പൊതുതെരഞ്ഞെടുപ്പ് 2019 /കേരളം   

പിഴച്ച കണക്കുകള്‍ 

സന്ദീപ്‌ വെള്ളാരം കുന്ന്  ഇടുക്കിയിലെ എല്‍ ഡി എഫ്‌  സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിനെ പാര്‍ലമെന്റിലെത്തിച്ചത് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടായിരുന്നുവെങ്കില്‍ പൊതുതെരഞ്ഞെടുപ്പ് 2019 /കേരളം ഇത്തവണ ജോയ്‌സിന്റെ പരാജയത്തിലേക്കു നയിച്ചതില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനും കാര്യമായ പങ്കുണ്ട്. 2014- തെരഞ്ഞെടുപ്പില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടായിരുന്നു ഇടുക്കിയില്‍ കത്തിനിന്ന വിഷയമെങ്കില്‍ അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ കസ്തൂരി രംഗന്‍ വികാരം ആറിത്തണുത്തിരിക്കുന്നു. പകരം ഇത്തവണത്തെ തെരഞ്ഞടുപ്പില്‍ ഇടുക്കിയില്‍ ചര്‍ച്ചയായത് പ്രളയ പുനര്‍നിര്‍മാണത്തിലെ വീഴ്ചകളും കര്‍ഷക ആത്മത്യകളും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളുമെല്ലാമാണ്. ഇതെല്ലാം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം കൂനിന്മേല്‍കുരുവായി ഭവിക്കുകയും ചെയ്തു. കഴിഞ്ഞ തവണ അമ്പതിനായിരത്തിലധികം വോട്ടിന് തന്നെ തോല്‍പ്പിച്ച ജോയ്‌സ് ജോര്‍ജിനോട് ഇത്തവണ 171053 വോട്ടിന്റെ കനത്ത ഭൂരിപക്ഷം നേടിയാണ് ഡീന്‍ കണക്കു തീര്‍ത്തത്. 

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനൊപ്പം കത്തോലിക്കാ സഭ ഈ തെരഞ്ഞടുപ്പില്‍ സ്വീകരിച്ച നിലപാടും ഡീന്‍ കുര്യാക്കോസിന് അനായാസ വിജയത്തിലേക്കുള്ള വഴിയൊരുക്കി. കഴിഞ്ഞതവണ ജോയ്‌സ് ജോര്‍ജിന് അനുകൂലമായി പരസ്യ നിലപാടെടുത്ത മുന്‍ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മാറി പുതിയ ബിഷപ്പായി ചാര്‍ജെടുത്ത മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഈ തെരഞ്ഞെടുപ്പില്‍ സഭ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ലെന്നും സഭ ഇടപെടേണ്ടത് ആത്മീയ കാര്യങ്ങളില്‍ മാത്രമാണെന്ന നിലപാടാണ് സ്വീകരിച്ചത്. ഫലത്തില്‍ ഈ നിലപാട് കത്തോലിക്കാ വോട്ടുകള്‍ എല്‍ഡിഎഫില്‍ നിന്ന് അകന്നുപേകാന്‍ കാരണമായെന്നും വിലയിരുത്തലുണ്ട്. ഇതോടൊപ്പം ബിജെപിയെ ചെറുക്കാന്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്തതും ശബരിമല വികാരവുമെല്ലാം കോണ്‍ഗ്രസിന് അനുകൂലമായി മാറിയതോടെ ഇടതുകോട്ടകള്‍ തകര്‍ന്നടിയുകയായിരുന്നു. പൊതുവേ കോണ്‍ഗ്രസ് മണ്ഡലമെന്നറിയപ്പെടുന്ന ഇടുക്കി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കനത്ത പരാജയം അനുഭവിക്കേണ്ടി വന്നതോടെ ഇടുക്കി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം വീണ്ടും ബാലികേറാമലയായി മാറുകയാണ്. 

അതേസമയം കോണ്‍ഗ്രസ് കോട്ടയായ കോട്ടയം ഇത്തവണയും കേരളാ കോണ്‍ഗ്രസിനെ കൈവിട്ടില്ല. ഏറെ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് കേരളാ കോണ്‍ഗ്രസ് എം നോമിനിയായി തോമസ് ചാഴികാടന്‍ രംഗത്തെത്തിയത്. ഇതോടൊപ്പം കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗവും തോമസ് ചാഴികാടനെ നെ സംബന്ധിച്ചിടത്തോളം 106259 വോട്ടെന്ന റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്കെത്താന്‍ സഹായിച്ചു. മാണി സാറിന്റെ ആത്മാവിനൊരു വോട്ടെന്ന കേരളാ കോണ്‍ഗ്രസുകാരുടെ പ്രചാരണം വന്‍തോതില്‍ അനുകൂലമായെന്നു കേരള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. വന്‍ നേട്ടമുണ്ടാക്കുമെന്ന പ്രചാരണവുമായി രംഗത്തെത്തിയ സിപിഎം സ്ഥാനാര്‍ഥി വി എന്‍ വാസവനും എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസിനും കാര്യമായ ചലങ്ങളൊന്നും ഉണ്ടാക്കാനായില്ലെന്നതും ചരിത്രം. അതേസമയം കേരളാ കോണ്‍ഗ്രസില്‍ അധികാരത്തിന്റെ പേരില്‍ നടക്കുന്ന പോര്‍വിളികളും തമ്മിലടികളും പാര്‍ട്ടി പിളര്‍ത്തുമോയെന്ന ആശങ്ക മാത്രമാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് അന്തരീക്ഷത്തില്‍ നിഴലിക്കുന്നത്.


പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ പരാജയം അക്ഷരാര്‍ഥത്തില്‍ തുറന്നുകാട്ടുന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം ശബരിമല പ്രശ്‌നം സുവര്‍ണാവസരമാക്കി മാറ്റാനായില്ലെന്നതാണ്. ശബരിമല സമരത്തിന്റെ ബലിയാട് എന്നപേരില്‍ പോരാട്ടത്തിനിറങ്ങിയ സുരേന്ദ്രന് പത്തനംതിട്ടയില്‍ മൂന്നാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നുവെന്നതു ബിജെപിയെയും സുരേന്ദ്രനെയും സംബന്ധിച്ചിടത്തോളം കനത്ത ക്ഷീണമായി. ശബരിമല വിഷയം ആളിക്കത്തിയ മണ്ണായതുകൊണ്ടു തന്നെ വിജയത്തില്‍ കുറഞ്ഞൊന്നും ബിജെപിയും സുരേന്ദ്രനും ആഗ്രഹിച്ചിരുന്നില്ലായെന്നതു സത്യം. എന്നാല്‍ മണ്ഡലത്തില്‍ വന്‍തോതില്‍ വോട്ടുകളുള്ള ക്രിസ്ത്യന്‍ മുസ്ലിം സമുദായങ്ങള്‍ ഒരുമിച്ചുവോട്ടു ചെയ്തപ്പോള്‍ ബിജെപി നിലംതൊട്ടില്ല. പത്തനംതിട്ടയിലും യഥാര്‍ഥത്തില്‍ ശബരിമല പ്രശ്‌നത്തിന്റെ പേരില്‍ വോട്ടിലൂടെ നേട്ടമുണ്ടാക്കാനായത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ആന്റോ ആന്റണിക്കായിരുന്നു.  

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image