അസഹിഷ്ണുതയോട് 
സമരം ചെയ്യുന്ന  എഴുത്തു ജീവിതം

ആശ എസ് പണിക്കര്‍
 
അസഹിഷ്ണുതയോട് സമരം ചെയ്യുന്ന ഒരു യുവ എഴുത്തുകാരിയുടെ ജീവിതം. ഒരു പരീക്ഷണ ചിത്രം എന്ന ലേബലില്‍ തിയേറ്ററുകളിലെത്തിയ പ്രാണ എന്ന വി.കെ പ്രകാശിന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. പുരോഗമനവും വികസനവും അവകാശപ്പെടുമ്പോഴും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയും എഴുത്തിനെയും എഴുത്തുകാരെയും അക്രമത്തിന്റെ ഭാഷയില്‍ നിശബ്ദരാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ തന്റെ സ്വാതന്ത്ര്യം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഈ സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ അസഹിഷ്ണുതകളോട് സംയമനത്തോടെ പ്രതികരിക്കുന്ന യുവഎഴുത്തുകാരിയാണ് നിത്യാ മേനോന്‍ അവതരിപ്പിക്കുന്ന താര അനുരാധ എന്ന കഥാപാത്രം. 

മ്യൂസിക് ഓഫ് ഫ്രീഡം എന്ന താരയുടെ പുതിയ പുസ്തകത്തിനു നേര്‍ക്ക് സമൂഹത്തില ഒരു വിഭാഗത്തില്‍ നിന്നും കടുത്ത എതിര്‍പ്പുകളുയരുന്നു. ഈ സാഹചര്യത്തില്‍ തന്റെ മൗലിക സ്വാതന്ത്ര്യത്തെ ഉറക്കെ പ്രഖ്യാപിക്കുന്ന താരയെ അവതരിപ്പിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. പുസ്തക പ്രകാശനം നടക്കുന്ന കെട്ടിടത്തിനു വെളിയില്‍ എതിരാളികളുടെ കടുത്ത പ്രതിഷേധം നടക്കുന്നു. എന്നാല്‍ തന്റെ സ്വാതന്ത്ര്യത്തിന്റെ അതിരുകളും അതിന്റെ ഉടമസ്ഥാവകാശവും ധൈര്യപൂര്‍വം തുറന്നു പറഞ്ഞു കൊണ്ടു തന്നെയാണ് താര  പത്രസമ്മേളനം അവസാനിപ്പിക്കുന്നത്. 
 
സമകാലീന രാഷ്ട്രീയ സാഹചര്യത്തില്‍ സധൈര്യം എന്തും തുറന്നെഴുതുകയും സ്വതന്ത്രബോധത്തോടെ പ്രതികരിക്കുകയും ചെയ്യുന്ന എഴുത്തുകാര്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളും അതിനു പിന്നിലെ അസഹിഷ്ണുതയുടെ രാഷ്ട്രീയവുമാണ് ചിത്രത്തിലൂടെ പറയുന്നത്. താരയില്‍ നിന്നും തുടങ്ങി ഒടുവില്‍ അവളുടെ മരണത്തിലും സ്വന്തം സ്വാതന്ത്ര്യം വിളിച്ചുപറഞഞുകൊണ്ടുള്ള അവസാന നിമിഷങ്ങളിലും വരെ ഏറെ പുതുമയോടെ കഥ സഞ്ചരിക്കുന്നു. ഒരു ദുര്‍മരണം നടന്ന പ്രേതബാധയുള്ള വീട്ടില്‍ താമസിച്ചു കൊണ്ട് അവിടെ നിന്നും തനിക്കു നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ ഒരു വിഷ്വല്‍ ഡയറിയാക്കുകയാണ് താര. പ്രേതമില്ല എന്ന് കണ്ണടച്ചു വിശ്വസിക്കുന്ന താരയെ ആ വീട്ടിലുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങള്‍ വഴി മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. 

എന്നാല്‍ അവിടെയും അവളുടെ എഴുത്തിനെ ഭയക്കുന്ന ഒരു വിഭാഗത്തിന്റെ അപകടകരമായ നിരീക്ഷണം തന്റെ മേലുണ്ടെന്ന് അവള്‍ തിരിച്ചറിയുന്നു. അവരുടെ ആക്രമണം ഏതുനിമിഷവും ഉണ്ടാകുമെന്നറിയാമായിരുന്നിട്ടും അവള്‍ അവിടം വിട്ടു പോകുന്നില്ല. വ്യക്തിജീവിതത്തില്‍ താരക്ക് അവരില്‍ നിന്നേല്‍ക്കേണ്ടി വരുന്ന ആഘാതവും ചെറുതല്ല. എന്നിട്ടും അവര്‍ തന്റെ നിലപാടുകളില്‍ നിന്നു മാറുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് പറയുന്നവരും അടിച്ചമര്‍ത്തപ്പെടുന്ന അവകാശങ്ങളെ കുറിച്ച് ഉറക്കെ പറയുന്നവരും എഴുതുന്നവരുമെല്ലാം ദേശദ്രോഹികളായി മുദ്ര കുത്തപ്പെടുകയോ അതുമല്ലെങ്കില്‍ അസഹിഷ്ണുതയുടെ വെടിയുണ്ടകളേറ്റ് എന്നന്നേയ്ക്കുമായി നിശബ്ദരാക്കപ്പെടുകയോ ആണ് ചെയ്യുന്നത്.  തുറന്നെഴുത്തിന്റെ പേരില്‍ പ്രതിഷേധത്തിനിരയാവുകയോ ആക്രമിക്കപ്പെടുകയോ ചെയ്ത നിരവധി എഴുത്തുകാരുടെ മുഖം ഈ സിനിമ കാണുമ്പോള്‍ നമുക്കോര്‍മ്മിക്കാന്‍ സാധിക്കും.   

നിത്യാമേനോന്‍ അവതരിപ്പിക്കുന്ന താര അനുരാധ എന്ന യുവഎഴുത്തുകാരി തന്നെയാണ് പ്രാണ എന്ന ചിത്രത്തിന് ജീവന്‍ നല്‍കുന്നത്. ആധുനിക കാലത്തെ എഴുത്തുകാരിയുടെ രൂപവും ഭാവവും അതേ പടി പകര്‍ത്തിയിരിക്കുന്നു നിത്യയിലൂടെ.അവരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും പ്രാണയിലെ താര എന്ന് നിസംശയം പറയാം. ഒരേയൊരു നായികയെ വച്ചു മാത്രം സിനിമയെടുക്കാന്‍ വി.കെ.പ്രകാശ് കാട്ടിയ ധൈര്യത്തിന് അഭിനന്ദനം നല്‍കണം. കഥയുടെ ഒരു ഘട്ടത്തിലും താര അനുരാധ എന്ന കഥാപാത്രം പ്രേക്ഷകനെ മടുപ്പിക്കുന്നില്ല. സാധാരണ പ്രേതസിനിമകളില്‍ കണ്ടു വരുന്ന തരത്തിലുള്ള പേടിപ്പിക്കലുകളല്ല ഈ  ചിത്രത്തിലുള്ളത്. സറൗണ്ട് സിങ്ക് റൗണ്ട് ഉപയോഗിച്ചുളള ചിത്രീകരണം. ശബ്ദവും പശ്ചാത്തല സംഗീതവുമാണ് പ്രേക്ഷകനെ ഭയപ്പെടുത്തുന്നത്. അല്ലാതെ കാതടപ്പിക്കുന്ന ഒച്ചയോ ബഹളമോ ഒന്നുമില്ല. 

ചിത്രത്തിന്റെ ഒരോ ഫ്രയിമും മനോഹരമാക്കിയ പി.സി.ശ്രീറാമിന് കൊടുക്കണം ഒരു നല്ല കൈയ്യടി. നിത്യാമേനോനെ ഇത്ര സുന്ദരിയായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് കഴിഞ്ഞു. പ്രേതഭവനത്തിന്റെ ഓരോ മുക്കും മൂലയും ഭയം ജനിപ്പിക്കുന്ന വിധത്തില്‍ കാട്ടിതരാനും മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ നിറയ്ക്കാനും ശ്രീറാമിന്റെ ക്യാമറയ്ക്ക് കഴിഞ്ഞു. ശബ്ദമിശ്രണം ഇത്ര ഭംഗിയായി നിറവേറ്റാന്‍ സാക്ഷാല്‍ റസൂല്‍ പൂക്കുട്ടിയെ തന്നെ ഏല്‍പ്പിച്ചതിന്റെ മികവ് ചിത്രത്തിന് നൂറു ശതമാനവും അവകാശപ്പെടാം. ദുല്‍ഖര്‍ സല്‍മാന്‍, ജോയ് മാത്യു, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ ശബ്ദ സാന്നിധ്യം ചിത്രത്തിന് മുതല്‍ക്കൂട്ടായിയ കൂടാതെ രതീഷ് വേഗയുടെ സംഗീതവും മികച്ചു നിന്നു. 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image