എന്റെ വോട്ട്...

സുചിത്ര എം

ഏതുനിമിഷവും നമ്മൾ രാജ്യദ്രോഹിയാകാം. നമ്മൾ എന്തു ഭക്ഷിക്കണം, ഭക്ഷിക്കരുത്, എന്തുചിന്തിക്കണം, എന്തു പറയണം, എന്തു വിശ്വസിക്കണം, എന്തെഴുതണം, ഏതു കാര്യത്തിൽ ഗവേഷണം നടത്തണം എന്നതൊക്കെ ഭരണകൂടം തീരുമാനിക്കുന്നു. ജനാധിപത്യം എന്നത് പേരുംനുണയായി മാറിക്കഴിഞ്ഞു.സുചിത്ര എം എഴുതുന്നു 


വോട്ട് എന്ന വാക്ക് എന്റെ ബോധത്തിലേയ്ക്ക് കടന്നുകയറിയ സമയമോ ദിവസമോ വർഷമോ ഒന്നും എനിക്ക് ഓർമയില്ല. പക്‌ഷേ, മലപ്പുറം ജില്ലക്കാരിയായ എന്റെ 
ഓർമയിൽ ആദ്യം പതിഞ്ഞ തിരഞ്ഞെടുപ്പ് ചിഹ്നം കോണിയാണ്. മതിലുകലിലും ഭിത്തികളിലും തെങ്ങിൻതടികളിലും ഒക്കെ വരഞ്ഞുവച്ചിട്ടുള്ള മുസ്ലിംലീഗിന്റെ ചിഹ്നം.

എന്റെ വോട്ടിനെപ്പറ്റി ഇതിനുമുമ്പുള്ള ഒരു തിരഞ്ഞെടുപ്പിലും ഇത്ര ഗൗരവത്തോടെ, ഇത്ര ഉള്ളുരുക്കത്തോടെ ഞാ.ൻ ആലോചിച്ചിട്ടില്ല. ജനങ്ങളുടെ ഒരോ അവകാശത്തിന്റെയും കഴുത്തറുത്തു കൊള്ളുന്ന കാലം. കാര്യങ്ങൾ അംബാനിമാരും അദാനിമാരുമൊക്കെ തീരുമാനിക്കുന്ന കാലം. രാജ്യത്തിന്റെ പ്രകൃതിസമ്പത്ത് ഭീഷണമാംവിധം കൊള്ളയടിക്കപ്പെടുന്നു.  ജാതി-മത-ലിംഗ-വർഗ-വംശ വിവേചനങ്ങൾ കൂടിവരുന്നു. സ്വത്ത് ചുരുക്കം ചിലരിൽ കേന്ദ്രീകരിക്കപ്പെടുന്നതിന്റെ തോതും കൂടുന്നു. മതവിദ്വേഷവും ചങ്ങാത്തമുതലാളിത്തവും പാരമ്യത്തിലെത്തിനിൽക്കുന്ന സമയം. പാർശ്വവത്കൃത ജനസമൂഹങ്ങളെ വേട്ടയാടി കൂടുതൽ അരികിലേയ്ക്ക്‌ തുരത്തുന്ന കാലം. സ്ത്രീത്വം മുമ്പെന്നത്തെക്കാളും ഏറെ  അപമാനിക്കപ്പെടുകയാണ്. 

കഴിഞ്ഞ അഞ്ചുകൊല്ലം! പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദിയുടെ അഞ്ചുകൊല്ലം! ജനാധിപത്യത്തിന് ഇത്രകണ്ട് ക്ഷതം അടിയന്തിരാരാവസ്ഥക്കാലത്തുപോലും ഉണ്ടായിട്ടില്ല. ഏതുനിമിഷവും നമ്മൾ രാജ്യദ്രോഹിയാകാം. നമ്മൾ എന്തു ഭക്ഷിക്കണം, ഭക്ഷിക്കരുത്, എന്തുചിന്തിക്കണം, എന്തു പറയണം, എന്തു വിശ്വസിക്കണം, എന്തെഴുതണം, ഏതു കാര്യത്തിൽ ഗവേഷണം നടത്തണം എന്നതൊക്കെ ഭരണകൂടം തീരുമാനിക്കുന്നു. ജനാധിപത്യം എന്നത് പേരുംനുണയായി മാറിക്കഴിഞ്ഞു.

ഒരു സംശയവും വേണ്ട എന്റെ ഇത്തവനത്തെ വോട്ട് ഹിന്ദുത്വ തീവ്രവാദികൾക്കെതിരെയാ.ണ്. ഇന്ത്യക്ക് ഇനി ഒരു അഞ്ചുവർഷംകൂടി മോദിയെ സഹിക്കാനുള്ള കെൽപ് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. മതേതരത്വവും ജനാധിപത്യവും ജീവിതത്തിന്റെ സുസ്ഥിരതയും അത്രയ്ക്കും അപകടത്തിലായിക്കഴിഞ്ഞു. 

മനുഷ്യകേന്ദ്രീകൃതമായ, പ്രകൃതിവിരുദ്ധമായ, ഭീകരമായ പാരിസ്ഥിതികനാശത്തിനു വഴിവയ്ക്കുന്ന,ഭൂമിയുടെ ജ്വരം പിന്നെയും കൂട്ടുന്ന വികസനതീവ്രവാദത്തിനെതിരെ വോട്ട് ചെയ്യണമെന്ന് അതിയായ ആഗ്രഹം എനിക്കുണ്ട്. പക്ഷേ, അക്കാര്യത്തിൽ സകലരാഷ്ട്രീയകക്ഷികളും ഒരുപോലെയാണ്. എന്റെ വോട്ട് "Sustainability and Equity " എന്ന മുദ്രാവാക്യം ഉയർത്തുന്നവർക്ക് എന്നു തീരുമാനി ച്ചാൽ ഇത്തവണ ആർക്കും വിട്ടു ചെയ്യാനാവില്ല. 

 ഒരു സ്ത്രീ എന്ന നിലയിൽ സകലരാഷ്ട്രീയകക്ഷികളുംതുടർന്നുപോരുന്ന സ്ത്രീവിരുദ്ധ നിലപാട് അസഹ്യമായി തോന്നുന്നുണ്ട്.  തിരഞ്ഞെടുപ്പുപ്രക്രിയ പുരുഷന്മാരുടെതായിത്തന്നെ തുടരുകയാണ്. എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് അവരാണ്. സ്ഥാനാര്ഥികളായ സ്ത്രീകളെ എങ്ങനെയാണ് രാഷ്ട്രീയനേതാക്കൾ അവഹേളിക്കുന്നതെന്നു നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു. ഏതായാലും തുല്യപ്രാതിനിധ്യപ്രസ്ഥാനം രൂപപ്പെട്ടുവരുന്നുണ്ട്, കേരളത്തിലും. അടുത്തനിയമസഭാതിരഞ്ഞെടുപ്പാകുമ്പോഴേയ്ക്കും സീൻ മാറും എന്നുതന്നെ കരുതാനാണ് എനിക്കിഷ്ടം. 

ആര് ഭരിക്കണമെന്ന് തീരുമാനിക്കാൻ മാത്രമല്ല, തിരഞ്ഞെടുത്ത് അയക്കുന്നവരെ തിരിച്ചുവിളിക്കാനുള്ള അധികാരം എപ്പോഴാണ് എന്റെ വോട്ടിനു കിട്ടുക?

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image