കവിത/ദേവിപ്രിയ

മയക്കംയാത്ര   നദിയിലൂടെയോ

കടലിലൂടെയോ

ആകാശത്തോ

അതോ 

ഇനി 

പ്ലാസ്മാരൂപിയായ  ഏതോ

പാതയിലൂടെയോ .

 

അന്വേഷണകുതുകിയായ 

ഏതോ

സഞ്ചാരിയെപ്പോലെ

അതിരുകളിലെവിടെയോ

 ചെന്ന്  നിൽക്കുമ്പോളാണ്

നിറയെ ചിത്രശലഭങ്ങൾ 

പറപ്പിക്കുന്ന

പായക്കപ്പലിൽ 

നീ  വന്നു  വിളിക്കുന്നത് .

ഉന്മാദത്തിന്റെ ചിറകുകൾ  സമ്മാനിച്ച്

അരികുകൾ  കിന്നരി  വച്ച  പായക്കപ്പലിൽ

  നീ  കൈ  നീട്ടി  കയറ്റുന്നത് .

 

മഴവിൽകുടകൾ  പിടിച്ച്

എതിരേറ്റത്  ആരായിരുന്നോ ?

നിലാവിന്റെ മെത്തവിരി

കുടഞ്ഞ്  പുതപ്പിച്ചത് ?

പിന്നെ

ഉണർച്ചയുടെ  നാലാം  പടവിലേക്ക്  തള്ളിയിട്ടത് !

 

സ്വപ്നം  

പര്യവേക്ഷകരാരും  കണ്ടുപിടിക്കാത്ത ഇരുണ്ട ഒരു ഭൂഖണ്ഡമാണ് .രണ്ടു രാജ്യങ്ങൾ ചുംബിക്കുമ്പോൾ


മുറിഞ്ഞു പോയ ലോകങ്ങൾ

തിരികെ ഒട്ടിച്ചെടുക്കുന്ന

ഒരു ജിഗ്‌സോ ഗെയിമിൽ ആയിരുന്നു

ഞങ്ങൾ കണ്ടു മുട്ടിയത് .

മരണപ്പെട്ടവരുടെ ലോകത്ത്

അങ്ങിനെ പല കളികളും ഉണ്ടായിരുന്നു .

 

കാണുമ്പോൾ അവളുടെ

നീലക്കടലിന്റെ ഉടയാട ഉലഞ്ഞിരുന്നു

കഴുത്തിലും നെഞ്ചിലും വെട്ടേറ്റ പാടുണ്ടായിരുന്നു

മുടിയിഴകളിലെ മലനിരകളിൽ

അങ്ങിങ്ങു നര കോറിയ മഞ്ഞ് ,

മുഖമാകെ പെല്ലെറ്റുകൾ

വളർത്തിയ മുഖക്കുരുക്കൾ ;

 

കണ്ട പാടേ

പുകയ്‌ക്കാൻ സിഗാർ ചോദിച്ചു ,

ഞാൻ

'വോഡ്ക എടുക്കട്ടേ 'എന്ന് ഉപചാരം പറഞ്ഞു .

'നിങ്ങൾ സംസാരിക്കൂ '

എന്ന് പറഞ്ഞു

ചെയുടെ മോട്ടോർസൈക്കിൾ പ്രകടനം കാണാൻ

മുറിക്കുള്ളിൽ

നിന്നും ബോസും മാർക്‌സും പുറത്തിറങ്ങി .

 

മരിച്ചവരുടെ ലോകത്ത്

ഉപചാരങ്ങൾ ഇല്ല എന്ന് പറഞ്ഞു

അവൾ എന്നെ അമർത്തി ചുംബിച്ചു .

തികച്ചും അസ്വാഭാവികം എന്ന് തോന്നിയേക്കാവുന്ന

ഒരു നിമിഷത്തിൽ

ഞങ്ങളുടെ ലോകങ്ങൾ ഒന്നിച്ചു ചേർന്നു.


നിർഭയം


പെയ്യുമെന്നു നേരത്തെ

പറഞ്ഞായിരുന്നു.

വരുമ്പോഴേ നനഞ്ഞായിരുന്നു.


അരികത്തു വന്ന്

കുടഞ്ഞെറിയുമോ എന്ന് കരുതി.

അടുക്കളപ്പുറത്ത്

ചൂടത്ത് അടയിരിപ്പായി.


വളവില്ലാത്ത നീളൻ വാൽ

ചുരുട്ടി മുഖമൊന്നുയർത്തി.

വളഞൊടിഞ്ഞ നട്ടെല്ലുള്ള എന്നെ

പരിഹാസത്തോടെ നോക്കി.


നാവ് നീട്ടി

നനഞ്ഞൊട്ടിയ വാൽ തുടച്ചു മിനുക്കി

പിന്നാമ്പുറത്തെ ഇരുട്ടിലേക്ക്

മുഖമുയർത്തി നടപ്പായി.


ഘനമേറിയ

ഇരുട്ടിന്റെ കൂട് കൊട്ടിയടച്ച്

ഞാൻ

വെറുതെ ഇരിപ്പായി.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image