കോലത്ത് നാട്ടില്‍ ഇത്തവണ ആരാകും?

 എം.രമേഷ് നമ്പ്യാര്‍


 കേരളത്തില്‍ കടുത്ത മത്സരം നടക്കുന്ന മറ്റൊരു പാര്‍ലമെന്റ് മണ്ഡലമാണ് കണ്ണൂര്‍. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയോടൊപ്പം നിന്ന ഈ മണ്ഡലം ഇത്തവണ ആരെ തുണക്കും. സിറ്റിംഗ് എംപി പി.കെ.ശ്രീമതി ടീച്ചറും, കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ.സുധാകരനുമാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. ബിജെപി നേതാവ് സി.കെ.പത്മനാഭനാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് സി.കെ.പത്മനാഭന്‍. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കണ്ണൂര്‍ ലോകസഭാ മണ്ഡലം. മൊത്തം 13 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ഇവിടെ മത്സര രംഗത്തുള്ളത്. 

എല്‍ഡിഎഫും യുഡിഎഫും ബിജെപിയും മണ്ഡലത്തില്‍ പ്രചാരണ രംഗത്ത് മുന്‍പന്തിയിലാണ്. ഒരു കാലത്ത് ഈ ചുവപ്പുകോട്ടയില്‍ ജയിച്ചതെല്ലാം യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഞ്ച് തവണ തുടര്‍ച്ചയായി വിജയിച്ച മണ്ഡലം. ആറാം തവണ മത്സരിച്ചെങ്കിലും അന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന എ.പി.അബ്ദുല്ലക്കുട്ടി രണ്ട് തവണ കണ്ണൂരില്‍ നിന്നും ലോകസഭയിലെത്തി. പിന്നീട് സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയ അബ്ദുള്ളക്കുട്ടി രണ്ട് തവണ കണ്ണൂരില്‍ നിന്ന് യുഡിഎഫ് ടിക്കറ്റില്‍ നിയമസഭയിലെത്തി. ആ സമയത്താണ് കെ.സുധാകരന്‍ കണ്ണൂരില്‍ നിന്ന് ലോകസഭയിലെത്തിയത്.

 കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിസാര വോട്ടുകള്‍ക്കാണ് കെ.സുധാകരന്‍ ശ്രീമതി ടീച്ചറോട് പരാജയപ്പെട്ടത്. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. മുന്‍ വനം വകുപ്പ് മന്ത്രി കൂടിയാണ് കെ.സുധാകരന്‍. കണ്ണൂര്‍ കൂടാതെ എടക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും സുധാകരന്‍ വിജയിച്ചിട്ടുണ്ട്. കണ്ണൂരില്‍ ഇന്നും കോണ്‍ഗ്രസ് ശക്തിയോടെ നിലനില്‍ക്കുന്നത് കെ. സുധാകരന്‍ എന്ന നേതാവിലൂടെയാണ്. ഇതിനകം മണ്ഡലത്തില്‍ മൂന്ന് തവണ പ്രചരണം പൂര്‍ത്തിയാക്കി കഴിഞ്ഞു.

പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സനായിരുന്ന പി.കെ.ശ്രീമതി ടീച്ചര്‍ രണ്ട് തവണ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് എം.എല്‍.എ. ആയി. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയാണ് ശ്രീമതി ടീച്ചര്‍. ജില്ലയില്‍ സി.പി.എമ്മിന് വലിയ ശക്തിയാണുള്ളത്. എന്നാല്‍ കെ.സുധാകരന്‍ കൂടി രംഗത്ത് ഇറങ്ങിയതോടെ ഇത്തവണ ആര് വിജയിക്കും എന്നത് പ്രവചിക്കാന്‍ സാധിക്കില്ല. 

 കണ്ണൂരിന്റെ കിഴക്കന്‍ മലയോര മേഖലയാണ് ശ്രീമതി ടീച്ചറുടെ പ്രചരണത്തിന് ശക്തി കൂട്ടിയിരിക്കുന്നത്. ബി.ജെ.പിയുടെ പ്രമുഖ നേതാവായ സി.കെ.പത്മനാഭനും പ്രചരണ രംഗത്ത് പിന്നിലല്ല. കണ്ണൂര്‍ സീറ്റ് ബി.ജെ.പിക്ക് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടിയും പ്രവര്‍ത്തകരും. കണ്ണൂരിലെ ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് സി.കെ. പത്മനാഭന്‍. കണ്ണൂരിലെ 7 നിയമസഭാ മണ്ഡലങ്ങളില്‍ നാല് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ആണ് വിജയിച്ചിരിക്കുന്നത്. യു.ഡി.എഫ് ആകട്ടെ മൂന്ന് മണ്ഡലങ്ങളിലും. എന്നാല്‍ ഇത്തവണ പുതിയ വോട്ടര്‍മാര്‍ കാല്‍ ലക്ഷത്തിലധികം ഉള്ളതിനാല്‍ മണ്ഡലത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 
 തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, പേരാവൂര്‍, മട്ടന്നൂര്‍, ധര്‍മ്മടം, അഴീക്കോട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം. കോലത്ത് നാട്ടില്‍ ആര് വിജയിക്കുമെന്നറിയാന്‍ ഇനി ഒരു മാസം കൂടി കാത്തു നില്‍ക്കണം. ഒരു കാലത്ത് കൊലപാതക രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായിരുന്നു കണ്ണൂര്‍ ജില്ല. എന്നാല്‍ ഇന്ന് അതിന് മാറ്റം വന്നിരിക്കുകയാണ്.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image