കമലിന് കന്നിയങ്കത്തില്‍ കാലിടറുമോ? 

സുന്ദര്‍ദാസ് എസ്

സ്വയം സ്ഥാനാര്‍ത്ഥിയല്ലെങ്കിലും ഈ ലോകസഭാതെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കമലഹാസന്‍റെ കന്നിയങ്കമാണ്. 40 ലോകസഭാസീറ്റുകളിലേക്കും 18 നിയമസഭാസീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിക്കൊണ്ടാണ് കമലഹാസന്‍റെ മക്കള്‍ നീതി മയ്യം ( എം എന്‍ എം) കഷിയുടെ കന്നിയുദ്ധം. തമിഴ് നാട്ടിലെ ഒരു കക്ഷിയും ഇത്ര അധികം സീറ്റുകളിലേക്ക് മത്സരിക്കുന്നില്ല. എല്ലാ പ്രമുഖകക്ഷികളും മുന്നണികളുടെ ഭാഗമായാണ് മത്സരിക്കുന്നത്. അതേ സമയം കമലഹാസന്‍റെ എം എന്‍ എം തനിച്ചും. മത്സരക്കളത്തിലിറങ്ങിയപ്പോഴാണ് കമല്‍ തെരഞ്ഞെടുപ്പിന്‍റെ ഉള്ളുകള്ളികള്‍ അറിയുന്നത്. മിനിമം പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകണമെങ്കില്‍പ്പോലും കോടികള്‍ മുടക്കണം. മറ്റൊരു പ്രധാന പ്രശ്നം ഇത്രയും സ്ഥലങ്ങളില്‍ പ്രചാരണം നടത്തുക എന്നതാണ്. സ്ഥാനാര്‍ഥികളില്‍ മിക്കവരും രാഷ്ട്രീയത്തില്‍ അധികം പരിചയമില്ലാത്തവരാണ്. അത്കൊണ്ട് കമല്‍ മാത്രമാണ് പാര്‍ട്ടിയുടെ പ്രമുഖ പ്രചാരകന്‍. ഈ മണ്ഡലങ്ങളിലെല്ലാം ഓടി നടന്ന് പ്രചാരണം നടത്തുക  ഒരാള്‍ക്ക് എളുപ്പമല്ല.

അഴിമതി വിമുക്ത  ഭരണവും കുടിവെള്ളം പോലുള്ളഅത്യാവശ്യ ജീവിതസൗകര്യങ്ങളും അദ്ദേഹം ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. പക്ഷേ ഇത് ലോകസഭാ തെരഞ്ഞെടുപ്പാണ്. ഓന്നോ രണ്ടോ സീറ്റില്‍ വിജയിച്ചാല്‍പോലും ഒരു വാഗ്ദാനവും എംഎന്‍എമ്മിന് നടപ്പാക്കാനാവില്ല. വോട്ടര്‍മാര്‍ക്ക് ഇത് നല്ലപോലെ അറിയാം. അതുകൊണ്ട് അത്യാവേശകരമായ സ്വീകരണമൊന്നും അവരില്‍നിന്ന് പാര്‍ട്ടിക്ക് ലഭിക്കുന്നില്ല. ഒരു നിയമസഭാ തെരഞ്ഞെടുപ്പ് ആയിരുന്നെങ്കില്‍ കുറേക്കൂടി വലിയ പ്രതികരണം ജനങ്ങളില്‍നിന്ന് ൗണ്ടാകുമായിരുന്നു. ഇതുമനസ്സിലാക്കിക്കൊണ്ടാണ് രജനീകാന്ത് ഈ ലോകസഭാതെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ മാറിനിന്നത്. കമലിന്‍റെ പ്രധാന ലക്ഷ്യം കഴിയുന്ന വോട്ടുകള്‍ സമാഹരിക്കുക എന്നതാണ്.  അതിനെ മുന്‍നിര്‍ത്തി വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ നിലപാടെടുക്കാമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.  

ഒരു മുന്നണിയുടെ ഭാഗമാകാനോ മുന്നണി രൂപീകരിക്കാനോ കമലിന് എളുപ്പമല്ല. ദ്രാവിഡ കക്ഷികളുമായോ ജാതീയ കക്ഷികളുമായോ ഒരു ചാര്‍ച്ചക്കും താന്‍ തയാറാവുകയില്ലെന്ന്  കമല്‍ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുമായും ഒന്നിക്കാന്‍ അദ്ദേഹം തയാറല്ല. പിന്നെയുള്ളത് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളുമാണ്. സിപിഎമ്മിനോട് അദ്ദേഹത്തിന് ചെറിയൊരു മമതയും ഉണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയോടുള്ള മതിപ്പ് അദ്ദേഹ്യം നേരത്തെ പ്രകടമാക്കിയതാണല്ലോ. എന്നാല്‍ ഇടതുകക്ഷികളും കോണ്‍ഗ്രസ്സും ഡിഎംകെ മുന്നണിയിലാണ്. എന്തെങ്കിലും അപ്പക്കഷണം അവിടെ നിന്നാലേ വീണുകിട്ടുകയുള്ളു എന്ന് അവര്‍ക്കറിയാം. ഈ സാഹചര്യത്തില്‍ കമലഹാസന് ഈ ലോകസഭാതെരഞ്ഞെടുപ്പില്‍ മാത്രമലല്, അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലും തനിച്ചുതന്നെ പോരാടേണ്ടിവരും.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image