ഇന്റർവ്യു 
ജീവിതം സന്ദേശമാക്കിയ സായ്റാം ഭട്ട്
ബാബു ഇരുമല

  മഴക്കാലത്ത് ധാരാളം ഇലകൾ, ഇലകളും തണലും ആവശ്യമുള്ള വേനൽക്കാലത്ത് ഇല പൊഴിഞ്ഞ് നിൽക്കും. കമ്മട്ടിമരം പോലെ ആകരുത്, ഫലം കായ്ക്കുന്ന വൃക്ഷമാകണം മനുഷ്യൻ. ചുറ്റുപാടും തണൽ പരത്താൻ അവനാകണം.
- സായ്‌റാം ഭട്ട്

   വെയിലും മഴയും നിരാശ തീർത്ത കൂരകളിൽ ജീവിതം തള്ളിനീക്കിയ 250 കുടുംബങ്ങൾക്ക് തന്റെ സഹായഹസ്തങ്ങൾ നീട്ടി, വീടെന്ന സ്വപ്നത്തെ സാക്ഷാത്ക്കരിച്ചു നൽകിയ വലിയ മനസിന്റെ ഉടമയാണ് 81കാരനായ, ബദിയടുക്കയുടെ സായ്റാം ഭട്ട്. 

     നാടിന് അദ്ദേഹം സ്നേഹസമ്പന്നനായ 'സ്വാമി'യാണ്, മാതൃകാപുരുഷനാണ്, മഹാത്മാവാണ്. കാസർഗോഡ് ജില്ലയുടെ വടക്കൻ പ്രദേശമായ സീതാറാം ഗോളിയിലെ സായ് നിലയത്തിലേയ്ക്കുള്ള യാത്ര. പാവപ്പെട്ടവന്റെ അത്താണിയായ, കാരുണ്യത്തിന്റെ കൂടാരമായ ഭട്ടിലേയ്ക്കുള്ള യാത്രയിൽ പത്രപ്രവർത്തക - സാഹിത്യ സുഹൃത്തുക്കളായ സുബൈദയും പ്രതിഭാരാജനും ഒപ്പമുണ്ടായിരുന്നു. 

    ഫലസാദ്ധ്യതകൾ കൂടി കണക്കിലെടുത്താണ് ഭട്ടിന്റെ ഒരോ സേവന പ്രവർത്തനങ്ങളും. ചികിത്സ, കുടിവെള്ളം, തയ്യൽ മെഷീൻ, പഠനോപകരണം, ഫലവൃക്ഷതൈ...എൻ.ഗോപാലകൃഷ്ണ ഭട്ടിന്റെ കാരുണ്യവഴി സമൂഹത്തിന് തീർത്തും പ്രയോജനപ്രദം. തെറ്റിയെന്ന് തോന്നിയാൽ തിരത്തലുകൾക്കും അദ്ദേഹം തയ്യാറാണ്.

മാറ്റി വച്ച ആദ്ധ്യാത്മിക യാത്ര

    പാരമ്പര്യ കർഷകകുടുംബമാണ് ഭട്ടിന്റേത്. നൂറ്റാണ്ടുകൾ മായപ്പാടി രാജവംശത്തിന്റെ ആസ്ഥാനമാന്ത്രികരായിരുന്ന കുടുംബമെന്ന സവിശേഷതയുമുണ്ട്. സേവനത്തിന്റെ തുടക്കം 1995ൽ ആണെന്ന് പറയാം. തുലാമഴയത്ത് കുടിൽ തകർന്നടിഞ്ഞ് കിടപ്പാടമില്ലാതായവന്റെ സങ്കടവും കരച്ചിലും ഭട്ടിന് സഹിക്കാവുന്നതല്ലായിരുന്നു. ആദ്ധ്യാത്മിക യാത്രയ്ക്കായി മാറ്റി വച്ചിരുന്ന 30000 രൂപ. ആ തുക അതിലും വലിയ പുണ്യപ്രവർത്തിക്ക് ചെലവഴിക്കുവാൻ അദ്ദേഹത്തിന് തോന്നിയതിന് കാരണം മനസ്സലിവ് തന്നെ. യാത്രയ്ക്ക് സ്വരൂപിച്ചതിനൊപ്പം കുറച്ചു തുക കൂടി ചേർത്ത് അങ്ങനെ ആദ്യ വീട് നിർമ്മിച്ച് നൽകി.

    അത് തന്റെ ജീവിതചിന്തകളെ മാറ്റിമറിച്ചുവെന്ന് ഭട്ട് . നല്ല പ്രവർത്തി, സമാധാനം തരുന്നതിനൊപ്പം ഈശ്വരനിലേയ്ക്ക് നമ്മളെ കൂടുതൽ അടുപ്പിക്കുമെന്നാണ് ഈ കാരുണ്യ പ്രവർത്തകന്റെ അനുഭവം.

സേവനത്തിന്റെ മൂന്നു പതിറ്റാണ്ട്

      കൃഷിയിലെ വരുമാനത്തിനൊപ്പം ജ്യോതിഷത്തിലും ആയുർവേദ ചികിത്സയിലും ഉൾപ്പെടെ ലഭ്യമാകുന്നതും സ്വരുകൂട്ടി പാവപ്പെട്ടവരിലെ പാവപ്പെട്ടവർക്ക് ഈ വന്ദ്യവയോധികൻ നിർമിച്ചു നൽകിയ വീടുകൾ 32 വർഷം പിന്നിടുമ്പോൾ 250 കവിഞ്ഞിരിക്കുന്നു. രണ്ടു ലക്ഷം രൂപയാണ് ഇപ്പോൾ ഒരു വീടിന് വേണ്ടി വരുന്ന ചെലവ്.

     ഒരു ഹാളും കിടപ്പുമുറിയും അടുക്കളയും എന്ന കൊച്ചു സ്വപ്നത്തെ ഓടുമേഞ്ഞു നൽകുകയാണ് ഭട്ട്. ജാതിയും മതവും നോക്കാതെ അർഹിക്കുന്നവർക്ക് പരിഗണന എന്നതാണ് സ്വാമിയുടെ നയം. 

ആലോചിച്ചുറപ്പിച്ച സേവനങ്ങൾ

    വർഷങ്ങളായി ശനിയാഴ്ച്ച ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ഒരു ആശുപത്രി കെട്ടിടം എന്നു കേട്ടാൽ അത്ഭുതം തോന്നാം. ഭട്ടിന്റെ വീടിനോട് ചേർന്ന പറമ്പിലാണ് അലോപ്പതി, ആയുർവേദ വിഭാഗങ്ങളിലായി ആറ് ഡോക്ടർമാർ യാതൊരു പ്രതിഫലവും വാങ്ങാതെ ചികിത്സകരെ തേടിയെത്തുന്നത്.  വെളുപ്പിന് തുടങ്ങി ഉച്ചയോടെ അവസാനിക്കുന്ന ആഴ്ച്ചവട്ട ക്ലിനിക്കിൽ ശരാശരി 350 പേരെങ്കിലും രോഗശമനം തേടിയെത്തുന്നു. പരിശോധനയും മരുന്നും തീർത്തും സൗജന്യം.

     കുടിവെള്ളത്തിനായുള്ള ഭട്ടിന്റെ പദ്ധതികൾ അനുകരണീയമാണ്. ഒരു പ്രദേശത്ത് ഒരു കുഴൽക്കിണർ എന്ന ആശയം ഗ്രാമ പഞ്ചായത്ത് അതിർത്തി ഭേദിച്ച് ദൂര ഇടങ്ങളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു. തൊഴിൽ അവസരം സൃഷ്ടിക്കുന്ന വരുമാന മാർഗമെന്നതിനാലാണ് വനിതകൾക്ക് തയ്യൽ മെഷീനുകൾ നൽകി വരുന്നത്. 400 കവിഞ്ഞിരിക്കുമെന്ന് ഓർത്തെടുത്ത് സ്വാമി പറയുന്നു. 1995ന് മുൻപും സ്കൂൾ വിദ്യാർത്ഥികൾക്ക് ഉടുപ്പും ബാഗും ഉൾപ്പെടെ നൽകുന്ന ഏർപ്പാടുണ്ടായിരുന്നു. കൂടുതൽ സ്കൂളുകളിലേയ്ക്ക് വ്യാപിപ്പിച്ച് അതിപ്പോഴും തുടരുന്നു.

     ഭക്ഷണമില്ലാത്ത കാലം വന്നേക്കാമെന്നും ഒരുങ്ങി ഇരിക്കണമെന്നും ഭട്ട്‌. പ്ലാവ്, മാവ് ഇതൊക്കെ വച്ചുപിടിപ്പിച്ചാൽ പഴങ്ങൾ കൂടാതെ തടി വിൽക്കുവാനുമാകും. പാവങ്ങൾക്ക് ഗ്രാഫ്റ്റ് ചെയ്ത തൈകൾ എല്ലാ വർഷവും നൽകുന്നു. ഒരോ തൈയുടെയും ഒപ്പം 100 രൂപ പരിരക്ഷ ചെലവു കൂടി നൽകുന്നുവെന്ന് അറിയുമ്പോൾ അദ്ദേഹം നമ്മെ വീണ്ടും ഞെട്ടിക്കുന്നു. സമൂഹ വിവാഹങ്ങളിൽ താലി, വസ്ത്രം, സദ്യ ചെലവുകളാണ് നിർവഹിക്കുക. കച്ചവടം നടത്തി ഉപജീവനമാർഗം കണ്ടെത്താൻ ഉന്തുവണ്ടികൾ വാങ്ങി നൽകാറുണ്ട്. ഓട്ടോറിക്ഷ, വീട് വയ്ക്കാൻ സ്ഥലം ഇതൊക്കെ പരീക്ഷിച്ച് അവസാനിപ്പിച്ച ഇനങ്ങളാണ്. നിത്യ ചെലവിനായി അരി സാമാനങ്ങൾ നൽകുന്ന ഏർപ്പാടിലും താൽപ്പര്യമില്ല.

    ഒരോ കുടുംബവും മെച്ചപ്പെടാനുള്ള മാർഗം എന്ന നിലയ്ക്കാണ് ഭട്ടിന്റെ പ്രവർത്തനങ്ങൾ. പാവപ്പെട്ടവന്റെ ആരോഗ്യകരമായ ജീവിതമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഭട്ടിന്റേതായ കാഴ്ച്ചപ്പാടുകൾ ഒരോ വിധത്തിലുള്ള സഹായത്തിലും മറഞ്ഞിരിപ്പുണ്ട്. 
അറിഞ്ഞു കൊടുക്കുന്ന വിളവ്

     കൃഷി ചെയ്ത് അദ്ധ്വാനിച്ച് ജീവിക്കണം എന്ന അഭിപ്രായക്കാരനാണ് ഭട്ട്. നെല്ല്, തേങ്ങ, അടയ്ക്ക, റബ്ബർ, കശുവണ്ടി, കൊക്കോ, എള്ള്, പച്ചക്കറി, തുവരപ്പയർ ഒക്കെ ധാരാളമായി അറിഞ്ഞു കൊടുക്കുന്നു ഭട്ടിന്റെ കൃഷി ഇടങ്ങൾ. ധാരാളം പശുക്കളെയും വളർത്തുന്നു. തോട്ടപ്പണിക്ക് ദിനവും 12 പേരുണ്ട്.

    രാവിലെ മൂന്നു മണിക്ക് എഴുന്നേറ്റ് വടിയുടെ സഹായത്താലുള്ള യാത്ര കൃഷിയിടങ്ങളിലേയ്ക്കാണ്. നനയുടെ ചുമതല ഭട്ടിനാണ്. പലവിധ കാര്യസാദ്ധ്യത്തിനായി വെളുപ്പാൻ കാലത്ത് തുടങ്ങുന്ന സന്ദർശകരുടെ തിരക്ക് പലപ്പോഴും രാത്രി വരെ നീളും. 

പ്രവർത്തനം പ്രകടനമാകരുത്

   കാരുണ്യ -സാമൂഹ്യ പ്രവർത്തനങ്ങളുടെ പേരുപറഞ്ഞ് കിട്ടുന്ന വിദേശ ധനസഹായങ്ങൾ സ്വന്തം പോക്കറ്റിൽ ഒതുക്കാനാണ് പല സംഘടനകളുടെയും ശ്രമം. കലാ- സാംസ്ക്കാരിക സംഘടനകൾ പൊതുജന സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങളുടെ സ്ഥിതിയും പലപ്പോഴും വിഭിന്നമല്ല. അർഹിക്കുന്നവരെ സഹായിക്കുകയല്ല, സ്വന്തം സമുദായ അംഗങ്ങൾക്ക് നൽകുക എന്നതിലാണ് മറ്റു ചില പ്രസ്ഥാനങ്ങളുടെ താൽപ്പര്യം. നമ്മുടെ നാട്ടിലെ കാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഭട്ടിന്റെ വിലയിരുത്തൽ ഇതൊക്കെയാണ്. 

പെരുമ വേണ്ടേ വേണ്ട

     സായ്റാം ഭട്ട് തന്റെ പ്രവർത്തനങ്ങൾക്ക് പേരും പെരുമയും ഇച്ഛിക്കുന്നില്ല. എന്നിട്ടും കേരളവും കർണാടകവും കടന്ന് ആ നന്മ പരക്കുകയാണ്. മലയാളം , കന്നട, ഇംഗ്ലീഷ് മാധ്യമങ്ങൾ ഈ സന്നദ്ധ സേവന പ്രവർത്തകന്റെ വാക്കുകൾ തേടിയെത്തുന്നു. മകൻ കെ.എൻ.കൃഷ്ണ ഭട്ട് ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ്. അദ്ദേഹത്തിനാണ് ഭട്ടിന്റെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല. ബാംഗ്ലൂരിലുള്ള ചെറുമകനും തനിക്കാവുന്ന സഹായങ്ങൾ നൽകി വരുന്നു. 

മിച്ചം വയ്ക്കാത്ത കുടുംബം

    ഇന്നും ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുടുംബമാണ് ഭട്ടിന്റേത്. കിട്ടുന്ന വരുമാനങ്ങളെല്ലാം അതാത് അവസരങ്ങളിൽ തന്നെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. 

     സായ് നിലയത്തിലെ സ്റ്റീൽ ഗ്ലാസുകളിലെ ചൂടു ചായ പോലെയാണ് ഭട്ടിന്റെ വാക്കുകൾ നൽകുന്ന സന്ദേശം. 
 
      'സമൂഹം സ്നേഹിക്കുന്ന വിധത്തിലുള്ള ആത്മാർത്ഥും സത്യസന്ധവും ആയ പ്രവർത്തനങ്ങളിലാണ് ഒരോ മനുഷ്യനും ഏർപ്പെടേണ്ടത്. സമ്പാദ്യം കൂട്ടി വയ്ക്കാനുള്ളതല്ല. മിച്ചമില്ല എന്നതിലാണ് എന്റെ സന്തോഷം ഒളിഞ്ഞിരിക്കുന്നത്‌. '
Attachments area
ബാബു ഇരുമല

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image