ലക്കി ബാഗ് .

 ദിവ്യ ജോണ്‍ ജോസ് 

Fukubukora അഥവാ Good luck bag or Lucky grab bags പോലെയാണ് ഈ ചെറുകഥാസമാഹാരത്തിലെ കഥകൾ - അഭിപ്രായപ്പെടുന്നത് മുറകാമി ഹാറുകി. പുതുവർഷ ദിനത്തിൽ, ജാപ്പനീസ് കച്ചവടക്കാർ, ഉപഭോക്താക്കൾക്ക് നൽകുന്ന ഒരു ബാർഗെയ്ൻ ബാഗ് സമ്പ്രദായത്തെയാണ് Good Luck Bag എന്ന് വിശേഷിപ്പിക്കുന്നത്.നിശ്ചിത വിലയുള്ള ഓരോ ബാഗിനുള്ളിലും വ്യാപാരിയുടെ മനോധർമ്മമനുസരിച്ചുള്ള കുറച്ച് സാധനങ്ങൾ കാണും. വാങ്ങിച്ചതിനു ശേഷമായിരിക്കും അതിലെന്താണ് എന്ന് മനസ്സിലാകുക. ചിലവാക്കുന്ന തുകയേക്കാൾ മതിപ്പുള്ള സമ്മാനങ്ങൾ പ്രതീക്ഷിച്ചാകും ചിലപ്പോൾ ആളുകളത് വാങ്ങുക. ചിലപ്പോൾ ഭാഗ്യം കടാക്ഷിച്ചേക്കാം എന്ന് വ്യംഗ്യാർത്ഥം. മിക്കവാറും സൂത്രശാലികളായ കച്ചവടക്കാർ, ബാഗിന്റെ വിലയ്ക്ക് തുല്യമായ സാധനങ്ങൾ മാത്രം നിക്ഷേപിച്ച് വില്പനയെ മുൻനിറുത്തി മാത്രം പ്രവർത്തിക്കുകയും ചെയ്യും.
ഇതിവിടെ പറയാൻ കാരണം, ഈ ബുക്ക് അത് പോലെ, ഒരു ലക്കി ബാഗ് ആയിരിക്കാം എന്ന വിവക്ഷയിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെഴുതപ്പെട്ട മോഡേൺ ലിറ്ററേച്ചർ എന്ന രീതിയിൽ ഉദയം ചെയ്ത കഥകൾ തുടങ്ങി, ഇപ്പോഴുള്ള ജാപ്പനീസ് എഴുത്തുകൾ ഉൾപ്പെടെ, തിരഞ്ഞെടുത്ത കുറെ കഥകളാണ് അഞ്ഞൂറോളം പേജുകളുള്ള ഈ പുസ്തകത്തിലുള്ളത്.


വളരെ വിശദമായ ഒരു ആമുഖമാണ് മുറകാമിയുടേത്. 
തന്റെ ചെറുപ്പകാലത്ത് “I Novel” എന്ന രീതിയിൽ വരുന്ന ആത്മകഥാപരമായ കൃതികളോട് വല്ലാത്തൊരു അകൽച്ച സൂക്ഷിച്ചിരുന്നതായി മുറകാമി ഓർത്തെടുക്കുന്നുണ്ട്. ടീനേജിലും ഇരുപതുകളുടെ തുടക്കത്തിലും ജാപ്പനീസ് ഫിക്ഷനുകൾ വായിക്കുന്നതേ അപൂർവ്വമായിരുന്നു എന്നദ്ദേഹം തുറന്ന് പറയുന്നു.
“Reading is ,of course,a supremely personal-even selfish-activity.Each person consumes reading matter in accordance with his or her own likes and dislikes,which no one else can pronounce simply to be right or wrong,proper or warped.”

Tanizaki,Kafu,Soseki മുതൽ Kazumi,Matsuda Aoko,Yuva തുടങ്ങി മുറകാമി ഉൾപ്പെടെയുള്ള മുപ്പത്തിനാലോളം കഥാകൃത്തുക്കളുടെ കഥകൾ ഉണ്ടിതിൽ.


18-19 നൂറ്റാണ്ടിൽ, പടിഞ്ഞാറിന്റെ സ്വാധീനമുള്ള എഴുത്തുകൾ Kafu നെയും Soseki യുടെയും കഥകളെ ചൂണ്ടിക്കാണിച്ച് മുറകാമി പരിചയപ്പെടുത്തുന്നുണ്ട്. ഇംഗ്ലണ്ടിലും ഫ്രാൻസിനും ജീവിച്ച അനുഭവങ്ങൾ ഈ എഴുത്തുകാർക്ക് പ്രേരകങ്ങളായെങ്കിൽ, റഷ്യൻ ജാപ്പനീസ് യുദ്ധത്തിനും രണ്ടാം ലോകമഹായുദ്ധത്തിനുമിടയ്ക്കുള്ള ചെറിയൊരു സമാധാന കാലഘട്ടത്തിൽ ഉദയം ചെയ്ത Tanizaki യുടെ കഥകളെയും ഈ കൂട്ടത്തിലേയ്ക്ക്, ചേർത്ത് വയ്ക്കുന്നു.


The story Of Tomoda and Mastunaga എന്ന കഥയിൽ, ഷികെഗോ എന്ന സ്ത്രീയിൽ നിന്നും പ്രൊട്ടഗണിസ്റ്റിനു ലഭിക്കുന്ന ഒരു കത്തിലുടെയാണ് തുടക്കം. അവരുടെ ഭർത്താവ് ഇടയ്ക്ക് നാട് വിട്ടു പോകുകയും തിരിച്ച് വന്ന് കുറച്ച് നാളുകൾ താമസിച്ചതിന് ശേഷം വീണ്ടും നാടു വിട്ട് പോകുകയും ചെയ്യുന്ന വിചിത്ര സ്വഭാവമുള്ള ഒരാളാന്നെന്ന് പറയുന്ന കത്തിൽ, ചില സഹായങ്ങൾ അഭ്യർത്ഥിച്ചിരിക്കയും ചെയ്തിരിക്കുന്നു. കുറച്ച് വായിച്ചിരിക്കുന്ന ഈ കഥ 64 പേജോളം ഉണ്ട്. നോവല്ല എന്ന് പറയുന്നതാവും ചേരുക.


Loyal warriors എന്ന തലക്കെട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള കഥകൾ സമുറായ് യോദ്ധാക്കളും ആചാരപരമായ ചില ആത്മാഹുതികളെയും ചിത്രീകരിക്കുന്നു.

Men and women - കാറ്റഗറിയിൽ ആറ് കഥകളുണ്ട്. ഈ വിഭാഗത്തിൽ എടുത്തു പറയാവുന്ന കഥ യോഷിമോട്ടോ ബനാനയുടെ മൈക്കിൾ എംറിക് പരിഭാഷപ്പെടുത്തിയിരിക്കുന്ന “Bee Honey” ആണ്. സൂഷ്മമായ നിരീക്ഷണം, കഥയുടെ ഓരോ വരിയെയും സമ്പന്നമാക്കുന്നുണ്ട്. മുറകാമിയുടെ "മെൻ വിത്തൗട്ട് വിമെൻ” എന്ന കഥാസമാഹാരത്തിലെ കഥകളുടെ ഒരു ശൈലി ബനാനയുടെ എഴുത്തിൽ കാണാം.അർജൻറീനക്കാരനെ വിവാഹം കഴിച്ച് അവിടെ ടൂറിസ്റ്റ് ഗൈഡായിരിക്കുന്ന സുഹൃത്തിനെ സന്ദർശിക്കുന്ന പ്രൊട്ടഗണിസ്റ്റ്, അവിടെ നടക്കുന്ന, തലയിൽ വെളുത്ത സ്കാർഫ് പുതച്ച് മാർച്ച് നടത്തുന്ന അമ്മമാരെയും അതിന്റെ രാഷ്ട്രീയ വശങ്ങളുമൊക്കെയായി ഒതുക്കത്തിൽ പറഞ്ഞിരിക്കുന്ന ഒരു ചെറിയ കഥ.


Nature and Memory വിഭാഗത്തിൽ, അകിറ, യോക്കോ, തുടങ്ങിയവരുടെ കഥകളാണ്.
The Tale of the house of Physics എന്ന ഒഗാവോ യോക്കോയുടെ കഥ പരിഭാഷപ്പെടുത്തിയിരിക്കുന്നത്, മുറകാമിയുടെ, ഏറ്റവും പുതിയ " കില്ലിംഗ് കമന്റേറ്റർ” ചെയ്തിരിക്കുന്ന ടെഡ് ഗൂസ്സൻ ആണ്.

"കേംബ്രിഡ്ജ് സർക്കസ്" എന്ന കഥ ഷിബറ്റയുടെതാണ്. ഇംഗ്ലീഷ് പ്രൊഫസറായ ഇദ്ദേഹം,കണ്ടംപററി വിഭാഗത്തിൽ പെടുന്ന അമേരിക്കൻ സാഹിത്യ കൃതികളെ ജപ്പാൻകാർക്ക് പരിചയപ്പെടുത്തിക്കൊടുത്തു എന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തി പറയുന്നുണ്ട്.ഉദാ:Steve Erickson,Dybek,Paul Auster,Rebecca Brown.
ഒരു Second Person Narrative Mode ൽ പറയുന്ന ഈ ഷോർട്ട്, ഒരു ലേഖനത്തിന്റെ സ്വഭാവം കൂടി നിലനിർത്തുന്നുണ്ട്.

Modern Life and Other Non sense, Dread തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കഥകളിൽ, Sawanishi Yuten ന്റെ “Filling Up With Sugar” മറ്റ് കഥകളിൽ നിന്ന്, വ്യത്യസ്തമായി തോന്നി. ഉപയോഗിക്കപ്പെടാത്ത ശരീരകോശങ്ങൾ കാലാ ക്രമേണ പഞ്ചസാരക്കണങ്ങളായി മാറുന്ന രോഗം പിടിപെടുന്ന, അമ്മയെ ശുശ്രൂഷിക്കാൻ, ജോലി രാജിവച്ചെത്തുന്ന, യുക്കിക്കോയും തുടർ സംഭവങ്ങളുമാണ് കഥയിൽ.


മനുഷ്യനിർമ്മിതവും അല്ലാത്തതുമായ പ്രകൃതിദുരന്തങ്ങൾക്ക് പേരുകേട്ട ജപ്പാൻ, സാഹിത്യത്തിലും പ്രസ്തുത വിഷയം കൈകാര്യം ചെയ്യുന്നതിൽ സമ്പന്നത കാണിച്ചിട്ടുണ്ട് എന്ന് കാണിക്കുന്ന ഒരു കൂട്ടം കഥകളും ഈ പുസ്തകത്തിലുണ്ട്.

1923 ലെ ഭൂമികുലുക്കം, 1927 ൽ, Ryunosuke യുടെ “The Great Earthquake and General Kim” എന്ന നാല് പേജുള്ള കഥയെന്നോ, Memoire എന്നോ പറയാവുന്ന എഴുത്തിൽ ഉണ്ട്.


ഹിരോഷിമയിലെ ബോംബു വർഷത്തിനു ശേഷം എഴുതിയ Ota Yako യുടെ “Hiroshima,City Of Doom” പ്രത്യേക താത്പര്യത്തോടെ വായിച്ച് തീർത്തു. കഥാകാരി ഹിരോഷിമയിൽ നിന്നുള്ള ആളായത് കൊണ്ട് കൂടിയാവാം, അവരുടെ വിവരണങ്ങൾ, ഒരു ദുരന്തമുഖത്തിൽ നിന്ന് കിട്ടുന്ന ഏറ്റവും തെളിമയുള്ള കാഴ്ചകൾ പോലെ വരികളിൽ നിന്ന് വായിച്ചെടുക്കാനാകുന്നത്.

UFO in Kushiro എന്ന മുറകാമി കഥയും പുസ്തകത്തിലുണ്ട്.


Jay Rubin ആണ് എഡിറ്റർ. ജാപ്പനീസ് സാഹിത്യത്തെ, ക്രോണോജിക്കലായി രേഖപ്പെടുത്താനുള്ള ഒരു ശ്രമം പുസ്തത്തിൽ നടത്തിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ, ഏറ്റവും പുതിയ ജനറേഷനിലെ എഴുത്തുകളെ ഉൾക്കൊള്ളിക്കാനുള്ള ഒരു ശ്രമം നടന്നിരിക്കുന്നു. ഈ കഥകളിലൂടെ കടന്നു പോകുന്ന വായനക്കാരന്, ഇരുന്നോറോ അതിലധികമോ വർഷങ്ങളിലൂടെ ജാപ്പനീസ് ചെറുകഥകൾ കടന്ന് വന്നതിന്റെയും രൂപപ്പെട്ടതിന്റെയും മാറ്റങ്ങൾക്ക് വിധേയമായതിന്റെയുമൊക്കെ ഒരു ഏകദേശ ചിത്രം ലഭിക്കാം.


No anthology can include everything.The reader is referred to further reading for some of the excellent collections that are available.
എന്ന് പറഞ്ഞ് കൊണ്ട് Jay Rubin തുടർവായനയ്ക്കാവശ്യമായ റെഫറൻസുകൾ വച്ചിട്ടുണ്ട്.


Jay Rubin: അമേരിക്കൻ ട്രാൻസ്ലേറ്റർ.മുറകാമിയുടെ തുൾപ്പെടെ, പല ജാപ്പനീസ് കൃതികളും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.കൂടാതെ മൂന്നോളം പുസ്തകങ്ങളുടെ രചയിതാവുമാണ്.


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image