"പ്രസ്ഥാനത്തിനു പറ്റിയ 

തെറ്റാണ്.  രാഷ്ട്രീയമായ 

തെറ്റായിരുന്നു അത് ,":

വെള്ളത്തൂവല്‍ സ്റ്റീഫന്‍   

 ഒരു പുരുഷായസ്സില്‍ ഒരു മനുഷ്യന്‍ കടന്നുപോകാനിടയില്ലാത്ത അനുഭവങ്ങളിലൂടെയും രാഷ്ട്രീയ സാമൂഹിക പരീക്ഷണങ്ങളിലൂടെയും കടന്നു പോയ മുന്‍ നക്സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ ബാബു ഇരുമലയോടും പി എസ് ജോസഫിനോടും മനസ്സ് തുറക്കുന്നു 

  വസന്തത്തിന്‍റെ ഇടിമുഴക്കം ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഒരു നിര്‍ണായക ദൗത്യമായി മാറിയിട്ട് 50 വർഷം കഴിഞ്ഞു.  പശ്ചിമ ബംഗാളില്‍ ജമീന്ദാര്‍മാരുടെ പുത്തന്‍ പതിപ്പായ ജാത്തെഡാര്‍മാര്‍ക്കെതിരെ ഉണ്ടായ കര്‍ഷകതൊഴിലാളി മുന്നേറ്റം നക്സല്‍ബാരിയില്‍ നിന്ന്തുടങ്ങുന്നു. അതെ തുടർന്ന്  രാജ്യത്തിന്റെ പലഭാഗങ്ങളില്‍ ജന്മികള്‍ക്കും സര്‍ക്കാരുകള്‍ക്കുമെതിരെ ഒറ്റപ്പെട്ട ചെറിയ മുന്നേറ്റങ്ങള്‍ ഉണ്ടായി. കേരളത്തിലും അതിന്റെ അനുരണങ്ങള്‍ ഉണ്ടായി. തലശ്ശേരി -പുല്‍പള്ളി പോലിസ് സ്റ്റേഷന്‍ ആക്രമണവും കുറ്റിയാടി പോലിസ് സ്റ്റേഷന്‍ ആക്രമണവും കോങ്ങാട് ആക്രമണവും നാഗരൂര്‍ കുമ്മിള്‍ ആക്രമണവും ഇതിന്റെ പ്രതിഫലനങ്ങളായിരുന്നു. ദേശീയതലത്തില്‍ ചാരുമജുംദാര്‍ നയിച്ച ആക്രമണത്തില്‍ ഊന്നിയ, ഉന്മൂലന സിദ്ധാന്തത്തില്‍ വിശ്വസിച്ച തീവ്രകമ്മ്യുണിസത്തിനു കേരളത്തില്‍ നേതൃത്വം നല്‍കിയ, ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്ത കുന്നിക്കല്‍ നാരായണനും വര്‍ഗീസിനും ഒപ്പം വെള്ളത്തൂവല്‍ സ്റ്റീഫനുമുണ്ട്‌ . 
പശ്ചിമ ബംഗാളിലും കേരളത്തിലും അന്ന് അധികാരത്തിലുണ്ടായിരുന്ന കമ്മ്യുണിസ്റ്റ് സര്‍ക്കാരുകളെ ഉലച്ച ആക്രമണമായിരുന്നു ഈ ബഹുജനആക്ഷനുകള്‍. വിശാലമായ ഇന്ത്യയില്‍ ഒന്നോ രണ്ടോ ഒറ്റപ്പെട്ട ആക്രമണങ്ങളിലൂടെ ഒരു ആഘാതം ഏല്‍പ്പിക്കാന്‍ ആയെങ്കിലും രാഷ്ട്രത്തിന്റെ കരുത്തില്‍ ഈ പ്രസ്ഥാനങ്ങളും നേതാക്കളും ഇല്ലാതാകുന്ന കാഴ്ചയാണ് പില്‍കാലത്ത് കണ്ടത് . വര്‍ഗീസിനെ പോലെ പ്രമുഖനേതാക്കള്‍ പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.  പാര്‍ട്ടി തന്നെ വീണ്ടും വീണ്ടും വിഭജിക്കപെട്ടു. സ്റ്റീഫന്‍ പിടിയിലായതോടെ ആദ്യഘട്ട നക്സല്‍ പ്രവര്‍ത്തനം അവസാനിച്ചു .
    
  ജയിലില്‍ അടയ്ക്കപ്പെട്ടവരില്‍ ചിലര്‍ മാപ്പ് എഴുതി മോചിതരായി. മറ്റു ചിലര്‍ സുവിശേഷത്തിലും ഭഗവത്ഗീതയിലും അഭയം തേടി. ചിലര്‍ ഹരിത വ്യക്താക്കളായി.  എങ്കിലും അവരുടെ സൈദ്ധാന്തികമായ കൂറ് ചോദ്യംചെയ്യപ്പെട്ടിട്ടില്ല. ചെറിയൊരു ജീവിതത്തില്‍ വലിയ മാനസാന്തരങ്ങളിലൂടെ അവരില്‍ ചിലരെങ്കിലും കടന്നു പോയി. പോയകാലത്തിന്റെ ഓര്‍മ്മ അത്ര ദീപ്തമല്ലെങ്കിലും അനുഭവം സ്ഫുടപാകം ചെയ്ത ചുവന്ന കനലുകള്‍ അവര്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു .  തന്റെ പത്തൊമ്പതാം വയസ്സില്‍ പരാജയപ്പെട്ട ആക്ഷനുകള്‍ക്കു ശേഷം ക്രൂരമായ പീഡനത്തിനിരയായി ജയിലില്‍ 15 വർഷം  ചെലവഴിച്ച വെള്ളത്തൂവല്‍ സ്റ്റീഫന്‍ അവരില്‍ ഏറെ വ്യത്യസ്തനായി നില്‍ക്കുന്നു . ഇന്നും ഇടുക്കി ചേലച്ചുവടില്‍ തയ്യല്‍ യന്ത്രത്തില്‍ കാല്‍ ചവുട്ടുമ്പോഴും സാമൂഹികമായ കടമകളെ അദേഹം തെല്ലും മറക്കുന്നില്ല. പ്രായം ബാധ്യത ആയെങ്കിലും അദ്ദേഹം ഉള്ളിലും പുറത്തും ഒരു ആശയസമരത്തിലാണ്... വിപ്ലവകാരി,എഴുത്തുകാരന്‍, സുവിശേഷകന്‍ ഒരു സാധാരണ ജീവിതത്തിനു ഒരിക്കലും അനുഭവിക്കാന്‍ കഴിയാത്ത എല്ലാ ലോകങ്ങളിലൂടെയും കടന്നു പോയ വ്യക്തിയാണ് അദ്ദേഹം. ഇല്ലായ്മയുടെയും പട്ടിണിയുടെയും ബുദ്ധിമുട്ടിന്റെയും ഒരു ബാല്യകാലമാണ് സ്റ്റീഫന്റെ മനസ്സില്‍ . അത് സൃഷ്ടിച്ച വേദനകള്‍ ഇന്നും അദ്ദേഹത്തെ പിന്തുടരുന്നു.   സ്വഗ്രാമമായ വെള്ളത്തൂവലിനടുത്തു ചേലച്ചുവടിൽ  മുപ്പതു കൊല്ലം മുന്‍പ്  താമസിച്ചു തുടങ്ങിയതാണ്‌.  മുന്‍പ് ഒരു ചെറിയ കുടിലായിരുന്നത് പിന്നിട് ഒരു ചെറിയ വീടാക്കി.  ഇപ്പോള്‍ മകളുടെ കല്യാണത്തോടെ ഒരു മുറി കുടി കെട്ടി. അതാണ്‌ അദ്ദേഹത്തിന്‍റെ പണിപ്പുര. അവിടെ പഴയപുസ്തകങ്ങള്‍, അദ്ദേഹത്തിന്‍റെ തന്നെ നോവലുകള്‍ . ഒരു സൈഡില്‍ വിലമതിക്കാനാവാത്ത രേഖകള്‍ .  ജയിലില്‍ എഴുതിയ കുറിപ്പുകളാണവ. പഴയ പേട്രിയറ്‍റ് ദിനപത്രത്തിന്റെ റാപ്പറുകളില്‍ കുഞ്ഞുകുഞ്ഞായി എഴുതിയ വരികള്‍ . ആദ്യ നോവലിന്റെ കൈയെഴുത്തു പ്രതിയും അതിലുണ്ട്. അദ്ദേഹത്തെ കുറിച്ചു വന്ന ലേഖനങ്ങള്‍ ചില ചെറിയ പെട്ടികളില്‍.  പ്രായം 72 ആയെങ്കിലും സംസാരിക്കുമ്പോള്‍ ആ പഴയ ശൌര്യം തിരിച്ചെത്തും. രക്തസമ്മര്‍ദ്ദവും പ്രമേഹവും വലയ്ക്കുന്നുവെങ്കിലും അതൊന്നും അദ്ദേഹത്തിന്‍റെ തെളിച്ചമുള്ള ചിന്തകളെ ബാധിക്കുന്നില്ല. ഞായറാഴ്ച ആയതിനാല്‍ ഭാര്യ മാലതി പള്ളിയില്‍ പോയിരിക്കുന്നു. ജീവിതത്തിനു  ആധാരമായ തുന്നൽകടയി ലേക്ക് ഇന്ന് അദ്ദേഹം പോയിട്ടില്ല.  ഈ കുടിയേറ്റ ഗ്രാമത്തില്‍ സ്കൂള്‍ തുറക്കുമ്പോഴെ വലിയ പണി ഉണ്ടാകു .പൊതുവേ വിലകുറഞ്ഞ റെഡി മെയ്ഡ് കൊണ്ടു നാട്ടുകാര്‍ തൃപ്തിപെടും. അതിനാല്‍ പണി തീരെ കുറവ്.  ജയിലില്‍ നിന്നിറങ്ങി ബൈബിള്‍ പ്രസംഗിച്ചു നടന്നു താന്‍ സാക്ഷ്യം പറഞ്ഞത് കറുത്ത കര്‍ത്താവിനെ പറ്റിയാണെന്ന് അദ്ദേഹം അടിവരയിടുന്നു. ജീവിക്കാന്‍ തുന്നല്‍പ്പണിക്കാരന്റെ കുപ്പായം. ഇപ്പോള്‍ കൂടെ നിരന്തരമായ എഴുത്തും. മാര്‍ക്സിസത്തെ പറ്റി ഒരു പുസ്തകം അടുത്തിടെ പുറത്തിറങ്ങിയതെയുള്ളു.  ഈ ഏഴാം ക്ലാസുകാരന്‍ എല്ലാം  പഠിച്ചത് അനുഭവത്തിന്റെ ചൂളയിലാണ് . സമകാലിക കേരളത്തിലെ തീവ്ര ഇടതുപക്ഷക്കാരില്‍ പലരോടുമൊപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവർത്തിച്ചയാളാണ് വെള്ളത്തൂവലില്‍ നിന്നുള്ള ഈ തനി നാടന്‍ ബാലന്‍ . തോക്കിനു തോക്ക് ബോംബിനു ബോംബ്‌ . അവസാനം ബൈബിളും ഒരു ബോംബാണെന്നു അദ്ദേഹം തിരിച്ചറിഞ്ഞു.  രോഗവും ക്ഷീണവും കഠിനാദ്ധ്വാനവും ആന്തരികമായ സനിഗ്ദ്ധതകളും അലട്ടിയിട്ടും എകാന്തമായ ജയിൽ മുറികളില്‍ വായനാ ജിവിതം നയിച്ച ഈ വ്യക്തിയില്‍ ഇന്നും അണയാത്ത തീ , പ്രായം തളര്ത്തിയിട്ടും സഹജര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന അതിയായ  ആഗ്രഹമുണ്ട്  അദ്ദേഹത്തിനിന്നും .
?കുട്ടിക്കാലത്തെപറ്റി 

വെള്ളത്തൂവല്‍ സ്റ്റീഫന്‍: കോട്ടയത്തു കങ്ങഴ നിന്ന് ഹൈറേഞ്ചില്‍ എന്റെ എട്ടാമത്തെ വയസ്സില്‍ കുടിയേറിയതാണ്.  ഞങ്ങള്‍ ഒന്‍പതു പേരടങ്ങിയ കുടുംബം.  ഏഴു കുഞ്ഞുങ്ങളുമായി നാട്ടില്‍ കഴിഞ്ഞു കൂടുക അന്ന് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.അപ്പന്‍ ആദ്യകാല കമ്മ്യുണിസ്റ്റ് ആയിരുന്നു . അവിടത്തെ യാഥാസ്ഥിതിക കൃസ്ത്യന്‍ കുടുംബങ്ങളുമായി ഒത്തു പോകുക ബുദ്ധിമുട്ടുമായിരുന്നു. പള്ളികാര്‍ക്ക്  ഞങ്ങളെ ഒട്ടും ഇഷ്ടമായിരുന്നില്ല .  അങ്ങനെയാണ് കോട്ടയത്തെ മുനിസിപ്പല്‍ ചെയര്‍മാനും മറ്റുമായിരുന്ന രാഘവക്കുറുപ്പിന് ഹൈറേഞ്ചില്‍ ഉള്ള എസ്റ്റേറ്റ്‌ നോക്കാന്‍ അപ്പനും  കുടുബവും വെള്ളത്തൂവലില്‍ വന്നത്. എം.എൽ.എ. സുരേഷ് കുറുപ്പിന്റെ അമ്മാവനാണ് അദ്ദേഹം. അമ്മവീടും ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി ബന്ധമുണ്ട്.  അന്ന് അന്‍പതുകളില്‍ കൊടും കാടായിരുന്നു ഈ പ്രദേശം.  ആനയും മറ്റു വന്യമൃഗങ്ങളും ധാരാളമായി ഉണ്ടായിരുന്നു ഇവിടെ. നേര്യമംഗലം ഡാം പണിതിരുന്നില്ല. കടത്തു കടന്നാണ് അന്ന് യാത്ര . പള്ളിവാസല്‍ ചെങ്ങളം വഴിയെ ബസ്‌ ഉള്ളൂ. രാജാക്കാട് നിന്ന് വെള്ളത്തൂവല്‍ വരെ ബസ്‌ ഇല്ല . ക്രമേണ അടിമാലി തന്നെ മുനിസിപ്പാലിറ്റിയായി .  അന്ന് കുട്ടികളെ പഠിപ്പിക്കണമെന്ന് പൊതുവേ അറിയില്ല.  അറിഞ്ഞാല്‍ തന്നെ അതിനു പാങ്ങില്ല . ഒരു സിമന്റ് സ്റ്റോര്‍ ആയിരുന്നു സ്കൂള്‍ ആയി പ്രവര്‍ത്തിച്ചിരുന്നത്.  വല്ലാത്ത ദുരിതകാലമായിരുന്നു അത്. സ്കൂളില്‍ തോര്‍ത്തു മാത്രം ഉടുത്തു വരുന്നവരും ഉണ്ടായിരുന്നു.  ഞാന്‍ കാക്കി നിക്കറിട്ടാണ് പോകുക . അത് കീറിയാല്‍ തുന്നി തയ്ക്കും.നനഞ്ഞാല്‍ രാത്രി ഉണക്കാനിടും . അടുത്തദിവസം അത് ധരിച്ചു പോകും. ഉച്ചക്കത്തെ പൊതിക്കെട്ടില്‍ കപ്പയും കാന്താരിയുമായിരുന്നു കുട്ടികള്‍ കൊണ്ടു വന്നിരുന്നത്. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി ചെയ്യുന്നവരുടെ കുട്ടികള്‍ മാത്രമാണ് നല്ല വസ്ത്രങ്ങള്‍ ധരിച്ചു വന്നത്. വല്ലാത്ത ചേരിതിരിവ്‌ അവിടെ പ്രകടമായിരുന്നു. വിദ്യാഭ്യാസകാലത്ത് അവഗണിക്കപ്പെട്ട ജീവിതമായിരുന്നു ഏവര്‍ക്കും.  കുട്ടികള്‍ അഞ്ചും ഏഴും കിലോമീറ്റര്‍ നടന്നാണ് വരുന്നത്. വെള്ളത്തൂവലില്‍ നിന്നും കൂത്തുപാറയില്‍ നിന്നുമെല്ലാം അവര്‍ ചെങ്ങളത്ത് സ്കൂളില്‍ എത്തി . പക്ഷെ പലര്‍ക്കും പഠനം മുഴുമിപ്പിക്കാനായില്ല. ഞാനും എഴില്‍ പഠനം നിര്‍ത്തി .  ഇതിനിടെ അപ്പന്‍ ഒരു പത്ര എജന്‍സി എടുത്തിരുന്നു.  ഇടക്ക് പത്രം വിതരണം ചെയ്യാന്‍ ഞാനും പോകും. കമ്മ്യുണിസ്റ്റ് ആയതിനാല്‍ മൂത്തപെങ്ങളെ കല്യാണം കഴിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടി. അവസാനം കമ്മ്യുണിസ്റ്റ് ആയ ഒരു കത്തോലിക്കന്‍ അവരെ കല്യാണം കഴിക്കാന്‍ തയ്യാര്‍ ആയി . പള്ളിയിലെ അച്ചന്‍ അത് നടത്താന്‍ പാര്‍ട്ടി വിടണമെന്ന്  പറഞ്ഞു . എന്തായാലും ചെറുപ്പം മുതല്‍  എനിക്ക് മതത്തിനോട് അകല്‍ച്ച തോന്നി . അപ്പനോ വീട്ടുകാരുമായോ ഒരിക്കലും ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ല.  പിന്നീട്   പാര്‍ട്ടി യോഗങ്ങളില്‍ പോകും . 13 വയസ്സുള്ളപ്പോള്‍ മുതല്‍ പാര്‍ട്ടിയോഗങ്ങളില്‍ പങ്കെടുത്തു തുടങ്ങി . ഇതിനിടെ പ്രത്യയശാസ്ത്രപരമായ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങി. അമ്മ,ഒരു തെരുവിന്റെ കഥ പോലുള്ളവ ...
?അറുപത്തിനാലില്‍  കമ്മ്യുണിസ്റ്റ്പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പ്രത്യയ ശാസ്ത്രപരമായ ആദ്യത്തെ പ്രതിസന്ധി സ്റ്റീഫന്‍ നേരിട്ടു. അതെ കുറിച്ച് 

വെള്ളത്തൂവല്‍ സ്റ്റീഫന്‍  : ശക്തമായ സംഘടനാതത്വങ്ങള്‍ കമ്യുണിസ്റ്റ് പാര്‍ട്ടിക്കുണ്ട് . ഉള്‍പാര്‍ട്ടിജനാധിപത്യമാണ്‌ പാര്‍ട്ടിയുടെ അന്തസത്ത . ജനാധിപത്യ കേന്ദ്രീകരണവും വ്യക്തിപരമായ അഭിപ്രായവും  അതില്‍ പ്രധാനമാണ് . പക്ഷെ അഭിപ്രായം ഭുരിപക്ഷാഭിപ്രായത്തിനു വിധേയമാണ് . അങ്ങനെയായിരുന്നു വേണ്ടിയത് . നമ്മുടെ പ്രമേയത്തിന് അംഗീകാരം കിട്ടിയില്ലെങ്കില്‍ നാം അടുത്ത അവസരത്തിനു കാത്തിരിക്കണം . അങ്ങനെ  വന്നാല്‍ പാര്‍ട്ടി വലിയ പ്രതിസന്ധികളില്‍ പെടില്ലായിരുന്നു.   ഇങ്ങനെ ശക്തമായ ഒരു രാഷ്ട്രീയ ധാരണ ഉള്ളത് മൂലം അവിഭക്ത കമ്മ്യുണിസ്റ്റ്പാര്‍ട്ടിയിലെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് അന്ന് 32പേര്‍ ഇറങ്ങിപ്പോയി . പാര്‍ട്ടി പിളര്‍ത്തി  മറ്റൊരു പാര്‍ട്ടി  -കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌) രൂപീകരിച്ചത്  തെറ്റായിരുന്നു എന്നെനിക്കു തോന്നി . അത് കൊണ്ടു ഞാന്‍ സി പി ഐയില്‍ തുടര്‍ന്നു. എന്റെ അപ്പനുള്‍പ്പടെ എന്നെ കൈപിടിച്ചു കേറ്റിയവര്‍ ,എന്നെ പ്രസംഗിക്കാന്‍ വേദിയില്‍ കൊണ്ടുപോയവര്‍ ,പുസ്തകം തന്നവര്‍ , ഗുരുതുല്യരായവര്‍ എല്ലാവരും തന്നെ സി. പി. എമ്മിലേക്ക് പോയി . അവശേഷിച്ചത് കുറച്ചു പേരായിരുന്നു . അവരില്‍ ഏറെയും അടിമാലിയില്‍ ആയിരുന്നു . കെ. ടി .ജേക്കബ്‌, പി. ടി. പുന്നൂസ് , പി .ആര്‍. നമ്പ്യാർ  പോലെ ചിലര്‍ മാത്രം. അവര്‍ ഇവിടെ വന്നു അന്ന് ക്ലാസ് എടുക്കുമായിരുന്നു . രാത്രി അവര്‍ അടിമാലിയില്‍ അഞ്ചേരിൽ ഇട്ടൂപ്പിന്റെ വീട്ടില്‍ കഴിയും .

 അറുപത്തിയഞ്ചിലെ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല. അറുപത്തിയേഴില്‍ സി. പി. എം., സി. പി . ഐ. ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ  ഉള്‍പ്പെടുത്തി വലിയൊരു മുന്നണി ഉണ്ടാക്കി സര്‍ക്കാര്‍ രൂപികരിച്ചു. 
സി. പി. ഐ.യില്‍ നിന്ന് പിരിഞ്ഞു സി. പി. എം . പിറവിയെടുത്തുവെങ്കിലും അധികാരരാഷ്ട്രീയത്തില്‍ ഭ്രമിച്ചു പോയ അവര്‍ക്ക് സാധാരണ കര്‍ഷകരുടെയും തൊഴിലാളികളുടെയും വികാരം അന്യമാണെന്ന് തീവ്ര  കമ്യൂണിസ്റ്റ് നിലപാടുള്ളവര്‍ കരുതി.  പഴയ ഫ്യുഡലിസത്തിന്റെ അവശേഷിപ്പുകള്‍ സ്വതന്ത്ര ഇന്ത്യയില്‍ പിന്നെയും തുടര്‍ന്നു . സെമിന്ദാരിയും ജമിന്ദാരിയും മാറി ജാതെദാര്‍ ഭരണം ആയപ്പോഴും  ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ കാലത്തെ ചൂഷണ സംവിധാനങ്ങള്‍   തുടര്‍ന്നു.  ഭൂമിയില്‍ കൃഷിക്കാരന് ഒരവകാശവുമില്ല. അങ്ങനെയാണ് കനു സന്യാലും കൂട്ടരും കര്‍ഷകരെ സംഘടിപ്പിച്ചു ജാതെദാര്‍മാര്‍ക്കെതിരെ 1967 മാര്‍ച്ച്‌ ഏഴിന് സമരം നടത്തുന്നത്. അന്ന് പശ്ചിമ ബംഗാളില്‍ അജോയ് മുഖര്‍ജിയാണ് മുഖ്യമന്ത്രി . ജ്യോതി ബസു ഉപമുഖ്യമന്ത്രിയും . കനു സന്യാലിന്റെ നേതൃത്വത്തില്‍ നടന്ന നക്സല്‍ബാരി ആക്രമണം ഇന്ത്യയില്‍ മറ്റൊരു തീവ്ര കമ്മ്യൂണിസ്റ്റ്‌ കക്ഷി ശക്തിപ്പെടുന്നുവെന്ന സൂചന നല്‍കി.  അതിന്റെ അനുരണങ്ങള്‍ കേരളത്തിലുമുണ്ടായി.  
?അങ്ങയുടെ  ജീവിതത്തിലെ നിര്‍ണായകമായ മുഹുര്‍ത്തം അപ്പോഴാണുണ്ടാകുന്നത്.    ജീവിതം തന്നെ മാറ്റി മറിച്ച ആ സംഭവത്തെ പറ്റി

വെള്ളത്തൂവല്‍ സ്റ്റീഫന്‍: നക്സല്‍ പ്രസ്ഥാനം വന്നതിനു ശേഷം എന്റെ വീടിന്റെ മുന്‍പിലുള്ള അല്‍പ്പം കാടു പോലും ഫോറസ്റ്റുകാര്‍  തെളിച്ചിരുന്നു . അന്ന് അവിടെ പണി തീര്‍ത്ത ഡാമിന്റെ കാച്മെന്റ് ഏരിയയില്‍ കാടു തെളിച്ചിടത്ത്  സ്ഥലം കൊടുക്കാമെന്നു പറഞ്ഞു സി. പി. എം. കാരും  സി. പി. ഐ. കാരും പണം വാങ്ങി . ഒരു രാത്രി അവിടെ ഭൂമിയുള്ളവരും ഇല്ലാത്തവരും  ഇരച്ചു കയറി  കുടില്‍ കെട്ടി. എന്നാലവരെ സി. പി. ഐ. യുടെയും സി. പി. എമ്മിന്റെയും പിന്തുണയോടെ പോലിസ് അവിടെ നിന്ന് ഇറക്കിവിട്ടു. ഇതാളുകളെ രോഷാകുലരാക്കി .
     പ്രായത്തില്‍ ഇളപ്പമാണെങ്കിലും എന്നെ ആശാന്‍ എന്നാണ്  വിളിക്കുന്നത്‌ . ഭൂമി നഷ്ട്ടപ്പെട്ടവര്‍  എന്റെയടുക്കല്‍ വന്നു . അതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു  . ആ യോഗത്തില്‍ സത്ത കുറഞ്ഞു വരുന്ന കമ്മ്യുണിസ്റ്റുകാരെ ഞാന്‍ വിമര്‍ശിച്ചു . സി. പി. ഐ. ക്കാര്‍ക്കും സി. പി. എമ്മിനും അതിഷ്ടമായില്ല . ഞങ്ങള്‍ പൊതുയോഗം ചേര്‍ന്നു .  എന്നെ ഹൈറേഞ്ച് രക്ഷാസമിതി കണ്‍വീനര്‍  ആക്കി. എഴുത്തുകാരന്‍ കൂടിയായ  ചന്ദ്രന്‍ വെള്ളത്തൂവല്‍ ആയിരുന്നു സെക്രട്ടറി. ശക്തമായ പ്രതിഷേധം ഇരമ്പി  . ഒട്ടേറെ പ്രതിഷേധ യോഗങ്ങള്‍ നടന്നു .

      ഇങ്ങനെയിരിക്കെ  ഒരിക്കല്‍ ഞാന്‍ പ്രസംഗിക്കുമ്പോള്‍ ഒരാള്‍ എന്റെ തോളില്‍ തട്ടി. സഖാവേ ,ഒരു പത്തു മിനിറ്റ് സംസാരിക്കാമോ എന്നായിരുന്നു ചോദ്യം . പുതിയ  രാഷ്ട്രീയത്തിലേക്കുള്ള ഒരു തിരിച്ചുവിടല്‍ ആയിരുന്നു അത്. ബീഡി തെറുക്കുന്ന ഒരിടത്തേക്കാണ് അവര്‍ എന്നെ കൊണ്ടുപോയത്. അവിടെ ഒരു കെട്ടിടത്തിനു താഴെ നാല്പതോളം പേര്‍ . കണ്ണൂരില്‍ നിന്ന് വന്ന നക്സല്‍ സഖാക്കളായിരുന്നു അവര്‍. ഗണേഷ് ബീഡി, ഭാരത് ബീഡി  കമ്പനികള്‍  തകര്‍ന്നതോടെ അതിലെ തൊഴിലാളികള്‍ പലയിടത്തും തൊഴില്‍ തേടി എത്തി . അങ്ങനെയെത്തിയതായിരുന്നു അവര്‍ .(അന്ന് പ്രാദേശികമായി  ഒരു കടയില്‍ രണ്ടു ബീഡി തെറുപ്പുകാര്‍ കാണും ) അതില്‍ വി. എം.  ദാസന്‍ ആയിരുന്നു പ്രധാനി. നക്സലിസവുമായുള്ള ആദ്യസമ്പര്‍ക്കമായിരുന്നു അത് .  അവരുമായി ഞാന്‍ രാഷ്ട്രീയമായി തര്‍ക്കിച്ചു . കുന്നിക്കല്‍ നാരായണന്റെ റിബല്‍ പുബ്ലിക്കേഷൻസില്‍ നിന്നുള്ള ലഘുലേഖകളവര്‍ എനിക്ക് തന്നു . ഇന്ത്യന്‍ ചക്രവാളത്തില്‍  വസന്തത്തിന്‍റെ ഇടിമുഴക്കം ,മാവോ ചിന്തകള്‍ എന്നിവ  . ദാസന്‍ വഴിയായിരുന്നു ഞാന്‍ വിപ്ലവനേതാക്കളുമായി ബന്ധപ്പെടുന്നത് . പിന്നിട് കുന്നിക്കല്‍ വെള്ളത്തൂവലില്‍വന്നു.

 ആ സമയത്ത് ഞാന്‍ യുവാക്കളുമായി അടുത്തിടപഴകി . അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയ എന്നോടൊപ്പം ഒട്ടേറെ പേര്‍ പോന്നു യുവാക്കള്‍ മാത്രമല്ല പ്രായം ചെന്നവരും എത്തി. അറുപതു കഴിഞ്ഞ ഒരു കൊച്ചു കുഞ്ഞു വര്‍ക്കി  ചേട്ടനെ ഞാനോര്‍ക്കുന്നു . അതെ പോലെ കമ്പിളികണ്ടത്ത് ഡോക്ടര്‍ ആയിരുന്ന സി. ഐ. കൃഷ്ണപിള്ള , കെ. കെ. നാരായണന്‍, എ, ആര്‍, ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുമായി ചേര്‍ന്ന് അങ്ങനെ ഞങ്ങള്‍ക്ക്    കോട്ടയത്ത്     (അന്ന് കോട്ടയം ജില്ലയിലാണ്ഇടുക്കി) ഒരു ഗ്രൂപ്പുണ്ടാക്കാന്‍ കഴിഞ്ഞു. 


?എന്തായിരുന്നു ആശയപരമായ പശ്ചാത്തലം

വെള്ളത്തൂവല്‍ സ്റ്റീഫന്‍  :   ഇവിടെ ഒരു കുഴപ്പമുണ്ട് . നക്സല്‍ ബാരി ഒരു കാര്‍ഷിക  സമരമാണ് . ബ്രിട്ടിഷുകാര്‍ ഇന്ത്യയില്‍ മൂന്നു ഭൂപരിഷ്കരണങ്ങള്‍ കൊണ്ടു  വന്നിരുന്നു. റയറ്റ്വാരി ,സെമിന്ദാരി  ,ജാതെദാരി സമ്പ്രദായങ്ങള്‍ . അവര്‍ ഇന്ത്യയില്‍ ഫ്യുഡലിസം തകര്‍ത്തില്ല . പകരം അവര്‍ അതു തങ്ങള്‍ക്കു കപ്പം കിട്ടാനുള്ള മാര്‍ഗമായാണ്  കണ്ടത്.  ബ്രിട്ടിഷുകാര്‍ വിട്ടു പോയെങ്കിലും ഫ്യുഡലിസം ഇന്ത്യയില്‍ ഒഴിവാക്കപ്പെട്ടില്ല . പഴയ ഫ്യുഡലിസത്തിന്റെ    അവശേഷിപ്പുകള്‍ സ്വതന്ത്ര ഇന്ത്യയില്‍ പിന്നെയും തുടര്‍ന്നു . സെമിന്ദാരിയും ജമിന്ദാരിയും മാറി ജാതെദാര്‍ ഭരണം ആയപ്പോഴും പഴയ ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ കാലത്തെ ചൂഷണ സംവിധാനങ്ങള്‍   തുടര്‍ന്നു.  ഭൂമിയില്‍ കൃഷിക്കാരന് ഒരവകാശവുമില്ല. അങ്ങനെയാണ് കനു സന്യാലും കൂട്ടരും കര്‍ഷകരെ സംഘടിപ്പിച്ചു ജാതെദാര്‍മാര്‍ക്കെതിരെ 1967 മാര്‍ച്ച്‌ ഏഴിന് സമരം നടത്തുന്നത്.
  
  അന്ന് പശ്ചിമ ബംഗാളില്‍ അജോയ് മുഖര്‍ജിയാണ് മുഖ്യമന്ത്രി . ജ്യോതി ബസു ഉപമുഖ്യമന്ത്രിയും . പിന്നിട് സി. പി. എം. അധികാരത്തില്‍ വന്നു.  കര്‍ഷകസമരങ്ങളിലൂടെ ശ്രദ്ധയാകർഷച്ച ഹരേ കൃഷ്ണ കൊനാരാണ് കൃഷി മന്ത്രി . പക്ഷെ അദ്ദേഹം മന്ത്രിയായപ്പോള്‍ സി. പി. എം. നിലപാടുകളോടു കീഴ്പ്പെപ്പെട്ടു   പോയി. അപ്പോഴാണു   കനു സന്യാലിന്റെ നേതൃത്വത്തില്‍ നടന്ന നക്സല്‍ബാരി ആക്രമണം. അത്  ഇന്ത്യയില്‍ മറ്റൊരു തീവ്ര കമ്മ്യൂണിസ്റ്റ്‌ കക്ഷി ശക്തിപ്പെടുന്നുവെന്ന സൂചന നല്‍കി.  അതിന്റെ അനുരണങ്ങള്‍ കേരളത്തിലുമുണ്ടായി. 
ഇതിനിടെ ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് സി . പി. എമ്മുമായുള്ള ബന്ധത്തിലും മാറ്റമുണ്ടായി . സി. പി. എമ്മും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഊന്നുന്ന ഒരു റിവിഷനിസ്റ്റ് (പരിഷ്കരണ)പാര്‍ട്ടിയായി അവര്‍ കണക്കാക്കി. .
  
?എന്ത് കൊണ്ടു നക്സല്‍ പ്രസ്ഥാനം വലിയ രാഷ്ട്രീയ മുന്നേറ്റമായില്ല

വെള്ളത്തൂവല്‍  സ്റ്റീഫന്‍ : നക്സല്‍ബാരി പ്രസ്ഥാനത്തിനു വലിയ പ്രോപ്പഗാന്‍ഡ കൊടുത്തു . ഇത് മൂലം സി.  പി. എം. വലിയ പ്രതിസന്ധിയിലായി . നക്സലിസം   അപകടത്തിലെക്ക്  പോയതുകൊണ്ടാണ് സി. പി. എം. രക്ഷപെട്ടത്. 

?എങ്ങനെ 

വെള്ളത്തൂവല്‍ സ്റ്റീഫന്‍ : ചാരു മജുംദാര്‍ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്തു  എന്ന്  ഇന്ന് ഞാന്‍ പറയുന്നു . അയാള്‍ ഒരു പൊളിറ്റിക്കല്‍ റെസല്യൂഷന്‍ (രാഷ്ട്രീയ പ്രമേയം) ഉണ്ടാക്കി . ഇന്ത്യ ഒരു ഫ്യുഡല്‍ വ്യവസ്ഥിതിയിലാണ് . ഈ സെമി  ഫ്യുഡല്‍ ഘടന തകര്‍ക്കണം.  അത്  കൊണ്ടു പാര്‍ലമെന്ററി  രീതി  പാടില്ല  . ട്രേഡ് യൂണിയന്‍ പാടില്ല.  ബഹുജന പ്രസ്ഥാനങ്ങള്‍  പാടില്ല. പകരം  രഹസ്യമായി ഗ്രൂപ്പ്‌ ഉണ്ടാക്കി ജന്മികളെ തകര്‍ത്ത് മുന്നോട്ടു വരണം. അങ്ങനെ പ്രവര്‍ത്തിച്ചവര്‍ ചേര്‍ന്ന് പാര്‍ട്ടി  ഉണ്ടാക്കണം. അനിഹിലെഷന്‍ ഓഫ് വാര്‍ എന്നാണു അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത് .  ഇത്  മാര്‍ക്സിസ്റ്റ്‌ രീതിയല്ല . ജനാധിപത്യപരവുമല്ല .
അതിനോട് എ. വര്‍ഗീസിനൊ വാസുവിനൊ രാവുണ്ണിക്കോ എനിക്കോ യോജിപ്പില്ല. വിയോജിപ്പുള്ളവരെല്ലാം പ്രതിസന്ധിയിലായി.  കാരണം ഞങ്ങള്‍ എല്ലാം ആശയപരമായി അന്തര്‍ദേശീയമായി അംഗീകരിക്കുന്ന ചൈന ചാരു മജുംദാറിനെയാണ്  അംഗീകരിക്കുന്നത് . ഞങ്ങള്‍ അങ്ങനെ അതംഗീകരിക്കാന്‍ നിര്‍ബന്ധിതരായി .  നിവൃത്തികേടു കൊണ്ടു  ചാരുമജുംദാര്‍ ലൈന്‍ നടപ്പാക്കി . അതിനകത്തെ   തെറ്റ് ഉള്ളൂ.  

?ചാരു മജുംദാര്‍ നയത്തിലെ പാളിച്ചകള്‍ 

വെള്ളത്തൂവല്‍ സ്റ്റീഫന്‍: ചാരു മജുംദാര്‍ ഒരു അടവിനെ തന്ത്രമാക്കി . ഒരു സമരം എന്നാല്‍ ഒരു അടവ് മാത്രമാണ് പാര്‍ട്ടിക്ക് . ഫ്യുഡലിസത്തിനെതിരെയുള്ള പോരാട്ടം ഒരു തന്ത്രമാണ്‌ . അതിനെതിരെയുള്ള സമരങ്ങള്‍ തന്ത്രവും . പാര്‍ട്ടിക്കു  ഒരു കാലത്ത്  ഒരു തന്ത്രമേ ഉണ്ടാവൂ.  മറ്റുള്ളവ  എല്ലാം അടവുകളാണ്. എന്നാല്‍  അദ്ദേഹം ഒരു സമരത്തെ  തന്ത്രം എന്നാക്കി  മാറ്റി. മാത്രമല്ല അദ്ദേഹം അത് ഇന്ത്യയില്‍ എല്ലായിടത്തും ബാധകമാക്കി .

  ഇന്ത്യ വ്യത്യസ്തമായ വികാസക്രമത്തില്‍ നില്‍ക്കുന്ന രാജ്യമാണ്.  ഇവിടെയെല്ലാം ഒരേ സമരം നടത്തണമെന്ന് പറഞ്ഞത്  ഒരേ തന്ത്രം നടപ്പാക്കാണമെന്നു ആഹ്വാനം ചെയ്തത്  വരട്ടു വാദമാണ് .

   രണ്ടാമത് കെ. പി. ആര്‍, കോസല രാമദാസ്, അരയക്കണ്ടി അച്യുതന്‍ തുടങ്ങിയവര്‍പാര്‍ട്ടിയിലേക്ക്  വരാന്‍ തയാര്‍ ആയിരുന്നവര്‍ആണ്  . എന്നാല്‍ അവരെ പാര്‍ട്ടി കൈയ്യൊഴിഞ്ഞു. ബഹുജന പ്രസ്ഥാനക്കാര്‍ വേണ്ട എന്ന നിലപാട് മൂലം . ഇത് മൂലം  ബഹുജനസ്വാധീനമുണ്ടാക്കാന്‍ കഴിവുള്ളവരെ പാര്‍ട്ടി കൈയ്യൊഴിഞ്ഞു. 

 അതിനു പകരം സാഹസികരായ സ്റ്റീഫനേ  പോലുള്ളവരെ പാര്‍ട്ടി പ്രോത്സാഹിപ്പിച്ചു . കുടുതല്‍ യുവാക്കളെ ഇതിലേക്ക് ആകര്‍ഷിച്ചു.  ഇത് ഒരു പാടു ചെറുപ്പക്കാരെ  കൊന്നു . പലര്‍ക്കും അംഗഭംഗമുണ്ടായി . 
പിന്നിട് ഞാന്‍ അണികളെ സംഘടിപിച്ചു. പക്ഷെ എനിക്ക് സംഘടിപ്പിക്കാം . പക്ഷെ  പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അവര്‍ എനിക്ക് അവകാശം തന്നില്ല . ഇത്തരം സമരങ്ങളില്‍ കൂടി സംഘടന  ഉരുത്തിരിഞ്ഞു വരണമെന്നാണ് പാര്‍ട്ടി ലൈന്‍ . നക്സലുകള്‍ക്ക് പറ്റിയ  തെറ്റ് കൊണ്ടു സി. പി. എം.  നിലനില്‍ക്കുന്നു .

കുടുതല്‍ തിരുത്താന്‍ സഹായിച്ചത്  ജയില്‍ വാസമാണ് 
കേരളത്തിലെ സാഹസികമായ ചില നീക്കങ്ങളില്‍ അല്ലെങ്കില്‍ നക്സല്‍ ആക്രമണങ്ങളില്‍ വെള്ളത്തൂവല്‍ സ്റ്റീഫന്‍ ഉണ്ടായിരുന്നു.  1968 നവംബര്‍ 22 നു തലശേരി പോലിസ് സ്റ്റേഷന്‍ ആക്രമണം ആണ് കേരളത്തില്‍ നക്സലൈറ്റുകളുടെ  വരവ് ലോകത്തെ അറിയിച്ചത്. സ്റ്റീഫൻ   ഉള്‍പ്പെട്ട അറുപതംഗ സംഘം ആദ്യം പോലിസ് പെട്രോള്‍ ടീമിനെ ആക്രമിച്ചു.  ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപെട്ടു.  മറ്റൊരാളുടെ തലക്കു മൂകളിലൂടെ ബോംബ്‌ ചീറിപാഞ്ഞു പോയി. സ്റ്റീഫൻ  ആയിരുന്നു ഈ ആക്ഷനു   ബോംബ്‌ നിര്‍മ്മിച്ചതും എറിഞ്ഞതും . ആക്ഷനില്‍ പങ്കെടുത്ത ഗോപാലിന്റെ കൈയ്യില്‍ ഇരുന്നു ഒരു ബോംബ്‌ പൊട്ടി. വേദനകൊണ്ട് പിടഞ്ഞ ഗോപാലിനെ സംഘത്തിനു   തന്നെ വെടി വെച്ചു കൊല്ലേണ്ടി  വന്നു.  പോലിസ് സ്റ്റേഷന്‍ ആക്രമണം ഫലവത്തായില്ല. ഈ ആക്ഷന്‍ പരാജയപ്പെട്ടതറിയാതെ മുന്‍കൂട്ടി  നിശ്ചയിച്ചതനുസരിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കുന്നിക്കല്‍ നാരായന്റെയും അജിതയുറെയും ഫിലിപ് എം. പ്രസാദിന്റെയും നേതൃത്വത്തില്‍ പുല്‍പള്ളി സ്റ്റേഷന്‍ ആക്രമണമുണ്ടായി.  പോലീസുകാര്‍ സ്റ്റീഫനെ കണ്ടെങ്കിലും ആ പൊടിമീശക്കാരന്‍ പ്രതിയാകാന്‍ ഇടയില്ലെന്നു  ഉറപ്പിച്ചു.  പകരം മറ്റൊരാളെ  അവര്‍ അറസ്റ്റ് ചെയ്തു എം. സ്റ്റീഫൻ.  (പില്‍ക്കാലത്ത് സുവിശേഷപ്രചാരകന്‍ ആയ അദ്ദേഹം ജയിലില്‍ സ്റ്റീഫനും    ഒരു സുവിശേഷം സമ്മാനിച്ചു )  സ്റ്റീഫന്‍   ആകട്ടെ ഒളിവിലും . ഇതിനിടെ കൊങ്ങാടും നക്സല്‍ ആക്ഷനില്‍ ഒരു ജന്മി കൊല്ലപ്പെട്ടു  . കേസുമായി പുല ബന്ധമിലെങ്കിലും ആ കേസും ഒളിവില്‍ ആയിരുന്ന അദ്ദേഹത്തിന്‍റെ ചുമലില്‍ ചാര്‍ത്തപ്പെട്ടു .വെള്ളത്തൂവല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസിനെ വെടി വെച്ച കേസും . ഇതിനിടെയായിരുന്നു നഗരൂര്‍ കുമിള്‍ വധകേസുകള്‍ .
  
   അതോടെ നക്സല്‍  വേട്ട ശക്തമായി . ഇതിനിടെ പോലിസ് യാദൃശ്ചികമായി  പിടികൂടിയ വർഗീസ്   ഏറ്റു മുട്ടലില്‍ കൊല്ലപെട്ടിരുന്നു. അജിതയെയും കൂട്ടരെയും നാട്ടുകാര്‍ തന്നെ പിടികുടി പോലീസില്‍ ഏല്പിച്ചു. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍    സ്റ്റീഫനും പോലിസ് പിടിയിലായി .  എഴുപത്തിയൊന്നില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ പതിനെട്ടോളം കൊലക്കേസുകളില്‍ പ്രതിയായിരുന്നു അദ്ദേഹം ബൂര്‍ഷ്വാ കോടതികളില്‍ പാര്‍ട്ടിക്ക് വിശ്വാസം ഇല്ലാതിരുന്നതിനാല്‍ കേസൊന്നും വാദിച്ചില്ല .    സ്റ്റീഫന്‍ ശിക്ഷിക്കപ്പെട്ടു . 15 വര്‍ഷത്തിനു ശേഷമായിരുന്നു മോചനം . 


വെള്ളത്തൂവല്‍ സ്റ്റീഫന്‍ :സാഹസികമായ ആ രാഷ്ട്രീയ യാത്രയില്‍ ഞാന്‍ തന്നെ ഒട്ടേറെ കേസുകളില്‍ പ്രതിയായി ഇരുപത്തിയൊന്നാം  വയസ്സില്‍ ജയിലില്‍ ആയി . തലശ്ശേരി-പുല്‍പ്പള്ളി  കേസില്‍ ബോംബ്‌ എറിഞ്ഞത് ഞാനാണ്  . വെള്ളത്തൂവല്‍ വെടിവെയ്പ്പു എന്റെ നേതൃത്വത്തില്‍ ആയിരുന്നു  . നഗരൂര്‍ - കുമ്മിള്‍ കേസില്‍ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും -ഞാനും കുടെ ചെന്നത് കൊണ്ടാണ് അത് ഓര്‍ഗനൈസ് ചെയ്യുന്നത് - അവിടെ ആളുകള്‍ അതിനു തയ്യാര്‍ ആയിരുന്നു -പ്രേരണകുറ്റത്തിനു ,ഗൂഢാലോചനയ്ക്കു പ്രതിയായി . പോലിസ് പിടികൂടുമ്പോള്‍ എനിക്കെതിരെ 18 കേസുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്.    ഒളിവില്‍  ഒരു പാടുപേരെന്നെ സഹായിച്ചു . കൈയ്യും  കാലും പൊള്ളല്‍ ഏറ്റു പരിക്ഷീണനായ   എന്നെ അവര്‍ പലവിധത്തില്‍ സഹായിച്ചു . കണ്ണില്‍ എണ്ണ ഒഴിച്ചിരിക്കുമ്പോഴും  കാണാതാകുന്നയാളാണ് സ്റ്റീഫന്‍ എന്നായിരുന്നു പോലിസ് നിഗമനം  . കേസു പാര്‍ട്ടി നയമനുസരിച്ച് കോടതിയില്‍ വാദിച്ചില്ല . കേസെടുക്കുമ്പോള്‍ പ്രസംഗിക്കുകയായിരുന്നു പതിവ്. 

   നക്സല്‍ പ്രസ്ഥാനം തുടക്കം മുതല്‍ പ്രത്യയശാസ്ത്രപരമായ കാര്യങ്ങളില്‍ ഭിന്നിപ്പിലായിരുന്നു . ചാരു മജുംദാര്‍ ജന്മിത്വത്തിനെതിരെ വാളോങ്ങണമെന്നു നിര്‍ദ്ദേശിച്ചപ്പോള്‍ ഭരണകൂടമാണ് ശത്രു എന്ന് പ്രഖ്യാപിച്ചു സ്വന്തമായ ലൈന്‍ പ്രഖ്യാപിച്ചയാളാണ്  കുന്നിക്കല്‍ നാരായണന്‍ . ചാരു മജുംദാര്‍ ആകട്ടെ കേരളത്തില്‍ വിശ്വാസം അര്‍പ്പിച്ചത്  പിന്നിട് സര്‍ക്കാരിന്  കീഴങ്ങിയഅമ്പാടി ശങ്കരന്‍കുട്ടി  മേനോനിലും . ഇങ്ങനെ രണ്ടായി കഴിഞ്ഞിരുന്ന പാര്‍ട്ടിക്ക് ഒരുമയുടെ മുഖം നല്‍കാന്‍ കെ വേണു കല്‍ക്കട്ടയില്‍ പോയി ചാരു മജുംദാരിനെ കാണുന്നു . സ്റ്റീഫന്‍ ഐക്യശ്രമവുമായി സഹകരിച്ചെങ്കിലും നഗരൂര്‍- കുമ്മിള്‍ കേസ് പ്രസ്ഥാനത്തെ വീണ്ടും പിടിച്ചു കുലുക്കി .

വെള്ളത്തൂവല്‍ സ്റ്റീഫന്‍:ഇതിനിടെയാണ് കെ വേണുവിന്റെ വരവ് . വിശ്വവിജ്ഞാനകോശത്തില്‍ സബ് എഡിറ്ററായിരുന്നു കെ വേണു . അദ്ദേഹം ഒരു ദിവസം എന്നെ കാണാന്‍ വളരെ ആഗ്രഹിച്ചു വന്നു . നഗരൂര്‍ കുമ്മില്‍ കേസ് നടക്കാന്‍ പോകുന്ന സമയത്താണ് അത് .  കൈയില്‍ പൊള്ളലേറ്റ്  ഞാന്‍ വല്ലാതെ വികൃതമായി ഇരിക്കുകയാണ് .  മരണത്തിനടുത്തായിരുന്നു ഞാന്‍.  പുറത്തിറങ്ങാന്‍ കഴിയാതെ ഇരിക്കുന്ന കാലം. ചാരു മജുംദാറുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പാര്‍ട്ടി ദേശീയ സെക്രട്ടറി എന്ന നിലയില്‍   മജുംദാരിനെ കണ്ടു ഭാവിപരിപാടികള്‍  ആലോചിചിക്കാന്‍  കെ. വേണുവിനെ ഒരു മീഡിയേറ്റര്‍ അല്ലെങ്കില്‍  ഇട നിലക്കാരന്‍ എന്ന നിലയില്‍ നിയോഗിച്ചു. ഞാനും കൂടി ചേര്‍ന്നാണ് അദ്ദേഹത്തെ അയക്കുന്നത്.  

   പക്ഷെ തിരിച്ചു വരുമ്പോള്‍ അദ്ദേഹം പാര്‍ട്ടി അതോറിട്ടന്‍ ആയാണ് വരുന്നത്.  വര്‍ഗീസിനെയും വാസുവിനെയും എന്നെയുമെല്ലാം തള്ളിപ്പറയുന്ന  പാര്‍ട്ടിയുടെ വക്താവായാണ്. അധികാരമോഹം ഉള്ള ഇടത്തട്ടുകാരന്‍ . അധികാര മോഹം അദ്ദേഹത്തിനു വല്ലാതെ ഉണ്ടെന്നു തോന്നുന്നു. എനിക്കതില്‍ ഒരു കുണ്ഠിതവുമില്ല . തെറ്റ് തിരുത്തണമെന്ന് പറയുമ്പോള്‍ അതുമായി മുന്നോട്ടു പോകുകയായിരുന്നു അയാള്‍ . വേണു  വലിയ കളിയാണ് കളിച്ചത്. നഗരൂര്‍ കുമ്മിള്‍ കേസില്‍ പരസ്യമായി കഴിഞ്ഞിരുന്ന അയാള്‍  പോലീസിന്റെ തല്ലു കൊണ്ടു . പക്ഷെ എനിക്കെതിരെ ക്രിമിനല്‍ കുറ്റവും പ്രേരണാകുറ്റവുമെല്ലാം ചുമത്തിയപ്പോള്‍ വേണുവിനെതിരെ ചെറിയ വകുപ്പുകളാണ് ചുമത്തിയത്.അദ്ദേഹം അധികം വൈകാതെ ജയില്‍ മോചിതനായി. 
   
  ജയിലില്‍ പാര്‍ട്ടിയില്‍പ്പെട്ട എല്ലാവരും എനിക്ക് എതിരായപ്പോള്‍ എനിക്ക് വിഷമമായി. ഇതിനിടെ ജയിലില്‍  വാര്‍ഡന്മാരുടെ ഒരു ഗ്രൂപ്പ്‌  ഞാന്‍ രൂപികരിച്ചിരുന്നു .  അവര്‍ വഴി ലഭിച്ച ഫ്രോന്റിയര്‍ മാസികയില്‍ ഇന്ത്യയിലെ നക്സല്‍ നേതാക്കള്‍ ചൈനയില്‍ എത്തി ചൌ എന്‍ ലായുമായി നടത്തിയ ഒരു അഭിമുഖത്തെ പറ്റി പറഞ്ഞിരുന്നു .ചൈനയില്‍ മാവോയുടെ നേത്രുത്വത്തില്‍ അധികാരം പിടിച്ചെടുത്ത സാഹചര്യമല്ല ഇന്ത്യയില്‍ . ഇവിടെ അഭിപ്രായ സ്വാതന്ത്ര്യവും  ബഹുജനപ്രസ്ഥാനങ്ങളും  ഉണ്ട് . മറ്റൊരു വിധത്തില്‍ മുന്നേറ്റം നടത്താന്‍ ആവും എന്നായിരുന്നു സൂചന .  ജനങ്ങള്‍ ഇളകി മറിഞ്ഞു വലിയ മാറ്റത്തിന് സന്നദ്ധര്‍ ആകാത്തിടതോളം ഒരു സമരവും വിജയിക്കില്ല എന്ന് ഞാന്‍ വിലയിരുത്തി . ഇത് ഞാന്‍ അവരെ ധരിപ്പിച്ചു . എന്നാല്‍ സ്റ്റീഫനു    പാര്‍ലമെണ്ടറി വ്യാമോഹം എന്നായിരുന്നു എല്ലാവരും കുറ്റപ്പെടുത്തിയത്.   അള്‍ട്ര ലെഫ്ടിലേക്ക് പോയവരെ  എനിക്ക്  തിരിച്ചു കൊണ്ടു  വരാനായില്ല . ഇതിനിടെ വേണു തകിടം  മറിയുന്നതാണ് കാണുന്നത് . ചൈനയിലെ നാല്‍വര്‍ സംഘത്തോടു കുടി   അദ്ദേഹം.  പിന്നെ ബോബ്  ഹോക്സ്‌ .പിന്നെ കൊറീയയിലെ  കിം ഇല്‍ സുങ്ങിനോപ്പം .വേണു തകിടം മറിയുകയാണ് .ഇപ്പോള്‍ ഗാന്ധിസത്തോടോപ്പം എന്ന് കേള്‍ക്കുന്നു .

?ജയില്‍ ജീവിതം

ഒരു മുറിയിലാണ് എന്റെ താമസം .മറ്റു യാതൊരു സൗകര്യവും  ഇല്ല . പുതക്കാന്‍ ഒരു ജമുക്കാളം ഉണ്ട്.  കയ്യാമം വെച്ചാണ് പുറത്തു കൊണ്ടു പോകുക. തിരിച്ചു വരുമ്പോഴും അങ്ങനെ . പോകുമ്പോള്‍ ലോക്കപ്പില്‍ വെച്ചാണ് ഭക്ഷണം പോലും തരുക . ഏകാന്ത തടവിലായിരുന്നു .  ഇതിനിടെ ജയിലില്‍ എഴുതാനും വായിക്കാനുമുള്ള അവകാശത്തിനു വേണ്ടി 1 8 ദിവസം നീണ്ട നിരാഹാര സമരം നടത്തി . മരണക്കിടക്കയില്‍ നിന്നാണ് ജീവിതത്തിലേക്ക് തിരികെ വന്നത് .  അടിയന്തിരാവസ്ഥ വന്നതോടെ വീണ്ടും പഴയ പോലെയായി  . ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മാറ്റമുണ്ടായി .  പുറത്തിറങ്ങി കളിക്കാനും മറ്റും സൗകര്യം കിട്ടി .പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടി.  
     
     ജയിലില്‍ നിരവധി പുസ്തകങ്ങള്‍ വായിച്ചു. ഇംഗ്ലീഷില്‍ പ്രാവിണ്യം നേടി.  ഇതിനിടെ സ്വന്തമായി ചില പുസ്തകങ്ങളും എഴുതിതുടങ്ങി.  ജയില്‍ അയച്ചു കിട്ടുന്ന  പേട്രിയറ്‍റ് പോലെയുള്ള ദിനപത്രങ്ങളുടെ റാപ്പറില്‍ ആയിരുന്നു തന്റെ ആദ്യനോവല്‍ ആതതായിയുടെ  അധ്യായങ്ങള്‍ അദ്ദേഹമെഴുതിയത്.  600 പേജ് ഉള്ള  പുസ്തകം സാഹിത്യ സത്ത മാത്രം നിലനിര്‍ത്തി ചുരുക്കി . അര്‍ദ്ധബിംബം,മേഘപാളികളിലെ കാല്പാടുകള്‍ എന്നിവയും അദ്ദേഹം ജയിലില്‍ വെച്ചു  എഴുതിയതാണ്.
  

?അഭ്യന്തര മന്ത്രി വയലാര്‍ രവി  ജയിലില്‍ വന്നു കാണുന്നു 

വെള്ളത്തൂവല്‍ സ്റ്റീഫന്‍:അങ്ങനെയിരിക്കെ ജയിലില്‍  അന്ന് അഭ്യന്തരമന്ത്രിയായിരുന്ന വയലാര്‍ രവിയെത്തി. ഞാന്‍ ജമുക്കാളത്തില്‍ തിരിഞ്ഞിരുന്നു ഡഫ്രേയുടെ  റവലുഷന്‍ ഇന്‍ റവലുഷന്‍  എന്ന പുസ്തകം വായിച്ചിരിക്കുകയായിരുന്നു . അദ്ദേഹം വന്ന  ഉടനെ ആ ജമുക്കാളത്തില്‍ ഇരുന്നു . തികഞ്ഞ ആദരവോടെയായിരുന്നു പെരുമാറ്റം . എന്റെ തോളില്‍ പിടിച്ചു അദ്ദേഹം പുറത്തിറങ്ങി .   ഇത് കണ്ടു ജയില്‍ സുപ്രണ്ട് അന്തിച്ചു നിന്നു  .  കുറച്ചു പുസ്തകങ്ങള്‍ കുടി വേണമെന്നതായിരുന്നു എനിക്കുള്ള ഏക ഡിമാണ്ട്. ഇതിനിടെ അദ്ദേഹം  അപ്പന്‍ എനിക്ക് പലവട്ടം പരോള്‍ തരാന്‍ അപേക്ഷിച്ച കാര്യം പറഞ്ഞു.  പക്ഷെ അത് ഇടതുപക്ഷ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല . തനിക്കു പരോള്‍ തരാന്‍ ആഗ്രഹമുണ്ട് പക്ഷെ പോലിസ്, ജയില്‍ അധികൃതര്‍ തുടങ്ങി  എല്ലാവരും അതിന് എതിരാണ് എന്നദ്ദേഹം പറഞ്ഞു . എന്നാല്‍ സ്വന്ത നിലക്ക് പരോള്‍ തരുന്നു. ചതിക്കരുത് അദ്ദേഹം പറഞ്ഞു. പുറത്തു വരുമ്പോള്‍ കാണണം എന്ന് പറഞ്ഞാണ് അദേഹം മടങ്ങിയത്.  പരോളില്‍ പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ അതിനു ശ്രമിച്ചില്ല . എന്നാല്‍ എന്നെ  പുറത്തിറക്കാന്‍ വന്ന ഫിലിപ്പ്  എം പ്രസാദ് നിര്‍ബന്ധിച്ചു. അദ്ദേഹത്തിന്‍റെ വീട്ടില്‍ കൊണ്ടു പോയി അദ്ദേഹവുമായി ഭക്ഷണം കഴിച്ചു.

        പിന്നീട്  ഇവിടെ ചേലച്ചുവട്ടില്‍ ഒരു മീറ്റിംഗ് നടക്കുമ്പോള്‍ അദ്ദേഹം എന്നെ കണ്ടു സദസ്സില്‍ നിന്ന് താഴോട്ട് ഇറങ്ങി വന്നു, എന്റെ വീട്ടില്‍ വന്നു .  ഞാന്‍ അദ്ദേഹത്തിനു കട്ടന്‍ കാപ്പി ഇട്ടു കൊടുത്തു.  അദ്ദേഹം അത് കഴിച്ചു പിരിഞ്ഞു . പരോള്‍ കാലാവധി കഴിഞ്ഞു അദ്ദേഹത്തെ കാണാന്‍ ചെന്നു . പരോള്‍ നീട്ടിത്തരാം എന്നായി അദ്ദേഹം . ഞാനതിനു തയ്യാറായില്ല . തിരികെ വരാതെ ഒളിവില്‍ പോയിരുന്നെങ്കില്‍ തന്റെ മന്ത്രി സ്ഥാനം തന്നെ പോകുമായിരുന്നു എന്നദ്ദേഹം പറഞ്ഞു . അത് ഒരു വലിയ സൗഹൃദം ആയി മാറിയെങ്കിലും ഞാന്‍ അതൊരിക്കലും ഉപയോഗിക്കാന്‍ ശ്രമിച്ചില്ല  . 

പിന്നിട്  രണ്ടാമത്തെ പരോളിനു വരുമ്പോളാണ് കവി രമേശന്‍ നായരെ കാണുന്നത് .ആ യാത്രയില്‍ ഞങ്ങളുടെ സംഭാഷണത്തില്‍ നിന്ന് പ്രചോദനം കൊണ്ടായിരിക്കാം അദ്ദേഹം  മാതൃഭൂമി  ആഴ്ചപതിപ്പില്‍ സ്റ്റീഫന്‍ എന്നപേരില്‍ ഒരു കവിത തന്നെ എഴുതി പ്രസിദ്ധപ്പെടുത്തി .

?സി. പി. എമ്മുമായി ബന്ധം 

വെള്ളത്തൂവല്‍ സ്റ്റീഫന്‍ : സി. പി.  എം . പൊതുവില്‍ എതിര്‍പ്പ് കാട്ടി.  അപ്പന്‍ ഏറെ പാടുപെട്ടിട്ടും   പരോള്‍ നല്‍കാന്‍ അവര്‍ തയ്യാര്‍ ആയില്ല. ഇപ്പോഴും പുറമേ ലോഹ്യം കാട്ടുമെങ്കിലും അവരുമായി വലിയ അടുപ്പമില്ല. സി. പി. എമ്മില്‍ നിന്നുള്ളവരാണ് കുടുതല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നത്‌   എന്നത് കാരണമാകാം .    
      അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോള്‍ ആര്‍. എസ്. എസ്.,  ഇ .എം .എസിന് ഒരു ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. 


?ജീവിതത്തില്‍ നിരാശ

വെള്ളത്തൂവൽ സ്റ്റീഫൻ: പ്രസ്ഥാനത്തിനു പറ്റിയ തെറ്റാണ്.  അത്  ബോദ്ധ്യമായപ്പോൾ  ഞാന്‍ മാറ്റം വരുത്തി. എല്ലാം. രാഷ്ട്രീയമായ തെറ്റായിരുന്നു അത് . അതിനു രാഷ്ട്രീയമായ മാറ്റമാണ് വേണ്ടത്.   കരഞ്ഞത് കൊണ്ടു കാര്യമില്ലെന്നു  ഞാന്‍ കരുതുന്നു. നിരാശപ്പെട്ടിട്ടും കാര്യമില്ല.  തെറ്റ്ചെയ്തുവെങ്കില്‍ തിരുത്തി മുന്നോട്ടു പോകുകയാണ് വേണ്ടത്.  ഒരേയൊരു വീഴ്ച്ച. പകരം മറ്റൊരു പ്രസ്ഥാനമുണ്ടാക്കി ലീഡ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല.  ജന്മി വിഭാഗത്തിനെതിരായ ഉന്മൂലന സിദ്ധാന്തം  ഒരു വരട്ടു വാദമാണെന്ന് തിരിച്ചറിഞ്ഞു.  ബഹുജനസംഘടനകളെയും ബഹുജനപ്രസ്ഥാനങ്ങളെയും തള്ളിക്കളഞ്ഞ ഉന്മൂലനം എന്ന സിദ്ധാന്തത്തെ  അഗ്രഗണ്യസ്ഥാനത്ത് നിര്‍ത്തിയ ചാരു മജുംദാരിന്റെ നിലപാടുകള്‍ പരാജയപ്പെടാതെ മാര്‍ഗമില്ല.  രാജ്യമാകെ പടര്‍ന്നു വികസിക്കേണ്ട ഇടതുപക്ഷ സാധ്യതകളാണ് അത് തകര്‍ത്തത് . ധീരരായ ആയിരക്കണക്കിന് സഖാക്കളുടെ  ജീവന്‍ ഈ പ്രസ്ഥാനത്തിനായി അര്‍പ്പിക്കുകയും ചെയ്തു . അതിന്റെ പേരില്‍ കരഞ്ഞു നടക്കണമെന്ന്  ഞാന്‍ കരുതുന്നില്ല . അതേപോലെ നിരാശനായി കാഷായ വേഷമോ ളോഹയോ ധരിക്കണമെന്നും. 

 

ജയിലില്‍  നിന്നേ ഉന്മൂലന സിദ്ധാന്തം കൈവെടിഞ്ഞു നാട്ടിലെത്തിയ സ്റ്റീഫനെ ജീവിത യാഥാർത്ഥ്യങ്ങൾ തുറിച്ചു നോക്കി . ചെറുപ്രായത്തില്‍ പഠിച്ച തുന്നല്‍ അദ്ദേഹത്തിനു ഇവിടെ സഹായകമായി.  ഇന്നും ഈ പ്രായത്തിലും തയ്യൽകടയില്‍ നിന്നുള്ള വരുമാനമാണ് ജീവിക്കാനുള്ള അദ്ദേഹത്തിന്‍റെ മുഖ്യ സ്രോതസ്സ് . അളിയന്‍ തയ്യല്‍ക്കാരനായിരുന്നു . നക്സലിസത്തിലേക്കു പോകും മുന്‍പേ. ഈ തൊഴില്‍ പഠിച്ചതാണ്. തയ്യല്‍ക്കട   തുടങ്ങിയത് കൊണ്ടു സംസാരിക്കാനുള ഒരു ഇടമായി.  എഴുത്തിനും അത് സഹായിച്ചു.

 

ഈ അവസരത്തിലാണ് അദ്ദേഹം സുവിശേഷപ്രചാരണത്തിലേക്ക് തിരിഞ്ഞത്. തലശ്ശേരി ആക്ഷനില്‍ അദ്ദേഹത്തിന് പകരം അറസ്റ്റ് ചെയ്ത എം സ്റീഫന്‍ അദ്ദേഹത്തിനു ഒരു ബൈബിള്‍ നല്‍കിയിരുന്നു "ബൈബിള്‍ അന്നേ വായിക്കാക്കാറുണ്ട് , പക്ഷെ അതും ഒരു അടവെന്നു   വ്യാഖ്യാനിക്കുമെന്നത് കൊണ്ടു അതത്ര  പ്രസിദ്ധപെടുത്താനൊന്നും പോയില്ല " 1993 ഡിസംബര്‍ പത്തിന് ലോക മനുഷ്യാവകാശഷദിനത്തിലാണ് അദ്ദേഹം സുവിശേഷപ്രചാരണം തുടങ്ങിയത്ത് ..കനല്‍ വഴികളില്‍ നിന്ന്   ദൈവസ്നേഹത്തിലേക്കു , നക്സല്‍ ബാരിയില്‍  നിന്ന് കാല്‍വരിയിലേക്ക് എന്നെല്ലാം  വിശേഷിക്കപെട്ട യാത്രയായിരുന്നു അത്.

വെള്ളത്തൂവല്‍ സ്റ്റീഫന്‍:എന്റെ ക്രിസ്തു പള്ളികളില്‍ ഉള്ള ക്രിസ്തുവല്ല എന്റെ ക്രിസ്തു കറുത്ത ക്രിസ്തുവാണ്.  യാഥാസ്ഥിതിക സഭ കളോ പെന്തിക്കോസ്തു സഭകളോ കാണുന്ന ക്രിസ്തുവല്ല എന്റേത്. അവിടെ ദളിതര്‍ക്ക് വിലയില്ല . വേദപുസ്തകത്തില്‍ ഞാന്‍ കാണുന്നത് അതല്ല . ക്രിസ്തു ആരും അസ്പ്രശ്യരാണെന്നു പറഞ്ഞിട്ടില്ല. ഒരു സാമ്പത്തിക നീതിയാണ് ക്രിസ്തു മുന്നോട്ടു വെച്ചത്. ഇന്ന് ഓരോ മെത്രാനും അംബാനിയാണ് . അങ്ങനെയാല്ലാലാത്തവരും  ഉണ്ട്.സഖറിയയെ പോലെ ...ആ സന്ദേശമാണ് ഞാന്‍ പ്രചരിപ്പിച്ചത്. . 

   ഗാന്ധി മാര്‍ഗവും അദ്ദേഹത്തിനു പഥ്യമല്ല. അതിനു പ്രധാനകാരണം അത് സാമ്പത്തിക നീതിക്കായി ശ്രമിക്കുന്നില്ല എന്നതാണെന്ന് അദ്ദേഹം പറയുന്നു.

  തൊഴിലധിഷ്ടിതമായ ജാതിവ്യവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുകയാണ്. ഇപ്പോഴും കടുത്ത ജാതീയത നിലനില്‍ക്കുന്നു . പ്രത്യേകിച്ചും വടക്കെ ഇന്ത്യയില്‍.  ഗാന്ധിയന്‍ പ്രത്യാശ പ്രതിലോമപരമാണ്. സാമ്പത്തിക നീതി ഗാന്ധിസത്തില്‍ ഇല്ല.

ഇന്നത്തെ ഇന്ത്യ ,കേരളം

അസമമായ വികാസക്രമമാണ്‌  ഇന്ത്യയില്‍. കേരളം മുന്നോട്ടു പോയി.  എന്നാല്‍ അതിനൊരു ദൂഷ്യമുണ്ട് .. കുട്ടനാടന്‍ പാഠശേഖരങ്ങളിൽ പത്തു സെന്റ് വീതം കൊടുത്തപ്പോള്‍ എല്ലാവരും ഭൂഉടമയായി.  കൊയ്ത്തു  നടക്കുമ്പോള്‍ കൊടിയേറും . വലിയ കലാപത്തിലേക്കും ചോരചോരിച്ചിലിലേക്കുമാണ് ഇന്ത്യ പോകുന്നത്. നാണ്യവിളകളുടെ    ദൂഷ്യത്തെപറ്റി നാം ചിന്തിക്കുന്നില്ല.  പത്തു സെന്റിലും  നാം റബ്ബര്‍ കൃഷി ചെയ്യും. ഏവര്‍ക്കും  കാറുകള്‍ . ഇവിടെ സ്വാർത്ഥതയുടെ  ഒരു കൊടുമുടിയിലാണ് നാം.

 

   ഇന്ത്യ അപകടകരമായ ഒരു സ്ഥിതി വിശേഷത്തിലേക്ക് പോകുകയാണ്. ഒരു ജാതി സമൂഹമായി മാറാനാണ് ശ്രമം . വലിയ കലാപത്തിലേക്കും ചോരച്ചൊരിച്ചിലിലേക്കുമാണ് ഇന്ത്യ പോകുന്നത്.

 ?കുടുംബം 


മൂത്ത പെങ്ങളുടെ കല്യാണം പ്രശ്നമായിരുന്നു . മേരിയെ പാര്‍ട്ടിയുമായി ബന്ധമുള്ള ഒരാള്‍ കല്യാണം കഴിച്ചു .  അപ്പനുമായി   യാതൊരു  സംഘര്‍ഷവും  ഇല്ലായിരുന്നു.  ഒരേ പ്രത്യയ ശാസ്ത്രത്തില്‍  വിശ്വസിക്കുന്നവരായിരുന്നു ഞങ്ങള്‍.  മാര്‍ഗത്തില്‍ മാത്രമായിരൂന്നു വ്യത്യാസം . അമ്മക്ക്  വലിയ ബുദ്ധിമുട്ടായിരുന്നു. അമ്മ വല്ലാതെ വിഷമിച്ചു . അമ്മ  അലറിക്കരയുമായിരുന്നു. പോലീസുമായി ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ ഒരു തവണ വിഷമിച്ചു പോയി 

?വിവാഹം 

വെള്ളത്തൂവല്‍ സ്റ്റീഫന്‍: ഭാര്യ സലോമി .മകള്‍ ദ്യുതി അയര്‍ലന്റില്‍ ജോലി നോക്കുന്നു. രോഗങ്ങല്‍ വലയ്ക്കുന്നുണ്ട് . എഴുപതു ശതമാനം ഹൃദ്രോഗിയാണ്‌ . പ്രമേഹവും അലട്ടുന്നു. എങ്കിലും തയ്യല്‍ മുടക്കാറില്ല . ആളുകളുമായി സംസാരിക്കാന്‍ അത് ഒരു അവസരം കുടിയാണ് . 

  വെള്ളത്തൂവല്‍ സ്റ്റീഫന്‍ ഇപ്പോള്‍ പ്രധാനമായി എഴുത്തില്‍ മുഴുകിയിരിക്കുന്നു . മാര്‍ക്സിസത്തെ  പറ്റിയുള്ളതാണ് അടുത്തകാലത്തെ പുസ്തകം. .മാര്‍ക്സിന്റെ  150ആം  ജന്മ വർഷത്തിൽ    മറ്റെന്താണ് അദ്ദേഹത്തിനു ചെയ്യാനുള്ളത്. !


'

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image