ഒരു നിപ്പ കാലത്ത് 

(2018 മെയ് 5 - ജൂണ്‍ 30)

 

കൊച്ചിയില്‍ ഒരു രോഗിക്കു നിപ്പ എന്ന് ആരോഗ്യ വകുപ്പ് 2019 ജൂണ്‍ നാലിന് ചൊവ്വാഴ്ച സ്ഥിരീകരിച്ചിരിക്കുന്നു .ആ പശ്ചാത്തലത്തില്‍ കഴിഞ്ഞ മെയില്‍ നിപ്പ ആദ്യം ബാധിച്ച കോഴിക്കോട്ടെ കഥകള്‍ .ഇതിനിടയില്‍ ആ രോഗം കൈകാര്യം ചെയ്യാനുള്ള വൈദഗ്ദ്യം നാം നേടി .അത് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വായത്തമാക്കി .വെറുതെയായില്ല ആ ദുരന്തം എന്ന് ഇന്നത്തെ മുന്‍കരുതലുകള്‍ സൂചിപ്പിക്കുന്നു

 

2018 മെയ് - ജൂണ്‍ മാസങ്ങളില്‍ കോഴിക്കോട് നഗരത്തെ വിറ കൊള്ളിച്ച ഒരു മഹാമാരിയുടെ കഥ.

 


കടലില്‍ ഏകാന്തമായി ഒറ്റപ്പെട്ട ഒരാളെപ്പോലെ, വികാരങ്ങള്‍ക്കെല്ലാം അവധി നല്കി, മരണത്തിന്റെ കാലച്ചൊകള്‍ മാത്രം എങ്ങും കേട്ടിരുന്ന ദുരന്തദിനങ്ങള്‍ കടന്നുപോയി എന്ന് ഇന്നും വിശ്വസിക്കാനാവുന്നില്ല. മരണം ഏതെല്ലാം രൂപങ്ങളിലാണ്, ഏതെല്ലാം ഭാവങ്ങളിലാണ് വരുന്നത്. ഓരോ ദിവസവും പൊട്ടിവിടര്‍ന്നിരുന്നത് മറ്റൊരു മരണവാര്‍ത്ത കൂടി കേള്‍ക്കരുത് എന്ന പ്രാര്‍ത്ഥനയോടെയാണ്. ഒരു അപ്രഖ്യാപിതമായ നിരോധനാജ്ഞ ഉളള നാട്ടിലൂടെ പേടിയോടെ, ഓരോ നിമിഷവും കടക്കുമ്പോള്‍, കമ്പോളത്തിലും നിരത്തിലും ഉളള ശൂന്യത അനുഭവിച്ച് അറിയേണ്ടത് തന്നെയായിരുന്നു. ദുരന്തത്തിന് ആക്കം കൂട്ടിക്കൊണ്ട് ഇടക്കിടെ പെയ്യുന്ന ഘോരമഴ. ആ തണുപ്പില്‍ ഈറനണിഞ്ഞ നിരത്തരികുകളിലൂടെ നടക്കുമ്പോള്‍ ഭീതിയുടെ വലയത്തില്‍ ഒരു നഗരം ഉണരുകയായിരുന്നു . എവിടെപ്പോയി ജനക്കൂട്ടം ? അവരുടെ ഒച്ചകള്‍. റംസാന്‍ നോയ്മ്പിന്റെ കാലമായതിനാലാണോ പകലിന് മുമ്പെ നഗരം ഉറങ്ങിപ്പോയത്? വഴികളില്‍ ഒരു വേനലവധിക്കാലത്തിന്റെ നിരവധി സൂചനകള്‍ പക്ഷെ, കളിക്കളങ്ങളില്‍ ആരെയും കാണാനില്ല. നഗരം വല്ലാത്ത നിദ്രയിലാണ്. 2018ലെ മെയ്മാസവും ജൂണ്‍മാസവും ഒരിക്കലും മറക്കാനാവാത്ത ദിനരാത്രങ്ങളായി . 

 

 നഗരം വലുതാകുമ്പോഴും ഗ്രാമീണത ഒട്ടും നഷ്ടപ്പെടാത്ത പ്രദേശം. സാമൂതിരിയുടേയും ടിപ്പുവിന്റെയും ഒക്കെ കാലത്ത് വാണിജ്യനഗരമായിരിക്കാം കോഴിക്കോടെങ്കിലും ഇന്നത് വളരെ ചെറിയ വളര്‍ച്ചയില്ലാത്ത ഒരു നഗരമായി ഒതുങ്ങിയിരിക്കുന്നു. വ്യവസായങ്ങളോ വാണിജ്യ കേന്ദ്രങ്ങളൊ ഇല്ലാത്ത ഒരു സാധാരണ കടല്‍പ്പുറ പട്ടണമാണിത്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ വേദിയാണ് അതിര്‍ത്തി ഗ്രാമങ്ങളെങ്കിലും കോഴിക്കോട് പൊതുവെ ശാന്തമാണ്. അവസാനത്തെ വ്യവസായം കൂടി കെട്ടിപ്പുറപ്പെട്ടതോടെ ചാലിയാര്‍ പോലും ഇവിടെ ശാന്തമായി ഒഴുകുന്നു.

 

അവിടെയാണ് മെയ് മാസത്തിലെ കൊടും ചൂടില്‍ മരണങ്ങളുടെ നീണ്ട നിര റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണത്തിനും ജ്യോമട്രിക്കല്‍ പ്രോഗ്രഷനാണ് ഉളളതെന്ന് വ്യക്തമാക്കി നിപ്പ വൈറസ് ഇവിടെ താണ്ഡവമാടിയത് ആ മാസമാണ്.

 

പകര്‍ച്ചവ്യാധികള്‍ നാട്ടില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്ന് ഹുങ്കിലിരിക്കുമ്പോഴായിരുന്നു നിപ്പയുടെ വ്യാപനം. ഇതേ കാലയളവില്‍ മരണം വിതച്ച എബോളയുടെയും മറ്റും വ്യാപനത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നുവെങ്കില്‍  മരണകാരണം കണ്ടെത്തുന്നത് എളുപ്പമായേനെ. എന്നാല്‍ അതിന് അധികൃതര്‍ക്കും ചികിത്സകര്‍ക്കുമായില്ല. 

 

പകര്‍ച്ചവ്യാധികള്‍ നടാടെയല്ല ഇന്ത്യയില്‍ ഗ്രസിക്കുന്നത്. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്‍ക്കത്തയിലുണ്ടായ പ്ലേഗില്‍ പതിനായിരക്കണക്കിന് ആളുകളാണ് മരണമടഞ്ഞത്. അടുത്ത ദശകത്തില്‍ ആ സംഖ്യ ഏതാണ്ട് ഇരട്ടിയായി. 

 

ഇതേ കാലയളവില്‍ തന്നെ വസൂരി ബാധ വലിയ ഒരു പകര്‍ച്ചവ്യാധിയായി . ഉറ്റവരേയും ഉടയവരേയും ഉപേക്ഷിച്ചുപോകേണ്ടിവന്ന വസൂരിക്കാലത്തെപ്പറ്റിയുളള ഓര്‍മ്മകള്‍ അക്കാലത്തെ രചനകളില്‍ നിറഞ്ഞു നില്ക്കുന്നു. ശരീരമാകെ വ്രണങ്ങളുടെ വടുക്കളുമായി ശിഷ്ട ജീവിതം കഴിച്ചവരും ഏറെ. 

 

എന്നാല്‍ ആന്റിബയോട്ടിക്കുകളുടെ വരവോടെ ബാക്ടീരിയ അധിഷ്ഠിതമായ രോഗങ്ങളുടെ വര്‍ധനവ് തടയപ്പെട്ടു. പ്ലേഗും കോളറയും എല്ലാം ആ പ്രഭവത്തില്‍ തകര്‍ന്നടിഞ്ഞുവെന്ന് വേണം കരുതാന്‍. വസൂരിക്കെതിരെ ശക്തമായ വാക്‌സിന്‍ രൂപപ്പെട്ടു. വസൂരി പൂര്‍ണ്ണമായി തുടച്ചുനീക്കിയെന്ന് ലോകാരോഗ്യസംഘടന തന്നെ പ്രഖ്യാപിച്ചു. 

 

എങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പ്ലേഗ് ഒരു തിരിച്ചുവരവ് നടത്തി. ഗുജറാത്തിലെ സൂററ്റിലായിരുന്നു അതിന്റെ കടന്നുവരവ്. ഏറെ സമയമെടുത്താണെങ്കിലും അത് നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. മാലിന്യം കുന്നുകൂടിയ ആ നഗരം ഇന്ന് ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ്. 

 

മാരകമായ രോഗങ്ങള്‍ നമ്മെ തുറിച്ചുനോക്കുന്നുവെന്ന മുന്നറിയിപ്പ് ഇല്ലാതിരുന്നില്ല. ഡെങ്കും, മലേറിയയുടെ വിവിധരൂപങ്ങളും കേരളത്തെ ഒരിക്കല്‍കൂടി ആക്രമിക്കുന്നിതിനിടയിലായിരുന്നു നിപ്പവൈറസിന്റെ കടന്നാക്രമണം.

 

ഒരു ബ്ലിറ്റ്‌സ്‌ക്രെയ്ഗ് പോലെയുളള ആക്രമണം എന്ന് വിശേഷിപ്പിക്കുകയാവും ശരി. ശത്രുവാരെന്ന് എങ്ങനെയെന്നോ അതിന്റെ വ്യാപ്തി എന്തെന്നോ എങ്ങനെ നേരിടണമെന്നോ അറിയാനാവാത്ത സ്ഥിതിവിശേഷം. ആഫ്രിക്കയില്‍ എബോളയെ നേരിട്ടവര്‍ക്കാണ് സമാനമായ അനുഭവമുണ്ടായത്. രൂക്ഷമായ പനിയും ഛര്‍ദ്ദിയും മസ്തിഷ്‌ക്കത്തെ ബാധിച്ച് അബോധാവസ്ഥയിലെത്തുന്ന ഈ രോഗം നിപ്പയാണ് എന്നറിയാന്‍ ഏറെ വൈകി.

 

 

മെയ് മാസത്തിലെ തിരക്ക് റെയില്‍വെസ്റ്റേഷനില്‍ കാണാനുണ്ടായിരുന്നില്ല ഇടക്ക് ഫ്‌ളാറ്റ്‌ഫോമിലെ സ്റ്റാളുകളിലൂടെ നടക്കുമ്പോള്‍ വല്ലാത്ത ഭീതി. എവിടെ നിന്ന് ചായ കഴിക്കാം? വിശന്ന് മരിക്കാറായിട്ടും മരണവേദന ചൂഴ്ന്ന് നിന്നു. കടകളില്‍ ആരും തന്നെയില്ല. കടക്കാരന് തികഞ്ഞ അലസതയാണ്. പഴയപോലെ കച്ചവടമില്ല. ആരും കോഴിക്കോട് സ്റ്റേഷനില്‍ ഇറങ്ങുന്നുപോലുമില്ല. യാത്രക്കാര്‍ വളരെ കുറഞ്ഞിരിക്കുന്നു. നിറഞ്ഞ് കവിഞ്ഞൊഴുകിയ ഫ്‌ളാറ്റ്‌ഫോമില്‍ ചെറിയ ആരവങ്ങള്‍ മാത്രം. 

 

മരണഭയം ഒരു നാടിനെ ആകെ ഗ്രസിച്ചു കഴിഞ്ഞാല്‍ മരണത്തിന്റെ വിത്തുകള്‍ വിതച്ച പ്ലേഗിനെക്കുറിച്ചുളള ഓര്‍മ്മകള്‍ ആവിഷ്‌ക്കരിച്ച കമ്മ്യൂവിന്റെ വിഖ്യാത കൃതി പ്ലേഗിനെക്കുറിച്ച് ഇവിടെ ഓര്‍ത്തു ാേപാകുന്നു. പ്ലേഗിന്റെ അതേ രൂപത്തിലാണ് അനന്തമൂര്‍ത്തിയുടെ സംസ്‌ക്കാരയും രചിക്കപ്പെട്ടത്. 

 

നാടുമുഴുവന്‍ ചത്തടിയുന്ന എലികളുടെ ദൃശ്യം അയാളുടെ മുമ്പില്‍ നിറഞ്ഞു. ഗ്രാമത്തിലെ ദുഷ്ട കഥാപാത്രമായ നാരായണപ്പയുടെ മരണം ഒരു ബ്രാഹ്മണ സമൂഹത്തിനുണ്ടാക്കിയ അങ്കലാപ്പാണ് നോവിലന്റെ പ്രമേയം. ദുഷ്ടനാണെങ്കിലും പ്ലേഗ് ബാധിച്ച് മരിച്ച നാരായണപ്പയെ സംസ്‌കരിക്കുക ഒരു സമൂഹത്തിന്റെ വെല്ലുവിളിയായി. ശവസംസ്‌കാരം തന്നെ ഒരു പ്രഹേളികയായി മാറുന്ന നിമിഷം. 

മരണം പക്ഷെ ഇവിടെ ഒരു ട്രാജഡി അല്ല. തികഞ്ഞ യാഥാര്‍ത്ഥ്യം. മരിക്കുന്നവരുടെ കഥകളില്ലാത്ത ഒരു ദിവസവും ഇവിടെ പിറന്ന് വീഴുന്നില്ല.

 

ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടുത്തത്തോടെ ഏതാണ്ട് ബാക്ടീരിയ കൊണ്ടുളള അസുഖങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു. ക്ഷയം, കുഷ്ഠം, കോളറ, തുടങ്ങി വലിയ പകര്‍ച്ചവ്യാധികള്‍ ഇല്ലാതായി. അല്ലെങ്കില്‍ നിയന്ത്രണാധീനമായി. ഇനിയുളളത് വൈറസ് ജന്യ രോഗങ്ങളാണ്. എച്ച്.ഐ.വി, എബോള, നിപ്പ തുടങ്ങിയവ എബോളക്ക്‌പോലും വാക്‌സിന്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ആശാവഹമാണ് കോംഗോയില്‍ നിന്നുളള വാര്‍ത്തകള്‍. 

അങ്ങനെ ഭദ്രമെന്ന് കരുതിയിരുന്ന ഈ ലോകത്തില്‍ ഒരു സുപ്രഭാതത്തില്‍ നിപ്പ എന്ന മഹാമാരി അവതരിക്കുന്നു. നിപ്പയാണ് അതെന്ന് അപ്പോഴും ആര്‍ക്കും അറിയില്ല. കടുത്ത പനിയും ചുമയും ബാധിച്ച് ജനങ്ങള്‍ മരിച്ചുതുടങ്ങുന്നു.എല്ലാം കോഴിക്കോട്  കേന്ദ്രീകരിച്ചാണ്. 

 

നിപ്പയക്കുറിച്ച് കോഴിക്കോടോ കേരളമോ കേട്ടിട്ടില്ല എന്ന് പറഞ്ഞുകൂടാ. 10 വര്‍ഷം മുമ്പെ മലേഷ്യയില്‍ വവ്വാലില്‍ നിന്ന് പരക്കുന്ന നിപ്പ വൈറസിനെപ്പറ്റി അത് വിതച്ച മരണങ്ങളെപ്പറ്റി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാടുകള്‍ നശിക്കുമ്പോള്‍ നാട്ടിലേക്ക് കടക്കുന്ന പഴംതീനി വവ്വാലുകളാണ് അവ പരത്തുന്നതെന്നും എന്നാല്‍ നിപ്പ ഇവിടെ ഉണ്ടാകുമോ എന്ന ആശ്ചര്യപ്പെട്ട ആരും ഓര്‍മ്മിച്ചതേയില്ല.

 

തികച്ചും ശാസ്ത്രീയമായ രീതിയിലൂടെയായിരുന്നു രോഗത്തിന്റെ കാരണം നിപ്പ വൈറസാണെന്ന് കോഴിക്കോട് ബേബിമെമ്മോറിയലിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 

 

പേരാമ്പ്രയില്‍ സൂപ്പിക്കടയിലെ വീട്ടില്‍ ഇന്ന് അവശേഷിക്കുന്നത് ഒരാള്‍ മാത്രം. മരണം ആ വീട്ടിലെ എല്ലാവരേയും തന്നെ കവര്‍ന്നെടുത്തു. ഒരാളൊഴിക .പതിനാറ് പേരാണ് നഗരത്തില്‍ മാരകമായ രോഗത്തിന്റെ ഇരകളായി മാറിയത്.

 

ഒരു നഗരവും, രണ്ട് ജില്ലകളും മുഴുവനും തന്നെ ഒരു പകര്‍ച്ചവ്യാധിയുടെ പിടിയിലാവുകയായിരുന്നു ഇത് എവിടേയും എങ്ങോട്ടും പടരാം. എന്തും സഭവിക്കാം. കോഴിക്കോട് ഒരിക്കലും ആരവം ഒടുങ്ങാത്ത മിഠായിത്തെരുവുപോലും നിശ്ശബ്ദമായി. പഴക്കടയില്‍ നിന്ന് പഴങ്ങള്‍ അപ്രത്യക്ഷമായി. ചായ കഴിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. 

 

ബാസിതിന്റെ കുടുംബം പേരാമ്പ്ര സൂപ്പിക്കടയില്‍ പുതുതായി സ്ഥലം വാങ്ങി വീട് വെയ്ക്കാനെത്തിയത് അടുത്തിടെ മാത്രമായിരുന്നു. വയനാടിനോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശം നിബിഡമായ കാടുകളും ആനത്താരകളുമുളള മേഖലയാണ്. കോഴിക്കോട് നിന്ന് ഏതാണ്ട് ഒരു മണിക്കൂര് നേരത്തെ ബസ്സ് യാത്ര വേണം ഇവിടെ എത്താന്‍. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് കടുത്ത പനിയുമായി ബാസിദിനെ മെയ് 5 ന് പ്രവേശിപ്പിച്ചത്. അവിവാഹിതനായ ബാസിത് ഗള്‍ഫില്‍ നിന്നും ഒരു മാസമേ ആയിട്ടുളളു മടങ്ങിയെത്തിയിട്ട്. 

 

ചെറിയ രോഗങ്ങളുമായി വരുന്നവരെ ചികിത്സിക്കാനുളള സൗകര്യങ്ങളേ ആ ആശുപത്രിക്കുളളു. മെച്ചപ്പെട്ട ചികിത്സ വേണ്ടവര്‍ കോഴിക്കോട് നഗരത്തിലെ വന്‍കിട ആശുപത്രികളിലേക്ക് പോകും. അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്കും. അവിടെ തിക്കും തിരക്കും സഹിക്കണമെന്നുമാത്രം. ഏറ്റവും മികച്ച സ്‌പെഷ്യാലിറ്റി വകുപ്പുകളുളള മികച്ച ഡോക്ടര്‍മാരുടെ കേന്ദ്രമാണത്.

 

പക്ഷെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാസിത് രോഗം മൂര്‍ച്ഛിച്ച് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ മരണമടഞ്ഞു. എന്താണ് തന്റെ രോഗം എന്ന് കൂടി പിടികൊടുക്കാതെയായിരുന്നു മരണം. 

 

പക്ഷെ അപ്പോഴേക്കും രോഗിയെ ശുശ്രൂഷിച്ചിരുന്ന നേഴ്‌സിന്നും രോഗം പിടിപെട്ടു. പരിമിതമായ സൗകര്യങ്ങളുളള ഒരു താലൂക്ക്  ആശുപത്രിയില്‍ രോഗികളെ പരിചരിക്കുന്ന ഒരു സാധാരണ നേഴ്‌സ് അഭിമുഖീകരിച്ച വൈഷമ്യങ്ങള്‍ ആലോചിക്കുകയേ നിര്‍വാഹമുളളു. മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് നിരാലംബരായി കിടന്ന യുവാവിനും കുടുംബത്തിനും താങ്ങായത് നേഴ്‌സ് ലിനി ആയിരുന്നു. 

 

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ പോലും അത്ര മുന്‍കരുതലോടെയല്ല രോഗികളെ കാണുകയും ചികിത്സിക്കുകയും ചെയ്യുന്നത്. എന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രി ഒരിക്കല്‍ കൂടി തെളിയിച്ചു. അവിടുത്തെ താല്ക്കാലിക ജീവനക്കാരിയായിരുന്ന സിസ്റ്റര്‍ ലിനി. ബാസിതിന്റെ കൂടെ നിന്നവര്‍ക്കം രോഗം പടര്‍ന്നു. ആ മരണം നോക്കികണ്ട അവര്‍ക്ക് മനസ്സിലായിരിക്കണം താനും മരണക്കിടക്കയിലാണ്. 

അവര്‍ ആശുപത്രിയില്‍ നിന്ന് ഭര്‍ത്താവിനെഴുതിയ കത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

 

രോഗപരിചരണത്തിനിടയില്‍ രോഗം ബാധിച്ച് മരിച്ച സിസ്‌ററര്‍ ലിനിയുടെ മരണം വലിയ വാര്‍ത്തയായി. ബാസിതിന്റെ സഹോദരന്‍ സാജിത് അതേ ലക്ഷണങ്ങളോടെ കോഴിക്കോട് ബേബി മമ്മമോറിയല്‍ ആശുപത്രിയില്‍ ചികിത്സതേടി. ഡങ്കും മറ്റ് മഴക്കാല രോഗങ്ങളും കോഴിക്കോട് പതിവ്. അതിര്‍ത്തി ഗ്രാമമായ കൂരാച്ചുണ്ട്  പനിയുടെ ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. 

 

എന്നാല്‍ തീവ്ര ചിക്തിസ നടത്തിയിട്ടും സാലിഹിന്റെ നില നിയന്ത്രണമില്ലാതെ തുടര്‍ന്നു. ലക്ഷണങ്ങളും മറ്റ് പനികളില്‍ നിന്നും വ്യത്യസ്തമായിരുന്നു. അപ്പോഴാണ് സാജിതിനെ ചികിത്സിച്ച ഡോക്ടര്‍ അരുണ്‍  കുമാര്‍  ഒരു സംശയം ഉന്നയിച്ചത്. 'ഇത് നിപ്പയാണോ' ? 

 

നിപ്പ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കിലും രണ്ട് തവണ ബംഗ്ലായില്‍ (പശ്ചിമബംഗാളില്‍) പടര്‍ന്നുപിടിച്ചിട്ടുണ്ട്. മരണസംഖ്യും ക്രമാതീതമായിരുന്നു. പത്തില്‍ രണ്ട് പേര്‍മാത്രം രക്ഷപ്പെടാന്‍ സാധ്യതയുളള തീവ്രമായ പനിയാണ് ഇത്. ആദ്യമായി മലേഷ്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പനിയാണ് ഇത്. 

 

അപ്പോഴാണ് സാലിഹിന്റെ കുടുംബ ചരിത്രത്തിലേക്ക്കണ്ണ് പതിയുന്നത്. സഹോദരന്‍  സാബിത്  ഈ രോഗത്തിന് കീഴടങ്ങിയിട്ട് നാളുകള്‍ ഏറെയായിരുന്നില്ല. നിപ്പയുടെ മെഡിക്കല്‍ ലിറ്ററേച്ചറുമായി പൊരുത്തപ്പെടുന്നതായിരുന്നു രോഗത്തിന്റെ പകര്‍ച്ച. 21 ദിവസം ഇന്‍ക്യൂബേഷന്‍ പിരീഡുണ്ടാകുമായിരുന്നു രോഗലക്ഷണങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പ്രത്യേകം മരുന്നും വാക്‌സിനും ഇല്ല. രോഗിയുടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുളള മരുന്നുകള്‍ നല്കുക. ലക്ഷണത്തിനനുസരിച്ച് ചികിത്സിക്കുക. ഇതിനിടെ മലേഷ്യയില്‍ നിന്നും ആസ്‌ട്രേലിയയില്‍ നിന്നും നിപ്പക്കെതിരെ ഉപയോഗിച്ച മരുന്നുകള്‍ കൊണ്ടുവരാനും ശ്രമമുണ്ടായി. 

 

പക്ഷെ അതിന് മുമ്പ് രോഗം നിപ്പയാണെന്ന് സ്ഥിതീകരിക്കേണ്ടതുണ്ട്. കേരളത്തിന്റെ വൈദ്യരംഗത്തെ അപര്യാപ്തത തുറന്നുകാട്ടുന്നതായി സംസ്ഥാനത്ത് അതിനു വേണ്ട വൈറോളജി ലാബില്ല. അവസാനം സാമ്പിളുമായി മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഒരു സംഘം തിരിച്ചു. 

 

ഇതിനിടെ ദുരന്തത്തിന്റെ ഭൂമിക മാറിമറിഞ്ഞിരുന്നു. സാബിതിന്റെ ബാപ്പയെ പനി മൂര്‍ച്ഛിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ അഡ്മിറ്റ് ചെയ്തു. നേഴ്‌സ് ലിനിയുടെ അവസ്ഥ പരിതാപകരമായി. വൈകീട്ടോടെ രോഗം നിപ്പയാണെന്ന് സ്ഥിതീകരിക്കപ്പെട്ടു. ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗികളുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അത് പടരാമെന്ന് മുന്നറിയിപ്പ് പരിഭ്രാന്തി പരത്തി. 

 

മാത്രമല്ല ഇതിന് മുമ്പെ രോഗികളെ എക്‌സ്‌റേക്ക് വിധേയരാക്കിയപ്പോള്‍ നിരവധി പേര്‍ അവരുമായി അടുത്തിടപഴകി. സഹോദരിയുടെ ചിക്തിസയുമായി ബന്ധപ്പെട്ട് കോഴിക്കോട് ആശുപത്രിയിലെത്തിയ ഒരു കോടതി ഉദ്യോഗസ്ഥന് ഇവിടെ വച്ച് രോഗബാധിതാനായി. നിപ്പയുടെ പരോക്ഷമായ മറ്റൊരു ഇര. 

 

രോഗം നിപ്പയാണെന്നും അത് ആപല്‍ക്കരമായി പടരുമെന്നും സ്ഥിരീകരിച്ചതോടെ ഒരു പക്ഷെ കേരളം കണ്ട ഏറ്റവും ശക്തമായ അടിയന്തിര സഹായ പദ്ധ,തി രൂപം കൊണ്ടു. ആരോഗ്യമന്ത്രി കെ.കെ. ഷൈലജയും ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനും മെഡിക്കല്‍ ഡയരക്ടര്‍ സരിതയും കോഴിക്കോട് എത്തി. ഉദ്യോഗസ്ഥ തലത്തിലും ഡോക്ടര്‍മാരുടെ തലത്തിലും ശക്തമായ ഒരിടപെടലാണ് പിന്നീടുണ്ടായത്. 

 

നിപ്പ എങ്ങനെ എവിടെ നിന്ന് വ്യാപിച്ചു എന്നതായിരുന്നു പ്രശ്‌നം. അതറിയാതെ പനി നിയന്ത്രിക്കുക എളുപ്പമാവില്ല. മലേഷ്യയില്‍ വവ്വാലുകളാണ് ഇവ പരത്തിയത്. അവ കൊത്തിയ പഴങ്ങളും കളളും മറ്റുളളവര്‍ ഭക്ഷിച്ചാല്‍ രോഗം ബാധിക്കുമെന്നായിരുന്നു കണ്ടെത്തല്‍. ഇവ  ഭക്ഷിക്കുന്ന പന്നികളുടേയും മാംസം ഭക്ഷിക്കുമ്പോഴും രോഗം പടരാം. സൂപ്പി കടയില്‍ ഇതിനിടെ മുയലുകള്‍ ചത്തുവീഴുന്നതാണ് വാര്‍ത്ത പ്രചരിച്ചത്. 

 

മുയലുകളില്‍ നിന്നോ വവ്വാലുകളില്‍ നിന്നോ ഇവ പടര്‍ന്നുപിടിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സൂപ്പിക്കട സന്ദര്‍ശിച്ച മന്ത്രിയും സംഘവും ബാസിതിന്റെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി. അവയുടെ സാമ്പിളുകള്‍ വൈറസ് സാന്നിധ്യം പരിശോധിക്കുന്നതിനായി ദേശിയ ലാബിലേക്ക് അയച്ചു. കുളം ഭദ്രമായി സീല്‍ ചെയ്തു. ഇതിനിടെ ബാസിത് നടത്തിയ വഴിവിട്ട യാത്രകളെ തുടര്‍ന്നായിരുന്നു ഈ രോഗം ഉണ്ടായതെന്ന ആരോപണവുമായി ചില സംഘടനകള്‍ എത്തി. എന്നാല്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ച ഉദ്യോസ്ഥന്മാര്‍ക്ക് ബാസിത് മലേഷ്യയില്‍ പോയിട്ടേ ഇല്ല എന്ന് മനസ്സിലായി. ഒരു ദുരന്തം അതിന്റെ എല്ലാവിധ മാനങ്ങലുടേയും നില പ്രത്യക്ഷപ്പെടുന്നത് അവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുളള പരിമിത ശേഷി നമുക്ക് മനസ്സിലാവുമ്പോഴാണ്. ബാസിതിന്റെ മൃതദേഹം ജന്മനാട്ടില്‍ തന്നെ മറവ് ചെയ്‌തെങ്കിലും സഹോദരന്റെയും ബാപ്പയുടെയും മൃതദേഹം കോഴിക്കോടാണ് മറവ് ചെയ്തത്. അതേപോലെ നേഴ്‌സ് ലിനിയുടെയും. നിപ്പയുടെ ഇരകളായിരുന്നു ഇവര്‍. 

 

എബോള വൈറസാക്രമണം കോംഗോയിലും മറ്റും ആവര്‍ത്തിച്ച സമയത്താണ് കേരളത്തില്‍ നിപ്പ ബാധ ഉണ്ടായത്. ചികിത്സക്കിടയിലും മരണശേഷവും പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ വേണ്ട മാനദണ്ഡങ്ങള്‍ ലോകാരോഗ്യ സംഘടന രൂപപ്പെടുത്തിയിരുന്നു. അതേ മാനദണ്ഡങ്ങള്‍ ഉപയോഗിക്കാനാണ് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറായ ഗോപകുമാര്‍ ശ്രമിച്ചത്.

 

മൃതദേഹം മറവ് ചെയ്യാന്‍ അത്ര എളുപ്പമായിരുന്നില്ല. ആദ്യദിവസം വൈദ്യുതി യന്ത്ര തകരാറ് മൂലം ശവദാഹം മാവൂര്‍റോഡ് ശ്മശാനത്തില്‍ നടന്നിരുന്നില്ല. പിന്നീട് ഐവര്‍ മഠം രീതിയില്‍ ശവദാഹം നടത്തേണ്ടി വന്നു. മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് എല്ലാവിധത്തിലുളള സുരക്ഷകളുമായി വേണ്ടിയിരുന്നു ദഹിപ്പിക്കേണ്ടിയിരുന്നത്. ഇതിനിടെ ശ്മശാനത്തിലെ ഒരുപറ്റം തൊഴിലാളികള്‍ ഇതുമായി സഹകരിക്കാതെ വിട്ടുനിന്നു. ഇതോടെ ശവദാഹത്തിന് നേതൃത്വം നല്‍കേണ്ട നിലയിലായി ഗോപകുമാര്‍. ചികിത്സപോലെ ഒരു രാജ്യത്തെ തന്നെ ഗ്രസിക്കുമായിരുന്ന ഒരു ദുരന്തത്തെ ചെറുക്കാന്‍ വേണ്ട അടിയന്തിര നടപടിയായിരുന്നു ഇത്. മൃതദേഹം സംസ്‌കരിക്കാന്‍ നിര്‍ബന്ധിതമായപ്പോള്‍ അതിന് തൊട്ടടുത്തുളള മോസ്‌കിന്റെ ശവപ്പറമ്പില്‍ 10 അടി താഴ്ചയില്‍ കുഴിയെടുത്ത് ശവസംസ്‌കാരം നടത്തേണ്ടി വന്നു.

 

സൂപ്പി കടയില്‍ നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ്പ വൈറസിന്റെ സാന്നിദ്ധ്യമില്ലെന്ന റിപ്പോര്‍ട്ടു വന്നു. വവ്വാലുകളായിരിക്കില്ല ഇതിന് പിന്നിലെന്ന് സംശയമായി. എത്രയോ ഇനം വവ്വാലുകളുണ്ട്. അതില്‍ പഴതീനി വവ്വാലുകളാവാം ഇത് പടര്‍ത്തുന്നത് എന്ന് നിഗമനവുമുണ്ടായി. ബാസിത് മൃഗങ്ങളേയും പ്രാണികളേയും ജീവന് തുല്യം സ്‌നേഹിച്ച വ്യക്തിയായിരുന്നു. അങ്ങനെ ഒരു സംസര്‍ഗ്ഗത്തിലായിരിക്കണം നിപ്പ വൈറസ് വഹിച്ച വവ്വാല്‍ അയാളേയും അയാളുടെ കുടുംബത്തേയും മാറ്റിവരച്ചത്. 

 

പ്രകൃതിയൂടെ പ്രത്യേകതകളിലൊന്നാണ് വവ്വാലുകളുമായുളള പാരസ്പര്യം. പൂവും വണ്ടുമെന്നതുപോലെ ഒരടുപ്പമാണ് അത്. പരിണാമത്തിന്റെ അപൂര്‍വ്വമായ ഒരു കാലഘട്ടത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ തമ്മിലുണ്ടായ സാഹോദര്യത്തിന്റെ അവശേഷിപ്പുകള്‍. വൈറസിന്റെ വാഹകരാവുന്ന ജീവികളാണ് അവ.

 

രക്ഷസ്സിന്റെ പിടിയില്‍പ്പെട്ട മനുഷ്യരെപ്പോലെ നിപ്പ അതിന്റെ കെണിയില്‍ കൂടുതല്‍ കൂടതല്‍ ആളുകളെപ്പെടുത്തുകയായിരുന്നു. നിപ്പ ബാധിതരുമായി അടുപ്പമൊന്നുമില്ലാതിരുന്ന ഒരു ഓട്ടോ ഡ്രൈവറാണ് പിന്നീട് അകാല മൃത്യുവിന് ഇരയായത്. മെഡിക്കല്‍ കോളേജിലേക്കുളള പതിവ് യാത്രകളില്‍ രോഗബാധിതായവരില്‍ ആരെങ്കിലുമായി ബന്ധപ്പെട്ടതിനാകാം ആ മരണം. വൈറസ് കൂടുതല്‍ ആളുകളിലേക്കെത്തുകയാണ്. 

 

രോഗികളുടേയും അവരുമായി ബന്ധപ്പെട്ടവരുടേയും  ഒരു നീണ്ട പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി. കോഴിക്കോട് ജില്ലയിലും മലപ്പുറത്തും ഇവരുമായി ബന്ധപ്പെട്ട കുടുംബങ്ങള്‍ വകുപ്പിന്റെ നിരീക്ഷണത്തിലായി. മറ്റുളളവരുമായി ബന്ധപ്പെടാതിരിക്കാന്‍ അവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വീട്ടില്‍ റേഷന്‍ സാധനങ്ങള്‍ വരെ എത്തിച്ചുകൊടുത്തു. 

 

ഓരോ മരണവും മറ്റൊരു മരണത്തിന്റെ തുടക്കമാകരുത് എന്ന് പ്രാര്‍ത്ഥനയിലായിരുന്നു എല്ലാവരും മെയ് അവസാനമായപ്പോഴേക്കും കോഴിക്കോട് എല്ലായിടത്തു നിന്നും ഒറ്റപ്പെട്ടുകഴിഞ്ഞിരുന്നു. യാത്രക്കാര്‍ കുറഞ്ഞ് കോഴിക്കോട്ട്കാരെ പലരും കാണാന്‍ തന്നെ തയ്യാറായില്ല. ഒരു വസൂരിക്കാലം ഒരിക്കല്‍ കൂടി തിരിച്ചു വന്നതുപോലെ. നഗരങ്ങളേയും ഗ്രാമങ്ങളേയും ജനരഹിതരാക്കിയ ആ നാളുകള്‍ ഓര്‍ക്കുമ്പോള്‍ ഇത് നിസ്സാരമെന്ന് തോന്നാം. പക്ഷെ ഭീതിയുടെ അലകള്‍ നഗരത്തിന് വെളിയില്‍ വ്യാപിക്കുകയായിരുന്നു. നിപ്പ ബാധിച്ച പത്തൊന്‍പത് പേരില്‍ പതിനേഴ് പേരും അപ്പോഴേക്ക് മരണമടഞ്ഞിരുന്നു.

 

രണ്ട് പേര്‍. ശതമാനക്കണക്കിന് നോക്കിയാല്‍ 11ശതമാനത്തില്‍ താഴെ മാത്രമാണ് ഈ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മെയ് അവസാനമായപ്പോഴേക്കും നിപ്പ സ്ഥീരീകരിച്ചവരില്‍ രണ്ട് പേരൊഴികെ എല്ലാവരും മരിച്ചിരുന്നു. എങ്കിലും കാത്തിരിക്കേണ്ടതുണ്ട്. അവസാനത്തെ നിപ്പമരണം തൊട്ട് നീണ്ട 21 ദിവസങ്ങള്‍. അതിനിടക്ക് ആര്‍ക്കെങ്കിലും അസുഖം പിടിപെട്ടാല്‍ ആ ഡ്രില്‍ വീണ്ടും ആവര്‍ത്തിക്കും. അവസാനത്തെ ആള്‍പോലും ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാല്‍ മാത്രമേ ഇതിന് ഒരവസാനമുണ്ടാകൂ. 

 

ജൂണ്‍ 15 ആയപ്പോഴേക്കും പൊതുവെ ആകാംക്ഷ കുറഞ്ഞുതുടങ്ങി. ഇന്‍ക്യൂബേഷന്‍ പിരീയഡ് കഴിഞ്ഞു.

 

അപ്പോഴേക്കും വാര്‍ത്തയെത്തി പഴം തീനി വവ്വാലുകള്‍ തന്നെ വൈറസ് വാഹകര്‍. നഗരത്തെ ബാധിച്ച ഈ മഹാമാരി ഓര്‍മ്മ മാത്രമായി. എങ്കിലും ഇനിയും വന്നുകൂടെന്നില്ല. ബംഗ്ലായില്‍ ഇത് രണ്ട് വട്ടമാണ് വന്നത്. മരണത്തിന്റെ തോതും വലുതായിരുന്നു. അറിയപ്പെടാത്ത മരണങ്ങള്‍ അതിലേറെ വരാം.

 

നിപ്പ എന്നത് അറിയപ്പെടുന്ന രോഗങ്ങളുടെ ഒരു പ്രതീകം മാത്രം. വൈറസ് രോഗങ്ങള്‍ നമ്മെ എപ്പോള്‍ വേണമെങ്കിലും തകര്‍ത്തുകളയാം.

 

ശാസ്ത്രത്തിന്റെയും മികച്ച ഭരണത്തിന്റേയും ഒരു വിജയഗാഥയായി നിപ്പ മാറിയ കഥകൂടിയാണ് ഇത്. 

 

 

**********************

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image