നൈജീരിയയില്‍ ചെമ്പരത്തിപ്പൂക്കള്‍ വിരിയുമ്പോള്‍ 

 എജോഫര്‍ അലിസിഗ്ബ

പരിഭാഷ : സ്റ്റാലിന 

 
രാത്രി മുഴുവനും
പൂക്കള്‍ നിറഞ്ഞ പ്രൗഢിയോടെ
വാടാതെ, കാഴ്ചയ്ക്ക് സന്തോഷമേകി 
പാടത്ത് ,
പ്രഭാതങ്ങളില്‍ ചെമ്പരത്തികള്‍ 
പതിവുകാര്യമായി മാറിയിരിക്കുന്നു.
 അവരുടെ ആത്മാഭിമാനം ഒക്കെയും 
 വേര്‍പെട്ട ഭാഗങ്ങളായി വ്യര്‍ത്ഥമാകുന്നു.
 
ചെളിനിറഞ്ഞ നടപ്പാതയില്‍
ചത്തുവീണ 
കബന്ധങ്ങള്‍ ചീയൂന്ന
 നനഞ്ഞ മണ്‍കൂനയില്‍ നിന്നും 
മരണാനന്തരങ്ങളില്‍ 
പച്ചച്ചുരുണ്ട മുകുളങ്ങളാകുന്നു.

ഉറച്ച വീഥികളില്‍ 
ഇടിഞ്ഞ ചുമലുകളോടെ
ഇടറുന്ന പാദങ്ങളടുക്കി
വെച്ചടക്കുവാന്‍ ശ്രമിക്കുന്നത്
ഭാരമേറിയ ദ്രുതചലനങ്ങളേറ്റ് 
കരയുകയും പുളയുകയും 
ചെയ്യുന്ന ശരീരങ്ങളെ.
വരണ്ട മധ്യാഹ്നങ്ങളില്‍ ,
ഈര്‍പ്പം നിറഞ്ഞ രാത്രികളില്‍ 
മാമ്പകളെപ്പോലുയര്‍ന്ന്  ചുരുളുന്ന 
ഭീതിയുടെ പൊടിപടലങ്ങളുയര്‍ത്തി 
അവര്‍ അപ്രത്യക്ഷരാകന്നു. 

വേഗമേറിയ കാലുകള്‍ തേടുന്നത് 
കാലം കവര്‍ന്നെടുത്ത 
അവരുടെ ലക്ഷ്യങ്ങളെ 
ചെമ്പരത്തികളുടെ നനഞ്ഞുനേര്‍ത്ത 
ഗന്ധത്തില്‍ നിന്നുമകലേയ്ക്ക് 
കാലടികള്‍ മാറ്റി ജാഗ്രതയോടെ -

ഉറച്ചുപോയ ചിരികളോടെ 
ഉറഞ്ഞുപോയ ശരീരങ്ങളെ 
മറച്ച് മരിച്ചവര്‍ 
കിടക്കുന്നവര്‍ക്കു മീതെ വിരിഞ്ഞ
ചെമ്പരത്തികളില്‍, തളര്‍ന്ന സൂര്യകാന്തികളില്‍ 
ചെന്നു  പിണയുമവരുടെ 
ധീരമാം ചുവടുകള്‍ 
പിന്‍വലിച്ചുകൊണ്ട് .

രാത്രി കവര്‍ന്നെടുത്ത 
വീര്‍ത്ത ശരീരങ്ങളില്‍ 
ഉച്ചത്തിന്‍ മൂളിയാര്‍ക്കുന്നു 
ആര്‍ത്തിയുടെ തുരങ്കങ്ങള്‍ 
തീര്‍ത്ത് പുളയ്ക്കുന്നു തടിയന്‍ പുഴുക്കള്‍
 നീല മണിയനീച്ചകളായും  കൊലയാളി 
തേനീച്ചകളായും വളരാന്‍ 
മുട്ടയിട്ടും അന്നന്നത്തെ 
പൂമ്പൊടി വിരസമായെണ്ണിത്തീര്‍ത്തും
സമ്പാദിക്കാന്‍
 സമൃദ്ധമായ വിളവെടുപ്പ്
 ഇന്നത്തെ ദുരന്തത്തിൻറെ 
വളക്കൂറില്‍ വിളയിച്ചെടുക്കാന്‍. 

 ഓട്ടപ്പന്തയത്തിലെന്നപോലെ 
തിക്കിലും  തിരക്കിലും വേദനിച്ച് 
പരുക്കന്‍ ജീവിത സത്യത്തിൻറെ 
ക്രൂരസാക്ഷ്യം വഹിച്ച് 
നിസ്വാര്‍ത്ഥമായ 
അഹംബോധത്തിന് 
അതിജീവിക്കുന്നതിനായ് 
അസാധാരണമായൊന്നുമില്ലാത്ത 
അവരുടെ ശരീരങ്ങളില്‍, 
അമിതമായ പ്രാര്‍ത്ഥനകളില്‍ 
ഒളിപ്പിക്കുന്നത് 
കുറ്റബോധം നിറഞ്ഞ ഒരാഗ്രഹം 
ഒരു നിധിയ്ക്കായുളള അതിമോഹം 
പെട്ടെന്നുളള പണം 
പെരുപ്പിച്ച മസിലുകളുമായ് 
അവനെ; ആ ജോണ്‍സിനെ,
 ദുര്‍ബല നാഡീഞരമ്പുകളില്‍ 
മാരക പ്രഹരങ്ങളേറ്റിയ 
അവന്റെ മസിലുകളെ; 
എതിരിടണം. 

രാത്രിയിലെ ആ  തണുത്ത കബന്ധങ്ങളെപ്പോലെ 
മൈനുകളൊളിപ്പിച്ച മൺപാതയില്‍
 പൊട്ടിത്തെറിച്ച കാറുകളുടെ
അസ്ഥികൂടങ്ങള്‍ തടയുന്ന വഴിയിലൂടെ 
കടന്നുപോകുന്ന
പഴയ കാറുകളെപ്പോലെ 
മണ്‍പാതയില്‍ മുളച്ചൊരാ 
ചെമ്പരത്തിപ്പൂക്കളെപ്പോലെ

ഇവിടെ 
തേനീച്ചക്കൂടുപോലെ -
തിരക്കു പിടിച്ച
 റോഡുകളില്‍ 
ഇടുക്കു വഴികളില്‍
ഇടുങ്ങിയ ചേരികളില്‍, 
നിത്യജീവിതത്തിലൊതുങ്ങുമ്പൊഴും 
അവര്‍ക്ക് നേരെ ചൂണ്ടപ്പെടാം
തുച്ഛമായ നിലനില്‍പ്പിന്റെ
ഓര്‍മ്മപ്പെടുത്തലുകള്‍.... 
ജീവിതത്തിന്റെ നിര്‍ദാക്ഷിണ്യത. 

 എന്നിട്ട് 
നനഞ്ഞൊട്ടുന്ന ചെമ്പരത്തികളുടെ 
നാറ്റത്തില്‍ നിന്നും മുഖംപൊത്തി
മരിച്ച ശരീരങ്ങളില്‍ 
വഴിതെറ്റി മുളച്ച 
ചെമ്പരത്തികളും 
സൂര്യകാന്തികളും
നിലനില്‍ക്കുകയാണ്
ചീയുന്ന ചെമ്പരത്തിച്ചെണ്ടുകള്‍ക്കൊപ്പമെങ്കിലും 
വൃത്തികെട്ട്
ജീവിക്കുവാന്‍. 


(വംശീയ വിദ്വേഷത്തിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും തീരാക്കെടുതികള്‍ അനുഭവിക്കുന്ന നൈജീരിയൻ  ജനതയെക്കുറിച്ചാണ് ഈ കവിത സംസാരിക്കുന്നത്.)

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image