സന്ദീപ്‌ വെള്ളാരംകുന്ന്

മറ്റൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിന് അങ്കം മുറുകുമ്പോള്‍ കേരളത്തില്‍ ശ്രദ്ധാ കേന്ദ്രമാകുന്ന മൂന്നു മണ്ഡലങ്ങളാണ് കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിവ. ഇടുക്കിയില്‍ കഴിഞ്ഞ തവണത്തെ സജീവ ചര്‍ച്ചാ വിഷയമായിരുന്ന കസ്തൂരി രംഗന്‍ വിഷയം കാര്‍ഷിക പ്രശ്‌നങ്ങളിലേക്കു മാറുമ്പോള്‍ പത്തനംതിട്ടയില്‍ ശബരിമലയുടെ പേരില്‍ ജയിച്ചുകയറാനായി നടത്തുന്ന ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ പോരാട്ടമാണ് ശ്രദ്ധേയം. അതേസമയം കോട്ടയത്ത് മാണി വിഭാഗത്തിന്റെ കടുംപിടുത്തത്തിനു ശേഷം അരങ്ങിലെത്തിയ സ്ഥാനാര്‍ഥിയാണ് തോമസ് ചാഴികാടന്‍. തുടക്കത്തില്‍ തന്നെ പ്രചാരണം തുടങ്ങിയ എന്‍ഡിഎ സ്ഥാനാര്‍ഥിയായ പി സി തോമസും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. കെഎം മാണിയുടെ വിയോഗത്തോടെ അലയടിച്ചുയരാനിടയുള്ള സഹതാപതരംഗം വോട്ടായി മാറുമെന്ന പ്രതീക്ഷയും യുഡിഎഫ് ക്യാമ്പുകള്‍ രഹസ്യമായെങ്കിലും സമ്മതിക്കുന്നുണ്ട്. 


കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിമന്റെ പേരില്‍ ചാരം മൂടിയ തീക്കനലായിരുന്നു കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി. ഇടുക്കിയില്‍ തെരഞ്ഞെടുപ്പിന്റെ ഗതികളെ നിയന്ത്രിച്ചതും ഇടുപക്ഷത്തിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജോയ്‌സ് ജോര്‍ജ് ജയിച്ചു കയറിയതുമെല്ലാം ഈ തരംഗത്തിന്റെ പേരിലായിരുന്നു. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം കസ്തൂരി രംഗന്‍ എന്ന ചാരംമൂടിയ തീക്കനലിലെ കനല്‍ അണഞ്ഞിരിക്കുന്നു. കസ്തൂരി രംഗന്‍ ചര്‍ച്ചാ വിഷയം പോലുമല്ലാത്ത ഇത്തവണത്തെ തെരഞ്ഞടുപ്പില്‍ കര്‍ഷക ആത്മഹത്യയും പ്രളയപുനരധിവാസത്തിലെ വീഴ്ചയും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളുമാണ് പ്രധാന ചര്‍ച്ചാ വിഷയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോയ്‌സ് ജോര്‍ജ് വീണ്ടും അങ്കത്തട്ടിലെത്തുമ്പോള്‍ കഴിഞ്ഞ തവണ ജോയ്‌സിനെ നേരിട്ട ഡീന്‍ കുര്യാക്കോസ് തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥിയായി കളത്തിലുള്ളത്. ബിഡിജെഎസ് സ്ഥാനാര്‍ഥിയായി അഡ്വക്കേറ്റ് ബിജു കൃഷ്ണനും അങ്കത്തട്ടിലുണ്ട്. 

ശബരിമല പ്രക്ഷോഭം ഏറ്റവും ശക്തമായി അലയടിച്ച മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ശബരിമല വികാരം മുതലാക്കി കെ സുരേന്ദ്രനെ ജയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി കരുത്തനായ നേതാവായ കെ സുരേന്ദ്രനെ തന്നെ കളത്തിലിറക്കിയിരിക്കുന്നത്. യുഡിഎഫാകട്ടെ സിറ്റിംഗ് എംപിയായ ആന്റോ ആന്റണിക്ക് ഒരു അവസരം കൂടി യുഡിഎഫ് നേതൃത്വം നല്‍കിയപ്പോള്‍ സിറ്റിംഗ് എംഎല്‍എയായ വീണ ജോര്‍ജിനെ തന്നെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയിട്ടുള്ളത്. വിദേശമലയാളികളുടെ ഈറ്റില്ലം കൂടിയാണ് തിരുവല്ല ഉള്‍പ്പടെയുള്ള പത്തനംതിട്ടയിലെ ഭൂരിഭാഗം പ്രദേശങ്ങളും വിവിധ പെന്തെക്കോസ്ത് സഭകള്‍ക്കു നിര്‍ണായ സ്വാധീനമുള്ള മണ്ഡലത്തില്‍ ഓത്തഡോക്‌സ്, മലങ്കര സഭാ വിശ്വാസികള്‍ക്കും നിര്‍ണായക സ്വാധീനമാണുള്ളത്. 


അതേസമയം ശബരിമലയുടെ പേരില്‍ നടത്തിയ പോരാട്ടങ്ങളും അതിന്റെ പേരിലുണ്ടായ ജയില്‍വാസവും തനിക്ക് ജയസാധ്യത ഒരുക്കുമെന്നാണ് കെ സുരേന്ദ്രന്റെ പ്രതീക്ഷ. ശബരിമലയുടെ പേരില്‍ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്നും ഇതിലൂടെ തനിക്ക് അനായാസ വിജയം ലഭിക്കുമെന്നുമാണ് സുരേന്ദ്രന്റെ പ്രതീക്ഷ. എന്നാല്‍ ഇത്തരം പ്രതീക്ഷകളെല്ലാം അസ്ഥാനത്താണെന്നും വിജയം തങ്ങളുടെ ഒപ്പമായിരിക്കുമെന്നുമാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും അവകാശവാദം.

കോട്ടയം ജില്ലയുടെ ഹൃദയമെന്നു പറയുന്നതു തന്നെ റബര്‍ കര്‍ഷകരാണ്. എക്കാലവും യുഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലം. എന്നാല്‍ റബറിന്റെ തുടര്‍ച്ചയായ വിലയിടിവും സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും തനിക്ക് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി എന്‍ വാസവന്‍. അതേസമയം ശബരിമല വിരുദ്ധ വികാരങ്ങളും കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങളും തനിക്ക് അനായാസ വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ പി സി തോമസ്. എന്നാല്‍ ജോസഫ് ഗ്രൂപ്പിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ തോമസ് ചാഴികാടനും തികഞ്ഞ പ്രതീക്ഷയിലാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നേറുന്നതും ജോസഫ് ഗ്രൂപ്പുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതും ചാഴികാടനു പ്രതീക്ഷ നല്‍കുന്നുണ്ട്. 

മാണി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ തന്നെയായ കെ എം മാണിയുടെ വിയോഗത്തോടെ പാലാ ഉള്‍പ്പടെയുള്ള നിയമസഭാ മണ്ഡലങ്ങളിലെല്ലാം അലയടിക്കാനിടയുള്ള സഹതാപ തരംഗം കോണ്‍ഗ്രസിനെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.


 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image