ഞാൻ ബിലാട്രീസയെ പിന്തുടരുന്നു

ഞായറാഴ്ച !കവിത
ഞാൻ ബിലാട്രീസയെ പിന്തുടരുന്നു
എൻ.ആർ.രാജേഷ് / +919539070338
ഫോൺ നമ്പർ ചോദിച്ചിട്ടു തരാത്ത പെണ്ണേ
ബസ്സിൻ പിന്നിലെ സീറ്റിലുണ്ടെന്നും ഞാനെന്റെ
കണ്ണുകളിന്നു പൊങ്ങിയുണരും ബുൾസൈ.
സാരി, ചുരിദാർ നേരെയാക്കുന്നുണ്ട് നീയെന്നും
പായുന്ന ബസ്സിലൊറ്റക്കയ്യാൽ ബാലൻസു തെറ്റാതെ.
എന്റെ പിടിവാശി ബസ്സിന്റെ ബോർഡിലെയവസാന
സ്റ്റോപ്പിലെ ടിക്കറ്റേയെടുപ്പിക്കൂ... ജീവിതത്തിനക്കരെ പോകാം
നീയിറങ്ങുമേതു സ്റ്റോപ്പിലുമിറങ്ങാൻ പാകമായ്
വന്നു വന്നിന്നു ഞാനും നിന്റെയോഫീസിന്നടുത്തൊരു
പണി വാങ്ങിച്ചല്ലോ
കണ്ടക്ടർ തെണ്ടിയവനൊരു പന്നനോട്ടം നോക്കുമെങ്കിലും
കൂട്ടുകാരനായതിൽപ്പിന്നെ നോട്ടമില്ല... വീണുവോ മത്സ്യകന്യകയെന്നൊരു
ചോദ്യത്തിലെ മീൻപിടുത്തക്കാരൻ ഞാൻ തന്നെയാവാം.
ടിക്കറ്റുവേണ്ടെന്നിടക്കിടെ കാണിക്കും സൗഹൃദത്തിനൗദാര്യം തരാത്തവൻ.
ബിലാട്രീസേ നീ പോകുമ്പോൾ
സാരിയൊരു അരുവിയായ് ഓളങ്ങൾ വെട്ടും,
നീ സ്റ്റെപ്പു കയറുമ്പോൾ ഞാൻ സ്റ്റെപ്പാവാൻ കൊതിക്കും,
നീയിരിക്കും നേരമാ കസേരയാവാൻ.
മരങ്ങളിൽ നിന്നിലകൾ വീഴുമ്പോൾ
നിന്റെ ബ്ലൗസിനുള്ളിലെയിരുട്ടിലപ്രത്യക്ഷമാകുമൊരു തരിയാകാൻ
ബിലാട്രീസേ... നിന്നോടുള്ളതെനിക്കു കാമമോ പ്രേമമോ?
സത്യമിതു പ്രേമമാ ബിലാട്രീസേ...
ഉമിനീർ സമുദ്രത്തിൽ കപ്പലോടിക്കും നാവികൻ ഞാൻ.
എന്നിട്ടുമെന്തിനാ ബിലാട്രീസേ
നീ താമസിക്കും ഹോസ്റ്റലിലെ ഷവറായ്
ജനിക്കുമടുത്ത ജന്മമെന്നു പറയവെ
ഞാൻ കുളിച്ചതിൻ ശേഷം
നിന്നെയൊരു കുരുടനാക്കുമെന്നെന്നോടു
പറഞ്ഞത്.
നീ താമസിക്കും ഹോസ്റ്റലിലെ അഴയായ്
മാറണമടുത്ത ജന്മമെന്നു പറയവെ
എന്റെ തുണിയുണങ്ങിയതിൻ ശേഷം
നിന്റെ തൊലി ഞാനുരിഞ്ഞെടുക്കുമെന്നെന്നോടു പറഞ്ഞത്.
ബിലാട്രീസേ നിന്റെയൊടുക്കത്തെയുപമകളിൽ
എന്റെ കണ്ണു തള്ളുന്നു.
നിന്റെ ഹോസ്റ്റലിലെ ഷവറായ് മാറുന്നതെനിക്കു
നിന്നെ നിത്യവും കാണുവാനല്ല,
നീ വൃത്തിഹീനയാവാതെ, നിന്റെ കൂട്ടുകാരികൾ
വൃത്തിഹീനകളാവാതെയാ ഹോസ്റ്റൽ കുടുംബത്തിൻ
നാഥനാവുകയത്രമേൽ വിശുദ്ധമായ്
പ്രണയിക്കുന്നു ബിലാട്രീസേ... നിന്നെ ഞാൻ പിന്തുടരുന്നു.
Good