എറണാകുളം

വിധി എഴുത്തിലെ സങ്കീര്‍ണതകള്‍

പൊതുവില്‍ കേരളത്തിലെ മറ്റ് ലോകസഭാമണ്ഡലങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു രാഷ്ട്രീയകാലാവസ്ഥയാണ് എറണാകുളം മണ്ഡലത്തിലേത്. സ്ഥാനാര്‍ത്ഥികള്‍ വളരെ പക്വതയോടെ പ്രസംഗിക്കുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്നു എന്നതാണ് ഒരു പ്രധാന സവിശേഷത. പരസ്പരം വിഷം ചീറ്റലുകളോ ചെളിവാരി എറിയലുകളോ ഇല്ലെന്നുതന്നെ പറയാം. മണ്ഡലത്തിന്‍റെ വികസനരംഗത്തെ പോരായ്മകളേയും സാധ്യതകളേയും കുറിച്ചാണ് രാജീവിനും ഹൈബി ഈഡനും അല്‍ഫോന്‍സ് കണ്ണന്താനത്തിനും പ്രധാനമായും പറയാനുള്ളത്. ഹൈബിക്കെതിരെ സരിത നായര്‍ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പ്രചാരണരംഗത്ത് ഉണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കില്‍ അവരുടെ നാമനിര്‍ദ്ദേശപത്രിക തള്ളിപ്പോകുകയായിരുന്നു.

സ്ഥാനാര്‍ത്ഥികളുടെ വ്യക്തിത്വം ഒരു പ്രധാന വിഷയം തന്നെയാണെങ്കിലും വേദികളില്‍ ചര്‍ച്ച ചെയ്യാന്‍ എറണാകുളത്തെ വോട്ടര്‍മാര്‍ ഇഷ്ടപ്പെടുന്നത് വികസന പ്രശ്നങ്ങള്‍ തന്നെയാണ്. അവരുടെ പ്രശ്നങ്ങളാകട്ടെ പലവിധവുമാണ്. കുടിവെള്ളം, പരിസരമലിനീകരണം, പ്രകൃതിക്ഷോഭം തുടങ്ങി അവ നീണ്ടുപോകുന്നു. ഇതില്‍ പല പ്രശ്നങ്ങളും പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രകടനം ഇവിടെ വിലയിരുത്തപ്പെടും. അതുപോലെ ഇന്ന് ലോകസഭാസ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ അവരുടെ എം പി ഫണ്ട് മണ്ഡലത്തില്‍ എങ്ങിനെ വിനിയോഗിക്കുമെന്ന ആകാംക്ഷയും മറ്റെല്ലാ മണ്ഡലങ്ങളിലെന്നപോല്ലെ ഇവിടെയും ഉണ്ട്. നിലവിലെ എം പി മാര്‍ വീണ്ടും മത്സരിക്കുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ കഴിഞ്ഞ തവണ എം പി ഫണ്ട് എങ്ങിനെ വിനിയോഗിച്ചുവെന്ന് പരിഗണിക്കുന്നുണ്ടെന്നുവേണം കരുതാം. ഇവിടെ കെ വി തോമസ് വീണ്ടും മത്സരിക്കുന്നില്ലെങ്കിലും അദ്ദേഹം എം പി ഫണ്ട് വിനിയോഗിച്ചരീതി ചര്‍ച്ചാവിഷയമാകുന്നുണ്ട്. ആ നിലയില്‍ കെ വി തോമസ് തന്‍റെ എം പി ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ചിട്ടുണ്ട് എന്നത് നിലവിലെ സ്ഥാനാര്‍ത്ഥി ഹൈബി ഈഡന് ആശ്വാസമാണ്.     

എറണാകുളം ലോകസഭാമണ്ഡലത്തില്‍  ഉള്‍പ്പെടുന്ന ഏഴ് നിയമസഭാമണ്ഡലങ്ങളില്‍ നാലെണ്ണത്തെ പ്രതിനിധീകരിക്കുന്നത് യുഡിഎഫും മൂന്നെണ്ണത്തെ പ്രതിനിധീകരിക്കുന്നത് യുഡിഎഫും ആണ്. ആ നിലയില്‍ യുഡിഎഫിന് ഒരു മുന്‍കൈ ഉണ്ടെന്ന് പറയാം. ഇതിനുമുമ്പുള്ള രണ്ട് തവണയും ഇവിടെനിന്ന് പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്  കോണ്‍ഗ്രസിന്‍റെ കെ വി തോമസ് ആയിരുന്നു. 2009- ല്‍ 11790 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ കെ വി തോമസ്   2014-ല്‍ ഭൂരിപക്ഷം 78047 ഉയര്‍ന്നത് ഈ തവണയും ഒരു പ്രവണതയായി തുടരുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

പറവൂര്‍, വൈപ്പിന്‍, എറനാകുളം, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശ്ശേശി നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എറണാകുളം ലോകസഭാമണ്ഡലം. ഈ പ്രദേശങ്ങളിലോരോന്നിലും വളരെ സജീവമായ പ്രശ്നങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ് പറവൂര്‍. പ്രളയദുരുതാശ്വാസം വിതരണം ചെയ്ത സംസ്ഥാനത്തെ ജില്ലകളില്‍ ഒന്നാം സ്ഥാനത്താണ് എറണാകുളം ജില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. അത് വസ്തുതയാണെങ്കി‍ല്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അതൊരു അനുകൂലഘടകമാകും.അതേ സമയം വൈപ്പിനിലും മറ്റുംകുടിവെള്ള പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. കളമശ്ശേരിയ്ലെത്തുമ്പോല്‍ കളമശ്ശേരി- വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിന്‍റെ വൈദ്യുതീകരണം ആ വഴിക്കുള്ള രാത്രിയാത്രയെ വല്ലാതെ ബാധിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ചെറായി മുതല്‍ ചെല്ലാനം വരെയുള്ല തീരദേശമേഖലയുടെ പൊതുവായ പ്രശ്നങ്ങളും ഈ തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സ്വാഭാവികം. എറണാകുളം എംഎല്‍ഏ എന്ന നിലയില്‍ ഹൈബിയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ രാജീവനും ഇതിന് ഉത്തരം പറയണം.

അല്‍ഫോന്‍സ് കണ്ണന്താനമാകട്ടെ കഴിഞ്ഞ നാലരവര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് ചെയ്ത സേവനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് വോട്ട് തേടുന്നത്. കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് താന്‍ മുന്‍കൈ എടുത്ത് നല്‍കിയ സഹായങ്ങളും അദ്ദേഹം വോട്ടര്‍മാരെ ഓര്‍മപ്പെടുത്തുന്നു. എതിരാളികളില്‍നിന്നും വ്യത്യസ്തമായി ഒരു ഐ എ എസ് ഓഫീസര്‍ എന്ന നിലയില്‍ താന്‍ നിര്‍വഹിച്ച ജനസേവനങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനാകുന്നത് സ്വാഭാവികം. യുഡിഎഫിനും എല്‍ഡിഎഫിനും ഇടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്നെ നിലയില്‍ തന്‍റെ വി൯ജയസാധ്യതെയെക്കുറിച്ചൊന്നും അദ്ദേഹത്തിന് വേവലാതിയില്ല. “ കളത്തില്‍ ഇറങ്ങിയാല്‍ ഗോള്‍ അടിക്കണം. ഗോള്‍ പോസ്റ്റ് മാറരുത്. അതേ,ഞാന്‍ കളത്തില്‍ ഇറങ്ങി.ഗോള്‍ അടിക്കാന്‍ തന്നെയാണ്,” അദ്ദേഹം വോട്ടര്‍മാരോട് പറയുന്നു.

പ്രചാരണ പരിപാടികല്‍ക്ക് രാഷ്ട്രീയേതരമായ ഒരു മാനം നല്‍കാന്‍ ഈ മൂന്ന് സ്ഥാനാര്‍ത്ഥികളും പരിശ്രമിക്കുന്നുണ്ട്. പ്രചാരണപരിപാടികളുടെ തിരക്കുകല്‍ക്കിടയിലും ഹൈബി കുടുംബസമേതം കാസര്‍ഗോട്ടേക്ക് കുതിച്ചത് ഇതിനുദാഹരണം. തന്‍റെ പിറന്നാള്‍ കാസര്‍കോട്ട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്‍റെ  കുടുംബത്തോടൊപ്പമാക്കിയത് വലിയൊരു രാഷ്ട്രീയേതര നീക്കമാണ്. കൃപേഷിന്‍റെ ഒറ്റമുറി വീടിനുപകരം സുഹൃത്തുക്കളുടെ സഹായത്തോടെ തന്‍റെ തണല്‍ ഭവന പദ്ധതിയുടെ ഭാഗമായി ഹൈബി നിര്‍മിച്ചുനല്‍കിയ 20 ലക്ഷം രൂപ യുടെ വീടിന്‍റെ പാലുകാച്ചലും അന്നായിരുന്നു. വിഷുദിനത്തില്‍ കണ്ണന്താനവും ഉദാത്തമായ മാതൃകകാണിച്ചു. 45 പട്ടികജാതി കുടുംബങ്ങള്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന പച്ചാളം കഫര്‍ണാം അനാഥാലയത്തിലെ അന്തേവാസികള്‍ക്കൊപ്പമിരുന്നാണ് അദ്ദേഹം ഈ വര്‍ഷത്തെ വിഷുസദ്യ ഉണ്ടത്. എറണാകുളത്തെ സാഹിത്യ-കലാ-സാംസ്കാരിക മേഖലയുമായി തനിയ്ക്കുള്ള അടുത്ത ബന്ധം പി രാജീവിം ഉപയോഗപ്പെടുത്തി. ’സാംസ്കാരിക ലോകം പി രാജീവിനൊപ്പം’ എന്ന പേരില്‍ ഒരു കൂട്ടായ്മതന്നെ കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ടു. രാജേന്ദ്രമൈതാനിയില്‍ നടനന് ഈ സംഗമം ഉല്‍ഘാടനം ചെയ്തത് പ്രൊഫ. എം കെ സാനുവായിരുന്നു.  ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലുള്ള പ്രമുഖര്‍ പങ്കെടുത്ത ആ ചടങ്ങ് പ്രചാരണരംഗത്ത് രാജീവിന് ഒരു വലിയ നേട്ടമായി.

ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ യുവാക്കള്‍ ഈ മണ്ഡലത്തിലെ വോട്ടര്‍മാരായുണ്ട്. പ്രസംഗങ്ങള്‍കൊണ്ടോ പ്രലോഭനങ്ങള്‍കൊണ്ടോ രാഷ്ട്രീയപാര്‍ട്ടികല്‍ക്ക് പതിവ് രീതിയില്‍ സ്വാധീനിക്കാവുന്ന വോട്ടര്‍മാരല്ല. ഇവര്‍. ഇവരില്‍ നല്ലൊരുഭാഗം കന്നിവോട്ടര്‍മാരുമാണ്. യുക്തിപൂര്‍വം കാര്യങ്ങള്‍ വിലയിരുത്തുന്ന അവര്‍  പൊതുവില്‍ സ്ഥാനാര്‍ത്ഥിയുടെ വികസന കാഴ്ചപ്പാടിനാണ്  മുന്‍തൂക്കം നല്‍കുന്നത്. തെരഞ്ഞെടുപ്പുകളില്‍ കൂടിക്കൂടി വരുന്ന ഇവരുടെ സാന്നിധ്യം നിര്‍ണായക പ്രാധാന്യമുള്ളതാണ് എന്ന് കാണാതിരുന്നുകൂടാ. കടുത്ത മത്സരം നടക്കുകയാണെങ്കില്‍ ഈ മണ്ഡലത്തിലെ അന്യസംസ്ഥാന തൊഴിലാളികലൂടെ വോട്ടുകള്‍ നിര്‍ണായകമാകും. ഇതില്‍ വലിയൊരു വിഭാഗം തമിഴ് വോട്ടര്‍മാരാണ്. സാധാരണ ഇവരില്‍ അധികവും കോണ്‍ഗ്രസ്സിന് വോട്ടുചെയ്ത് പോന്നവരാണ്. ഇപ്പോള്‍ മറ്റ് സംസ്ഥാനതൊഴിലാളികളും ഇവരോടൊപ്പം ചേര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സ്ഥിതി എന്താകുമെന്ന് പ്രവചിക്കുക വയ്യ.   

  

 

 

 

 

 

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image