കെ എസ് ചിത്ര
എന്നും തിളങ്ങുന്ന സ്വരം
എസ് രാജേന്ദ്രബാബു ദേവരാജന്‍ മാസ്റ്ററുടെ സ്വപ്‌നപദ്ധതിക്ക് കെഎസ് ചിത്രയുടെ സാക്ഷാത്കാരം രാഷ്ട്രീയ മാലിന്യക്കൂമ്പാരങ്ങളുടെ ദുര്‍ഗന്ധം കൊണ്ട് ശ്വാസംമുട്ടുന്ന മലയാളിക്ക് സാഹിത്യകാരന്മാരും കലാകാരന്മാരുമാണ് കുറച്ചെങ്കിലും ആശ്വാസം പകരുന്നത്. സമൂഹത്തെയൊന്നാകെ ഉള്‍ക്കൊള്ളാന്‍ ശക്തിയുള്ള കലാരൂപം സംഗീതമാണെന്നതില്‍ രണ്ടഭിപ്രായമുണ്ടാകില്ല. നമ്മുടെ ഗായകപ്രതിഭകളുടെ സാന്നിധ്യം അനിവാര്യവും അനിഷേധ്യവുമാകുന്നതും അതുകൊണ്ടാണ്. ആ നിലയ്ക്ക് കുടുംബത്തിലെ ഒരംഗം പോലെ ദശാബ്ദങ്ങളായി നമ്മുടെ ഹൃദയത്തിലും സ്വീകരണ മുറിയിലും കെഎസ് ചിത്ര നിറഞ്ഞുനില്‍ക്കുന്നു. ചിത്ര നമുക്ക് വാനമ്പാടിയാണ്; തമിഴകത്ത് ചിന്നക്കുയിലും. മലയാളത്തിന്റെ മകളും തമിഴകത്തിന്റെ മരുമകളും. തീര്‍ന്നില്ല, തെലുങ്കിലും കന്നഡത്തിലും ചിത്ര പ്രിയങ്കരി. ഹിന്ദി ഉള്‍പ്പെടെ ഇന്ത്യയിലെ മിക്ക ഭാഷകളിലും പാടിക്കഴിഞ്ഞ ചിത്ര അങ്ങനെ ദേശീയഗായിക എന്ന തലത്തില്‍ അംഗീകരിക്കപ്പെട്ട് നാലു ദശാബ്ദങ്ങളായി വളര്‍ന്നു പടരുന്നു. അതില്‍ അങ്ങേയറ്റം അഭിമാനം കൊള്ളുന്നതാകട്ടെ മലയാളിയും. അതുകൊണ്ടുതന്നെയാണ് ചിത്രയുടെ സന്തോഷവും ദുഃഖവുമെല്ലാം മലയാളി ഹൃദയപൂര്‍വം ഏറ്റെടുക്കുന്നതും പങ്കുവയ്ക്കുന്നതും. ഒളി മങ്ങാതെ, ഒലി മങ്ങാതെ ചിത്ര ഇപ്പോഴും നമുക്കു വേണ്ടി പാടിക്കൊണ്ടിരിക്കുന്നു. അംഗീകാരങ്ങളും അവാര്‍ഡുകളും ചിത്രയെ തേടിയെത്തുന്നു. പത്മഭൂഷണ്‍, ഡോക്ടറേറ്റ്, ദേശീയ അവാര്‍ഡുകള്‍, വിവിധ സംസ്ഥാന അവാര്‍ഡുകള്‍, ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ചാനല്‍ അവാര്‍ഡുകള്‍, മറ്റു കലാ-സാംസ്‌കാരിക സംഘടനകളുടെ നിരവധി അവാര്‍ഡുകള്‍... അവയിലൊന്നും മതിമയങ്ങാതെ നിറഞ്ഞ ചിരിയോടെ ആസ്വാദകരെ മുഴുവന്‍ വിനയപൂര്‍വം സ്വാഗതം ചെയ്തുകൊണ്ട് നമുക്കൊപ്പം സഞ്ചരിക്കുകയാണ് ചിത്ര.

 മിസ്റ്റര്‍ വിജയശങ്കറും മിസിസ് ചിത്ര വിജയ ശങ്കറും 

ആദ്യകാല ഗായികമാരില്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്രഗാനശാഖയില്‍ തിളങ്ങിനിന്നത് മറ്റൊരു മലയാളി ഗായികയായിരുന്നു- പി ലീല. പക്ഷേ അറുപതുകള്‍ തൊട്ട് ആന്ധ്രയില്‍ നിന്നു വന്ന പി സുശീലയും എസ് ജാനകിയും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അജയ്യരായി നിലനിന്നു. തുടര്‍ന്ന് തമിഴകത്തു നിന്നു വാണിജയറാം, മാധുരി എന്നിവരും കടന്നുവന്നെങ്കിലും സുശീലയേയും ജാനകിയേയും മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ചിത്രയുടെ രംഗപ്രവേശത്തോടെ ആലാപനരംഗത്തെ വിഗ്രഹങ്ങള്‍ വീണുടയുന്ന വിസ്മയക്കാഴ്ചയാണ് ദക്ഷിണേന്ത്യന്‍ ചലച്ചിത്രലോകം കണ്ടത്. മുന്‍ഗാമികളെ അനുസ്മരിപ്പിക്കാത്ത വ്യത്യസ്ത ശബ്ദം ആസ്വാദകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. പിന്നീട് ചിത്രയ്ക്ക് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തട്ടിമാറ്റാന്‍ പ്രതിബന്ധങ്ങളേതുമില്ലാത്ത സുഗമമായ സംഗീതയാത്ര! ചലച്ചിത്ര സംഗീതലോകത്തെ അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്നതിലും ചിത്ര തന്റെ നിസ്സീമമായ സഹകരണം ഉറപ്പു വരുത്തുന്നു. ചാനലുകളാണ് ഇതിനു സാഹചര്യം ഒരുക്കുന്നത്. ഭാഷാഭേദമെന്യെ വിവിധ ചാനലുകളിലെ സംഗീത മത്സരങ്ങളില്‍ വിധികര്‍ത്താവായി കുരുന്നു സംഗീതപ്രതിഭകളെ കണ്ടെത്താന്‍ ചിത്ര സമയം കണ്ടെത്തുന്നു. വിധിനിര്‍ണയത്തില്‍ ഒരു മത്സരാര്‍ത്ഥിയെപ്പോലും വേദനിപ്പിക്കാതെയാണ് ചിത്ര തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നത്. മത്സരാര്‍ത്ഥിയുടെ ഗുണവശങ്ങളാകും ആദ്യം ചൂണ്ടിക്കാട്ടുക. അതിലൂടെ ആ മത്സരാര്‍ത്ഥിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ അവര്‍ക്കു നല്‍കുകയുമാണ് ചിത്രയുടെ ശൈലി. പരാജയപ്പെട്ടു പിന്‍വാങ്ങേണ്ടിവരുന്ന മത്സരാര്‍ത്ഥി പോലും അടുത്ത മത്സരത്തിനു തയാറെടുക്കാനുള്ള ആത്മവിശ്വാസവും ഊര്‍ജവും നേടിക്കൊണ്ടാകും മത്സരവേദി വിട്ടിറങ്ങുക. 

                                   അപൂര്‍വ സംഗമം : രവീന്ദ്രന്‍  ,ബിജു നാരായണന്‍ ,
സുജാത ,മിന്‍മിനി ,ലതിക ,ചിത്ര  
 സമ്പത്തിന്റേയും പ്രശസ്തിയുടേയും ദന്തഗോപുരങ്ങളിലെത്തിക്കഴിഞ്ഞാല്‍ താഴെനില്‍ക്കുന്ന ആസ്വാദകരെ നോക്കി കൈവീശുന്ന നിരവധി കലാകാരന്മാര്‍ നമുക്കുണ്ടെങ്കിലും ചിത്ര ഇവരില്‍ നിന്നൊക്കെ വേറിട്ടു നില്‍ക്കുന്നു. തന്റെ ഓരോ ഗാനത്തിന്റേയും വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സംഗീത കലാകാരന്മാരെ ചിത്ര എപ്പോഴും അനുസ്മരിക്കുന്നു. അവരുടെ സന്തോഷത്തിലും വേദനയിലും ചിത്ര പങ്കുചേരുന്നു. 2000-ത്തില്‍ രോഗം മൂര്‍ച്ഛിച്ച് അവശതയില്‍ കഴിഞ്ഞ പ്രശസ്ത ഗായകന്‍ സിഒ ആന്റോയുടെ ചികിത്സാര്‍ത്ഥം പ്രതിഫലമില്ലാതെ ഒരു സംഗീതപരിപാടി അവതരിപ്പിച്ച് അതില്‍ നിന്നു ലഭിക്കുന്ന തുക അദ്ദേഹത്തിനു നല്‍കാന്‍ ചിത്ര അര്‍ജുനന്‍ മാസ്റ്ററോട് സന്നദ്ധത പ്രകടിപ്പിച്ചു. പരിപാടി സംഘടിപ്പിക്കാനുള്ള ചുമതല അര്‍ജുനന്‍ മാസ്റ്റര്‍ ഈ ലേഖകനെയാണ് ഏല്‍പിച്ചത്. സംഗീതസംവിധായകന്‍ രാജാമണി അതിനുവേണ്ട ഓര്‍ക്കസ്ട്ര നല്‍കി പിന്തുണ നല്‍കി. മദിരാശിയിലെ കാമരാജ് അരങ്ങില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് ചിലവു കഴിച്ചുള്ള തുക ബാങ്കില്‍ നിക്ഷേപിച്ച് അതിന്റെ രേഖ ആന്റോയ്ക്ക് കൈമാറിയത് ചിത്രയോടൊപ്പം ഈ ലേഖകനും കൂടിയാണ്. ആന്റോയെ സ്‌നേഹിക്കുന്ന സുമനസ്സുകള്‍ ധനസമാഹരണത്തിനായി പരമാവധി സഹകരിച്ചിരുന്നു. അവിടെയും ചില ഇത്തിക്കണ്ണികള്‍ ആന്റോയുടെ പേരില്‍ തമിഴ്‌നാട്ടിലും കേരളത്തിലും നടന്ന് പിരിച്ചെടുത്ത തുക ആന്റോയ്ക്ക് കൈമാറിയില്ല. വേദന നിറഞ്ഞ ഒരു മന്ദഹാസമായിരുന്നു ഈ വിവരമറിഞ്ഞ ചിത്രയുടെ പ്രതികരണം.


 ജീവിതത്തിന്റെ അന്ത്യയാമങ്ങളില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ രോഗത്തിന്റെ പിടിയിലമര്‍ന്നു ക്ലേശിക്കുന്ന സംഗീത കലാകാരന്മാരെ സഹായിക്കാന്‍ ചിത്ര 'സ്‌നേഹനന്ദന' എന്ന പേരില്‍ ഒരു ട്രസ്റ്റിനു രൂപം നല്‍കി. 2011 ഫെബ്രുവരി 15-ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'ചിത്രാപൗര്‍ണമി' എന്ന സംഗീതനിശയോടനുബന്ധിച്ചാണ് പുതിയ സംരംഭത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. ചടങ്ങില്‍ സംബന്ധിക്കാനെത്തിയ കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും സംഗീതസംവിധായകരും ഗായകരും അവശകലാകാരന്മാരെ സഹായിക്കാന്‍ ഉദ്ദേശിച്ച് സ്ഥാപിക്കപ്പെട്ട ചിത്രയുടെ സംരംഭത്തെ വാനോളം പുകഴ്ത്തി. അനുകരണീയമായ ഈ സദ്പ്രവൃത്തി പക്ഷേ മറ്റ് ഉന്നത കലാകാരന്മാര്‍ക്ക് എത്രത്തോളം ഊര്‍ജം പകര്‍ന്നെന്നോ മാതൃകയായെന്നോ ഇനിയും വ്യക്തമായിട്ടില്ല. 


വര്‍ഷങ്ങള്‍ക്കു മുമ്പ് ദേവരാജന്‍ മാസ്റ്റര്‍ ആഗ്രഹിച്ച സ്വപ്‌നപദ്ധതിയാണ് ചിത്രയ്ക്കു സാക്ഷാത്കരിക്കാനായത്. മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വാര്‍ഷികം ദേവരാജന്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ 1994-ല്‍ തിരുവനന്തപുരം സെനറ്റ് ഹാളില്‍ മൂന്നു ദിവസത്തെ സംഗീതപരിപാടികളോടെ സംഘടിപ്പിച്ചു. മലയാള സിനിമാ ഗാനങ്ങള്‍ രചിക്കുകയും അവയ്ക്കു സംഗീതം നല്‍കുകയും അവ ആലപിക്കുകയും ചെയ്ത എല്ലാ കലാകാരന്മാരെയും ഒരേ വേദിയില്‍ ദേവരാജന്‍ മാസ്റ്റര്‍ അണിനിരത്തി. വേദിയുടെ നിയന്ത്രണം ജോണ്‍സണ്‍ നിര്‍വഹിച്ചു. മദിരാശിയില്‍ നിന്നുള്ള സംഗീത സംവിധായകരും ഗായകരും വാദ്യക്കാരുമടങ്ങുന്ന എണ്‍പതോളം കലാകാരന്മാരെ തിരുവനന്തപുരത്തും പരിപാടിക്കു ശേഷം തിരികെ മദിരാശിയിലും എത്തിക്കാനുമുള്ള ചുമതല മാസ്റ്റര്‍ ഈ ലേഖകനെയാണ് ഏല്‍പിച്ചത്. സംഗീതചക്രവര്‍ത്തി നൗഷാദ് അലി മുഖ്യാതിഥിയായി പങ്കെടുത്തു. പരിപാടിയുടെ ഓഡിയോ - വീഡിയോ അവകാശം പതിനാറു ലക്ഷം രൂപയ്ക്ക് കാസറ്റ് വിപണിയിലെ പ്രശസ്ത സ്ഥാപനമായ ജോണി സാഗരിക മാസ്റ്ററില്‍ നിന്നു വാങ്ങി. ആ തുക ഒരു സ്ഥിരം നിക്ഷേപമാക്കി അതില്‍ നിന്നുള്ള വരുമാനം അവശ സംഗീത കലാകാരന്മാരെ സഹായിക്കാന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു ദേവരാജന്‍ മാസ്റ്റരുടെ ലക്ഷ്യം. പരിപാടിയില്‍ സഹകരിച്ച കലാകാരന്മാര്‍ പ്രതിഫലം വാങ്ങാതെ ഈ സദുദ്ദേശത്തില്‍ പങ്കുചേര്‍ന്നു. എന്നാല്‍ പരിപാടിയില്‍ ആദ്യന്തം സഹകരിക്കേണ്ട മുഖ്യഗായകന്‍ പരിപാടിയുടെ ഓഡിയോ - വീഡിയോ അവകാശം തനിക്കു വേണമെന്നും പ്രതിഫലമായി എട്ടു ലക്ഷം രൂപ നല്‍കാമെന്നുമുള്ള ഒരു പുതിയ വ്യവസ്ഥ മാസ്റ്റരുടെ മുന്നില്‍ വച്ചു. വ്യവസ്ഥ നിരാകരിച്ചാല്‍ തന്റെ സഹകരണം ഉണ്ടാകില്ലെന്ന ദുസ്സൂചന കൂടി വ്യക്തമാക്കിയപ്പോള്‍ മറ്റു പോംവഴിയില്ലാതെ മാസ്റ്റര്‍ക്ക് പതിനാറു ലക്ഷം രൂപയുടെ കരാറില്‍ നിന്നു പിന്മാറി എട്ടു ലക്ഷം രൂപയുടെ കരാറില്‍ ഏര്‍പ്പെടേണ്ടി വന്നു.

 പ്രതിബദ്ധതയും സത്യസന്ധതയും ജീവിതശൈലിയാക്കിയിരുന്ന ദേവരാജന്‍ മാസ്റ്ററെ ഈ ആഘാതം ശാരീരികമായും മാനസികമായും തളര്‍ത്തി. മൂന്നു ദിവസത്തെ പരിപാടികള്‍ വിജയകരമായി പര്യവസാനിച്ചു. ഒരു വര്‍ഷം കഴിഞ്ഞാണ് പ്രതിഫലം നല്‍കാനായി മുഖ്യഗായകന്‍ ദേവരാജന്‍ മാസ്റ്റെറ കാണാനെത്തിയത്. കൂടിക്കാഴ്ചയില്‍ അദ്ദേഹം തന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച ഗുരുവിന് മറ്റൊരാഘാതം കൂടി സമ്മാനിച്ചു. വാഗ്ദാനം ചെയ്തിരുന്ന എട്ടു ലക്ഷം പിന്നെയും ചുരുങ്ങി. അല്‍പം ഞെരുക്കത്തിലാണെന്നും ഇതുകൊണ്ട് തൃപ്തിപ്പെടണമെന്നും അറിയിച്ച് രണ്ടു ലക്ഷം രൂപയുടെ ഒരു ചെക്ക് നല്‍കി മുഖ്യഗായകന്‍ മടങ്ങാനൊരുങ്ങിയപ്പോള്‍ ചെക്ക് തിരികെ നല്‍കിക്കൊണ്ട് തന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മാസ്റ്റര്‍ മുറിയില്‍ കയറി കതകടച്ചു. ദേവരാജന്‍ മാസ്റ്റരുടെ പൊലിഞ്ഞുപോയ സ്വപ്‌നപദ്ധതിക്കു വര്‍ഷങ്ങള്‍ കഴിഞ്ഞ് സാക്ഷാത്കാരം നല്‍കിയ കെഎസ് ചിത്രയുടെ 'സ്‌നേഹനന്ദന'എന്ന സംരംഭത്തെ സംഗീതകേരളം എക്കാലവും നന്ദിയോടെയാകും സ്മരിക്കുക. -

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image