ശബരിമല:
വിഭജനത്തിന്റെ പുതിയ മതിലുകള്‍ 


2018 ലെ ഏറ്റവും വിഷമിപ്പിക്കുന്ന ചിത്രം പ്രളയമല്ല,ശബരിമല കയറാനെത്തിയ മനിതി സംഘടനയിലെ ഭക്തരായ യുവതികളെ(പത്തുവയസ്സ് മുതല്‍ 50 വയസ്സ് വയസ്സ് വരെയുള്ള സ്ത്രീകള്‍)  മലയില്‍ നിന്ന് പേടിപ്പിച്ചു ആട്ടിയോടിക്കുന്നതാണ് . ഒരു സംസ്കാരമുള്ള സമൂഹത്തില്‍ നിന്ന്   ഒരിക്കലും പ്രതീക്ഷിക്കാനിടയില്ലാത്ത നടപടിയായിരുന്നു അത് . മലയില്‍  ഒരു വിഭാഗം അയ്യപ്പന്മാരുടെആട്ടിയോടിക്കലിനു സര്‍ക്കാരും പോലീസും കുടപിടിച്ചതായിരുന്നു വലിയ വൈരുദ്ധ്യം.ആചാരത്തിന്റെ മറവില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനു സമൂഹം മുഴുവന്‍ സാക്ഷിയായി . അവരില്‍ സ്ത്രീ പ്രവേശനത്തെ  അനുകൂലിക്കുന്ന കേരളത്തിലെ ഒരു നല്ല പങ്കു ജനങ്ങളുമുണ്ട് .  എല്ലാ സ്ത്രീകള്‍ക്കും മലകയറാം എന്നു കുടി പറഞ്ഞുകൊണ്ടാണല്ലോ സര്‍ക്കാര്‍ നേരിട്ട് സ്ത്രീകളുടെ നവോത്ഥാന വന്മതില്‍ പണിയുന്നത് .

   ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ചു സുപ്രീം കോടതിയുടെ വിധി വന്ന സെപ്റ്റംബര്‍ 28 മുതല്‍ മലയാളി സമൂഹത്തിലുണ്ടായ വിഭജനത്തിന്റെ ആപല്‍ക്കരമായ പ്രകടനമായിരുന്നു ഇത് .ആ വിധി ഒരു അവസരമായി കണ്ട കേരളത്തിലെ കോണ്‍ഗ്രസ്‌ തികച്ചും പ്രതിലോമകരമായി സ്ത്രീപ്രവേശത്തിനെതിരെ നിലപാടെടുത്തു ..ബി ജെ പി കൂടി സമരത്തിനു ഇറങ്ങിയതോടെ ഫലത്തില്‍ ബി ജെപി യുടെ  ബി ടീമായി കോണ്‍ഗ്രസ്‌ കേരളത്തില്‍.കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി തന്നെ വ്യക്തിപരമായി മറ്റൊരു നിലപാടെടുത്തിട്ടും  കേരളത്തിലെ കോണ്‍ഗ്രസ്‌ ഒരു രാഷ്ട്രീയ അവസരമാണെന്ന ധാരണയില്‍ സുപ്രീംകോടതി വിധിക്കെതിരെ നിന്നു .ബി ജെപ്പിക്കാകട്ടെ കേരളത്തില്‍ കിട്ടിയ സുവര്‍ണ നിമിഷമായിരുന്നു ശബരിമല .പത്തു വയസ്സ്ആ മുതല്‍  50 വയസൂ വരെയുള്ള സ്ത്രീകളെ  സന്നിധാനത്തില്‍ കയറ്റില്ലെന്ന നയം തുടരണമെന്ന് ആഗ്രഹിക്കുന്ന ഹിന്ദു വിഭാഗങ്ങളെ സ്വാധീനിക്കാന്‍ അവര്‍ക്ക് വലിയ അവസരം തുറന്നു കിട്ടി ശബരിമലയില്‍ നിരോധനാജ്ഞ നിലവില്‍ ഉണ്ടെങ്കിലും സമര്‍ത്ഥമായി സ്ത്രീകളെ തടയാന്‍ ചില അയ്യപ്പഭ്ക്തര്‍ക്കാകുന്നു .

    ഇതിനു സര്‍ക്കാരിന്റെ മൌനാനുവാദം ഉണ്ടെന്നു കരുതണം .മണ്ഡല കാലവും സുപ്രീംകോടതിയിലെ പുനപരിശോധന ഹര്‍ജിയുടെ നിലയും അറിഞ്ഞു വേണ്ട നടപടിയെന്ന മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് .ഇത് പോലീസിന്റെ മേലും യഥാര്‍ത്ഥ സ്ത്രീ ഭക്തരുടെ മേലും കടുത്ത സമ്മര്‍ദ്ദം ഏര്പെടുത്തുന്നു.സ്ത്രീകള്‍ക്ക് സൗകര്യം എര്പെടുത്തുന്നത് വരെ താല്‍കാലികമായി സ്ത്രീകള്‍ അങ്ങോട്ട്‌ വരേണ്ട എന്ന് പറയാന്‍ പോലും സര്‍ക്കാര്‍ ഭയക്കുന്നു .കോടതിയക്ഷ്യമാകുമോ എന്ന ഭയമാകാം അതിനു പിന്നില്‍ .അതോ  യുവതികള്‍ സന്നിധാനത്തെത്തിയാല്‍ പടി അടക്കുമെന്ന തന്ത്രിയുടെ ഭീഷണി സര്‍ക്കാരിനെ കുരുക്കിലാക്കുകയാണോ ?

    എന്തായാലും യഥാര്‍ത്ഥ കാച്ച് 22 സ്ഥിതിവിശേഷത്തിലാണ് സര്‍ക്കാര്‍ .നവോഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും വര്‍ഗീയ ശക്തികളോട് സന്ധി ചെയ്യേണ്ട അവസ്ഥ .മലയില്‍ ഒരു രക്ത ചൊരിച്ചില്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല .പക്ഷെ ശക്തമായ സമര പാരമ്പര്യമുള്ള ഒരു പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന പിണറായി സര്‍ക്കാരിന് ഇതൊക്കെ അസാധ്യമൊന്നുമല്ല തന്ത്രിക്കും പന്തളം രാജകുടുബത്തിനും എതിരെ ഉയര്‍ന്ന ജനവികാരം കൂടി മുതലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല .പകരം ജാതീയ ശക്തികളുമായി കൂട്ടു ചേരാനാണ് സര്‍ക്കാരിന്റെ ശ്രമം .എന്നാല്‍ അവരാകട്ടെ മലയിലേക്കു ചുവടു വെയ്ക്കാന്‍  തയ്യാറുമല്ല 

    ശബരിമല വിധി ജാതീയമായി വലിയ വിഭജനമുണ്ടാക്കി സമദൂര സിദ്ധാന്തം എന്‍ എസ് എസ് മാറ്റിവെച്ചു സര്‍ക്കാരിനെതിരെ തിരിഞ്ഞു .പക്ഷെ ആര്‍ ബാലകൃഷ്ണ പിള്ള പോലും എന്‍ എസ് എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ക്കൊപ്പമില്ല എന്നത് കൌതുകകരം .ദളിത്‌ സംഘടനകളാകട്ടെ മലയില്‍ കയറാനുള്ള ശക്തമായ ഒരുക്കത്തിലാണ് .ശബരിമലയില്‍ തങ്ങളുടെ തന്ത്രിക്ക് തിരികെ  അവകാശം നല്‍കണമെന്ന് അവര്‍ ആവശ്യം ഉന്നയിക്കുന്നു .ശബരിമലയിലും അവര്‍ അവകാശമുന്നയിക്കുന്നു .തന്ത്രിയെയും പന്തളം "രാജാവിനെയും"  നിശബ്ദമാക്കാന്‍ നിസ്സഹായരായ ദേവസ്വം ബോര്‍ഡിന് ഇത് തെല്ലു മേല്‍കൈ നല്‍കിയിരിക്കാം .പക്ഷെ കേരളം വീണ്ടും വീണ്ടും  വിഭജിക്കപ്പെടുകയാണ്.

   ആദ്യമായി മാധ്യമങ്ങളിലും ഇതിന്റെ അതിപ്രസരം കണ്ടു .സത്യാനന്തര കാലത്ത് തെറ്റായ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞമില്ലെങ്കിലും ഇതാദ്യമായാണ് നുണകള്‍ സത്യമെന്ന നിലയില്‍ ആവര്‍ത്തിക്കപ്പെട്ടത്‌ .പലപ്പോഴും ഒരു വേട്ടക്കാരന്റെ മനോഭാവമാണ് മുഖ്യധാരാപ്രസിദ്ധീകരണങ്ങള്‍ കുടി കാട്ടിയത് 

  ഇവിടെയെല്ലാം ബലിയായത്‌ ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന യഥാര്‍ഥ ഭക്തരാണ് .യഥാര്‍ത്ഥ സമഭാവന നിലനില്‍ക്കുന്ന ഒരു ക്ഷേത്രത്തില്‍  ഇപ്പോഴും ലക്ഷങ്ങള്‍ എത്തുന്നുണ്ട് പുണ്യപാപങ്ങള്‍ സമര്‍പ്പിക്കുന്ന ധര്‍മ്മശാസ്താവിന്റെ സന്നിധിയില്‍ ഭക്തരുടെ തിരക്ക് അത്ര  കുറഞ്ഞിട്ടില്ല .വരാനിരിക്കുന്ന ദിവസങ്ങളില്‍ അത് വര്‍ദ്ധിക്കുമെന്ന് കരുതപ്പെടുന്നു .
 
   ശബരിമലയില്‍ എത്തുന്ന ഭക്തകള്‍ അക്ടിവിസ്ടുകള്‍ മാത്രമല്ല സാധാരണക്കാരും കൂടിയാണെന്നത് പ്രതിഷേധക്കാരെ ചിന്തിപ്പിക്കേണ്ടതാണ് ആചാരനിഷ്ടയില്‍ താല്പര്യമുള്ളവര്‍ക്ക് ഇനിയും കാത്തിരിക്കാം എന്ന നിലക്ക് ഈ കോലാഹലങ്ങള്‍ രാഷ്ട്രീയ മര്മ്മരങ്ങളായി  തീരാനാണിട. 

   എന്തായാലും പുനപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഉടനെ വരും . കോടതി വിവേചനപരമായ ഒരു നടപടിയെ ന്യായികരിക്കാന്‍ ഇടയില്ല .അങ്ങനെ വന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ സര്‍ക്കാരിനും ദേവസ്വത്തിനും സ്ത്രീ പ്രവേശനത്തിനു വേണ്ട  നടപടി സ്വീകരിക്കേണ്ടി വരും . വിധി മറിച്ചാണെങ്കിലോ?നവോത്ഥാന കേരളം അഭിമുഖീകരിക്കാന്‍ മടിക്കുന്ന ചോദ്യമാണിത് ? 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image