പി കെ റോസി

സുധീഷ്‌ രാഘവന്‍ 

 

 

  പി . കെ . റോസ്സിയായി  അഭിനയിച്ച  രേഷ്മ നായർ ആത്മഹത്യ ചെയ്തത് എന്തിന് ?

 യഥാർഥത്തിൽ  പി കെ റോസ്സിയായിരുന്നില്ല   സാജന്റെ  സിനിമയുടെ  വിഷയം.

കമലിന്റെ  സെല്ലുലോയിഡും   ജെ . സി. ഡാനിയലും  ചേലാങ്ങാടും  നഷ്ടനായികയും, തുടർന്ന് വന്ന ചർച്ചകൾ,വിവാദങ്ങൾ  എല്ലാം  മുന്നേ മനസ്സിലുള്ള ആശയത്തിന്  ശരീരമുണ്ടാകാൻ   പ്രേരണയായി. സാജന്റെ  വിഷയം റോസ്സിയിലൂടെ  ഉരുത്തിരിഞ്ഞ മറ്റൊന്നാണ്. ആരും പറയാത്ത മറ്റൊന്ന്. മറ്റൊരു  സിനിമാ ഭാഷ.

റോസ്സി എന്തു കൊണ്ട്  ?

     

      റോസ്സി 

                      1920 കളിലെ കേരളത്തിൽ  ജീവിച്ചിരുന്നു.

                     പുലയ കുടുംബത്തിൽ  ജനിച്ചവളോ  ക്രിസ്തുമതത്തിലേയ്ക്ക്  പരിവർത്തനം ചെയ്തപ്പെട്ടവളോ  ആണ്.

                     ആദ്യ മലയാള സിനിമയിലെ നായികയാവുന്നു.

                     സിനിമയിൽ   ഒരു നായർ സ്ത്രീയെ അവതരിപ്പിക്കുന്നു.

                     ഭ്രാന്തസമൂഹത്തെ ഭയന്ന് ഭൂതകാലം ഇരുളിൽ കളഞ്ഞ് ഓടഓടിയൊളിയ്ക്കുന്നു.

സാജൻ

സത്യജിത്ത് റായ് ഇൻസ്റ്റിട്യൂട്ടിൽ  ഫിലിം ഡയറക് ഷൻ പഠിച്ചിറങ്ങി.

മലയാളത്തിൽ  ലോകോത്തര  സിനിമയെടുക്കുകയായിരുന്നു  സ്വപ്നമെങ്കിലും   ഫിലിം ഇൻസ്റ്റിട്ട്യൂട്ടിന്റെ  ഭാരങ്ങൾ കുടഞ്ഞു കളഞ്ഞ് ഹിറ്റായ  രണ്ടു ന്യൂ ജനറേഷൻ സിനിമ സംവിധാനം ചെയ്തു.

ഇനി ഒന്നു കളം മാറ്റി ചവിട്ടി അന്താരാഷ്ട്ര  ഫിലിം ഫെസ്റ്റിവലുകളിൽ  പ്രദർശിപ്പിക്കാൻ യോഗ്യതയുള്ള  ഒരു സിനിമയ്ക്ക്  പദ്ധതിയിടുന്നു.

പദ്ധതിയുടെ  പ്രമേയത്തിന്  മജ്ജയും മാംസവുമായി മാത്രമായിരുന്നു  റോസി യും പശ്ചാത്തലങ്ങളും.

1920 കളിലെ ചരിത്രത്തിന്  പുറത്തായിരുന്നു   സാജന്റെ  റോസ്സി. തിരുവനതപുരത്ത്   അന്നത്തെ തൈക്കാട് താമസിച്ചിട്ടും  ചരിത്രത്തിന്റെ  എല്ലാ അനക്കങ്ങൾക്കും പുറത്ത് നിന്നവള്‍. സ്വാതന്ത്ര്യ സമരം അവൾ അറിഞ്ഞില്ല. ശ്രീനാരായണഗുരുവിനേയും  അയ്യൻ കാളിയേയും അവൾ അറിഞ്ഞില്ല. ഏതാനും കാഴ്ചകൾ ജീവിതത്തിൽ എന്നെങ്കിലും പ്രത്യക്ഷത്തിൽ കണ്ടെന്നിരിക്കിലും  അത് അവളുടെ ലോകത്തെയോ  ജീവിതത്തെയോ സ്പർശിക്കാത്ത എന്തോ ഒന്ന്. 

ഇന്നത്തെ തിരുവനന്തപുരത്തിന്റെ   ലാൻഡ് സ്കേപ്പിൽ  കെട്ടിടങ്ങളും  റോഡുകളും മേൽപ്പാലങ്ങളും   മറ്റും മറ്റും ചിത്രിതമായ  ഭൂപടത്തിന്റെ  ആ വലിയ ക്യാൻവാസ്  സാജൻ വലിച്ചു നീക്കൂന്നു. 1920 കളിലെ തിരുവനന്തപുരത്തിന്റെ   ഭൂചിത്രം തെളിയുന്നു.

റോസ്സിയ്ക്ക്  ജന്മിമാരുടെ  പറമ്പിലും വയലിലും പണി. തീണ്ടലും തൊടീലും ഒരു പ്രകൃതി നിയമമെന്നപോലെ യനുസരിച്ച് ജീവിതം. ഇങ്ങനെ  അക്കാലത്തെസാധാരണപുലയിപെണ്ണ് പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുമ്പോൾ  ഒരു പുതിയ_ ‘എന്തര് പണി എന്നൊന്നും അറിഞ്ഞൂട. അതിപ്പം  പറഞ്ഞാ മനസ്സിലാവത്തുംല്ല. അവിടെ വരമ്പം മനസ്സിലാക്കിത്തരാം  എന്നാണ്  വന്ന തമ്പ്രാക്കമ്മാര്പറയണത്. ‘

എന്തര് പണിയായാലെന്ത്. ഞമ്മള് വേലയെടുത്ത് ജിവിക്കണവര്  തന്നല്ലെ. അപ്പം ഞമ്മക്കൊണ്ടാവുന്ന  പണിയാണേങ്കീ  പോയ് ചെയ്യ് മോളെ. കൂലീ കൂടുതലൊണ്ടല്ലെ. തമ്പ്രാക്കമ്മാര്  ആണ്ടവന് നെരക്കാത്തത് ചെയ്യൂലാ. അവര് നമ്മളക്കാട്ടീം മുന്നേ ക്രിസ്ത്യാനികളായവര്  “. റോസ്സീടെ  അപ്പൻ പറഞ്ഞു.

റോസി അവിടെ വേലയ്ക്ക് പോയേപ്പിന്നെ  ഒരു പുതിയ വാക്ക് കേട്ടു.സിനിമ. 

സിലുമാന്നെ അവള്‍ക്ക് പറയാനാകുന്നുള്ളു. അതുകേട്ട്  ഡാനിയല്‍ ചിരിക്കും. എന്നാസിനിമാന്ന്  അങ്ങനെ ആരും പറയുന്നുണ്ടായിരുന്നില്ല.. കഥ പടത്തീ പിടിക്കലാണ്  എന്ന് പറയുന്നത്  അവൾ കേട്ടു. ഫോട്ടോ പ്ലേ എന്നും. ഒന്നും മനസ്സിലായില്ല .

അതൊക്കെ അവരടെ കാര്യങ്ങള്. ഞാങ്ങക്കെന്ത് ? ഞാങ്ങക്ക് തരണ പണി ഞാങ്ങ ചെയ്യും. അത് മതിയല്ലെ .

പക്ഷേ അവളുടെ  കാഴ്ചയിൽ പെട്ടതൊക്കെ പുതു ലോകങ്ങളാണ്. കൂലിപ്പണിയ്ക്ക്  പോവമ്പഴൊന്നും കാണത്തത്. അവയ്ക്ക് വാക്കുകൾ ഇല്ല. പേരുകൾ ഇല്ല.

ക്യാമറ എന്ന വാക്കും ഇല്ല. ഫിലിം എന്ന വാക്കുമില്ല. സംവിധായകൻ  എന്ന വാക്ക് ആർക്കുമില്ലായിരുന്നു  .

വാക്കുകൾ ഇല്ലാതെ കർമ്മങ്ങള്‍. വാക്കുകൾ പിന്നെ ജനിക്കുകയായിരുന്നുപണികഴിഞ്ഞ് തിരിയെ പാളയത്തു നിന്ന് കയറ്റമിറങ്ങി പോവുമ്പോള്‍  കേട്ട വാക്കുകള്‍ അവളുടെ ശരീരത്തില്‍ അനങ്ങുന്നത് അവള്‍ അറിഞ്ഞു.

പുതിയ വാക്കുകള്‍ മലയാണ്മയില്‍ വേരോടുമ്പോള്‍  റോസ്സി  കാണാമറയത്തായി .

മറ്റൊരു പേരിൽ മറ്റൊരിടത്തിൽ അവൾ ഉണ്ടായിരുന്നു. രഹസ്യത്തിലെ  പങ്കുവയ്പ്പുകാരില്ലാതെ  ഓർമ്മയുടെ പുസ്തകം അടഞ്ഞുകിടന്നു.

 

അവൾ  ആ പണിസ്ഥലത്തേയ്ക്ക്   (ലൊക്കേഷൻ എന്ന വാക്ക് അന്നില്ല) പൊതിച്ചോറുമായി നടന്ന് പോകുന്നു. ചോറ് വട്ടത്രാമില ഇലയില്‍ പൊതിഞ്ഞ് , അത് പിന്നെ അടയ്ക്കാമരത്തിന്റെ  പാളയില്‍ പൊതിഞ്ഞ് വാഴനാരിട്ട് കെട്ടിയിരുന്നു .

തമ്പ്രാക്കന്മാരുടെ  ഇടയിൽ  അവൾ നിൽക്കേണ്ടിടത്ത് നിന്നു.

അവൾ ലാനയെന്ന  ബോംബേയിൽ നിന്ന് വന്ന നടിയല്ലായിരുന്നു. അതുകൊണ്ട്  തന്നെ  ഡാനിയലിന്  തന്റെ വീട്ടിൽ പുറം പണിയ്ക്ക് വന്നിരുന്ന പുലയികളെ പോലെ  ഒരുവള്‍. അങ്ങനയേ സ്വാഭാവികമായും  സംഭവിക്കയുള്ളൂ എന്ന രീതിയിലാണ്  സാജന്റെ  ട്രീറ്റ്മെന്റ്. ഒരു കലാ പ്രവൃത്തിയാണ്, മണ്ണു ചുമടല്ല  എന്ന പെരുമാറ്റ വ്യത്യാസം മാത്രം .

that is real. very close to reality.

സാജന് വളരെ realistic ആവാൻ തുരന്ന്  പോകണം.

reality of time. reality of memory. reality of past as it is and as seen from the present.

റീയാലിറ്റിയെ  കുഴിച്ചെടുക്കണം, ഖനനം ചെയ്ത്.

 ഒരു പ്രതീതി യാഥാർഥ്യം ഉയിർക്കുന്നത് കാണുവാൻ.

 

അപ്പൻ മാർക്കം കൂടി ക്രിസ്ത്യാനിയായപ്പം  റോസ്സി കുഞ്ഞായിരുന്നു. മറ്റൊന്നാകല്‍, മറ്റൊരു ദൈവംമറ്റൊരു ദേവാലയംമറ്റൊരു പേര്. മാറ്റം അവൾക്ക് ഓർമ്മയല്ല.

മറ്റൊന്നാകലിൽ  പഴയത് അരുകിലേയ്ക്കും പിന്നെ മറവിയിലേക്കും..

 

മറ്റൊന്നാകുക, അതായിരുന്നു  അവിടെ റോസ്സിയുടെ  കൂലിപ്പണി. തന്റെ തന്നെ വേഷത്തിൽ  താൻ തന്നെയായി ചെയ്തിരുന്ന ജോലിയല്ലിത്.

വേഷം വസ്ത്രങ്ങളുടെ ഉടുപ്പിൽ മാറിയപ്പോൾ   അവൾ പൊരുത്തക്കേടിൽ  നിന്നു .

കായികാദ്ധ്വാനത്തിന്റെ    ഭാരത്തിലും ഉണ്ടാകുന്ന അനായാസ്സതയല്ലിത്. .

ശരീരം  കാഴ്ചയിലെ വേഷവും അത് മറ്റുള്ളവർ കാണുന്നതുമാകുമ്പോള്‍ ആരും സ്വന്തം വസ്ത്രങ്ങളുടെ ഉടുപ്പിൽ ഒരു വേഷമില്ലായ്മ യാണ്. പിറവിയില്‍ നിന്ന് വളർച്ചയ്ക്കൊപ്പം കൂടിയ വേഷം.

ഇപ്പോൾ  സരോജിനി എന്ന പേര്. സരോജിനി . ഒരു നായർ സ്ത്രീയുടെ വേഷം. വിചിത്രമായ ഒരു പണി. അവൾ പ്രേരിപ്പിക്കപ്പെട്ടു. നിർദ്ദേശങ്ങൾ അനുസരിച്ച് ഭാവങ്ങൾ വരുത്തുക, പറയുമ്പോലെ ചെയ്യുക.

അവൾക്ക് നായർ സഹോദരന്‍, നായർ കാമുകന്‍. ദിവസങ്ങൾ കൊണ്ട് പരിചയങ്ങളിലേയ്ക്ക്  അവൾ പരിവര്‍ത്തനം ചെയ്യപ്പെട്ടു.

ഒരു പെട്ടിയിൽ എന്തോ സംഭവിക്കുന്നു. ചെയ്യുന്നതിന്റെയൊക്കെ   പടം പെട്ടി പിടിയ്ക്കുകയാണേന്ന്  പൂർണ്ണമായി ഗ്രഹിക്കാതെ അവൾ അറിഞ്ഞു.

വേഷം മാറല്‍, മറ്റൊരാളാവല്‍കുറഞ്ഞ  ദിവസം കൊണ്ട് അവൾക്ക് രസമായി. മറ്റൊരാൾ ആവുമ്പോഴും അതിൽ താൻ ഉണ്ട് എന്ന് അവൾ അറിഞ്ഞു.

നായർ പെണ്ണുങ്ങൾ പറയുന്നതുപോലെ പറയാന്‍, നടക്കാന്‍, ലാസ്യപ്പെടാന്‍ അവൾ പരിശീലിച്ചു. പറയലായിരുന്നു   ലേശം കഷ്ടി. പക്ഷേ അതു പ്രശ്നമല്ലപോലും. പറയുന്നതൊന്നും കേൾക്കാൻ പറ്റില്ല  എന്നവൾ അറിഞ്ഞത്  വർത്തമാനം പറയാത്ത  ഫോട്ടോ കളിയാണിത് എന്നവളോട്  ഡാനിയൽ  പറഞ്ഞപ്പോഴാണ്.

ആഢ്യ ശരീരങ്ങളുടെ നില്പ്, നടത്തം, ആംഗ്യങ്ങള്‍, അവൾ പണിയ്ക്ക് പോകുന്ന ജന്മികുടുംബങ്ങളിലെ  തമ്പ്രാട്ടിമാരുടെ......അവൾ അനുശീലിച്ചു. ആർക്കും എന്തുമാകാം  ഈ ശരീരത്തിൽ എന്ന് റോസ്സമ്മ  അറിയാതെ അറിഞ്ഞു.

വേഷ പ്രഛന്നമായ ജീവിതത്തിൽ  ഒളിയ്ക്കുന്നത്  അവൾ ഒരു നാൾ സ്വപ്നം കണ്ടു.

സുന്ദരമായ ഒരു സ്വപ്നം. ഉണർന്നപ്പോൾ   സ്വപ്നം മറന്നുപോയി.

പുലയികെട്ടിയാടിയ  നായർ സ്ത്രീ. ആർക്കാ അറിയാത്തത്  അവൾ ഒരു പുലയി പെണ്ണാണെന്ന് . നായർ ആഢ്യത്വം, അഹങ്കാരം, ഉയർന്ന ജാതിക്കാരോട്   ചേർന്ന് നിന്ന് സ്വയം നായരായി ചമഞ്ഞുള്ള ആ നിൽപ്പ്.

പച്ചയായ യാഥാർഥ്യങ്ങൾ  തന്നെ സിനിമയുടെ  കാണികൾ  കാണുന്നതാണ്  സാജൻ അവിടെ ഫോക്കസ് ചെയ്തത്.

സിനിമയെന്ന  ഉണ്ടെന്ന് തോന്നിപ്പിക്കുന്ന   ആ ഒന്ന് അവരെ വെറളി പിടിപ്പിക്കുന്നു. തോന്നല്‍ ഉള്ളവയെക്കാൾ വലുതും ശക്തവുമായി അവരുടെ മുന്നിൽ നിന്നു. സത്വത്തെ  അവർ കാണികൾ ആക്രമിക്കുന്നു. റോസ്സി എന്ന സരോജിനി യുടെ ചലിക്കുന്ന പടത്തിനു നേരെ അവർ കല്ലും വടിയും എറിഞ്ഞ് കീറുമ്പോൾ അതൊരു  വെള്ളത്തുണിയായിരുന്നു. പിന്നിൽ നിന്ന് പ്രകാശവും പടവും അതു കറക്കുമ്പോഴുള്ള  ശബ്ദവും നിലച്ചു. വലിയൊരു സത്വത്തെ കൊന്നു മലർത്തിയ സന്തോഷത്തിൽ  അവർ അഹ്ലാദിച്ചാരവമിട്ടോടി  .

പച്ചയായ ജീവനെ, പുലയിപ്പെണ്ണിനെ  വകവരുത്താൻ അവർ പാഞ്ഞു. തൈക്കാട്ടെ  അവളുടെ കുടിലിലേയ്ക്ക്. കുടിൽ തീ വയ്ക്കപ്പെടാം. റോസ്സിയുടെ ഓട്ടം ഇരുളിൽ മറഞ്ഞു, ചരിത്രത്തില്‍ രേഖയാവുന്ന ഒരു പ്രഖ്യാപിത ഓട്ടമാവാത്തതിനാല്‍.

പാമ്പിന്റെ പടം ഉരിഞ്ഞുമാറുന്നതുപോലെ  പുതിയ ഒരു വേഷം. വേഷ പകർച്ചയുടെ  അധ്യായങ്ങൾ വേദനയിലും  ഭീതിയിലും നിലനിൽപ്പിനായി അവൾ  പകർത്തി. ജീവിതം  വേഷമാക്കി  അതിൽ ഒളിച്ചു, ഭയത്തിന്റെ  അടിവസ്ത്രം  ധരിച്ച്.

യുക്തിയ്ക്ക് ചേരുന്ന ഒരു രചന പുതിയ നായർ പെണ്ണിന്റെ ഭൂതകലത്തിൽ വരച്ചു ചേർത്ത്അവൾ  കേശവപിള്ളയുടെ മുന്നിൽ നിന്നു.കേശവപിള്ളയെ  അദറില്‍ സ്ഥാനപ്പെടുത്തി   കേശവപിള്ളയുടെ ഭാര്യ എന്ന നായര്‍ സ്ത്രീയായി സാജന്‍  റോസ്സിയെ സ്വത്വ മാറ്റം ചെയ്തു. അവൾ നായർ യുവതിയായി  മാറി, സരോജിനി യായി നടിച്ച ഓര്‍മ്മയില്‍  അരുക് ചേര്‍ന്ന് .

 

പകർന്നാടുന്ന  വേഷത്തിനു പിന്നിൽ ഭയമായി ഒളിഞ്ഞിരുന്ന റോസ്സി  പതിയെ അസ്തമിച്ചുകൊണ്ടിരുന്നു. ഒരു പുതു ജീവിതം വരഞ്ഞു പോകുമ്പോൾ   ഭൂതകാലം  അന്യമാകും, പണ്ടുണ്ടായിരുന്നതിനെ പങ്കുവയ്ച്ച്  വെളിച്ചപ്പെടാൻ   ആരുമില്ലാതിരിക്കേ.

കേശവപിള്ളയുമൊത്തുള്ള   അവളുടെ ജീവിതത്തിൽ  സാജന്റെ സിനിമ തുടങ്ങുന്നുഅത് കഥാപാത്രങ്ങളുടെ  യാഥാർഥ  ജീവിതമായി പ്രേക്ഷകൻ  കഥയ്ക്കൊപ്പം  പോകുമ്പോള്‍  വന്നു വീഴും  മറഞ്ഞു കിടക്കുന്ന ഭൂതകാല ശകലങ്ങൾ  ഒരു അനുസ്യൂതി ഇല്ലാതെ. അത് കേശവപിള്ളയുടെ  ഭാര്യ എന്ന നായർ സ്ത്രീയുടെ ഓർമ്മ യായിരിക്കില്ല. ഓര്‍മ്മ ജീവിതത്തിന്റെ മദ്ധ്യാഹ്നം പിന്നിട്ട് ഒരിക്കല്‍ കേശവ പിള്ള ഓര്‍ത്തെടുക്കുന്ന കാഴ്ചയാണ്. ഒരു നുണകഥ  അങ്ങനെ സത്യമായി ജീവിക്കുന്നു. കേശവപിള്ളയുടെ ഭാര്യ ഭൂതകാലത്തില്‍ റോസ്സിയുമായി യാഥാര്‍ഥ്യത്തിന്റെ ഭൂമികയില്‍ ഒന്നാവുന്നു. സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ സമൂഹത്തിന്റെ പീഡനങ്ങള്‍ സഹിച്ച് ആറോസ്സിതിരുവനന്തപുരത്ത് ജീവിക്കുന്നു. അവള്‍ എങ്ങോട്ടും ഒളിച്ചോടിയില്ലഅവള്‍ തന്റെ ഭൂതകാലതുറസ്സില്‍ നിന്ന് വന്ന് ഒരുവനോട് പ്രണയത്തിലാകുന്നു. ഒരു ലോറിഡ്രൈവര്‍., തമിഴന്‍. തന്റെ അച്ഛന്‍ പരിവര്‍ത്തിത ക്രിസ്ത്യാനി ഒരു ലോറിഡ്രൈവര്‍ ആണെന്ന് അവള്‍ കാമുകനോട് പറയുന്നത് ചേലങ്ങാട് ഗോപാലകൃഷ്ണന്‍ കേള്‍ക്കുന്നുണ്ട്. അപ്പോള്‍ ചേലങ്ങാടന്‍ ഡാനിയല്‍ പറഞ്ഞത് ഓര്‍ക്കുന്നു. അവനുമായുള്ള ഓളിച്ചോട്ടത്തിന്റെ  യാത്രയില്‍ അവര്‍ കാലത്തിന്റെ മറ്റൊരുവഴിയും സഞ്ചരിക്കുന്നുണ്ട്.

 

യാത്രയില്‍ മധുരയിൽ  ഒരിയ്ക്കൽ  വഴികടന്നുപോകുമ്പോൾ   റോസ്സി ഡാനിയലിനെ കാണുന്നുണ്ട്. ഓർമ്മയുമായുള്ള  ഒരേ ഒരു കണ്ടു മുട്ടല്‍. ഒരു മിന്നൽകാഴ്ച. അപ്പോഴേയ്ക്കും അയാൾ മറഞ്ഞു. യാത്രയിൽത്തന്നെ റോസ്സി കാണുന്നുണ്ട്  നീലക്കുയിലിലെ പുലയിപ്പെണ്ണ്  നീലിയേയും  മിസ് കുമാരിയേയും  ഒരിടത്തിൽ , രണ്ടാളായി.

ഭൂതകാലം മങ്ങുമ്പോള്‍ അന്നേരങ്ങളുടെസംഭവങ്ങളും  കഥയും ഉണ്ട്, റോസ്സിക്കും ഡാനിയലിനും. അപ്പോഴൊക്കെയും മധുരയില്‍ ജെ സി. ഡാനിയൽ  തിരക്കേറിയ ഒരു ദന്തിസ്റ്റാണ് .അയാള്‍ നല്ല നിലയിലാണ്. പി. യു. ചിന്നപ്പ എന്ന പ്രസിദ്ധ നടനെമധുരയില്‍ വച്ച് യദൃശ്ചയാ കാണ്ടുമുട്ടുമ്പോള്‍ ഡാനിയല്‍ ചിന്നപ്പയെ തന്റെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. വിഗതകുമാരന്റെ  സിനിമാ പെട്ടി മറ്റ് വസ്തുക്കൾക്കിടയിൽ  അപ്രധാനമായി കിടന്നത് വീണ്ടും ഡാനിയലിന്റെ ഓര്‍മ്മയിലേക്ക് വരുന്നു. ഓര്‍മ്മയില്‍ വന്ന ചെറുപ്പത്തിലെ  ആ കിറുക്ക് ജെ സി . ഡാനിയല്‍  പി യു ചിന്നപ്പയോട്  പറയുന്നുണ്ട്. ശബ്ദ സിനിമ , സിനിമയില്‍ വന്ന ഒരുപാട് മാറ്റങ്ങള്‍.....അയാള്‍ സിനിമയിലേയ്ക്ക് പ്രേരിതനാക്കുന്നതായിരുന്നു കണ്ടുമുട്ടല്‍.

മലയാളത്തിലെ  ആദ്യപടം എന്ന ചരിത്രവസ്തുത വരുംകാലം ആവശ്യപ്പെടും എന്ന് അയാളുടെ വ്യക്തിബോധത്തിൽ   ഇല്ല. വ്യക്തി ജീവിക്കുകയുമാണ്ചരിത്രത്തിൽ പെടും എന്നറിയാതെ. ഡാനിയലിന്റെ  മകൻ ഹാരിസ് ഫിലിം റോൾ എടുത്ത് കളിക്കുമ്പോഴും  നിസ്സംഗതയല്ല, ഉപയോഗശൂന്യമായ ഒരു വസ്തുവിനോടുള്ള മറവിമാത്രമായിരുന്നു ജീവിതത്തിന്റെ  മധ്യാഹ്നം കഴിഞ്ഞപ്പോൾ അയാൾക്ക്. ഒരാൾ ജീവിതത്തിലുടനീളം   ഒരാൾ മാത്രമല്ല എന്നാണ് സാജൻ  സിനിമയിലൂടെ പറയുന്നത്.

വൃദ്ധനായ ഡാനിയലിനെ  ചേലങ്ങാട് ഗോപാലകൃഷ്ണന്‍ അഗസ്തീശ്വരത്തെ വീട്ടില്‍ പോയി കാണുന്ന രംഗം തീര്‍ച്ചയായും സാജന്റെ സിനിമയിലുണ്ട്. അത് പുതിയകാലത്തെ ഒരു മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണത്തിന്റെ  ഡോക്യുമെന്റേഷന്‍  ആണ്. ദൃശ്യത്തില്‍ മുറിയുടെ കോണില്‍ ഒരു ഗദയും കസര്‍ത്ത് കട്ടയും വടികളും തുരുമ്പിച്ച വാളും ഇരിപ്പുണ്ട്. വിഗതകുമാരനില്‍ പങ്കുകൊണ്ട അചേതനവസ്തുക്കളാണവ. വിഗതകുമാരന്റെ ഫിലിമിന് എന്തു സംഭവിച്ചു എന്ന് ചേലങ്ങാടന്‍ ചോദിക്കുന്നില്ല. അവിടെ കണ്ട കാഴ്ചയും ദാരിദ്ര്യത്തിന്റെ നീരാളിപിടിത്തവും എന്നിലെ പത്രക്കാരന്റെ അന്വേഷണത്വരയെ മരവിപ്പിച്ചുകളഞ്ഞു എന്ന് ചേലാങ്ങാടന്റെ ശബ്ദം നമുക്ക് കേള്‍ക്കാം..അയാള്‍ ഒന്നുമെഴുതിയെടുത്തില്ല..ഫോട്ടോഗ്രാഫറെ കൊണ്ടുപോയി ഫോട്ടോ എടുത്തില്ല. ഓര്‍മ്മയില്‍ അല്ല ഹൃദയത്തിലാണ് അയാള്‍ എല്ലാം രേഖപ്പെടുത്തിയത്. ചേലങ്ങാടന് ഡാനിയല്‍ അയച്ച കത്തുകള്‍ കൂടി അയാള്‍ സൂക്ഷിച്ചില്ല. താന്‍ ചരിത്രത്തില്‍ പെടുമെന്ന് അയാളും അറിഞ്ഞില്ല.

പുതിയകാല മാധ്യമ പ്രവര്‍ത്തകന്‍ കാലത്തിലൂടെ പുറകോട്ട് പോയി ഡാനിയലിനെ കാണുന്നുണ്ട്, മൂവിക്യാമറയും മറ്റു സെറ്റപ്പുകളുമായി. അയാള്‍ ഡാനിയലിന്റെ വീടും പരിസരവും ഗദയും വാളുമൊക്കെ ഷൂട്ട് ചെയ്യുന്നുണ്ട്. കാലത്തിന്റെ രണ്ടു സന്ദര്‍ഭങ്ങളില്‍ ജനിച്ച് ഒരേ പ്രൊഫഷന്‍ ക്രോസ്സ് ചെയ്ത്പോകുന്നതാണിവിടെ കാണുന്നത്.

കേശവപിള്ളയോടൊത്ത്   പിന്നെയും  ഇരുപത്തി മൂന്ന് വർഷം കഴിഞ്ഞ്  അയാളുടെ ഭാര്യയായ റോസ്സി ജീവിതനൗക കാണുന്നു. അവള്‍ അറിയുന്നില്ല, വിഗതകുമാരനിൽ  അഭിനയിച്ച, തന്നെ ജെ സി ഡാനിയലിന് പരിചയപ്പെടുത്തിയ   ജോൺസൺന്റെ മകൾ ബി എസ് സരോജയാണ്  അതിൽ തിക്കുറുശ്ശിക്കൊപ്പം അഭിനയിച്ച തെന്ന്. സരോജ, സരോജിനി ; പേരുകളിലെ സാമ്യം. റോസ്സിയും സരോജയും  അവരുടെ  കഥ പറഞ്ഞുപോകുന്ന ഒരു ഒറ്റ ഷോട്ട്  സാജൻ സ്ക്രിപ്റ്റിൽ എഴുതി വച്ചു. കാലത്തേയും ഓർമ്മയേയും  കഥാപാത്രത്തിന്റെ  മുന്നറിവുകളേയും  ഉപേക്ഷിക്കുന്ന  ട്രീറ്റ്മെന്റ്.

ഒരു റോസ്സി  കാലത്തിലൂടെ  അങ്ങോട്ടുമിങ്ങോട്ടും   സഞ്ചരിക്കുന്നു.

 

റോസ്സി 1920 കളുടെ കാലത്തിൽ  നിന്ന് ഭാവി  എന്ന അസാധ്യ സങ്കല്പത്തിലേയ്ക്ക്, കാലത്തിലേയ്ക്ക്   ആന്ദോളനം ചെയ്യപ്പെടുന്നു. ബഹളം പിടിച്ച ഒരു ലോകത്തിലെ  സിനിമാ തരംഗം. താൻ ഒരു ഫിലിം സ്റ്റാർ ആകുന്നത് അവളുടെ മനസ്സിൽ വിരിഞ്ഞ് പുളകിതയാകുന്നു. അങ്ങനെ മറ്റൊരു റോസ്സി. മനുഷ്യൻ കഴിഞ്ഞകാലത്തിനെ  ഫിക് ഷൻ ആക്കുന്ന അസംബന്ധത്തിന്  യുക്തി ചേർന്ന് നിൽക്കുന്നതാണിവിടെ   സാജൻ പറയുന്നത് .

പിന്നെ പുതിയകാല ദളിത് മുന്നേറ്റത്തിൽ ഒരു ബിംബമായി വിപ്ലവ നക്ഷത്രമായി ഉയരുന്ന റോസ്സി. അവള്‍ ഒരു വിപ്ലവശക്തിയായി പുനർ നിർമ്മിക്കപ്പെടുന്നു, ചരിത്രത്തിന്റെ  കേന്ദ്രത്തിലേയ്ക്ക്. …ജീവിച്ചിരുന്നപ്പോൾ   അരികിന് വെളിയിൽ  അപ്രസക്തമായിരുന്നത്,

ശ്രീനാരായണഗുരുവും  അയ്യൻ കാളിയും  ദേശീയപ്രസ്ഥാനങ്ങളും   വാർത്തകളിൽ  അരുകുപറ്റി നിൽക്കുകയും  ജനാധിപത്യത്തിന്റെ   പുതുയുഗത്തിൽ  കേന്ദ്രത്തിലേയ്ക്ക്   മാറ്റപ്പെടുകയും ചെയ്തു.

അതേ കാലത്ത്  ചരിത്രത്തിൽ പെട്ട ആരുമറിഞ്ഞില്ലറോസ്സിയെ, ഡാനിയലിനെ , വിഗത കുമാരനെ.

 

സാജന്റെ  സിനിമാ  ഒരു ഭാഷ ആവശ്യപ്പെടുന്നു.

അലൻ റെനേ, ഫെല്ലിനി, തർക്കോവ്സ്ക്കി, ഗൊദാര്‍ഡ്, അഞലോ പൗലോ.

അല്ല.സാജന്റെ സിനിമ ഒരു പൂ വിരിയുന്നത്  പോലെ വെളിപ്പെട്ടുവരുകയായിരുന്നു.അതിന്റെ  ഭാഷയിലൂടെ.

സാജന് ആത്മവിശ്വാസമുണ്ടായിരുന്നു  .

മൂന്നു മാസം കൊണ്ട്  സാജൻ തിരക്കഥ പൂർത്തിയാക്കി. ഇനി നടീ നടന്മാരെ തീരുമാനിക്കണം. ടെക്ക്നീഷ്യൻസ് പഴയ സിനിമയിലേത്   തന്നെ. വിശ്വസ്തവും സാജനുമായി എല്ലാ രീതിയിലും പൊരുത്തപ്പെടുന്നതുമായ  ഒരു ടീമാണത്.

പല നിർദ്ദേശങ്ങളും  വന്നെങ്കിലും  തന്റെ സങ്കല്പത്തിലെ  കഥാപാത്രം; റോസ്സി, സരോജിനി, കേശപിള്ളയുടെ  ഭാര്യ, മറ്റു ബഹുമുഖങ്ങള്‍. എല്ലാം കൊണ്ടും  രേഷ്മ നായർ ആണ് ശരിയാകുക എന്ന് സാജന് തോന്നി.

രേഷ്മ നായർ  മിസ്സ് കേരള ആയി തെരെഞ്ഞെടുക്കപ്പെട്ടതോടെയാണ്  സിനിമാഭിനയത്തിലേയ്ക്ക് വന്നത്. ടോപ്പിലേയ്ക്ക്  ഉയരുകയാണ്  ഈ നടി, മലയാളത്തിലും തമിഴിലും. ഹിന്ദിയിലേയ്ക്കും   കടക്കുന്നതായി കേൾക്കുന്നു. ശരീര ലാവണ്യവും  ഇതുവരെയുള്ള പ്രകടനങ്ങളും ഒരു താര കുതിപ്പിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. അഹങ്കാരം  കൂടെയുണ്ടെന്നാണ്  പൊതുവേ സംസാരം.

രേഷ്മനായർ അഭിനയിച്ച  സിനിമകൾ, അവയുടെ  വ്യാപാര വിജയം, മിസ്സ് കേരള ഇവയൊന്നുമല്ല, ഒരു ടി വി ഇന്റർവ്യൂവിൽ കണ്ട ഭാവ ചലനങ്ങളിലൂടെയാണ് സാജൻ രേഷ്മയിൽ തന്റെ കഥാപാത്രത്തെ കണ്ടത്. തിരക്കഥ  എഴുതിക്കൊണ്ടിരുന്നപ്പോൾ    ഒരു പുതുമുഖത്തെ  കണ്ടെത്തുക  എന്നായിരുന്നു  വിചാരിച്ചിരുന്നത് .

താൻ സെലെക്റ്റീവ്  ആയിരിക്കും, സ്ത്രീ പ്രാധാന്യമില്ലാത്ത  സിനിമകൾ  ഇനിമേൽ സ്വീകരിക്കില്ലനായകനടന്റെ  ഉപഗ്രഹമാകാൻ തന്നെ കിട്ടില്ല  എന്നൊക്കെ ഇന്റെർവ്യൂവിൽ പറഞ്ഞത് വിവാദമായിരുന്നു. അതു കൊണ്ട്  തന്നെ അഹങ്കാരി എന്ന ഇമേജും വീണു. സൂപ്പർ സ്റ്റാറിനൊപ്പം അഭിനയിച്ചപ്പോൾ  എന്തു തോന്നി  എന്ന ചോദ്യത്തിന്  ആരാ സൂപ്പർ, ഇതൊക്കെ നിങ്ങളൊക്കെ ഉണ്ടാക്കിവയ്ക്കുന്നതല്ലേ . ഞാൻ എല്ലാവരേയും അഭിനേതാക്കളായേ കാണുന്നു.ള്ളൂ. സ്ത്രീകൾക്ക് പ്രാധാന്യമില്ലാത്തതാ ണ് ഇന്നിറങ്ങുന്ന സിനിമകള്‍.നോക്കൂ ശാരദയും ഷീലയും അഭിനയിച്ച പടങ്ങൾ. അവരെ നിങ്ങൾ സൂപ്പർ സ്റ്റാർ എന്ന് വിളിച്ചോ.

സൂപ്പർ സ്റ്റാറുകളെ  ഇത് ചൊടിപ്പിക്കുകതന്നെ ചെയ്തു. ന്യൂ ജനറേഷനിലെ   ഹീറോ പരിവേഷം അഴിഞ്ഞുവീണ  കഥാപത്രങ്ങളുള്ള സിനിമകൾ  രേഷ്മ നായരുടെ രക്ഷയ്ക്കെത്തി. അഭിനയത്തെ എങ്ങനെ കാണുന്നു എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്  അവള്‍ പറഞ്ഞത് ഇങ്ങനെയാണ്. എല്ലാവരും ജീവിതത്തില്‍ അഭിനയിക്കുന്നു. പ്രണയം, സ്നേഹം, സെക്സ് എല്ലാം അഭിനയം. പണ്ടുമുണ്ടായിരുന്നു. ഇന്നിപ്പോള്‍ രക്ഷപ്പെടാനാകാത്ത  വിധം നമ്മെയെല്ലാം  മൂടിപ്പോയി. ഞാനും നിങ്ങളും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കയല്ലേ. നിങ്ങള്‍ക്ക് നിങ്ങളുടെ മാധ്യമത്തിന്റെ  വ്യാപാര താല്പര്യത്തിനും  ഞാന്‍ എന്റെ വ്യാപാര താല്പര്യത്തിനും.

 

സാജൻ  രേഷ്മയോട്  കഥ പറഞ്ഞു.

കഥ കേട്ടിരിക്കുമ്പോൾ   രേഷ്മയുടെ ഭാവങ്ങൾ  സാജൻ ശ്രദ്ധിച്ചുപോയി. കേൾവിയിൽ ആമഗ്നയായി  അവൾ ഗൗരവപ്പെടുന്നത്  കണ്ട് സാജൻ സന്തോഷിച്ചു. റോസ്സിയുടെ ബഹുവചനങ്ങളിൽ അതിന്റെ  ഉള്ളറിയാൻ  രേഷ്മയ്ക്ക് കഴിയുന്നു. എല്ലാം കേട്ടു കഴിഞ്ഞ് രേഷ്മ പറഞ്ഞു. വേഷം എനിയ്ക്ക് വേണം. ഞാൻ ചെയ്യും.

സാജൻ പറഞ്ഞു. വേഷമല്ല, വേഷങ്ങൾ.

അതെ. അതു മനസ്സിലായി. വളരെ അസാധരണം. രേഷ്മയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

കരാർ ഒപ്പിട്ട് യാത്ര പറയുമ്പോൾ  രേഷ്മ തമാശയായി പറഞ്ഞു.

നായരായ ഞാൻ ഇപ്പോൾ പുലയിയായി അഭിനയിക്കണം  അല്ലേ.

സാജൻ ചിരിക്കുകയും ഒപ്പം ചിന്തിക്കയും ചെയ്തു. കാലത്ത്  വീണ്ടും പേരിനോടൊപ്പം  ജാതി ചിഹ്നങ്ങൾ. പഴയ ജാതീയത ജീവിതത്തിൽ ഇല്ലായിരിക്കുമ്പോഴും   ഒരു മഹിമയായി പേരിന്റെ വാൽ.

സിനിമയുടെ  ഷൂട്ടിങ്ങ്  പൂർത്തിയായ ദിവസമാണ്  രേഷ്മ നായർ ആത്മഹത്യ ചെയ്യുന്നത്.

വിഗതകുമാരനിൽ  അഭിനയിക്കുന്നതിനുമുൻപുള്ള  റോസ്സി എന്ന പുലയി പെണ്ണിന്റെ  വേഷമാണ്  അവസാന ദിവസം  ഷൂട്ട് ചെയ്തത്. വേഷം അഴിച്ചു മാറ്റാതെ   റോസ്സിയുടെ മേക്കപ്പിലാണ്  രേഷ്മ നായർ തൂങ്ങി മരിച്ചത്, തിരുവന ന്തപുരത്തെ  സ്വന്തം വീട്ടിൽ.

അവൾ ആത്മഹത്യ കുറിപ്പ് എഴുതി വച്ചിരുന്നില്ല.

 

ഷൂട്ടിങ്ങ് തീർന്നതിന്റെ   ആഘോഷം  കഴിഞ്ഞ്  വേളുപ്പാൻ കാലത്താണ്  സാജൻ ഉറങ്ങാൻ കിടന്നത്. ആഘോഷത്തിൽ പതിവിലധികം  കുടിച്ചു. രാവിലെ  ഫോൺ നിർത്താതെ അടിക്കുന്നുണ്ട്. അമ്മ വന്ന് കുലുക്കിവിളിച്ചുണർത്തിയപ്പോഴാണ്   സാജൻ ഉണർന്നത്. തലയ്ക്ക നല്ല ഭാരം. ചാനലിൽ നിന്നാണ്  ഫോണ്‍ വന്നത്. അങ്ങനെയാണ്  ഞെട്ടിച്ച വിവരം സാജൻ അറിഞ്ഞത്. എന്താണ് പറയുന്നത് എന്നുതന്നെ  സാജന്  ആദ്യം വ്യക്തമായില്ല. പരിസരബോധം വന്ന് സാജൻ പറഞ്ഞു.“ ഞാൻ ഒന്നും അറിഞ്ഞിട്ടില്ല. പിന്നെ വിളിക്കൂ. ഇത് വിശ്വസിക്കാൻ തന്നെ കഴിയുന്നില്ല.”

ഷൂട്ടിങ്ങ് കഴിഞ്ഞ് വന്ന് റോസ്സിയുടെ മേക്കപ്പോടെ ആണ് അവർ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്.

അതെ.ദയവായി പിന്നെ വിളിക്കൂ. ഇന്നലെ ഷൂട്ടി ങ്ങ് അവസാന ദിവസമായിരുന്നു . അവർ സന്തോഷമായി യാത്ര പറഞ്ഞു പിരിഞ്ഞു. അത്രയേ എനിക്കറിയൂ. ഞാൻ ഉറക്കം ഉണർന്നിട്ടേയുള്ളൂ. ഇതങ്ങോട്ട് ഉൾക്കൊള്ളാൻ തന്നെ കഴിയുന്നില്ല. നിങ്ങൾ പിന്നെ വിളിക്കൂ . സാജൻ ഫോൺ കട്ടു ചെയ്തു.

പിന്നെ തുടരെത്തുടരെ ഫോൺ വിളികളായി. ഇതില്‍ കൂടുതല്‍ആരോടും  ഒന്നുംപറയാനില്ല. ക്യാമറമാൻ  നിതിൻ വിളിച്ചപ്പോഴാണ്   അല്പം ആശ്വാസം.

സാജന്  രേഷ്മനായർ  തന്റെ കഥാപാത്രം മാത്രമായിരുന്നു.

ചാനല്‍ വാർത്തകളില്‍ ഊഹാപോഹങ്ങൾ  വന്നു തുടങ്ങി. എല്ലാവരും ഹൈലൈറ്റ്സ്  ചെയ്യുന്നത്  സാജന്റെ  സിനിമയും  റോസ്സിയും  ആ കഥാപാത്രത്തിന്റെ   വേഷത്തിൽ  രേഷ്മ മരിച്ചതുമാണ്. ബ്രേക്കിങ്ങ്  ന്യൂസ് ആയി ഒരോന്നും വരാൻ തുടങ്ങി. ക്യാപ് ഷനുകൾക്ക്  ചാനലുകൾ മത്സരിച്ചു. സോഷ്യൽ  സൈറ്റുകളിൽ പ്രാധാന ചർച്ചയായി. മറ്റു താരങ്ങളും  ചലച്ചിത്രപ്രവർത്തകരും ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നു..

മേക്കപ്പ്  സാധാരണ  ലൊക്കേഷനിൽ വച്ചു തന്നെ  മാറ്റുകയാണ് പതിവ്. വീട്ടിൽ പോയി മാറ്റാം എന്ന് പറഞ്ഞപ്പോൾ  ലേറ്റയതുകൊണ്ടെന്ന്  വിചാരിച്ചതല്ലാതെ   അസ്വാഭാവികമായി തോന്നിയില്ല എന്ന് ആയ പറഞ്ഞതായി റിപ്പോർട്ട്. ഭക്ഷണം ലൊക്കേഷനിൽ വച്ചുതന്നെ കഴിച്ചിരുന്നു. വന്നപാടെ അമ്മയോട്  കിടക്കയാണ്  നല്ല ക്ഷീണം എന്ന് പറഞ്ഞ് മുറിയിൽ കയറി. മേക്കപ്പ് നീക്കേണ്ടേന്ന് ചോദിച്ചപ്പൊ   അത് ഞാൻചെയ്തോളാമെന്ന് പറഞ്ഞ് കതകടച്ചു. ആയ വിശദീകരിച്ചു.

ഉന്നതപോലീസ്  ഓഫീസേഴ്സിന്റെ   അന്വേഷണസംഘം  സാജനെ  ചോദ്യം ചെയ്യാൻ വിളിപ്പിച്ചുചാനൽകാരോട് പറഞ്ഞതിനപ്പുറം  സാജന് ഒന്നും പറയാൻ ഇല്ലായിരുന്നു.

കഥാപാത്രത്തിന്റെ   ജീവിതമല്ലാതെ  നടിയുടെ ജീവിതം, കണ്മുന്നില്‍ കാണുന്നതിന്റെ അകം സംവിധായകൻ അറിയുന്നില്ല്ലെന്നത്, അങ്ങനെ തൊട്ടടുത്ത് നിൽക്കുന്ന ഓരോരുത്തരും   അടഞ്ഞ ചതുരപ്പെട്ടികളാണെന്നത്    സാജൻ അറിഞ്ഞു.

ആലോചനയിൽ  ഇരുളിൽ തപ്പി നെയ്തെടുത്ത രൂപങ്ങളുടെ ഇഴപിരിക്കാന്‍  താന്‍ എടുത്ത റോസ്സി ഒരു നിഴൽ ചിത്രം എന്ന സിനിമ  വീണ്ടും ഇരുളില്‍ തന്നെ എന്നയാള്‍ക്ക് വെളിപ്പെട്ടുഇരുളാണ്    കലയുടെ ലോകം  എന്ന്    മനസ്സിൽ  വന്നതിനെ കല ഇരുട്ടാണ് എന്ന് ചുണ്ട് ഉച്ചരിച്ചു. art is darkness അവൻ മന്ത്രിച്ചു.

അഭിനയിച്ച  സിനിമയിലെ  ദൃശ്യങ്ങൾ, പഴയ ഇന്റർവ്യൂകള്‍, റോസ്സി  ഒരു നിഴൽ ചിത്രത്തിലെ  ലോക്കേഷൻ  ദൃശ്യങ്ങൾ  ഒക്കെ ചാനലുകളിൽ  വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. ആത്മഹത്യ തന്നെയെന്ന്  പോലീസ്  സ്ഥിരീകരിച്ചു  എന്നാണ്  വാർത്ത. കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്ഇപ്പോൾ ഒന്നും പറയാറായിട്ടില്ല   എന്ന് ഉന്നത പോലീസ്  ഓഫീസര്‍. പോലീസ്  ശരിയായ ദിശയിൽ അന്വേഷണം നടത്തുന്നുണ്ട് എന്ന് ആഭ്യന്തര മന്ത്രിയും.

ഇപ്പോൾ  ബ്രേക്കിങ്ങ് ന്യൂസ് ഇങ്ങനെ.

അന്വേഷണം പൂർവ കാമുകനിലേയ്ക്ക്   "

നടി രേഷ്മ നായരുടെ പൂർവകാമുകൻ  ഐ ഐ ടിയിൽ റിസർച്ച് ചെയ്യുന്ന സതീഷ് "

കൂടുതൽ വിവരങ്ങൾ വാർത്തയിൽ വന്നു.സതീഷ് ദളിതനാണ്രേഷ്മയും സതീഷും എഞ്ചിനീയറിങ്ങിന്  ഒരുമിച്ച് പഠിച്ചവർ. അന്നേയുള്ള സുഹൃദ് ബന്ധം പ്രണയമായി വളർന്നു. ബി ടെക്കിനുശേഷം സതീഷ് റിസർച്ചിന്  ഐ ഐ റ്റിയിൽ ചേർന്നു. രേഷ്മ എം ബി യ്ക്കും. എം .ബി . ഒന്നാം വർഷം പഠിയ്ക്കുമ്പോഴാണ്   രേഷ്മ നായർ  മിസ്സ് കേരള മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. തുടർന്ന് സിനിമയിലും. അപ്പോഴും  സതീഷുമായുള്ള  ബന്ധം തുടർന്നുകൊണ്ടിരുന്നു. അടുത്ത ഒരു വർഷം കൊണ്ട്  സിനിമാഭിനയം  നിർത്താനും  വിവാഹിതയാവാനും  കുടുംബത്തിൽ തീരുമാനമുണ്ടായി. അമേരിക്കയിൽ  ജോലിചെയ്യുന്ന പയ്യനെ  വിവാഹം ചെയ്യുന്ന കാര്യം വീട്ടുകാർ  പറഞ്ഞപ്പോൾ  രേഷ്മയ്ക്കും സമ്മതമായിഎന്നുംഅയാളുമായി  നല്ല ബന്ധമായിരുന്നുയെന്നുമാണ് രേഷ്മയുടെ അച്ഛൻ പറഞ്ഞത്.മകളുടെ സിനിമയിലെ അഭിവൃദ്ധിയില്‍ തങ്ങള്‍ക്ക് അഭിമാനവും സന്തോഷവുമായിരുന്നു എന്ന് മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രേഷ്മയുടെ അമ്മയും പറഞ്ഞു.അവളുടെ ആത്മഹത്യയ്ക്ക് ഞങ്ങള്‍ ഒരു കാരണവും കാണുന്നില്ല. അവര്‍ പറഞ്ഞു.

സതീഷിനെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ പറഞ്ഞു;

സതീഷിനെ  അവളുടെ സുഹൃത്തായെ  ഞങ്ങൾ കണ്ടിട്ടുള്ളൂ.അടുത്തകാലത്തൊന്നും സതീഷുമായി ബന്ധമുള്ളതായി അറിവില്ല.

പക്ഷേ രേഷ്മയും താനും തമ്മിൽ പ്രണയത്തിലായിരുന്നു   എന്ന്  സതീഷ് പോലീസിനോട്   പറഞ്ഞു. നാലുദിവസം മുൻപ് ചെന്നൈയിൽ വച്ചു തമ്മിൽ കണ്ടു എന്നും. അന്ന് ലൈംഗീകമായി  ബന്ധപ്പെട്ടു എന്നും പോലീസിനോട്   പറഞ്ഞു. രേഷ്മയുടെ ഫോൺ കാൾ ഹിസ്റ്ററിയിൽ നിന്നാണ്   സതീഷിന്റെ പേർ പോലീസിന്  കിട്ടിയത്. കഴിഞ്ഞ നാലുദിവസം  രേഷ്മ ആരേയും വിളിച്ചതായി കാണുന്നില്ല. ഇങ്ങോട്ട് വന്ന ഫോൺ അറ്റെന്റ് ചെയ്തത്  സാജന്റെ പടത്തിന്റെ പ്രൊഡക് ഷൻ മാനേജരുടേത് മാത്രം. സതീഷിന്റെ  പേരിൽ അത്മഹത്യ യ്ക്ക് പ്രേരിപ്പിച്ചതിന്  കേസെടുക്കുമോ എന്ന് ഇനിയും പറയാറായിട്ടില്ല.

തന്റെ നായിക ഇപ്പോൾ  റോസ്സിയാണോ  രേഷ്മയാണോ  റോസ്സിയും  രേഷ്മയും ചേർന്നതാണോസാജൻ ചിന്തിച്ചു.

സിനിമയുടെ  ചരിത്രത്തിൽ നടികളുടെ ആത്മഹത്യയുണ്ട്. ;ശോഭ, വിജയശ്രീ, സില്‍ക്ക്സ്മിത. അങ്ങനെ പലരും. നടന്മാർ ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ. തന്റെ അറിവിൽ ഇല്ല .

സാജൻ തീരുമാനിച്ചു , സതീഷിനെ കാണാൻ.

സാജൻ താമസിക്കുന്ന  ഹോട്ടലിൽ സതീഷ് വന്നു.

സതീഷ് പറഞ്ഞു.

ഇപ്പോൾ തോന്നുന്നു രേഷ്മ ഒരു ദുരൂഹതയാണെന്ന്..എല്ലാം ദുരൂഹത. അവന്റെ കണ്ണുകൾ  നനഞ്ഞു.

അവൾ എനിക്ക് സന്തോഷം തന്നു.എനിക്ക് ശക്തിയും പ്രേരണയുമായി. പക്ഷേ എനിക്കവളെ അറിയില്ലായിരുന്നു  എന്ന് മനസ്സിലാക്കുമ്പോൾ  കഴിഞ്ഞതെല്ലാം   വ്യർഥവും പരിഹാസ്യവുമായി തോന്നുന്നു.അന്ന് മരിക്കുന്നതിന് നാലു ദിവസം മുന്‍പ് ഒരു പകൽ മുഴുവൻ ഞങ്ങൾ സന്തോഷത്തിലായിരുന്നു..അവൾ എന്നെ ഒരുപാട് സന്തോഷിപ്പിച്ചതായി  ഇപ്പോൾ  തോന്നുന്നു. അതിനുമുൻപും ഞങ്ങൾ ലൈംഗീകമായി ബന്ധപ്പെട്ടിട്ടുണ്ട്.പക്ഷെ അന്ന് അവൾക്ക് എന്നെ ഒരു പാട് സന്തോഷിപ്പിക്കാനായി. അവസാനം  യാത്രയ്ക്ക് കാറിൽ കയറി ഇരുന്നിട്ട് അവൾ പറഞ്ഞു, ഇനി നമ്മൾ കാണില്ല.ഞാൻ ഞെട്ടിയോ തമാശപറയുന്നതായി കണ്ടോ. എനിക്കറിയില്ല.

ഞാൻ ചോദിച്ചു. നീ തമാശപറയയാണോ. അവൾ പറഞ്ഞുഅല്ല. ഗൗരവത്തിലാണ് . ഇനി നമ്മൾ കാണില്ല.

അതെന്ത്? ഞാൻ സഹിക്കാനാകാതെ ചോദിച്ചപ്പോൾ അവൾ  എന്തും സംഭവിക്കാം  എന്ന് തമാശമട്ടില്‍ പറഞ്ഞ്  ബൈ എന്ന് കൈ കാണിച്ച് കാർ ഓടിച്ച് പോയി. കുറച്ച് കഴിഞ്ഞ് ഒരു മെസ്സേജ് വന്നു

'i m going to marry him ' എന്ന്. അപ്പോൾ  സത്യത്തിൽ എനിക്കവളെ കൊല്ലണമെന്ന് തോന്നി.എന്റെ മുന്നില്‍ വച്ചുപറഞ്ഞിരുന്നുവെങ്കില്‍ ഞാനവളെ കൊല്ലുമായിരുന്നു എന്നതില്‍ എനിക്കൊരു സംശയവുമില്ല. ഞാൻ എന്തൊക്കെയോ  ദേഷ്യത്തിൽ  കാട്ടിക്കൂട്ടി.പിന്നെ അവൾ എന്റെ ഫോൺ എടുത്തിട്ടില്ല.അവൾ എന്തിനെന്നെ ചീറ്റ് ചെയ്തു. സതീഷ് പൊട്ടികരഞ്ഞു.

ദുരൂഹതയുടെ  വഴിയിൽ അരണ്ട വെട്ടത്തിൽ  സാജൻ നടന്നു. അമേരിക്കന്‍ മലയാളിയെവിവാഹം ചെയ്യാൻ  ഒരു തടസ്സവും കണ്ടില്ല. തെറ്റിപ്പോകുന്ന വഴിയിൽ സാജൻ നടന്നു. കണ്ടക്റ്റെഡ്  ടൂറുകളുടെ വഴി കണ്‍കെട്ടാണ്. പാതകള്‍ ഉപേക്ഷിച്ച്  അവന്‍ നടന്നു.

സാജൻ ഓർത്തു, സതീഷ് പറഞ്ഞത്..

' എല്ലാം അവൾക്ക് കളിയായിരുന്നു എന്ന് ഇപ്പോൾ ഓർക്കുമ്പോൾ തോന്നുന്നു. എല്ലാ കളികൾക്കും എന്റെ പിന്തുണയും സമ്മതിയും വേണമായിരുന്നു. സിറ്റിയിലെ  ഒരു ബ്യൂട്ടി കൊണ്ടെസ്റ്റാണ്  ആദ്യം. അതിൽ വിജയിയായപ്പം പരസ്യ ചിത്രങ്ങൾ വന്നു. അതു ചെയ്തു. ഇങ്ങനെ സൗന്ദര്യവും ശരീരവും  തടിക്ക് കേട് വരാതെ  വിൽക്കാമെന്നത്  ഒരു നല്ല കാര്യമാണല്ലടാ . ഒന്നു വച്ചു പിടിച്ചാലോ. ഒരു തമാശയ്ക്ക്  എന്ന് അവൾ പറഞ്ഞത്  ഇപ്പോൾ  ഞാൻ തെളിഞ്ഞു കാണുന്നു. അവളുടെ ഭാവംചിരി. എല്ലാം.കളി കാര്യമാകുമെന്ന്  ഞാൻ പറഞ്ഞപ്പോ  നീ എന്റെ കൂടെയുണ്ടായ  മതി എന്നവൾ പറഞ്ഞു. മിസ്സ് കേരള മത്സരം, സിനിമാഭിനയം എല്ലാം തൽക്കാലത്തേയ്ക്കുള്ള  രസം. അത്ര തന്നെഎല്ലാംഒരു തമാശയ്ക്ക് ചേർന്നാലോ എന്നാണ്  അവൾ ചോദിയ്ക്കുന്നത്. എവിടം വരെ പോകുന്നെന്ന് നമുക്ക് കാണാം. നീ എന്റെ കൂടെ വേണം. അവൾ എപ്പോഴും പറയും. ഒരിക്കൽ അവൾ പറഞ്ഞു : കളി അവസാനിക്കുമെന്ന് തോന്നുന്നു. അമേരിക്കകാരന്റെ കല്യാണാലോചനയൊക്കെ വരുന്നുണ്ട്. നീ കെട്ടോ  എന്ന് ഞാൻ ചോദിച്ചപ്പം  അങ്ങനെ ഈ തമാശക്കളി അവസാനിപ്പിക്കാൻ ഞാനില്ല. എനിക്ക് നിന്റോട് ചേർന്ന് ജീവിതം തമാശയായി അങ്ങനെ പോവണം അവസാനം വരെ. സ്കൂളിൽ വച്ചേ  എനിക്കവളെ  അറിയും. ഒരു നായർ പെണ്ണിനോട്  കൂട്ടു കൂടി ജീവിതം തുലയ്ക്കാൻ എനിക്ക് തോന്നിയില്ല. അവൾക്ക് ഒത്തിരി ആൺ സൗഹൃദങ്ങളുണ്ടായിരുന്നു. പല പ്രണയങ്ങൾ കഴിഞ്ഞാണ്  സെക്കന്റ് ഈയർ എഞ്ചിനീയറിങ്ങിന്  അവൾ  എന്നെ ലവ് ചെയ്യുന്നു എന്ന് പറയുന്നത്. ഞാനത്ര കാര്യമാക്കിയില്ല. അപ്പോഴേയ്ക്കും   ഞങ്ങൾ സുഹൃത്തുക്കൾ  എന്ന നിലയിൽ ഒരുപാട് അടുത്തു. ഇപ്പോഴാണ്  റീയൽ ലവ് തിരിച്ചറിയുന്നത്  എന്ന് അവൾ  എന്നോട് പറഞ്ഞു. അങ്ങനെ ക്രമേണ ഞങ്ങളുടെ ബന്ധം വളർന്നു. അത് സുഹൃത്തുക്കൾക്കെല്ലാം അറിയാം. അവളുടെ ബ്രതറിനുമറിയാം.. അവൾ ഇരുളിൽ മറഞ്ഞു.അവളോടൊത്തുള്ള  എന്റെ പാസ്റ്റ് ഞാൻ ഏതിരുളിൽ തള്ളും. അവൻ വേദന കടിച്ചമർത്തുന്നത്  സാജൻ കണ്ടു.

സാജൻ ജയേഷ് മേനോനേയും കണ്ടു. രേഷ്മയുമായി  വിവാഹം ഉറപ്പിച്ച  അമേരിക്കന്‍ മലയാളി.

കുടുംബക്കാർ  പറഞ്ഞുറപ്പിച്ചു. ഒരു വർഷം കഴിഞ്ഞ് നടത്തുക, ഇനി പുതിയ കരാറുകൾ വേണ്ട എന്ന് തീരുമാനിച്ചിരുന്നു. അതിനുശേഷമാണ്   റോസ്സിയുടെ  വേഷം വന്നത്. അത് കൂടി അഭിനയിക്കണം. എന്ന രേഷ്മയുടെ  ആഗ്രഹത്തിന്  ഞങ്ങളാരും തടസ്സം നിന്നില്ല. രേഷ്മയുമായി  പലവെട്ടം ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അതിന് ആദ്യം മുൻ കൈയെടുത്തത് രേഷ്മയാണ്. നമ്മൾ വിവാഹം ചെയ്യാൻ തീരുമാനിച്ച സ്ഥിതിയ്ക്ക്  മനസ്സും ശരീരവും ആഘോഷിയ്ക്കണം. വിവാഹ ചടങ്ങ് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ എന്നാണ് അവൾ പറഞ്ഞ ന്യായം. അവൾ എന്നെ പ്രണയിക്കുന്നതായി തന്നെ സത്യമായും എനിക്കു തോന്നി. ഇപ്പോൾ ആലോചിയ്ക്കുമ്പോൾ ഒന്നും മനസ്സിലാകുന്നില്ല. അയാൾ നെടുവീർപ്പിട്ടു.

സതീഷിനെ  കുറിച്ച് ചോദിച്ചപ്പോൾ    ജയേഷ്  മേനോൻ  പറഞ്ഞു.

സതീഷ് എന്ന ഒരു സുഹൃത്തിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു സിനിമ നടിയെ  വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോഴേ  അവരുടെ പൂർവബന്ധങ്ങൾ അന്വേഷിക്കരുത്  എന്ന് കരുതിയിട്ടുണ്ട്., ലൈംഗീകബന്ധങ്ങളും. പ്രശസ്ത നടിയായ മിസ്സ് കേരളയെ വിവാഹം കഴിച്ച്  എനിയ്ക്ക് സ്വന്തമാക്കാൻ  ഞാൻ ആഗ്രഹിച്ചു. അതിന് എന്തു ചെയ്യാനും ഞാൻ തയ്യാറായിരുന്നു. അമേരിക്കൻ  മലയാളികളുടെ  മുന്നിൽ ഞാൻ.....എന്തെല്ലാം സ്വപ്നം കണ്ടു...

പക്ഷെ അർഥവത്തായ  ഒരു കാര്യം കൂടി ജയേഷ് മേനോൻ  സാജനോട്  പറഞ്ഞു.

മരണം എല്ലാം മാറ്റി മറിയ്ക്കുന്നു. തിരിഞ്ഞു  നോക്കുമ്പോൾ  ഞങ്ങൾ തമ്മിലെ  ഓരോ സംഭവവും പുതിയ അർഥത്തിലാണ്  ഞാൻ കാണുന്നത്. അവളുടെ ഓരോ വാക്കും  പുതിയ അർഥത്തിൽ. അവൾ എല്ലാം  നേരത്തെ തീരുമാനിച്ചിരുന്നു. എല്ലാം  അവൾക്ക് അഭിനയമായിരുന്നു... a successful actress.”

സാജൻ രേഷ്മയെ  കണ്ട അവസാന നിമിഷം ഓർമ്മിച്ചു.

ഷൂട്ടിങ്ങ് തീർന്ന് പിരിയുമ്പോൾ  സാജൻ തിരക്കിലായിരുന്നു. ഓരോരുത്തരും പിരിയുന്നു. രേഷ്മയാത്ര ചോദിയ്ക്കാൻ വന്നപ്പോൾ  തിരക്കിനിടയിൽ  സാജൻ കൈ വീശി. തിരക്കിൽ മിന്നിപ്പോകുന്ന കൺ കാഴ്ചയിൽ  പിന്നെയും കണ്ടു, കാറിൽ കയറാൻ പോകുമ്പോൾ  തിരിഞ്ഞ് നോക്കുന്നത്. ഒന്നു കൂടി കൈ വീശി കാണിച്ചപ്പോൾ   കാറിന്റെ  തുറന്ന ഡോർ അടച്ചുപിടിച്ച് സാജനെനോക്കി നിൽക്കുന്നു. സാജൻ അടുത്തേയ്ക്ക്  ചെന്നു.

ശരി രേഷ്മ .പിന്നെ കാണാം. രേഷ്മ നന്നായി സഹകരിച്ചു. നന്നായി ചെയ്തു. പ്രി വ്യൂ വിന് അറിയിക്കാം. ഒരുമാസം. അതിനപ്പുറം പോകില്ല. ക്രിസ്സ്മസ്സിന് റിലീസ് ചെയ്യണം. ഇത്തരം ഉപചാര വാക്കുകൾ  പറയേണ്ടതാണല്ലോ   എന്ന് ഓർത്ത്കൊണ്ട്  സാജൻ പറഞ്ഞു.

പ്രിവ്യൂവിന് ഞാൻ കാണില്ല. കാണണമെന്ന് ആഗ്രഹമുണ്ട്. സിനിമ വൻ വിജയമാകും. അവൾ സന്തോഷം മുഖത്ത്  വിരിഞ്ഞ്  ചിരിച്ച് കൈകൂപ്പി  യാത്ര ചോദിച്ച് കാറിൽ കയറി.

താന്റെ ഓർമ്മയിൽ വരുന്ന ദൃശ്യത്തിനും  രേഷ്മയുടെ വാക്കുകൾക്കും പുതിയ അർഥം. അപ്പോൾ അവൾ റോസ്സിയുടെ വേഷത്തിലായിരുന്നു  എന്ന് സാജൻ ഓർത്തില്ല. ഇപ്പോൾ തെളിയുന്ന ഓർമ്മയിൽ  റോസ്സിയുടെ  വേഷം. വിപര്യങ്ങൾ തന്നെയല്ലേ  തന്റെ റോസ്സി ചിത്രത്തിന്റെ പ്രമേയം. മാധ്യമങ്ങൾ  രേഷ്മയെ  ചമച്ചുകൊണ്ടിരിക്കുന്നു.

എന്തിനാണ്  അവൾ റോസ്സിയുടെ വേഷത്തിൽ മരിച്ചത്. അറിയില്ല. ഒന്നുമറിയില്ല.

അവൾക്ക് മരണശേഷം ലോകം ഇരുട്ടായതുപോലെ അവൾ ഈലോകത്തിനും ഇരുട്ട്.   മരിച്ചവരിൽ കഥയുണ്ടാക്കി പൊലിപ്പിച്ച്   ലോകം ചരിത്രം രചിക്കുന്നു..ഭാവി ലോകത്തേയും രചിക്കുന്നു..

എല്ലാകഥകളുടേയും  കൂട് വിട്ട് അവൾ പറന്നു പോയി .

വിഗതകുമാരനില്‍   രേഷ്മയഭിനയിച്ച, റോസ്സിയഭിനയിച്ച   സരോജിനിയുടെ    ഭാഗങ്ങള്‍ നിശ്ശബ്ദം  ഓടുകയായിരുന്നു.., സാജന്റെ മുന്നില്‍ ..


                                                

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image