ഇന്ത്യയ്ക്കായി    ഒരു വോട്ട് 

 : സ്വരൂപാനന്ദ 

                                                സ്ഥാനാര്‍ത്ഥിയെ നോക്കിയല്ല ഈ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത്. എന്റെ   പ്രതീക്ഷകള്‍ക്കൊത്ത സ്ഥാനാര്‍ത്ഥിയെയല്ല ഞാന്‍ വോട്ടു ചെയ്യുന്ന മണ്ഡലത്തില്‍ പാര്‍ട്ടി നിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വോട്ടു ചെയ്യേണ്ട എന്ന് തീരുമാനിക്കാവുന്നതേയുള്ളു. പക്‌ഷേ, ഇക്കുറി വോട്ടു ചെയ്യുക തന്നെ ചെയ്യും.

 സ്ഥാനാര്‍ത്ഥിക്കല്ല , പാര്‍ട്ടിക്കാണ് ഇത്തവണത്തെ വോട്ട്. ഇന്ത്യയെ ഇന്ത്യയായിക്കാണുന്ന പാര്‍ട്ടിക്ക്. ഇന്ത്യന്‍ ജനതയെ മതത്തിന്റെ പേരില്‍ വിഘടിപ്പിക്കാത്ത പാര്‍ട്ടിക്ക്. ഇഷ്ട ഭക്ഷണത്തിന്റെ പേരില്‍ മരിക്കേണ്ടി വരാത്ത ഒരിന്ത്യയില്‍ ജീവിക്കാനാണ് ഇത്തവണ വോട്ടു ചെയ്യുന്നത്. ഭയമില്ലാതെ ശിരസ്സ് നിവര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗ്ഗം എന്ന് മഹാകവി ടാഗോര്‍ വിശേഷിപ്പിച്ച ഒരു രാഷ്ട്രം പുലര്‍ന്നു കാണുന്നതിനു വേണ്ടിയാണ് ഇത്തവണത്തെ വോട്ട്. ഭരണഘടനയ്ക്ക് , സംസാര സ്വാതന്ത്ര്യത്തിന് , മതേതരത്വത്തിന്,  ഇന്ത്യയെ ഇന്ത്യയാക്കുന്ന വൈവിധ്യമാര്‍ന്ന സംസ്‌കൃതിക്ക് ഒരു വോട്ട്.

 വെറുപ്പിനും വിഭാഗീയതയ്ക്കുമെതിരെയുള്ള വോട്ട്.  1977ല്‍ ഇന്ത്യന്‍ ജനാധിപത്യം വീണ്ടെടുത്ത ഉത്തരേന്ത്യയിലെ ദരിദ്രരും നിരക്ഷരരുമായ ജനതയ്ക്കുള്ള ആദരവും സ്‌നേഹ സമ്മാനവും കൂടിയാണ് ഈ വോട്ട്. ഒരേകാധിപതിക്കും ഇന്ത്യയെ തകര്‍ക്കാനാവില്ലെന്ന് തെളിയിച്ചത് അവരാണ്. ഇന്ത്യന്‍ ജനതയെ നിസ്സാരവത്ക്കരിക്കാനാവില്ലെന്നും അവര്‍ ഈ ലോകത്തോട് അന്ന് വിളിച്ചു പറഞ്ഞു. ഇന്നിപ്പോള്‍ കാലവും ചരിത്രവും വീണ്ടും നമ്മെ ഉറ്റുനോക്കുകയാണ്. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ നമ്മുടെ കടമ നമ്മള്‍ നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ അത് നമ്മള്‍ വരും തലമുറകളോട് ചെയ്യുന്ന പാതകം കൂടിയായിരിക്കും. എത്രയോ പേരുടെ ത്യാഗത്തില്‍ പടുത്തയര്‍ത്തപ്പെട്ട രാജ്യമാണ് നമ്മുടേത്. 

                 ചോരയും കണ്ണിരുമല്ല രാജ്യം ആവശ്യപ്പെടുന്നത്. ഒരു വോട്ട്. ചൂണ്ടുവിരലില്‍ പതിയുന്ന ആ മഷിപ്പകര്‍ച്ച. അതൊരു വലിയ ആയുധമാണ്. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിധ്വംസക ശക്തികള്‍ക്കെതിരെയുള്ള ആയുധം. ഏപ്രില്‍ 23ന് നമ്മള്‍ ആ ആയുധവുമായി ബൂത്തുകളിലേക്ക് പോവും. അവിടെ നമ്മള്‍ നമ്മുടെ പ്രതിഷേധം രേഖപ്പെടുത്തും. അവിടെ നമ്മള്‍ നമ്മുടെ നിലപാട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കും. അവിടെ നമ്മള്‍ ജനാധിപത്യത്തിന്റെ സുശക്തരായ പടയാളികളാവും. ഒരു വോട്ടില്‍ , ചൂണ്ടു വിരലില്‍ ഒരു രജ്യത്തിന്റെ ഭാഗധേയമുണ്ട്. ഈ ദൗത്യത്തില്‍ നമുക്ക് പരാജയപ്പെടാനാവില്ല. 

       സംശയിക്കേണ്ട,   നരേന്ദ്ര ദാമോദര്‍ദാസ് മോദി വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ തന്നെയായിരിക്കും ഈ വോട്ട്. 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image