വയനാട്‌:
പിടിച്ചു നില്‍ക്കുമോ ഇടതുപക്ഷം? 

ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും നേടിയ കേരളത്തിലെ മണ്ഡലമാണ് വയനാട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന ഇവിടെ അദ്ദേഹത്തിനു കേരളത്തില്‍ നിന്നും റെക്കോഡ് ഭൂരിപക്ഷം നല്‍കാന്‍ സാധിക്കുമോയെന്നാണ് അറിയേണ്ടത്. ഉറച്ച കോണ്‍ഗ്രസ് മണ്ഡലത്തില്‍ 2009-ല്‍ എം.ഐ.ഷാനവാസ് 153,439 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അതു കൊണ്ടു തന്നെ രണ്ടു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷമാണ് വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയോ വയനാട്ടില്‍ രാഹുലിനോ ഭൂരിപക്ഷം കൂടുതല്‍ എന്നാണ് കേരളവും ഉറ്റുനോക്കുന്നത്. 2009-ല്‍ ഷാനവാസിനു രണ്ട് അപരന്മാര്‍ ഉണ്ടായിരുന്നു, അവര്‍ രണ്ടും കൂടി നേടിയത് 4238 വോട്ടുകളായിരുന്നുവെന്നു കൂടി ഓര്‍ക്കണം. എന്നാല്‍ 2014-ല്‍ സിപിഐ യുടെ സത്യന്‍ മൊകേരി വന്നതോടെ കളി മാറി. വോട്ട് വിഹിതത്തില്‍ 8.66 ശതമാനത്തിന്റെ കുറവും ഭൂരിപക്ഷം 20870 മാത്രവുമായി ഒതുങ്ങി. അതില്‍ തന്നെ സത്യന് രണ്ട് അപരന്മാരും ഉണ്ടായി. അവര്‍ പിടിച്ചത് 8331 വോട്ടുകളാണ്. അവിടെ നിന്നാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഇത്തവണ കോണ്‍ഗ്രസ് അമ്പതു ശതമാനത്തിനു മുകളില്‍ വോട്ടിങ് വിഹിതം ഉയര്‍ത്തേണ്ടത്.


മൂന്നു ജില്ലകളിലായാണ് വയനാടന്‍ ലോക്‌സഭാ മണ്ഡലം നില കൊള്ളുന്നത്. കല്‍പ്പറ്റയും, സുല്‍ത്താന്‍ ബത്തേരിയും മാനന്തവാടിയും വയനാട്ടിലും തിരുവമ്പാടി കോഴിക്കോട്ടും നിലമ്പൂരും വണ്ടൂരും ഏറനാടും മലപ്പുറത്തുമായി കിടക്കുന്നു. ഇതില്‍ നാലു മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജയിച്ചുകയറിയിരുന്നു. മാനന്തവാടിയും കല്‍പ്പറ്റയുമൊക്കെ കോണ്‍ഗ്രിനോട് അനുഭാവം പ്രകടപ്പിച്ചിരുന്നതാണെങ്കിലും മുന്‍ മന്ത്രി ജയലക്ഷ്മിയും എം. വി. ശ്രേയാംസ്‌കുമാറും ഒക്കെ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. എന്നാല്‍ ഇത്തവണ രാഹുല്‍ ഗാന്ധി ഇഫക്ടില്‍ എല്‍ഡിഎഫ് മണ്ഡലങ്ങളായ മാനന്തവാടി, കല്‍പ്പറ്റ, തിരുവമ്പാടി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ കാര്യമായ വോട്ട് വിഹിതം എല്‍ഡിഎഫിനു നഷ്ടപ്പെടാനിടയുണ്ട്.

20 പേരാണ് ഇവിടെ ജനവിധി തേടുന്നത്. രാഹുല്‍ ഗാന്ധിക്ക് രണ്ട് അപരന്മാര്‍ ഉണ്ട്. സിപിഐയുടെ പി.പി. സുനീറാണ് രാഹുലിന്റെ മുഖ്യ എതിരാളി. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഇവിടെ ജനവിധി തേടുന്നു. 1999 ലും 2004 ലും പൊന്നാനിയില്‍ മുസ്ലീം ലീഗിന്റെ ദേശീയ നേതാക്കളായ ജി.എം. ബനാത്ത്‌വാല, ഇ അഹമ്മദ് എന്നിവര്‍ക്കെതിരെ ഏറ്റുമുട്ടിയ ചരിത്രം പി.പി സുനീറിന് ഉണ്ട്. നിലവില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എല്‍ഡിഎഫ് മലപ്പുറം ജില്ലാ കണ്‍വീനര്‍, കേരള പ്രവാസി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി, ഹൗസിങ് ബോര്‍ഡ് ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്ക് പുറമേ പ്രിയങ്ക ഗാന്ധിയടക്കമുള്ള കേന്ദ്രനേതാക്കളുടെ വന്‍പടയും വയനാട്ടിലുണ്ട്. അതിനോടു പിടിച്ചു നില്‍ക്കാന്‍ ഇടതുപക്ഷത്തിനും എന്‍ഡിഎയ്ക്കും കഴിയുന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image