ഒറ്റ സെററിൽ ഒതുക്കാനാവില്ല 
ഈ ജീവിതം 
ബാബു ഇരുമല 

      ടെലിവിഷനിൽ 'ആഭിജാത്യം '   സിനിമ കാണുകയാണ് അമ്മ . ഇടയ്ക്ക് മിനിസ്ക്രീനിൽ തന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നതു കണ്ട് പുഞ്ചിരിക്കുന്നു. പത്തനാപുരം ഗാന്ധിഭവൻ കാരുണ്യ കൂട്ടുകുടുംബത്തിലെ മുറിയിൽ സിനിമ കണ്ടു കൊണ്ടിരിക്കുന്നത് മലയാള സിനിമയുടെ അമ്മ പാലാ തങ്കമാണ്. 

       മുന്നൂറ് സിനിമകളിൽ അഭിനയിക്കുകയും അതിന്റെ പത്തിരട്ടി ചിത്രങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്ത അമ്മ. മൂവായിരത്തി അഞ്ഞൂറിലധികം വേദികളിൽ നാടകം കളിക്കുകയും നിരവധി സിനിമ നാടക ഗാനങ്ങൾ പാടുകയും ഏഴ് മെഗാസീരിയലുകളിൽ അഭിനയിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മ താരം. ആറ് പതിറ്റാണ്ടിനടുത്ത് നീണ്ട കലാസപര്യയ്ക്കൊടുവിൽ, നാട് കളറിലോടുമ്പോൾ, തനിക്ക് നിറങ്ങൾ വേണ്ടെന്ന് പറഞ്ഞ് മാറിനിൽക്കുകയാണ് പാലാ തങ്കം.

       കഴിഞ്ഞ അഞ്ചു വർഷമായി അവർ കാരുണ്യ കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവന്റെ സംരക്ഷണയിൽ, ആയിരത്തി മുന്നൂറോളം സനാഥർക്കിടയിൽ, അവിടത്തെ കുടുംബാംഗമായി വിശ്രമജീവിതം നയിക്കുന്നു. 

      രാജകുമാരിയെപ്പോലെയായിരുന്നു കുഞ്ഞുന്നാളിലെ ജീവിതം. സ്വത്തുക്കളെല്ലാം വിററ് മറ്റൊരു സ്ത്രീയ്ക്കൊപ്പം ജീവിതം തുടങ്ങി അച്ഛൻ. അച്ഛന്റെ ചതിയിൽ ഒന്നുമില്ലാത്തവരായി മാറി കുടുംബം. കൂട്ട ആത്മഹത്യയ്ക്കു വരെ ശ്രമമുണ്ടായി. കുടുംബത്തെ കര കയറ്റുവാൻ പന്ത്രണ്ടാം വയസിൽ തുടങ്ങിയ രാധാമണിയെന്ന പാലയുടെ തങ്കത്തിന്റെ ആട്ടവും പാട്ടും നിറഞ്ഞ ജീവിതം സിനിമാക്കഥയേക്കാൾ സംഭവബഹുലവും മനസിനെ ഉലയ്ക്കുന്നതുമാണ്.
നാടകവും സിനിമയും ഇടകലർന്ന് ജീവിതം

      ചങ്ങനാശേരിയിൽ പാട്ടു പഠിപ്പിച്ചത് പ്രശസ്തനായ എൽ.പി.ആർ. വർമയായിരുന്നു. പൂമ്പാറ്റയെപ്പോലെ അവിടെ ഓടിക്കളിച്ചു കണ്ട കവിയൂർ പൊന്നമ്മ അന്നും ഇന്നും അടുത്ത കൂട്ടുകാരിയാണ്. നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ കോട്ടയം വിശ്വ കേരള സമിതിയിൽ എത്തുന്നത് പതിനാലാം വയസിൽ. ഇതിനിടെ മദ്രാസിൽ പോയി അഭിനയിക്കുകയും പാടുകയും ചെയ്തെങ്കിലും 'കെടാവിളക്ക് 'പുറത്തിറങ്ങിയില്ല. 

      ഉദയായിൽ നിന്ന് വിളി വന്നു. കടലമ്മ, റബേക്ക തുടർന്ന് ഉദയായുടെ നിരവധി ചിത്രങ്ങൾ. വിവാഹം നടന്നു. പോലീസ് സബ് ഇൻസ്പെക്ടറായിരുന്നു. തിരുവനന്തപുരം സ്വദേശി ശ്രീധരൻ തമ്പി. സ്നേഹ സമ്പന്നൻ,സുന്ദരൻ. തോപ്പിൽ ഭാസിയെ പരിചയപ്പെട്ടതോടെ അടുത്ത നിയോഗം കെ.പി.എ.സി.യിലേക്കായി. സംസാരത്തിനിടെ 'പൊട്ടിച്ചിരിച്ചു ഞാൻ എങ്കിലും ' എന്ന സ്വന്തം ഗാനം അമ്മ മനോഹരമായി പാടിക്കേൾപ്പിച്ചു.

      തുടർന്നുള്ള 15 വർഷം 15 നാടകങ്ങൾ. ദിവസം നാല് നാടകങ്ങൾ വരെ കളിച്ചു. നാലാമത്തെ തട്ടിൽ നിന്നിറങ്ങുമ്പോൾ നേരം വെളുത്തു തുടങ്ങിയിരിക്കും.  അവസാനം അഭിനയിച്ചത് 16 വർഷം മുൻപ്. കോഴിക്കോട് ചിരന്തനയുടെ 'വേതാളം പറഞ്ഞ കഥ' മികച്ച നടിയെന്ന അവാർഡിനും അർഹയാക്കി. 

നാൽപ്പതു വർഷം മദ്രാസിൽ സജീവം 

       തെന്നിന്ത്യൻ സിനിമാ ആസ്ഥാനത്തെ താമസം കൊണ്ട് ജീവിക്കാനുള്ള സിനിമകൾ ലഭിച്ചു. അമ്മ വേഷങ്ങളിൽ തകർത്ത് അഭിനയിച്ചു.1974ൽ ഭർത്താവ് മരിച്ചത് ജീവിതത്തെ പ്രതിസന്ധിയിൽ ആക്കി. മൂന്ന് കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബ ചെലവുകൾ. തെരുവിൽ നിന്ന് ഒന്നര രൂപയുടെ 'പൊറ ' വാങ്ങിയും 50 പൈസയ്ക്ക് പൊതിച്ചോറു വാങ്ങിയും കുട്ടികളുടെ വിശപ്പടക്കിയിട്ടുണ്ട്. കൂടുതൽ സിനിമ . കൂടുതൽ പ്രതിഫലം.സിനിമാ പ്രതിഫലം വീണ്ടും ഉയരാൻ സാലി ഗ്രാമത്തിൽ മുന്തിയ വാടക വീടുകൾ എടുക്കേണ്ടി വന്നു. ഇളയദളപതി വിജയിന്റെ കുടുംബത്തിനൊപ്പം വാടക വീട് വർഷങ്ങൾ പങ്കുവച്ചു. 'ഓശാന ഓശാന ' ( ജീസസ്), 'പങ്കജാക്ഷൻ കടൽ വർണൻ' (ഏണിപ്പടികൾ ) എന്നിങ്ങനെ സിനിമയ്ക്കായി കുറെ പാടി. സിനിമയിൽ പലരെയും കൈ പിടിച്ചുയർത്തി. പലരും തള്ളിപ്പറഞ്ഞു.

മികവ് പുലർത്തിയ ഡബ്ബിങ്ങ് ആർട്ടിസ്റ്റ്

       അഭിനയത്തേക്കാൾ ബുദ്ധിമുട്ടുള്ള സംഗതിയാണ് ഡബ്ബിങ്ങ്. അന്യഭാഷാ നടികൾ, മലയാളി താരങ്ങൾ, ബാലതാരങ്ങൾ ഇവർക്കൊക്കെ വേണ്ടി ഡബ്ബു ചെയ്തു. ഇതര ഭാഷാ ചിത്രങ്ങളുടെ മൊഴി മാറ്റത്തിലും സജീവ പങ്കാളിത്തമുണ്ടായി. ഒരു സിനിമയിലെ നാലു കഥാപാത്രങ്ങൾക്കു വരെ ചുണ്ടു ചലിപ്പിച്ചു. ഡബ്ബിങ്ങ് ആർട്ടിസ്റ്റുമാരുടെ സംഘടന രൂപീകരണത്തിൽ മുഖ്യസ്ഥാനം വഹിച്ചു. പ്രശസ്തി, പ്രതിഫലം, സംതൃപ്തി ഒക്കെ ഉയർന്ന തോതിൽ ലഭിച്ചത് ഡബ്ബിങ്ങിലൂടെയാണ്. ഏഴു വർഷം മുൻപ് ചെന്നൈയിലെ വീട് വിറ്റ് മകൾക്കൊപ്പം തിരുവനന്തപുരത്തിന് താമസം മാറ്റി. പ്രശസ്ത ഡബ്ബിങ്ങ് ആർട്ടിസ്റ്റ് അമ്പിളിയാണ് മകൾ.

    താരസംഘടനയുടെ ചികിത്സാ ചെലവിനുള്ള സ്ഥിര നിക്ഷേപമുണ്ട്.പ്രതിമാസം 5000 രൂപ കൈനീട്ടം, എൽ.ഐ.സി. അടവ് ഇവയും അവർ വഹിക്കുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ പ്രതിമാസ പെൻഷനുകളുമുണ്ട്. ചാൻസ് കിട്ടുമ്പോൾ അഭിനയിക്കാനും പോകുന്നു.

ഇനി എനിക്കെല്ലാം ഗാന്ധിഭവനാണ്

      ഗാന്ധിഭവനെക്കുറിച്ച് പറയുമ്പോൾ പാലാ തങ്കത്തിന് നൂറു നാവാണ്. 'ഇവിടെ വന്നതോടെ മറ്റെല്ലാം മറന്നു. സിനിമാ സുഹൃത്തുക്കൾ വിളിക്കും. മക്കൾ വിളിക്കും. അവർ വരാറുമുണ്ട്. ഗാന്ധിഭവനിൽ സുഖ സൗകര്യങ്ങളുണ്ട്. യാതൊന്നും അറിയണ്ട' പാലാ തങ്കം പറയുന്നു. 

        'ഒരു കുടുംബമായി ഒത്തൊരുമയോടെ പോകുന്ന നിരവധി ആളുകൾ, പറഞ്ഞാൽ തീരാത്ത പ്രവർത്തനങ്ങൾ. ഒരു വലിയ കാരുണ്യ കൂട്ടുകുടുംബത്തിലെ അംഗമാണ് ഞാൻ. എല്ലാവരിൽ നിന്നും സ്നേഹവും വാത്സല്യവും ലഭിക്കുന്നു . യഥാർത്ഥ സ്നേഹം എന്തെന്ന് തിരിച്ചറിഞ്ഞതും അനുഭവിച്ചും ഇവിടെ വന്ന ശേഷമാണ്.' 72 പിന്നിട്ട പാലാ തങ്കം പറഞ്ഞു കൊണ്ടേയിരിക്കുന്നു. 

      കറുപ്പിലും വെളുപ്പിലും 'ആഭിജാത്യ ' ത്തിന്റെ അവസാന റീലുകൾ പൊട്ടിപ്പോകാതെ മിനിസ്‌ക്രീനിൽ ഓടുകയാണ്. 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image