സിനിമാ സംഗീതം /ശ്യാം 

മലയാള സംഗീതത്തിന്റെ മരുമകന്‍

എസ് രാജേന്ദ്രബാബു 


മലയാള സംഗീതത്തിന്റെ മരുമകന്‍ മലയാളിയുടെ നാവിന്‍ തുമ്പത്ത് ‘സംഗീതമധുരനാദം’ പുരട്ടിക്കൊണ്ട് മാന്യശ്രീ വിശ്വാമിത്രന്‍ എന്ന ചിത്രത്തിലൂടെ 1974-ല്‍ സംഗീതസംവിധാന രംഗത്തേക്കു കടന്നുവന്ന ശ്യാം വരാനുള്ള വര്‍ഷങ്ങള്‍ തന്റേതായിരിക്കുമെന്ന് ആദ്യം കരുതിയിരിക്കില്ല. തുടര്‍ന്ന് ഇരുനൂറിലധികം ചിത്രങ്ങള്‍ക്കായി ആയിരത്തോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ശ്യാം തന്റെ വ്യത്യസ്തവും നൂതനവുമായ ശൈലി കൊണ്ടാണ് മലയാളിക്കു പ്രിയങ്കരനായ സംഗീത സംവിധായകനായി മാറിയത്. 

 ആദ്യചിത്രത്തിനു സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ ഒരു തുടക്കക്കാരന്റെ വിസ്മയമോ വിഭ്രാന്തിയോ ഒന്നും ശ്യാമിനെ ആശങ്കപ്പെടുത്തിയില്ല. കാരണം ആയിരക്കണക്കിനു ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാ മൂര്‍ത്തി, എംഎസ് വിശ്വനാഥന്‍, സലില്‍ ചൗധരി തുടങ്ങിയ പ്രഗത്ഭന്മാരുടെയെല്ലാം വയലിനിസ്റ്റായും സംവിധാന സഹായിയായും നേടിയ പ്രവര്‍ത്തന പരിചയത്തിന്റെ കരുത്തോടെയാണ് ശ്യാം സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറിയത്.

 മലയാള ചലച്ചിത്രങ്ങള്‍ക്ക് വേറിട്ടൊരു പശ്ചാത്തല സംഗീത സംസ്‌കാരം സംഭാവന ചെയ്തത് ശ്യാമാണ്. കര്‍ണാടക സംഗീതത്തില്‍ ലാല്‍ഗുടി ജയറാമിന്റെ ശിഷ്യനായിരുന്ന ശ്യാം പാശ്ചാത്യ സംഗീതത്തിലും അവഗാഹം നേടിയത് തന്റെ സംവിധാനശൈലി അനന്യവും അനായാസവുമാക്കാന്‍ സഹായകമായി. വ്യത്യസ്തങ്ങളായ ഗാനങ്ങള്‍ നിരവധി ഉള്ളപ്പോഴും സിബിഐ ഡയറിക്കുറിപ്പുകള്‍ പോലുള്ള ചിത്രങ്ങളുടെയെല്ലാം പശ്ചാത്തല സംഗീതം വേറിട്ടു നില്‍ക്കുന്നത് ഗാനാവിഷ്‌കാരത്തിലും പശ്ചാത്തല സംഗീതാവിഷ്‌കാരത്തിലും അദ്ദേഹത്തിന്റെ പ്രത്യേകത അടയാളപ്പെടുത്തുന്നവ തന്നെ.


 കോളെജിലേക്കു പോകും വഴി മാതാപിതാക്കളറിയാതെ എംഎസ് വിശ്വനാഥന്റെ വയലിനിസ്റ്റായി സ്റ്റുഡിയോയിലേക്കു നടന്ന സാമുവേല്‍ ജോസഫിന്റെ നിയോഗം ഒരു നിയമജ്ഞനായി കോടതി മുറിയില്‍ ഒതുങ്ങിക്കൂടുന്നതിനു പകരം മലയാളത്തിലും തമിഴിലും അറിയപ്പെടുന്ന സംഗീത സംവിധായകനാകാനായിരുന്നു. 

 സാമുവേല്‍ ജോസഫിനെ സാം എന്ന ചുരുക്കപ്പേരില്‍ വിളിച്ചു തുടങ്ങിയത് എംഎസ് വിശ്വനാഥനാണ്. മലയാളത്തില്‍ എത്തിയപ്പോള്‍ സാം ശ്യാം ആയി. (തന്റെ ഉച്ചാരണ സൗകര്യത്തിനായി ജോസഫ് ക്രിസ്റ്റഫറിനെ ജോസഫ് കൃഷ്ണ എന്ന് വിശ്വനാഥന്‍ മാറ്റി വിളിച്ചതും പിന്നീട് അദ്ദേഹം ആ പേരില്‍ തന്നെ പ്രശസ്തനായ സംഗീത സംവിധായകനായതും കോടമ്പാക്കത്തെ സംഗീതപുരാണം. പുല്ലാംകുഴല്‍ വാദകനായി എംഎസ്‌വിയുടെ ടീമില്‍ ചേര്‍ന്ന വിസി ജോര്‍ജിന്റെ പേര് ഓര്‍ത്തെടുക്കാന്‍ വിഷമിച്ചപ്പോള്‍ സ്ഥിരം പുല്ലാംകുഴല്‍ വാദകനായ നഞ്ചപ്പയുടെ സമീപമിരുന്ന ജോര്‍ജിനെ ‘കുഞ്ചപ്പ’ എന്നു വിളിച്ചത് മറ്റൊരു കഥ.)


 ചിത്രം റിലീസാകുന്നതു വരെ പ്രതിഫലത്തിനു കാത്തിരിക്കേണ്ട ദുരവസ്ഥ ഒരുകാലത്ത് നടീനടന്മാരെപ്പോലെ കോടമ്പാക്കത്തെ വാദ്യകലാകാരന്മാര്‍ക്കും ഉണ്ടായിരുന്നു. റെക്കോഡിംഗ് കഴിഞ്ഞാലുടന്‍ അവരുടെ പ്രതിഫലം ലഭിക്കാന്‍ സംഘടനാപരമായി നിര്‍മ്മാതാക്കള്‍ക്കെതിരെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന സമരത്തിന് സംഗീത സംവിധായകന്‍ എംബി ശ്രീനിവാസനെ ശക്തമായി പിന്തുണച്ചത് ശ്യാമാണ്. അങ്ങനെയാണ് കോടമ്പാക്കത്തെ സിനി മുസിഷ്യന്‍സ് യൂണിയന്‍ നിലവില്‍ വന്നത്. സംഗീതവിഭാഗം സമരം ചെയ്തു വിജയിച്ചേതാടെ മറ്റു സാങ്കേതിക പ്രവര്‍ത്തകരും ആ വഴിക്കു നീങ്ങി. തുടര്‍ന്ന് മേക്കപ് യൂണിയനും സ്റ്റണ്ട് യൂണിയനും ഡാന്‍സ് യൂണിയനുമൊക്കെ നിലവില്‍ വന്നു.


 ശ്യാം തിരക്കിലായിരുന്ന കാലത്ത് വിദഗ്ധരായ ഒരു സംഘം വാദ്യകലാകാരന്മാര്‍ എപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ജോണ്‍സണ്‍, ഔസേപ്പച്ചന്‍, വിദ്യാസാഗര്‍, എസ്പി വെങ്കടേഷ്, ഗുണസിംഗ്, ബാലകൃഷ്ണന്‍ തുടങ്ങിയ സംഗീത സംവിധായകരൊക്കെ അക്കാലത്ത് ശ്യാമിന്റെ വാദ്യസംഘത്തില്‍ ഉണ്ടായിരുന്നവരാണ്. വളരെ തിരക്കിലായിരുന്നപ്പോഴും വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായതും അതുകൊണ്ടു തന്നെയാവണം. കേരളത്തിനകത്തും പുറത്തും അങ്ങനെ ധാരാളം സംഗീത വേദികള്‍ അദ്ദേഹം കീഴടക്കി. ജയചന്ദ്രന്‍, ഉണ്ണിമേനോന്‍, കൃഷ്ണചന്ദ്രന്‍, ലതിക തുടങ്ങിയവരായിരുന്നു ഗായകര്‍. പില്‍ക്കാലത്ത് ചിത്രയും ആ സംഘത്തില്‍ ഉള്‍പ്പെട്ടു. 

വാദ്യകലാകാരന്മാരില്‍ ശിവമണിക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നു. പരിപാടിക്കിടയില്‍ ശിവമണിയുടെ ഡ്രംസ് സോളോ മുഖ്യ ആകര്‍ഷണമായി. വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന പരിപാടിക്കിടയില്‍ രസകരമായ ഒരനുഭവമുണ്ടായി. ഉണ്ണിമേനോന്‍ പാടാനായി മൈക്കിനു മുന്നിലെത്തിയപ്പോള്‍ വേദിയില്‍ നിന്ന ശ്യാം സ്റ്റേജിന്റെ പിറകിലേക്കു പോയി. ഉണ്ണിമേനോന്‍ കാത്തുനിന്നു. പാട്ടിന്റെ തുടക്കത്തിലെ വയലിന്‍ സോളോ വായിക്കാന്‍ മൈക്കിനു മുന്നില്‍ കോഴിക്കോട് മണി തയാര്‍. ശ്യാം മടങ്ങിയെത്തുമ്പോള്‍ ഒപ്പം ഉണ്ടായിരുന്ന യേശുദാസ് സദസ്സിനെ ഞെട്ടിച്ചു!. അതുവഴി കടന്നുപോയ യേശുദാസ് ശ്യാമിന്റെ പ്രോഗ്രാം നടക്കുന്നതറിഞ്ഞു വന്നതാണ്. 


ഉണ്ണിമേനോന്റെ ഡയറി വാങ്ങി അതില്‍ കണ്ട പാട്ട് യേശുദാസ് പാടി - ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളേ... ഉണ്ണിമേനോന്‍ തുറുപ്പു ഗുലാനായി കരുതിയിരുന്ന പാട്ട് യേശുദാസ് പാടി കൈയടിവാങ്ങിയപ്പോള്‍ പിന്നിലിരുന്ന ഉണ്ണിമേനോന്റെ നിരാശ മറക്കാനാവില്ല. ഉണ്ണിമേനോന്‍ ആദ്യം ട്രാക്ക് പാടുകയും പിന്നീട് യേശുദാസിന്റെ ശബ്ദത്തില്‍ പുറത്തുവരുകയും ചെയ്ത ഗാനമാണത്.  അടുത്തകാലത്ത് കോഴിക്കോട്ടെ സാംസ്‌കാരിക സംഘടനയായ കലയും കോഴിക്കോട് കോര്‍പറേഷനും സംയുക്തമായി ടാഗോര്‍ ഹാളില്‍ വച്ച് ശ്യാമിനെ ആദരിച്ചപ്പോള്‍ തുടര്‍ന്നു നടന്ന സംഗീത പരിപാടിയില്‍ ആ ഗാനം പാടി ഉണ്ണിമേനോന്‍ തിളങ്ങി. 

   സിനിമയില്‍ നിലനിന്നിരുന്ന അന്ധവിശ്വാസത്തിനെതിരെ ഒരിക്കല്‍ അദ്ദേഹം സ്വീകരിച്ച നിലപാട് രസകരമാണ്. സിനിമയുടെ നിര്‍മ്മാണത്തിനു മുമ്പ് നിര്‍ണായക തീരുമാനങ്ങളെല്ലാം ‘കോരച്ചീട്ടി’ന് വിധേയമായിരുന്ന കാലഘട്ടം. മിക്ക നിര്‍മ്മാതാക്കളും കോര എന്ന ജ്യോതിഷനെ മാത്രം ആശ്രയിച്ച് വട്ടംകൂടി. കോര ചീട്ട് കലക്കി അതില്‍ നിന്ന് ഓരോന്നെടുത്ത് നടീനടന്മാരെയും സാങ്കേതിക വിദഗ്ധരെയും നിര്‍ദ്ദേശിക്കും. (പരിഗണനാപ്പട്ടികയില്‍ ഇടം പിടിക്കാന്‍ കോരച്ചേട്ടനെ ചിലര്‍ രഹസ്യമായി സന്ദര്‍ശിച്ചിരുന്നെന്നും അടക്കംപറച്ചില്‍ ഉണ്ടായിരുന്നു.) സംഗീത സംവിധായകന്‍ ചിട്ടപ്പെടുത്തുന്ന ഈണത്തില്‍ ഏതു തെരഞ്ഞെടുക്കണമെന്നു വരെ കോര ചീട്ടു കലക്കി പ്രവചിക്കുന്ന വിധത്തില്‍ ചലച്ചിത്ര രംഗം അധഃപതിച്ചു. 

   അങ്ങനെ കോരയുടെ മുന്നില്‍ അകപ്പെട്ട ശ്യാം ഒരിക്കല്‍ ഒരു പണി പറ്റിച്ചു. അദ്ദേഹം മനോഹരമായി ചിട്ടപ്പെടുത്തിയ ഒരീണം കോര ചീട്ടു കലക്കി നിരസിച്ചപ്പോള്‍ അതേ ഈണം ശ്രുുതി മാറ്റി ശ്യാം വീണ്ടും കേള്‍പ്പിച്ചു. കോര വീണ്ടും ചീട്ട് കലക്കി അതു സ്വീകരിച്ചു. രണ്ടു തവണയും ഒരേ ഈണമാണ് കേള്‍പ്പിച്ചതെന്ന് കോരയ്ക്കു മനസ്സിലായിരുന്നില്ല. വളരെക്കാലം കഴിഞ്ഞാണ് ശ്യാമിന്റെ ഈ കുസൃതി പുറംലോകം അറിഞ്ഞത്. അപ്പോഴേക്കും സിനിമയിലെ കോരപ്രഭാവം അസ്തമിച്ചിരുന്നു.

    കുശുമ്പ്, കുന്നായ്മ, കുതികാല്‍വെട്ട് എന്നിവയില്‍ ഏതെങ്കിലും ഒരു ‘കു’ ഇല്ലാത്ത സിനിമാ പ്രവര്‍ത്തകനെ കണ്ടെത്താന്‍ പ്രയാസമാണ്. ഇവയിലെ യാതൊരു വിശേഷണത്തിനും അര്‍ഹരല്ലാത്ത വിരലിലെണ്ണാവുന്ന അപൂര്‍വം ചിലരിലെ മാന്യവ്യക്തിത്വമാണ് സംഗീത സംവിധായകന്‍ ശ്യാം. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ കാണാനുള്ള വിശാലഹൃദയവും അദ്ദേഹത്തിനുണ്ട്. 
 
ശ്യാം മലയാളിയാണെന്നു പോലും വിശ്വസിക്കുന്ന ആരാധകരും കുറവല്ല. അവാര്‍ഡുകള്‍ നിരവധി ഉണ്ടെങ്കിലും 1984-ല്‍ ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാണാമറയത്ത് എന്ന ചിത്രത്തിലെ ഒരു മധുരക്കിനാവിന്‍ ലഹരിയിലേതോ... എന്നാരംഭിക്കുന്ന ഗാനം 2011-ല്‍ ഇറങ്ങിയ തേജാഭായി ആന്റ് ഫാമിലി എന്ന ചിത്രത്തിനായി വീണ്ടും സ്വീകരിക്കപ്പെട്ടത് ശ്യാമിന്റെ സംഗീത സംവിധാന മികവിന്റെ അംഗീകാരമായി വിലയിരുത്തപ്പെടാവുന്നതാണ്. ...................................................................

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image