അഭിമന്യുവിനു വീട് 

രചന ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി
ബിനോയ് ഇരിഞ്ഞാലക്കുടക്കും ചാലക്കുടിക്കും ഒത്ത നടുവിലെ കൊമ്പൊടിഞ്ഞാമ്മാക്കല്‍ സ്വദേശിയാണ്.ക്രൈസ്റ്റ്   കോളജില്‍ ബി.കോം കഴിഞ്ഞു കുടുംബം വക ബിസിനസും  അല്‍പ്പം രാഷ്ട്രീയവുമായി കഴിയുന്നതിനിടെ ആറുവര്‍ഷം കൊണ്ടുനടന്ന പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചു. വധു മുക്കം കെഎംസിടി  മെഡിക്കല്‍ കോളജില്‍ പഠിച്ചിറങ്ങിയ ഷെറിന്‍. 

മെഡിസിന്‍ ഓള്‍ ഇന്ത്യ പി.ജി. എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞയുടന്‍ ഷെറിനുമായി ഊരുചുറ്റാന്‍ എത്തിയത് ഇടുക്കിജില്ലയില്‍ മൂന്നാറില്‍ നിന്ന് അമ്പത് കിമീ. കിഴക്കുള്ള കൊട്ടാക്കമ്പൂരിലാണ്. മാട്ടുപ്പെട്ടി, കുണ്ടള ഡാമുകള്‍ കഴിഞ്ഞു  ടാറ്റ ടീയുടെ ചായത്തോട്ടങ്ങള്‍ കടന്നു ടോപ് സ്‌റ്റേഷന്‍ വഴി ഇന്നോവയിലെ യാത്ര ചേതോഹരമായിരുന്നു.
കോട്ടക്കമ്പൂര്‍ കേരളത്തിന്റെ ഏറ്റവും കിഴക്കേ അതിര്‍ത്തിയില്‍ തമിഴ് നാട്ടിലെ കൊടൈക്കനാലിനോട്  ചേര്‍ന്ന് കിടക്കുന്ന വില്ലേജ് ആണ്  അവിടത്തെ പോസ്റ്റ് ഓഫീസ് ഏറ്റം കിഴക്കേ അറ്റത്തുള്ള പോസ്‌റ് ഓഫീസും. കോടമഞ്ഞും നീലക്കുറിഞ്ഞിയും കാട്ടുപോത്തും കാട്ടാനയുമുള്ള അവിടെ എത്താന്‍  ബിനോയിക്കും ഷെറിനും  മറ്റൊരു കാരണമുണ്ട്.അഭിമന്യുവിന്റെ  വീട്.

എറണാകുളം മഹാരാജാസ് കോളജില്‍ കെമിസ്ട്രി ബിഎസിക്ക് പഠിച്ചുകൊണ്ടിരുന്ന അഭിമന്യുവിനെ കാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈ 2 നു ചിലര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. എസ്എഫ്‌ഐ പ്രവത്തകനായിരുന്ന അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്ക് സിപിഎം  പിരിവെടുത്ത് പണിതു  കൊടുത്ത  വീട് കഴിഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.

കണ്ണീരണിഞ്ഞ അച്ഛന്‍ മനോഹരനും 'അമ്മ ഭൂപതിക്കും പിരിവില്‍ മിച്ചമുള്ള 23 75 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ് രേഖകളും മുഖ്യമന്ത്രി കൈമാറി. വിലക്കു വാങ്ങിയ പത്തരസെന്റില്‍ മൂന്ന് കിടപ്പുമുറികളുള്ള വീട് വയ്ക്കാന്‍ മൊത്തം 39  ലക്ഷം രൂപയായി. അഭിമന്യുവിന്റെ സഹോദരി  കൗസല്യയുടെയും െ്രെഡവറായ ബന്ധു മധുസൂദനന്റെയും വിവാഹത്തിനു പത്തുലക്ഷവും  ചെലവഴിച്ചു. കോവിലൂരിലെ ഊര്‍കാട്ടില്‍ സിഎംഐ വക  കുര്യാക്കോസ് എലിയാസ് ഹൈസ്‌കൂളിന്റെ മൈതാനത്തായിരുന്നു ആയിത്തേതിലേറെപ്പേര്‍  സദ്യയുണ്ട വിവാഹം.

അഭിമന്യുവിന്റെ അനുജന്‍ പരിജിത്തും എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്. ഹിമാചലില്‍ ഷിംലയിലെ യുവജന കാമ്പില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ ഇടുക്കി സഹകരണബാങ്കിന്റെ മൂന്നാര്‍ ശാഖയില്‍ ജോലി. 

കൊട്ടാക്കമ്പൂരിലെ ഒറ്റമുറി വീട്ടില്‍ നിന്ന് നല്ലൊരു വീട്ടിലേക്കു താമസം  മാറ്റണം,കൗശല്യയെ മാന്യമായി കെട്ടിക്കണം അതിനെല്ലാമായി പഠിച്ചു വളര്‍ന്നു ഒരു സയന്റിസ്‌റ് ആകണം എന്നൊക്കെ മോഹമുണ്ടായിരുന്നു അഭിജിത്തിന്. മഹാരാജാസിലെ കൂട്ടുകാരെ തന്റെ ഗ്രാമത്തില്‍ കൊണ്ടുപോകണം എന്നും മോഹിച്ചിരുന്നു. ഒടുവില്‍ മൃതദേഹം സംസ്‌കരിക്കാനാണ് അവര്‍ എത്തിയത്. നിറഞ്ഞ  കണ്ണുകളോടെ.

അഭിമന്യുവിനോടൊപ്പം കുത്തേറ്റ  അര്‍ജുന്‍  കൗസല്യയുടെ വിവാഹത്തിനു എത്തി അവളുടെ വിരലില്‍ ഒരു മോതിരം അണിയിച്ചതും പലരെയും കണ്ണീരണിയിച്ചു. അറസ്റ്റിലായ മുസ്ലിം തീവ്രവാദ സംഘടനയായ കാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ക്കു കോടതി ജാമ്യം നിഷേധിച്ചുവെന്നതാണ് എറ്റവും ഒടുവിലത്തെ സ്ഥിതി.  മഹാരരാജാസിലെ വിദ്യാര്‍തഥിരാഷ്ട്രീയത്തില്‍ കുത്തേറ്റ്  ആയുഷ്‌കാലം മുഴുവന്‍  വീല്‍ചെയറില്‍ കഴിയേണ്ടിവന്ന  സൈമണ്‍ ബ്രിട്ടോ ലോകത്തോട് വിടവാങ്ങിയ വേളയിലാണ് ഇതെല്ലാം സംഭവിക്കുന്നത്.

''ഞാന്‍ ഒരു സി പി ഐ അനുഭാവിയാണ്. സിപിഐയുടെ കീഴിലുള്ള ഓള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്റെ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ആയിരുന്നു. പക്ഷെ അഭിമന്യുവിന്റെ കാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിനു അതീതമായി ഒരു മാനുഷികവശം ഉണ്ടല്ലോ, '' പുതിയ വീടും ടൗണിലെ പഴയ ഒറ്റമുറി വീടും കണ്ടു  രക്തസാക്ഷിക്കു ആദരാഞ്ജലി അര്‍പ്പിച്ച ശേഷം മടങ്ങും മുമ്പ് ബിനോയ് പറഞ്ഞു.

രാഷ്ട്രീയ പ്രതിബന്ധത ഉള്ള ഒരു കുടുംബമാണ് തന്റേതെന്ന് ബിനോയ് അഭിമാനിക്കുന്നു. ബിസിനസുകാരനാണു പിതാവ് എ.കെ. ഷബീര്‍. ഉമ്മ ഷീബ. ഉമ്മയുടെ പിതാവ് കെ. ഇ. ഹനീഫയുടെ സഹോദരനാണ് സിപിഐ.  റവന്യു മന്ത്രിയായിരുന്ന കെ. ഇ. ഇസ്മായില്‍. ഇഎംഎസ് ജനിച്ച ഏലംകുളം പഞ്ചായത്തിലെ കട്ടുപ്പാറയിലാണ് ഷെറിന്റെ വീട്. പിതാവ്  അഡ്വ. ഉസ്മാന്‍ പെരിന്തല്‍മണ്ണയില്‍ പ്രാക്ടീസ് ചെയ്യുന്നു.  
ഒരിക്കലുമുണ്ടാകാത്ത രീതിയില്‍ മൂന്നാര്‍ തണുത്തുറഞ്ഞു കിടന്ന പ്രഭാതങ്ങള്‍. ശീതോഷ്ണ മാപിനി മൈനസ് എട്ടു ഡിഗ്രിയിലേക്കു താണപ്പോള്‍ മൂന്നാര്‍കൊട്ടാക്കമ്പൂര്‍   റോഡില്‍ പലയിടത്തും മഞ്ഞു വീണു. പകല്‍ച്ചുടില്‍ അവ അലിഞ്ഞുപോകുന്നതിനു മുമ്പേ കണ്ടാസ്വദിക്കാന്‍ സഞ്ചാരികളുടെ നിലക്കാത്ത പ്രവാഹം. വാഹനങ്ങള്‍  നിയന്ത്രിക്കാന്‍ ഫോറസ്‌റ് ഗാര്‍ഡുകള്‍ പാടുപെട്ടു. 
 
ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നാറില്‍ നിന്ന് ടോപ്‌സ്‌റ്റേഷന്‍ വരെ ട്രെയിനും പിന്നീട് റോപ് വേയും വന്നു. 1924ലെ പ്രളയത്തില്‍ റെയില്‍വേ നശിച്ചതോടെയാണ് റോപ് വേ. സ്ഥാപിച്ചത്  മൂന്നാറിലെ ഫാക്റ്ററികളില്‍ ഉല്‍  പാദിപ്പിക്കുന്ന തേയില  റോപ് വേ വഴി  ടോപ് സ്‌റേഷനിലെത്തിച്ച് അവിടെനിന്നു തൂത്തുക്കുടി തുറമുഖം  വഴി ഇംഗ്ലണ്ടിലെ സതാംപ് ടനിലേക്കു കയറ്റി അയക്കുകയായിരുന്നു. 

ആലപ്പുഴയും കൊച്ചിയും വികസിച്ചതോടെ റോപ്‌വേ നിലച്ചു. അതിന്റെ അവസാന പോയിന്റ് ആയ  ടോപ് സ്‌റ്റേഷന്‍ ഇന്ന് ഗതകാല പ്രതാപത്തിന്റെ ഓര്‍മ്മക്കൂടും പേറി ടൂറിസ്റ്റു കേന്ദ്രമായി നിലകൊള്ളുന്നു, മൂന്നാര്‍ ടോപ്‌സ്‌റ്റേഷന്‍ റോഡില്‍ മലമുകളിലെ ഏതാനും കി,മീ. തമിഴ് നാട്ടിലൂടെയാണ്. കടന്നു പോകുന്നത്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. അവിടെനിന്നു യാത്ര തുടര്‍ന്നാല്‍ ഒരു കി.മീ. അപ്പുറം കേരളാതിര്‍ത്തിയായി. നല്ല വഴി. 
 കേരളത്തിന്റെ ഫോറസ്‌റ് ചെക്‌പോസ്റ്റിനോട് ചേര്‍ന്ന്  റോഡിനു കുറുകെ ഉയര്‍ത്തിയ കമാനം കണ്ടു ''വട്ടവട ഗ്രാമ പഞ്ചായത്ത് ദി വിന്റര്‍  വെജിറ്റബിള്‍ വില്ലേജിലേക്കു സ്വാഗതം''. ശൈത്യ മേഖലയില്‍ നട്ടുവളര്‍ത്തുന്ന  കാബേജ്, കാരറ്റ്, ബീറ്റ്‌റൂട്ട്, ടൊമാറ്റോ, പൊട്ടറ്റോ, ബീന്‍സ്, ബട്ടര്‍ബിന്‍സ്, പച്ചമുളക്, വെളുത്തുള്ളി, സൂചിഗോതമ്പു  എന്നിങ്ങനെ മലംചെരിവുകള്‍ തട്ടുതട്ടായി കിളച്ചൊരുക്കി കൃഷി ചെയ്യുന്നു,കൊടൈക്കനാലിന്റെ ഇങ്ങേ ചെരുവില്‍ കിടക്കുന്നതിനാല്‍ ഓറഞ്ച്, മാതളം, ആപ്പിള്‍, പാഷന്‍ ഫ്രൂട്ട്, സ്‌ട്രോബറി തുടങ്ങിയവയും. ചിലര്‍ കിവി പഴവും കൃഷി ചെയ്യുന്നു. 

 മൂന്നു വില്ലേജുകള്‍ ചേര്‍ന്നതാണ് വട്ടവട പഞ്ചായത്ത്. വട്ടവട, കോവിലൂര്‍, കൊട്ടാക്കമ്പൂര്‍. പല മടക്കു മലകള്‍ ചേര്‍ന്നത് . പഞ്ചായത്ത് ഓഫീസും പോസ്റ്റ് ഓഫീസും ടെലിഫോണ്‍ എക്‌സ്‌ചേഞ്ചും കടകമ്പോളങ്ങളും ബാങ്കുമെല്ലാം കോവിലൂരില്‍. ഗവ.വക ഹയര്‍ സെക്കണ്ടറി സ്‌കൂളുമുണ്ട്.

പഞ്ചായത്തിന്റെ കവാടമായ ഫോറസ്‌റ് ചെക്ക്‌പോസ്റ്റിനോട് തൊട്ടുരുമ്മിയാണ്  ഇന്ത്യയിലെ ഏറ്റം  ചെറുതും പുതിയതുമായ പാമ്പാടും ഷോല നാഷണല്‍ പാര്‍ക്ക്.  പതിനഞ്ചു ച.കി.മീ. മാത്രം. വിശിഷ്ടമായ നിരവധി ചിത്രശലഭങ്ങളുടെ സങ്കേതമെന്ന നിലയിലാണ് ദേശിയ ഉദ്യാനം എന്ന പദവി ഈ ഷോലക്കു ലഭിച്ചത്. കാട്ടില്‍  ആനയും കാട്ടുപോത്തും കുരങ്ങും മാനും ധാരാളം. സഞ്ചാരികള്‍ക്കായി ഫോറെസ്‌റ് വക കോട്ടേജുകളുമുണ്ട്  

പന്തണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഉദ്യാനം പാമ്പാടുംഷോള  ദേശീയഉദ്യാനത്തിനു ഏതാനും കി.മീ. അകലെയാണ്. കോവിലൂരില്‍ നിന്ന് കടവരി, ക്‌ളാവര വഴി കൊടൈക്കനാലിലേക്കു ഒരു പാത വെട്ടിത്തുറയ്ക്കുന്ന പണി മുക്കാലെത്തിയിട്ടുണ്ട്. സ്വിസ്സ്  ആല്‍പ്‌സിനോട് താരതമ്യപ്പെടുത്താവുന്ന  ആ മലചെരിവുകളാണ് നീലക്കുറിഞ്ഞിയുടെ സങ്കേതം. 
''ഇവിടെ ഞങ്ങള്‍ പഴങ്ങളും പച്ചക്കറികളും പലതരം വാഴകളും കൃഷി ചെയ്യുന്നു. നോക്കിക്കണ്ടു കൃഷി ചെയ്തു  കാലാവസ്ഥകൂടി അനുകൂലമായാല്‍ മുടക്കുമുതലിന്റെ ഇരട്ടി ആദായം ഉണ്ടാക്കാം, '' സാക്ഷ്യപ്പെടുത്തുന്നത് ഒരേക്കറില്‍ എല്ലാം വിളയിക്കുന്ന എം.കെ.ബാബു. വട്ടവട പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നു. ബാബുവും ഭാര്യ ഉമയും കൂടിയാണ് കൃഷി. ബാബുവിന്റെ  ഓര്‍ഗാനിക് ഫാമില്‍  സ്‌ട്രോബറി  കിലോക്ക് 600 രൂപയ്ക്കും പാഷന്‍ഫ്രൂട്ട്  കിലോക്ക് 150 രൂപക്കും വില്‍ക്കുന്നു. നാട്ടിലേതിനേക്കാള്‍ മധുരമുണ്ട് അവിടത്തെ പാഷന്‍ ഫ്രൂട്ടിന്.
നീലക്കുറിഞ്ഞിയും ദേശിയ ഉദ്യാനവും മൂന്നാറില്‍ നിന്ന് കൊടൈക്കനാലിലേക്കുള്ള യാത്രയുടെ ഇടത്താവളം എന്ന പദവിയും  പഞ്ചായത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധ്ധിപ്പിച്ചിട്ടുണ്ട്. ചെറുതും വലുതുമായ  റിസോര്‍ട്ടുകള്‍ പലതുണ്ട്. ജോയ് ഹോംസ്‌റ്റേ ആണ് ഒടുവിലത്തേത്. വിശാലമായ ഗ്രാന്റിസ് തോട്ടമുള്ള ഉഴവൂര്‍ ഇലവുങ്കല്‍ ജോയ് വക. ഓര്‍ഗാനിക് ഫാം നടത്തു ന്ന ബാബുഉമാ ദമ്പതിമാരുടെ മകന്‍ ഇയാസ് നടത്തുന്ന ഗ്രീന്‍വ്യൂ ഹോംസ്‌റ്റേ തൊട്ടു പിന്നില്‍.
 
കൊടൈക്കനാല്‍ പാത പൂര്‍ത്തിയാക്കാത്തതിനാല്‍ ടൂറിസത്തിന്റെ  വളര്‍ച്ച മുരടിച്ചു നില്‍ക്കുന്നു. പക്ഷെ പൊടുന്നനെ പെയ്തിറങ്ങിയ മഞ്ഞു മറ്റൊരു ആകര്‍ഷണം ആയി. ഏറ്റവും ഒടുവില്‍ അഭിമന്യുവിന്റെ വീടും ഒപ്പം തുറന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിയും. 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image