പ്രേംനസീര്‍- മനസ്സു സുതാര്യമാകുമ്പോള്‍
 
പി കെ ശ്രീനിവാസന്‍

പ്രേംനസീര്‍ മരിച്ചിട്ട് 30 വര്‍ഷം പിന്നിട്ടിരിക്കുന്നു. സ്വന്തം പരിമിതികള്‍ കണ്ടറിഞ്ഞ് ക്യാമറക്ക് മുന്നിലും പിന്നിലും ജീവിച്ച അദ്ദേഹം നിരവധി പാഠങ്ങള്‍ സിനിമയുടെ ചരിത്രത്തില്‍ കുറിച്ചിട്ടിരിക്കുന്നു.                                                                                                                                                                                                                                   
'സത്യം വിശ്വസിച്ച് നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെ തീര്‍ച്ചയായും താഴെ അരുവികളൊഴുകുന്ന ഉദ്യാനങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കും. അവിടെ അവരെ സ്വര്‍ണവളകള്‍ ചാര്‍ത്തും; മുത്തുമാലകള്‍ അണിയിക്കും; പട്ടുവസ്ത്രങ്ങള്‍ ഉടുപ്പിക്കും. സൗമ്യമായ വാക്കുകളോടെ സുന്ദരമായ വഴിയിലേക്ക് അവരെ ആനയിക്കും.'    -ഖുര്‍ആന്‍

എണ്‍പതുകളുടെ തുടക്കം. രാത്രി പത്തുമണി കഴിഞ്ഞിരിക്കും. മദ്രാസിലെ മഹാലിംഗപുരത്തെ പ്രേംനസീറിന്റെ വീട്ടിന്റെ ഗേറ്റില്‍ ആരോ ശക്തമായി മുട്ടുകയാണ്. വെളിച്ചം കുറവായതിനാല്‍ പുറത്തു നില്‍ക്കുന്ന ആളെ വ്യക്തമായി കാണാനാവുന്നില്ല. എന്തായാലും രാത്രി ആയതിനാല്‍ പിരിവുകാരാകാന്‍ ഇടയില്ല. നസീര്‍തന്നെ പുറത്തേയ്ക്ക് വന്നു. ഗേറ്റില്‍ നീണ്ടുമെലിഞ്ഞ കറുത്ത രൂപം. തന്റെ പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് മുരുകാലയാ ത്യാഗരാജന്‍! ഇരുട്ടിലും ത്യാഗരാജന്റെ ക്ഷമാപണഭാവം കാണാം. ഷൂട്ടിംഗ്കഴിഞ്ഞ് എട്ടുമണിക്ക് വീട്ടിലെത്തിയ നസീറിനു നിര്‍മ്മാതാവിനെ ഗേറ്റില്‍ കണ്ടപ്പോള്‍ ആകാംഷയായി. മലയാളചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന തമിഴനാണ് മുരുകാലയാ ത്യാഗരാജന്‍. പ്രേംനസീറിനോട് അമിത ഭയഭക്തിബഹുമാനമുള്ള പാവം മനുഷ്യന്‍. 'എന്നാച്ച് മിസ്റ്റര്‍ ത്യാഗരാജന്‍?' -നസീര്‍. വൈകുന്നരം ഷൂട്ടുചെയ്ത സെറ്റില്‍ നസീറിന്റെ കുറച്ചു ഷോട്ടുകള്‍ കൂടിയെടുക്കാനുണ്ട്. നാളെ തെലുങ്ക•ാര്‍ കെട്ടിയ സെറ്റ് പൊളിച്ചുമാറ്റുകയാണ്. (നിര്‍മ്മാണച്ചെലവു കുറഞ്ഞുകിട്ടാന്‍ മറ്റു ഭാഷക്കാരുടെ സെറ്റുകള്‍ ഉപയോഗിക്കുന്നത് പഴയ ഏര്‍പ്പാടാണ്). ഇന്നുരാത്രിതന്നെ ഷോട്ടുകള്‍ എടുത്തില്ലെങ്കില്‍ കഷ്ടത്തിലാകും. ക്യാമറായൂണിറ്റ് സെറ്റില്‍ പ്രതീക്ഷ കൈവിടാതെ നില്‍ക്കുകയാണ്. ഇനിയെന്തു ചെയ്യും? ഡ്രൈവറെ നേരത്തെ പറഞ്ഞുവിട്ടു. നസീര്‍ ചോദിച്ചു: 'മിസ്റ്റര്‍ ത്യാഗരാജന്‍ വണ്ടിയുണ്ടോ? ' മിസ്റ്റര്‍ ത്യാഗരാജന്‍ ആകെ പരുങ്ങുന്നത് കണ്ട് അദ്ദേഹം ചോദിച്ചു: 'താങ്കള്‍ ഇവിടെ എങ്ങനെ വന്നു? ' അയാള്‍ ഗേറ്റിന്റെ അരുകിലിരിക്കുന്നു പഴഞ്ചന്‍ മോപ്പഡിലേയ്ക്ക നോക്കി. ഒരാളിനെത്തന്നെ താങ്ങാന്‍ ശേഷിയില്ലാത്ത മോപ്പഡ്! അതുകണ്ടപ്പോള്‍ നസീര്‍ ചിരിച്ചു.  ഇരുട്ടിലായതിനാല്‍ മിസ്റ്റര്‍ ത്യാഗരാജന്‍ നിത്യഹരിതനായകന്റെ ആ ചിരിയുടെ മനോഹാരിത കണ്ടില്ല. 'മേക്കപ്പും ഡ്രസ്സുമൊക്കെ റെഡിയാണോ?' എല്ലാം റെഡിയാണെന്ന് മിസ്റ്റര്‍. അദ്ദേഹം അകത്തേക്ക് പോയി ഉടന്‍ ഡ്രസ് മാറി തിരിച്ചുവന്നു. 'ഉം, വണ്ടിയെടുക്ക്. ' ത്യാഗരാജന്‍ അന്തംവിട്ടു നില്‍ക്കുമ്പോള്‍ നസീര്‍ ശകടത്തിന്റെ പിന്‍സീറ്റില്‍ എത്തിക്കഴിഞ്ഞു. വണ്ടി മുക്കിയുംമൂളിയും അദ്ദേഹത്തേയും കൊണ്ട് കോടമ്പാക്കം പാലത്തിലൂടെ, എന്‍ എസ് കെ ശാലയിലൂടെ, വടപളനിയിലൂടെ ശ്യാമളാ സ്റ്റുഡിയോയിലേയ്ക്ക് ഞരങ്ങിനീങ്ങുന്നു. ഷോട്ടുകള്‍ പൂര്‍ത്തിയാക്കിയശേഷം രാത്രി ഒന്നരമണിക്ക് ത്യാഗരാജന്റെ മോപ്പഡിലേറി അദ്ദേഹം 'ഭദ്രമായി' മഹാലിംഗപുരത്തെത്തുന്നു. 
      
എണ്‍പതുകളുടെ മറ്റൊരു പകുതി. നൂറ്റിയിരുപതും നൂറ്റിമുപ്പതും ചിത്രങ്ങള്‍ നിര്‍മ്മിച്ച് മലയാള സിനിമ ശക്തി തെളിയിക്കുന്ന കാലം. രംഗം: കൊടൈക്കെനാലിലെ ഹോട്ടല്‍. രാവിലെ അഞ്ചു മണിക്ക് പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനുവേണ്ടി കാറുകളിലും വാനുകളിലുമൊക്കെയായി സൂപ്പര്‍താരങ്ങളും സാങ്കേതിക വിദഗ്ദരും മറ്റും എത്തുകയാണ്. പക്ഷേ ഹോട്ടല്‍ മുറികള്‍ തയ്യാറാകാന്‍ രണ്ടുമണിക്കൂര്‍ വേണ്ടിവരും. ഏഴുമണിക്ക് മുറികള്‍ ഒരുങ്ങണമെന്നായിരുന്നു നിര്‍മ്മാതാവിന്റെ ഉത്തരവ്. സംഘം മുമ്പേ എത്തിക്കഴിഞ്ഞു. ഇനിയെന്തു ചെയ്യും? വിശ്രമിക്കാന്‍ ഓടിയെത്തിയ താരങ്ങള്‍ക്ക് അരിശമായി. നീണ്ട രണ്ടു മണിക്കൂറോ? സംഘത്തിലെ തലതൊട്ടപ്പനായ പ്രേംനസീര്‍ കയറിവരുമ്പോള്‍ ചില സീനിയര്‍ നട•ാര്‍ പ്രൊഡക്ഷന്‍ മാനേജരേയും ഹോട്ടല്‍ മാനേജരേയും കൈവയ്ക്കുമെന്ന അവസ്ഥയിലാണ്. ചിലര്‍ ഷൂട്ടിംഗ് ബോയ്‌ക്കോട്ടുചെയ്യുമെന്നുവരെ ഭീഷണി മുഴക്കുന്നു. പ്രേംനസീര്‍ സൗമ്യമായി കാര്യമന്വേഷിച്ചു. മുറികിട്ടാന്‍ രണ്ടുമണിക്കൂര്‍ കാത്തുനില്‍ക്കാനുള്ള ബുദ്ധിമുട്ട്! പ്രേംനസീറും അവരോടൊപ്പം യോജിക്കുമെന്നും അന്തരീക്ഷം വഷളാകുമെന്നും സംഘത്തിലുള്ളവര്‍ കരുതുന്നു. ഇതിലൊന്താ കാര്യം? രണ്ടുമണിക്കൂര്‍ നമുക്ക് കാത്തിരുന്നുകൂടെ? അദ്ദേഹത്തിന്റെ ഭാവംകണ്ടപ്പോള്‍ രംഗം തണുത്തുറയുന്നു. മാത്രമല്ല മേക്കപ്പ്മാന്‍ സോമനോട് ഒരു ബഡ്ഷീറ്റുകൊണ്ടു വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഹോട്ടല്‍റിസപ്ഷന്റെ സൈഡില്‍ ഷീറ്റുവിരിച്ച് അദ്ദേഹം ഉറക്കവുമായി. നസീറിന്റെ പ്രവൃത്തി കണ്ട സംഘാംഗങ്ങള്‍ നിരാശരായി അദ്ദേഹത്തെ പിന്തുടര്‍ന്നു. നിര്‍മ്മാതാവ് ആശ്വാസത്തോടെ നഞ്ചില്‍ കൈവച്ചു. 

ഈ സംഭവങ്ങളില്‍ പതിരില്ല. ആകാശദൂതിന്റെ ചിത്രീകരണവേളയില്‍ എന്റെ അടുത്ത സുഹൃത്തുകൂടിയായ നായകനടന്‍ മികച്ച മുറികിട്ടാത്തതിന്റെ പേരില്‍ കോട്ടയത്ത് അഞ്ചിലധികം ഹോട്ടലുകള്‍ ഒരേ ദിവസം അമര്‍ഷത്തോടെ കയറിയിറങ്ങുന്നതിനു ഞാനും ദൃക്‌സാക്ഷിയാണ്. 

അടുത്തിടെ ടി കെ പരീക്കുട്ടിയുടെ ചന്ദ്രതാരാപ്രൊഡ്കഷന്റെ എല്ലാമായിരുന്ന ആര്‍ എസ് പ്രഭുവുമായി സംസാരിച്ചിരിക്കുമ്പോള്‍ നസീര്‍ സ്വന്തം അനുജന്‍ പ്രേംനവാസിനു വേണ്ടി ഡ്യൂപ്പിട്ട കഥ പറയുകയുണ്ടായി. കാലം 1959. ആ വര്‍ഷം മലയാളത്തില്‍ നാല് ചിത്രങ്ങളാണ് പുറത്തുവന്നത്. ആനവളര്‍ത്തിയ വാനമ്പാടി, ചതുരംഗം, നാടോടികള്‍, മിന്നല്‍ പടയാളി. ജെ ഡി തോട്ടാന്‍ സംവിധാനം ചെയ്യുന്ന ചതുരംഗത്തില്‍ പ്രേംനസീറാണ് നായകന്‍. എസ് രാമനാഥന്റെ നാടോടികളില്‍ പ്രേംനവാസും. രണ്ടു ചിത്രങ്ങളും സെപ്തംബര്‍ പത്തിന് റിലീസ്. ഇവയുടെ ചിത്രീകരണം മദ്രാസിലെ സ്റ്റുഡിയോകളില്‍ തകര്‍ത്തുമുന്നേറുകയാണ്. നാടോടികളുടെ ഷൂട്ടിംഗിനിടയില്‍ പ്രേംനവാസിന്റെ കാലിനു പരിക്കേറ്റു കിടപ്പിലായി. ഇനിയെന്തു ചെയ്യും? കുറേ സീനുകള്‍ ബാക്കിയുണ്ട്. പത്തുമണിക്കൂര്‍ ചിത്രീകരിച്ചാല്‍ മാത്രമേ പടം പൂര്‍ത്തിയാകുകയുള്ളു. ആര്‍ എസ് പ്രഭുവിനു ചെറിയൊരു യുക്തിതോന്നി. നസീറിനെ കണ്ട് ഡ്യൂപ്പഭിനയിക്കാന്‍ അഭ്യര്‍ത്ഥിക്കാം. സംഭവം കേട്ടമാത്രയില്‍ നസീര്‍ അമ്പരന്നു. അനുജനു ചേട്ടന്‍ ഡ്യൂപ്പിടുകയോ? പക്ഷേ സമ്മതിച്ചാലും സമയം അനുവദിക്കേണ്ടേ? ചതുരംഗത്തിന്റെ പണി കഴിഞ്ഞാല്‍ രാത്രിയില്‍ രണ്ടു മണിക്കൂര്‍ വീതം കിട്ടിയാല്‍ കാര്യങ്ങള്‍ ഒപ്പിക്കാമെന്നായി പ്രഭുജി. അനുജന്റെ കാര്യം വിടാം. പക്ഷേ, തന്നെ ഒരു ചിത്രത്തിനുപോലും ഇതേവരെ വിളിക്കാത്ത പരീക്കുട്ടിയുടെ ചന്ദ്രതാരാപ്രൊഡ്ക്ഷനു മെന്റല്‍ ഷോക്കു കൊടുക്കണമെന്ന് നസീര്‍ കരുതിക്കാണും. അദ്ദേഹം സമ്മതിച്ചു. മിഡില്‍ ഷോട്ടുകളും ലോംഗ്‌ഷോട്ടുകളുമായി നസീറിനെ അഭിനയിപ്പിച്ചു നാടോടികള്‍ പൂര്‍ത്തിയാക്കി സമയത്തുതന്നെ വിതരണക്കാരനെ ഏല്‍പ്പിച്ചു.  അതിനുശേഷം 1964 ലാണ് ആര്‍ എസ് പ്രഭു പരീക്കുട്ടിയുടെ നിര്‍ദ്ദശപ്രകാരം നസീറിനെ കാണാനെത്തുന്നത്; ഭാര്‍ഗവീനിലയത്തിലേക്ക് ക്ഷണിക്കാന്‍. രണ്ടു നായക•ാരാണ് ആ ചിത്രത്തില്‍. മറ്റൊരാള്‍ മധു. പ്രഭുജി പ്രതിഫലത്തെക്കുറിച്ച് ചോദിച്ചു. 'ബഷീറിന്റെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു രൂപ തന്നാലും ഞാന്‍ അഭിനയിക്കും,' നസീറിന്റെ മറുപടി. സാധാരണ മാര്‍ക്കറ്റ് വിലയില്‍ നിന്ന് എപ്പോഴും കുറച്ചുമാത്രം പ്രതിഫലം കൊടുക്കുന്ന സ്വാഭാവക്കാരനാണ് ആര്‍ എസ് പ്രഭു. എന്നിട്ടും ഭാര്‍ഗവീനിലയത്തിലെ സഹകരണത്തിനു നസീറിനു ഒട്ടുംമോശമാകാത്ത പ്രതിഫലം കൊടുത്തു. 

സുഹൃത്തുക്കളായ നിര്‍മ്മാതാക്കളെ സഹായിക്കാനുള്ള നസീറിന്റെ വ്യഗ്രത ശ്രദ്ധേയമാണ്. ഒരിക്കല്‍ ടി കെ ബാലചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രം ബോക്‌സോഫീസില്‍ തലകുത്തിവീണു. കടം വാങ്ങി നിര്‍മ്മിച്ച ആ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം നസീറിനു പൂര്‍ണമായി കൊടുത്തിട്ടില്ല. പടം പൊളിഞ്ഞു, പ്രതിഫലം ഇപ്പോഴില്ല എന്നു പറയാനാണ് ടി കെ ബി മഹാലിംഗപുരത്തെ വീട്ടില്‍ കയറിച്ചെന്നത്. നിര്‍മ്മാതാവിന്റെ കരുവാളിച്ച മുഖം ശ്രദ്ധിച്ച അദ്ദേഹം ചോദിച്ചു: 'അപ്പോള്‍ ബാലചന്ദ്രന്‍ അടുത്തപടം ഉടനേ ആരംഭിച്ചുകൂടെ? ' പെട്രോളടിക്കാന്‍ കാശില്ലാതെ കയറിവന്ന തന്നോടുള്ള ചോദ്യം കേട്ട്  ടി കെ ബി അന്തംവിട്ടു. അന്നു നസീറിന്റെ കാള്‍ഷീറ്റുകിട്ടിയാല്‍ പണവുമായി വിതരണക്കാര്‍ ക്യൂനില്‍ക്കുന്ന കാലം. ബാലചന്ദ്രന്‍, കഥ കണ്ടുപിടിക്കൂ എന്നു പറഞ്ഞു അദ്ദേഹം ഡയറിയെടുത്തു ഡേറ്റും കുറിച്ചിട്ടു. (നസീര്‍ രണ്ടു ഡയറി സൂക്ഷിച്ചിരുന്നു എന്നാണ് കോടമ്പാക്കത്തെ അടക്കംപറച്ചില്‍. ഡേറ്റു കൊടുക്കാന്‍ താല്‍പര്യമില്ലാത്തവരെ കാണിക്കാന്‍ ഒരു ഡയറി. മറ്റൊന്ന് ശരിക്കുള്ളതും). 
 
കാലം: 1975. ആരണ്യകാണ്ഢത്തിന്റെ നിര്‍മ്മാതാവ് ആര്‍ എസ് പ്രഭുവാണ്. പ്രേംനസീര്‍ നായകന്‍. ലൊക്കേഷന്‍ തമിഴ്‌നാട്ടിലെ യേര്‍ക്കാട്. ചിത്രത്തിന്റെ ഷൂട്ടീംഗ് അവസാനിക്കാറാകുന്നു. വിതരണക്കാരില്‍ നിന്നു വരാനുള്ള പണം എത്തിയിട്ടില്ല. പ്രേംനസീറിന്റെ പ്രതിഫലവും മൊത്തമായി കൊടുത്തിട്ടില്ല. പ്രതിഫലം കുറഞ്ഞാലും പണം കൊടുക്കുന്ന കാര്യത്തില്‍ എന്നും കര്‍ക്കശക്കാരനാണ് പ്രഭുവെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, യൂണിറ്റിനെ പറഞ്ഞയക്കാന്‍ പോലും പണമില്ലാത്ത അവസ്ഥ. പ്രഭുവിന്റെ സങ്കടാവസ്ഥ എങ്ങനെയൊ പ്രേംനസീര്‍ അറിഞ്ഞു. പ്രഭുവിനെ മുറിയിലേക്ക് വരാന്‍ അദ്ദേഹം ആളയച്ചു. പ്രഭു ആകെ ചിന്താക്കുഴപ്പത്തിലായി. നസീര്‍ പണം പ്രതിഫലം ആവശ്യപ്പെടാനാവും വിളിക്കുന്നത്. ഇനി എന്താണ് ചെയ്യുക?. ആരോടും ഇതുവരെ കടംപറഞ്ഞിട്ടില്ലാത്ത പ്രഭു വിഷമിച്ചാണു നസീറിന്റെ മുന്നിലെത്തിയത്. അദ്ദേഹം രഹസ്യമായി ചോദിച്ചു, 'പണം ആവശ്യമുണ്ടെന്ന് എനിക്കറിയാം. പതിനായിരം രൂപ എന്റെ കൈവശമുണ്ട്. അത്യാവശ്യത്തിനു അതുപയോഗിക്കാം.' രണ്ടേകാല്‍ ലക്ഷമാണ് ആരണ്യകാണ്ഢത്തിന്റെ മൊത്തം ബജറ്റ്്. അന്നത്തെ പതിനായിരം വന്‍തുകയാണ്. പ്രഭുവിലെ നിര്‍മ്മാതാവ് അന്തംവിട്ടു നില്‍ക്കുമ്പോള്‍ നസീര്‍ പണമേല്‍പ്പിച്ചിട്ടു പറഞ്ഞു, 'പ്രഭുജീ, പണമല്ലല്ലോ ഇവിടെ പ്രധാനം. കാര്യങ്ങള്‍ നടക്കണ്ടേ. ഈ പണം കൊണ്ട് അത്യാവശ്യക്കാര്യമൊക്കെ ചെയ്യുക. ബാക്കിയൊക്കെ നമുക്ക് മദ്രാസില്‍ ചെന്നാലോചിക്കാം.'  

സെറ്റുകളില്‍ സമയത്തിനെത്തുന്നതിലും നസീര്‍ നിഷ്ഠ പാലിച്ചിരുന്നുവെന്നു അനുഭവസ്ഥര്‍. നെല്ലിന്റെ പണിപ്പുരയില്‍ നിന്ന് വയനാട്ടിലെ മയിലാടുംകുന്നിന്റെ സെറ്റില്‍ സാഹസികമായി ചരക്കുലോറിയില്‍ കയറി കൃത്യസമയത്ത് നസീര്‍ ഷൂട്ടിംഗിനെത്തിയ സംഭവം ഒരിക്കല്‍ സംവിധായകന്‍ കെ എസ് സേതുമധവന്‍ അനുസ്മരിക്കുകയുണ്ടായി.  

കോടമ്പാക്കത്തിന്റെ സെറ്റുകളില്‍ സിനിമ പൂത്തുതളിര്‍ക്കുന്ന കാലത്തും സൗഹൃദങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയായിരുന്നു പ്രേംനസീര്‍. ഷൂട്ടിംഗ് ദിനങ്ങളില്‍ എവിഎം സ്റ്റുഡിയോയിലോ വാഹിനിയിലോ, പ്രസാദിലോ ഉള്ള സ്ഥിരം ഫ്‌ളോറുകളില്‍ അദ്ദേഹമുണ്ടെങ്കില്‍ രംഗം സജീവമായിരിക്കും. വൈകുന്നേരം വീട്ടില്‍ നിന്നുകൊണ്ടുവരുന്ന പരിപ്പുവടയും പുഴുങ്ങിയ കടലയും ചായയുമായി അദ്ദേഹം സെറ്റിലെത്തുന്ന സുഹൃത്തുക്കളെ സല്‍ക്കരിക്കാനിരിക്കും. അതിനിടയില്‍ യാത്രാനുഭവങ്ങളും രാഷ്ട്രീയപ്രവേശവൃത്താന്തവുമൊക്കെ തട്ടിവിടും. തനിക്കറിയാത്ത കാര്യങ്ങളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതു മനസ്സിലാക്കാനുള്ള തത്രപ്പാടായി. അക്കൂട്ടത്തില്‍ തനിക്കുണ്ടായ അനുഭവങ്ങളും അദ്ദേഹം നിരത്തും. ഒരിക്കല്‍ ഷൂട്ടിംഗ് കഴിഞ്ഞ ആലപ്പുഴയിലൂടെ കാറില്‍ വരുമ്പോള്‍ റോഡരുകിലൂടെ ഒരു സ്തീ നടന്നുപോകുന്നത് അദ്ദേഹം കണ്ടു. പരിചയമുള്ള മുഖം. മനസ്സിന്റെ കാണാക്കോണില്‍ അവ്യക്തമായ വിഷാദം. കാര്‍ നിര്‍ത്താന്‍ പറഞ്ഞു. അത് മിസ് കുമാരിയായിരുന്നു. തന്നോടൊപ്പം കിടപ്പാടം, അവകാശി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച അതേ മിസ് കുമാരി! വിവാഹം കഴിഞ്ഞുപോയ അവരെക്കുറിച്ച് അറിവൊന്നുമുണ്ടായിരുണ്‍ന്നില്ല.  അവര്‍ പള്ളിയിലേക്കുള്ള യാത്രയിലാണ്. പള്ളിയില്‍ ഇറക്കാമെന്നു അദ്ദേഹം നിര്‍ബന്ധിച്ചിട്ടും അവര്‍ കാറില്‍ കയറിയില്ല. ആ കണ്ടുമുട്ടല്‍ അവസാനത്തേതായിരുന്നു. നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും രംഗംവിടുകയും ചെയ്ത ഭരണങ്ങാനം സ്വദേശിനിയായ ത്രേസ്യാമ്മ എന്ന മിസ് കുമാരി അകാലത്തില്‍ ജീവന്‍വെടിഞ്ഞു. സിനിമാരംഗത്തെ ദുരന്തങ്ങളെ അനുസ്മരിപ്പിക്കുന്നണ്‍തായിരുന്നു ആ ജീവിതമെന്നു നസീര്‍. സംവിധായകന്‍ ശശികുമാറിന്റെ അസിസ്റ്റന്റായി അവരുടെ മകന്‍ കുറച്ചുനാള്‍ പ്രവര്‍ത്തിരുന്നു. പിന്നീടു അയാളെക്കുറിച്ചും സിനിമാവൃത്തങ്ങളില്‍ സംസാരമുണ്ടായില്ല.   

മലയാളത്തിലെ കരുത്തുറ്റ നടനായ മുത്തയ്യയുടേയും തിരക്കഥാകൃത്തായ രവി വിലങ്ങന്റേയും കരകാണാത്ത ജീവിതപ്രാരാബ്ദങ്ങളില്‍ കാരുണ്യം ചൊരിഞ്ഞുനിന്ന പ്രേംനസീറിന്റെ മനസ്സ് മുമ്പ് വിവരിച്ചിട്ടുള്ളതാണ്. ആരേയും ബോധ്യപ്പെടുത്താനോ ക്യാമറക്കുവേണ്ടിയോ ഉള്ളതായിരുന്നില്ല അദ്ദേഹത്തിന്റെ രഹസ്യകൈനീട്ടങ്ങള്‍. തന്റെ സഹായം തേടിവരുന്നവരെ അദ്ദേഹം ഒഴിവാക്കാറില്ല. ദിവസങ്ങളോളം തന്നെ കാണാനെത്തിയ മേക്കപ്പ്മാന്‍ സോമനെ തന്റെ സ്ഥിരംമേക്കപ്പുമാനാക്കിയ കഥ അയാള്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഒരിക്കല്‍ കോട്ടയത്തുനിന്നു വന്ന തൊഴില്‍രഹിതനും സുഹൃത്തുമായ ഡോക്ടര്‍ ശിവരാജിനു ഏതെങ്കിലും ആശുപത്രിയില്‍ ജോലിവേണം. അക്കാര്യം ഞാന്‍ തന്നെ പ്രേംനസീറിനെ അറിയിക്കുന്നു. അന്നുതന്നെ വിജയാഹോസ്പിറ്റലിലെ ഡോക്ടര്‍ ചെറിയാനെ വിളിച്ചുപറയുന്നു. പിറ്റേദിവസം പ്രേംനസീറിന്റെ ഫോണ്‍. 'ഇന്നുതന്നെ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ പറയുക.' 

പല റെക്കോര്‍ഡുകളും തിരുത്തിയിട്ടുണ്ടെങ്കിലും താന്‍ അഭിനയപ്രതിഭയാണെന്ന് പ്രേംനസീര്‍ പോലും വിശ്വസിച്ചിരുന്നെന്നു തോന്നുന്നില്ല. അറുന്നൂറോളം ചിത്രങ്ങള്‍ ക്രെഡിറ്റിലുണ്ട്, നൂറോളം നായികമാരോടൊപ്പം അഭിനയിച്ചു, പത്മഭൂഷന്‍ ലഭിച്ചു, ഗിന്നസ്ബുക്കില്‍ കയറി എന്നൊക്കെ ആരാധകരും മാധ്യമങ്ങളും ആവര്‍ത്തിക്കുമ്പോഴും സ്വന്തം ബലവും ബലഹീനതയുമൊക്കെ അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു. സൗഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ അത്തരം നേട്ടങ്ങളൊക്കെ നന്നിലേയ്ക്ക് വന്നുവീണ ദൈവകൃപയാണെന്നു പറയാറുണ്ടായിരുന്നു അദ്ദേഹം.  
 തിരുവനന്തപുരം വി ജെ ടി ഹാളില്‍ അവതരിപ്പിച്ച മര്‍ച്ചന്റ് ഓഫ് വെനീസ് നാടകത്തില്‍ ഷൈലക് ആയി വേഷമിട്ട ചിറയിന്‍കീഴുകാരന്‍ അബ്ദുല്‍ ഖാദര്‍ എന്ന പ്രേംനസീര്‍ മലയാളത്തിലും തമിഴിലുമായി മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍കൊണ്ട് അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു ഗിന്നസ് റിക്കോര്‍ഡുവരെയെത്തി. എത്രയെത്ര വേഷങ്ങള്‍!  ആണായും പെണ്ണായും വേഷമിട്ടു. ആണും പെണ്ണുമല്ലാത്ത വേഷത്തിലും കൈവച്ചു. (ടൂറിസ്റ്റ് ബംഗ്ലാവ്). പ്രേംനസീറിനെ നായകനാക്കി 89 ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശശികുമാറിനെ അടുത്തിടെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ആദ്യത്തെ ശബ്ദചിത്രമായ ബാലനിലെ നായകന്‍ കെ കെ അരൂര്‍ മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവരെ വച്ചു ചിത്രമെടുത്തിട്ടുള്ള എനിക്ക് പ്രേംനസീറുമായുണ്ടായിരുന്ന സൗഹൃദം അസാധാരണമായിരുന്നു. ഞാനും നസീറും കൂടി എത്രയോ രാത്രികളില്‍ ഒന്നിച്ചിരുന്നു പുതിയ കഥകള്‍ മെനഞ്ഞെടുത്തിരിക്കുന്നു. കഥകളുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ വിരുത് അസാധാരണമായിരുന്നു. പിറ്റേ ദിവസത്തെ ഷൂട്ടിംഗിനുള്ള തിരക്കഥകള്‍വരെ ഞങ്ങള്‍ അത്തരത്തില്‍ രായ്ക്കുരാമാനം ഒരിക്കിയിട്ടുണ്ട്. ഒരു നടനെ സംബന്ധിച്ച് 50-55 വയസ്സെന്നു പറയുന്നത് നിര്‍ണായഘടകമാണ്. നസീറിനും ആ കാലഘട്ടം അങ്ങനെയായിരുന്നു. സംവിധായകന്‍ പക്വത ആര്‍ജ്ജിക്കുന്ന കാലമാണിത്. കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് സംവിധായകനു കയറിപ്പോകാം. പക്ഷേ നടന്റെ കാര്യം നേരേമിറച്ചാണ്. പ്രഭാവം മങ്ങിത്തുടങ്ങുമ്പോള്‍ മനസ്സ് അസ്വസ്ഥമാകുന്നു. നസീറിന്റെ മനസ്സും വിഷാദത്തിലമരുന്നത് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.' ശശികുമാര്‍ ഓര്‍ക്കുന്നു. പ്രേംനസീറിന്റെ മാര്‍ക്കറ്റ് ഇരുളിലാഴുന്ന സമയത്ത് അദ്ദേഹത്തെ മാറ്റിനിര്‍ത്തി ഒരു ചിത്രമെടുക്കണമെന്ന് ആശയവുമായി സമീപിച്ച പ്രമുഖനായ നിര്‍മ്മിതാവിനെ തിരിച്ചയച്ച കഥ ശശികുമാര്‍ പറയുകയുണ്ടായി. നസീറിനെ മാറ്റിനിര്‍ത്തി ചിത്രമെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല. ആ ദിവസം തന്റെ മനസ്സിന്റെ സമനില തകരുന്നതായി തോന്നിയെന്നു അദ്ദേഹം പറഞ്ഞിരുന്നു. 

നസീറും അദ്ദേഹത്തോടൊപ്പം ഏറ്റവുമധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച പ്രശസ്ത നടിയുമായുള്ള ബന്ധം ഏറെ പാട്ടായതാണ്. കാറിന്റെ മുന്നിലെടുത്തു ചാടി ആത്മഹത്യക്കുവരെ അവര്‍ ശ്രമിച്ചു എന്നത് കോടമ്പാക്കത്തിന്റെ എഴുതാക്കഥകളില്‍ അലയടിച്ചുയര്‍ന്നിരുന്നു. താന്‍ കാത്തുസൂക്ഷിച്ച മാന്യതയുടെ വെളിച്ചത്തില്‍ നിഴല്‍പടര്‍ത്താന്‍ പാടില്ലെന്ന് അദ്ദേഹം കരുതിയിരുന്നിരിക്കണം. പിന്നീട് ആ ബന്ധം അദ്ദേഹം എവിടെയോവച്ചു ഉപേക്ഷിക്കുകയായിരുന്നു.  

രാഷ്ട്രീയപ്രവേശനത്തിനുള്ള തീരുമാനം അനവസരത്തിലായിരുന്നു എന്നു സുഹൃത്തുക്കള്‍ പറഞ്ഞെങ്കിലും അദ്ദേഹമത് അംഗീകരിച്ചില്ല. സിനിമ കുറഞ്ഞിട്ടും ആത്മവിശ്വാസം നസീറിനു കുറഞ്ഞിരുന്നില്ല. 'ഹിന്ദിയിലെ ദിലീപ്കുമാറും അശോക്കുമാറുമൊക്കെ എവിടെപ്പോയി? കാലഘട്ടം കഴിയുമ്പോള്‍ താനേ പിന്‍വാങ്ങും. അല്ലാതെ ആരും അവരെ എഴുതി ഔട്ടാക്കിയതല്ല,' അദ്ദേഹം മരിക്കുന്നതിനു ഒരു വര്‍ഷം മുമ്പ് ഒരഭിമുഖത്തില്‍ എന്നോടു പറഞ്ഞു. അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ടു ചെയ്ത പത്രക്കാരില്‍ ഒരാളായിരുന്നു ഞാന്‍. അന്നദ്ദേഹം പറഞ്ഞു: 'സാമൂഹ്യസേവനമാണ് എന്റെ രാഷ്ട്രീയപ്രവേശനത്തിനു പിന്നിലെ ലക്ഷ്യം. രാഷ്ട്രീയം യാതനകള്‍ നിറഞ്ഞതാണെന്ന് എനിക്കറിയാം. ന്യായമായ അവകാശങ്ങള്‍ സാധാരണക്കാരനു വേണം. അതിനു രാഷ്ട്രീയമാണ് ഏക പോംവഴി.'  പക്ഷേ കേരളത്തിന്റെ കാലാവസ്ഥ തമിഴ്‌നാടിന്റേതോ ആന്ധ്രയുടേതോ അല്ലെന്നു മനസ്സിലാക്കിയ അദ്ദേഹം നിലവിലുള്ള ഒരു മുന്നണിക്കുവേണ്ടി പ്രവര്‍ത്തിക്കാനാന് തീരുമാനിച്ചത്. 

സഹായസഹകരണത്തിന്റെ കാര്യത്തില്‍ പ്രേംനസീറിന്റെ സമീപനം ആരെയും അത്ഭുതപ്പെടുത്തിയിരുന്നു. ജോലിക്കാര്യം, പെന്‍ഷന്‍, ആശുപത്രിബില്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും സഹായം വേണോ? അദ്ദേഹം മുന്നിലുണ്ടാകും. മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഇത്തരം കാര്യങ്ങളൊന്നും ആരുമറിയരുതെന്നും അദ്ദേഹത്തിനു നിര്‍ഷ്‌ക്കഷയുണ്ടായിരുന്നു. ഒരിക്കല്‍ സ്റ്റുഡിയോസെറ്റില്‍ ഒരച്ഛനും മകളും നസീറിനെ കാണാന്‍ വന്നു. മകള്‍ ചങ്ങനാശ്ശേരി എസ് ബി കോളെജില്‍ നിന്ന് ഡിഗ്രി കഴിഞ്ഞിരിക്കുന്നു. സന്തോഷാശ്രുക്കളുമായി അദ്ദേഹത്തിന്റെ കാലുകള്‍ തൊട്ടുവന്ദിച്ചാണ് ആ കുട്ടി യാത്രപറഞ്ഞത്. പിന്നീട് ആ കുട്ടിയെക്കുറിച്ച് നസീര്‍ സ്വകാര്യമായി പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് ഡിഗ്രിക്കു ചേര്‍ന്നപ്പോഴാണ് തനിക്കു കത്തെഴുതാന്‍ ആ കുട്ടിക്കു തോന്നിയത്. നിര്‍ദ്ധനകുടുംബം. ഒരു ജോഡി ഡ്രസ്സേയുള്ളു. വിയര്‍പ്പിന്റെ ഗന്ധംകാരണം കൂട്ടുകാര്‍ പോലും അടുപ്പിക്കുന്നില്ല. ഡിഗ്രിയെടുക്കണമെന്ന മോഹം. സഹായിക്കാനാകുമോ? നസീര്‍ ആദ്യം കുട്ടിക്കു വസ്ത്രംവാങ്ങാനുള്ള പണമാണ് അയച്ചുകൊടുത്ത്. പിന്നീട് മാസാമാസം കൃത്യമായി ഫീസടയ്ക്കാനും മറ്റുചിലവുകള്‍ക്കുമുള്ള പണം എത്തിക്കുന്നു. ഡിഗ്രി കഴിഞ്ഞപ്പോള്‍ തന്റെ ഗോഡ്ഫാദറെ കാണാന്‍ മദ്രാസിലെത്തിയതാണ് ആ കുട്ടിയും അച്ഛനും. അങ്ങനെ നിരവധി കുട്ടികളെ അദ്ദേഹം രഹസ്യമായി സഹായിക്കുന്ന വിവരം വീട്ടിലുള്ളവര്‍ക്കുപോലും അറിയില്ലായിരുന്നു. 
            
1987 കാലഘട്ടം. അദ്ദേഹത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ അസുഖബാധിതനായി ആശുപത്രിയിലായി. നിരവധി ചിത്രങ്ങളുടെ പ്രതിഫലം അയാള്‍ കൊടുക്കാനുണ്ട്. നിര്‍മ്മാതാവ് അസുഖവിവരം നസീറിനെ അറിയിക്കാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. ആശുപത്രിയിലെ ബില്ലുകെട്ടാന്‍ പണമില്ല. സഹായിക്കണം. കേട്ടപാടെ അദ്ദേഹത്തിനു കോപംവന്നു. ആ കോപത്തിന്റെ പിന്നാമ്പുറം എനിക്കറിയാമെന്നും അദ്ദേഹത്തിനറിയാം. പടമെടുക്കാന്‍ സഹായിക്കണം, ആശുപത്രി ബില്ലുകെട്ടാനും സഹായിക്കണം- എന്നര്‍ത്ഥം വരുന്ന ഒരു ഭാവമായിരുന്നു അദ്ദേഹത്തില്‍ ഞാന്‍ കണ്ടത്. പിറ്റേ ദിവസം രാവിലെതന്നെ അദ്ദേഹം നേരിട്ട് കെ ജെ ആശുപത്രിയിലെത്തി വന്‍തുകയുടെ ബില്ലടച്ച് നിര്‍മ്മാതാവിനെ പുറത്തിറക്കി. (നസീറിനോടു കടംപറഞ്ഞുണ്ടാക്കിയ പണം അയാള്‍ റിയല്‍എസ്റ്റേറ്റ് ബിസിനസിസില്‍ ഇറക്കുകയായിരുന്നു എന്ന് പിന്നീട് അദ്ദേഹത്തിനു മനസ്സിലായിരുന്നു).

കണക്കുപറഞ്ഞു പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ നസീര്‍ വളരെ പിന്നിലായിരുന്നു. മുത്തയ്യ മാനേജരായി പ്രവര്‍ത്തിക്കുന്ന കാലത്താണ് അതിനൊക്കെ ചിട്ടയുണ്ടായത്. ആദ്യചിത്രങ്ങളിലൊന്നായ വിശപ്പിന്റെ വിളിക്ക് നസീറിനു ലഭിച്ചത് 7000 രൂപയായിരുന്നു. അവസാന ചിത്രത്തിനു ഒന്നേകാല്‍ ലക്ഷവും. 80 ലക്ഷവും ഒന്നരക്കോടിയുമൊക്കെ വാങ്ങുന്ന ഇന്നത്തെ മലയാള താരങ്ങളെ നസീറിന്റെ പ്രതിഫലവാര്‍ത്ത അത്ഭുതപ്പെടുത്തിയേക്കാം.        

വിദേശയാത്രയില്‍ തല്‍പ്പരനായിരുന്നു പ്രേംനസീര്‍. അമേരിക്കയിലും ഗള്‍ഫുനാടുകളിലും അദ്ദേ#ം പലതവണ സന്ദര്‍ശിച്ചിരുന്നു. അതൊക്കെ യാത്രാവിവരണമാക്കി പ്രസിദ്ധീകരിക്കാന്‍ ഞാനദ്ദേഹത്തെ സഹായിച്ചിരുന്നു. യാത്ര തുടങ്ങുമ്പോള്‍ ഡയറിയില്‍ കുറിപ്പുകളെഴുതി വയ്ക്കുന്നത് നന്നാകുമെന്ന്  ഞാനദ്ദേഹത്തോടു പറയുമായിരുന്നു. പല സംഭവങ്ങളും മറന്നുപോകാതിരിക്കാന്‍ അതു സഹായിക്കുമല്ലോ. സിനിമാ ചിത്രീകരണത്തിനും അല്ലാതെയുമുള്ള യാത്രള്‍ക്കു ശേഷം അത്തരം കുറിപ്പുകള്‍ ലേഖനരൂപത്തിലാക്കിയിരുന്നു. യാത്ര കഴിഞ്ഞെത്തിയാല്‍ അദ്ദേഹത്തിന്റെ സ്വകാര്യമുറിയിലാവും ഞങ്ങളുടെ കൂടിക്കാഴ്ചയും യാത്രാവിവരണമെഴുത്തും. രണ്ടു ഗള്‍ഫുയാത്രകളും ഒരു അമേരിക്കന്‍ യാത്രയും ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന വാരികയില്‍ അക്കാലത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ആ ഡയറികള്‍ ഇന്നും എന്റെ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ കൊടുക്കാമെന്നും അടുത്തിടെ ഫോണ്‍ സംഭാഷണണ്‍ത്തിനിടയില്‍ അദ്ദേഹത്തിന്റെ ബന്ധുവും പ്രേംനസീര്‍ ഫൗണ്ടേഷന്റെ ഭാരവാഹിയുമായ തലേക്കുന്നില്‍ ബഷീറിനോട് പറഞ്ഞിരുന്നു.  

ജീവിതംപോലെ തന്നെ നാടകീയത നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ മരണവും. മരണം ചാരനാണ്. അവന്‍ കടന്നുവരുന്നത് അതിഗൂഢമായാണ്. പതുക്കെപ്പതുക്കെ കാലടികള്‍വച്ചുള്ള അവന്റെ വരവു ആര്‍ക്കുമറിയില്ല. സാവധാനം അവന്റെ തണുത്തകൈകള്‍ ശരീരത്തില്‍ പതിക്കുമ്പോള്‍ പോലും നാമറിയുന്നില്ല അവന്റെ ചെയ്തികള്‍. തൊട്ടുംതലോടിയും അവന്‍ നമ്മുക്കുമുന്നില്‍ നില്‍ക്കുന്നതുപോലും സമീപത്തുള്ളവരും അറിയുന്നില്ല. എത്രവലിയനാണെങ്കിലും മരണത്തിനു കക്ഷിഭേദമില്ലല്ലോ. മരണം പത്രക്കാരെ മാത്രമല്ല പ്രേംനസീറിനെപ്പോലും പറ്റിച്ചകഥ വിചിത്രമാണെന്നു 23 വര്‍ഷങ്ങള്‍ക്കു ശേഷം തോന്നുന്നു. 

1988 ഡിസംബര്‍ 26 നാണ് പ്രേംനസീറിനെ അസുഖമായി വിജയാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പെട്ടന്നുണ്ടായ അസുഖം. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിനു അപകടമൊന്നും വരുത്തരുതേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ആശുപത്രിയിലേയ്ക്ക് സിനിമാരംഗത്തുള്ളവരുടെ പ്രളയം. വിദേശത്തുനിന്നു എത്തിയ  മരുന്നുകളുമായി ഡോക്ടര്‍ ചെറിയാന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കുന്നു. എന്തായാലും ദിവസങ്ങള്‍ക്കുള്ളില്‍ പ്രേംനസീറിന്റെ നില മെച്ചപ്പെട്ടു വരികയായിരുന്നു. പക്ഷേ സന്ദര്‍ശകരുടെ അനാവശ്യമായ കടന്നുകയറ്റം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അതാകട്ടെ അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിക്കുകയും ചെയ്തു.                                                                                                                                                                                                                                               
1989 ജനുവരി 15 നു അസുഖമേറിയപ്പോള്‍ പ്രേംനസീറിനെ രണ്ടാംനിലയിലെ ഐ സി യുണിറ്റിലേയ്ക്ക് മാറ്റിയിരുന്നു. ഗുരതരാവസ്ഥയിലാണ്. എപ്പോഴും എന്തുംസംഭവിക്കാം. സിനിമാരംഗത്തുള്ളവരും പത്രപ്രവര്‍ത്തകരുമൊക്കെ വിജയാഹെല്‍ത്തുസെന്ററിന്റെ ചുറ്റുവട്ടത്തില്‍ തമ്പടിച്ചിരിക്കുകയാണ്. അന്നു തമിഴ്‌നാട്ടില്‍ ലോകസഭാ തെരഞ്ഞെടുപ്പു നടക്കുന്ന കാലം. മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളും ഉറക്കമൊഴിഞ്ഞു രംഗത്തുണ്ട്. നസീറിന്റെ കുടുംബക്കാര്‍ക്കല്ലാതെ ഐ സി യു പരിസരത്ത്  പ്രവേശനമില്ല. എല്ലാത്തിനും മുന്നിലായി നില്‍ക്കുന്നത് അനുജന്‍ പ്രേംനവാസ്. അദ്ദേഹമാണ് ഞാനുള്‍പ്പെടെയുള്ള പത്രക്കാര്‍ക്ക് ഇടയ്ക്കിടെ വിവരങ്ങള്‍ നല്‍കുന്നത്. രണ്ടാംനിലയില്‍നിന്ന് അദ്ദേഹത്തിന്റെ ആംഗ്യങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ കാത്തുനില്‍ക്കുകയാണ്. അന്നു മൊബൈല്‍ഫോണില്ലല്ലോ. ടെലിവിഷന്റെ മായാപ്രപഞ്ചവും കുറ്റിതട്ടിയെത്തിയിട്ടില്ല. വിജയാ ഹെല്‍ത്തുസെന്ററിലെ റിസപ്ഷനിലുള്ള ഫോണ്‍ മാത്രമാണ് ഞങ്ങള്‍ക്ക് ആശ്രയം. 

ജനുവരി 16 പുലര്‍ച്ച. സമയം 3.10. ഇടയ്ക്കിടെ കേരളത്തിലെ ചെറുകിട പത്രങ്ങളില്‍ നിന്നും ന്യൂസ് ഏജന്‍സികളില്‍ നിന്നും തുരുതുരാ ഫോണ്‍ വന്നുകൊണ്ടിരിക്കുന്നു. എന്തായി? നസീര്‍ സാര്‍ രക്ഷപ്പെടുമോ? നിരന്തരം ഫോണ്‍വന്നപ്പോള്‍ റിസപ്ഷനിലെ സ്റ്റാഫ് പറഞ്ഞു, ഇത്രയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ ഞങ്ങള്‍ക്കാവില്ല. നിങ്ങള്‍തന്നെ കൈകാര്യം ചെയ്യുക. അവര്‍ സ്ഥലംവിട്ടു. പിന്നെ പത്രക്കാരാണ് ഫോണ്‍ ഇന്‍ചാര്‍ജ്. ഞാനും മാതൃഭൂമി കറസ്‌പോണ്ടന്റ് പി എസ് ജോസഫുമാണ് പ്രധാനികളായി രംഗത്തു. ഞാനന്നു കേരളകൗമുദി- കലാകൗമുദി  ലേഖകനാണ്. പി ടി ഐ, യു എന്‍ ഐ തുടങ്ങിയ എജന്‍സികളില്‍ നിന്ന് ഓരോ അഞ്ചുമിനിട്ടിലും ഫോണ്‍ വരും. പ്രേംനസീറിന് ഇപ്പോള്‍ എങ്ങനെയുണ്ട്? രക്ഷപ്പെടുമോ? സുഹൃത്തുക്കളായ ലേഖക•ാരാണ് മറ്റേതലയ്ക്കല്‍. എങ്കിലും ഉത്തരംപറയാന്‍ പ്രയാസം. അതുകൊണ്ടാണ് അവര്‍ വീണ്ടുംവീണ്ടും വിളിക്കുന്നത്. സമയം 3.50. പ്രേംനവാസ് രണ്ടാംനിലയിലെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടു. 'രക്ഷയില്ല, പോയി' എന്നര്‍ത്ഥം വരാവുന്ന രീതിയലൊരു ആംഗ്യം വന്നു. മലയാളത്തിന്റെ സൂപ്പര്‍താരം പ്രേംനസീര്‍ അന്തരിച്ചരിക്കുന്നു! മാത്രമല്ല സങ്കടം സഹിക്കാനാകാതെ പ്രേംനവാസ് തലയില്‍കൈവച്ച് നില്‍ക്കുന്നതുകണ്ടപ്പോള്‍ ഞങ്ങളുടെ സംശയത്തിനു ബലമേറി. അതാ വലിയൊരുവാര്‍ത്ത. ആദ്യം ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ടുകൊടുത്തു. നാലുമണിക്കുള്ള ബുള്ളറ്റിനില്‍ പോയാല്‍ ഇന്ത്യയിലെ പത്രങ്ങളൊക്കെ അവസാന എഡിഷനില്‍ കവര്‍ ചെയ്യും. വാര്‍ത്ത പോയി.  

സമയം 4.10. മദ്രാസില്‍ പ്രതിനിധികളില്ലാത്ത കേരളത്തിലെ പത്രമോഫീസുകളില്‍ നിന്ന് നിരന്തരം ഫോണ്‍ വരുന്നുണ്ട്. അവരോടു പറയാന്‍ വരട്ടെയെന്നു കരുതി ഞാനും ജോസഫും മറ്റുചില പത്രക്കാരുംകൂടി ആശുപത്രിയുടെ മുകളിലേയ്ക്ക് ഓടി. സമയം 4.20. ഐ സി യുണിറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് നോക്കി. ദൈവമേ! ഇതെന്തു പരീക്ഷണം? അതാ മഹാനടന്റെ നെഞ്ചു അതിശക്തമായി ഉയരുകയുംതാഴുകയും ചെയ്യുന്നു! ഇനിയും മരിച്ചിട്ടില്ലാത്ത പ്രേംനസീര്‍! ഇനിയെന്താണ് ചെയ്യുക? ഏജന്‍സി വാര്‍ത്തകള്‍ പോയിക്കഴിഞ്ഞു. വ്യാജവാര്‍ത്ത കൊടുത്തുവെന്ന പേരുദോഷം ഉറപ്പ്.  പത്രസുഹൃത്തുക്കളുടെ മുഖത്ത് നാളെ എങ്ങനെനോക്കും? പ്രേംനസീര്‍ കിടക്കയില്‍ നിന്ന് സുഖം പ്രാപിച്ചുവന്നാല്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്ന എന്റേയും ജോസഫിന്റേയും കഴുത്തിനാവും ആദ്യം പിടിക്കുക. എന്നിട്ടു പറയും, 'അസ്സേ, ഇതു എന്നോടു വേണമായിരുന്നോ?' എല്ലാം പ്രേംനവാസിന്റെ കഥകളിമുദ്രയുടെ ഫലം! ഇനി ഒന്നേയുള്ളു വഴി. ഉടന്‍ ഏജന്‍സി സുഹൃത്തുക്കളെ വിളിച്ച് വാര്‍ത്ത കൊല്ലുക. (കില്ലിംഗ് എന്നാണല്ലോ പത്രക്കാരുടെയിടയിലെ ആ നീചകര്‍മ്മത്തിന്റെ ഓമനപ്പേര്) ഞങ്ങള്‍ താഴേയ്ക്ക് നെട്ടോട്ടമോടി. ഏജന്‍സിക്കാരെ വിളിച്ചു പറഞ്ഞു, 'സുഹൃത്തുക്കളേ, ക്ഷമിക്കണം. അദ്ദേഹം മരിച്ചിട്ടില്ല. ഞങ്ങള്‍ നേരില്‍ കണ്ടതാണ്, അനുജന്‍ പ്രേംനവാസിന്റെ കഥകളിമുദ്രയിലുണ്ടായ ഒരപകടമാണ്. ദയവായി വാര്‍ത്ത കൊല്ലുക. ' 

സമയം 4.40. വാര്‍ത്ത മരിച്ചതായി ഏജന്‍സി സുഹൃത്തുക്കള്‍ അറിയിച്ചു. ജോസഫിന്റെ സന്ദേശമെത്തിയപ്പോള്‍ മാതൃഭൂമി കോഴിക്കോടു യൂണിറ്റിലെ രാത്രീഞ്ചര•ാര്‍ നിരാശരായി. അവര്‍ മന്ത്രിച്ചു: 'എങ്കിലും നസീര്‍ മരിക്കാതെപോയതു നഷ്ടമായിപ്പോയി.' അവര്‍ പ്രസ് ഓടാന്‍ നിര്‍ദ്ദേശംകൊടുത്തു സ്ഥലംവിട്ടു. ഞാന്‍ കേരളകൗമുദിയിലെ ഡ്യൂട്ടിയിലുള്ള എഡിറ്റര്‍ ഇന്‍ചാര്‍ജിനെ വിളിച്ചു പറഞ്ഞു, 'പത്തുമിനിട്ട് വെയിറ്റു ചെയ്യണം. മരിച്ചതായിത്തന്നെ തലക്കെട്ടുകള്‍ നിരത്തിവയ്ക്കുക. അറിയിപ്പുവന്ന ശേഷം പ്രസ് ഓടിയാല്‍മതി.' എന്റെ മനസ്സ് അങ്ങനെ പറയിപ്പിച്ചതാണ്. അഞ്ചു മണിക്കുമേല്‍ പ്രസ് പിടിച്ചുനിര്‍ത്താനാവില്ലെന്നു എനിക്കറിയാം. 
 
സമയം 5.05. അതാ രണ്ടാംനിലയില്‍ നിന്ന് പ്രേംനവാസിന്റെ യഥാര്‍ത്ഥ കൈമുദ്ര വരുന്നു. പ്രേംനസീര്‍ മരിച്ചു. ദൈവമേ, ഈ മുദ്ര ശരിയാണോ? എന്തായാലും ഞാന്‍ തിരുവനന്തപുരത്തെ കേരളകൗമുദിയിലേയ്ക്ക് സന്ദേശം കൊടുത്തു: നസീര്‍ അന്തരിച്ചു. പ്രസ് ഓടട്ടെ. ഏജന്‍സികളേയും വിളിച്ചറിയിച്ചു. പ്രതീക്ഷ കൈവിട്ടിരിക്കുന്നു! അപ്പോഴേയ്ക്കും കേരളത്തിലെ പത്രക്കാരുടെ വിളിനിലച്ചിരുന്നു. നേരംവെളുത്താല്‍, അച്ചടിയന്ത്രത്തിന്റെ ശബ്ദംനിലച്ചാല്‍ എന്തുവാര്‍ത്ത? എന്തു പ്രേംനസീര്‍? കേരളത്തില്‍ കേരളകൗമുദി മാത്രം വാര്‍ത്ത അച്ചടിച്ചു: 'മഹാനടന്‍ പ്രേംനസീര്‍ അന്തരിച്ചു! '  അദ്ദേഹവുമായുള്ള ചങ്ങാത്തമായിരിക്കാം ആ റിപ്പോര്‍ട്ട് ഞാന്‍ പ്രവര്‍ത്തിച്ച് പത്രത്തിലെ അവസാന എഡിഷനുകളിലെങ്കിലും അച്ചടിക്കാനായത്. (ചന്ദ്രികയുടെ കോഴിക്കോട് എഡിഷനില്‍ മരണവാര്‍ത്ത വന്നിരുന്നതായി അന്നതില്‍ പ്രവര്‍ത്തിച്ചിരുന്ന, ജെദ്ദയിലെ മലയാളം ന്യൂസിലെ സി എച്ച് ഹസ്സന്‍കോയ  മറ്റൊരു സന്ദര്‍ഭത്തില്‍ എന്നെ അറിയിച്ചിരുന്നു)
പ്രേംനസീറിന്റെ മരണാനന്തരയാത്ര അദ്ദേഹത്തെ സ്‌നേഹിച്ച പ്രേക്ഷകര്‍ക്ക്, സുഹൃത്തുക്കള്‍ക്ക് തീരാദുഖമായിരുന്നു. പ്രത്യേക വിമാനത്തില്‍ കൊണ്ടു പോകുന്നതിനു പകരം മൃതശരീരം വിമാനത്തിലെ കാര്‍ഗോയിലാക്കിയായിരുന്നു തിരുവനന്തപുരത്തെത്തിച്ചത്. അവിടെ നിന്ന് സ്വന്തം നാടായ ചിറയിന്‍കീഴിലേക്കും. പ്രത്യേകവിമാനം ചാര്‍ട്ടുചെയ്യാന്‍ പലരും തയ്യാറായതായിരുന്നു. പക്ഷേ കുടുംബത്തിലെ ചിലര്‍ അതിനോടു യോജിച്ചില്ല. മുപ്പത്തഞ്ചിലേറെ വര്‍ഷക്കാലം അദ്ദേഹം താമസിച്ചിരുന്ന ചെന്നൈയിലെ മഹാലിംഗപുരത്തുള്ള വീട് ഇന്നില്ല. നവോദയ അപ്പച്ചന്‍ കൊടുത്ത മാവിന്‍ചെടിയില്‍ നിന്നുണ്ടായ മരമോ പൂന്തോട്ടമോ ഇന്നില്ല. അവിടെ 'രജ്‌നീസ് പ്രേംനസീര്‍ ഡൊമൈന്‍' എന്ന പേരുള്ള അഞ്ചുനില ഫ്‌ളാറ്റ് സമുച്ചയം ഉയര്‍ന്നുനില്‍ക്കുന്നു. അതിലെവിടെയോ അദ്ദേഹത്തിന്റെ മകന്‍ ഷാനവാസും താമസിക്കുന്നെന്ന് ആരോ പറഞ്ഞു. 
    
കാലം വ്യത്യസ്തമാണെന്ന് ആര്‍ക്കും സ്ഥാപിക്കാം. ശരിയാണ്. പ്രേംനസീര്‍ മരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പക്ഷേ, നസീര്‍ എന്ന മനുഷ്യന്റെ ചെയ്തികളില്‍ നിന്നു നമുക്ക് പലതും പഠിക്കാനുണ്ട്. സിനിമ കച്ചവടച്ചരക്കായിരിക്കാം. എന്നാല്‍ അതില്‍ അല്‍പമെങ്കിലും മനുഷ്യത്വം വേണമെന്ന വാദത്തിനു ഇന്നത്തേക്കാള്‍ പത്തരമാറ്റിന്റെ ചാരുതയുള്ള സമയമായിരുന്നു പ്രേംനസീറിന്റെ കാലം. സിനിമ മാറുകയാണ്. മാലിന്യക്കൂമ്പാരത്തിന്റെ ചുറ്റുവട്ടങ്ങളില്‍ സിനിമ വിഷംതുപ്പി വളരുകയാണ്. അതിലെ വിഷക്കനികള്‍ പ്രേക്ഷകരെ മാടിവിളിക്കുന്നു. സംസ്‌ക്കാരത്തിന്റെ കോലായകളില്‍ അവ പൂത്തുലയുന്നു. 

സിനിമ സത്രമാണ്. സാര്‍ത്ഥവാഹകസംഘങ്ങളുടെ താല്‍ക്കാലിക പര്‍ണകുടീരം. പലരും വരുന്നു, പലരും പോകുന്നു. കെ കെ അരൂരും മദനഗോപാലും സത്യനും നസീറും ജയനും സുകുമാരനും വേണുനാഗവള്ളിയും മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ ജോഡികളുമൊക്കെ വരുന്നു പോകുന്നു. കാലത്തിന്റെ മുന്നില്‍ സുതാര്യമായ മനസ്സുകള്‍ക്ക് മാത്രം മരണമില്ല. സിനിമയുടെ തിരുമുറ്റത്ത് പ്രേംനസീര്‍ എന്ന കാലഭൈരവന്‍ ഇരുന്ന കസേര നമുക്ക് കാണാം. സ്വന്തം പരിമിതികള്‍ കണ്ടറിഞ്ഞ് ക്യാമറക്ക് മുന്നിലും പിന്നിലും ജീവിച്ച പ്രേംനസീര്‍, സിനിമ കുറിച്ചിട്ട പാഠങ്ങളില്‍ ഒന്നാമത്തേതാണ്. അതു നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല, പ്രചോദിപ്പിക്കാതിരിക്കില്ല.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image