മുഖലേഖനം 

പുല്‍വാമയ്ക്കും രക്ഷിച്ചെടുക്കാനാവാതെ മോദി ഈ പ്രതിസന്ധി  മറികടക്കുന്നതിനുള്ള പിടിവള്ളിയായിരുന്നു മോദിക്ക് പുല്‍വാമ . പക്േഷ, ആ പിടിവള്ളി കൈവിട്ടുപോയ മോദിയാണ് ഇപ്പോള്‍ രാഷ്്ടത്തിനു മുന്നിലുള്ളത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ ഷമ്മിയെ മോദി എവിടെയൊക്കെയോ അനുസ്മരിപ്പിക്കുന്നുണ്ട്. '' ദ കംപ്ലീറ്റ് മാന്‍ '' എന്ന്് കണ്ണാടി നോക്കി സ്വയം പറയാന്‍ മോദിക്ക് ഒരു മടിയുമുണ്ടാവില്ല. പക്‌ഷേ , മുഖം മിനുക്കലുകള്‍ കൊണ്ട് ഒരു നേതാവിനും ആത്യന്തികമായി രക്ഷപ്പെടാനാവില്ല. വ്യാജ വാര്‍ത്തകളും വ്യാജ നിര്‍മ്മിതികളും ചാര്‍ത്തി നല്‍കിയ വേഷഭൂഷാദികള്‍ ഒന്നൊന്നായി അഴിഞ്ഞുവീഴുമ്പോള്‍ 56 ഇഞ്ചിന്റെ ആ പ്രശസ്തമായ നെഞ്ചളവ് വെറും വെച്ചുകെട്ടായിരുന്നുവെന്ന് രാഷ്ട്രം തിരിച്ചറിയുകയാണ്."സ്വരൂപാനന്ദ
                                              ജീവിതം പോലെ തന്നെയാണ് രാഷ്ട്രീയവും. ചില ഘട്ടങ്ങളില്‍ തീര്‍ത്തും അപ്രതീക്ഷിതമായി പ്രകൃതിയുടെ ഇടപെടല്‍ രാഷ്ട്രീയത്തിലുമുണ്ടാവാറുണ്ട്. തമിഴകത്തെ മാരന്‍ കുടുംബം ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ശക്്തമായ കുടുംബമായിരുന്നു. 2004 നും 2008 നുമിടയിലുള്ള നാലു വര്‍ഷങ്ങളില്‍ ഈ കുടുംബം കൈയ്യാളിയ അധികാരത്തിന് കൈയ്യും കണക്കുമുണ്ടായിരുന്നില്ല.. ബിസനസ്, രാഷ്രടീയം , മാദ്ധ്യമങ്ങള്‍ എന്നിവയുടെ മാരകമായ സമ്മിശ്രണമായിരുന്നു ഇതിനു പിന്നില്‍. നെഹ്രു കുടുംബത്തിനു പോലും ഇത്തരമൊരു സമ്മിശ്രണം സ്വന്തമായുണ്ടായിരുന്നില്ല. ഈ കരുത്തിന്റെ പുറത്താണ് ടെലികോം മേഖലയില്‍ ടാറ്റയുമായി പോലും ഏറ്റുമുട്ടാന്‍ മാരന്‍ കുടുംബം തയ്യാറായത്. അന്തരിച്ച കേന്ദ്ര മന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന മുരശൊലി മാരന്റെ മക്കളായ കലാനിധിയും ദയാനിധിയുമായിരുന്നു അന്ന് തമിഴകത്തെ ഏറ്റവും പ്രബലരായ സഹോദരങ്ങള്‍. ഈ ഘട്ടത്തിലാണ് മാരന്‍ കുടുംബത്തിന് സ്വന്തമായുള്ള ദിനകരന്‍ പത്രത്തില്‍ കരുണാനിധിയുടെ പിന്‍ഗാമി ആരായിരിക്കണമെന്ന സര്‍വ്വെ ഫലം വന്നത്. അത്തരമൊരു സര്‍വ്വെയുടെ ഒരാവശ്യവും അന്നേരത്തുണ്ടായിരുന്നില്ല. ജനാധിപത്യം രക്ഷിക്കാനുള്ള പ്രകൃതിയുടെ ഇടപെടല്‍ പോലെയായിരുന്നു അത്. പ്രതീക്ഷിച്ച പോലെ കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിനെത്തന്നെയാണ് ഭൂരിപക്ഷം പേരും തിരഞ്ഞെടുത്തത്. പക്‌ഷേ, കരുണാനിധിയുടെ മൂത്ത മകനും മധുരയിലെ കിരീടം വെയ്ക്കാത്ത രാജാവുമായിരുന്ന അഴഗിരിയെ വെറും രണ്ടു ശതമാനം പേരു മാത്രമാണ് പിന്തുണച്ചത്. സര്‍വ്വെ ഫലത്തില്‍ കുപതരായ അഴഗിരിയുടെ അനുയായികള്‍ മധുരയില്‍ ദിനകരന്‍ പത്രം ഓഫീസിനു തീവെച്ചു. മൂന്ന് ജീവനക്കാരാണ് ഈ തീവെയ്പില്‍ വെന്തു മരിച്ചത്. ദയാനിധിയുടെ കേന്ദ്ര മന്ത്രി സ്ഥാനം തെറിക്കുകയും മാരന്‍ കുടുംബം രാഷ്ട്രീയമായി ദുര്‍ബ്ബലമാവാന്‍ തുടങ്ങിയതും ഇതോടെയാണ്. കരുണാനിധി കുടുംബവും മാരന്‍ കുടുംബവും തമ്മിലുണ്ടായ ഭിന്നത ജനാധിപത്യത്തെ ബലപ്പെടുത്തുകയും ചെയ്തു.

 1977 ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കാനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനത്തിനു പിന്നിലും പ്രകൃതിയുടെ ഇടപെടലുണ്ടായിരുന്നിരിക്കണം. വേണമെങ്കില്‍ ഇന്ദിരയ്ക്ക് അടിയന്തരാവസ്ഥ നീട്ടിക്കൊണ്ടുപോകാമായിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ ജയിച്ചേക്കുമെന്ന ആത്മവിശ്വാസമായിരിക്കാം ചിലപ്പോള്‍ അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ഇന്ദിരയെ പ്രേരിപ്പിച്ചത്. അന്താരാഷ്ട്രതലത്തില്‍ തന്റെ പ്രതിച്ഛായ മങ്ങുന്നതും ഇന്ദിരയെ അലോസരപ്പെടുത്തിയിരിക്കാം. നെഹ്രുവിന്റെ മകള്‍ ഇങ്ങനെയൊക്കെയാണോ എന്ന ചോദ്യവും ഇ്ന്ദിരയെ അലട്ടിയിരിക്കണം. എന്തൊക്കെയായാലും തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനു പിന്നില്‍ പ്രകൃതിയുടെ ഒരിടപെടലുണ്ടായിരുന്നു. ഉത്തരേന്ത്യയിലെ തീര്‍ത്തും സാധാരണക്കാരായ മനുഷ്യര്‍ ആ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനാധിപത്യം വീണ്ടെടുത്തു. നരേന്ദ്ര മോദിയും ബിജെപിയും പേടിക്കുന്നതും ഈ ചരിത്രമായിരിക്കണം.  ഉത്തരേന്ത്യയില്‍ , ഹിന്ദി ഹൃദയ ഭൂമിയിലെ സാധാരണക്കാരായ മനുഷ്യരുടെ രോഷം പുകയുന്നത് മോദിയും അമിത്ഷായും തീര്‍ച്ചയായും കാണുന്നുണ്ടാവണം.

                           പുല്‍വാമയിലെ ഭീകരാക്രമണം വാസ്തവത്തില്‍ ബിജെപിക്ക് കിട്ടിയ വലിയൊരായുധമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അജണ്ട പുല്‍വാമ മാറ്റിയെഴുതുമെന്ന പേടിയിലായിരുന്നു പ്രതിപക്ഷം. ആര്‍ എസ് എസ്സും ബിജെപിയും കാത്തിരുന്ന നിര്‍ണ്ണായക നിമിഷമായിരുന്നു അത്. ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന നടത്തിയ പ്രത്യാക്രമണത്തില്‍ മോദി സര്‍ക്കാരിന്റെ അടയാളം വ്യക്തമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്ള ഏറ്റവും വലിയ നികേ്്ഷപമാണ് ബാലാകോട്ടയില്‍ മോദി നടത്തിയത്. പക്‌ഷേ, പാക്കിസ്താന്‍ നടത്തിയ പ്രത്യാക്രമണം മോദിയുടെ അജണ്ടകള്‍ തെറ്റിച്ചു. ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്‍ പാക്ക് തടവിലായതാണ് മോദിയെ അമ്പരപ്പിച്ചത്. ഒരര്‍ത്ഥത്തില്‍ അഭിനന്ദന്റെ തടവല്ല മോചനമാണ് മോദിയുടെയും ബിജെപിയുടെയും കണക്കുകൂട്ടലുകള്‍ തകര്‍ത്തത്. മോദിക്കും കൂട്ടര്‍ക്കും ഒരു തരത്തിലുള്ള ഗിമ്മിക്കിനും അവസരം നല്‍കാതെ  അഭിനന്ദനെ മോചിപ്പിച്ചത് നയതന്ത്രലത്തില്‍ അടുത്തിടെ പാക്കിസ്ഥാന്‍ നടത്തിയ ഗംഭീര അട്ടിമറിയായിരുന്നു. അഭിനന്ദനെ മോചിപ്പിക്കാന്‍ പാക്ക് ഭരണകൂടം വൈകിയിരുന്നെങ്കില്‍ കാര്യങ്ങള്‍ മോദിക്ക് അനുകൂലമായിരുന്നു. പക്‌ഷേ, ഒരന്ത്യശാസനം നല്‍കുന്നതിുള്ള അവസരം പോലും മോദി സര്‍ക്കാരിനു നല്‍കാതെ പാക്ക്് ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇതോടെ മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ പ്രകടനം തന്നെയാവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അജണ്ടയെന്ന നിലയാണ് സംജാതമായിരിക്കുന്നത്. ചൊല്ലിനും ചെയ്തിക്കുമിടയിലുളള  അകലമാണ് മോദി ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി.  ഈ പ്രതിസന്ധി  മറികടക്കുന്നതിനുള്ള പിടിവള്ളിയായിരുന്നു മോദിക്ക് പുല്‍വാമ . പക്േഷ, ആ പിടിവള്ളി കൈവിട്ടുപോയ മോദിയാണ് ഇപ്പോള്‍ രാഷ്്രടത്തിനു മുന്നിലുള്ളത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ ഷമ്മിയെ മോദി എവിടെയൊക്കെയോ അനുസ്മരിപ്പിക്കുന്നുണ്ട്. '' ദ കംപ്ലീറ്റ് മാന്‍ '' എന്ന്് കണ്ണാടി നോക്കി സ്വയം പറയാന്‍ മോദിക്ക് ഒരു മടിയുമുണ്ടാവില്ല. പക്‌ഷേ , മുഖം മിനുക്കലുകള്‍ കൊണ്ട് ഒരു നേതാവിനും ആത്യന്തികമായി രക്ഷപ്പെടാനാവില്ല. വ്യാജ വാര്‍ത്തകളും വ്യാജ നിര്‍മ്മിതികളും ചാര്‍ത്തി നല്‍കിയ വേഷഭൂഷാദികള്‍ ഒന്നൊന്നായി അഴിഞ്ഞുവീഴുമ്പോള്‍ 56 ഇഞ്ചിന്റെ ആ പ്രശസ്തമായ നെഞ്ചളവ് വെറും വെച്ചുകെട്ടായിരുന്നുവെന്ന് രാഷ്ട്രം തിരിച്ചറിയുകയാണ്.


                                   ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുംതോറും തെളിഞ്ഞുവരുന്ന ഒരു കാര്യം നരേന്ദ്ര ദാമോദര്‍ദാസ് മോദി സര്‍ക്കാരിന്റെ തുടര്‍ച്ചാ സാദ്ധ്യതകള്‍ വിരളമാവുന്നു എന്നതാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമോ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാുവുമോ എന്നതൊന്നും ഇപ്പോള്‍ വ്യക്തമല്ല. 
                                   പക്ഷേ, ഒരു കാര്യം പകല്‍ പോലെ വ്യക്തമാണ്. 2014 ലെ പ്രകടനം ബിജെപിക്ക് ആവര്‍ത്തിക്കാനാവില്ല. കേവല ഭൂരിപക്ഷം എന്ന ലക്ഷ്യം ബിജെപിയെ സംബന്ധിച്ചിടത്തോളം നിലവില്‍  അസാദ്ധ്യമാണെന്നു തന്നെ പറയാന്‍ മടിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ ഇപ്പോഴേ ഉറപ്പിച്ചുപറയാന്‍ പറ്റുന്ന ഒരു കാര്യം മോദി വീണ്ടും പ്രധാനമന്ത്രിയാവുന്ന പ്രശ്നമേയില്ലെന്നതാണ്.


            മോദി സര്‍ക്കാരിന്റെ ചരമക്കുറിപ്പിനുള്ള 

ആമുഖം ഉത്തര്‍പ്രദേശില്‍ നിന്ന്
         ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റവും ഒരു നേതാവെന്ന നിലയില്‍ രാഹുല്‍ഗാന്ധിയുടെ പരിണാമവും  പ്രിയങ്കയുടെ രംഗപ്രവേശവും  സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍വ്വചിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, മോദി സര്‍ക്കാരിന്റെ ചരമക്കുറിപ്പിന്റെ ആമുഖം എഴുതപ്പെടുന്നത് ഉത്തര്‍പ്രദേശില്‍ തന്നെയാണ്. മായാവതിയും അഖിലേഷ് യാദവുമാണ് ഈ ആമുഖത്തിന്റെ രചയിതാക്കള്‍. ബിഎസ്പിയും എസ്പിയും തമ്മിലുള്ള സഖ്യമാണ് മോദിക്കും ബിജെപിക്കുമെതിരെയുള്ള പോരാട്ടത്തില്‍ അതീവ നിര്‍ണ്ണായകമാവുക.


                                വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഓരോ മണ്ഡലത്തിലും പ്രതിപക്ഷം ഒരൊറ്റ സ്ഥാനാര്‍ത്ഥിയെ മാത്രമേ നിര്‍ത്താന്‍ പാടുള്ളൂ എന്നാണ്  പത്രപ്രവര്‍ത്തകന്‍ അരുണ്‍ ഷൂറി പറഞ്ഞത്. സ്വപ്നം കാണുമ്പോള്‍ അര്‍ദ്ധരാജ്യമായിട്ട് ചുരുക്കേണ്ടതുണ്ടോ എന്നായിരിക്കും ഷൂറിയുടെ നിലപാട്. പക്ഷേ, തിരഞ്ഞെടുപ്പ് രാഷ്ട്രീയം കാല്‍പനികതയുടെ വസന്തഭൂമിയല്ല. ആദര്‍ശത്തിന്റെ സുന്ദര - സുരഭില നിലപാട് തറയിലല്ല പുതിയ സമവാക്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എഴുതപ്പെടുന്നത്. മാര്‍ഗ്ഗമല്ല ലക്ഷ്യമാണ് അവിടെ പരമപ്രധാനം. മായാവതിയുടെയും അഖിലേഷിന്റെയും പുതിയ തിരക്കഥയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം ബിജെപിയെ വീഴ്ത്തുകയാണ്. എസ് പിയെയും ബി എസ് പിയെയും സംബന്ധിച്ചിടത്തോളം അതിജീവനത്തിന്റെ പ്രശ്നമാണിത്.  1995 ല്‍ ലഖ്നൊവിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ എസ് പി പ്രവര്‍ത്തകരുടെ  കൈയ്യേറ്റത്തിനിരയായി മുറിയില്‍ അടച്ചുപൂട്ടി ഇരിക്കേണ്ടി വന്നത് മറക്കാനാവില്ലെങ്കിലും മായാവതി തല്‍ക്കാലത്തേക്ക് പൊറുക്കുകയാണ്.  

             യു പിയിലെ പുതിയ സമവാക്യം മോദിയുടെയും ബിജെപിയുടെയും വീഴ്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് അടുത്തിടെ യോഗേന്ദ്ര യാദവ് ദ പ്രിന്റിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയത്. 2014 ല്‍ അപ്നാദളിന്റെ ഒരു ശതമാനം ചേര്‍ത്തുവെച്ചാല്‍   43 ശതമാനം വോട്ടാണ് യുപിയില്‍ ബിജെപിക്ക് കിട്ടിയത്. എസ് പിക്ക് 22 ശതമാനവും ബി എസ് പിക്ക് 19 ശതമാനവും വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന് 7 ശതമാനം വോട്ടാണ് കിട്ടിയത്. അജിത്സിങ്ങിന്റെ ആര്‍ എല്‍ ഡി  അന്തിമമായി എസ് പി - ബി എസ് പി സഖ്യത്തിലേക്ക് വന്നാല്‍ അവരുടെ 1.8 ശതമാനം വോട്ടുകൂടി കണക്കിലെടുക്കേണ്ടി വരും. ബിജെപിയും  എസ് പി - ബിഎസ്പി സഖ്യവും ഏകദേശം കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുമെന്നര്‍ത്ഥം. തിരഞ്ഞെടുപ്പ് എന്നു പറയുന്നത് വെറും കണക്കുകൊണ്ടുള്ള കളിയല്ല. അതാതു സമയത്തെ ജനങ്ങളുടെ വികാര - വിചാര അഭിലാഷങ്ങളാണ് തിരഞ്ഞെടുപ്പ് ഫലം ആത്യന്തികമായി നിര്‍ണ്ണയിക്കുക. 2014 ല്‍ ജനങ്ങളുടെ മൂഡ് ബിജെപിക്കനുകൂലമായിരുന്നു. ആര്‍ എസ് എസ്സിനെപ്പോലും ഞെട്ടിച്ച മുന്നേറ്റമാണ് അന്ന് യുപിയില്‍ ബിജെപി നടത്തിയത്. പക്ഷേ, ഇക്കഴിഞ്ഞ അഞ്ചുകൊല്ലങ്ങളില്‍ യമുനയില്‍ എത്രയോ വെള്ളമൊഴുകി. അതിനൊപ്പം തന്നെ ബിജെപിയുടെ പ്രതിച്ഛായയും വല്ലാതെ കലങ്ങുകയും ചെയ്തു. 

                     ഈ പരിസരത്തില്‍ ബിജെപിക്കെതിരെ 3 ശതമാനം ജനങ്ങള്‍ കൂടുതലായി തിരിഞ്ഞാല്‍ ബിജെപി നേടുക 36 സീറ്റായിരിക്കുമെന്നാണ് യോഗേന്ദ്രയാദവ് പറയുന്നത്. തിരഞ്ഞെടുപ്പ് വിശകലനത്തില്‍ യോഗേന്ദ്രയ്ക്കുള്ള മികവ് അരവിന്ദ് കെജ്രിവാള്‍ പോലും നിഷേധിക്കാനിടയില്ല. ആറു ശതമാനം പേര്‍ കൂടുതലായി ബിജെപിക്കെതിരെ തിരിഞ്ഞാല്‍ പാര്‍ട്ടി നേടുക 23 സീറ്റായിരിക്കും.  കഴിഞ്ഞ വര്‍ഷം നടന്ന മൂന്ന് ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ( ഗൊരക്പൂര്‍ , ഫുല്‍പൂര്‍ , കൈരാന ) ബിജെപിക്കെതിരെ 8.7 ശതമാനം പേര്‍ കൂടുതലായി തിരിഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒരു ഒമ്പതു ശതമാനത്തിലേക്കെത്തിയാല്‍ ബിജെപി യുപിയില്‍ നേടുക വെറും 12 സീറ്റായിരിക്കുമെന്നാണ് യോഗേന്ദ്രയുടെ നിഗമനം.
                                              

          പ്രിയങ്കയ്ക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും യുപിയുടെ ചുമതല നല്‍കിക്കൊണ്ടുള്ള രാഹുല്‍ഗാന്ധിയുടെ നീക്കം സര്‍ജിക്കല്‍ സ്ട്രൈക്കായി വിലയിരുത്തപ്പെടുന്നുണ്ട്. പ്രിയങ്കയും ജ്യോതിയും കോണ്‍ഗ്രസിനുള്ളില്‍ വ്യക്തിപ്രഭാവമുള്ള നേതാക്കളാണ്. മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചുവന്നതിനു പിന്നില്‍ ജ്യോതിരാദിത്യ സിന്ധയുടെ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല.ഇന്ദിരയുടെ അവതാരമായാണ് പ്രിയങ്കയെ വലിയൊരു വിഭാഗം ജനങ്ങള്‍ കാണുന്നത്. പ്രിയങ്കയും ജ്യോതിയും കളത്തിലിറങ്ങുന്നത് ബിജെപിയെ മാത്രമല്ല എസ് പിയെയും ബിഎസ്പിയെയും അലോസരപ്പെടുത്തുമെന്നതില്‍ സംശയമില്ല. നിലവില്‍ കോണ്‍ഗ്രസിന് അമേത്തിയും റായ്ബറേലിയും മാത്രമാണ് അഖിലേഷും മായാവതിയും മാറ്റിവെച്ചിട്ടുള്ളത്. പക്ഷേ, പ്രിയങ്കയുടെയും ജ്യോതിയുടെയും രംഗപ്രവേശം ഈ സമവാക്യത്തില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്നുണ്ട്. 2009 ല്‍ 21 സീറ്റുകള്‍ യുപി ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കുറഞ്ഞത് പത്ത് സീറ്റെങ്കിലും കോണ്‍ഗ്രസിന് നല്‍കാന്‍ എസ്പിയും ബിഎസ്പിയും ഇനിയിപ്പോള്‍ നിര്‍ബ്ബന്ധിതരായാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഈ ഘട്ടത്തില്‍ വിട്ടുവീഴ്ചകള്‍ അനിവാര്യമാണെന്ന് മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധി അഖിലേഷിനും മായാവതിക്കുമുണ്ടാവുമന്നെു തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

              കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ 80 സീറ്റുകളില്‍ 71 ഉം ബിജെപിയാണ് നേടിയത്. സഖ്യകക്ഷിയായ അപ്നാ ദള്‍ രണ്ടു സീറ്റും സ്വന്തമാക്കി. അതായത് ബിജെപിക്ക് രാജ്യത്ത് മൊത്തം കിട്ടിയ സീറ്റുകളില്‍ നാലിലൊന്ന് യുപിയില്‍ നിന്നായിരുന്നു. യുപിയില്‍ തിരിച്ചടിയുണ്ടായാല്‍ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴിയാണ് ബിജെപിയുടെ മുന്നില്‍ കൊട്ടിയടയക്കപ്പെടുകയെന്ന് പറയുന്നത് വെറുതെയല്ല.

             ബിജെപി പക്ഷേ, പ്രതീക്ഷ കൈവിട്ടിട്ടില്ല. ഗൊരക്പൂരിലെയും ഫുല്‍പൂരിലെയും കൈരാനയിലെയും ഉപതിരഞെറ്റഞടുപ്പുകളിലെ  വിജയം കണ്ട് പ്രതിപക്ഷം കുളിരുകോരേണ്ടതില്ലെന്നാണ് അമിത്ഷായും യോഗിയും പറയുന്നത്. 2014 ല്‍ ഗൊരക്പൂരില്‍ യോഗിക്ക് മൂന്നു ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം എസ് പി സ്ഥാനാര്‍ത്ഥിക്ക് ഇവിടെ കിട്ടിയത് 21,000 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഒരു പത്ത് ബൂത്തില്‍ പ്രവര്‍ത്തനം ശക്തമാക്കിയാല്‍ മാറ്റിമറിക്കാവുന്ന സംഗതിയാണിതെന്നാണ് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ലോക്സഭാ പൊതു തിരഞ്ഞെടുപ്പ് ഉപതിരഞ്ഞെടുപ്പല്ലെന്നും മോദിയും പ്രതിപക്ഷവും മുഖാമുഖം വരുമ്പോള്‍ ജനം മോദിയെ തന്നെ തിരഞ്ഞെടുക്കുമെന്നുമുള്ള ആത്മവിശ്വാസവും ബിജെപിക്കുണ്ട്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 312 സീറ്റ് കൊയ്തപ്പോള്‍ ബിജെപിക്ക് കിട്ടിയത് 39 ശതമാനം വോട്ടാണ്. അപ്നാദളിന്റെ ഒരു ശതമാനം കൂടിക്കൂട്ടിയാല്‍ 40 ശതമാനം. എസ് പിക്കും ബിഎസ്പിക്കും കൂടി 44 ശതമാനം വോട്ടു കിട്ടി. ഇതോടൊപ്പം ആര്‍ എല്‍ ഡിയുടെ 1.8 ശതമാനം കൂടി ചേര്‍ക്കാം. രണ്ടു വര്‍ഷം മുമ്പുള്ള കണക്കാണിത്. യോഗേന്ദ്ര പറയുന്ന ജനവികാരം കൂടി  കണക്കിലെടുത്താല്‍ യുപി നരേന്ദ്രമോദിയുടെ വാട്ടര്‍ലൂ ആയേക്കും എന്ന മുന്നറിയിപ്പ് തള്ളിക്കളയാനാവില്ല. ബിജെപി നേതൃത്വത്തിന് ഉറക്കം നഷ്ടപ്പെട്ടുതുടങ്ങിക്കഴിഞ്ഞെന്ന് അഖിലേഷ് യാദവ് പറയുന്നത് വെറുതെയല്ലെന്നര്‍ത്ഥം.


മോദി പ്രഭാവം മങ്ങുന്നു                                 ആരാണ് മോദിക്ക് ബദല്‍ ? എന്ന ചോദ്യമാണ് ഇക്കഴിഞ്ഞ നാലര കൊല്ലവും ബിജെപി ചോദിച്ചുകൊണ്ടിരുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ബിജെപി ഒരിക്കലും ഒരു ബദലായി കണ്ടിരുന്നില്ല. മിണ്ടാന്‍ കഴിയാത്ത പാവയെന്ന് ഇന്ദിരാഗാന്ധിയെ പണ്ട് കളിയാക്കിയ രാംമനോഹര്‍ ലോഹ്യയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ബിജെപി നേതാക്കള്‍ രാഹുലിനെ പപ്പു എന്നു വിളിച്ച് ഉള്‍പ്പുളകം കൊണ്ടു. മമതയും മായാവതിയും ശരദ്പവാറും ലാലുയാദവും അടങ്ങിയ പ്രതിപക്ഷ നിര ഒരിക്കലും മോദിക്ക് ഭീഷണിയാവില്ലെന്ന് ബിജെപി നേതൃത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പക്ഷേ, രാജസ്ഥാനും മദ്ധ്യപ്രദേശും ചത്തിസ്ഗഡും കൈവിട്ടുപോയതോടെ മോദിയുടെ പ്രഭാവത്തില്‍ ഇപ്പോള്‍ ബിജെപിക്ക് ആ പഴയ ആത്മവിശ്വാസമുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രതിപക്ഷം ഉയര്‍ത്തുന്നത്.

                      നരേന്ദ്ര ദാമോദര്‍ദാസ് മോദി  ബിജെപിക്ക് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസം ചില്ലറയായിരുന്നില്ല. 2004 ലെ പരാജയമാണ് ബിജെപിയെ ലാല്‍ കൃഷ്ണ അദ്വാനിയുടെ നേതൃത്വശേഷിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ പ്രേരിപ്പിച്ചത്. 2009 ലെ  തിരിച്ചടിയോടെ ബിജെപിയില്‍ അദ്വാനി യുഗം കഴിയുകയാണെന്ന് ഉറപ്പായിരുന്നു. അദ്വാനിക്ക് പകരക്കാരനെ കണ്ടെത്താന്‍ ആര്‍ എസ് എസ് നേരത്തെ തന്നെ ശ്രമം തുടങ്ങുകയും ചെയ്തു. വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ പ്രകാരം 2006 ല്‍ തന്നെ  ആര്‍ എസ് എസ് നേതാവ് രാം മാധവ് മുംബൈയിലെ അമേരിക്കന്‍ കോണ്‍സല്‍ ജനറലിനോട് മോദിയെക്കുറിച്ച് പറഞ്ഞിരുന്നു.  മോദി ബിജെപിയുടെ തലപ്പത്തേക്കെത്തുന്നതിന് ഇനിയിപ്പോള്‍ അധികമൊന്നും കാത്തിരിക്കേണ്ടതില്ലെന്നും മോദിയുമായി ഇടപെടേണ്ടതെങ്ങിനെയാണെന്ന് അമേരിക്ക ചിന്തിച്ചുതുടങ്ങാന്‍ സമയമായെന്നുമാണ് അന്ന് രാം മാധവ് പറഞ്ഞത്.

      ആര്‍ എസ് എസ്സിന്റെ കണ്ടത്തലും നേട്ടവുമാണ് മോദി. ലോക്സഭയില്‍ തനിച്ച് ഭൂരിപക്ഷം കരസ്ഥമാക്കുക എന്ന ബിജെപിയുടെ വലിയൊരു സ്വപ്നമാണ് മോദിയിലൂടെ നിറവേറിയത്. 2014 ലെ വിജയം മോദിയുടേയും ആര്‍ എസ് എസ്സിന്റേതുമായിരുന്നു. 1977 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം ആര്‍ എസ് എസ് ഇത്രയും സജീവമായി പ്രവര്‍ത്തിച്ച മറ്റൊരു തിരഞ്ഞെടുപ്പ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. 2014 ന്റെ തുടര്‍ച്ച മാത്രമായിരിക്കും 2019 എന്നാണ് മോദിയും ബിജെപിയും ഇതുവരെ കരുതിയിരുന്നത്. 2024 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നു പറയാന്‍ മോദി ഇടക്കാലത്ത് ആവേശം കാട്ടുകയും ചെയ്തു. 

                      രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ചത്തിസ്ഗഡിലും ബിജെപി ഉലയുകയാണെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നുകൊണ്ടിരിക്കെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവ്‌രാജ്്സിങ് ചൗഹാന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു.  '' ഞാനാണ് ഏറ്റവും വലിയ സര്‍വ്വേയര്‍. ജനങ്ങളുടെ മൂഡ് എനിക്കറിയാം. ഞങ്ങള്‍ വന്‍ഭൂരിപക്ഷം നേടും. '' മോദിയുടെ പ്രഭാവം മറക്കരുതെന്നാണ് ആ ദിനങ്ങളില്‍ ബിജെപി വക്താക്കളായ ജി വിഎല്‍ നരസിംഹറാവുവും സാംബിത് പത്രയും മാദ്ധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചത്. ഇന്നിപ്പോള്‍ ആ വാക്കുകള്‍ അതേ വീര്യത്തോടെ ആവര്‍ത്തിക്കാന്‍ നരസിംഹറാവുവും സാംബിത് പത്രയും തയ്യാറായേക്കുമെങ്കിലും ശിവ്‌രാജ്സിങ് ചൗഹാനെ അതിനു കിട്ടുമോ എന്ന് കണ്ടറിയേണ്ടി വരും.

                    മോദിക്ക് പകരം വെയ്ക്കാന്‍ ബിജെപിയില്‍ ഇന്നിപ്പോള്‍ ആരുമില്ലെന്നതാണ് വാസ്തവം. അമിത്ഷായായിരിക്കാം ബിജെപിയുടെ തലച്ചോര്‍. കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്നതും അമിത്ഷായായിരിക്കാം. പക്ഷേ, ബിജെപിയുടെ ജനകീയ മുഖം ഇപ്പോഴും മോദി തന്നെയാണ്. യോഗി ആദിത്യനാഥിനോ അമിത്ഷായ്ക്കോ മോദിക്ക് പകരക്കാരനാവാന്‍ കഴിയില്ലെന്ന് ആര്‍ എസ് എസ്സിന് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതില്ല. പക്ഷേ, 2019 ല്‍ ഭരണം നിലനിര്‍ത്തുന്നതിന് മോദിക്കാവുമോ എന്ന ചോദ്യം കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ എസ് എസ്സിനാവുമെന്ന് തോന്നുന്നില്ല.

          വടക്കേ ഇന്ത്യയിലെ കര്‍ഷകരാണ് മോദിയേയും ബിജെപിയേയും പേടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ  തിരഞ്ഞെടുപ്പുകളിലെല്ലാം തന്നെ ബിജെപി തിരിച്ചടി നേരിട്ട ഇടങ്ങളില്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായിരുന്നുവെന്നാണ് വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്. ആര്‍ എസ് എസ്സിന് അതിശക്തമായ  സംഘടനാ സംവിധാനമുള്ള മദ്ധ്യപ്രദേശില്‍ ബിജെപി അധികാരത്തില്‍ നിന്നും പുറത്തായതിന് പിന്നില്‍ കര്‍ഷകരുടെ രോഷമാണെന്ന് വ്യക്തമായ സൂചനകളുണ്ട്. 1

                    ഉത്തരേന്ത്യയിലെ വന്‍വിജയങ്ങളാണ് 2014 ല്‍ ബിജെപി ഭരണത്തിന് അടിത്തറ തീര്‍ത്തത്. ആന്ധ്രയില്‍ കോണ്‍ഗ്രസ് സ്വയം കുഴികുഴിച്ചതും തമിഴകത്ത് ജയലിത 39 സീറ്റില്‍ 37 ഉം സ്വന്തമാക്കിയതും കര്‍ണ്ണാടകത്തിലും കേരളത്തിലും  കോണ്‍ഗ്രസിന് തിരിച്ചടികളുണ്ടായതും ഇതോടൊപ്പം ബിജെപിക്ക് തുണയായി. ഉത്തര്‍്രേദശില്‍ 80 സീറ്റുകളില്‍ 71 ഉം രാജസ്ഥാനില്‍ 25 ല്‍ 25 ഉം ഗുജറാത്തില്‍ 26 ല്‍ 26 ഉം മദ്ധേ്യ്രദശില്‍ 29 ല്‍ 26 ഉം ഡെല്‍ഹിയില്‍ ഏഴില്‍ ഏഴും ബിജെപി നേടിയിരുന്നു. ഈ നേട്ടം 2019 ല്‍ ആവര്‍ത്തിക്കാനാവുമെന്ന് കടുത്ത മോദി ഭക്തര്‍ പോലും ഇപ്പോള്‍ പറയാനിടയില്ല. വടക്കേ ഇന്ത്യയിലെ നഷ്ടം ദക്ഷിണേന്ത്യയില്‍ നികത്താനാവുമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകളും തെറ്റുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. 

 വടക്ക് കിഴക്കേ ഇന്ത്യയിലാണ് ഇക്കഴിഞ്ഞ കാലയളവില്‍ ബിജെപി കുറച്ചെങ്കിലും നേട്ടമുണ്ടാക്കാനായത്. ത്രിപുരയിലെ അട്ടിമറി ജയമാണ് ഇതില്‍ എടുത്തുപറയേണ്ടത്. മിസോറാമിലും കോണ്‍ഗ്രസ് പരാജയം നേരിട്ടതോടെ വടക്ക് കിഴക്കേ ഇന്ത്യയില്‍ ഇന്നിപ്പോള്‍ ഒരിടത്തും കോണ്‍ഗ്രസ് അധികാരത്തിലില്ലാത്ത അവസ്ഥയുമുണ്ട്. പക്ഷേ, ബംഗാളിലും ഒഡിഷയിലും ബിഹാറിലും ബിജെപിയുടെ നില ഭദ്രമല്ലെന്നതും കാണാതിരിക്കാനാവില്ല. പക്‌ഷേ, പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈ സംസ്്ഥാനങ്ങളില്‍ ഉടലെടുത്തിട്ടുള്ള ജനവികാരം മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയ്ക്കു മുന്നില്‍ വലിയ വെല്ലുവിളയാണുയര്‍ത്തുന്നത്.
 
                                  വാഗ്ദാനത്തിനും നിറവേറലിനുമിടയില്‍ സംഭവിച്ച പാളിച്ചകള്‍, ചൊല്ലിനും ചെയ്തിക്കുമിടയിലുള്ള അന്തരങ്ങള്‍  ഇതാണ് ബിജെപിയും മോദിയും ഇന്നിപ്പോള്‍ നേരിടുന്ന പ്രതിസന്ധി. എവിടെ തൊഴിലവസരങ്ങള്‍ , എവിടെ കാര്‍ഷികമേഖലയുടെ പുരോഗതി, എവിടെ സാമ്പത്തിക വളര്‍ച്ച എന്നീ കാതലായ ചോദ്യങ്ങള്‍ക്ക് മാനത്തേക്ക് നോക്കി നില്‍ക്കേണ്ട ഗതികേടാണ് ബിജെപി നേതൃത്വം അഭിമുഖീകരിക്കുന്നത്.

           പക്ഷേ, ഈ പ്രതിസന്ധകിളും ബിജെപിയുടെ ആത്മവിശ്വാസവും ആത്മവീര്യവും ചോര്‍ത്തിക്കളഞ്ഞിട്ടില്ല. പ്രതിപക്ഷ നിരയിലെ ഭിന്നിപ്പുകളാണ് ബിജെപിയെ സമാശ്വസിപ്പിക്കുന്നത്. യുപിയില്‍ സമാജ്വാദിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും  കോണ്‍ഗ്രസിനെ സമ്മര്‍ദ്ധത്തിലാഴ്ത്തുന്നതും  തെലങ്കാനയില്‍ നിന്നും കെ ചന്ദ്രശേഖര്‍ റാവു മൂന്നാം മുന്നണിയെക്കുറിച്ച് വാചാലനാവുന്നതും ബിജെപിയെ തീര്‍ച്ചയായും സന്തോഷിപ്പിക്കുന്നുണ്ട്.  നിയമസഭാ തിരഞ്ഞെടുപ്പല്ല ലോക്സഭാ തിരഞ്ഞെടുപ്പെന്നും 2019 ലും ഇന്ത്യ തിരഞ്ഞെടുക്കുക മോദിയെന്ന നേതാവിനെ തന്നെയായിരിക്കുമെന്നും ബിജെപി ഇപ്പോഴും അടിയുറച്ചു വിശ്വസിക്കുന്നുണ്ട്.

 ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയൊരു സവിശേഷത കാര്യങ്ങള്‍ കൃത്യമായി വിലയിരുത്താന്‍ ജനങ്ങള്‍ക്കുള്ള ശേഷിയാണ്. അജിത്ജോഗിയും മായാവതിയും കൈകോര്‍ത്തിട്ടുപോലും ചത്തിസ്ഗഡില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം തന്നെ നിന്നുവെന്നത് ഇതിന്റെ മകുടോദാഹരണമാണ്. മോദിയിലുള്ള കടുത്ത വിശ്വാസത്തിനിടയിലും 2019 ല്‍  സംഘപരിവാറിനെ വിഷമിപ്പിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈ സവിശേഷത തന്നെയായിരിക്കും
                            

                                    രാഹുലിന്റെ പരിണാമം                               മോത്തിലാല്‍ നെഹ്രുവിന്റെ മകനെന്ന വിശേഷണം ജവഹര്‍ലാലിന് അലങ്കാരമായിരുന്നു. ചന്ദനത്തിന് സുഗന്ധമെന്നതുപോലെ അത് ജവഹറില്‍ ഉള്‍ച്ചേരുകയും കരുത്തും തുണയുമാവുകയും ചെയ്തു. ഇന്ദിരയ്ക്കും സഞ്ജയിനും രാജീവിനും ഈ കുടുംബ മഹിമ വലിയ പിന്‍ബലമായിരുന്നു. 1984 ല്‍ ഇന്ദിര കൊല്ലപ്പെട്ടപ്പോള്‍ മകന്‍ രാജീവ് പ്രധാനമന്ത്രിയാവുന്നതില്‍ ഇന്ത്യന്‍ ജനത അസ്വാഭാവികമായൊന്നും തന്നെ കണ്ടില്ല. പക്ഷേ, രാഹുല്‍ഗാന്ധിയിലേക്കെത്തുമ്പോള്‍ കുലവും കുടുംബവും അടിത്തറയ്‌ക്കൊപ്പം തന്നെ ബാദ്ധ്യതയുമാവുന്നു. നെഹ്രു കുടുംബാംഗം എന്ന സവിശേഷ അസ്ഥിത്വമാണ് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പദവിയിലേക്ക് രാഹുലിനെ എത്തിച്ചതെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, നരേന്ദ്രമോദിയുടെ ഈ വല്ലാത്ത കാലത്ത് രാഹുലിന് പൈതൃകവും തറവാട്ടുമഹിമയും ചുമടും ഭാരവുമാവുകയാണ്.

                    ഈ നിഴലില്‍ നിന്ന് പുറത്തുകടക്കാനുള്ള പോരാട്ടത്തിലാണ് രാഹുല്‍ ഇപ്പോള്‍. മോദിക്കും ബിജെപിക്കുമെതിരെയുള്ള പോരാട്ടം മാത്രമല്ല അത്. കെണിയും പ്രലോഭനവുമാവുന്ന സ്വന്തം പ്രതിച്ഛായയ്‌ക്കെതിരെയുള്ള ആന്തരീകമായൊരു കലഹം കൂടി രാഹുലിന്റെ ഈ പോരാട്ടത്തെ നിര്‍ണ്ണയിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുന്നുണ്ട്. രാഹുലിനെതിരെ നിലയുറപ്പിക്കുമ്പോള്‍ അത് കുടുംബത്തിനെതിരെയുള്ള പോരാട്ടമാക്കി മാറ്റാനാണ് മോദി ഇഷ്ടപ്പെടുക. വളരെ എളുപ്പത്തില്‍ ഏറ്റെടുക്കാവുന്ന പോരാട്ടമാണത്. കെ കരുണാകരനെതിരെയുള്ള പോരാട്ടം മക്കളായ മുരളിക്കും പത്മജയ്ക്കുമെതിരെയാവുന്നതിലെ സാദ്ധ്യതകള്‍ സിപിഎം തിരിച്ചറിഞ്ഞതുപോലെയാണത്. ഡൈനാസ്റ്റിയുടെ പ്രതിനിധിയാണ് എന്ന ആക്ഷേപം പോലെ ജനാധിപത്യത്തില്‍ ഒരു നേതാവിനെ എളുപ്പത്തില്‍  തകര്‍ക്കാന്‍ കഴിയുന്ന മറ്റൊരായുധമില്ല.  കൂടുതല്‍ വിശദീകരണം വേണമെന്നുണ്ടെങ്കില്‍ നീണ്ട 40 കൊല്ലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിപ്പുറവും തമിഴ്‌നാട് മുഖ്യമന്ത്രിക്കസേര കിട്ടാക്കനിയായി തുടരുന്ന എം കെ സ്റ്റാലിനോട് ചോദിച്ചാല്‍ മതിയാവും.

                             2004 ല്‍ ആദ്യമായി എംപിയാവുമ്പോള്‍  രാഹുലിന്  34 വയസ്സാണ് പ്രായം. 40 ാമത്തെ വയസ്സില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായ ആളാണ് പിതാവ് രാജീവ്. സോണിയാഗാന്ധി പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്നുവെച്ചപ്പോള്‍ 2004 ല്‍ രാഹുലിന്റെ പേര് എവിടെയും ഉയര്‍ന്നു വന്നില്ല. അതേസമയം  മന്‍മോഹന്റെ മന്ത്രിസഭയില്‍ ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം രാഹുലിന് എളുപ്പമായിരുന്നു. പക്ഷേ, ആ കെണിയില്‍ രാഹുല്‍ വീണില്ല. രണ്ടാം യുപിഎ സര്‍ക്കാരില്‍ നിന്നും രാഹുല്‍ ഒഴിഞ്ഞു നിന്നു. ഈ പത്തു വര്‍ഷങ്ങള്‍ രാഹുല്‍ കളഞ്ഞുകുളിക്കുകയായിരുന്നുവെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഭരണപരമായ പരിചയത്തിനുള്ള വലിയൊരു അവസരമാണ് രാഹുല്‍ നഷ്ടപ്പെടുത്തിയതെന്ന വാദമാണിത്. കുടുംബ മഹിമയുടെ പിന്‍ബലത്തില്‍ കാര്യങ്ങള്‍ എളുപ്പമാവുമ്പോള്‍ തന്നെ കാലത്തിനും ചരിത്രത്തിനും മുന്നില്‍ അതൊരു വിഷമസന്ധിയാവുമെന്ന തിരിച്ചറിവ് രാഹുലിനുണ്ടായി എന്നത് ചെറിയ കാര്യമല്ല.

                                  ഇന്നിപ്പോള്‍ രാഷ്ട്രീയ ജീവിതത്തിലെ 15 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ രാഹുലിന് ഉറപ്പൊന്നുമില്ല. അതുകൊണ്ടുതന്നെയാണ് ലക്ഷ്യം പ്രധാനമന്ത്രി പദമല്ലെന്നും ബിജെപിയെയും മോദിയെയും പുറത്താക്കലാണെന്നും രാഹുലിന് വ്യക്തമാക്കേണ്ടി വരുന്നത്. ദേശീയ തലത്തില്‍ ബിജെപിയുടെ മുഖ്യ എതിരാളിയാവുമ്പോഴും ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളില്‍ മിക്കയിടത്തും കോണ്‍ഗ്രസ്സല്ല പ്രബലശക്തിയെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞുകൊണ്ടുള്ള കളിയാണത്. 2024 ആയിരിക്കാം രാഹുലിന്റെ വര്‍ഷമെന്ന നിരീക്ഷണം ഉയരുന്നത് ഈ പരിസരത്തിലാണ്.


             മൂന്നു മൂഹൂര്‍ത്തങ്ങള്‍


                 രാഹുലിന്റെ  രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തുന്ന മൂന്നു മുഹൂര്‍ത്തങ്ങളുണ്ട്. 2013 സപ്തംബറില്‍  ഡെല്‍ഹിയിലെ പ്രസ്‌ക്ലബ്ബ് ഒഫ് ഇന്ത്യയില്‍ നടത്തിയ നാടകീയ നീക്കമാണ് ആദ്യത്തേത്. അന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ നടത്തിയ പത്രസമ്മേളനത്തിലേക്ക് കയറിവന്നശേഷം രാഹുല്‍ മന്‍മോഹന്‍ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് വലിച്ചുകീറിയെറിയുകയായിരുന്നു. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ രക്ഷിച്ചെടുക്കുന്നതിനാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അന്നാ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അധാര്‍മ്മികതയുടെ വലിയൊരു നിഴല്‍ അതിനു മേലുണ്ടായിരുന്നു. പക്ഷേ, ഓര്‍ഡിനന്‍സിന്റെ കോപ്പികള്‍ കീറിയെറിഞ്ഞ രാഹുലിന്റെ പ്രവൃത്തി വാഴ്ത്തപ്പെടുകയല്ല ഇകഴ്ത്തപ്പെടുകയാണുണ്ടായത്. കുലമഹിമയുടെ തണലില്‍ നിന്നുകൊണ്ട് ഒരു ചെറുപ്പക്കാരന്‍ നടത്തിയ ധാര്‍ഷ്ട്യം നിറഞ്ഞ പ്രകടനമായാണ് ഇന്ത്യന്‍ ജനത അതിനെ കണ്ടത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൈദരാബാദ് വിമാനത്താവളത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ടി അഞ്ജയ്യയെ  രാജീവ്ഗാന്ധി അപമാനിച്ചതെിന്റെ കയ്പുനിറഞ്ഞ ഓര്‍മ്മകള്‍ ഈ പ്രകടനം മടക്കിക്കൊണ്ടുവന്നു. 

           നരേന്ദ്ര മോദിയെന്ന ശക്തനായ നേതാവിനെ അനുകരിക്കാനുള്ള പ്രവണത രാഹുലിന്റെ ഈ നീക്കത്തിലുണ്ടായിരുന്നു. താനാണ് നേതാവ് എന്ന ധാര്‍ഷ്ട്യം നിറഞ്ഞൊരു പ്രഖ്യാപനമായിരുന്നു അത്. 1983 ല്‍ ആന്ധ്ര ജനത രാജീവിന് മറുപടി നല്‍കിയത് എന്‍ ടി രാമറാവു എന്ന സിനിമാതാരത്തെ മുഖ്യമന്ത്രിയാക്കിക്കൊണ്ടാണ്. 2014 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് തെറിച്ചതിന് പിന്നിലുള്ള ഒട്ടേറെ കാരണങ്ങളില്‍ ഒന്ന് ഡെല്‍ഹി പ്രസ്‌ക്ലബ്ബിലെ മുഹൂര്‍ത്തമായിരുന്നെന്ന് പറഞ്ഞാല്‍ തള്ളിക്കളയാനാവില്ല. അഹങ്കാരവും ധാര്‍ഷ്ട്യവും ജനാധിപത്യത്തില്‍ പറഞ്ഞിട്ടുള്ളതല്ല. ഇന്നിപ്പോള്‍ നരേന്ദ്ര മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പുറത്തു നിന്നല്ല അകത്തു നിന്നുതന്നെയാണെണന്ന് പറയേണ്ടി വരുന്നത് ഇതുകൊണ്ടാണ്.    ഡെല്‍ഹി പ്രസ്‌ക്ലബ്ബ് പകര്‍ന്നു നല്‍കിയ ഈ പ്രതിച്ഛായയില്‍ നിന്ന് രാഹുല്‍ പുറത്തു കടന്നത് 2017 സപ്തംബറില്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ യോഗത്തിലൂടെയാണ്. അന്നവിടെ വെച്ച് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദം ലോകത്തിന് മറ്റൊരു രാഹുലിനെ കാട്ടിക്കൊടുത്തു. സൗമ്യനും ശാന്തനുമായ രാഹുല്‍. കടുത്ത വിമര്‍ശനങ്ങളോട് ക്രോധമില്ലാതെ പ്രതികരിക്കുന്ന രാഹുല്‍. അതൊരു മേക്കോവറായിരുന്നു. നരേന്ദ്രമോദിയുടെ ധാര്‍ഷ്ട്യത്തിനു ബദല്‍ മറ്റൊരു ധാര്‍ഷ്ട്യമല്ലെന്നും എളിമ എന്നുമെപ്പോഴും കൊണ്ടുനടക്കേണ്ട സ്വഭാവസവിശേഷതയാണെന്നുമുള്ള തിരിച്ചറിവ് കാലിഫോര്‍ണിയ സര്‍വ്വകാലാശായില്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.

                അതിനും ഒരു വര്‍ഷമിപ്പുറം ഇക്കഴിഞ്ഞ ജൂലായിലാണ് മൂന്നാം മുഹൂര്‍ത്തമുണ്ടായത്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുലായിരുന്നു ആ മുഹൂര്‍ത്തത്തിലെ നായകന്‍. ബിജെപിക്കെതിരെ പോരാടുമ്പോള്‍ വെറുപ്പല്ല തന്നെ നയിക്കുന്നതെന്ന സവിശേഷമായ പ്രഖ്യാപനമാണ് രാഹുല്‍ അതിലൂടെ നടത്തിയത്. കെട്ടിപ്പിടിക്കുന്നതില്‍ മോദിയും പിന്നിലല്ല , പക്ഷേ, ആ  ആലിംഗനങ്ങളില്‍ ഏറെയും വിദേശങ്ങളിലാണ്. ഇതര രാഷ്ട്രങ്ങളുടെ ഭരണകര്‍ത്താക്കളുമായുള്ള ആ കെട്ടിപ്പിടിത്തങ്ങളില്‍ ഔപചാരികതയുടെ ഒരു തലമുണ്ട്. സഹാനുഭൂതിയുടെ തണലും കുളിര്‍മ്മയും നിറയുന്ന അമൃതാനന്ദമയിയുടെയും മദര്‍ തെരേസയുടെയും ആലിംഗനങ്ങളുടെ ഭൂമിക വ്യത്യസ്തമാണ്. ഉപചാരങ്ങളില്ലാത്ത  സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ആഴങ്ങളിലേക്ക് കൊണ്ടുപോവുന്ന ആലിംഗനങ്ങള്‍. 

         മോദിക്കെതിരെ രാഹുല്‍ നടത്തുന്ന പോരാട്ടം തീര്‍ച്ചയായും പഴങ്കഥയിലെ മുയലിനെയും ആമയേയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. പതുക്കെ , വളരെ പതുക്കെയാണ്്് രാഹുല്‍ മുന്നേറുന്നത്. ഒരര്‍ത്ഥത്തില്‍ ബിജെപിക്കെതിരെയുള്ള പോരാട്ടം മാത്രമല്ലിത്.  മമതയോടും മായാവതിയോടും ശരദ്പവാറിനോടും  അഖിലേഷ് യാദവിനോടും ചന്ദ്രബാബുനായിഡുവിനോടും നവീന്‍ പട്‌നായിക്കിനോടും തേജസ്വി പ്രതാപിനോടും സ്റ്റാലിനോടുമൊക്കെയുള്ള പോരാട്ടം കൂടിയാണത്. സങ്കീര്‍ണ്ണമായ ഈ പോരാട്ടങ്ങളില്‍ ഇന്നിപ്പോള്‍ അടിപതറാതെ നില്‍ക്കാന്‍ രാഹുലിനാവുന്നുണ്ടെങ്കില്‍ അതിന് രാഹുല്‍ നന്ദി പറയേണ്ടത് അധികാരത്തിന്റെ പ്രലോഭനങ്ങളില്‍ അകപ്പെടാതെ ഒഴിഞ്ഞു നിന്ന ആ പത്തു വര്‍ഷങ്ങള്‍ക്കാണ്. കോണ്‍ഗ്രസ്സിന്റെ ചുമടും ഭാരവുമായി പരിഹസിക്കപ്പെട്ട പപ്പുവില്‍ നിന്ന്  ബിജെപിയുടെ ട്രോളര്‍മാര്‍ക്കുപോലും വലിച്ചുതാഴെയിടാനാവാത്ത  ഇന്നത്തെ രാഹുലിലേക്കുള്ള വളര്‍ച്ചയാണത്.  പ്രിയങ്കയെ വിളിക്കൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യമല്ല ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ മുഴങ്ങുന്നത്. യുപിയില്‍ ജ്യോതിരാദിത്യ സിന്ധ്യയേയും പ്രിയങ്കയേയും കളത്തിലിറക്കിയപ്പോള്‍ രാഹുല്‍ ഞെട്ടിച്ചത് ബിജെപിയെ മാത്രമല്ല ബിഎസ്പിയേയും എസ്പിയേയും കൂടിയാണ്.

                   2019 മോദിയുടെ വര്‍ഷമാവാനുള്ള സാദ്ധ്യത വിരളമാണ്. ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ ഇനിയങ്ങോട്ട് നെഹ്രു കുടുംബത്തിലെ ഇളമുറക്കാരനുള്ള പങ്ക് വളരെ വലുതായിരിക്കും.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image