എന്റെ വോട്ട് ... 

സുമേഷ് ,ഇന്‍സൈറ്റ് പബ്ലിക്ക


ഇന്ത്യൻ

പാർലിമെന്റിൽ ഒരു പക്ഷേ എണ്ണത്തിൽ കുറവായിരിക്കുമെങ്കിലും അവസാന ശ്വാസം വരെ ജനാധിപത്യ ഇന്ത്യക്കു വേണ്ടി ഇടതുപക്ഷം  നിലകൊള്ളും എന്നത് തർക്കമില്ലാത്ത കാര്യം തന്നെ.അതു കൊണ്ടു  എനിക്ക് സംശയമില്ല, എന്റെ വോട്ട് ഇടതുപക്ഷത്തിന്.പ്രസാധകനായ സുമേഷ് ,ഇന്‍സൈറ്റ് പബ്ലിക്ക എഴുതുന്നു


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ ആദ്യ ഓർമ്മ,ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജ്യമാകെ അലയടിച്ച സഹതാപതരംഗത്തിൽ കോൺഗ്രസ് വൻ മുന്നേറ്റം നടത്തിയപ്പോൾ പഴയ ഫിലിപ്സ് റേഡിയോയിൽ നിന്നു  രാത്രി വന്ന ഒരു വാർത്ത കേട്ട് അച്ഛൻ മുഴക്കിയ ഒരു ആരവം ആണ്.

കോട്ടയത്തു സുരേഷ് കുറുപ്പ് വിജയിച്ചു എന്ന വാർത്ത ആണ് അന്ന് അച്ഛനെ ആവേശം കൊള്ളിച്ചത്.

7 വയസ്സുകാരനായ എന്നെയും ഒരു പക്ഷേ ആദ്യമായി ആവേശം കൊള്ളിച്ച തെരെഞ്ഞെടുപ്പ് വാർത്ത.

ആ ഏഴു വയസ്സുകാരൻ പിന്നീട് എല്ലാ തെരെഞ്ഞെടുപ്പുകളെയും പിന്തുടരാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ വിദ്യാർത്ഥി ആയി മാറിയത്  തീർച്ചയായും അച്ഛന്റെ സ്വാധീനം കൊണ്ടുതന്നെയാണ്.

വോട്ട് ചെയ്യാൻ 18 വയസ്സാകണമെങ്കിലും ആ ഏഴാം വയസ്സിൽ തന്നെ അണ്ണാറക്കണ്ണനും തന്റെ തെരെഞ്ഞെടുപ്പു ജോലികളിൽ മുഴുകിയിരുന്നു.

ഇന്നത്തെ പോലെ പോസ്റ്ററും ബോർഡും ബാഡ്ജും തൊപ്പിയും ഒന്നും കുത്തിയൊലിക്കാത്ത ആ സമയത്തും ഇതൊക്കെ ചുളുവിൽ സംഘടിപ്പിച്ചു കൂട്ടുകാർക്കു കൊടുക്കുകയും,അവരുമായി ചേർന്ന് പോസ്റ്റർ ഒട്ടിക്കുകയും ഒക്കെ അന്നത്തെ പ്രധാന പരിപാടികൾ ആയിരുന്നു.

ഒരു പക്ഷേ അന്ന് കുടുംബത്തിന്റെ രാഷ്ട്രീയ ബോധം എന്റെ കൂടി രാഷ്ട്രീയ ബോധമായി മാറിയിട്ടുണ്ട് എന്ന് പിന്നീട് ഞാൻ തിരിച്ചറിയുകയുണ്ടായി.

സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്ന ഒരു കാലം,അമേരിക്കൻ പൊലീസിങ്ങിനെതിരെ ചെറുത്തു നിൽപ്പിന്റെ ഒരു കരുത്തു ഉണ്ടാവുമ്പോൾ  ഞാനും ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണ് പ്രവർത്തകനാണ് എന്നൊക്കെ അത്ര ഭയമില്ലാതെ  പറയാൻ പറ്റുന്ന ഒരു ലോക സാഹചര്യവും ഇന്ത്യൻ സാഹചര്യവും.

ഇന്ന് എനിക്ക് 42 വയസ്സ് പ്രായമായി.ലോകം എത്രെയോ മാറി.കമ്മ്യൂണിസ്റ്റ് ചേരി നാമാവശേഷമായി.

ശാസ്ത്ര സാങ്കേതികരംഗം വൻ കുതിപ്പുകൾ നടത്തി.

ഇന്ത്യൻ രാഷ്ട്രീയത്തിലും വൻ മാറ്റങ്ങളുണ്ടായി.അറിഞ്ഞോ അറിയാതെയോ കോണ്ഗ്രെസ്സും മറ്റ്‌ പാർട്ടികളും വിരിച്ച പരവതാനിയിലൂടെ സംഘി ഫാസിസം ഇന്ത്യയുടെ കടിഞ്ഞാണ് കയ്യിലൊതുക്കി.

കോണ്ഗ്രെസ്സുംക്ഷീണിച്ച സ്ഥിതിയിൽ.പ്രാദേശിക പാർട്ടികളുടെ മുന്നേറ്റം മറ്റൊരു വശത്തു.ഇന്ത്യൻ ഇടതു പക്ഷവും അല്പം ദുർബലപ്പെട്ടു.

ഇത്തരം ഒരുസാഹചര്യത്തിൽ ആണ് ഇന്ത്യ ഒരുപൊതു തെരെഞ്ഞെടുപ്പിനെ നേരിടുന്നത്.

മറ്റാരൊക്കെയോ മാത്രം നാം എന്തു ചിന്തിക്കണം എന്നു തീരുമാനിക്കുന്ന,എന്തു ചെയ്യണം എന്ന് തീരുമാനിക്കുന്ന, എന്തു കാണണം എന്ന് തീരുമാനിക്കുന്ന, എന്തു തിന്നണം എന്നു തീരുമാനിക്കുന്ന,ആരെ കൊല്ലണം,ആരെ വാഴ്ത്തണം എന്നു തീരുമാനിക്കുന്ന ഒരു രാജ്യം ആയി നമ്മുടെ നാട് മാറിയിട്ടുണ്ടെങ്കിൽ തൽക്കാലം നമ്മുടെ കയ്യിൽ ഒരു ആയുധം മാത്രമേയുള്ളൂ.അത്‌ ഒരു വോട്ട് ആണ്.

80 കളിലും 90 കളിലും ഞാൻഇടതുപക്ഷത്താണ് എന്നു പറഞ്ഞതിന്റെ നൂറിരട്ടി ഉറക്കെ ഇപ്പോൾ പറയേണ്ടിയിരിക്കുന്നു.ഞാൻ ഇടതുപക്ഷത്താണ്,എന്റെ വോട്ട് ഇടതുപക്ഷത്തിനാണ്.

ഇന്ത്യൻ പാർലിമെന്റിൽ ഒരു പക്ഷേ എണ്ണത്തിൽ കുറവായിരിക്കുമെങ്കിലും അവസാന ശ്വാസം വരെ ജനാധിപത്യ ഇന്ത്യക്കു വേണ്ടി അവർ നിലകൊള്ളും എന്നത് തർക്കമില്ലാത്ത കാര്യം തന്നെ.

അതു കൊണ്ടു  എനിക്ക് സംശയമില്ല, എന്റെ വോട്ട് ഇടതുപക്ഷത്തിന്

 
Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image