യാത്രയില്‍ കാണാത്തത്
ബ്രുന്ദ

തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ
ചിലതൊക്കെ ഓടി മറയും.

വഴിയിറമ്പിലെ കാഴ്ചകളല്ല.
അതു വരെ ഉണ്ടായിരുന്നവ
എന്തു പേരിട്ട്
വിളിക്കണമെന്നറിയാത്തവ

അതുവരെയുണ്ടായിരുന്നതിൽ നിന്ന്
ഓടി മറയുന്ന ഒരാൾ
ജാലകത്തിനരികെ ഇരുന്ന്
എവിടേക്കോ നോക്കുന്നു

സ്വപ്നത്തിൽ നിന്ന്
ഇറങ്ങിപ്പോന്ന ഒരാൾ
വെറുതെ യാത്ര ചെയ്യുന്നു.

കാഴ്ചകൾ ആസ്വദിക്കുന്നു
എന്നു ഭാവിച്ചുകൊണ്ട് ഒരാൾ
അകത്തേക്കുള്ള വാതിലുകൾ അടയ്ക്കുന്നു.

എല്ലാ യാത്രകളും തനിക്കൊരുപോലെയെന്ന്
ഒരാൾ ഉറക്കം നടിക്കുന്നു .

ഒരേ സമയം 
എത്ര ജീവിതങ്ങളാണ്
തീവണ്ടിയറയ്ക്കുള്ളിൽ
ഒറ്റയ്ക്കൊറ്റക്കു കൂടു കൂട്ടിയിട്ടുള്ളത്.

എന്നിട്ടും 
ഇരുട്ടിനെ തുളച്ചും
വെളിച്ചത്തെ തുരന്നും
തീവണ്ടിയിങ്ങനെ കടന്നു പോകും.

പറയാനാകാത്ത ചിലതൊക്കെ
പാളങ്ങളിലൂടെ പോകുന്നുണ്ടെന്ന്
ചക്രങ്ങൾ പിറുപിറുക്കും.

തീവണ്ടിയിൽ
യാത്ര ചെയ്യുമ്പോൾ
ഒരു നീലിച്ച യാത്രയുടെ
ഓർമ ഞരമ്പുകൾ വന്ന് തൊടുന്നു.

പാലത്തിനടിയിലൂടെ
നദിക്ക് ഒഴുകാമെന്ന്
അടക്കം പറയുന്നു'
..............................

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image