(മുഖ്യമന്ത്രിയുടെ) ധാര്‍ഷ്ട്യം/ശൈലി
എസ് സുന്ദര്‍ദാസ് 

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം/ശൈലി മാറ്റണമെന്നാണല്ലോ പ്രതിപക്ഷം പ്രത്യക്ഷമായും ഇടതുപക്ഷത്തെതന്നെ ചിലര്‍ പരോക്ഷമായും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ ശൈലി തന്‍റെ ജന്മാവകാശമാണെന്നും അതുമാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി നിലപാടെടുത്തിരിക്കുന്നു. എന്താണ് ഒരു ഭരണാധികാരിയുടെ ധാര്‍ഷ്ട്യം? പത്രക്കാരോട് ചിരിച്ചുകളിച്ചും തമാശപറഞ്ഞും സംസാരിക്കാത്തണോ?. വെള്ളിയാഴ്ചതോറും മുടങ്ങാതെ പത്രസമ്മേളനം നടത്താത്തതാണോ? സദാ ഗൗരവപ്രകൃതത്തോടെ സംസാരിക്കുന്നതാണോ? അതോ മറുപടി പറയേണ്ടിടത്ത് മൗനം പാലിക്കുന്നതാണോ?
ഒരു ഭരണാധികാരിയുടെ ദാര്‍ഷ്ട്യം ഇതൊന്നുമല്ലെന്ന് ഞാന്‍ കരുതുന്നു. ഭരിക്കപ്പെടുന്നവരില്‍ ഏറ്റവും നിസ്സഹായരും നിരാലംബരുമായവരോട് അനുതാപം (empathy, not sympathy)  പ്രകടിപ്പിക്കാന്‍ ഒരു ഭരണാധികാരിക്ക് മനസ്സില്ലാതെ പോകുന്നതാണ് ദാര്‍ഷ്ട്യം. പക്ഷേ, എങ്ങിനെയാണ് ആ അനുതാപം പ്രകടിപ്പിക്കേണ്ടത്? അതിന് ഒരു സാമാന്യനിയമമില്ല. അത് ഓരോ ഭരണാധികാരിയുടേയും പ്രവര്‍ത്തന ശൈലിയുടെ ഭാഗമാണ്. ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം. ഒന്നാം ഉമ്മന്‍ചാണ്ടി മന്ത്രി സഭയുടെ കാലത്താണ്. എനിക്ക് ഒരേ ദിവസം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയേയും പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദനേയും ഇന്‍റര്‍വ്യൂ ചെയ്യേണ്ടിവന്നു.  രാവിലെ ആറുമണിക്ക് വീട്ടില്‍ ചെല്ലാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഞാനും ഇന്ത്യാടുഡേ ഫോട്ടോഗ്രാഫര്‍ ശങ്കറും കൃത്യസമയത്തുതന്നെ മുഖ്യമന്ത്രിയുടെ വസതിയിലെത്തി. അപ്പോ‍ള്‍ തന്നെ അവിടെ ഒരു വലിയ ജനക്കൂട്ടമുണ്ട്. പഞ്ചസാരത്തരിയെ ഉറുമ്പുകളെന്നപോലെ ആ വീടിനെ ജനം പൊതിഞ്ഞിരിക്കുന്നു. പുറത്തിറങ്ങിവന്ന ഉമ്മന്‍ ചാണ്ടി എന്നോടു പറഞ്ഞ്:”വാ, നമുക്ക് അകത്തിരുന്ന് സംസാരിക്കാം.” ഞങ്ങള്‍ അകത്ത് അടച്ചിട്ട ഒരു മുറിയിലിരുന്ന് സംസാരിച്ചു. കുറച്ചുകഴിഞ്ഞപ്പോല്‍ മുഖ്യമന്ത്രി ഒരു ഫോണ്‍ കോള്‍ എടുക്കുന്നതിനിടയില്‍ ഞാന്‍ ആ മുറിയുടെ ജനാല ഒന്നുതുറന്നു. ഞാന്‍, അമ്പരന്നുപോയി. നിമിഷാര്‍ദ്ധം കൊണ്ട് ആ ജനാലയ്ക്കലും ജനക്കൂട്ടം. ജനങ്ങളെ തഴുകിയും തലോടിയും അവരുടെ തഴുകലും തലോടലും ഏറ്റും ആണ് ഉമ്മന്‍ചാണ്ടി എന്ന ഭരണാധികാരിയുടെ ജീവിതം. ഇതാണോ അനുതാപം?എട്ടരമണിയോടെ ആ അഭിമുഖം തീര്‍ത്ത് ഞാനും ശങ്കറും മടങ്ങി. ഞാന്‍ അടുത്ത അഭിമുഖത്തിനുവേണ്ടി തയാറാക്കിയിരുന്ന കുറിപ്പുകള്‍ ഒന്നുകൂടി പരിശോധിച്ചു. പതിനൊന്നുമണിക്കാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനെ കാണാന്‍ നിശ്ചയിച്ചിട്ടുള്ള സമയം. ഞങ്ങള്‍ കൃത്യസമയത്തുതന്നെ അദ്ദേഹം താമസിച്ചിരുന്ന കണ്ടോണ്‍മെന്‍റ് ഹൗസിലെത്തി. അവിടെ ആള്‍ക്കൂട്ടമൊന്നുമില്ല. ഒന്നോരണ്ടോ ഉദ്യോഗസ്ഥന്മാര്‍ മാത്രം. വിഎസ് ഉടനെ എത്തുമെന്നും കാത്തിരിക്കാനും അവര്‍ പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ വി എസ് എത്തി. ഒന്നും സംസാരിക്കാതെ ആംഗ്യത്താല്‍ എന്നേയും വിളിച്ച് അദ്ദേഹം ധൃതിയില്‍ അകത്തെ മുറിയിലേക്ക് നടന്നു. മുറിയില്‍ അദ്ദേഹത്തിനഭിമുഖമായി ഞാന്‍ ഇരുന്നതും വിസ് പറഞ്ഞ്: “ചോദിക്കൂ. സമയം ഒരു മണിക്കൂര്‍മാത്രം. എനിക്ക് ഇതുകഴിഞ്ഞ്, ഊണുകഴിച്ച് ഉടനെ തൃശൂര്‍ക്ക് പോണം. വൈകീട്ട് അവിടെ ഒരു യോഗമുണ്ട്.” ഓരോ ചോദ്യത്തിനും കണിശമായ ഉത്തരങ്ങള്‍. കേരളത്തിന്‍റെ അരനൂറ്റാണ്ടിലെ മാറ്റത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. ഒളിമങ്ങാത്ത ഓര്‍മകളില്‍നിന്നും കൃത്യമായ ഉത്തരങ്ങള്‍. അതിശയത്തോടെ ഞാന്‍ അത് കേട്ടുകൊണ്ടിരുന്നു. ഒടുവില്‍ ഒന്നുനിര്‍ത്തി കൈത്തണ്ടയിലെ വാച്ചില്‍ നോക്കിഅദ്ദേഹം പറഞ്ഞു: “ ഒരു മണിക്കൂറും പത്ത് മിനിറ്റുമായി, നമസ്കാരം”, എന്നെ യാത്രയാക്കുന്നതുപോലെ കസേരയില്‍നിന്ന് എഴുനേറ്റ് അദ്ദേഹം കൈകള്‍ കൂപ്പി. 
ഞാന്‍ എഴുനേല്‍ക്കാന്‍ തുടങ്ങുന്നതിനിടയില്‍ വിഎസിന്‍റെ സ്റ്റാഫില്‍ ഒരാള്‍ ധൃതിയില്‍ മുറിയിലേക്ക് കയറിവന്നു. “ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു,” അയാള്‍ പറഞ്ഞു. “ഇപ്പോള്‍തന്നെ വൈകി. പിന്നീട് വരാന്‍ പറയൂ,” എന്ന് വാച്ചില്‍ നോക്കി വി.എസ്. ഉദ്യോഗസ്ഥന്‍ തിരിഞ്ഞു നടക്കാന്‍ ഒരുങ്ങുമ്പോള്‍ വീണ്ടും വിഎസ്: ”അല്ലെങ്കില്‍ വരാന്‍ പറയൂ. ഇതുവരെ വന്നതല്ലേ?” കസേരയില്‍ വീണ്ടും ഇരുന്നുകൊണ്ട് അദ്ദേഹം ഉദ്യോഗസ്ഥനോട് ചോദിച്ചു: “ആണ് അത്?”
ഉദ്യോഗസ്ഥന്‍: ”ഒരു വികലാംഗനാണ്. നടക്കാന്‍ ബുദ്ധിമുട്ടുണ്ട്.” അതുകേട്ട് വിഎസ് പറഞ്ഞു: “ എന്നാല്‍ ഞാന്‍ അങ്ങോട്ട് വരാം.” മുറിയില്‍നിന്നും പുറത്തിറങ്ങിയ വി എസിനുപിറകില്‍ ഞങ്ങളും. പുറത്ത് വരാന്തയില്‍ എഴുനേല്‍ക്കാനാവാത്തവിധം ശോഷിച്ച കാലുകളുമായി ഒരു മധ്യവയസ്കന്‍. കൈയില്‍ ഒരു നിവേദനം നീട്ടിപ്പിടിച്ചിരിക്കുന്നു. കുനിഞ്ഞുകൊണ്ട് വി എസ് അതുവാങ്ങി. എല്ലാ ധൃതിയും മാറ്റിവെച്ച് അദ്ദേഹം ശ്രദ്ധയോടെ അത് വായിക്കുന്നു. ഞങ്ങള്‍ പുറത്തിറങ്ങി കാറിനടുത്തേക്ക് നടന്നു. കാറില്‍ കയറുമ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി. കുനിഞ്ഞുനിന്നുകൊണ്ടുതന്നെ വിഎസ് അയാളോട് വിവരങ്ങള്‍ ചോദിച്ചറിയുകയാണ്,ഒരു ധൃതിയുമില്ലാതെ. ഇതല്ലേ അനുതാപം?
.  
   

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image