അടൂര്‍ പ്രകാശിനെ സംബന്ധിച്ചിടത്തോളം ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് വന്നത് മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. 2009-ല്‍ ജി. ബാലചന്ദ്രനും 2014-ല്‍ ബിന്ദു കൃഷ്ണയും കോണ്‍ഗ്രസിനു വേണ്ടി നോക്കിയിട്ട് നടക്കാത്ത കാര്യമാണിതെന്നു അടൂര്‍ പ്രകാശിനു നന്നായറിയാം. മണ്ഡലം രൂപീകൃതമായതു മുതല്‍ എ. സമ്പത്താണ് ഇവിടെ വിജയിച്ചത്. സിപിഎമ്മിന്റെ ഉറച്ച കോട്ട. 1998, 99, 2004 എന്നീ വര്‍ഷങ്ങളില്‍ വര്‍ക്കല രാധാകൃഷ്ണന്‍ ഹാട്രിക്ക് നേടിയ സ്ഥലം. മണ്ഡലം പുനര്‍ക്രമീകരണത്തിനു ശേഷം ഇടതു നേതാവ് കെ. അനിരുദ്ധന്റെ മകന്‍ (അദ്ദേഹം ഇവിടെ നിന്ന് 1967-ല്‍ എംപിയായിരുന്നു) ലക്ഷ്യമിടുന്നതും അതു തന്നെ. കണക്കുകള്‍ വച്ചു നോക്കിയാല്‍ സമ്പത്ത് ഇവിടെ നിന്നു മൂന്നു തവണ വിജയിച്ചിട്ടുണ്ട്. എന്നാല്‍ അതു തുടര്‍ച്ചയായിരുന്നില്ലെന്നു മാത്രം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്ന രണ്ടു മണ്ഡലങ്ങളില്‍ ഒന്നാണ്‌ ആറ്റിങ്ങല്‍. മറ്റൊന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന ഗ്ലാമര്‍ മണ്ഡലമായ വയനാടാണ്. രണ്ടിടത്തും 23 പേര്‍ വീതം രംഗത്തുണ്ട്.

ഇപ്പോള്‍ ഇടതുപക്ഷത്തിനാണ് ആധിപത്യമെങ്കിലും 1971- മുതല്‍ കോണ്‍ഗ്രസിന്റെ കൂടെ ഉണ്ടായിരുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍ (മുന്‍പ് ചിറയിന്‍കീഴ്). വയലാര്‍ രവിയാണ് ആദ്യമായി ഇവിടെ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ഡല്‍ഹിയിലേക്ക് വണ്ടി കയറുന്നത്. 77-ലും രവി തന്നെ ഇവിടെ എംപിയായി. തുടര്‍ന്ന് 1980-ല്‍ എ.എ. റഹീം വിജയിച്ചു. പിന്നീട് 1984-ലും 89-ലും തലേക്കുന്നില്‍ ബഷീര്‍ ഇവിടെ നിന്നും കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ചു കയറി. തുടര്‍ച്ചയായി അഞ്ചു വര്‍ഷം കോണ്‍ഗ്രസിനെ വിജയിപ്പിച്ച മണ്ഡലം 1991-ല്‍ ഇടത്തേക്ക് ചായുന്നത് സിപിഎം സുശീല ഗോപാലനെ മത്സരിപ്പിച്ചതോടെയാണ്. അന്നു തൊട്ട് ഏഴു തവണ ചെങ്കൊടി പാറിച്ച മണ്ഡലത്തില്‍ ഇത്തവണയും അത്ഭുങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ സ്ഥിതി വ്യത്യസ്ഥമാകാന്‍ സാധ്യയില്ലെന്നു രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നു.

വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയോജകമണ്ഡലങ്ങള്‍ ചേരുന്ന ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ ഏഴില്‍ ആറും എല്‍ഡിഎഫ് കോട്ട തന്നെ. ഇതില്‍ അരുവിക്കര മാത്രമാണ് യുഡിഎഫിന് ആശ്വാസം പകര്‍ന്നത്. ഇത്തവണ ആറ്റിങ്ങലിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സിറ്റിങ്ങ് എംപിയും സിറ്റിങ് എംഎല്‍എയും മുഖാമുഖം ഏറ്റുമുട്ടുന്ന മണ്ഡലം. ബിജെപിയുടെ ശോഭ സുരേന്ദ്രനാണ് കാവിക്കൊടിയുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ബിജെപിയുടെ ഗിരിജാ കുമാരി 90,528 വോട്ടുകള്‍ നേടിയ മണ്ഡലമാണിത്. അതിന്റെ ഇരട്ടി വോട്ടുകള്‍ നേടുകയെന്നതാണ് ശോഭ സുരേന്ദ്രന്റെ ലക്ഷ്യം. അങ്ങനെ വന്നാല്‍ അത് അടൂര്‍ പ്രകാശിനാവും തിരിച്ചടിയെന്നു വ്യക്തം. 

2014-ല്‍ സമ്പത്തിന്റെ ഭൂരിപക്ഷം 69,378 വോട്ടുകളായിരുന്നു. എന്നാല്‍ അടൂര്‍ പ്രകാശിനെ അങ്ങനെ എഴുതി തള്ളാന്‍ പറ്റില്ല. കോന്നി നിയോജകമണ്ഡലത്തില്‍ നിന്നും നാലു തവണ എംഎല്‍എ ആയിട്ടുള്ള അടൂര്‍ പ്രകാശ് മുന്‍ റവന്യു, ആരോഗ്യവകുപ്പു മന്ത്രിയായിരുന്നു. പോരാട്ടങ്ങളിലെ ഉള്ളുകളികളില്‍ അഗ്രഗണ്യന്‍ തന്നെയാണ് അദ്ദേഹം. എന്നാല്‍, തീരദേശ മേഖലയിലെ വോട്ടുകള്‍ ഇവിടെ നിര്‍ണ്ണായകമായാല്‍ സ്ഥിതി അടൂരിന് എതിരാവുമെന്നു ചുരുക്കം. വികസനനായകന്‍ എന്ന ലേബലിലെത്തുന്ന സമ്പത്തിനെ പോലെ മണ്ഡലം അത്ര പരിചിതമല്ലാത്തതും അടൂര്‍ പ്രകാശിനു പ്രതിബന്ധമാകും.

എന്‍ഡിഎ ഇത്തവണ ശബരിമല വിഷയത്തില്‍ പ്രാമുഖ്യം കൊടുക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങല്‍. ഈഴവ-നായര്‍ വോട്ടുകള്‍ ഏറെയുള്ള സ്ഥലം. വര്‍ക്കല ശിവഗിരി മഠം നിര്‍ണ്ണായകമായി മാറിയേക്കാമെന്നതു കൊണ്ട് ബിജെഡിഎസിന്റെ അണിയറ നീക്കവും ഇവിടെ ശക്തമായിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളായ ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്ന ഇവിടേക്ക് ദേശീയ നേതാക്കള്‍ വരാനിടിയുണ്ടെന്നതും തീപാറുന്ന പോരാട്ടത്തിന് ആറ്റിങ്ങല്‍ സാക്ഷ്യം വഹിച്ചേക്കാം. പാലക്കാട് നിന്നും കഴിഞ്ഞ തവണ മത്സരിച്ച ശോഭ സുരേന്ദ്രന്‍ നിയമസഭയിലേക്ക് പല തവണ മത്സരിച്ചിരുന്നു. അതു കൊണ്ടു തന്നെ തെരഞ്ഞെടുപ്പ് അങ്കത്തട്ടിലെ പോരാട്ടം ഇവര്‍ക്കു പുത്തരിയല്ലെന്നു വ്യക്തം. 

ആകെ 13,19,805 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. സ്ത്രീ വോട്ടര്‍മാര്‍ ഏഴു ലക്ഷത്തിനു മുകളില്‍. പുതിയ വോട്ടര്‍മാര്‍ 9,835. തീപാറുന്ന പോരാട്ടച്ചൂടിനു സാക്ഷ്യം വഹിക്കുന്ന ആറ്റിങ്ങലില്‍ ജാതി സമവാക്യങ്ങള്‍ കാര്യങ്ങള്‍ തീരുമാനിച്ചില്ലെങ്കില്‍ സമ്പത്ത് ജയിച്ചു കയറുക തന്നെ ചെയ്യും. എന്നാല്‍ ശിവഗിരിയുടെ അനുഗ്രഹാശിസ്സുകള്‍ ഏറെയുള്ള അടൂര്‍ പ്രകാശിനും സഖ്യകക്ഷിയായി എന്‍ഡിഎ യിലുള്ള ബിഡിജെഎസും കൂടുതല്‍ നിര്‍ണ്ണായകമായാല്‍ സമ്പത്ത് മേടച്ചൂടില്‍ അല്‍പ്പം വിയര്‍ക്കുമെന്നത് ഒരു യാഥാര്‍ത്ഥ്യവും.


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image