കവിത/രാജൻ ജോസഫ് മനു 
മണ്ണിന്റെ ഗന്ധം - എനിക്കും നിനക്കും
കൊല്ലപ്പെടുന്നതിന്റെ
അവസാന പിടച്ചിലിലായിരുന്നു
കൂട്ടുകാരാ
ഞാൻ
നിന്റെ ഗന്ധം ശ്വസിച്ചത്.

അന്ന് നിനക്ക്
മണ്ണിന്റെ മണമായിരുന്നു
ഇന്നെനിക്കും.

നീ അഴിച്ചിട്ട്
അളന്നു പോയ
തൂക്കുകയറിന്റെ തുമ്പത്ത്
നിന്നെ പ്രണയിച്ച
പാടത്തെ കാറ്റ്
തലതല്ലി മരിച്ചിരുന്നു.
മാടിയ വിത്തുകൾ
ആർത്തു പൂത്തിരുന്നു.

അടക്കാൻ
മണ്ണില്ലാതെ
നിന്നെ കെട്ടിത്താഴ്ത്തിയ
കടലിലേക്ക്
നിനക്ക് തരാൻ
നീ ലാളിച്ച
ഒരുപിടി മണ്ണുമായ്
പാടം വന്നപ്പോഴാണ് 
ഞാൻ കെട്ടിപ്പൊക്കിയ സൗധത്തിൽ
പ്രളയം
തെച്ചിപ്പൂ വിതറിയത്.

അതിരുകളില്ലാത്ത
കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ
ഉയരുന്ന നിലവിളിക്കൊപ്പം
മൂന്നു ദിനമായി
വീർത്തഴകിയ
എന്നെ
എവിടെ
കെട്ടിത്താഴ്ത്തുമെന്നോർത്താണ്
വീട്ടുകാർ
ഇപ്പോൾ
കപ്പലന്വഷിക്കുന്നത്

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image