പിന്തിരിപ്പന്‍മാരില്‍ ഏറ്റവും വലിയവര്‍

സന്ദീപ്‌ വെള്ളാരംകുന്ന്

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതും വാഹനമോടിക്കുന്നതും കേരളത്തിലെ പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയ തെറ്റല്ല. എന്നാല്‍ കേരളത്തിലെ നവോത്ഥാനത്തിന്റെ അപ്പസ്‌തോലന്മാരായ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം പൊറുക്കാനാവാത്ത വലിയ കുറ്റങ്ങളാണ് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതും വാഹനമോടിക്കുന്നതുമെല്ലാം.മാനന്തവാടിയിലെ സിസ്റ്റര്‍  ലൂസി കളപ്പുരയ്ക്കു നേരേ സഭ നല്‍കിയിരിക്കുന്ന കുറ്റാരോപണ പത്രികയില്‍ പറയുന്ന കുറ്റങ്ങളാണ് ഡ്രൈവിംഗ് ലൈസന്‍സും വാഹനമോടിക്കലുമെല്ലാം. എന്നാല്‍ തുടര്‍ച്ചായി സഭാ നേതൃത്വത്തില്‍ നിന്നുണ്ടാകുന്ന ഇത്തരം പിന്തിരിപ്പന്‍ നീക്കങ്ങള്‍ സഭയുടെ തലപ്പത്തിരിക്കുന്നവര്‍ ഇപ്പോഴും ലോകത്തിന്റെ മാറ്റങ്ങളെ അറിഞ്ഞിട്ടില്ലാത്തവരോ അല്ലെങ്കില്‍ അറിഞ്ഞിട്ടും മാറാന്‍ തയാറല്ലെന്നു വ്യക്തമാക്കുന്നതാണ്. 


അതേസമയം സീറോ മലബാര്‍ സഭയുടെ സിനഡാകട്ടെ തങ്ങളാണ് പിന്തിരിപ്പന്‍മാരില്‍ ഏറ്റവും വലിയവരെന്ന യാഥാര്‍ഥ്യം തുറന്നുകാട്ടുന്ന തരത്തില്‍ സര്‍ക്കുലര്‍ വരെ പുറത്തിറക്കിയിരിക്കുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ അറസ്റ്റിലായിട്ടും വേട്ടക്കാരനൊപ്പം ചേരാനും ഇരയെ പരമാവധി ഒറ്റപ്പെടുത്താനും വഴിമരുന്നിടുന്ന തരത്തിലുള്ള നീക്കങ്ങളാണ് സര്‍ക്കുലറിലും തെളിഞ്ഞു കണ്ട്. കാനോന്‍ നിയമവും അച്ചടക്കവും വൈദികര്‍ക്കും കന്യാസ്ത്രീമാര്‍ക്കും മാത്രം ബാധകമാണെന്നും ഇതു ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കി സീറോ മലബാര്‍ സഭയുടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറത്തിറക്കിയ സര്‍ക്കുലര്‍ അതേസമയം ബിഷപ്പുമാര്‍ അച്ചടക്കം ലംഘിച്ചാല്‍ നടപടിയെടുക്കുമോയെന്നു പറയാന്‍ പോലും തയാറായിട്ടില്ല. 


സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സംബന്ധിച്ചിടത്തോളം സഭ കണ്ടെത്തിയിരിക്കുന്ന കുറ്റങ്ങളുടെ പട്ടിക വിചിത്രമാണ്. ഡ്രൈവിംഗ് ലൈസന്‍സ് എടുത്തു, വാഹനം ഓടിച്ചു, പുസ്തകം പ്രസിദ്ധീകരിച്ചു, ലഭിച്ച ശമ്പളം മുഴുവന്‍ സഭയ്ക്കു നല്‍കിയില്ല, വനിതാ മാധ്യമപ്രവര്‍ത്തകയെ മുറിയില്‍ താമസിപ്പിച്ചു തുടങ്ങിയവയാണ് എടുത്തുപറയുന്ന പ്രധാന കുറ്റങ്ങള്‍. ഇതോടൊപ്പം കന്യാസ്ത്രീ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് എത്തിയതും ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതും കത്തോലിക്കാ സഭയുടേതല്ലാത്ത മാധ്യമങ്ങളില്‍ എഴുതിയതുമെല്ലാം വലിയപാതകങ്ങളായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


     രണ്ടാം തവണയും നോട്ടീസ് ലഭിച്ച സിസ്റ്റര്‍ ലൂസി കളപ്പുര ഇപ്പോള്‍ ഇതിനുള്ള മറുപടി നല്‍കാനുള്ള നീക്കത്തിലാണ്. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം ചെയ്ത കുറവിലങ്ങാട്ടെ കന്യാസ്ത്രീകളെ ഏതുവിധേനയും കെട്ടുകെട്ടിക്കാനുള്ള നീക്കത്തിലാണ് സഭാ നേതൃത്വം. സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ ഉള്‍പ്പടെയുള്ളവരെ കേരളത്തിനു പുറത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇതിനോടകം തന്നെ അവര്‍ക്കു ലഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇരയായ കന്യാസ്ത്രീയെ ഒറ്റപ്പെടുത്താനും കേസ് അട്ടിമറിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് സ്ഥലം മാറ്റമെന്നും അതുകൊണ്ടു തന്നെ ഏതു വിധത്തിലുമുള്ള സമ്മര്‍ദങ്ങളുണ്ടായാലും തങ്ങള്‍ കേരളം വിട്ടുപോകില്ലെന്നാണ് കന്യാസ്ത്രീകള്‍ നിലപാടെടുത്തിരിക്കുന്നതും സാഹചര്യം ശരിക്കും മനസിലാക്കിത്തന്നെയാണ്. 

പ്രതീക്ഷയുടെ നാമ്പുകള്‍

കത്തോലിക്കാ സഭ ഇത്രത്തോളം പ്രതിലോമകരമായ നീക്കങ്ങളുമായി മുന്നോട്ടുപോകുമ്പോഴും സഭാ നേതൃത്വം കാണിക്കുന്നത് തെറ്റാണെന്നു ചൂണ്ടിക്കാട്ടി രംഗത്തിറങ്ങിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെ കാണാതെ പോകരുത്. സീറോ മലബാര്‍ സഭയെത്തന്നെ പിടിച്ചുലച്ച എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എല്ലാവരും പിന്തുണയുമായി രംഗത്തെത്തിയപ്പോള്‍ ഭൂമി വിവാദത്തില്‍ അന്വേഷണം വേണമെന്നും കര്‍ദിനാള്‍ മാറി നില്‍ക്കണമെന്നും പറഞ്ഞു തെരുവില്‍ സമരം നടത്താന്‍ വരെ വൈദികര്‍ തയാറായി. ഈ സമരത്തിന്റെ ബാക്കി പത്രമായാണ് മാര്‍ ജേക്കബ് മാനത്തോടത്തിനെ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റായി വത്തിക്കാനില്‍ നിന്നു നിയമിച്ചതും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയതും. 

കര്‍ദിനാളിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ സര്‍ക്കുലറിനെതിരേ കഴിഞ്ഞ ദിവസം ചേര്‍ന്ന വൈദിക സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് വൈദികര്‍ മാര്‍ മാനത്തോടത്തിനു മുമ്പില്‍ പ്രകടിപ്പിച്ചത്. ഒടുവില്‍ അടുത്ത പെര്‍മനന്റ് സിനഡില്‍ സര്‍ക്കുലര്‍ പിന്‍വലിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാമെന്നു  മാര്‍ മാനത്തോടത്ത് വൈദികരോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സീറോ മലബാര്‍ സഭയിലെ മറ്റു വൈദികരും രൂപതകളും ജനാധിപത്യ വിരുദ്ധമായ സര്‍ക്കുലറിനെ റാന്‍ മൂളി പിന്തുണയുമായി രംഗത്തെത്തിയപ്പോഴാണ് സര്‍ക്കുലര്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി വൈദികര്‍ രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. ഇത്തരം വൈദികരിലാണ് ഇനി കത്തോലിക്കാ സഭയെപ്പറ്റിയുള്ള അവശേഷിക്കുന്ന പ്രതീക്ഷ.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image