തമിഴ്‌നാട് രാഷ്ട്രീയം

ദ്രാവിഡപ്പെരുമയുടെ  അടിയൊഴുക്കുകള്‍ :

പി കെ ശ്രീനിവാസന്‍

 രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ വിളനിലമാണ് തമിഴകം. കഴിഞ്ഞ അറുപതു വര്‍ഷത്തെ ദ്രാവിഡ രാഷ്ടീയചരിത്രത്തിന്റെ നെടുംകോട്ടകളില്‍ ഈ സംഘര്‍ഷങ്ങളും സങ്കീര്‍ണതകളും കെട്ടുപിണഞ്ഞു കിടക്കുന്നത് കാണാം. സ്വീകരണവും നിരാകരണവും തമിഴകരാഷ്ട്രീയത്തിന്റെ മുഖമുദ്രയാണ്. ഇവി രാമസ്വാമി നായ്ക്കരില്‍ നിന്ന് അണ്ണാദുരൈയിലേക്കും അവിടെ നിന്ന് മുത്തുവേല്‍ കരുണാനിധിയിലേക്കും എംജി ആറിലേക്കും ജയലളിതയിലേക്കുമുള്ള സഞ്ചാരപഥങ്ങളില്‍ നാം കണ്ട ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ മധുരതരമായിരുന്നില്ല. അവിശുദ്ധബന്ധങ്ങള്‍ക്കാള്‍ക്കാണ് തമിഴക രാഷ്ട്രീയത്തില്‍ മുന്‍തൂക്കം. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കു വേണ്ടി ആദര്‍ശങ്ങളും അടിസ്ഥാനവിശ്വാസങ്ങളും കാറ്റില്‍ പറത്തുന്നതില്‍ ദ്രാവിഡകക്ഷികള്‍ ഒരുക്കമാണ്. 


2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും അതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. പ്രമുഖരായ രണ്ട് നേതാക്കളുടെ അന്ത്യം സൃഷ്ടിച്ച രാഷ്ട്രീയ ശൂന്യതയിലാണ് ഇക്കുറി തമിഴകത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പു നടന്നത്. തമിഴകത്ത് ഇത്രമാത്രം രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉണ്ടായിട്ടുള്ള സന്ദര്‍ഭം അപൂര്‍വമാണ്. അതുകൊണ്ടു ഇപ്പോള്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു പ്രസക്തി വര്‍ദ്ധിക്കുകയും ചെയ്തു. അറുപതു വര്‍ഷക്കാലം ദ്രാവിഡ രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ കത്തിനിന്ന രാഷ്ട്രീയ ഭീമാചാര്യന്‍ സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധിയും ഇച്ഛാശക്തികൊണ്ട് രാഷ്ട്രീയത്തിലൂടെ ചതുരംഗക്കളി നടത്തി സ്വന്തം പാര്‍ട്ടിക്കാരെപ്പോലും ചൊല്‍പ്പടിക്കു നിര്‍ത്തിയ പുരടശ്ചിത്തലൈവിയും (വിപ്ലവനായിക) ഇല്ലാത്ത തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇരുവരുടേയും അഭാവം തമിഴകരാഷ്ട്രീയത്തെ ചില്ലറയൊന്നുമല്ല ബാധിച്ചത്. ആ നേതാക്കള്‍ക്കൊപ്പം തല ഉയര്‍ത്തി നില്‍ക്കാന്‍പോരുന്ന രണ്ടാംതരം നേതാക്കള്‍ രണ്ടു ദ്രാവിഡപ്പാര്‍ട്ടികളിലും ഉണ്ടായില്ല എന്നതാണ് ധര്‍മ്മസങ്കടം. 


അല്‍പ്പമെങ്കിലും ആശ്വാസം ദ്രാവിഡ മുന്നേറ്റ കഴകത്തിനാണ് (ഡിഎംകെ). തനിക്കു ശേഷം പ്രളയം എന്നു വിശ്വസിച്ച പുരടശ്ചിത്തലൈവി ജയലളിതയുടെ ആള്‍ ഇന്ത്യാ ദ്രാവിഡ മുന്നേറ്റ കഴകത്തിനു (എഐഎഡിഎംകെ) ജനങ്ങള്‍ക്ക് മുന്നില്‍ നിവര്‍ന്നു നില്‍ക്കാന്‍ കെല്‍പ്പുള്ള നേതാക്കളുണ്ടായില്ല. അല്ലെങ്കില്‍ കെല്‍പ്പുള്ള നേതാക്കളെ സൃഷ്ടിക്കാന്‍ തലൈവി അനുവദിച്ചിരുന്നില്ല. യുദ്ധതന്ത്രങ്ങള്‍ പയറ്റി ശത്രുക്കളെപ്പോലും മലര്‍ത്തിയടിച്ച കലൈഞ്ജരുടെ ഇരുപത്തഞ്ച് ശതമാനം തന്ത്രങ്ങള്‍ പോലും കരുണാനിധിയുടെ മകന്‍ എംകെ സ്റ്റാലിനു വശമില്ല എന്നതായിരുന്നു ഏതാനും മാസങ്ങളായി ഉയര്‍ന്നുവന്ന ആക്ഷേപം. പക്ഷേ പ്രതിപക്ഷത്തിന്റെ ബലഹീനത മുതലെടുക്കാനും വിജയിക്കാനും ഈ നേതാവിനു ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു. 


 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളോടൊപ്പം നിന്ന് 39 സീറ്റുകളില്‍ മുപ്പത്തെട്ടും പിടിച്ചെടുക്കാന്‍ സ്റ്റാലിനു കഴിഞ്ഞത് സംഘടനാ ശേഷികൊണ്ടു മാത്രമല്ല വിട്ടുവീഴ്ചകള്‍ ചെയ്യാനുള്ള സന്മനസും ത്രാണിയും ഉള്ളതിനാലാണ്. (അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസിനു നഷ്ടപ്പെട്ടതും അതായിരുന്നല്ലോ). പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈയില്‍ ഉണ്ടായിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് നിന്ന് മത്സരിക്കാനുള്ള ശേഷിയെക്കുറിച്ച് പല ഭാഗത്തുനിന്നും സംശയങ്ങള്‍ തലപൊക്കിയിരുന്നു. 

എന്നാല്‍ ദേശീയതലത്തില്‍ തന്നെ മാതൃകയാക്കാവുന്ന പ്രതിപക്ഷ കൂട്ടായ്മയാണ് സ്റ്റാലിന്‍ ലക്ഷ്യമിട്ടത്. 2014 ലെ ലോക്‌സഭാതെരഞ്ഞെടുപ്പു ഫലങ്ങളുടെ അടിസ്ഥാനത്തില്‍ എഐഎഡിഎംകെ സഖ്യകക്ഷികള്‍ക്ക് 60 ശതമാനം വോട്ടായിരുന്നു ലഭിച്ചിരുന്നത്. അതിനേക്കാള്‍ വോട്ടുശതമാനം കൈക്കലാക്കാന്‍ ശ്രമിച്ചാലേ വിജയം സുനിശ്ചിതമാകൂ എന്ന് സ്റ്റാലിന്‍ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. സ്വന്തം ബലമറിയാത്ത സഖ്യകക്ഷികളെ അനുകൂലമായ രീതിയില്‍ കൊണ്ടുവരാനും അവര്‍ക്ക് പരമാവധി സീറ്റുകള്‍ പങ്കുവയ്ക്കാനും ശ്രമിച്ചാല്‍ മാത്രമേ വിശാലസഖ്യത്തിന്റെ വിജയം ഉറപ്പുവരുത്താന്‍ കഴിയൂ. അങ്ങനെയാണ് കോണ്‍ഗ്രസും സിപിഐയും സിപിഎമ്മും ഐജെകെയും ഡിഎംകെയുടെ ബദ്ധവൈരിയായിരുന്ന വൈകോയുടെ എംഡിഎംകെയും മുസ്ലിംലീഗുമൊക്കെ ഡിഎംകെ സഖ്യത്തില്‍ എത്തുന്നത്. (2004 ലും 2009 ലും കോണ്‍ഗ്രസുമായി സഖ്യത്തിലായ ഡിഎംകെ 2014 ല്‍ വേര്‍പിരിഞ്ഞിരുന്നു. 2016 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ വീണ്ടും സഖ്യത്തിലായി.) വോട്ടുശതമാനം കൂട്ടി അസാധാരണ വിജയം കൈവരിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഡിഎംകെ: 19, കോണ്‍ഗ്രസ് എട്ട്, വിസികെ രണ്ട്, സിപിഎം രണ്ട് സിപിഐ രണ്ട്, എംഡിഎംകെ രണ്ട്, മുസ്ലിംലീഗ് ഒന്ന്, കൊങ്കുനാട് ദേശീയമക്കള്‍ കക്ഷി ഒന്ന് എന്നിങ്ങനെയായിരുന്നു ഡിഎംകെ സഖ്യത്തിനു ലഭിച്ച സീറ്റുകള്‍. 

അതേ സമയം എഐഎഡിഎംകെ ഒറ്റ സീറ്റുകൊണ്ട് സംതൃപ്തി അയടേണ്ടിയും വന്നു. സ്വന്തം പിതാവിന്റെ തണലില്‍ വളര്‍ന്നുവന്ന ദളപതിക്ക് (സൈന്യാധിപന്‍) തനതായ തീരുമാനങ്ങളെടുക്കാന്‍ സന്ദര്‍ഭം കുറവായിരുന്നു. എന്നാല്‍ പിതാവ് രോഗബാധിതനായി കിടക്കുമ്പോള്‍തന്നെ സ്റ്റാലിന്‍ തന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ എങ്ങനെയൊക്കെ ആയിരിക്കണമെന്ന് ചിന്തിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ സഖ്യകക്ഷികളെ ഏകോപിപ്പിച്ച് മുന്നില്‍ നിന്നു നയിച്ചു. ഗ്രാമസഭകള്‍, പൊതുസമ്മേളനങ്ങള്‍, വീടുസന്ദര്‍ശനം തുടങ്ങിയവ സാധാരണക്കാരെപ്പോലും ആകര്‍ഷിച്ചു. അഞ്ച് പവന്‍വരെയുള്ള സ്വര്‍ണ വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.


 വിമതനായി നിന്ന് പാര്‍ട്ടിയെ അവഹേളിക്കാന്‍ ശ്രമിച്ച സഹോദരന്‍ എം കെ അഴഗിരിയെ പക്വതയുള്ള ഒരു രാഷ്ട്രീയക്കാരന്റെ നിര്‍മ്മമത്വത്തോടെ ഒന്നുമല്ലാതാക്കാന്‍ സ്റ്റാലിനു കഴിഞ്ഞു എന്നതാണ് മറ്റൊരു നേട്ടം. സ്റ്റാലിന്‍ ബിജെപിയുമായി സഖ്യചര്‍ച്ച നടത്തിയെന്ന ബിജെപി സംസ്ഥാനപ്രസിഡന്റ് തമിഴിശൈ സുന്ദരരാജന്റെ വാദം മറ്റൊരു കോലഹലമുണ്ടാക്കിയിരുന്നു. കളവു പറയുന്നതില്‍ നരേന്ദ്രമോദിയെ വെല്ലാനാണ് തമിഴിശൈ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ തിരിച്ചടിച്ചു. രാഹുലാണ് അടുത്ത പ്രധാനമന്ത്രിയെന്ന് ചെന്നൈയില്‍ സ്റ്റാലിന്‍ നടത്തിയ പ്രസംഗം ദേശീയ തലത്തില്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ജയലളിതയുടെ അന്ത്യത്തോടെ കെട്ടുപൊട്ടിയ പട്ടംപോലെ കാറ്റിലാടി നിന്ന എടപ്പാടിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ കാര്യമായ സഖ്യങ്ങള്‍ സ്ഥാപിച്ചിട്ടും സ്റ്റാലിന്റെ പ്രഭാവത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. 

എഐഎഡിഎംകെ സഖ്യത്തില്‍ ബിജെപി, ഡോക്ടര്‍ രാമദാസിന്റെ പട്ടാളി മക്കള്‍ കക്ഷി (പിഎംകെ), വിജയകാന്തിന്റെ ഡിഎംഡികെ, ടിഎംസി, എന്‍ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളായിരുന്നു ഭാഗ്യപരീക്ഷണത്തിനു തയ്യാറായത്. എഐഎഡിഎംകെയുടെ രക്ഷിതാവെന്ന നിലയില്‍ പ്രത്യക്ഷപ്പെട്ട ബിജെപിക്കെതിരെ തെന്നിന്ത്യയില്‍ ജനരോക്ഷം പതഞ്ഞുപൊങ്ങിയിട്ടും എഐഎഡിഎംകെക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒരുതരത്തില്‍ എടപ്പാടി സര്‍ക്കാരിനെ തകര്‍ച്ചയില്‍ നിന്ന് താങ്ങിനിര്‍ത്തിയതും മോദിയായിരുന്നു. സംസ്ഥാനത്ത് പടര്‍ന്നു കയറാന്‍ പറ്റിയ പച്ചത്തലപ്പ് എഐഎഡിഎംകെ ആണെന്നായിരുന്നു ബിജെപിയുടെ ചിന്ത. എന്നാല്‍ കണക്കുകൂട്ടലുകളൊക്കെ തറപറ്റി. 


തമിഴ്‌നാട് ബിജെപിയെ പുല്ലുതൊടാന്‍ പോലും അനുവദിച്ചില്ല. തമിഴ്‌നാട്ടിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 22 സീറ്റുകളില്‍ ഒണ്‍പതു സീറ്റുകള്‍ നേടി സര്‍ക്കാരിന് പതനത്തില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞത് ബിജെപിയുടെ പിന്തുണകൊണ്ടല്ല. ഇക്കുറി കന്യാകുമാരി സീറ്റുപോലും നിലനിര്‍ത്താന്‍ കഴിയാത്ത ബിജെപിക്ക് വരുന്ന സമയങ്ങളില്‍ എടപ്പാടി സര്‍ക്കാരിനെ നില്‍നിര്‍ത്താന്‍ കഴിയുമോ എന്ന ചോദ്യത്തിനും ഉത്തരമില്ല. 


 ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും (എഎംഎംകെ), കമലഹാസന്റെ മക്കള്‍ നീതി മയ്യവും (എംഎന്‍എം) നടനും സംവിധായകനുമായ സീമാന്റെ നാം തമിഴര്‍ കക്ഷിയുമാണ് തെരഞ്ഞെടുപ്പു രംഗത്തു ഉണ്ടായിരുന്ന മറ്റ് രണ്ടു കക്ഷികള്‍. തെരഞ്ഞെടുപ്പു രംഗത്തേക്ക് കെട്ടുവള്ളംപോലെ കയറിവന്ന ടിടിവി ദിനകരന്റെ എഎംഎംകെ തെരഞ്ഞെടുപ്പോടെ തമിഴക രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് എന്നെന്നേക്കുമായി മങ്ങിമറയുകയാണ്. 22 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റുപോലും നേടാന്‍ ദിനകരനു കഴിഞ്ഞില്ല. മാത്രമല്ല വോട്ടിംഗ് ശതമാനവും വളരെ മോശമായിരുന്നു. ജയലളിയുടെ മരണത്തിലൂടെ ഒഴുവുവന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ദിനകരന്റെ വിജയം ഇന്നും അത്ഭുതമായി അവശേഷിക്കുന്നു. 


 സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ കമലഹാസനു ആശാവഹമായ അനുഭവമല്ല ലഭിച്ചത്. പോണ്ടിച്ചേരി ഉള്‍പ്പെടെ 39 മണ്ഡലങ്ങളിലും 22 നിയമസഭാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ കമലിന്റെ മക്കള്‍ നീതി മയ്യം ദയനീയമായി പരാജയപ്പെടുകയായിരുന്നു. അഞ്ചു ശതമാനത്തിനു താഴെ വോട്ടുമാത്രമാണ് എംഎന്‍എമ്മിന് നേടാനായത്.

 മാത്രമല്ല കമല്‍ ചില വിവാദങ്ങളില്‍ ചെന്നുപെടുകയും ചെയ്തിരുന്നു. അരുവാക്കുറിച്ചി നിയമസഭാ മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യത്തിന്റെ പ്രചാരണത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗത്തില്‍ കമല്‍ പറഞ്ഞ ഗോഡ്‌സേ പരാമര്‍ശം കോളിളക്കം സൃഷ്ടിച്ചിരുന്നു. “സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥൂറാം വിനായക ഗോഡ്‌സേ എന്നാണ്.” ഗാന്ധിജിയുടെ ഘാതകനെക്കുറിച്ചുള്ള ഈ അഭിപ്രായം ഉദ്ദേശിക്കാത്ത തലങ്ങളിലുള്ള പ്രത്യാക്രമണങ്ങളാണ് സൃഷ്ടിച്ചത്. കമലിന്റെ നാവ് അരിയണമെന്ന ആവശ്യവുമായി വന്ന ഡയറി മന്ത്രി രാജേന്ദ്ര ബാലാജി രംഗത്തുവന്നപ്പോള്‍ അതിനെതിരെ ശക്തമായ പ്രതികരണങ്ങളുണ്ടായി. രാജ്യത്തിന്‍ന്റെ പല ഭാഗങ്ങളില്‍ നിരവധി കേസുകള്‍ ഫയല്‍ ചെയ്തു. തുടര്‍ന്ന് തെരഞ്ഞെടുപ്പു യോഗങ്ങള്‍ റദ്ദാക്കേണ്ടി വന്നു. ചെന്നൈ ആല്‍വാര്‍പ്പേട്ടിലെ കമലിന്റെ വീട്ടില്‍ പൊലീസ് കാവല്‍ ഏര്‍പ്പാടാക്കി. കമല്‍ ഭീകരസംഘടനയായ ഐഎസില്‍ നിന്ന് പണം വാങ്ങിയെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അംഗീകാരം ഉടന്‍ റദ്ദാക്കണമെന്നും മന്ത്രി രാജേന്ദ്ര ബാലാജി തുറന്നടിച്ചു.

 ഈ സമയത്താണ് ഗോഡ്‌സേ പരാമര്‍ശത്തെ ഏറ്റെടുത്തുകൊണ്ട് ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാസിംഗ് ഠാക്കൂര്‍ രംഗത്തു വന്നത്. ഗോഡ്‌സേയെപ്പറ്റി കൃത്യമായി മനസ്സിലാക്കാത്തവരാണ് അദ്ദേഹത്തെ താവ്രവാദിയെന്നു വിളിക്കുന്നതെന്നും അത്തരക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ തക്ക മറുപടി ലഭിക്കുമെന്നും പ്രജ്ഞ പ്രസ്താവിച്ചു. മാത്രമല്ല ഗോഡ്‌സേ ദേശസ്‌നേഹിയാണെന്നും അവര്‍ വാദിച്ചു.

 ഇതോടെ ബിജെപി സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ മോഡിതന്നെ ഇതില്‍ ഇടപെടേണ്ടി വന്നു. പ്രജ്ഞ മാപ്പര്‍ഹിക്കുന്നില്ല എന്നാണ് മോഡി പറഞ്ഞത്. അഴിമതിയുടെ കാര്യത്തില്‍ രണ്ടു ദ്രാവിഡ കക്ഷികളും ചരിത്രങ്ങള്‍ തിരുത്തിക്കുറിച്ചവരാണ്. മാറി മാറി ഭരണത്തിലെത്തിയ ദ്രാവിഡകക്ഷികള്‍ അഴിമതിയുടെ കോട്ടകള്‍ കെട്ടിപൊക്കിയിരുന്നു. ജയലളിതയും ശശികലയുമൊക്കെ അഴിമതിയുടെ അഗാധഗര്‍ദ്ദങ്ങളില്‍ നിപതിച്ചു. ശശികലയും ബന്ധുക്കളും ഇപ്പോഴും ജയിലിലാണ്. 

എന്നാല്‍ ഇന്നും അഴിമതിക്കേസുകള്‍ നിലനില്‍ക്കുന്ന ഡിഎംകെയിലെ കനിമൊഴിയും എ രാജയും ദയാനിധിമാരനുമൊക്കെ തെരഞ്ഞെടുപ്പില്‍ വിജയിച്ചു വന്നിരിക്കുന്നു. കൂടാതെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരം വിദേശനാണയവിനിമയവുമായി ബന്ധപ്പെട്ട കേസുകളില്‍പെട്ട വ്യക്തിയാണ്. നിലവിലുള്ള 1988 ലെ അഴിമതിനിരോധന നിയമം അനുസരിച്ച് ഇവര്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അവരുടെ ലോക്‌സഭാ സീറ്റുകള്‍ നഷ്ടമാകും. മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ജയലളിതപോലും രണ്ടു തവണ ജയിലില്‍ പോയത് ഈ നിയമം അനുസരിച്ചാണ്. 2 സ്‌പെക്രം കേസില്‍ കനിമൊഴിയും രാജയും ഉള്‍പ്പെടെ 17 പേരാണ് പ്രതികള്‍. അവര്‍ കേസില്‍ നിന്ന് മോചിതരായെങ്കിലും സിബഐ ദല്‍ഹി ഹൈക്കോടതിയില്‍ വീണ്ടും ഫയല്‍ ചെയ്ത കേസില്‍ ഫാസ്റ്റ് ട്രാക്കില്‍ വിചാരണ നടക്കുകയാണ്. മറ്റൊരു 2 ജി കേസില്‍ ദയാനിധിമാരനും മറ്റ് ആറ് പേരും വിചാരണ നേരിടുന്നു. 


ഗുരുതരമായ ഐഎന്‍എക്‌സ് മീഡിയ എയര്‍സെല്‍ - മാക്‌സിസ് കേസില്‍ കുരുങ്ങിയ ആളാണ് കാര്‍ത്തി ചിദംബരം. പിതാവ് പി ചിദംബരം കേന്ദ്രധനമന്ത്രി ആയിരിക്കുമ്പോള്‍ അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു എന്ന കേസ് ഇപ്പോള്‍ എഫ്‌ഐആര്‍ അവസ്ഥയിലാണ്. 


 പണമൊഴുക്കായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ എടുത്തു പറയേണ്ട മറ്റൊരു അട്ടിമറി. ഇത്രമാത്രം പണം ഒഴുകിയ മറ്റൊരു തെരഞ്ഞെടുപ്പ് തമിഴകത്തെന്നല്ല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. വളരെയധികം അക്രമങ്ങളും കൊലപാതകങ്ങളും രേഖപ്പെടുത്തിയതും ഈ തെരഞ്ഞെടുപ്പിലാണ്. വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് 11.48 കോടി രൂപയാണ് പിടിച്ചെടുത്തത്. ഡിഎംകെ എംഎല്‍എയും പാര്‍ട്ടി ട്രഷററുമായ ദുരൈ മുരുകന്റെ വീട്ടില്‍ നിന്നും അവിടെ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന ആ നേതാവിന്റെ മകന്‍ കതിര്‍ ആനന്ദിന്റെ കിങ്സ്റ്റണ്‍ മെഡിക്കല്‍ കോളെജില്‍ നിന്നും ഇന്‍കം ടാക്‌സ് വിഭാഗമാണ് ഇത്രയും തുക പിടിച്ചെടുത്തത്. അക്കാരണംകൊണ്ടു തന്നെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മിഷന്‍ റദ്ദാക്കുകയും ചെയ്തു. വോട്ടര്‍മാര്‍ക്ക് കൊടുക്കാന്‍ വേണ്ടി പാര്‍ട്ടി സൂക്ഷിച്ചുവച്ച പണമാണ് ഇതെന്ന് കമ്മിഷനു വ്യക്തമായിരുന്നു. തമിഴ്‌നാട്ടില്‍ ആദ്യമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെടുത്തതിന്റെ പേരില്‍ ഇലക്ഷന്‍ റദ്ദ് ചെയ്യുന്നത്.


 ഇടക്കാല തെരഞ്ഞെടുപ്പു നടക്കുന്ന ആണ്ടിപ്പെട്ടി നിയമസഭാ മണ്ഡലത്തിലെ ദിനകരന്റെ എഎംഎംകെ ഓഫീസില്‍ നിന്ന് 1.48 കോടി രൂപയാണ് ഇന്‍കം ടാക്‌സ് ഓഫീസര്‍മാര്‍ പിടിച്ചെടുത്തത്. 94 കവറുകളിലായി സൂക്ഷിച്ചിരുന്ന നോട്ടുകള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിതരണം ചെയ്യാന്‍ വച്ചതായിരുന്നു. ഇന്ത്യയില്‍ തമിഴ്‌നാട്ടിലായിരുന്നു തെരഞ്ഞെടുപ്പിനു വിതരണം ചെയ്യാന്‍ കരുതിവച്ചിരുന്ന ഏറ്റവുമധികം കള്ളപ്പണം പിടിച്ചത്. മൊത്തം 107.24 കോടി രൂപ. അടുത്ത സ്ഥാനം ഉത്തരപ്രദേശ്- 104.53 കോടി. ആന്ധ്രപ്രദേശില്‍ നിന്ന് 103.4 കോടിയും പഞ്ചാബില്‍ 92.8 കോടിയും പിടിച്ചെടുത്തിരുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്ന് 3,456.22 കോടി പണമായും സ്വര്‍ണമായും വെള്ളിയായും മയക്കുമരുന്നുകളായും മദ്യമായും പിടിച്ചെടുത്തിരുന്നു. 2014 ല്‍ തെരഞ്ഞെടുപ്പിനു കേന്ദ്രസര്‍ക്കാര്‍ ചിലവിട്ട പണത്തിന്റെ 90 ശതമാനമാണ് ഈ തുക. 

തമിഴ്‌നാട്ടില്‍ പല മണ്ഡലങ്ങളിലും വോട്ടിന്റെ വില 500 മുതല്‍ 2000 വരെ ആയിരുന്നു. പ്രമുഖ ദ്രാവിഡ കക്ഷികളൊക്കെ പണംകൊടുത്തു വോട്ടു നേടുന്ന അവസ്ഥയിലേക്ക് ഇറങ്ങി വന്നിരുന്നു. പണമൊഴിക്കിലൂടെ പുതിയൊരു തെരഞ്ഞെടുപ്പ് സമവാക്യം രൂപപ്പെട്ടിരിക്കുന്നു തമിഴ്‌നാട്ടില്‍. സൗജന്യങ്ങള്‍ കൊടുത്തു വോട്ടു വാങ്ങുന്ന അവസ്ഥ അവസാനിപ്പിച്ചു പണം നേരിട്ടുകൊടുത്തു വോട്ടറെ തൃപ്തിപ്പടുത്തുകയാണ് പുതിയ മാര്‍ഗ്ഗം. എന്തായാലും ബിജെപിയുടെ നിലപാടുകളെ തകര്‍ത്തുകൊണ്ട് മുന്നേറാനാണ് ഡിഎംകെ സഖ്യത്തിന്റെ ശ്രമം. 

വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ തന്ത്രങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം. അതിനുവേണ്ടി സഖ്യകക്ഷികളെ ശക്തമാക്കണമെങ്കില്‍ ബിജെപി വിരുദ്ധവികാരം സംസ്ഥാനത്ത് നിലനിര്‍ത്തണം. അതാണ് സ്റ്റാലിന്റെ മുഖ്യ അജണ്ട. 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image