പത്തനംതിട്ട 
ശബരിമല വോട്ടുപെട്ടിയില്‍ അട്ടിമറിയാകുമോ? 

അജീഷ് ചന്ദ്രന്‍

ശബരിമല ക്ഷേത്രം മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന ഒരൊറ്റ കാരണമാണ് പത്തനംതിട്ടയെ കേരളത്തിലെ ഏറ്റവും മൂല്യമേറിയ മണ്ഡലമാക്കി മാറ്റിയത്.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം രൂപീകൃതമായിട്ട് ഇതു മൂന്നാം വട്ട തെരഞ്ഞെടുപ്പാണ്. കഴിഞ്ഞ രണ്ടു തവണയും മണ്ഡലം യുഡിഎഫിനൊപ്പം നിന്നു. ആന്റോ ആന്റണിയാണ് ഇവിടെ നിന്നു ജയിച്ചു കയറിയത്. എന്നാല്‍ പത്തനംതിട്ട മണ്ഡലം ഇന്ന് അതീവശ്രദ്ധാ കേന്ദ്രമാണ് എന്നു വേണം പറയാന്‍. അതിനു കാരണം മറ്റൊന്നുമല്ല, ശബരിമല ക്ഷേത്രം മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന ഒരൊറ്റ കാരണമാണ് പത്തനംതിട്ടയെ കേരളത്തിലെ ഏറ്റവും മൂല്യമേറിയ മണ്ഡലമാക്കി മാറ്റിയത്. ശബരിമല വിഷയം എല്‍ഡിഎഫിന് വലിയ വെല്ലുവിളിയാണ്. അതു പോലെ തന്നെ എന്‍ഡിഎ യുടെ മുഖ്യകക്ഷിയായ ബിജെപിക്ക് നല്ല ഒന്നൊന്തരം തുറുപ്പു ചീട്ടുമാണ്. ഇത്തവണ ബിജെപിയുടെ മുന്‍നിര നേതാക്കളെല്ലാം തന്നെ സീറ്റിനു വേണ്ടി ഇവിടെ അവകാശവാദം ഉന്നയിച്ചിരുന്നു. ഒടുവില്‍ നറുക്കു വീണത് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ കെ. സുരേന്ദ്രനും.

എന്നാല്‍ മണ്ഡലം എന്നും യുഡിഎഫിനെ തുണച്ചതാണ് ചരിത്രം. 2009-ല്‍ ആന്റോ ആന്റണി എല്‍ഡിഎഫിന്റെ അഡ്വ.കെ. അനന്തഗോപനെ തോല്‍പ്പിച്ചത് ഒരു ലക്ഷത്തിനു മുകളിലുള്ള ഭൂരിപക്ഷത്തിനാണ്. കൃത്യമായി പറഞ്ഞാല്‍ 1,11,206 വോട്ടുകള്‍ക്ക്. അന്ന് ആന്റോ മണ്ഡലത്തില്‍ നിന്നും നേടിയെടുത്തത് നാലു ലക്ഷത്തിനു മുകളില്‍ വോട്ടാണ്. ബിജെപിയുടെ ബി.രാധാകൃഷ്ണ മേനോനു കിട്ടിയതാവട്ടെ 56294 വോട്ടുകളും. എന്നാല്‍ ബിജെപിയുടെ വളര്‍ച്ച തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. 2014-ല്‍ എം.ടി രമേശ് നേടിയത് 1,38,954 വോട്ടുകള്‍. ചോര്‍ന്നത് യുഡിഎഫിന്റെ വോട്ടുകള്‍ തന്നെയായിരുന്നു എന്നു വ്യക്തം. ഈ തെരഞ്ഞെടുപ്പില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇടതുപക്ഷം നേരിട്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. പകരം യുഡിഎഫ് വിമതന്‍ പീലിപ്പോസ് തോമസിനെ പിന്തുണക്കുകയായിരുന്നു. 2009-ല്‍ 37.26 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് പിടിച്ചപ്പോള്‍ യുഡിഎഫ് വിമതന്‍ ഇടതുപക്ഷ പിന്തുണയോടെ നേടിയത് 34.81 വോട്ടുകള്‍ മാത്രമായിരുന്നു. ഇവിടെ ആന്റോ ആന്റണി വിജയിച്ചതാവട്ടെ 56,191 വോട്ടുകളുടെ ഭൂരിപക്ഷത്തിനും. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെയും കണക്കെടുത്താല്‍ ബിജെപി ഒഴികെയുള്ള കക്ഷികള്‍ക്കെല്ലാം പത്തനംതിട്ടയില്‍ വോട്ടുകുറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 51.21 ശതമാനത്തില്‍ നിന്ന് 42.07 ശതമാനത്തിലെത്തി. സിപിഎമ്മിന്റെ വോട്ട് വിഹിതം 37.26 ശതമാനത്തില്‍ നിന്ന് 35.48 ആയി. അതേസമയം, ബിജെപിയുടേത് 7.06 ശതമാനത്തില്‍ നിന്ന് 16.29 ശതമാനമായി ഉയര്‍ന്നു. അതു കൊണ്ടു തന്നെ ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിലെ എ ഗ്രേഡ് മണ്ഡലമാണ് പത്തനംതിട്ട.

സിറ്റിങ് എംപിയായ ആന്റോ ഇത്തവണ ഹാട്രിക്ക് വിജയത്തിനു വേണ്ടിയുള്ള ശ്രമത്തിലാണ്. സിപിഎമ്മിനു വേണ്ടി ആറന്മുള എംഎല്‍എ വീണാ ജോര്‍ജും രംഗം കൊഴുപ്പിക്കുന്നു. സിറ്റിങ് എംപിയും സിറ്റിങ് എംഎല്‍എയും തമ്മിലുള്ള മത്സരം. ഏഴു നിയമസഭ മണ്ഡലങ്ങളില്‍ രണ്ടില്‍ മാത്രമാണ് യുഡിഎഫിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞത് എന്നത് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ക്രിസ്ത്യന്‍ മേധാവിത്വമുള്ള മണ്ഡലത്തില്‍ ആന്റോ ആന്റണി മികച്ച ആത്മവിശ്വാസത്തില്‍ തന്നെയാണ്. ബിഎസ്പിക്ക് കാര്യമായ വേരോട്ടമുള്ള മണ്ഡലത്തില്‍ ഇത്തവണ ഷിബു പാറക്കടവന്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. ബിജെപിയുടെ കെ.സുരേന്ദ്രന്‍ രണ്ടു ലക്ഷത്തോളം വോട്ടുകള്‍ പിടിക്കുകയും ബിഎസ്പി 25,000 നു മുകളില്‍ വോട്ടു പിടിക്കുകയും ചെയ്താല്‍ അത് എല്‍ഡിഎഫിനാവും ഗുണമുണ്ടാക്കുക. എന്നാല്‍ ശബരിമല പ്രശ്‌നത്തില്‍ വിശ്വാസികള്‍ മറിച്ചു ചിന്തിച്ചാല്‍ വീണാ ജോര്‍ജിനു ഡല്‍ഹി യാത്ര സുഗമമാവുകയില്ല. 

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി, അടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം. 13,40,193 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 6,98,718 സ്ത്രീ വോട്ടര്‍മാരാണ് മുന്നില്‍. സംസ്ഥാനത്തു തന്നെ ബിജെപി ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മണ്ഡലമാണ് പത്തനംതിട്ട. നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടുവിഹിതം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞു. അതു കൊണ്ടു എന്‍എസ്എസ്-എസ്എന്‍ഡിപി പിന്തുണ കൂടി ഇത്തവണ ഉറപ്പിക്കാന്‍ കഴിഞ്ഞ സ്ഥിതിക്ക് ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ ശബരിമല വിഷയത്തിലൂടെ കഴിയുമെന്നു തന്നെയാണ് എന്‍ഡിഎയുടെ വിശ്വാസം. പുറമേ, പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും ജനപക്ഷം പാര്‍ട്ടിയുടെയും പി.സി.ജോര്‍ജിന്റെയും പിന്തുണയും കൂടി വരുന്നതും മുതലാക്കാനാണ് കെ. സുരേന്ദ്രന്റെ നെട്ടോട്ടം. അങ്ങനെ വന്നാല്‍ ഹാട്രിക്ക് നേട്ടമെന്നത് ആന്റോ ആന്റണിക്ക് എത്രമാത്രം സുഗമമായിരിക്കും എന്നു കണ്ടറിയണം.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image