നോവൽ - പാമ്പ് വേലായ്തൻ
നോവലിസ്റ്റ് - തോമസ് കെയൽ
പ്രസാധകർ -പെൻഡുലം ബുക്ക്‌സ്
വില- 130 രൂപപാമ്പ് വേലായ്തൻ

ചുണ്ടില്‍ മുറിബീഡിയുമായി ഒരു പ്രതിനായകന്‍

ഷെറിൻ. രാജ്. ജിജു


സാധാരണ വീട് തൃശൂർ ആണെന്ന് പറയുമ്പോൾ തൃശൂർ ശൈലിയിൽ
സംസാരിക്കാത്ത ആൾക്കാരോട് മറ്റു നാട്ടുകാർ ചോദിക്കണ ഒരു
ചോദ്യമുണ്ട്;:നിങ്ങൾ സംസാരിക്കുമ്പോൾ തൃശൂരാ വീടെന്നു
തോന്നില്ലല്ലോ? അതെന്താ”;-എന്ന്;എന്ത് പറയാനാ...ഞങ്ങൾ തൃശ്ശൂരാർ
അങ്ങനെയാ”. പല താളത്തിൽ കൊട്ടി കേറുന്ന മേളം പോലെയാണ്
തൃശൂർ മലയാളം.. വരന്തരപ്പിള്ളിയിലെ തൃശൂർ മലയാളമല്ല
ചേലക്കരയിലെ ത്യശ്ശൂർ ഭാഷ.. അങ്ങിനെ ഓരോ അതിരിലും തൃശൂർ
ഭാഷ വേറെയാണ്.. അത് കൊണ്ട് തന്നെ പാമ്പ് വേലായ്തൻ
വായിച്ചു തുടങ്ങിയപ്പോൾ ആദ്യവായന ഇടക്കൊക്കെ വഴി തട്ടി
നിന്നു. പക്ഷെ തുടങ്ങി ഏതാണ്ട് രണ്ടാം അദ്ധ്യായം മുതൽ ഭാഷ
ആസ്വാദനത്തിന് പരിമിതി ആയില്ല..വായിച്ചു തീർന്നപ്പോൾ വളരെ
പെട്ടെന്ന് തീർന്നത് പോലെ തോന്നി..നോവൽ എന്നതിനേക്കാൾ
നോവലെറ്റ് ഗണത്തിൽ ആണ് വലുപ്പത്തിൽ “പാമ്പ് വേലായ്തൻ”
പെടുക.


വളരെ സരസമായി ഫേസ്ബുക്കിൽ  തോമസ് കെയൽ എഴുതി
തുടങ്ങിയ വേലായ്തൻറെ കഥകളിൽ വായനക്കാർ
ആകൃഷ്ടരായതോടെ, തികച്ചും  പ്രാദേശികമായ ഭാഷയിൽ
വികസിപ്പിച്ചു എഴുതപെട്ട കഥയാണ് പാമ്പ് വേലായ്തൻ. ഒരു പക്ഷെ
ഒരു കഥാപാത്രം ആദ്യം ജനിച്ചു ജനപ്രീതി നേടിയ ശേഷം മാത്രം
അയാളെ നായകനായി ഇറങ്ങുന്ന മലയാളം നോവലായിരിക്കും ഇത്.
വരന്തരപ്പിള്ളിക്കാരുടെ സംസാര ഭാഷയിൽ വേലായ്തൻ
കരുത്തനാവുമ്പോൾ ആ വേഗത്തിനു ഒപ്പം എത്താൻ വായനക്കാരൻ
ഇടക്ക് കിതക്കും


തൃശൂർ ജില്ലയിലെ  വരാന്തരപ്പിള്ളിക്കടുത്തുള്ള പൊട്ടമ്പാടം എന്ന
ഒരു തുരുത്തിൽ ജീവിക്കുന്ന വളരെ സാധാരണക്കാരനായ
വേലായുധൻ ആണ് പാമ്പ് വേലായ്ത” എന്ന നോവലിലെ
നായകൻ..സാധാരണ നായക സങ്കല്പത്തിന് അപ്പുറം ആണ്
പലപ്പോഴും അയാൾ..90-കളിലെ മലയാള സിനിമകളിൽ അന്തരിച്ച
നടൻ മുരളി അഭിനയിച്ച കഥാപാത്രത്തോട് വളരെ രൂപസാദൃശ്യം

പലപ്പോഴും തോന്നുന്ന ഒരു കഥാപാത്രം. സാധാരണ നായകന്മാരെ
പോലെ സൽഗുണ സമ്പന്നൻ ഒന്നുമല്ല അയാൾ..അമ്മയെ കൊണ്ട്
പണിയെടുപ്പിച്ചു തിന്നാനും, കള്ളവാറ്റ്‌ ചെയാനും, നടക്കുന്ന വഴിയിൽ
കാണുന്ന ഒരുത്തിയെ കമ്മെന്റടിക്കാനോ, കുളിക്കുമ്പോൾ ഒളിഞ്ഞു
നോക്കാനോ ഒന്നും അയാളിലെ ചെറുപ്പക്കാരന് മടിയില്ല..പക്ഷേ കോത
എന്ന കഥാനായിക ജീവിതത്തിലേക്ക് കയറി വരുന്നതോടെ അയാളുടെ
ജീവിതത്തിന് ഒരു താളം കൈ വരുന്നുണ്ട്. അവളെ പെണ്ണ് കാണാൻ
പോവുന്ന വേലായുധൻ തലയിൽ കുരുവികൂടും,കഞ്ഞി മുക്കിയ
വെള്ള മുണ്ടും ഉടുത്ത സുന്ദരനാണ്..പട്ടച്ചാരായം കുപ്പിയോടെ
വായിലേക്ക് കമിഴ്ത്തുന്ന അത് വരെയുള്ള വേലായ്തൻ അല്ല
അയാൾ..


നമുക്ക് വളരെ പരിചയമുള്ള നാട്ടിൻപുറങ്ങളിലെ ഒരു ചുറ്റുപാടിൽ
കാണാവുന്ന ഒരു സാധാരണ  കൂലിപ്പണിക്കാരൻ ആണ് കഥാനായകൻ.
ചിലപ്പോഴൊക്കെ വളരെ  സാധാരണക്കാരായ  മനുഷ്യർ ആണ്
അസാധാരണ കാര്യങ്ങൾ ചെയ്യാറ്. സകല അലമ്പും കയ്യിലുണ്ട്”
എന്ന് നാട്ടിൻപുറം ശൈലിയിൽ പറയാമെങ്കിലും, വേലായ്തൻ ഒരു
പ്രകൃതിസ്നേഹിയോ മനുഷ്യസ്നേഹിയോ കമ്മ്യൂണിസ്‌റ്റോ ഒക്കെ
ആണ് ചിലപ്പോൾ..ഒരു മനുഷ്യൻറെ പ്രാഥമിക ആവശ്യങ്ങൾ ആയ
വെള്ളം, ജോലിക്ക് മാന്യമായ കൂലി എന്നിവ നിഷേധിക്കപ്പെടുമ്പോൾ
അയാളുടെ പ്രതികരണം ശക്തമാകുന്നു. പിഞ്ചിനോടും പെണ്ണിനോടും
അപമര്യാദ ആയി പെരുമാറുന്നവനെ വെറുതെ വിടാൻ അയാൾക്ക്
ആവുന്നില്ല. ജഡത്തോടും, വരാലിനോടും, കുരങ്ങിനോടും,
ചെടികളോടും വരെ കരുണയോടെ പെരുമാറാനേ അയാൾക്ക്
കഴിയുന്നുള്ളു.ഇയാൾക്ക് എങ്ങനെ ഇത്തരത്തിൽ ശക്തമായ,
പുരോഗമനപരമായ തീരുമാനം എടുക്കാൻ സാധിച്ചു എന്ന്
ചിലപ്പോഴെല്ലാം വായനക്കാരനും ഒരു നിമിഷം അമ്പരക്കും. വലിയ
തത്വചിന്തകന്മാർ, രാഷ്ട്രീയ ബുദ്ധിജീവികൾ എല്ലാം പറയുന്ന
ഭയങ്കരമായ ചിന്താസരണികളും തത്വങ്ങളും എല്ലാം തൻറെ ചെറിയ
പ്രവർത്തിയിലൂടെ പലപ്പോഴും ഇത്രെയേ ഉള്ളൂ എന്ന് കാണിച്ചു
തരുന്നുണ്ട് വേലായുധൻ.


പേരിൻറെ മുന്നിലുള്ള പാമ്പ് കേട്ടാൽ  സിനിമയിലെ
കവലച്ചട്ടമ്പിയായ വില്ലനെ ഓർമ  വരുമെങ്കിലും  യഥാർത്ഥത്തിൽ
അൽപസ്വൽപം ഭീരുവാണ് അയാൾ..അയാൾക്കുണ്ടായ അമളിയിൽ
 
നിന്നാണ് അയാളുടെ പേരിനു മുന്നിലെ പാമ്പ് പ്രത്യക്ഷപ്പെടുന്നത്.
കഥാകൃത്തിൻറെ നാട്ടിൽ എവിടെയോ ജീവിച്ചിരുന്ന ഒരാളുടെ
ജീവിതത്തോട് വളരെ സമാനതകൾ ഉള്ള കഥാപാത്രമാണിത്.

യഥാർത്ഥത്തിൽ  ജീവിച്ചിരുന്ന ഒരു കഥാപാത്രത്തെ എഴുതി
ഫലിപ്പിക്കാൻ എളുപ്പമല്ല. അവിടെ  തോമസ് കെയൽ എന്ന
എഴുത്തുകാരൻ ശക്തമാകുന്നു.  വേലായി എന്ന് ഓമനിച്ചു
വിളിക്കാൻ തോന്നുന്ന വേലായുധൻ ആണിതിലെ നായകനെങ്കിലും
വളരെ ശക്തമായ രണ്ടു സ്ത്രീ കഥാപാത്രങ്ങളുണ്ട് ഈ കഥയിൽ.
വേലായ്തൻറെ  അമ്മയും ഭാര്യയും.. കാടകണ്ണൻ കല്ല് നിറഞ്ഞ
പറമ്പിൽ പ്രതിസന്ധികളോട് പട വെട്ടി ജീവിച്ച വേലായുധന്റെ അമ്മ
നീലി,  ഇല്ലായ്മയിലും, അന്നം വിളമ്പുന്ന അന്നപൂർണേശ്വരി
തന്നെയാണ്. എടുത്തു പറയാൻ പ്രത്യേകത ഒന്നുമില്ല
കൊയ്ത്തുപണിക്കാരിയായ കോതയിൽ .. പക്ഷെ അവളുടെ
നിലപാടുകളിലെ സ്ഥൈര്യം, അവളുടെ പ്രണയം, സഹജീവികളോടുള്ള
ദയ, നർമബോധം എല്ലാം ഒരു നാട്ടിൻപുറത്തുകാരിയുടെ നേരാണ്.
കൊച്ചാവ എന്ന അനാഥ കുഞ്ഞിനെ പാലില്ലാത്ത മുലയൂട്ടി, പഠിപ്പിച്ചു
സർക്കാർ ജോലിക്കാരിയാക്കിയ അവളിലെ അമ്മ തന്നെയാണ്
വൃദ്ധയായ നീലിക്ക് വേലായുധൻറെ ഭാവിയെ പറ്റി ആശങ്ക
ഒഴിവാക്കിയവൾ... അയാളുടെ കുത്തഴിഞ്ഞ ജീവിതത്തിനെ
തുന്നിച്ചേർത്തു കരുത്തോടെ കരുതലോടെ ജീവിതത്തിലേക്ക്
ചേർത്തണച്ചവൾ .

 


ഈ കഥയിലൂടെ സഞ്ചരിക്കുമ്പോൾ  ചിലപ്പോഴൊക്കെ കഥാകാരനും
 
അദൃശ്യമായ കഥാപാത്രമായി മാറുന്നുണ്ട്. ചോരത്തിളപ്പുള്ള
തല്ലിപ്പൊളി യുവാവിൽ നിന്ന് മനസ് കൊണ്ടും ശരീരം കൊണ്ടും
ഒത്ത പുരുഷനായും വളർന്ന വേലായുധൻ എന്ന  വേലായ്തൻ
പലവിധ സാമൂഹിക മാറ്റങ്ങളിലൂടെ, പറഞ്ഞാലും തീരാത്ത
പ്രതിസന്ധികളിലൂടെ, അനുഭവങ്ങളിലൂടെ തല ഉയർത്തി  കടന്നു
പോയ പഴയ തലമുറയുടെ പ്രതിനിധിയാണ്. ഇനിയും പറഞ്ഞു
തീരാത്ത കഥകൾ ഉള്ളിൽനിറച്ച വാർധക്യത്തിനൊടുവിൽ തന്നിലേക്ക്
ഉൾവലിഞ്ഞിരിക്കുന്ന നമ്മുക്ക് അടുത്തറിയുന്ന ഒരു കാരണവർ.
ചീർപ്പിൽ ചൂണ്ടയിട്ടിരിക്കുന്ന ദാരിദ്ര്യം വിളിചോതുന്ന വേഷത്തിൽ
കഥാന്ത്യത്തിൽ നമ്മൾ കാണുന്ന വേലായ്തന്റെ ചുണ്ടിൽ അപ്പോഴും
ഒരു മുറി ബീഡി എരിയുന്നുണ്ട്, അയാളുടെ മനസിലെ കനൽ പോലെ.
പ്രതിനായക സ്വഭാവം ഉള്ള വേലായുധൻ എന്ന ശക്തമായ നായകൻ

 


,  
തോമസ് കെയൽ എന്ന തുടക്കക്കാരൻ നോവലിസ്റ്റിന്റെ
 
കഥാപാത്രമാണെന്നു പലപ്പോഴും തോന്നില്ല..ചിലയിടത്തു പ്രവർത്തി
കൊണ്ട് കഥാപാത്രവും ഭാഷാപ്രയോഗം കൊണ്ട് നോവലിസ്‌റ്റും
അതിസാഹസികൻമാരാകുന്നു. തികച്ചും ഒരു ചെറിയ പ്രദേശത്തു
മാത്രം ഉപയോഗിക്കുന്ന ഭാഷാശൈലി ഉൾക്കൊണ്ട് ഒരു മുഴുനീളൻ
നോവൽ രചിക്കുക എന്നത് തികച്ചും സാഹസികം തന്നെയാണ്..

പൊട്ടമ്പാടം എന്ന തുരുത്തിലെ കൃഷി പണിക്കാരായ
സാധാരണകാരുടെ ജീവിതത്തിലൂടെ കണ്ണോടിക്കുമ്പോൾ നിങ്ങൾ ഒരു
ഗ്രാമത്തിൽ ജനിച്ചുവളർന്ന , അല്ലെങ്കിൽ വികസിതമായ ഒരു
രാജ്യത്തേക്കോ നാട്ടിലേക്കോ പറിച്ചു നടപെട്ടിട്ടും ഇന്നും
ഓർമയിലെ നാട്ടിൻപുറത്തെ താലോലിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾക്ക്
ഈ കഥ വളരെ ഇഷ്ടപെടും. ഇടക്ക് നിങ്ങൾക്ക് തോന്നും, ഇവരെ
എവിടെയോ കണ്ടിട്ടുണ്ടല്ലോ..ഇത് പോലെ ഒരാൾ
എൻറെ നാട്ടിലുണ്ടല്ലോ എന്നെല്ലാം..ഒരു നാട്ടിൽ സംഭവിക്കുന്ന,
അല്ലെങ്കിൽ സംഭവിക്കാൻ ഇടയുള്ള കറുപ്പും വെളുപ്പും കലർന്ന
സംഭവങ്ങളും കഥാപാത്രങ്ങളും കടുത്ത നിറങ്ങളിൽ  ചാലിച്ച ഒരു
ചിത്രം വായനക്കാരൻറെ മുന്നിൽ തുറന്നു വെക്കുന്നുണ്ട് നോവലിസ്റ്റ്.
ഭാഷയിലൂടെ ഒരു പരീക്ഷണം എന്ന് വേണമെങ്കിൽ ഈ പുസ്തകത്തെ
പറയാം.. ഫേസ്ബുക് കുറിപ്പുകളിൽ നിന്നു പ്രവാസിയായ ഒരു
എഴുത്തുകാരൻ കൂടി മലയാളിക്ക് ലഭിക്കുന്നു.. ഏറെ ദൂരം
പോവാനുണ്ട് തോമസ് കെയൽ എന്ന എഴുത്തുകാരനും
അദ്ദേഹത്തിന്റെ പേനത്തുമ്പിനും.


വേലായ്തന്റെയും കോതയുടെയും കഥയാണെങ്കിലും അല്പം കൂടി
വികസിപ്പിക്കാമായിരുന്ന ചില കഥാപാത്രങ്ങളെ പാതിവഴിയിൽ
ഇറക്കി വിട്ടിട്ട് പോയി എന്ന പരാതി ഒഴിവാക്കിയാൽ പാമ്പ്
വേലായ്തൻ ഒരു നല്ല വായനാനുഭവം ആയിരിക്കും. അടുത്ത
പതിപ്പിൽ പ്രാദേശികമായി മാത്രം ഉപയോഗിക്കുന്ന വാക്കുകൾ
മറ്റുള്ള നാട്ടിലുള്ളവർക്ക് മനസ്സിലാവാൻ ഒരു ചെറിയ പദസൂചിക
കഥാവസാനം ചേർത്താൽ വായനക്കാർക്ക് ആസ്വാദനം കുറച്ചു കൂടി
എളുപ്പമായേനെ

 


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image