ദുരന്തങ്ങളുടെ

മഹാഗോപുരങ്ങള്‍

 

പി കെ ശ്രീനിവാസന്‍

 

ദുരന്തങ്ങള്‍ സിനിമയെ കലയുടെ കൂടപ്പിറപ്പാണ്. നൂറുവര്‍ഷത്തെ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിന്റെ ഊടുവഴികളില്‍ അത്തരം ദുരന്തങ്ങള്‍ നിരവധി നമുക്ക് കണ്ടെത്താനാവും. പക്ഷേ അവയില്‍ പ്രേക്ഷകന്റെ ഹൃദയത്തെ സ്പര്‍ശിച്ചവ എത്രയുണ്ടാകുംദുരന്തങ്ങള്‍ സ്വയം ഏറ്റുവാങ്ങിക്കൊണ്ട് സഞ്ചരിക്കുക സിനിമയുടെ നിയോഗമാണ്. അതാണ് സിനിമയെന്ന ജനകീയകലയുടെ അടിത്തറയും നിലനില്‍പ്പും.


 സിനിമയിലെ ദുരന്തങ്ങള്‍ ആപേക്ഷികമാണ് - തിരനാടകത്തിലായാലും തനതുജീവിതത്തിലായാലും. നമ്മുടെ വിശ്വാസങ്ങള്‍ക്കള്‍ക്കപ്പുറമാണ് തിരക്കഥകളില്‍ ഉരുള്‍പൊട്ടുന്ന  ജീവിതത്തിന്റെ അസ്തിത്വം. എന്നാല്‍ കെട്ടൂപിണഞ്ഞുകിടക്കുന്ന ജീവിതയഥാര്‍ത്ഥ്യങ്ങളുടെ നിറക്കൂട്ടുകളില്‍ ദുരന്തങ്ങള്‍ നാനാര്‍ത്ഥങ്ങളായി ചിതറിവീഴുന്നു . ഇന്ത്യന്‍ സിനിമയുടെ അഗാധഗര്‍ത്തങ്ങളില്‍ ലോകത്തെ അമ്പരപ്പിച്ച നിരവധി ജീവിതദുരന്തങ്ങളുടെ അസ്ഥികൂടങ്ങള്‍ നമുക്ക് കാണാം. ചലച്ചിത്രകലയെ മഹാത്ഭുതം ചിറകടിച്ചുയര്‍ന്ന  മഹാനഗരങ്ങളായ മുംബെയിലും ചെന്നെയിലും കൊല്‍ക്കൊത്തയിലുമൊക്കെ സിനിമയുടെ ഉഷ്ണമാപിനികള്‍ക്കൊപ്പം ചലച്ചിത്രപ്രതിഭകളുടെ കണ്ണീരും കിനാവും ദീനതയുമൊക്കെ തിളച്ചുപൊന്തിയത് സ്വാഭാവികംമാത്രം. അഭിനയമെന്ന മോഹവലയത്തില്‍പ്പെട്ടു  നഗരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണപ്പൊലിമയില്‍ അവിചാരിതമായി എത്തിച്ചേര്‍ന്ന നായികമാരുടെ കഥകള്‍ നമ്മെ ആകര്‍ഷിക്കുന്നതും നൊമ്പരപ്പെടുത്തുന്നതും അവയില്‍ അന്തര്‍ലീനമായ പൊരുത്തക്കേടുകളുടെ വൈപരീത്യംകൊണ്ടാണ്. അവിശ്വസനീയമായ ദശാസന്ധിയില്‍വച്ച്  ജീവിതത്തിന്റെ കടിഞ്ഞാണുകള്‍ അപ്രതീക്ഷിതമായി പൊ'ട്ടിച്ചിതറുമ്പോള്‍ ജീവിതം ദുരന്തപൂരിതമായിത്തീരുന്നു. അതൊക്കെ ചരിത്രത്തിന്റെ നിയോഗമാകാംചരിത്രാന്വേഷികള്‍ക്ക് കൗതുകവും. 


ചരിത്രച്ചുവരുകളില്‍ കാലംവരച്ചിട്ടദുരന്തചിത്രങ്ങള്‍ നിരവധിയാണ്. ദുരന്തങ്ങള്‍ക്ക്  ഭാഷയോ ദേശമോ കാലമോ പ്രസക്തമല്ല. തമിഴകത്തെ സിനിമയുടെ കോലായകളില്‍ കത്തിജ്ജ്വലിച്ചു നിന്ന എത്രയെത്ര യുവതാരങ്ങളാണ് പൊലിഞ്ഞുവീണത്, ജീവനൊടുക്കിയത്! അസാധാരണമായ സന്ദര്‍ഭങ്ങളില്‍ ജീവിതം അവസാനിപ്പിച്ച നിരവധി നടികള്‍ കോടമ്പാക്കത്തിന്റെ ജിജ്ഞാസയിലുണ്ട്. ശോഭ, സാവിത്രി, പ്രേമ, ലക്ഷ്മിശ്രീ, ജയലക്ഷ്മി, വിജയശ്രീ,  കല്‍പന, കന്നഡ മഞ്ജുള, ദിവ്യഭാരതി, സിമ്രാന്റെ സഹോദരി മോണാല്‍, പ്രത്യുഷ തുടങ്ങിയ എത്രയോപേര്‍. സില്‍ക്ക് സ്മിതയെന്ന  കറുത്തസുന്ദരിയെ ഓര്‍ക്കുന്നുണ്ടോ? കോടമ്പാക്കത്തിന്റെ കാപട്യങ്ങളുടെ ഇരുള്‍പ്പരപ്പില്‍ മാനസികമായി തകര്‍ന്നു വീഴുമ്പോഴും ദുരന്തങ്ങള്‍ സ്വയം വരിക്കുമ്പോഴും സ്മിത വെളുക്കെ ചിരിച്ചു.  


ചിലര്‍ ദുരന്തങ്ങളെ ധിക്കാരത്തോടെ ഇരുകൈകളുംകൊണ്ടു ഏറ്റുവാങ്ങുന്നു. മറ്റുചിലരെ അപ്രതീക്ഷിതമായ ദുരന്തങ്ങള്‍ കൈവെള്ളയിലൊതുക്കുന്നു. അമ്പതുകളില്‍ ഇന്ത്യന്‍ യുവത്വത്തെ കോരിത്തരിപ്പിച്ച അത്ഭുതങ്ങളായിരുന്നല്ലോ ഹിന്ദിസിനിമയിലെ മധുബാലയും മീനാകുമാരിയുമൊക്കെ. വെള്ളിത്തിരയില്‍ അവര്‍ കെട്ടിഉയര്‍ത്തിയ ദന്തഗോപുരങ്ങള്‍ ഇന്നും വിസ്മയങ്ങളാകുന്നു. പ്രേക്ഷകരുടെ മനസ്സില്‍ അവര്‍ എത്രയെത്ര ആകാംക്ഷയുടെ മിസൈലുകളാണ് തൊടുത്തുവിട്ട'ത്! ഇന്ന്  പ്രേക്ഷകമനസ്സിന്റെ ലോലതലങ്ങളില്‍ അത്തരത്തില്‍ പ്രകമ്പനം സൃഷ്ടിക്കാന്‍ പോരുന്ന നടികള്‍ എത്രയുണ്ട്വിരളമാണെന്നു സമ്മതിക്കേണ്ടിവരും. ക്ഷണപ്രഭാചഞ്ചലമായ കൊള്ളിമീനുകള്‍പോലെ അവര്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുു. ഒരിക്കല്‍ ഇന്ത്യയിലെ മുന്‍കാല നടികളെക്കുറിച്ചു സംസാരിച്ചിരിക്കുമ്പോള്‍ എം ടി വാസുദേവന്‍നായര്‍ പറഞ്ഞു: 'എന്നെ നടികള്‍ അങ്ങനെ കാര്യമായി സ്വാധീനിച്ചിട്ടില്ല. കു'ട്ടിക്കാലത്ത് മധുബാല ആയിരുന്നു ഏറെ ഇഷ്ടപ്പെട്ടനടി. മഹല്‍ സിനിമ പാലക്കാട് തിയേറ്ററില്‍ മൂന്നു ദിവസം കളിച്ചു. ആ മൂന്നു ദിവസവും ഞാന്‍ തിയേറ്ററില്‍ കയറിയത് മധുബാലയുടെ ഒരു 'സ്മയില്‍കാണാനായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ എന്തൊരു സൗന്ദര്യമായിരുന്നു അവര്‍ക്ക്. അതും ബ്ലാക്ക്‌  ആന്റ് വൈറ്റ് കാലത്ത്!ഇതു എം ടിയുടെ മാത്രം അഭിപ്രായമല്ല. മധുബാലയെ ഇഷ്ടപ്പെട്ട ഒരു തലമുറയുടെ പ്രതിനിധിയാണ് അദ്ദേഹം. അന്‍പതുകളില്‍ ഹിന്ദിസിനിമയെ നെഞ്ചോടുചേര്‍ത്തുനടന്ന യുവത്വം ഉന്മാദത്തിലെത്തിയത് നടികള്‍ അവതരിപ്പിച്ച കഥാപാത്രങ്ങളേക്കാള്‍ അവരുടെ മത്തുപിടിപ്പിക്കുന്ന സൗന്ദര്യത്തിന്റെ അസാധാരണത്വം കൊണ്ടായിരുന്നു.

ഹൃദയത്തകരാറുമൂലം 36-ാം വയസ്സില്‍ അന്തരിക്കുമ്പോള്‍ മധുബാല അവശേഷിപ്പിച്ചത് മോഹങ്ങളേക്കാള്‍ മോഹഭംഗങ്ങളായിരുന്നു. പ്രണയസാക്ഷാല്‍ക്കാരത്തിനുവേണ്ടി അവര്‍ പലപാടു നീന്തിക്കയറാന്‍ ശ്രമിച്ചെങ്കിലും അവയൊന്നും  സഫലമായില്ല. ജീവിതം അവര്‍ക്ക് പരീക്ഷണങ്ങളുടെ വിളനിലമായിരുന്നു. ചുരുക്കത്തില്‍ എങ്ങുമെത്താതെപോയ പാഴ്ജന്മം. ചെറിയൊരു കാലഘട്ടത്തിനിടയില്‍ എഴുപതിലധികം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. അതില്‍ 1947 മുതല്‍ 17 വര്‍ഷക്കാലം അഭിനയിച്ച പതിനഞ്ചോളം ചിത്രങ്ങള്‍ മാത്രമാണ് ബോക്‌സോഫീസില്‍ സാമ്പത്തികവിജയം നേടിയത്. വിജയിക്കാത്ത ചിത്രങ്ങളിലെ മധുബാലയുടെ തകര്‍പ്പന്‍ കഥാപാത്രങ്ങള്‍ ഗ്രാമങ്ങളില്‍പോലും ചര്‍ച്ചാവിഷയമായി. വളരെവേഗം അവര്‍ പ്രേക്ഷകലക്ഷങ്ങളുടെ ഹരമായിമാറി. മധുബാലയില്ലാത്ത ചിത്രങ്ങളെക്കുറിച്ച് ആലോചിക്കാന്‍പോലും അന്നത്തെ സംവിധായകരും നിര്‍മ്മാതാക്കളും തയ്യാറായിരുന്നില്ല. ഹിന്ദിസിനിമയിലെ നായികയന്നാല്‍ മധുബാലയെന്ന് ജനം മനസ്സിലുറപ്പിച്ചു. സിനിമകള്‍ ചിത്രീകരിക്കുന്ന ബോംബേയിലെ സ്റ്റുഡിയോ ഫ്‌ളോറുകളിലെ ഗേറ്റുകളില്‍ വടക്കേ ഇന്ത്യയിലെ കുഗ്രാമങ്ങളില്‍നിന്നുവന്ന  ആയിരക്കണക്കിനു സാധാരണക്കാര്‍ പകലും രാത്രിയും കാത്തുകിടന്നു - തങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്ന ആരാധാനാപാത്രത്തെ ഒന്നുനേരില്‍കണ്ടു നിര്‍വൃതിയടയാന്‍. അവരുടെ മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ അലകള്‍ ആഞ്ഞടിക്കുുണ്ടായിരുന്നു. തങ്ങളുടെ ഗ്രാമീണതയില്‍ പൂത്തുലഞ്ഞ അയല്‍ക്കാരി പെണ്‍കുട്ടിയുടെ മൊഞ്ചായിരുന്നു മധുബാലയില്‍ അവര്‍ ദര്‍ശിച്ചത്. സ്റ്റുഡിയോ ഗേറ്റിലെ സെക്യൂരിറ്റിക്കാര്‍ അവരെ കര്‍ക്കശമായി പുറത്തേക്ക് വലിച്ചെറിഞ്ഞിട്ടുണ്ടാവാം. ഇഷ്ടതാരത്തെ കാണാനാവാതെ അവര്‍ മടങ്ങിയിട്ടുണ്ടാവാം. പക്ഷേ അവരുടെ ദരിദ്രശരീരത്തില്‍ തുടിക്കുന്ന ഹൃദയങ്ങളില്‍ സൂക്ഷിച്ച സ്വപ്നങ്ങളെ വലിച്ചെറിയാന്‍ സെക്യൂരിറ്റിക്കായില്ല.


ആദ്യചിത്രമായ ബസന്തിലെ മഞ്ചു (1942) മുതല്‍ അവസാന ചിത്രമായ ജ്വാലയിലെ (1971)  ജ്വാലവരെയുള്ള മധുബാലയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകമനസ്സില്‍ തിരമാലകള്‍ സൃഷ്ടിച്ചിട്ടുണ്ട് . നീല്‍കമല്‍ദില്‍ കി റാണിഅപരാധിമഹല്‍ദുലരിബെഗാസ്വര്‍തരനബാദല്‍നിഷാനബഹുത് ദിന്‍ ഹ്യൂയേഹൗറ ബ്രിഡ്ജ്കല്‍ ഹമാര ഹേബര്‍സാത് കി രാത്മുഗളേ അസാം തുടങ്ങിയ ചിത്രങ്ങളില്‍ മധുബാല അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ ഭൂമികയെത്ത ന്നെമാറ്റിമറിച്ചു. അന്‍പതുകളിലും അറുപതുകളിലും ജനഹൃദയങ്ങളില്‍ ഏറ്റവും സ്വാധീനംചെലുത്തിയ നടിയെന്ന ഖ്യാതിയും മധുബാല നേടിയെടുത്തു.  

 

ദല്‍ഹിയിലെ ബഹളങ്ങളില്ലാത്ത സാധാരണ മുസ്ലിംകുടുംബത്തില്‍ പതിനൊന്നു മക്കളില്‍ അഞ്ചാമത്തെ കുട്ടിയായി ജനിച്ച മുംതാസ് ജഹന്‍ ദിഹ്‌ലാവി എന്ന  മധുബാല ബോംബെയിലെത്തിയത് പിതാവ് തൊഴിലന്വേഷിച്ചു നടക്കുതിനിടയിലാണ്. ദേവികാറാണിയുമായുള്ള കൂടിക്കാഴ്ചയാണ് മുംതാസിന്റെ ജീവിതത്തില്‍ വഴിത്തിരിവ്സൃഷ്ടിച്ചത്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും മധുബാല സ്‌നേഹത്തിനു വേണ്ടി ദാഹിച്ചുനടന്നിരുന്നു . മാനസികമായും ശാരീരികമായും അവര്‍ പലരുമായും ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് അന്നു ബോംബേയില്‍ കഥകള്‍ പാറിപ്പറന്നിരുന്നു . പരസ്ശിങ്കാര്‍തരണ തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ദിലീപ്   കുമാറുമായി  അവരുടെ പ്രണയം കത്തിക്കയറുന്നത് ലോകം കണ്ടുനിന്നു . പത്രങ്ങള്‍ക്ക് അഭിമുഖം കൊടുക്കാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ താല്‍പര്യംകാണിക്കാത്ത മധുബാലയെ  മഞ്ഞപ്പത്രങ്ങള്‍ വെറുതേ വിട്ടില്ല. അവര്‍ പൊടിപ്പും തൊങ്ങലുംവച്ച് പേജുകള്‍ നിറച്ചു.  മധുബാലയുടെ വ്യക്തിജീവിതത്തെ അവര്‍ കഴുകന്മാരെപ്പോലെ കൊത്തിവലിച്ചു. അഞ്ചുവര്‍ഷത്തിനകം ദിലീപ് കുമാറുമായുള്ള പ്രണയം തകര്‍ന്നു വീണു. ബി ആര്‍ ചോപ്രയുടെ നയാ ദൗറിന്റെ ചിത്രീകരണലൊക്കേഷനുമായുള്ള തര്‍ക്കമാണ് ആ തകര്‍ച്ചക്ക് കാരണമെന്നു  പറയപ്പെടുന്നു . മകളെ ദിലീപ്കുമാറിനോടൊപ്പം ഷൂട്ടിങ്ങിന്  ഗ്വാളിയറില്‍ അയക്കാന്‍ മധുബാലയുടെ പിതാവ് വിസ്സമതിച്ചപ്പോള്‍ അവര്‍ക്കെതിരെ കാള്‍ഷീറ്റുതെറ്റിച്ചതിനു ബി ആര്‍ ചോപ്ര കേസുഫയല്‍ ചെയ്തു. അഡ്വാന്‍സ് തിരികെ വാങ്ങിയ ചോപ്ര മധുബാലക്ക് പകരം വൈജയന്തിമാലയെ നായികയാക്കി ചിത്രം പൂര്‍ത്തിയാക്കി. അങ്ങനെ ദുരന്തങ്ങള്‍ അവര്‍ക്ക് തുടര്‍ക്കഥയായി.


പ്രണയനൈരാശ്യമൊന്നും  മധുബാലയെ ബാധിച്ചില്ല. അഭിനയജീവിതത്തോടൊപ്പം തന്നെ സൗഹൃങ്ങള്‍ക്കുവേണ്ടി അവര്‍ തെരച്ചില്‍ തുടര്‍ന്നു . ചല്‍ത്തി കാ നാം ഗാഡിയുടെ ചിത്രീകരണസമയത്താണ് കിഷോര്‍കുമാറുമായി മധുബാല പ്രണയത്തിലാവുന്നത്. ബംഗാളി പിന്നണി ഗായികയും നടിയുമായ റുമഗുഹ തക്കുര്‍ത്തയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയശേഷമാണ് കിഷോര്‍കുമാര്‍ മധുബാലയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ കിഷോറിന്റെ അച്ഛനമ്മമാര്‍ ആ വിവാഹത്തെ എതിര്‍ത്തു. മുസ്ലീമായ മധുബാലയെ മരുമകളായി സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. കിഷോര്‍കുമാറിന്റെ ഭാര്യയായി വീട്ടിലെത്തിയ മധുബാല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചപ്പോള്‍ മാസം ഒന്ന്  തികയുന്നതിനുമുമ്പു സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിപ്പോയി. തന്റെ ദുരന്തങ്ങളുടെ ഏണിപ്പടികള്‍ മധുബാല അവിടെ കണ്ടെത്തിയിരുന്നു .   


തിരശ്ശീലയില്‍ മായാജാലം കാണിക്കുന്ന വേളയില്‍തന്നെ അവരുടെ അതിരുവിട്ടബന്ധങ്ങളെക്കുറിച്ചുള്ള കിംവദന്തികളും പ്രവഹിച്ചു. സംവിധായകന്‍ കിദാര്‍ ശര്‍മ്മകമല്‍ അമരോഹിനടന്‍ പ്രേംനാഥ്പാകിസ്ഥാനിലെ രാഷ്ട്രീയനേതാവ് സുള്‍ഫിക്കര്‍ അലി ഭുട്ടോ  തുടങ്ങിയവരുടെ പേരുകളൊക്കെ മധുബാലയുമായി ബന്ധപ്പെടുത്തി മാധ്യമങ്ങള്‍ കഥകള്‍ മെനഞ്ഞു. ഹൃദയത്തിനുണ്ടായ തകറാറു കാരണം അവരുടെ ആരോഗ്യനില മോശമായിത്തുടങ്ങി. 1960 ല്‍ ചികിത്സക്ക് ലണ്ടനില്‍ പോയെങ്കിലും ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ വിസ്സമതിച്ചതിനാല്‍ അവര്‍ക്ക് മടങ്ങേണ്ടിവന്നു. ഒരു വര്‍ഷംകൂടി മാത്രം ജീവിക്കുമെന്നു കല്പിച്ച  ഡോക്ടര്‍മാരെ അമ്പരപ്പിച്ചുകൊണ്ട് ഒന്‍പതു വര്‍ഷംകൂടി അവര്‍ ജീവിച്ചു. അഭിനയത്തിന്റെ സാധ്യതകള്‍ കുറഞ്ഞപ്പോള്‍ സംവിധാനരംഗത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഫര്‍സ് ഔര്‍ ഇഷ്‌ക് എന്ന  ചിത്രത്തിന്റെ പണികള്‍ ആരംഭിച്ചങ്കിലും പൂര്‍ത്തിയാക്കാനായില്ല.


1969 ഫെബ്രുവരി 23നുമുപ്പത്താറാം വയസ്സില്‍ മധുബാല അന്തരിച്ചു. സാന്താക്രൂസ് മുസ്ലിം സെമിത്തേരിയില്‍ അവരുടെ മൃതദേഹം സംസ്‌ക്കരിച്ചു. ഖുറാനില്‍നിുള്ള വചനങ്ങള്‍ എഴുതിവച്ച മാര്‍ബിള്‍ക്കല്ലറയില്‍ മധുബാലയുടെ ആത്മാവ് ഏറെക്കാലം വിശ്രമിച്ചു. പക്ഷേമണ്ണടിഞ്ഞിട്ടും ദുരന്തം അവരെ വേട്ട'യാടിക്കൊണ്ടിരുന്നു. ചുട്ടുപൊള്ളുന്ന നെഞ്ചോടെ ആരാധകര്‍ സന്ദര്‍ശിച്ച് ദുഃഖം രേഖപ്പെടുത്തിയിരുന്ന മധുബാലയുടെ ശവകൂടീരം പൂതിയ ശവക്കല്ലറകള്‍ക്കുവേണ്ടി 2010 -ല്‍ അധികൃതര്‍ പൊളിച്ചുമാറ്റി. ഇന്ന് സാന്താക്രൂസ് മുസ്ലിം സെമിത്തേരിയില്‍ മധുബാലയുടെ ശവകടീരം അന്വേഷിച്ചുനടക്കുകയാണ് ഷഷ്ടിപൂര്‍ത്തി പിന്നിട്ടആരാധകര്‍.


ദുരന്തങ്ങളുടെ സമാനത പലര്‍ക്കുമുണ്ടാകാം. മധുബാലയെപ്പോലെ ദുരന്തങ്ങള്‍ സ്വയം ഏറ്റുവാങ്ങിയ മറ്റൊരു നടിയായിരുന്നു മീനാകുമാരി. ദുഃഖകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി നേടിയ ഈ നടിയും സൗന്ദര്യംകൊണ്ട് സമ്പന്നയായിരുന്നു. മീനാകുമാരി അവതരിപ്പിച്ച സാഹിബ് ബീബി ഔര്‍ ഗുലാം (1962) എന്ന ചിത്രത്തിലെ ചോട്ടി ബാഹു എന്ന കഥാപാത്രം അവരുടെ ജീവിതവുമായി ഏറെ ബന്ധമുള്ളതായിരുന്നു. മദ്യത്തിനു അടിമയായ ഒരു സ്ത്രീയുടെ കഥയാണ് ആ ചിത്രത്തിന്റെ ഇതിവൃത്തം. യുവാക്കളുമായി അനാവശ്യമായി കമ്പനിചേരുന്ന ആ കഥാപാത്രത്തിനു അവരുടെ ജീവിതവുമായി ഏറെ സാമ്യമുണ്ടായിരുന്നു. മുപ്പതുവര്‍ഷം അഭിനയരംഗത്ത് പ്രകാശംപരത്തിയ മീനാകുമാരി മദ്യത്തിനടിമയായി നാല്‍പ്പതാം വയസ്സില്‍ മരിക്കുമ്പോള്‍ തികച്ചും ദരിദ്രയയായിരുന്നു. ആശുപ്രത്രി ബില്‍ കെട്ടാന്‍പോലും അവരുടെ പക്കല്‍ പണമില്ലായിരുന്നുന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. 


മഹ്ജാബീന്‍ ബാനോ എന്ന മീനാകുമാരി ഒന്‍പതാമത്തെ വയസ്സിലാണ് അഭിനയരംഗത്ത് എത്തുന്നത്. സിനിമയില്‍ കൊച്ചുകൊച്ചു വേഷങ്ങള്‍ കെട്ടി ഉപജീവനം കഴിച്ചിരുന്ന  അലി ബാക്ഷയുടെ മൂന്നാമത്തെ മകളായ ബാനോക്ക് തുടക്കത്തില്‍ ലഭിച്ചത് വീര്‍ ഘടോല്‍ക്കജശ്രീഗണേശമഹിമഅലാവുദീന്‍ ആന്‍ഡ് ദി വണ്ടര്‍ഫുള്‍ ലാംപ് തുടങ്ങിയ പുണ്യപുരാണ- ഇതിഹാസ- ചരിത്ര സിനിമകളായിരുന്നു. മീനാകുമാരിയുടെ പല വേഷങ്ങളും ഇന്നും  പ്രേക്ഷകരുടെ മനസ്സില്‍ വിസ്മയങ്ങളായി നില്‍ക്കുന്നത് ആ കഥാപാത്രങ്ങളുടെ തന്മയത്വംകൊണ്ടായിരുന്നു . പരിണീതദെയരഏക് കി രാസ്തശാരദഅപ്നാ ഔര്‍പ്രീത്പരായ് തുടങ്ങിയ ചിത്രങ്ങളില്‍ മീനാകുമാരിക്ക് ലഭിച്ചത് യാതനകള്‍ അനുഭവിക്കുന്ന കഥാപാത്രങ്ങളായിരുന്നു . അതൊക്കെ വന്‍സാമ്പത്തികവിജയം നേടുകയും ചെയ്തിരുന്നു. അവരുടെ അഭനയത്തികവിന്റെ വ്യത്യസ്ത മുഖങ്ങളായിരുന്നു  ആസാദ്മിസ് മേരിശരരാത്കോഹിനൂര്‍ദില്‍ ഏക് മന്ദിര്‍ഫൂള്‍ ഔര്‍ പത്താര്‍ തുടങ്ങിയ ചിത്രങ്ങളില്‍ കണ്ടത്.


വിവാഹിതനും തന്നെക്കോള്‍ 15 വയസ്സധികവുമുള്ള സംവിധായകന്‍ കമല്‍ അംറോഹിയുമായുള്ള കടുത്ത പ്രണയം വിവാഹത്തില്‍ കലാശിച്ചു. പന്ത്രണ്ടു വര്‍ഷത്തിനു ശേഷം വിവാഹമോചനം നേടിയ മീനാകുമാരി ധര്‍മ്മേന്ദ്രയെപ്പോലുള്ള പുതുമുഖ നടന്മാരുമായി അടുത്ത ബന്ധംപുലര്‍ത്തിയപ്പോള്‍ അത് സിനിമാപ്പത്രങ്ങള്‍ക്ക് വാര്‍ത്തയായി. ദുരന്തം മദ്യത്തിന്റെ രൂപത്തിലാണ് അവരെ പിടികൂടിയത്. മീനാകുമാരിയുടെ അമിതമദ്യപാനം സിനിമാരംഗത്ത് വിവാദമായി. മദ്യം കരളിന്റെ അടിസ്ഥാനകോശങ്ങളെ തകര്‍ത്തു. ചികിത്സക്കായി അവരെ ലണ്ടനിലും സ്വിറ്റ്സര്‍ലന്റിലും കൊണ്ടുപോയി. മടങ്ങിവന്ന അവര്‍ തന്റെ വസ്തുവകകളൊക്കെ വിറ്റു കടംവീട്ടി . അപ്പോഴേയ്ക്കും  ആരോഗ്യം പൂര്‍ണമായി തകര്‍ന്നിരുന്നു 


  അക്കാലത്താണ് ഗുല്‍സാറുമായി പ്രണയത്താലാവുന്നത്. അദ്ദേഹത്തിന്റെ സംവിധാനസംരഭമായ മേരേ അപ്‌നേയില്‍ വിചിത്രസ്വഭാവക്കാരിയുടെ വേഷമായിരുന്നു അവര്‍ അവതരിപ്പിച്ചത്. 14 വര്‍ഷം മുമ്പ് മീനാകുമാരിയും കമല്‍ അംറോഹിയും കൂടി നിര്‍മ്മിച്ച് പാതിയിലായ പക്കീസ  വീണ്ടും പൂര്‍ത്തിയാക്കാന്‍ ഇരുവരും തീരുമാനിക്കുന്നു. സുനില്‍ദത്തും നര്‍ഗീസുമായിരുന്നു  അവരെ വീണ്ടും ഒന്നിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയത്. ചിത്രം പുറത്തുവന്ന സമയത്ത് മീനാകുമാരി അന്തരിക്കുന്നു . അവരുടെ മരണംവേണ്ടിവന്നു  ആ ചിത്രം ഹിറ്റാകാന്‍.


മികച്ചൊരു കവിയായിരുന്നു  മീനാകുമാരി. കാര്യമായ വിദ്യാഭ്യാസം ലഭിക്കാതെ പോയെങ്കിലും അവര്‍ എന്നും  കവിതയെ സ്‌നേഹിച്ചിരുന്നു. ഒരിക്കല്‍ അവര്‍ ഭര്‍ത്താവിനെഴുതിവച്ച കവിതയിലെ ഭാഗം ഇതായിരുന്നു -

'നീയെന്തിനു എന്റെ കഥ കേള്‍ക്കണം,

സന്തുഷ്ടമല്ലാത്ത ജീവിതത്തിന്റെ

നിറങ്ങളില്ലാത്ത കഥകള്‍..'     

 

ആന്ധ്രയിലെ രാജമുന്‍ട്രിക്കടുത്ത ഒരു കുഗ്രാമത്തില്‍നിന്നായിരുന്നു  സിനിമയുടെ കണ്ണഞ്ചിപ്പിക്കുന്ന  മാസ്മരലോകമായ കോടമ്പാക്കത്തേക്ക് 16- ാം വയസ്സില്‍ വിജയലക്ഷ്മിയെന്ന  സില്‍ക്ക് സ്മിത കടന്നു വരുന്നത്. ഈസ്റ്റുമാന്‍ ആന്റണിയുടെ ഇണയെത്തേടിയില്‍ എത്തുമ്പോള്‍ വയസ്സ് 19. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇരുനൂറോളം ചിത്രങ്ങള്‍. ശിവാജി ഗണേശന്‍രജനീകാന്ത്കമല്‍ഹാസന്‍ചിരഞ്ജീവി തുടങ്ങിയ താരനിര കോടമ്പാക്കത്തെ സ്റ്റുഡിയോ ഫ്‌ളോറുകളില്‍ മുഖംമിനുക്കി സ്മിതക്കായി കാത്തിരുന്നു. ബാലു മഹേന്ദ്രയുടെ മൂന്നാം പിറഭാരതീരാജയുടെ അലൈകള്‍ ഓയ്‌വതില്ലൈ തുടങ്ങിയ ചിത്രങ്ങള്‍ ഓര്‍ക്കുക. 


  ഒടുവില്‍ സ്മിതയുടെ പ്രഭാവം മങ്ങിത്തുടങ്ങി. കോടമ്പാക്കത്തിന്റെ ദുരന്തചരിത്രം സ്മിതയേയും ആക്രമിക്കാനെത്തി. പുതിയ ഐറ്റംനടിമാര്‍ രംഗത്തുവന്നു. എങ്ങനെയും പിടിച്ചു നില്‍ക്കണം. നിര്‍മ്മാണരംഗത്തേക്ക് കടന്നു . മൂന്നുചിത്രങ്ങള്‍ നിര്‍മ്മിച്ചു. അവ വന്‍പരാജയങ്ങളായി. ഏകാന്തത സ്മിതയെ വേട്ടയാടി. കടക്കെണിയിലായ സ്മിത മദ്യത്തിനു അടിമയായി. ഒരു പ്രണയത്തിന്റെ തകര്‍ച്ചയും സ്മിതയെ നിരാശയിലാഴ്ത്തി. ഇരുട്ടിന്റെ വഴിയില്‍ നിന്ന്  സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിയ ഈ 35 കാരിയെ സംബന്ധിച്ച് ആത്മഹത്യ അനിവാര്യമായ ഘടകമായി.


  മലയാളത്തിന്റെ മറ്റൊരു ദുരന്തമായി ഇപ്പോഴും നില്‍ക്കുന്നുണ്ട് വിജയശ്രീയുടെ മരണം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഈ നടി ഒറ്റപ്പെടുകയായിരുന്നു. ഒപ്പം നിവര്‍ന്നു വരാന്‍പോകുന്ന ദുരന്തം കണ്ടില്ലെന്നു  നടിച്ചു. സ്വന്തം ഏകാന്തതയെപ്പോലും വെറുതേവിടുന്നില്ലെന്നു  വിജയശ്രീ പറയുമായിരുന്നു . സെക്‌സിന്റെ പ്രതീകമായി താഴ്ത്തിക്കെട്ടിയിരുന്ന കഥാപാത്രങ്ങളായിരുു ഈ നടിയെ കാത്തിരുന്നത്. അവര്‍ അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകാവുന്നതേയുള്ളു. 


 പറഞ്ഞതൊക്കെ ചെയ്യാന്‍ വിധിക്കപ്പെട്ടഒരു പാവം പെണ്ണിന്റെ മനസ്സ് ഒപ്പം നിന്നവര്‍പോലും മാനിച്ചിരുില്ലെന്ന് ഒരു സംവിധായകന്‍ അടുത്തിടെ പറയുകയുണ്ടായി. വിജയശ്രീയുടെ ദുരന്തം സിനിമയുടെ മോഹവലയത്തിലേയ്ക്ക് സുന്ദരികളായ പെണ്മക്കളെ തള്ളിവിടാന്‍ കാത്തിരിക്കുന്ന  അച്ഛനമ്മാര്‍ക്ക് ചൂണ്ടുപലകയാണ്.


ദുരന്തങ്ങള്‍ സിനിമയെന്ന  കലയുടെ കൂടപ്പിറപ്പാണ്. നൂറുവര്‍ഷത്തെ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിന്റെ ഊടുവഴികളില്‍ അത്തരം ദുരന്തങ്ങള്‍ നിരവധി നമുക്ക് കണ്ടെത്താനാവും. പക്ഷേ അവയില്‍ പ്രേക്ഷകന്റെ ഹൃദയത്തെ സ്പര്‍ശിച്ചവ എത്രയുണ്ടാകുംദുരന്തങ്ങള്‍ സ്വയം ഏറ്റുവാങ്ങിക്കൊണ്ട് സഞ്ചരിക്കുക സിനിമയുടെ നിയോഗമാണ്. അതാണ് സിനിമയെന്ന  ജനകീയകലയുടെ അടിത്തറയും നിലനില്‍പ്പും.


 

--

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image