പ്രശ്ന മണ്ഡലങ്ങള്‍ 
ഇടുക്കി:ചാരം മൂടിയ തീക്കനല്‍

ചാരം മൂടിയ തീക്കനല്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നിന്ന കാലത്ത് ഇടുക്കി ജില്ലയെക്കുറിച്ചുള്ള വിശേഷണമായിരുന്നു അത്. അതുകൊണ്ടുതന്നെ കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കിയ ഒന്നുകൂടിയായിരുന്നു ഇടുക്കിയിലെ തെരഞ്ഞെടുപ്പ് ഫലം. 

     എന്നാല്‍ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലത്തെ തന്നെ മാറ്റിമറിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇടുക്കി ജില്ലക്കാര്‍ പോലും മറന്നുതുടങ്ങിയിരിക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ നിലവിലെ എംപിയായ ജോയ്‌സ് ജോര്‍ജ് തന്നെയായിരിക്കുമോ സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ ഇപ്പോഴും എല്‍ഡിഎഫ് തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. 2014-ലെ തെരഞ്ഞെടുപ്പിന്റെ ഗതിതന്നെ മാറ്റിമറിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ തന്നെ തുറന്നു സമ്മതിക്കുന്നു. 

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഇടുക്കിയുടെ സുവര്‍ണ കാലമായിരുന്നുവെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലെത്തിയവരെ ഇത്തവണ ജനം തള്ളിക്കളയുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയാല്‍ അത് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്നുറപ്പാണ്. 


കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പശ്ചിമ ഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ഇടുക്കി ഉള്‍പ്പടെയുള്ള മലയോര മേഖലകള്‍ സമരത്തീച്ചൂളകളായി മാറിയത്. കടുത്ത പ്രതിഷേധത്തിനൊടുവില്‍ ഗാഡ്ഗില്‍ മാറി കസ്തൂരി രംഗനെത്തിയിട്ടും പ്രതിഷേധത്തിന്റെ ചൂടു തെല്ലും കുറഞ്ഞില്ല. ഹൈറേഞ്ച് സംരക്ഷണ സമിതിയെന്ന സംഘടനയുടെ ബാനറില്‍ ഇടുക്കിയില്‍ ജനങ്ങള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരേ കുരിശു യുദ്ധം പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ശക്തമായ സാന്നിധ്യമുള്ള കത്തോലിക്കാ സഭയാകട്ടെ റിപ്പോര്‍ട്ടിനെതിരേ പരസ്യമായി രംഗത്തെത്തി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കര്‍ഷക വിരുദ്ധമായി ഒന്നുമില്ലെന്നും റിപ്പോര്‍ട്ടു നടപ്പാക്കണമെന്നും നിലപാടെടുത്ത മുന്‍ ഇടുക്കി എംപി പിടി തോമസിനെ മുന്‍ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നേതൃത്വത്തിലാണ് എതിര്‍ത്തത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടു നടപ്പായാല്‍ ജനങ്ങളെ കുടിയൊഴിപ്പിക്കും, കൃഷി ചെയ്യാന്‍ കഴിയില്ല, കര്‍ഷകരെ കുടിയൊഴിപ്പിക്കും, വീടുകള്‍ക്കു പച്ചപെയിന്റ് അടിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ മാറ്റൊലി കൊണ്ടു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലീഗല്‍ അഡൈ്വസറായിരുന്ന അഡ്വക്കേറ്റ് ജോയ്‌സ് ജോര്‍ജിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചതോടെ ഇടുക്കിയിലെ തെരഞ്ഞെടുപ്പു ചിത്രം മാറി. പി ടി തോമസിനെ മാറ്റി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെ രംഗത്തിറക്കിയെങ്കിലും കോണ്‍ഗ്രസ് പച്ചതൊട്ടില്ല.
 
മാറിയ സാഹചര്യത്തില്‍ കസ്തൂരി രംഗന്‍ പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടാന്‍ ഇരുമുന്നണികള്‍ക്കും കഴിയില്ലായെന്നുറപ്പാണ്. നൂറ്റാണ്ടിലെ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ മുറിവേറ്റ ജില്ലകളിലൊന്നായ ഇടുക്കിയില്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമായും പ്രതിഫലിക്കുക പ്രളയപുനര്‍നിര്‍മാണവും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളുമൊക്കെത്തന്നെയായിരിക്കും. 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image