ഇടുക്കിയില്‍ ഒരു വലിയ ഹില്‍ സ്റ്റേഷന്‍

കുര്യന്‍ പാമ്പാടി

മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മൂന്നാറും വാഗമണ്ണും കഴിഞ്ഞാല്‍ ഇടുക്കി ജില്ലയിലെ ഏറ്റം വലിയ ഹില്‍ സ്റ്റേഷനായി പാഞ്ചാലി മേട് വളരുന്നു. മൂന്നു കോടി രൂപമുടക്കി മഹാബലിപുരത്തെ ഓര്‍മ്മിപ്പിക്കുന്ന കല്‍മണ്ഡപവും കല്‍ഭരണികളും കഫറ്റേരിയയും പുല്‍മെത്തയും പുല്ലുമേഞ്ഞ ഏറുമാടവുമായി ടൂറിസം വകുപ്പ് അതിനു വഴിത്താരയിട്ടു.ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വികസന പദ്ധതിക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ഉദ്ഘാടനം നടന്ന 2018 മെയ് മുതല്‍ വര്‍ഷം അവസാനിക്കും വരെ 1,18000 പേര്‍ പാഞ്ചാലിമേട് സന്ദര്‍ശിച്ചതായി ഡിടിപിസി സെക്രട്ടറി ജയന്‍ പി. വിജയന്‍ അറിയിച്ചു. പത്തു രൂപയാണ് പ്രവേശന ഫീസ്.

പീരുമേട്ടില്‍ നിന്ന് പന്ത്രണ്ടു കി.മീ. കിഴക്കു സഹ്യാദ്രിയുടെ നടുവിലാണ് സമുദ്രനിരപ്പില്‍ നിന്ന് 2500 അടി ഉയരത്തില്‍ പാഞ്ചാലിമേട് കിടക്കുന്നത് . നാലുചുറ്റിനും മഞ്ഞു മൂടിയ അഗാധ താഴ്വാരങ്ങള്‍. തെളിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴയിലെ ലൈറ്റ് ഹൗസ് വരെക്കാണാം. ഏതാനും കി.മീ. അകലെ മനോഹരമായ കണയങ്കവയല്‍ എന്ന കുടിയേറ്റ ഗ്രാമവും അവിടത്തെ ദേവാലയവും.

മലകള്‍ ചുറ്റി വരിഞ്ഞു കിടക്കുന്ന ടാര്‍ റോഡിലൂടെ ചുവന്ന കെഎസ്ആര്‍ടിസി ബസ് ഇഴഞ്ഞു നീങ്ങുന്നതു കണ്ടാല്‍ ഗ്രാമീണ കേരളത്തിന്റെ നഷ്ട സൗഭാഗ്യങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയാണോ എന്നു തോന്നിപ്പോകും. മലകളുടെ ഇടയില്‍ അങ്ങിങ്ങായി പുതിയ റിസോര്‍ട്ടുകളുടെ ചുവന്ന ഓടിട്ട അങ്കുരങ്ങളും കാണാം.

പെരുവന്താനം പഞ്ചായത്തിന്റെ കപ്പാലുവേങ്ങ എന്ന പത്താം വാര്‍ഡിലാണ് പാഞ്ചാലിമേട്ടിന്റെ കിടപ്പ്.. പഞ്ചപാണ്ഡവന്മാര്‍ കുളിച്ചു താമസിച്ച സ്ഥലം എന്നനിലയില്‍ ഇവിടം ഹൈന്ദവരുടെ ഒരു തീര്‍ഥാടനകേന്ദ്രം ആണ്. അവിടെ പാഞ്ചാലികുളവും ഉണ്ട്. ഒപ്പം കുടിയേറ്റ ക്രിസ്ത്യാനികളുടെ കുരിശടിയും. എന്നാല്‍ പ്രകൃതിയുടെ വരദാനം എന്ന നിലയില്‍ പാഞ്ചാലിമേട് വികസിക്കുന്നതില്‍ എല്ലാവരും സന്തുഷ്ടരാണ്

അതുകൊണ്ടാണ് പഞ്ചായത്തു പ്രസിഡന്റ് കെ.ടി.ബിനു ടൂറിസം വകുപ്പിന്റെ പ്രത്യേക ശ്രധ്ധ പാഞ്ചാലി
മേട്ടിലേക്കു ക്ഷണിച്ചു കൊണ്ടുവന്നത്. എംഎല്‍എ ഇഎസ്.ബിജിമോളും മന്ത്രി എംഎം മണിയും എംപി ജോയിസ് ജോര്ജും കൂടെനിന്നു. എല്ലാറ്റിനും ഉപരി ടൂറിസം മന്ത്രി കടകംപള്ളിയും.

മലനികുരത്തില്‍ ഒരു തടാകവും അതില്‍ പെഡല്‍ ബോട്ടും വാട്ടര്‍ സ്‌കൂട്ടറും സജ്ജീകരിക്കാനുള്ള അഞ്ചു കോടി രൂപയുടെ പദ്ധതിയും വരുന്നുണ്ടെന്നു ബിനു അറിയിച്ചു. വാര്‍ഡ് മെമ്പര്‍ മിനി സുധാകരനും കണയങ്കവയല്‍ മെമ്പര്‍ ജോസ് മാത്യുവും ഒപ്പമുണ്ടായിരുന്നു. പാഞ്ചാലിക്കുളത്തിനു ചുറ്റും വാക് വേ നിര്‍മ്മിക്കും. താഴെ തടയണ കെട്ടി വെള്ളം സംഭരിച്ച് മുകളിലേക്ക് പമ്പ് ചെയ്യും.

പാഞ്ചാലിമേട്ടിനെ ചുറ്റി ഏതാനും റിസോര്‍ട്ടുകളും ആയുര്‍വേദ കേന്രങ്ങളും വന്നു കഴിഞ്ഞു. ചില ഹോംസ്റ്റേകളും. കൂടുതല്‍ ഹോം സ്റ്റേകള്‍ക്കായി പഞ്ചായ ത്തിന്റെ ആഭിമുഖ്യത്തില്‍ സര്‍വ്വേ നടത്താന്‍ പോകുന്നതായി ബിനു പറഞ്ഞു. പാഞ്ചാലിമേട്ടില്‍ തന്നെ തേന്‍, കൂവപ്പൊടി, പനമ്പൊടി തുടങ്ങിയ ഗ്രാമീണ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഒരു എക്കോഷോപ് റെഡിയായിട്ടുണ്ട്. എകയം വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിങ്ങിനും പ്ലാനുണ്ട്.

പ്രകൃതിഭംഗിയെ ഹനിക്കുന്ന മാലിന്യനിക്ഷേപ മായിരുന്നു പാഞ്ചാലിമേട്ടിലെ വലിയ തലവേദന. ഡിറ്റിപിസിയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികളെ ശുചീകണ പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിച്ചിട്ടുണ്ട്. അവര്‍ പുല്‍മെത്തകള്‍ നനക്കുന്നതും ആധുനിക ടോയ്ലറ്റ് മുറികള്‍ ശുചീകരിക്കുന്നതും കണ്ടു. പരിസരത്ത് പ്ലാസ്റ്റിക് കൂടുകള്‍ ഒന്നും കണ്ടതേയില്ല. വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ഒഴുകി വരുന്ന ജനാവലിയായിരിക്കും വലിയ മുതല്‍ക്കൂട്ടും ഒപ്പം വെല്ലുവിളിയും..

യുഎഇ യിലെ റാസ് എല്‍ ഖൈമയില്‍ പ്രവാസി ജീവിതം കഴിഞ്ഞെത്തിയ പി.വി. സനിഷ് നടത്തുന്ന വില്ലേജ് കഫറ്റേരിയ ആണ് മറ്റൊരു ആകര്‍ഷണം. നാട്ടുകാരനായ സനീഷ് ഒരു നല്ല ഫോട്ടോഗ്രാഫര്‍ കൂടിയാണ് .. അദ്ദേഹത്തിന്റെ സിനിമാട്ടോഗ്രാഫര്‍ സുഹൃത്ത്പ്രമോദ് കെ.പിള്ള (മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍) നിര്‍മ്മിച്ച 'ദി വില്ലജ് കഫേ' എന്ന വീഡിയോ ക്ലിപ്പിംഗ് പാഞ്ചാലിമേട്ടിന്റെ മുഗ്ധസൗന്ദര്യം ഒപ്പിയെടുത്തിരിക്കുന്നു. പാഞ്ചാലിമേട്ടിനെപ്പറ്റി എന്തറിയാനും സനീഷിനെ വിളിക്കാം. നമ്പര്‍:9074213807

നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാഞ്ചാലിമേട്ടിനു തൊട്ടരികില്‍ റിസോര്‍ട്ടുകള്‍ വിരലില്‍ എണ്ണാന്‍ മാത്രം.. ഏറ്റവും അടുത്തുള്ള ഒന്ന്പാരഡൈസ. മറ്റൊന്ന് മിസ്റ്റി ഹില്‍. മൂന്നാമത്തേതാണ് ഏറ്റം പുതിയത്--ഏപ്രിലില്‍ തുറക്കാനിരിക്കുന്ന 'സെറീനിറ്റി'. മൂണും പ്ലാന്റേഷന്‍ റിസോര്‍ട്ടുകള്‍. ആദ്യത്തെ രണ്ടും വന്‍ ബിസിനസ് ഗ്രൂപ്പുകള്‍ പ്രൊഫഷനല്‍  അടിസ്ഥാനത്തില്‍ നടത്തുന്ന സ്ഥാപനങ്ങള്‍. മൂന്നാമത്തേത് ഒരു വ്യക്തി നേരിട്ട് നടത്തുന്ന ജീവിത സ്വപ്നം..

സെറിനിറ്റിക്ക് പുതുമകള്‍ പലതും അവകാശപ്പെടാം. പാഞ്ചാലിമേട്ടില്‍ നിന്നു രണ്ടര കി.മീ. അകലെ കൊടുംവനത്തിലേക്കു കണ്ണു നട്ടു നില്‍ക്കുന്ന അഞ്ചുനില മന്ദിരം. കൊല്ലം ഡിണ്ടിഗല്‍ നാഷണല്‍ ഹൈവേ 183 ലെ മുറിഞ്ഞപുഴ നിന്ന് ഒരുകി.മീ. ഉള്ളില്‍, പാഞ്ചാലിമേട്ടിലേക്കുള്ള പാതയോരത്ത്. തീര്‍ത്ഥാടന കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്ന നിര്‍ദ്ദിഷ്ട പഴനി-ശബരിമല ഹൈവേ കടന്നു പോകുന്നത് ഈ വഴി.

''പൈതുകമായി എനിക്കു ലഭിച്ച അഞ്ചേക്കര്‍ മലഞ്ചെരിവില്‍ ഒരു അതിഥി മന്ദിരം കെട്ടിപ്പടുക്കണമെന്ന ആശ മൂന്നു വര്‍ഷം മുമ്പാണ് അങ്കുരിച്ചത് '' കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ കൊമേഴ്സ് വകുപ്പ് അധ്യക്ഷനായിരുന്ന ഡോ എം.ഡി.ബേബി, 61, പറഞ്ഞു. രൂപതവക കുട്ടിക്കാനത്തെ മരിയന്‍ കോളജില്‍ കൊമേഴ്‌സില്‍ എച്ഒഡി. ആയി വന്നതോടെ ഐഡിയക്ക് രൂപഭാവം വന്നു. മരിയനില്‍ നിന്ന് ആറു കി.മീ ദൂരമേ ഇങ്ങോട്ടുള്ളു.

പട്ടുനൂല്‍ കൃഷിയുടെ കേരളത്തിലെ വ്യാപനത്തെക്കുറിച്ചായിരുന്നു ഡോക്ടറല്‍ ഗവേഷണം. അതിനുവേണ്ടി ഇടുക്കിയിലും വയനാട്ടിലുമെല്ലാം ബഹുദൂരം സഞ്ചരിച്ചു . അന്ന് കേരളമൊട്ടാകെയുള്ള വിനോദസഞ്ചാര വ്യവസായത്തെപ്പറ്റി നേരിട്ട് പഠിക്കാന്‍ കഴിഞ്ഞു ഭാര്യ ആലിസ്‌കുട്ടിയും ഡൊമിനിക്‌സില്‍ എച്ഒഡി ആയിരുന്നു. ലിവര്‍പൂളില്‍ പിഎച് ഡി ചെയ്ത മകന്‍ അലനും ഭാര്യനീതുവും ഷാര്‍ജയിലാണ്. ബംഗലൂരി ലുള്ള മകള്‍ അഞ്ജുവും ഭര്‍ത്താവ് മാത്യു തോമസും സിഎ ക്കാരാണ്.. എല്ലാവരും ചേര്‍ന്ന് പ്രോജക്ടിന് ഊടും പാവും നെയ്തു.

അഞ്ചു നിലയില്‍ ഒമ്പതു ഡബിള്‍ സ്വീറ്റുകള്‍. കോണ്‍ഫറന്‍സ് ഹാള്‍ . ഏതു മുറിയില്‍ നിന്നാലും എതിരെയുള്ള എരുമേലി റേഞ്ചിലെ ഇരുണ്ട വനങ്ങളും സഹ്യാദ്രിയിലെ മലമടക്കുകളും കാണാം. ശബരിമല അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈ വനത്തിനു തൊട്ടുചേര്‍ന്നു കിടക്കുന്നു. മുറിഞ്ഞപുഴക്കു മുകളിലെ വളഞ്ഞങ്ങാനം ജലപാതംചെന്നു ചേരുന്ന പന്നിയാര്‍ റിസോര്‍ട്ടിനു താഴെക്കൂടി ഒഴുകി അഴുതയാറ്റില്‍ എത്തി പമ്പയിലേക്ക് കുതിക്കുന്നു..

അഞ്ചേക്കര്‍ തട്ടു തട്ടായി വെട്ടിയൊരുക്കി മാവും പ്ലാവും കടപ്ലാവും ചിരുമ്പപ്പുളിയും അമ്പഴവും ഒട്ടേറെ പൂച്ചെടികളും വച്ച് പരിപാലിക്കുന്നു. എല്ലാറ്റിനും ഇടയിലൂടെ വെട്ടിയൊരുക്കിയ നടപ്പാതകളും വശങ്ങളില്‍ പുല്ലു മെത്തകളുമുണ്ട്. മുളയും ഈറ്റയും കൊണ്ട് നിര്‍മ്മിച്ച് ഈറ്റയില കൊണ്ട് മേഞ്ഞ ധ്യാനക്കുടില്‍ അന്ന് മറ്റൊന്ന്. സൗരോര്‍ജവിളക്കുകള്‍ ചുറ്റിനും. സൗരോര്ജംകൊണ്ടുള്ള ചൂട് വെള്ളവും. സമുദ്രനിരപ്പില്‍ നിന്ന് 2850 അടി മുകളിലായതിനാല്‍ ചൂട് വെള്ളം അനിവാര്യം. 

അവസാന മിനുക്കു പണികള്‍ നടത്തുന്ന തിരക്കിലാണ് പ്രൊഫ. ബേബി. മൗനം വാചാലമാക്കി എല്ലാറ്റിനും പിന്തുണ നല്‍കിയ ആലീസ്‌കുട്ടിയുടെ ഓര്‍മക്കായി സെറിനിറ്റി സമര്‍പ്പിക്കുകയാണ് അദ്ദേഹം. നാട്ടുകാരിയായ ആനിയമ്മ ആന്റണിയാണ് വാസ്തുശില്‍പ്പി. കോഴഞ്ചേരിയില്‍ പ്രാക്ടീസ് ചെയ്യുന്നു--അന്നാ ആര്‍കിടെക്ട്‌സ്.

സെറിനിറ്റി പേരുപോലെ ശാന്തഗംഭീരം. അതിഥികള്‍ക്ക് പുറക്കയത്ത് പന്നിയാര്‍-ചിന്നാര്‍ സംഗമത്തിലുള്ള 14 ഏക്കര്‍ പുല്‍പ്പേല്‍ പഴത്തോട്ടത്തിലേക്ക് ഓഫ്റോഡ് യാത്ര (ആറ്റിനക്കരെയുള്ള വനങ്ങളില്‍ ആനകളുണ്ട്), ചെയ്യാം ..നല്ലതണ്ണിയിലെ മാര്‍ത്തോമ്മാ ശ്ലീഹാ ആശ്രമം (സുപ്പീരിയര്‍ വിശ്രുത സഭാചരിത്രകാരന്‍ ഡോ സേവ്യര്‍ കൂടപ്പുഴ), വളഞ്ഞങ്ങാനത്തെ വെള്ളച്ചാട്ടം, പൈന്‍ മരക്കാട് എന്നിവയും അടുത്ത്. കൂടാതെ തേയിലക്കാടുകളുടെ നാടുവിലൂടെ റിസോര്‍ട്ടുകള്‍ പെരുമ്പറ കൊട്ടുന്ന വാഗമണ്ണിലേക്കും യാത്രചെയ്യാം. അവിടെ കുരിശുമല ആശ്രമവും സ്വിസ് ആല്‍പ്‌സിനെ ഓര്‍മ്മിപ്പിക്കുന്ന മൊട്ടക്കുന്നുകളും ഡയറി സയന്‍സ് കോളജുമുണ്ട് ഒപ്പം വലിയൊരു പൈന്‍ ഫോറെസ്റ്റും ഓര്‍ക്കിഡ് ഗാര്‍ഡനും. ദൂരം 30 കി.മീ.

സെറിനിറ്റിയോടെ ചേര്‍ന്ന് ഗ്രാമീണ ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഒരു എക്കോ ഷോപ്പും തുറക്കുന്നുണ്ട്.നാട്ടുകാരനായ സുഹൃത്ത് സിബിയുടെ ഭാര്യബിബിന പാചകകലയില്‍ മിടുക്കിയാണ്.അവര്‍ ഉണ്ടാക്കുന്ന പൈനാപ്പിള്‍ സിറപ്പ്, വനവാസികളില്‍ നിന്ന് ശേഖരിക്കാന്‍ കഴിയുന്ന വന്‍ തേന്‍, ചെറുതേന്‍, ഓര്‍ഗാനിക് ഗ്രീന്‍ റ്റീ മുതലായവ ആ ഷോപ്പില്‍ വില്‍ക്കാനാവുമെന്നു പ്രൊഫ. ബേബി അറിയിച്ചു.

പാഞ്ചാലിമേട്ടിനു ഒന്നരകി.മീ.അകലെ 'താഴ്വാരം' എന്ന പേരില്‍ സമ്മര്‍ ഹൗ സുകളുടെ പുതിയൊരു സമുച്ചയം പണിതീര്‍ന്നു വരുന്നു. മൂന്ന് സെന്ററില്‍ ഒരു കിടക്കമുറിയും രണ്ടു കിടക്കമുറികളുമുള്ള വീടുകളുടെ കോളനി. ഐഎസ്ആര്‍ഒ സിവില്‍ എന്‍ജിനീയര്‍ ആയിരുന്ന തിരുവനതപുറാം സ്വദേശി ഡേവിഡ് ജോണ്‍സന്‍ ആണ് പ്രൊമോട്ടര്‍. മസ്‌കറ്റില്‍ നിന്നുള്ള ഡെന്നിയും ദിവ്യയും പണിതീര്‍ന്ന വീടുകള്‍ ചുറ്റി നടന്നു കാണുന്നുണ്ടായിരുന്നു.

നല്ലതണ്ണിയില്‍ കാട്ടിനു നടുവില്‍ കല്ലും കട്ടയും കൊണ്ട് സ്വയം നിര്‍മ്മിച്ച ഗുഹപോലുള്ള വീട്ടില്‍ രണ്ടുപതിറ്റാണ്ടിലേറെയായി ഏകാന്ത ജീവിതം നയിക്കുന്ന മുന്‍ ഫ്രാന്‍സിസ്‌കന്‍  സഹാദരന്മാര്‍ ഒരപൂര്‍വ കാഴചയാണ്. സണ്ണിയും ജോണിയും ബിനോയിയും. മിക്കപ്പോഴും മൗനവൃതമാണ് . എന്നിട്ടും ആളുകള്‍ അന്വേഷിച്ച് ചെല്ലുന്നു. കൂടെ ഒരുരാത്രി തങ്ങുന്നു.പാലായിലെ ആശിഷ് ജോസും പൂഞ്ഞാറിലെ ജോര്‍ജുകുട്ടി മാത്യുവും അങ്ങിനെ രണ്ടുപേരാണ്.

'ഞങ്ങളെപ്പറ്റി ഒന്നും എഴുതരുതേ,'' എന്ന് കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശിയയായ സണ്ണി കായംകാട്ടില്‍, 52, അഭ്യര്‍ത്തിച്ചു. വിളക്കു കത്തിച്ച് പറയുടെ കീഴില്‍ വയ്ക്കരുത്'' (ആ പ്രകാശം എല്ലാവര്ക്കും കിട്ടണം) എന്ന ബൈബിള്‍ ശാസനം ഉദ്ധരിച് ഞങ്ങള്‍ അതിനെ പ്രതിരോധിച്ചു. സണ്ണി മൗനവൃത്തത്തിലായിരുന്നെങ്കിലും സ്വര്‍ഗീയ സൗന്ദര്യം വിതറുന്ന സൂര്യാസ് തമനം വരെ ഞങ്ങളോട് സംസാരിച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാട്ടിലെ സഹോദരന്‍മാര്‍ നല്‍കിയ ലെമണ്‍ ടീയുടെ തിരുമധുരം നാവില്‍ തുളുമ്പി നില്‍ക്കുന്നു.  

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image