവിടെനിന്ന് രൂപംകൊള്ളുകയായിരുന്നു.


ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരായി ശരീരത്തെ സമാധാനപരമായ യുദ്ധോപകരണമായി ഉപയോഗിച്ചുവെന്നതാണ് ഗാന്ധിയെ ലോകനേതാക്കളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. അഹിംസ, നിസ്സഹരണം, സത്യാഗ്രഹം, ദണ്ഡിയാത്ര എന്നിങ്ങനെയുള്ള വ്യത്യസ്ത ജ്ഞാനമാതൃകകള്‍ പ്രദാനംചെയ്യുന്നവയാണ് ഗാന്ധിയുടെ ഉടല്‍. ബുദ്ധിജീവികള്‍ക്കും ലോകനേതാക്കള്‍ക്കുംമുമ്പില്‍ ഗാന്ധിയൊരു ഉടല്‍ബിംബമായിരുന്നു. ഉടലുമായി ബന്ധിപ്പിക്കുന്ന വിശേഷണങ്ങളാണ് പ്രധാനമായും അവര്‍ ഗാന്ധിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചത്. ഗാന്ധി കൊല്ലപ്പെടുന്നതിന് നാലുവര്‍ഷംമുമ്പാണ് ഐന്‍സ്റ്റീന്‍ ഇങ്ങനെ പറഞ്ഞത് : 'ഇതുപോലൊരു മനുഷ്യന്‍ രക്തമാംസാദികളോടുകൂടി ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കില്ല' മഹാബുദ്ധിമാനായൊരു ഒരു ശാസ്ത്രജ്ഞന്‍, ശരീരത്തെ ആസ്പദമാക്കി ഗാന്ധിയന്‍മൂല്യങ്ങളെ അംഗീകരിക്കുകയാണിവിടെ. വിന്‍സന്റ് ചര്‍ച്ചില്‍ ഗാന്ധിയെ 'അര്‍ദ്ധനഗ്നയായ ഫക്കീര്‍' എന്നാണ് വിളിച്ചത്.  ഇവ രണ്ടും ഒരേ ശരീരത്തെ ആസ്പദമാക്കിയുള്ള ഭിന്ന ജ്ഞാനമാതൃകകളുടെ പ്രത്യക്ഷീകരണങ്ങളാണെന്ന് കാണാം.


ഗാന്ധി എന്ന പിതൃജ്ഞാനമാതൃക


രാജ്യമൊരു കുടുംബമാണെന്ന സങ്കല്പം പലയിടങ്ങളിലുമുണ്ട്. ഇന്ത്യക്കാര്‍ക്ക് എന്നതുപോലെ, റഷ്യക്കാര്‍ക്കും 'രാജ്യം' മാതൃരാജ്യമാണ്. രാജ്യങ്ങള്‍ തമ്മില്‍ കൂടിച്ചേരുമ്പോഴും രണ്ടായി വിഭജിക്കപ്പെടുമ്പോഴും കുടുംബാംഗങ്ങള്‍തമ്മില്‍ ചേരുമ്പോഴും  പിരിയുമ്പോഴും ഉണ്ടായേക്കാവുന്ന വികാരപ്രകടനങ്ങള്‍ കാണുന്നത് വളരെ സ്വാഭാവികം. രാജ്യത്തെ ലാക്ഷണികാര്‍ഥത്തില്‍ കുടുംബമെന്ന് നാം കരുതിപ്പോരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 'രാഷ്ട്രപിതാവ്' എന്ന ജ്ഞാനമാതൃക ഉടലെടുക്കുന്നത്. അതിനു അനുയോജ്യമായ ശരീരവും സമരമുറകളുമായിരുന്നു ഗാന്ധിയുടേത്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ പേരക്കുട്ടിയുടെ ചെന്നൈസന്ദര്‍ശനം ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോകുകയാണ്. അദ്ദേഹത്തെ സ്വീകരിക്കാനുള്ള വേദിയില്‍ ഉലകനായകന്‍ എന്ന് തമിഴര്‍ വിശേഷിപ്പിക്കുന്ന കമലഹാസനുമുണ്ടായിരുന്നു. കമലഹാസന്റെ കൈപിടിച്ചുക്കുലുക്കിക്കൊണ്ട് മാര്‍ട്ടിന്‍ പറഞ്ഞു. 'ഞാന്‍ മാര്‍ട്ടിന്‍ ലൂഥറിന്റെ പേരക്കുട്ടി'. ഉടനെ കമലഹാസന്‍ തിരിച്ചടിച്ചു: 'ഞാന്‍ ഗാന്ധിജിയുടെ പേരക്കുട്ടി. എന്റെ മുത്തച്ഛനാണ് ഗാന്ധി'. സദസ്സ് അക്കാര്യത്തെ കൈയടിച്ചു സ്വീകരിച്ചു. അല്പം കഴിഞ്ഞേ ജൂനിയര്‍ മാര്‍ട്ടിന് കമലഹാസന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായതുള്ളൂ. രാഷ്ട്രപിതാവായ ഗാന്ധി തലമുറയുടെ  അടിസ്ഥാനത്തില്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം 'അച്ഛനോ' 'മുത്തച്ഛനോ' ആണല്ലോ. ദേശത്തിന്റെ പിതാവ് മാത്രമല്ല, ജീവിച്ചിരുന്നപ്പോള്‍തന്നെ അദ്ദേഹം പലരുടെയും 'ബാപ്പു'- (അച്ഛന്‍)ആയിരുന്നു. ഗാന്ധിയെ പിതാവായി കാണുക എന്നാല്‍ ഗാന്ധിയെക്കുറിച്ചുള്ള ശരീര ധാരണ മസ്തിഷ്‌കത്തില്‍ പതിപ്പിക്കുക എന്നതാണ്.


ഇതുവരെ ഗാന്ധിയുടെ ശരീരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ തീര്‍ത്ത ജ്ഞാനമാതൃകകളെയാണ്  ചര്‍ച്ചചെയ്തത്. ഇനി, ശരീരത്തിന്റെ അടിസ്ഥാനത്തില്‍ ഗാന്ധി മറ്റൊരാളെ കണ്ടവിധവുംകൂടി ചൂണ്ടണ്ടി-ക്കാട്ടുന്നത് ഉചിതമാകുമെന്ന് തോന്നുന്നു.


ഗാന്ധിയും ചാപ്ലിനും


ഗാന്ധിയുടെ കടുത്ത ആരാധകനായിരുന്നു ചാര്‍ലിചാപ്ലിന്‍.  ലണ്ടനിലെ ഈസ്റ്റ് ഇന്ത്യാ ഡക്ക് റോഡ് എന്ന ചേരിപ്രദേശത്തെ ആളുകളെ അഭിസംബോധനചെയ്യാനായി ഗാന്ധി എത്തിയപ്പോഴാണ് ചാപ്‌ളിന്‍ ഗാന്ധിയെ നേരില്‍ കാണുന്നത്. വേദിയില്‍ ഗാന്ധിയുടെ വലത്തുഭാഗത്ത് ഇരിക്കാനും അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള അവസരവും ചാപ്ലിന് കിട്ടിയിരുന്നു. താന്‍ എന്താണ് ചോദിക്കേണ്ടത് എന്ന് അറിയാതെ ചാപ്ലിന്‍ കുഴഞ്ഞു. ചാപ്ലിനെ കാണാന്‍ ഗാന്ധിക്ക് വലിയ താല്പര്യമുണ്ടായിരുന്നില്ല. കണിശക്കാരനായൊരു പിതാവിനെപ്പോലെ ഗാന്ധിയ്ക്ക്  സിനിമ ഇഷ്ടമായിരുന്നില്ല. ചാര്‍ളിചാപ്ലിനെ കാണുന്നതിനുമുമ്പ് അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുമില്ല.   അദ്ദേഹത്തെ ഒരു ബഫൂണായിട്ടായിരുന്നു ഗാന്ധി വിലയിരുത്തിയിരുന്നത്. (പിന്നീട് അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ജനപ്രിയനായകന്‍ എന്ന ചാര്‍ലി ചാപ്‌ളിനെ ഗാന്ധി വിശേഷിപ്പിക്കുന്നുണ്ട്) ചാപ്‌ളിന്റെ ശരീരം പ്രദാനംചെയ്ത ജ്ഞാനമാതൃകയുടെ അടിസ്ഥാനത്തില്‍ ഗാന്ധിയില്‍ രൂപപ്പെട്ട വിചാരമായിരുന്നു ഇത്.



ഉപസംഹാരം


ലോകബോധം ശരീരത്തില്‍നിന്ന് ആരംഭിക്കുന്നു. അറിവ് പ്രദാനംചെയ്യുന്നത്് ശരീരമാണ്. മനുഷ്യശരീരത്തിന്റെ ഏകതാനമായ സ്വഭാവമാണ് സവിശേഷമായൊരു ലോകബോധം മനുഷ്യന് നല്‍കുന്നത്. അറിവ് ആര്‍ജിക്കുന്നതിനുള്ള മാധ്യമമാണ് ശരീരം. അത്തരത്തില്‍ ഗാന്ധിയുടെ ഉടല്‍ സൃഷ്ടിച്ച വ്യത്യസ്ത ജ്ഞാനമാതൃകകളെ വളരെ ചുരുക്കി പ്രതിപാദിക്കുകയായിരുന്നു ഈ ലേഖനത്തില്‍. ഗാന്ധിയെന്ന പിതൃജ്ഞാനമാതൃക ഇന്ത്യന്‍ സംസ്‌കാരത്തിലുണ്ടാക്കിയ വ്യതിചലനം ഗൗരവമായി പഠിക്കേണ്ട വസ്തുതയാണ്. പല പ്രമുഖരും ഗാന്ധിയെ ആദ്യം  കണ്ടതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. 'ഗാന്ധി അറ്റ് ഫസ്റ്റ് സൈറ്റ്' എന്ന പേരില്‍ തോമസ് വെബ്ബര്‍ അവയെല്ലാം എഡിറ്റ് ചെയ്ത് പുസ്ത കവുമാക്കിയിട്ടുണ്ട്. ആ കാഴ്ചകളുടെ ജ്ഞാനമാതൃകകള്‍ പരിശോധിക്കുന്നതും രസകരമായ കാര്യമായിരിക്കുമെന്ന് തോന്നുന്നു. 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image