സ്കൂപ്പുതേടിയൊരു ജേർണലിസം ട്രെയിനി...
റീന വര്‍ഗീസ്

94 ലെ ആ വേനൽ പകലുകളിലൊന്നിലാണ് കാഞ്ഞിരപ്പള്ളിയുടെ പ്രിയപ്പെട്ട രണ്ടു വക്കീലന്മാർ..അഡ്വ.ഡാർലി കുര്യനും തോമസ് കുര്യനും എന്നെ തേടി വീട്ടിലെത്തിയത്. കേവലം ഡിഗ്രി റിസൽട്ടിനായി കാത്തിരിക്കുന്ന എന്നോടന്നവർ പറഞ്ഞു,

" റീനേ , നിനക്കു പറ്റിയൊരു കരിയറുണ്ട്. ഞങ്ങളുടെ കീഴിൽ നിനക്കു പ്രാക്റ്റീസ് ചെയ്യുകയുമാകാം. വേഗം പോയി എൽഎൽബിയ്ക്കു ചേരൂ"
മറിച്ചൊന്നും  ആലോചിക്കാനില്ലാതെ ഞാനപ്പോഴൊരു മറുപടി പറഞ്ഞു. 
"ചേച്ചീ, കള്ളം പറഞ്ഞെനിക്കു കാശു വേണ്ട , കള്ളം പൊളിച്ചു ഞാനുണ്ടാക്കിക്കോളാം കാശ്"
അന്നു തൊട്ടിന്നോളം അനുസ്യൂതം തുടരുകയാണീ സപര്യ. അന്വേഷണാത്മക പത്രപ്രവർത്തനം, ആരോരുമില്ലാത്തവർക്കായുള്ള കാടു കയറ്റങ്ങൾ...അങ്ങനെയങ്ങനെ...ദൈവം ഇവിടെ വരെയെത്തിച്ചിരിക്കുന്നു. 
ഇന്നിപ്പോൾ 23ാം വർഷത്തിലെത്തി നിൽക്കുമ്പോൾ തെല്ലമ്പരപ്പോടെയല്ലാതെ പലതും ഓർക്കാനാകുന്നില്ല.ദീപികയിലെ ജേർണലിസം ട്രെയിനിങിലൂടെയായിരുന്നു ഔദ്യോഗിക തുടക്കമെങ്കിലും അതിനും വർഷങ്ങൾക്കു മുമ്പേ തന്നെ എംജി യൂണിവേഴ്സിറ്റി എന്നെ ക്യാംപസ് റിപ്പോർട്ടറാക്കി തെരഞ്ഞെടുത്തിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന യുവദീപം മാസികയിൽ ക്യാംപസ് പ്രശ്നങ്ങളിൽ വലയുന്ന സ്വകാര്യ വിദ്യാർഥികളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചായിരുന്നു എന്‍റെ തുടക്കം.ആ ധൈര്യവുമായി അതിരു വിട്ടൊരാത്മവിശ്വാസത്തോടെയാണ് ദീപികയിൽ ഡിജാം കോഴ്സിനെത്തിയത്.അപ്പോഴാണു മനസിലായത്, ഇതത്ര കുഞ്ഞുകളിയല്ലെന്ന കാര്യം! ദീപികയിലെ കാമ്പുള്ള ക്ലാസുകളിലൊന്നിൽ കോഴ്സ് ഡയറക്ടർ ടി.ദേവപ്രസാദ് സർ പറഞ്ഞു :
"ജിഹ്വയില്ലാത്തവന്‍റെ ജിഹ്വയാകണം മാധ്യമപ്രവർത്തകർ" എന്തു കൊണ്ടോ അതു വല്ലാതങ്ങു മനസിൽ പതിഞ്ഞു.ശബരിമലയ്ക്കടുത്തു കിടക്കുന്നതു കൊണ്ടോ എന്തോ ,മലമ്പണ്ടാരങ്ങളും അവരുടെ നോവുകളും വല്ലാതെ മനസിലുയർന്നു വന്നു.എന്നാൽ ആദ്യമെഴുതിയതാകട്ടെ , പാഞ്ചാലിമേടിനെ കുറിച്ചായിരുന്നു. 
ജേർണലിസം പഠിക്കാൻ അന്നു പെൺകുട്ടികൾ അധികം പോയിരുന്നില്ല.യാഥാസ്ഥിതികനായ പുതിയാപറമ്പിൽ വർക്കിസാറെന്ന എന്‍റെ അപ്പന് എന്നെ ജേർണലിസ്റ്റായി കാണാൻ തെല്ലുമുണ്ടായില്ല താൽപര്യം. വലിയ പ്രതിസന്ധികളിലൂടെയായിരുന്നു പഠനകാലഘട്ടം ആദ്യസെമസ്റ്റർ കടന്നു പോയത്.പക്ഷേ, പത്രത്തിൽ "പ്രകൃതിസൗന്ദര്യത്തിന്‍റെ ഹരിതസമൃദ്ധി" എന്ന പേരിൽ പാഞ്ചാലിമേടിനെ കുറിച്ചു ഞാനെഴുതിയ ആദ്യ ഫീച്ചർ സൺഡേ ദീപികയിൽ വന്നതു വായിച്ച് "ന്‍റെ ദൈവമേ , എന്‍റെ കൊച്ചിനിത്ര കഴിവുണ്ടായിരുന്നോ "എന്നു പറഞ്ഞ് പപ്പ കരഞ്ഞു.
ദീപികയിലെ ട്രെയിനിയായിരിക്കെ ആദ്യം പ്ലേസ്മെന്‍റ് കിട്ടിയത് കണ്ണൂരിലേക്ക്...അതും കൂത്തുപറമ്പു സംഭവം കഴിഞ്ഞ് കേവലം ഒന്നരമാസം മാത്രമായ കാലം.95ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെ കണ്ണൂരിലെ ദീപിക റിപ്പോർട്ടർ ട്രെയിനിയായിരുന്ന ആ കാലഘട്ടം... അനുഭവങ്ങളുടെ തീച്ചൂളയിലൂടെ നടന്നു പൊള്ളാൻ പഠിച്ച കാലമായി. 
കണ്ണൂരിലെ പൊള്ളുന്ന പാർട്ടിഗ്രാമങ്ങളും വൈകാരികാവേശവും കേവലം 21 കാരിയായ എന്നെ വല്ലാതെ അന്ധാളിപ്പിച്ചെന്നു പറയേണ്ടതില്ലല്ലോ.കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവം...മഞ്ജു വാര്യരെന്ന കലാപ്രതിഭ ജനിച്ച കലോത്സവം...ആ കലോത്സവം റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ട്രെയിനികളുമെത്തി.വെളുത്തു മെലിഞ്ഞ കഴുത്തിലൊരു കറുത്ത ചരടിൽ കോർത്ത സ്വർണക്കാശു ലോക്കറ്റിട്ട എന്നെ കണ്ടിട്ട് എൻസിസി പിള്ളേർക്കത്ര പിടിച്ചില്ല. അവരു ചോദിച്ചു..
"ങ്ങള് പത്തിലാ?"
" ങാ ..പത്തിലാ.." എന്‍റെ മറുപടി കേട്ട് അവരാജ്ഞാപിച്ചു.
"ദേ ,ങ്ങളിബ്ട നിന്നൂടാ ...പോയേ വേഗം..."
പിള്ളേരെ പിണക്കാതെ ഞാൻ പതിയെ അതിലേയിതിലേ ഒക്കെ നടപ്പായി.മീഡിയയുടെ കാർഡു കാണിച്ച് ഡയറക്‌ട് റിപ്പോർട്ടിങ്ങിനിറങ്ങാം.പ്രസിന്‍റെ ക്യാബിനിലിരിക്കാം.പക്ഷേ, സ്കൂപ്പ് കിട്ടില്ല, സ്കൂപ്പ് ...! അതാ ഞാനിങ്ങനെ വട്ടോം നീളോം നടക്കുന്നതെന്ന് ഈ പീക്കിരി പിള്ളേരുണ്ടോ അറിയുന്നു? ഞാൻ മനസിലൂറി ചിരിച്ചു.എന്തായാലും എന്‍റെ നടപ്പിനു ഫലമുണ്ടായി. എനിക്കു കിട്ടിയത്ര മുഴുത്ത സ്കൂപ്പ് ആർക്കും ...മറ്റൊരു പത്രത്തിനും കിട്ടിയില്ല..കണ്ണൂർ സംസ്ഥാന കലോത്സവത്തിലെ അഴിമതിയും പിടിപ്പുകേടും തുറന്നു കാട്ടി ഞാനെഴുതിയ റിപ്പോർട്ട് ദീപികയുടെ ഒന്നാം പേജിലെ സൂപ്പർ സ്റ്റോറിയായി വന്നു."നൃത്തക്കാർക്കു കൊട്ടാരം , ടാബ്ലോയ്ക്കു പുറമ്പോക്ക് " എന്ന പേരിൽ ഞാനെഴുതിയ റിപ്പോർട്ട് വായിച്ച് മീഡിയ സെന്‍ററിൽ ആകെ ബഹളമയം. അടി പേടിച്ച് സ്റ്റാഫ് ലേഖിക എന്നാണ് ഡസ്കിലുണ്ടായിരുന്ന ആന്‍റണി നല്ലേപ്പറമ്പൻ സർ പേരു കൊടുത്തത്. സ്വന്തം പേരു കൊടുത്തിരുന്നെങ്കിൽ ഒരു പക്ഷേ , ഇന്നിതെഴുതാനെന്‍റെ കയ്യോ കാലോ അവശേഷിക്കുമായിരുന്നില്ലായിരിക്കാം. ആ യുവജനോത്സവത്തിൽ ആരൊക്കെ ആരോടൊക്കെ കോഴ വാങ്ങിയെന്നും ഏതൊക്കെ ഇനങ്ങളിൽ കോഴ നൽകിയെന്നും കാര്യ കാരണസഹിതം ഞാനെഴുതിപ്പിടിപ്പിച്ചു. ടാബ്ലോയ്ക്കും ഫാൻസിഡ്രസിനും മറ്റും മത്സരിക്കാനെത്തിയ കുട്ടികൾക്ക് ഡ്രസ്മാറാൻ സൗകര്യം നൽകാത്തതും വലിയ പ്രശ്നമായിരുന്നു. ഈ റിപ്പോർട്ട് വന്നതോടെ എന്‍റെ സീനിയറായ ദീപികയിലെ രണ്ടു പേർ എന്‍റെയടുത്തു വന്നു എന്നെ വിരട്ടി
" റീന , ഇതെന്തൊക്കെയാ എഴുതിപ്പിടിപ്പിച്ചേക്കുന്നെ, ചെല്ല് മീഡിയ സെന്‍ററിലോട്ട് ..."
പുറമേ ധീരശൂരപരാക്രമിയായ എന്‍റെ മുട്ടുകാലു വിറയ്ക്കാൻ തുടങ്ങി.
കർത്താവേ , പുകിലായോ...കുരിശാക്കല്ലേ ...ഉള്ളിലെ കാളൽ പ്രാർഥനയായി ഉയർന്നു.പേടിച്ചു വിറച്ച് ,വെറുതെ അതൊളിപ്പിക്കാൻ ശ്രമിച്ച് പരാജിതയായി ഞാൻ മീഡിയ സെന്‍ററിലെത്തി:
 "സർ , ഞാനാണ് ദീപികയുടെ റീന വർഗീസ് .എന്തിനാണെന്നെ വിളിപ്പിച്ചത്?"
അവിടെ അതുവരെ സംസാരിച്ചുകൊണ്ടിരുന്ന മാധ്യമപ്രവർത്തകരൊന്നടങ്കം എനിക്കു ചുറ്റും തിരിഞ്ഞു.
ലേബർ ഇന്ത്യയുടെ റിപ്പോർട്ടറെന്നു പരിചയപ്പെടുത്തിയ യുവാവ് ചോദിച്ചു...
"മാഡം , എത്ര നാളായി ഈ ഫീൽഡിൽ ?എവിടെയാണ് പഠിച്ചത് ജേർണലിസം ? മുംബൈയിലോ അതോ ഡൽഹിയിലോ?"
ഞാൻ അന്ധാളിപ്പിന്‍റെ ആനമുടിയിലായി.ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയുടെ പരകോടിയിൽ ഞാൻ പറഞ്ഞു....
"അല്ലാ ...ഞാ...ൻ... വെറുമൊരു ഡിജാം ട്രെയിനി..ഇതെന്‍റെ ഫസ്റ്റ് റിപ്പോർട്ടാ..."
"ങേ, ഇതെങ്ങനെ കിട്ടി കുട്ടീ ഈ റിപ്പോർട്ട് ?"മാധ്യമം ലേഖകനായിരുന്നു ആ ചോദ്യം ചോദിച്ചത്.
"അതു പറയൂലാ .എന്‍റെ ന്യൂസ് സോഴ്സ് എന്‍റെ ന്യൂസ് സോഴ്സ് മാത്രം" ദേവപ്രസാദ് സാർ പഠിപ്പിച്ച പാഠങ്ങളോർത്ത് ഞാനുഷാറായി. 
"ഓ, മോള് പോരുന്നോ മനോരമയിലേക്ക് ..." ഗോപിനാഥൻ സാറെന്ന റിപ്പോർട്ടർ ചോദിച്ചു.
""ഇല്ലേയില്ല..എനിക്കെന്‍റെ ദീപിക മതി " യാതൊരു സംശയവുമില്ലാതെ ഞാൻ പറഞ്ഞു. കാരണം ദീപിക പത്രത്തിനു വേണ്ടി ഏറെ പ്രയത്നിച്ചയാളാണ് പപ്പ. ചാവറയച്ചനോടുള്ള ഭക്തി വേറെയും. എന്തായാലും അതോടെ മീഡിയക്കാർക്കിടയിൽ ഞാനൊരു കൊച്ചു സ്റ്റാറായീന്നു പറഞ്ഞാ മതിയല്ലോ. എന്നാൽ ഇന്നും എന്‍റെയുള്ളിൽ നോവായി കിടക്കുന്ന പ്രസിദ്ധീകരിക്കാനാവാതെ പോയൊരു ദുരന്തമുണ്ട്. ജീവൻ വരെ പണയം വച്ച് ഞാനെഴുതിയ ആ ഫീച്ചർ പത്രത്തിന്‍റെ പോളിസിയ്ക്കു നിരക്കുന്നതല്ല എന്നു പറഞ്ഞ് എംഡി .പി.കെ.എബ്രഹാം തള്ളിക്കളയുകയായിരുന്നു. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ വരെ അപലപിച്ച ആ കേസ് അടുത്ത തവണ.
Attachments area

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image