വടകര
വിഷയം കൊലപാതക രാഷ്ട്രീയം 

അജീഷ് ചന്ദ്രന്‍

സിപിഎമ്മിന്റെ പ്രസ്റ്റീജ് മണ്ഡലമായ വടകരയില്‍ എന്തു വില കൊടുത്തും സീറ്റ് തിരിച്ചു പിടിക്കണമെന്നത് എല്‍ഡിഎഫിന്റെ വാശിയാണ്. കഴിഞ്ഞ രണ്ടു തവണയും കോണ്‍ഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ചു കയറിയതിന്റെ ക്ഷീണം ഇതുവരെ പാര്‍ട്ടിയെ വിട്ടു മാറിയിട്ടില്ല. നാദാപുരവും പേരാമ്പ്രയും തലശേരിയും കൂത്തുപറമ്പും ഉള്‍പ്പെടെ പാര്‍ട്ടിയുടെ കരുത്തുറ്റ മണ്ഡലങ്ങള്‍ നിറഞ്ഞയിടമായിട്ടു കൂടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കുന്നതെന്ന കണക്കെടുപ്പില്‍ സിപിഎമ്മിനും പിഴക്കുന്നു. ആ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ കരുത്തനായ പി. ജയരാജനെ ഇത്തവണ വടകരയില്‍ സിപിഎം അണിനിരത്തിയപ്പോള്‍ യുഡിഎഫ് സിറ്റിങ് എംഎല്‍എ കെ. മുരളീധരനെയാണ് മറുപക്ഷത്ത് ഇറക്കിയത്. 


കൊലപാതക രാഷ്ട്രീയം തന്നെയാണ് ഇത്തവണയും ഇവിടെ വിഷയം. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത വടകരയില്‍ ഇത്തവണ ആര്‍എംപി നിരുപാധികം യുഡിഎഫിന് പിന്തുണയും വാഗ്ദാനം ചെയ്തിരിക്കുന്നു. കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യത്തെക്കുറിച്ച് പലപ്പോഴും പറയുന്ന ഇടതുപക്ഷത്തിന് ഇത്തവണ വാദങ്ങളിലല്ല, പ്രവര്‍ത്തിയിലാണ് കാര്യമെന്നു കാണിച്ചു കൊടുക്കേണ്ടിയിരിക്കുന്നു. അഭിപ്രായ സര്‍വ്വേകളില്‍ ജയരാജന്റെ വിജയം പ്രവചിക്കുന്നുണ്ടെങ്കിലും അതത്ര എളുപ്പമല്ലെന്ന് പാര്‍ട്ടിക്ക് നന്നായറിയാം. കഴിഞ്ഞ രണ്ടു തവണയും കാലിടറിയതിന്റെ കണക്കെടുപ്പില്‍ പാര്‍ട്ടിഗ്രാമങ്ങള്‍ തന്നെ ചോദ്യചിഹ്നമുയര്‍ത്തി. അതു കൊണ്ട് എന്തു വില കൊടുത്തും സിപിഎമ്മിന് വോട്ട് വിഹിതം പിടിച്ചു നിര്‍ത്തിയേ തീരൂ. കഴിഞ്ഞ തവണ എ.എന്‍. ഷംസീറായിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. തോല്‍വി വെറും 3,306 വോട്ടിനും. ഇത്തവണ ആ ചെറിയ മാര്‍ജിന്‍ മറികടക്കാന്‍ കരുത്തനായ ജയരാജനു കഴിയുമെന്നു പാര്‍ട്ടി കണക്കുകൂട്ടുന്നു. എന്നാല്‍, സിപിഎമ്മിലെ വിഭാഗീയതയും ആര്‍എംപിയും സ്വാധീനവും നന്നായി തെളിഞ്ഞു നില്‍ക്കുന്ന മണ്ഡലത്തില്‍ സിപിഎം വിമത നേതാവായ സി.ഒ.ടി നസീറും ഇത്തവണ മത്സര രംഗത്തുണ്ടെന്നത് എതിര്‍ഘടകമാണ്. 

1957-ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കെ.ബി. മേനോനാണ് ഇവിടെ നിന്നും ആദ്യം ഡല്‍ഹിക്ക് എത്തിയത്. തുടര്‍ന്ന് 1962-ല്‍ ഒരു പാര്‍ട്ടിയും സഹായം കൂടാതെ സ്വതന്ത്രനായി മത്സരിച്ച് എ.വി. രാഘവന്‍ ജയിച്ചു കയറി. പിന്നീട് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും എ.ശ്രീധരനായി എംപി. കെ.പി. ഉണ്ണികൃഷ്ണന്റെ പടയോട്ടം തുടങ്ങുന്നത് 1971-ലാണ്. തുടര്‍ച്ചയായി ആറു തവണ അദ്ദേഹം മണ്ഡലത്തെ കാത്തു. കോണ്‍ഗ്രസിനു വേണ്ടിയും പിന്നീട് കോണ്‍ഗ്രസ് (യു) ആയും തുടര്‍ന്ന് കോണ്‍ഗ്രസ് എസ് ആയുമൊക്കെ അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു. അതൊരു ചരിത്രമായിരുന്നുവെന്നു പറയാം. 1996-ലാണ് സിപിഎം ഇവിടെ ചെങ്കൊടി പറത്തുന്നത്. ഏഴാം അങ്കത്തിനിറങ്ങിയ ഉണ്ണികൃഷ്ണന്‍ തൊഴിലാളി നേതാവ് ഒ. ഭരതനു മുന്നില്‍ വീണു. 79,945 വോട്ടുകള്‍ക്ക്. പിന്നീട്, 2009 വരെ പാര്‍ട്ടി മണ്ഡലമായി വടകര തുടര്‍ന്നു. കണ്ണൂരില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മണ്ഡലം മാറി ഇവിടെ എത്തിയതോടെയാണ് സിപിഎമ്മിന്റെ പോരാട്ടഭൂമിയില്‍ വിള്ളല്‍ വീണത്. 2004-ല്‍ 1,30,589 വോട്ടിന്റെ റിക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച പി. സതീദേവി 2009-ല്‍ മുല്ലപ്പള്ളിയോട് 56,186 വോട്ടിനു പരാജയപ്പെട്ടിടത്താണ് സിപിഎം വിഭാഗീയത ശക്തി പ്രാപിച്ചത്. കണ്ണൂര്‍ ലോബി എന്ന പേരിനു കരുത്താര്‍ജ്ജിക്കുന്നതു പോലും സിപിഎമ്മിന്റെ ഈ തോല്‍വിയില്‍ നിന്നാണെന്നു പറയാം. അന്നു തോറ്റ പി. സതീദേവിയുടെ സഹോദരനാണ് ഇന്ന് മത്സരരംഗത്തുള്ള പി.ജയരാജന്‍.

സംസ്ഥാന സമിതി അംഗമായ ജയരാജനെ കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെപ്പിച്ചാണ് സിപിഎം ഇവിടെ എത്തിച്ചത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സിറ്റിംഗ് സീറ്റായതു കൊണ്ടു തന്നെ ഇവിടേയ്ക്ക് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ഏറെ വിഷമിച്ചു. ഏറെ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും മത്സരരംഗത്തേയ്ക്കില്ലെന്ന ഉറച്ച നിലപാടെടുത്തതിനെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ. മുരളീധരനു നറുക്കു വീണത്. ബിജെപിയാവട്ടെ നാട്ടുകാരനും മണ്ഡലത്തില്‍ ഏറെ വേരുകളുള്ള വ്യക്തിയുമായ വി.കെ. സജീവനെയാണ് മത്സരിപ്പിക്കുന്നത്. കൂത്തുപറമ്പ്, നാദാപുരം, തലശ്ശേരി, വടകര, കുറ്റിയാടി, പേരാമ്പ്ര, കൊയിലാണ്ടി എന്നി ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് വടകര പാര്‍ലമെന്റ് മണ്ഡലം. ഇതില്‍ കുറ്റിയാടി മാത്രമാണ് യുഡിഎഫ് മണ്ഡലം. പക്ഷേ, ലോക്‌സഭ തെരഞ്ഞെടുപ്പു വരുമ്പോള്‍ ജയിക്കാന്‍ അതു മാത്രം പോരെന്നു പി.ജയരാജന് നന്നായറിയാം. 

-

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image