ഒരു വായനക്കാരന്റെ ആത്മകഥ
പ്രദീപ്‌ പനങ്ങാട്  

ഓരോ വായനക്കാരനും ഓരോ ആത്മകഥയുണ്ടാവും. നിരവധി ആശയങ്ങള്‍കൊണ്ട് തീര്‍ത്തതാവും ഓരോ ആത്മകഥയും. വായനക്കാരനാവാന്‍ തീരുമാനിക്കുന്നത് തന്നെ വിപ്ലവകരമായ ഒരു പ്രവര്‍ത്തനമാണ്. കാരണം ഭൗതിക ധ്രുവങ്ങളുടെ രാപകലുകളെയാണ് ജാഗ്രതയും ആകൃതിയും ആവശ്യമുളള ഒരു കര്‍മ്മത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിക്കുന്നത്. ഭക്ഷണത്തോട് അനാസക്തിയും ഉറക്കത്തോട് വൈമൂഖ്യവും ജീവിതത്തോട് പ്രണയവും ഒരോ വായനക്കാരനും സൂക്ഷിക്കും. ജീവിതത്തില്‍ എവിടയെങ്കിലും വെച്ച് തന്റെ വായനയുടെ പ്രകാശ വര്‍ഷങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴാകും വായനകാലം എത്ര സംഘര്‍ഷഭരിതമായിരുന്നുവെന്ന് മനസ്സിലാക്കണം. വായനക്കാര്‍ അങ്ങനെ പുനരാലോചന നടത്താറുണ്ടോ? എം.ടി. വാസുദേവന്‍നായര്‍ തന്റെ വായനാ വഴികളെക്കുറിച്ച് നിരന്തരം ഓര്‍ക്കാറുണ്ട്. വറുതിയും ക്ലേശവും, ആഹ്ലാദവും ആകാംക്ഷയും അവയിലുമുണ്ട്. മലയാളത്തിലെ വായനക്കാരന്റെ മികച്ച ആത്മകഥ എം.ടിയുടേത് ആയിരിക്കും. എനിക്ക് അടുത്ത് അറിയാന്‍ കഴിഞ്ഞ എം. കൃഷ്ണന്‍ നായര്‍ക്കും, പി. ഗോവിന്ദപിളളക്കും വായനക്കാരന്റെ ആത്മകഥ എഴുതാന്‍ കഴിയുമായിരുന്നു. പക്ഷെ എഴുതിയില്ല. കാരണം വായന അവര്‍ അവസാനകാലം വരെ തുടര്‍ന്നിരുന്നു. വായനാ വഴികള്‍ ആലോചിക്കുവാന്‍ അവര്‍ക്ക് അവസരം ലഭിച്ചില്ല.


 ഞാന്‍ വായന തുടങ്ങുന്നത് എപ്പോഴാണെന്ന് ആലോചിച്ചിട്ടുണ്ട്. എന്റെ അച്ഛന്‍ ഒരു അധ്യാപകനായിരുന്നു. വൈകുന്നേരം വീട്ടിലേക്ക് വരുമ്പോള്‍ നിരവധി മാസികകള്‍ കൊണ്ടുവന്നിരുന്നു. മലയാള നാട്, കുങ്കുമം, കലാകൗമുദി തുടങ്ങിയവ.മലയാള നാടിന്റെയും കുങ്കുമത്തിന്റേയും പ്രതാപ കാലമായിരുന്നു അത്. ഡെമ്മി 1/8 ല്‍ ഇറങ്ങിയ ആ പ്രസിദ്ധീകരണങ്ങള്‍ എന്നെ ആകര്‍ഷിച്ചിരുന്നു. പക്ഷെ അതിലെ ഉളളടക്കങ്ങളിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. 1975 ല്‍ കലാകൗമുദി ഇറങ്ങിതുടങ്ങിയപ്പോള്‍ ആ പ്രസിദ്ധീകരണവും അതിഥിയായി എത്തിതുടങ്ങി. ആദ്യ ലക്കം മുതല്‍ വാങ്ങിയിരുന്ന ഞാന്‍ അപ്പോള്‍ മിഡില്‍ സ്‌കൂള്‍ ക്ലാസില്‍ പഠിക്കുകയായിരുന്നു. കലാകൗമുദിയില്‍ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന മാലിയുടെ രണ്ട് നോവലുകള്‍ മാത്രമേ അക്കാലത്ത് വായിക്കാന്‍ കഴിഞ്ഞിരുന്നുളളു. സര്‍വ്വജിത്തും കളളക്കടത്തും, സര്‍വജിത്തിന്റെ സമുദ്ര സഞ്ചാരങ്ങള്‍, എന്നീ നോവലുകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. കലാകൗമുദിയുടെ എല്ലാ ലക്കങ്ങളും സൂക്ഷിച്ചുവെച്ചിരുന്നു. അക്കാലത്തെ വേനലവധികള്‍ കലാകൗമുദിയുടെ പഴയ താളുകളിലൂടെയാണ് കടന്ന്‌പോയത്. പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് കലാകൗമുദിയുടെ എല്ലാ പേജുകളും ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തത്. അതുകൊണ്ടാവും ആദ്യമായി എന്റെ ഒരേ ഒരു ലേഖനം പ്രസിദ്ധീകരിച്ചത് കലാകൗമുദിയിലായത്. എസ്. ജയചന്ദ്രന്‍നായരാണ് വിദ്യാര്‍ത്ഥിയായിരുന്ന എന്റെ ഒരു ലേഖനം പ്രധാന്യത്തോടെ തന്നെ കൊടുത്തത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്‍.ആര്‍.എസ്. ബാബു പത്രാധിപരായ ശേഷം എത്രയോ ലേഖനങ്ങള്‍, അഭിമുഖങ്ങള്‍ ,കോളങ്ങള്‍, കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചു. ജീവിത്തിന്റെ ഭാഗമായി തന്നെ കലാകൗമുദി മാറിയിരുന്നു. കലാകൗമുദിയുടെ ആ പഴയ ലക്കങ്ങള്‍ ഇപ്പോഴും എന്റെ തറവാട്ടില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എത്രയോ മഴക്കാലം കഴിഞ്ഞിട്ടും ഓര്‍മ്മയിലെ വസന്തമായി തുടരുന്നു. 


 ഗ്രാമത്തിലെ എന്റെ വീട്ടിലെ തൊട്ടടുത്താണ് ജനത ഗ്രന്ഥശാല. എന്റെ ജീവിതത്തെ മാറ്റിമറിച്ചത് ആ ഗ്രന്ഥശാലയിലെ സായാഹ്നങ്ങളാണ്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ആ ഗ്രന്ഥശാലക്ക്. ഞാന്‍ നിരവധി സര്‍വ്വകലാശാലകളില്‍ പഠിച്ചിട്ടുണ്ടെങ്കിലും എന്റെ യഥാര്‍ത്ഥ സര്‍വ്വകലാശാല ഈ ഗ്രന്ഥശാലയാണ്. പഠിച്ചതെല്ലാം ഇവിടെ നിന്നാണ്. ജീവിതവും അനുഭവങ്ങളും സ്വപ്നങ്ങളും ഭാവനയും സ്‌നേഹവും മാനവീയതയും തിരിച്ചറിഞ്ഞത് ഗ്രന്ഥശാലയുടെ അകത്തളത്തില്‍ വെച്ചാണ്. മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ പ്രധാന പുസ്തകങ്ങളും അന്ന് അവിടെയെത്തിയിരുന്നു. ഉറൂബ്, എസ്.കെ. പൊറ്റക്കാട്, ഒ.വി. വിജയനും, എം. മുകുന്ദനും, പത്മരാജനും അവിടെ പുസ്തകങ്ങളായി നിരന്നിരുന്നു. അതിനപ്പുറം ധാരാളം രാഷ്ട്രീയ പുസ്തകങ്ങളും. മൂലധനം, മൂന്ന് ഭാഗങ്ങള്‍ എന്നേ സ്ഥാനം പിടിച്ചിരുന്നു. മധ്യവേനല്‍ അവധിക്കാലം വായനയുടെ വസന്തോത്സവമായിരുന്നു. വായന അതിന്റെ സ്വഭാവിക ആവേശത്തിലേക്ക് എത്തിയത് ഇവിടെ വെച്ചാണ്. ഒരു വായനക്കാരനാവുക എന്നത് ക്ലേശകരമായ ഒരു കാര്യമാണെന്ന് മനസ്സിലാക്കി തുടങ്ങിയത് അപ്പോഴാണ്. തൊട്ടടുത്തുളള തുമ്പമണ്‍ നവജീവന്‍ ഗ്രന്ഥശാല, പുന്നല ഗ്രനഥശാല എന്നിവിടങ്ങളിലും പോയിരുന്നു. പുസ്തകവേട്ടയ്ക്കായി. 


 വിദ്യാര്‍ത്ഥിയായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു പുസ്തകങ്ങളുടെ മഹാസമുദ്രത്തിലേക്ക് ഇറങ്ങിയത്. യുണിവേഴ്‌സിറ്റി ലൈബ്രറിയിലായിരുന്നു മെമ്പര്‍ഷിപ്പ് എടുത്തത്. പഴയ പുസ്തകങ്ങളിലേയും മാസികകളുടേയും വലിയ ഒരു ശേഖരം അവിടെ ഉണ്ട്. കേരള സ്റ്റഡീസ് എന്ന പേരില്‍ അധികകാലം കഴിച്ചുകൂട്ടിയത് അതിനുളളിലായിരുന്നു. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് അക്കാലത്ത് ലൈബ്രറിയേറിയനായിരുന്നത്. ഡോ. വി. വേലപ്പന്‍ നായരായിരുന്നു. അദ്ദേഹം അറിവുകളുടെ അക്ഷയ ഖനിയായിരുന്നു. പി.കെ ബാലകൃഷ്ണന്റെ ജാതി വ്യവസ്ഥയും കേരള ചരിത്രവും എന്ന പുസ്തകത്തിന്റെ പിന്നിലെ ശക്തി അദ്ദേഹമായിരുന്നു. വേലപ്പന്‍നായരോട് സംസാരിക്കുമ്പോള്‍ നിരവധി അറിവുകളാണ് ലഭിക്കുക. സാഹിത്യം, ചരിത്രം, ചലച്ചിത്രം തുടങ്ങിയ ഓരോ കാര്യങ്ങളും അദ്ദേഹത്തിന് നന്നായി അറിയാം. കേരള സ്റ്റഡീസിലേക്ക് നയിച്ച ഒരു കാരണമതാണ്. മറ്റൊന്ന് പഴയ കാല ആനുകാലികങ്ങള്‍ പരിശോധിക്കാം എന്നതാണ്. അര നൂറ്റാണ്ട് മുമ്പത്തെ കവിതകള്‍ അവിടെ ബൈന്‍ഡ് ചെയ്തു വെച്ചിട്ടുണ്ട്. മലയാള നാടിന്റെ എല്ലാ കോപ്പികളും ഞാന്‍ കാണുന്നത് അവിടെ വെച്ചാണ്. മാതൃഭൂമിയുടേയും ദേശാഭിമാനിയുടേയും പഴയ താളുകള്‍ വായിച്ച് എത്രയോ ദിവസങ്ങള്‍ അവിടെ ചെലവഴിച്ചു. ഇന്നും കേരള സ്റ്റഡീസ് ഒരു പ്രചോദന കേന്ദ്രമാണ്. എന്റെ രചനയുടെ പല ആധാര ശിലകളും അവിടെ നിന്ന് ലഭിച്ചതാണ്. കാലത്തിന്റെ നിരവധി വിതാനങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുന്ന സ്ഥലമാണത്.


 തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയും വായനയുടെ ആകാശം തുറന്ന് തന്ന സരസ്വതി ക്ഷേത്രമാണ്. എത്രയോ പുസ്തകങ്ങള്‍ വായിച്ച് തീര്‍ത്തു. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ആ ലൈബ്രറിയില്‍ ഞാന്‍ പോകും. അവിടെയെത്തുമ്പോഴാണ് വായനക്കാരനെന്ന നിലയില്‍ ഞാന്‍ എത്രയോ നിസ്സാരനാണെന്ന് മനസ്സിലാവുന്നത്. അവിടെ ബുക്ക് ഷെല്‍ഫിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഹിമാലയത്തിന്റെ ചുവട്ടില്‍ നിന്ന് മുകളിലേക്ക് നോക്കി അത്ഭുതം ഊറുന്ന അനുഭവമാണ് ഉണ്ടാവുന്നത്.

 മദിരാശിയിലെ കണിമറ ലൈബ്രറിയില്‍ ഞാന്‍ അംഗമായിരുന്നു. ഞാന്‍ കണ്ട ഏറ്റവും വലിയ ഗ്രന്ഥപ്പുര അതാണ്. അവിടെ എത്തുമ്പോള്‍ ഞാന്‍ എം. ഗോവിന്ദനെ ഓര്‍ക്കും. ഗോവിന്ദന്‍ ഭാവനയും ആശയവും കണ്ടെത്തിയത് ഈ ലൈബ്രറിയില്‍ നിന്നാണ്. ഗോവിന്ദന്റെ അദൃശ്യസാന്നിധ്യം പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. മദ്രാസ് സര്‍വ്വകലാശാലയുടെ പുസ്തകപ്പുരയിലും അപൂര്‍വ്വം രചനകളുണ്ടായിരുന്നു. വായനക്കാര്‍ക്ക് വേണ്ടി ഒരുക്കിയ നഗരമാണത്.


 നിരന്തരം വായിച്ച എത്രയോ പുസ്തകങ്ങളുണ്ട്. കവിയുടെ കാല്‍പ്പാടുകള്‍, ഇടശ്ശേരി കവിതകള്‍, വൈലോപ്പിള്ളി കവിതകള്‍, ആനന്ദിന്റെ ആള്‍ക്കുട്ടം, ഒ.വി. വിജയന്റെ ഖസാഖിന്റെ ഇതിഹാസം അങ്ങനെ എത്രയോ രചനകള്‍. ഇന്നും അത്തരം രചനകളുടെ വായന തുടരുന്നു. ഓരോ വായനയും ഓരോ കാരണത്താലും അനുഭവങ്ങളുടെ ആവിഷ്‌ക്കാരത്തിന്റെ ഭാഷയുടെ തുടങ്ങി ഓരോന്നും പുതിയ തിരിച്ചറിവുകളാവുന്നുണ്ട്.  വായനക്കാരെന്ന നിലയില്‍ ഞാന്‍ ചില മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എനിക്ക് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ സംഭാവനയായി നല്‍കിയിട്ടുളളത് സക്കറിയാണ്. അദ്ദേഹത്തിന് ലഭിക്കുന്ന മലയാളപുസ്തകങ്ങളില്‍ ഏറേയും ഇപ്പോള്‍ എന്റെ സ്വകാര്യ ശേഖരത്തിലാണ് ഉളളത്. ആര്‍ത്തിക്കാരനായ ഞാന്‍ ചിലപ്പോള്‍ സക്കറിയുടെ ലൈബ്രറിയില്‍ നിന്ന് പുസ്തകം കടത്താറുണ്ടായിരുന്നു. ലഹരി നിറഞ്ഞ സായാഹ്നങ്ങളില്‍ സംഭാഷണങ്ങളുടെ മറവില്‍ പുസ്തകം മോഷ്ടിച്ചിരുന്നു. ഒരിക്കല്‍ പോലും അദ്ദേഹമത് കണ്ടുപിടിച്ചിരുന്നില്ല. കാലങ്ങള്‍ക്ക് ശേഷം ഞാനത് സ്വയം വെളിപ്പെടുത്തിയപ്പോഴാണ് സക്കറിയ എന്റെ മോഷണങ്ങള്‍ മനസ്സിലാക്കിയത്. എങ്കിലും പുസ്തകങ്ങളുടെ കാര്യത്തില്‍ അദ്ദേഹം ഉദാര സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. 


 കെ.പി. അപ്പന്‍, വിവേകശാലിയായ വായനക്കാരന്‍ എന്ന് പ്രയോഗിച്ചപ്പോഴാണ്. വായനയുടെ വിവേകത്തെക്കുറിച്ച് ആലോചിച്ചത്. വായനക്കാരന്‍ വിവേകശാലിയാകണമെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. വായനയിലെ തിരഞ്ഞെടുപ്പ്, ജാഗ്രത ആവശ്യപ്പെടുന്ന ഒന്നാണ്. ഏത് വായിക്കണം, എങ്ങനെ വായിക്കണം എന്തിന് വായിക്കണം എന്ന ചോദ്യം നിരന്തരം ചോദിക്കുന്ന ഒരാള്‍ക്ക് മാത്രമേ വിവേകശാലിയായ വായനക്കാരന്‍ ആവാന്‍ കഴിയൂ. വായനയുടെ രസഭേദങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കൂ. 


 രോഗപീഢകളില്‍ നിന്നും മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും ജീവിത വിഷാദങ്ങളില്‍ നിന്നും വിമുക്തമാക്കാന്‍ വായനക്ക് കഴിയുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അക്ഷരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അതിനപ്പുറത്തെ ലോകങ്ങള്‍ നാം മറന്ന്‌പോകും. അക്ഷരത്തിനുളളിലെ വളവും തിരിവുകളും തട്ടി നമ്മുടെ സന്താപങ്ങളുടെ കനല്‍ കട്ടകള്‍ ഉടഞ്ഞുപോവും. ക്ഷുഭിതരും ദുഃഖിതരുമായ നാം വിനീതരും വിലോലകളുമായി തീരും. അതുകൊണ്ടാണ് വായന അതിജീവനത്തിന്റെ ഔഷധമായി മാറുന്നത്. ഒരു വായനക്കാരന്റെ ആത്മകഥ മരണത്തോടേ അവസാനിക്കൂ. അര്‍ദ്ധവിരാമങ്ങള്‍ ആവശ്യമാണ്.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image