യാത്രക്കാർ ദയവായി ശ്രദ്ധിക്കുക


ഒരു സന്ധ്യയിൽ നിന്ന് 
മറ്റൊന്നിലേക്ക് കടക്കാൻ 
ഈ സന്ധ്യ മതിയാവാതെ വരില്ല 
എന്നയാൾ തീർച്ചപ്പെടുത്തുകയും 
അയാളുടെ ജീവിച്ചിരിയ്ക്കുന്ന 
ഒരേ ഒരു കൂട്ടുകാരിയ്ക്ക് 
എസ് എം എസ് അയക്കാൻ തുടങ്ങുകയായിരുന്നു 

പൊടുന്നനെ കടലാസ്സുപക്ഷികൾ 
അയാളുടെ നരച്ചമുടിയിലേയ്ക്ക് പറന്നിറങ്ങി 

അതിലെ ഒരു വെള്ള കൊക്ക് അതിദയനീയമായ 
ഒറ്റ നോട്ടത്താൽ 
ഒരു നരച്ച ഞാറിനെ 
പച്ചയാക്കുന്നതു കണ്ട് 
അയാൾക്ക് അയാളോട് തന്നെ മുഷിപ്പു തോന്നി 

എന്നുമാത്രമല്ല അയാൾക്ക് അയാളോട് 
ചെറുതായി പുച്ഛവും തോന്നി  

ഈ പുച്ഛങ്ങളെല്ലാം ചേർന്ന്
നീരാവിയായി മേഘമായി ഇടിമിന്നലായി 
തന്നെ കരിച്ചു
കളയുമെന്നയാൾ പേടിച്ചു

പേടിച്ചപ്പോൾ അയാൾ 
ഒരു മിന്നൽ കണ്ടു 

ആ മിന്നലിൽ അയാൾ അയാളെ കണ്ടു 

മിന്നൽ മിന്നൽ മിന്നൽ 
മിന്നൽ മിന്നൽ മിന്നൽ 

ഇടിത്തീയേറ്റ മരത്തിന്റെ 
വേരുകൾ മിന്നലിൽ 
പൊട്ടിച്ചിതറി കാന്തരികളായി പൊട്ടിമുളയ്ക്കുമ്പോലെ
 
മരങ്ങൾ മരങ്ങൾ മരങ്ങൾ മരങ്ങൾ 

മരങ്ങളാൽ ജീവിതം 
മരങ്ങളാലുത്സവം 
മരങ്ങളാൽ മരണങ്ങൾ 

മരങ്ങളാൽ ഞാനും നീയും 

നീയോ ഒരു വേടന്റെ അമ്പ് 
അതേതു മരം കൊണ്ട് 
ഉണ്ടാക്കിയിരിയ്ക്കാമെന്ന് 
ചിന്തിച്ചു ചിന്തിച്ചു 
അത്രമേൽ തറഞ്ഞു 
പോകയാൽ 
എന്റെ കാലില്‍ 
ഉണ്ടായതാണീ ആണിപ്പഴുതുകൾ

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image