നിലവിലുള്ള രാഷ്ട്രീയ സമവാക്യങ്ങളെ തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ട് ദ്രാവിഡമുന്നേറ്റ കഴകം (ഡിഎംകെ) തമിഴകത്ത് തേരോട്ടം ആരംഭിക്കുന്നത് 1969 ജനുവരി പതിനാലിനാണ്. അന്ന് ആ മുന്നേറ്റത്തിന്റെ അമരത്ത് നിലയുറപ്പിച്ചിരുന്നത് കാഞ്ചീവരം നടരാജന്‍ അണ്ണാദുരൈ എന്ന സി എന്‍ അണ്ണാദുരൈ ആയിരുന്നു. 'ഒന്റ്രേ കുലം, ഒരുവനേ ദേവന്‍'എന്ന് വിശ്വസിച്ച അണ്ണാ പിന്‍വാങ്ങിയിട്ട് വര്‍ഷം അന്‍പതു കഴിഞ്ഞിരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിലുള്ള ദ്രാവിഡ വിശ്വാസങ്ങളുടെ ശവപ്പെട്ടിയില്‍ ആണി അടിക്കാന്‍ കാത്തിരിക്കുന്നവരാണ് ഇന്നത്തെ അണ്ണായുടെ പിന്‍ഗാമികള്‍. അധികാരം കൊയ്യണം നാമാദ്യം എന്ന് വിശ്വസിക്കുന്ന ദ്രാവിഡപ്പെരുമക്കാര്‍ ഇന്ന് രാഷ്ട്രീയത്തിന്റെ അസ്തിവാരങ്ങളില്‍ സ്വന്തം നിലനില്‍പ്പിന്റെ ശക്തി പരീക്ഷിക്കുകയാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്ന വേളയില്‍ ആദര്‍ശങ്ങള്‍ക്കല്ല സഖ്യങ്ങള്‍ക്കാണ് മുന്‍തൂക്കമെന്ന് അവര്‍വിശ്വസിക്കുന്നു. 

മുത്തുവേല്‍ കരുണാനിധിയുടെ ഡി എം കെയും ജയലളിതയുടെ എ ഐ എ ഡി എം കെയും മാറി മാറി ഭരിച്ചപ്പോള്‍ അഴിമതിയുടെ കിരാത കാലം നടമാടുകയായിരുന്നു. മക്കളും ചെറുമക്കളും ബന്ധുക്കളും ശില്‍പ്പന്തികളും കൂടിതമിഴകത്തിന്റെ ഭാഗധേയങ്ങള്‍ ശൂന്യമാക്കുകയായിരുന്നു. അതുകൊണ്ടാണ് 2019 ലെ ലോക്‌സഭാതെരഞ്ഞെടുപ്പിനു കൂടുതല്‍ പ്രസക്തിയുണ്ടെന്ന് തമിഴകത്തെ രാഷ്ട്രീയപ്പരിഷകള്‍ വിശ്വസിക്കുന്നത്. അഴിമതിയില്‍ നിന്ന്‌മോചനം എന്നാണ് ഡി എം കെ മുതല്‍ ബി ജെ പി വരെയുള്ള വമ്പന്‍ കക്ഷികള്‍ ഉരുവിടുന്നത്. അന്‍പതുവര്‍ഷത്തിനു ശേഷം ദ്രാവിഡ രാഷ്ട്രീയ കക്ഷികളുടെ അന്തസ്സത്ത ചോര്‍ന്നു തുടങ്ങിയിരിക്കുന്നു. അതിനാല്‍ സഖ്യങ്ങള്‍ തീര്‍ത്തുമുന്നേറി ഭരണം പിടിക്കുക എന്ന മിനിമം പരിപാടിയാണ് അവരുടെ മുന്നിലുള്ള ഏക പോംവഴി. 

കരുണാനിധിയുടെ രാഷ്ട്രീയ ചാണക്യതന്ത്രങ്ങളൊന്നും കാര്യമായി വശമില്ലെങ്കിലും അദ്ദേഹത്തിന്റെ മകന്‍ എം കെ സ്റ്റാലിന്‍ കോണ്‍ഗ്രസിന്റെ തോളില്‍ കൈയിട്ട് തെരഞ്ഞെടുപ്പുകള്‍ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. ദ്രാവിഡേതര പാര്‍ട്ടികളില്‍ തമിഴകത്ത് ഇന്നും മുന്‍തൂക്കമുള്ളത് കോണ്‍ഗ്രസിനാണ്. 

കൊല്‍ക്കത്തയില്‍ ബിജെപിക്കെതിരെ 23 പ്രതിപക്ഷ കക്ഷികളുടെ ഒത്തുചേരല്‍ ഡി എം കെയെ മാത്രമല്ല തമിഴകത്തെ സമാന മനസ്‌ക്കരായ പാര്‍ട്ടികളേയും ആവേശ ഭരിതരാക്കിയിട്ടുണ്ട്. ബിജെപിയുമായി യാതൊരുവിധ സഖ്യത്തിനും സാധ്യതയില്ലെന്നും മത നിരപേക്ഷത, ഫെഡറല്‍ അവകാശങ്ങള്‍, സമത്വം, സഖ്യ മര്യാദ തുടങ്ങിയ മുല്യങ്ങളെ പരിഗണിക്കാത്ത നേതാവാണ് മോദിയെന്നും സ്റ്റാലിന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതേ സമയം സിപിഎം ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഡി എം കെയോടു ആഭിമുഖ്യം പ്രകടിപ്പിക്കാനും താല്‍പ്പര്യം കാണിച്ചിരിക്കുന്നു. വാജ്‌പേയിയോടുള്ള ആഭിമുഖ്യം കൊണ്ടാണ് 1998 ല്‍ ഡി എം കെ ബിജെപിയുമായി സംഖ്യം സ്ഥാപിച്ച് വിജയിച്ചതെന്നും മോദി വാജ്‌പേയി അല്ലെന്നും സ്റ്റാലിന്‍ തുറന്നടിച്ചു. രാഹുല്‍ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന സ്റ്റാലിന്റെ പ്രഖ്യാപനം അടുത്തിടെ കൂടുതല്‍ കോലാഹലങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ബിജെപിയെ തറപറ്റിക്കാന്‍ തമിഴ് മക്കള്‍ ഒന്നടങ്കം മുന്നിട്ടിറങ്ങണമെന്നാണ് ഡി എം കെ രാജ്യ സഭാ എം പി കനിമൊഴി വേദികളില്‍ ആക്രോശിക്കുന്നത്.
 
എന്നാല്‍ ഭരണത്തിലുള്ള എടപ്പാടികെ പളനി സാമിയുടെ എ ഐ എ ഡി എം കെയുമായി സഖ്യമാകാനുള്ള ബിജെപിയുടെ ശ്രമങ്ങളും ഫലവത്തായിട്ടില്ല. നീറ്റ് സൃഷ്ടിച്ച പ്രശ്‌നങ്ങളും, നോട്ടു പിന്‍വലിക്കലും, അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനയുമൊക്കെ തമിഴ് മക്കള്‍ക്കിടയില്‍ ബിജെപി വിരുദ്ധ തരംഗം സൃഷ്ടിച്ചിരിക്കുന്ന സ്ഥിതിക്ക് അവരുമായ സഖ്യത്തിലേര്‍പ്പെടുന്നത് ബുദ്ധിപൂര്‍വമായിരിക്കില്ല എന്നാണ് മുതിര്‍ന്ന ഒരു വിഭാഗം എ ഐ എ ഡി എം കെ നേതാക്കള്‍ വാദിക്കുന്നത്. സഖ്യമില്ലാതെ ആസന്ന മായലോക്‌സഭാതെരഞ്ഞെടുപ്പിലും തുടര്‍ന്നു വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും വിജയിക്കാനാവില്ലെന്ന് എടപ്പാടി വിഭാഗത്തിനു നന്നായറിയാം. അതുകൊണ്ടു തന്നെ എ ഐ എ ഡി എം കെ ഇന്ന് ധര്‍മ്മ സങ്കടത്തിലുമാണ്. എന്നാല്‍ തമിഴകത്തെ പാര്‍ട്ടി വിരുദ്ധ തരംഗത്തെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയാണ് ബിജെപി. പൊതുവില്‍ പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനമെന്ന നിലക്ക് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്. എടപ്പാടി മന്ത്രി സഭയിലെ മന്ത്രിമാര്‍ക്കെതിരെ പ്രകടമായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ എ ഐ എ ഡി എം കെയുമായി കൂട്ടു ചേരുന്നത് രാഷ്ട്രീയ വിശ്വാസങ്ങളെ ഹനിക്കുമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. 

തങ്ങളുടെ നിലനില്‍പ്പ് ഭദ്രമാക്കാന്‍ വടക്ക് നിന്ന് ബിജെപി നേതാക്കള്‍ കൂട്ടത്തോടെ തമിഴ്‌നാട്ടില്‍ എത്തുകയാണ്. അമിത് ഷാ, ഗാഡ്കരി, രവിശങ്കര്‍പ്രസാദ്, നിര്‍മ്മലാ സീതാരാമന്‍, ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എന്നിവര്‍ താമസയാതെ എത്തും. അഞ്ചു മേഖലകളായ തിരിച്ച് സാധാരണക്കാരുമായ സംവദിക്കുകയാണ് ഈ നേതാക്കളുടെ ലക്ഷ്യം. തമിഴ്‌നാടിനു വേണ്ടി കേന്ദ്രം എന്തൊക്കെ ചെയ്തു എന്നാണ് അവര്‍ വിശദീകരിക്കുക. എന്തായാലും ഡി എം കെ, കോണ്‍ഗ്രസ് ഇടതു കക്ഷികള്‍ തുടങ്ങിയവരെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു മഹാ സഖ്യമാണ് ബിജെപിയുടെ ഉള്ളിലിരിപ്പ്. എ ഐ എ ഡി എം കെ, ഡോക്ടര്‍ രാമദാസിന്റെ പി എം കെ, വിജയകാന്തിന്റെ ഡി എം ഡി കെ, പുതിയ തമിഴകം, ഐ ജെ കെ തുടങ്ങിയ പാര്‍ട്ടികള്‍ തങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ബിജെപി നേതൃത്വം കരുതുന്നു. 

അഞ്ചുലക്ഷം കോടിയുടെ വികസനമാണ് കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ കൊണ്ടു വന്നിരിക്കുന്നതെന്നും അതൊക്കെ സാധാരണക്കാരെ ബോധ്യപ്പെടുത്തിയാല്‍ വോട്ടിന്റെ ഗതിതങ്ങള്‍ക്ക് അനുകൂലമാകുമെന്നും പാര്‍ട്ടി വിശ്വസിക്കുന്നു. എന്നാല്‍ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറും എ ഐ എ ഡി എം കെ നേതാവുമായ എം തമ്പിദുരൈയുടെ തുറന്നടിച്ച ആക്രമണങ്ങളാണ് ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നത്. 
ശശികലയുടെ പിന്‍ബലമുള്ള അമ്മ മക്കള്‍ മുന്നേറ്റകഴകം (എ എം എം കെ) നേതാവ് ടിടിവി ദിനകരന്‍ എം തമ്പിദുരൈയെ നിരന്തരം വിമര്‍ശിക്കുകയാണ്. ജയലളിത അന്തരിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം കിട്ടുമെന്നു കരുതിയ തമ്പിദുരൈക്ക് ഇപ്പോള്‍ നിരാശയാണെന്ന് ദിനകരന്‍ ആരോപിക്കുന്നു. നരേന്ദ്ര മോഡിയുടെ അടിമകളാണ് എടപ്പാടിയും പനീര്‍ ശെല്‍വവുമെന്നും ദിനകരന്‍ പറയുന്നു. എന്നാല്‍ ദിനകരന്റെ എ എം എം കെ ആരോടൊപ്പം നല്‍ക്കുമെന്ന് തീരുമാനമായിട്ടില്ല. ജയലളിതയുടെ മരണം മൂലം ഒഴിവു വന്ന ആര്‍ കെ നഗരില്‍ നിന്നാണ് ദിനകരന്‍ വിജയിച്ച് നിയമ സഭയില്‍ എത്തിയത്.

രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പ് അനുബന്ധക്കളികള്‍ പലതരത്തില്‍ മുന്നോട്ടു പോകുമ്പോള്‍ സിനമാ രംഗത്തു നിന്നു വന്ന കമലഹാസനും രജനീകാന്തും ജനങ്ങളെ സ്വീധീനിക്കാനുള്ള അടവുകള്‍ പരീക്ഷിക്കുകയാണ്. മക്കള്‍ നീതിമയ്യം(എം എന്‍ എം)എന്ന പാര്‍ട്ടി പ്രഖ്യാപിച്ച് കമല്‍ രംഗത്തിറങ്ങിയെങ്കിലും രജനീകാന്ത് ഇപ്പോഴും ചിന്താക്കുഴപ്പിലാണ്. ഇവരുടെ പാര്‍ട്ടികള്‍ ഒറ്റക്ക് മത്സരിക്കുമോ മറ്റേതെങ്കിലും പാര്‍ട്ടികളുമായി സഖ്യത്തിലാകുമോ എന്നൊന്നും വ്യക്തമല്ല. കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് കമല്‍ ഒരിക്കല്‍ പറഞ്ഞെങ്കിലും കാര്യമായ പ്രതികരണമൊന്നും മറു പക്ഷത്തു നിന്ന് ഉണ്ടായിട്ടില്ല.  
 
സംസ്ഥാനത്തെ സഖ്യസാധ്യതകള്‍ വിലയിരുത്താന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ സിപിഎം നിയോഗിച്ചിരിക്കുകയാണ്. മതനിരപേക്ഷ സഖ്യത്തിനാണ് പാര്‍ട്ടി മുന്‍തൂക്കം കൊടുക്കുക. എന്തായാലും ലോക ്‌സഭാതെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും തമിഴകത്തെ രാഷ്ട്രീയ രംഗം കൂടുതല്‍ ചാന്താകുലമാകുകയാണ്. ഒന്നാംകിട പാര്‍ട്ടികള്‍ക്കു പോലും വ്യക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കുന്നില്ല എന്നതാണ് സംസ്ഥാനം അഭിമുഖീകരിക്കുന്ന ധര്‍മ്മ സങ്കടം.  

മറുവാക്ക്: മാഹാത്മാഗാന്ധിയുടെ സെക്രട്ടറിയായിരുന്നു വികല്യാണത്തെ കഴിഞ്ഞ ദിവസം സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. അദ്ദേഹത്തോട് തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞു: തിരുവാരൂരില്‍ നിന്ന് വണ്ടിക്കൂലി പോലും ഇല്ലാതെ കഷ്ടപ്പെട്ടു മദ്രാസിലെത്തിയ എം കരുണാനിധി മരിക്കുമ്പോള്‍ ആസ്തി 60 കോടി ആയിരുന്നു. ഇതാണ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ശില.  


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image