വേദനോത്സവം


കെ.വി.സുമിത്ര

ഇത് ,
വേദനകളുടെ
എത്ര മനോഹരമായ
വസന്തകാലം
മധുരമൂറുന്ന
കണ്ണീരിൻ്റെ
പുളിരസം ....
ദ്വീപുകൾ, ഒറ്റത്തുരുത്തുകൾ
വന്യയേകാന്തതയുടെ
മഹാഗോപുരങ്ങൾ ....
പവിഴങ്ങൾ, മുത്തുകൾ
കടലലകളുടെ
അഗാധ ചുഴികൾ
ഒറ്റ രാത്രിയുടെ
മധുരോർമകൾ
മതിയെനിക്ക്;
വടക്കുംനാഥൻ്റെ
അമ്പലമണിയൊച്ചകൾ
മുഴങ്ങുന്നു കാതിൽ.
ഒരുമിച്ചു നടന്ന
കല്ലുപാകിയ വഴികളിൽ
ഇലപൊഴിയും കാലം
നമുക്കൊന്നായി
ശ്വാസം പിടിക്കാൻ
ഒറ്റയടിപ്പാതകൾ.
വലംവച്ച് തീർത്തു
നടയരികത്ത്
ചേർന്നൊഴിച്ച നെയ്യെണ്ണയിൽ
സ്നേഹ വിശ്വാസങ്ങൾ ....
ആർപ്പാഘോഷമില്ലാതെ
ഒരായുസ്സിൻവെട്ടം
കൊളുത്തി തെളിയിച്ചു
നെയ്ത്തിരി.
പിന്നെ,
കിടപ്പു ചൂടും
മെത്തയുടെ ഉച്ഛ്വാസ താളവും
വെളിച്ചമൊഴിഞ്ഞ മുറിയകവും
പ്രാണന കത്ത്
തിരിയിട്ട് പൂജിച്ച
ഖജുരാവോ ശില്പചാരുതയും.
മഴ പെയ്യുന്നുണ്ട്,
അകവും പുറവും
വീശിയടിക്കുന്നുണ്ട്,
രതി - കാമന പ്രാണോത്സവങ്ങൾ....
ഉച്ച സൂര്യനിൽ
ട്രെയിൻ കാത്ത്,
ഭൂമിയുടെ അങ്ങേ തലയ്ക്കൽ
ഒരു പിടി വെളിച്ചം
കാത്ത് നിൽക്കേ,
മിഴിയറിയാതെയടഞ്ഞ് പോയേതോ
പ്രണയനഷ്ട കഥാ തീർത്ഥം
കേട്ട മാത്രയിൽ .....
ഒടുക്കം,
വീട്ടിലേക്കുള്ള വഴിയാത്രയിൽ
പാതി നഷ്ടം വന്ന
ആത്മാവുമായി,
ഗന്ധർവൻ കാമിച്ചവളെപ്പോലെ,
മുറിയടച്ചിരിക്കുമ്പോൾ,
വിളി കേട്ടുണർന്നു,
"പുലരിയായി,
സ്വപ്നങ്ങളിൽ നിന്നുണരുക "
ഇത് ,വർത്തമാനകാല
ഋതുപച്ചകൾ.
കെട്ടേണ്ട വേഷങ്ങൾ പലതരം
വരൂ, ഉമ്മറത്ത്
കാത്തിരിക്കുന്നുണ്ട്,
പരൽ മീനുകൾ പായും
കെട്ട കായൽ
കത്തികളാടി തിമിർക്കും
മണിയറ,യെങ്കിലും
തീർക്കേണ്ടതുണ്ട്,
ഇത് ജീവിതം, സത്യം.
അതൊന്നുമാത്രം
ശോകാദ്രമേ !
കണ്ണടയ്ക്കുകതാരകമേ!
കണ്ടതെല്ലാം സ്വപ്നമെന്ന്
പറഞ്ഞുറയ്ക്കുക, മനമേ
സ്വസ്തി ....!

മണ്ണകം..

നിനക്കുമെനിക്കും 
ഇടയ്ക്കുള്ള 
നിശബ്ദതയുടെ 
പേരാണ് കവിത. 

കൊത്തി വലിക്കും 
കടലിലെ മീനുകൾ 
പോലെയാണത്. 

അപകടം പിടിച്ച 
രൂപകം പോലെയും 
അഗാധനിശബ്ദതയിലെ 
കടലൊഴുക്ക് 
പോലെയും 
ഉള്ളിൽ പ്രകമ്പനം 
മൂളുന്ന കവിത. 

പ്രക്ഷുബ്ദ്ധാസക്തിയുടെ 
വിശുദ്ധസ്ഥലികളിൽ 
കടലിൽപ്പെട്ടു പോയൊരു 
ശിരോലിഖിതം.

ദേവതയാണ് നീ !
ശാന്തഗംഭീര്യത്തിന്റെ 
ദേവൻ !
പ്രക്ഷുബ്ധ ജലം 
ഞാൻ. 

ഒറ്റ കൊളുത്തിൽ 
തീർത്ത മണ്ണകമേ !
ഇലകളിൽ കൊരുത്ത്‌ 
വേരുകളിൽ മൂടി 
ശിഖരങ്ങളിലൂടെയൊഴുകി 
പടർന്ന് 
ആർത്തുമദിക്കും 
പ്രപഞ്ച സത്യവും 
ഉള്ളെഴുത്തുകളിൽ 
നിറഞ്ഞു നീരാടുന്ന 
കൊടുങ്കാറ്റും നീ.. !!

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image