കവിത
ഒച്ചുകൾ
ശ്രീദേവി മധു


അടുക്കളയുടെ ചുവരിനെ
അമ്മിക്കല്ലിനെ
പാത്രങ്ങളെ
പൈപ്പിൻ ചുവട്ടിനെ
ആക്രമിച്ചു
കീഴടക്കാനെത്തിയ ഒച്ചുകൾ.

അറപ്പിന്റെ അമ്ല രസത്താൽ
തുപ്പലിന്റെ നീട്ടലുകളെ
പറച്ചിലിന്റെ മുഖം കൊട്ടലിനെ
അവഗണിച്ചവ
അടുക്കളയെ
പൂർണമായും
കീഴടക്കി. 

ഒരു കലം ചോറെടുത്ത്
കമഴ്ത്തിയെറിയുമ്പോൾ
ഉള്ളിലൂറിയ
പിത്ത നീരിനെ
അറപ്പിന്റെ
ഓക്കാനത്താൽ
തെങ്ങിൻ ചുവട്ടിലിട്ടു. 

പിന്നീട്
വെന്തുമലച്ച
ഒച്ചിന്റെ
ഓർമ്മയിൽ
കാല് തെറ്റി വീണു
കൊണ്ടേയിരുന്നു. 

അടുക്കളയുപേക്ഷിച്ച്
ഓർമ്മകളെയുപേക്ഷിച്ച്
ആകാശത്തു മുട്ടുന്ന
ഫ്ലാറ്റിൽ
ഒരു കുഞ്ഞൻ
അടുക്കളയെ കണ്ടെത്തി
ഒച്ചുകളെ ഭയക്കാതെയുറങ്ങി. 

പിറ്റേന്ന് വെളുപ്പിന്
കുക്കറിന്റെ ഉള്ളിൽ നിന്ന്
പെറ്റെഴുന്നേറ്റ
ഒച്ചുകുഞ്ഞുങ്ങളെ
ഫ്ലാറ്റിന്റെ
അടുക്കളച്ചുവരിൽ
ചിത്രം വരയ്ക്കാൻ പഠിപ്പിച്ചു...

ചുവരിലെ
ചിത്രപ്പൂക്കളെ
കണ്ട് അറപ്പിന്റെ
മനംപുരട്ടലിൽ
ജനാലയിലൂടെ
താഴേയ്ക്കു 
പറന്നു. 


 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image