സത്യം ,ശിവം സുന്ദരം 
77 B ഹാരിസ് റോഡ്‌ ഇന്നില്ല.റോഡിന്‍റെ പേര് പോലും മാറി .പഴയ മദ്രാസിലെ(ഇന്ന് ചെന്നൈ)    കൂവം നദിക്കരയില്‍ ഗോവിന്ദന്‍ 50 വര്‍ഷത്തോളം കഴിഞ്ഞ ആ വീട് ഇന്ന് പഴയ ഓട്ടോ മൊബൈല്‍ കച്ചവടക്കാരുടെ  ശബ്ദംകൊണ്ടു  മുഖരിതമാണ്  ആ വീട്  ഗോവിന്ദന്റെ അവകാശികളില്‍ നിന്ന് ആ കെട്ടിടുടമകള്‍  തിരികെ കൈവശപ്പെടുത്തി . അതോടെ മലയാള ചിന്താ ചരിത്രത്തിലെ ഒരു വലിയ സ്മാരകവും ഇല്ലാതായി .കവികളും രാഷ്ട്രീയക്കാരും സിനിമാപ്രവര്‍ത്തകരും കയറിയിറങ്ങിയ ആ പടികള്‍ കയറുമ്പോള്‍ ഒരു ചാരു കസെരയില്‍ ഗോവിന്ദന്‍ ഇരിക്കുന്നു .ഭൂതകാലത്തില്‍ അഭിരമിക്കുന്നതിനേക്കാള്‍ ഭാവിയിലേക്ക് കണ്ണ് നട്ടു തന്റെ ദിനേശ് ബീഡിക്കു തീകൊളുത്തുന്നു .സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പും മലയാളത്തിന്റെ ധൈഷണിക സ്വരമായ ഒരു മനുഷ്യന്‍ വളരെ മെല്ലെ പഴയ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നു .മനുഷ്യന്‍ എത്ര മനോഹരമായ പദം എന്ന വാചകം അന്വര്തമാക്കിയ ആ വ്യക്തി ഇടക്കിടെ ചുമച്ചു കൊണ്ടു, ഇടക്കിടെ മൌനത്തിലേക്ക്‌ ആഴ്ന്നു കൊണ്ടു പഴയ കാലം ഓര്‍ത്തെടുക്കുന്നു  .കമ്മ്യുണിസം,കവിത ,അക്കാദമി,മനുഷ്യന്‍ ,അദ്ദേഹത്തിന്‍റെ ശാന്ത സുന്ദരമായ വാക്കുകള്‍ ഒഴുകിയിറങ്ങുന്നു .ഒരു പക്ഷെ അദ്ദേഹം നല്‍കിയ രണ്ടു അഭിമുഖങ്ങളില്‍ ഒന്നാണിത് .ആദ്യ മുഖാമുഖം 86 ഇല്‍ മാതൃഭൂമി വാരാന്ത്യപതിപ്പില്‍ പ്രസിദ്ധികരിച്ചിരുന്നു .തീഷ്ണമായ ഒരു ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളാണ് ഇവ.

സാഹിത്യ ജീവിതത്തിന്റെ ആരംഭത്തില്‍ എങ്ങിനെയായിരുന്നു?

 ഞാന്‍ ആദ്യം കവിത എഴുതിയാണ് തുടങ്ങിയത്.മിക്കവാറും എല്ലാ എഴുത്തുകാരും അങ്ങനെയാണെന്നാണ് തോന്നുന്നത്. പിന്നീട് ഞാന്‍ കവിതയില്‍ നിന്ന് മാറി. എതാണ്ട് 1940 കഴിയുമ്പോള്‍ ഞാന്‍ പദ്യഭാഷയില്‍ നിന്ന് ഗദ്യത്തിലേക്ക് കടന്നു. വളരെ കര്‍ക്കശമായ രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതിപ്പോന്നൂ. ആ ലേഖനങ്ങളധികവും തിരുവിതാംകൂറിലെ പത്രങ്ങളിലാണ് പ്രസിദ്ധീകരിച്ചത്. തൊഴിലാളി, സചിവന്‍, രാജ്യാഭിമാനി, നവജീവന്‍, കൗമുദി എന്നീ പത്രങ്ങളില്‍. 

    ആലപ്പുഴ കയര്‍ ഫാക്ടറി യൂണിയന്റെ പത്രമായിരുന്നു തൊഴിലാളി. പി കൃഷ്ണപിള്ള, ആര്‍ സുഗതന്‍ തുടങ്ങിയവരാണ് പത്രാധിപന്മാര്‍. തൊഴിലാളിയില്‍ ഞാന്‍ എഴുതിയ രണ്ടാമത്തെ ലേഖനം തിരുവനന്തപുരം സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളെ സര്‍ സി പിയുടെ പൊലീസ് മര്‍ദ്ദിച്ചതിനെ ശക്തമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു-'ചോര തിളപ്പിക്കട്ടെ' എന്ന തലക്കെട്ടില്‍. ആ ലേഖനത്തെ തുടര്‍ന്ന് ആ പത്രത്തിന്റെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദ് ചെയ്തു. അത് എന്നെന്നേക്കുമായി നിലച്ചു. 

      1937-39 കാലത്ത് പന്തളത്തു നിന്ന് രാജ്യാഭിമാനി എന്ന രാഷ്ട്രീയ വാരിക പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ധാരാളം രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതി. പന്തളം സി ബി പണ്ടാരത്തില്‍ എന്നൊരാളായിരുന്നു അതിന്റെ ചുമതലക്കാരന്‍. പിന്നീട് എം എന്‍ ഗോവിന്ദന്‍ നായര്‍ പത്രാധിപരായി. ആദ്യകാലത്ത് പന്തളം കെ വി രാമന്‍ പിള്ളയായിരുന്നു ചുമതല വഹിച്ചത്. അദ്ദേഹം രാഷ്ടിയത്തില്‍ നിന്ന് മാറിയപ്പോഴാണ് എം എന്‍ ഗോവിന്ദന്‍ നായര്‍ ചേര്‍ന്നത്. രാജ്യാഭിമാനി അന്ന് ഇടതുപക്ഷ ഐക്യത്തിന്റെ പത്രമായിരുന്നു. കെ ദാമോദരന്‍, കൃഷ്ണപിള്ള, ഇ എം എസ്, പുന്നൂസ്,തുടങ്ങിയവര്‍ എഴുതി. പലപ്പോഴും പ്രകോപനപരമായ ലേഖനങ്ങളായിരുന്നു ഞാന്‍ എഴുതിയത്. 

    1938-ല്‍ മഹാത്മാ ഗാന്ധി രാജ്ഘട്ടില്‍ ഉണ്ണാവൃതമിരുന്നത് തെറ്റാണെന്ന് ഞാന്‍ എഴുതി. പത്രാധിപ നയത്തിന് എതിരായിരുന്നു അത്.ഞാന്‍ റോയിസ്റ്റ് ആണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. യുദ്ധം വന്നപ്പോള്‍ ഈ വാരിക കുഴപ്പങ്ങളില്‍ പെട്ടു. കൗമുദിക്കും ഈ പ്രശ്നമുണ്ടായി  എന്ന് പിന്നീട് എം ദിവാകരന്‍ എന്നോടു പറഞ്ഞു. തിരുവനന്തപുരത്തു ചെന്നപ്പോള്‍ തങ്ങള്‍ക്കു ലേഖനം അയച്ചുതരുന്ന മഞ്ചേരത്ത് ഗോവിന്ദനെ പറ്റി അറിയാമോ എന്ന് ദിവാകരന്‍ ചോദിച്ചു. ഞാന്‍ തന്നെയാണ് അയാളെന്നു മറുപടി നല്‍കി. 

    അങ്ങനെയാണ് ഞാന്‍ കെ.സുകുമാരനെ പരിചയപ്പെടാന്‍ ഇടയാകുന്നത്. 1957-58 കാലങ്ങളില്‍ പത്രാധിപര്‍ കെ സുകുമാരന്റെ നിര്‍ദ്ദേശമനുസരിച്ച് ഒട്ടേറെ  ലേഖനങ്ങളെഴുതി. എന്റെ പുസ്തകത്തിലെ പല ലേഖനങ്ങളും കേരള കൗമുദിയില്‍ അക്കാലത്ത് എഴുതപ്പെട്ടതാണ്. സ്ഥിരമായി കൗമുദിയില്‍ എഴുതാന്‍ സുകുമാരന്‍ എന്നെ പ്രേരിപ്പിച്ചു. പത്രത്തില്‍ സഹോദരന്‍ അയ്യപ്പന്റെ കോളമുണ്ട് .അതോടൊപ്പം  എഴുതണമെന്നായിരുന്നു ആവശ്യം. എനിക്കു ലേഖന പരമ്പര വേണ്ടെന്നു തോന്നുന്നുവെങ്കില്‍ വേണ്ടെന്നു വെയ്ക്കാന്‍ അനുമതി നല്‍ണമെന്നായിരുന്നു എന്റെ ആവശ്യം. എന്റെ ലേഖനം വേണ്ടെന്നു തോന്നുന്നുവെങ്കില്‍ നിങ്ങളും അതു പറയാന്‍ മടിക്കേണ്ടതില്ല എന്നതായിരുന്നു കരാര്‍.

   കൗമുദിയില്‍ നിന്ന് എല്ലാ ശനിയാഴ്ചയും സെക്രട്ടേറിയറ്റിലേക്ക് ആളയക്കും. എഴുതി തീര്‍ന്നിട്ടില്ലെങ്കില്‍ അപ്പോള്‍ അവിടെവച്ചു തന്നെ എഴുതി ആള്‍വശം കൊടുത്തയക്കും. അന്ന#് ഇ എം എസിന്റെ ആദ്യ മന്ത്രിസഭ നിലവിലുള്ള കാലമാണ്. കൃഷ്ണയ്യരും മറ്റും അന്ന് മന്ത്രിയാണ്. ഞാനാരേയും ഒഴിവാക്കിയില്ല. കടും  രാഷ്ട്രീയ കാര്യങ്ങളും തുറന്ന് സ്വന്തം പേരില്‍ എഴുതി. അന്ന് സെക്രട്ടേറിയറ്റില്‍ സ്‌ക്രൂട്ടിനി ഓഫീസര്‍ ആയിരുന്നു ഞാന്‍. 

എന്തായിരുന്നു അന്ന് കമ്യൂണിസത്തെ എതിര്‍ക്കാന്‍ കാരണം?

 കമ്യൂണിസത്തെയല്ല ഞാന്‍ എതിര്‍ത്തത്. ആ പേരില്‍ പ്രചരിച്ച സ്റ്റാലിനിസ്റ്റ് വക്രതകളെയാണ്. അതിന്റെ ചൊല്ലാള്‍ക്കാരായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റുകളും സ്വന്തമായി ചിന്തിക്കുക അവര്‍ക്കാര്‍ക്കും ഒരു ശീലമായിരുന്നില്ല.അതു ചെയ്യുന്നത് ഒരു ശല്യമാണെന്നും അവര്‍ കരുതി. കാരണം ഒരു പാര്‍ട്ടിയില്‍ ഒരുപാട് അഭിപ്രായസംഘട്ടനമാവുമ്പോള്‍ അച്ചടക്കം അയഞ്ഞുപോകും. എനിക്കാണെങ്കില്‍ അത്തരം ബാദ്ധ്യത ഒട്ടില്ലതാനും. 1945-നു ശേഷമാണ് കമ്യൂണിസത്തെപ്പറ്റിയുള്ള ധാരണ ഇളകാന്‍ തുടങ്ങുന്നത്. സ്റ്റാലിന്റെയും റഷ്യന്‍ കമ്യൂണിസത്തിന്റെയും നിലപാട് അവസരവാദപരമാണെണന്ന കണ്ടെത്തലില്‍  അല്ലെങ്കില്‍ മനസ്സിലാക്കലില്‍ നിന്നാണ് പ്രശ്‌നം ഉരുത്തിരിഞ്ഞത്. ഞാന്‍ 38-മുതല്‍ മാര്‍ക്‌സിസ്റ്റ് ചിന്തയുമായി ഇടപഴകി. എം എന്‍ റോയ് വിശകലനം ചെയ്ത വിചാരധാരകളിലൂടെയുള്ള മാര്‍ക്‌സിസത്തിലാണ് ഒടുവില്‍ ചെന്നെത്തിയത്. അതിന്റെ പരിണാമവുമായി എന്റെ വിചാരവ്യത്യാസങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ടണ്‍്. 

റോയിയുടെ പ്രസ്ഥാനവുമായി ബന്ധപ്പെടാനുണ്ടായ കാരണം? 

ഞാന്‍, റാഡിക്കല്‍ മൂവ്‌മെന്റില്‍ ആദ്യം വന്ന ആളാണ്-1938 മുതല്‍. എങ്ങനെ പറ്റിയെന്ന് എനിക്കറിയില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായിരുന്നു അത്. ഈ മൂവ്‌മെന്റൊകട്ടെ, ഒരു ആദര്‍ശാധിഷ്ഠിത ചിന്ത (idealist concept) രൂപപ്പെടുത്താന്‍ കാരണമായി. എം എന്‍ റോയിയുമായുള്ള ബന്ധത്തെപ്പറ്റി ഒട്ടേറെ കഥകളുണ്ട് .ഞങ്ങള്‍ കത്തെഴുതും.1944-45-ല്‍ റോയിക്ക് ഞാന്‍ കത്തെഴുതി.രാഷ്ട്രീയം എന്റെ സ്വഭാവുമായി പൊരുത്തപ്പെടുന്നതല്ല. അടിസ്ഥാനപരമായി ഞാന്‍ എഴുത്തുകാരനാണ്. അതുകൊണ്ട്  രാഷ്ട്രീയത്തില്‍ നിന്ന് എന്നെ ഒഴിവാക്കണം. റോയി മറുപടി എഴുതി, 'യു ആര്‍ റൈറ്റ്. ഐ എഗ്രി വിത്ത് യു.' അപ്പോള്‍ ഞാന്‍ മൂന്നു നാല് ട്രേഡ് യൂണിയനുകളുടെ നേതാവായിരുന്നു. 


തമിഴ്‌നാട്ടില്‍ റോയിയുടെ റാഡിക്കല്‍ ഹ്യൂമനിസ്റ്റ് മൂവ്‌മെന്റ് സ്ഥാപിക്കുന്നതിന് താങ്കള്‍ വഹിച്ച പങ്ക് എന്താണ്? 

തമിഴ്‌നാട്ടില്‍ ഇതു സ്ഥാപിക്കുന്നതിനു വേണ്ടിവ്യത്യസ്ത സ്ഥലങ്ങള്‍ ഞാന്‍ സന്ദര്‍ശിക്കുകയുയുണ്ടായി. പ്രസ്ഥാനം അടിസ്ഥാനപരമായി വളരാന്‍ ഇവിടത്തെ അബ്രാഹ്മണ പ്രസ്ഥാനം ശക്തിപ്പെടുത്തണം എന്ന് ഞാന്‍ റോയിക്ക് എഴുതി. അതിനോട് റോയി അനുകൂലിച്ചു. 42-ല്‍ ലഖ്‌നോവില്‍ കാണണമെന്നും പാര്‍ട്ടിയില്‍ ചേരണമെന്നും റോയി എന്നോട് ആവശ്യപ്പെട്ടു. എന്നോടൊപ്പം രണ്ടു  മലയാളികള്‍ കൂടി ഉണ്ടായിരുന്നു. പ്രശസ്ത ചിത്രകാരനായ കെ സി എസ് പണിക്കരുടെയും എന്റെ ഭാര്യ പത്മാവതിയുടെയും അമ്മാവനായ കെ സി എസ് പണിക്കര്‍. പിന്നൊരു നമ്പൂതിരിയും. 

അവിടെവച്ച് ഒരാള്‍ ഞങ്ങള്‍ താമസിക്കുന്ന മുറിയില്‍ വന്നു പറഞ്ഞു,"Comrade Roy wants to meet comrade Govindan". ഞങ്ങള്‍ മൂന്നു പേരും കൂടി അദ്ദേഹത്തെ കാണാന്‍ ചെന്നു. അപ്പോള്‍, ബോംബെയില്‍ നിന്ന് ഒരാളെ തമിഴ്‌നാട്ടിലേക്ക് അയക്കണമെന്ന് നിര്‍ദേശമുണ്ടായി  .റോയി പറഞ്ഞു,"We dont want pundits,but workers ".തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അണ്ണാദുരെ ശ്രദ്ധേയമായ ഭാഗം വഹിക്കുമെന്ന് അന്ന് അദ്ദേഹം പ്രവചിച്ചു. അദ്ദേഹത്തെ കാണണമെന്ന് റോയി എന്നോട് ആവശ്യപ്പെട്ടു. 


ഡെറാഡൂണിലുള്ള തന്റെ വസതിയില്‍ അണ്ണാദുരെ പത്തു ദിവസം താമസിച്ചിരുന്നു. ആളുകളെ മനസ്സിലാക്കാനാനുള്ള റോയിയുടെ കഴിവ് എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ മടങ്ങിവന്നു.അബ്രാഹ്മണരുടെ ഇടയ്ക്ക് എനിക്ക് സാമാന്യം നല്ല പ്രശസ്തി ഉണ്ടായിരുന്നു. അണ്ണാദുരെ അപ്പോള്‍ കാഞ്ചീപുരത്ത് ദ്രാവിഡനാട് എന്ന പത്രം നടത്തുകയാണ്. അത് നല്ല സ്ഥിതിയിലൊന്നുമായിരുന്നില്ല. അദ്ദേഹത്തിന്റെ അതിഥിയായി ഏഴു ദിവസം ഞാനവിടെ താമസിച്ചു. റോയിയുടെ ഒട്ടേറെ പുസ്തകങ്ങള്‍ അണ്ണാദുരെ തമിഴില്‍ വിവര്‍ത്തനം ചെയ്യുകയുണ്ടായി. പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കരുമായി തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇപ്പോള്‍ ദ്രാവിഡ കഴകത്തില്‍ നിന്ന് മാറിയാല്‍ താന്‍ മാത്രമേ ഉണ്ടാവൂ എന്നദ്ദേഹം പറഞ്ഞു. പല സ്ഥലത്തും തന്നെ അനുകൂലിക്കുന്ന വിദ്യാര്‍ത്ഥികളുണ്ട് . അണ്ണാമലയില്‍ നെടുംചേഴിയന്‍, അമ്പഴകന്‍, മതിയഴകന്‍, കുംഭകോണം കോളേജില്‍ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍. പച്ചയ്യപ്പാസില്‍ ഇ വി കെ സമ്പത്ത്, ഇങ്ങനെ നല്ലൊരു സംഖ്യയുണ്ട് വിദ്യാര്‍ത്ഥിനേതാക്കള്‍. പഠിത്തം കഴിഞ്ഞാല്‍ അവരൊക്കൊണ്ടണ്‍് നമുക്ക് നല്ലൊരു കാഡര്‍ രൂപപ്പെടുത്താം. 
   
സ്വാതന്ത്ര്യം നേടുകയാണെങ്കില്‍, ഇന്ത്യ സ്വീകരിക്കേണ്ട വ്യത്യസ്ത നയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഹാരിസ് റോഡിലുള്ള ഈ മുറിയില്‍ ഒരു യോഗം വിളിച്ചുകൂട്ടി. അണ്ണാദുരെയ്ക്ക് കത്തിട്ടെങ്കിലും മറുപടി കിട്ടിയില്ല. പക്ഷേ യോഗസ്ഥലത്ത് ഇത്തിരി നേരത്തെ തന്നെ അദ്ദേഹം അനുയായികളുമായി എത്തി നല്ല പ്രസംഗം നടത്തി. യോഗം തീരുംവരെ പതിവിനു വിരുദ്ധമായി അദ്ദേഹം അവിടെ ഇരുന്നു.


 അണ്ണാദുരെയുടെ പുതിയ ഡി എം കെയുടെ പശ്ചാത്തലം?


 ദ്രാവിഡ കഴകത്തില്‍ നിന്നും അണ്ണാദുരെ പിരിയുന്നത് 1948-ലാണ്. റോയി അപ്പോഴേക്കും പാര്‍ട്ടി പിരിച്ചുവിട്ടിരുന്നു. അത് തെറ്റായിപ്പോയി എന്ന് അണ്ണാദുരെ തന്റെ പത്രത്തില്‍ എഴുതി-ദുഃഖത്തോടെ. ആ പാര്‍ട്ടി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ അതില്‍ ലയിക്കുമായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇവിടെ ഈ വീട്ടില്‍ നടന്ന യോഗങ്ങളില്‍ അമ്പഴകന്‍, സമ്പത്ത് തുടങ്ങി ഒട്ടേറെ പ്രഗത്ഭന്മാര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റഡിക്ലാസുകള്‍ നടത്തിയിരുന്നു. കുറെയധികം വിദ്യാര്‍ത്ഥികളെ പത്മാവതി സംഘടനയില്‍ ചേര്‍ത്തു. പത്മാവതിയുടെ അമ്മാവന്‍ കെ സി എസ് പണിക്കരാണ് എന്നെ അവര്‍ക്കു പരിചയപ്പെടുത്തിയത്. റോയിയുടെ പാര്‍ട്ടിയുടെ ഹെഡ് ഓഫീസും ഈ വീടായിരുന്നു. 


തമിഴ്‌നാട്ടില്‍ റോയിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെപ്പറ്റി വിശദീകരിക്കാമോ? 


രാമകൃഷ്ണ റാവു എന്ന ആന്ധ്രക്കാരനായ പണ്ഡിതനാണ് പാര്‍ട്ടി സംഘടിപ്പിക്കാന്‍ ഇവിടെ എത്തിയത്. ആന്ധ്രയില്‍ ലിറ്റില്‍ തിയേറ്റര്‍ മൂവ്‌മെന്റിന്റെ പ്രയോക്താവും തെലുങ്കു കവിയുമായിരുന്നു പ്രൊഫസര്‍ റാവു. ശ്രീ ശ്രീ തുടങ്ങിയ ഒട്ടേറെ കവികളുടെ ആചാര്യനും. അന്ന് ഇ വി രാമസ്വാമി നായ്ക്കരുടെ ആള്‍ക്കാരുമായി ചേര്‍ന്ന് ഞങ്ങള്‍ ചേരിയിലും മറ്റുമുള്ള ആളുകളെ സംഘടിപ്പിച്ചു . അന്ന് കോണ്‍ഗ്രസ് നേതൃത്വം ബ്രാഹ്മണ ഭൂരിപക്ഷത്തിലായിരുന്നു. ഹോട്ടലുകളില്‍ ബ്രാഹ്മണര്‍ക്കു മാത്രം എന്ന് എഴുതിവച്ചിരുന്നു. സംസ്‌കാരത്തില്‍ തന്നെ ഒരു വലിയ തരംതിരിവ് ഉണ്ടായി . പത്രങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗം ഇവയെല്ലാം ബ്രാഹ്മണരുടേത് എന്ന നിലയിലായിരുന്നു. 

 എന്തിനേറെ, 1915 വരെ സംസ്കൃതം  അറിയുന്നവര്‍ക്കു മാത്രമേ മെഡിക്കല്‍ കോളെജില്‍ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ നേതൃത്വം കൊടുത്തത് ടി എം നായരാണ്. അതിനാല്‍ മലയാളികളോട് അവര്‍ക്ക് അടുപ്പം ഉണ്ടായിരുന്നു. ഞങ്ങള്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടി. ഇവിടെത്തന്നെ വ്യത്യസ്ത സ്ഥലങ്ങളില്‍ 29 ദിവസം ചെറിയ ചെറിയ യോഗങ്ങള്‍ വിളിച്ചുകൂട്ടി. 30-ാം ദിവസം വലിയൊരു യോഗവും. ഫെയര്‍ പ്രൈസ് ഷോപ്പുകള്‍ അനുവദിക്കുക, വിലക്കയറ്റം തടയുക, റേഷന്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് ഞങ്ങള്‍ മുന്നോട്ടുവച്ചത്. അന്ന് ഗവര്‍ണര്‍ഭരണമായിരുന്നു. അവര്‍ക്ക് യുദ്ധം ജയിക്കുക എന്നതായിരുന്നു പ്രധാന പ്രശ്‌നം. മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചു.          

    പൊതുജനങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ ഞങ്ങളുമായി സംസാരിച്ചുതുടങ്ങിയിരുന്നു. രാമകൃഷ്ണ റാവുവിന്റെ വര്‍ഷം അങ്ങനെ വിജയകരമായി. മദിരാശിയില്‍ ഒരു മുതിര്‍ന്ന പ്രവര്‍ത്തകനെ അയക്കാന്‍ നിര്‍ദ്ദേശമുണ്ടായി. "We will send some one later,but there is one young man എന്ന് റാവു പറഞ്ഞു. അങ്ങനെയാണ് ഞാന്‍ സജീവമായി പ്രസ്ഥാനത്തില്‍ എത്തിയത്. 

    ഞാന്‍ ആദ്യമായി ഇംഗ്ലീഷില്‍ എഴുതിയത് ഇന്‍ഡിപെന്‍ഡന്റ് ഇന്ത്യയില്‍ വ്യക്തി സത്യഗ്രഹത്തെ പറ്റി ആയിരുന്നു. 41-ല്‍ അബ്രാഹ്മണ പ്രസ്ഥാനത്തെപ്പറ്റി ഞാനൊരു ലേഖനമെഴുതി. മദിരാശിയില്‍ നിന്ന് ബാലസുബ്രഹ്മണ്യത്തിന്റെ പത്രാധിപത്യത്തില്‍ സണ്‍ഡേ ഒബ്‌സര്‍വര്‍ എന്ന പത്രം പ്രസിദ്ധീകരിച്ചിരുന്നു. അവര്‍ യുദ്ധത്തെ പിന്താങ്ങി വന്നവരാണ്. ഞാന്‍ ലേഖനവുമായി അവരെ കണ്ടു. ലേഖനം നീണ്ടതാണ് അല്‍പം ചുരുക്കിക്കൊണ്ടു വരൂ, എന്നവര്‍ പറഞ്ഞു. 
    എനിക്കത്  ഇഷ്ടപ്പെട്ടില്ല. ഞാന്‍ ആ ലേഖനം ഇന്‍ഡിപെന്‍ഡന്റ് ഇന്ത്യക്ക് ബുക്ക് പോസ്റ്റായി അയച്ചുകൊടുത്തു. അന്ന് മദിരാശിക്ക് 300 കോപ്പി പോകും. അവര്‍ അത് അച്ചടിച്ചു. ഈ ലേഖനം സണ്‍ഡേ ഒബ്‌സര്‍വര്‍, പനങ്കല്‍ രാജാവ്, ടി എം നായര്‍ എന്നിവരുടെ ചിത്രവും ചേര്‍ത്ത് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു. ഹിന്ദു ഇതിനെ എതിര്‍ത്തു. 

     ഇന്‍ഡിപെന്‍ഡന്റ് ഇന്ത്യയില്‍ ഞാനെഴുതിയ വരികള്‍ തന്നെ ഉദ്ധരിച്ച് ഒബ്‌സര്വര്‍ മറുപടിയായി മുഖപ്രസംഗമെഴുതി . അസിസ്റ്റന്റ് എഡിറ്റര്‍ ആയിരുന്ന രാമസ്വാമി അയ്യരാണ് അന്നത്തെ സെന്‍സര്‍ ഓഫീസര്‍. വര്‍ഗീയ കലാപത്തിനു പ്രേരണ നല്‍കുന്നു എന്നാരോപിച്ച് ബാലസുബ്രഹ്മണ്യത്തിനു നേരെ നടപടി എടുക്കാന്‍ തീരുമാനമായി. ചില സുഹൃത്തുക്കളില്‍ നിന്ന് വിവരമറിഞ്ഞ ബാലസുബ്രഹ്മണ്യം നേരെ ഗവര്‍ണറെ കണ്ടു. ഗവര്‍ണര്‍ ആ നടപടി നിര്‍ത്തലാക്കി. സായ്‌വിനു നീതിബോധമുണ്ടായിരുന്നു. പറഞ്ഞു മനസ്സിലാക്കിയാല്‍ എന്തും ചെയ്യാന്‍ അവര്‍ തയാറായിരുന്നു. 

  ഈ ലേഖനത്തിന്റെ കര്‍ത്താവിനെ അന്വേഷിച്ച് ബാലസുബ്രഹ്മണ്യം വന്നു. ഒരു വേനലവധിക്കാലത്ത് കോട്ടും സ്യൂട്ടും ഇട്ട് അദ്ദേഹം എന്റെ മുറിയല്‍ കയറി വന്ന് പരിചയപ്പെട്ടു. ഈ ലേഖനമാണ് എനിക്കൊരു ഉദ്യോഗം ഉണ്ടാക്കിത്തന്നത്. കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്ന എ രാമസ്വാമി മുതലിയാരുടെ മകന്‍ ഡോക്ടര്‍ കൃഷ്ണസ്വാമി ലിബറേറ്റര്‍ എന്ന പത്രം തുടങ്ങി. അവിടെയാണ് പണി. 

  അമേരിക്ക ജപ്പാനടുത്തുള്ള ദ്വീപസമൂഹത്തില്‍ ബോംബിട്ടു എന്ന വാര്‍ത്ത അവിടെ ഞാന്‍ എഡിറ്റ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ കൃഷ്ണസ്വാമി വന്ന് പത്രാധിപര്‍ വേദരത്‌നം വന്നോ എന്ന് അന്വേഷിച്ചു. അയാള്‍ എന്റെ ബോസാണെന്ന നിലയ്ക്കായിരുന്നില്ലത്രേ എന്റെ പെരുമാറ്റം. എന്നെ അവിടെ നിയമിച്ചത് പത്രാധിപര്‍ വേദരത്‌നമാണ്. അതിനു ശുപാര്‍ശ ചെയ്തത് കണ്ണിമാറ ലൈബ്രറിയിലെ രാജാബാബുവും. നാലു മണിക്ക് വേദരത്‌നം എന്നെ വിളിപ്പിച്ചു. ഞാന്‍ കൃഷ്ണസ്വാമിയെ കണ്ടപ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തതിനാല്‍ അയാള്‍ കോപിച്ചിരിക്കുന്നുവത്രേ. ഇത്തരം നിസ്സാര കാര്യങ്ങള്‍ക്ക് മറ്റും ശാഠ്യം പിടിക്കുകയാണെങ്കില്‍ ഇനി ഇവിടെ തുടരില്ലെന്നും  ഒരാളെ എങ്ങനെ  ബഹുമാനിക്കണമെന്ന് അറിയാമെന്നും  ഞാന്‍ മറുപടി പറഞ്ഞു.

    ഈ വിവരം ബാലസുബ്രഹ്മണ്യം അറിഞ്ഞു. 'നിങ്ങള്‍ക്കു ജോലി വേണോ?' അദ്ദേഹം ചോദിച്ചു. 'ഒരു ജോലി ആവശ്യമുള്ള സമയമാണിത്', ഞാന്‍ പറഞ്ഞു. പിറ്റേദിവസം വാര്‍ റിവ്യൂ എന്ന പ്രസിദ്ധീകരണത്തില്‍ നിന്ന് എന്നെ വിളിപ്പിച്ചു. അവഗാഹമായ പാണ്ഡിത്യമുള്ള ആളായിരുന്നു അതിന്റെ എഡിറ്റര്‍ ഹാര്‍വേ. അവിടെവച്ചുതന്നെ അപേക്ഷ നല്‍കി. അടുത്ത ദിവസം ജോലിയില്‍ പ്രവേശിച്ചു. ഈ സായ്‌വ് ജോണ്‍ സ്റ്റീവന്‍സ് എന്ന പേരില്‍ നിത്യചൈതന്യ യതിയുടെ ശിഷ്യനായി പിന്നീട് മാറി. 


സൈനികര്‍ക്കു വേണ്ടണ്‍ിയുള്ള വാരികയായിരുന്നു വാര്‍ റിവ്യൂ. സൈന്യത്തില്‍ അന്ന് മലയാളികള്‍ ഏറെയുണ്‍ണ്ടായിരുന്നു. നാട്ടിലെ കാര്യങ്ങള്‍ അവരെ അറിയിക്കുന്നതിനുള്ള പ്രസിദ്ധീകരണമായിരുന്നു അത്. ഞാന്‍ പട്ടാളക്കാരുടെ കഥകളും ലേഖനങ്ങളും സാഹിത്യവുമെല്ലാം ഇതില്‍ ഉള്‍ക്കൊള്ളിച്ചു. ഇതില്‍ കവിത എഴുതിയ ആളാണ് ഇന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍. നായനാര്‍ മാവിലായി എന്ന പേരിലായിരുന്നു കവിത എഴുതിയിരുന്നത്. 


റഷ്യന്‍ കഥകളും മറ്റും ഞാന്‍ ഇതില്‍ പ്രസിദ്ധപ്പെടുത്തി. വാര്‍ റിവ്യൂവിന്റെ പ്രചാരം കൂടി. റോയിയുടെ മനുഷ്യന്‍ ഇങ്ങനെ ആകുന്നത് എന്തുകൊണ്ടണ്‍് (Why men are so?) എന്ന പുസ്തകം ഞാന്‍ പരിഭാഷപ്പെടുത്തി വാര്‍ റിവ്യൂവില്‍ ചേര്‍ത്തിരുന്നു. തൂക്കു ശിക്ഷക്ക് വിധിക്കപ്പെട്ട എട്ടു മനുഷ്യരുടെ കഥയാണ് അതില്‍ റോയി പറഞ്ഞിരുന്നത്. ഗോവിന്ദന്‍ ഈ പ്രസിദ്ധീകരണം വിപ്ലവത്തിനു വേണ്ടി  ഉപയോഗിക്കുകയാണെന്ന് പി സി വര്‍ഗീസ് പരാതിപ്പെട്ടു. ഹാര്‍വേയ്ക്കും ഇതറിയാം. അന്ന് ഹോട്ടല്‍ ട്രേഡ് യുണിയന്‍ വൈസ് പ്രസിഡന്റായിരുന്നു ഞാന്‍. വൈകുന്നേരങ്ങളില്‍ പ്രസംഗിക്കും. വര്‍ഗസമരത്തിനു ഞാന്‍ ആഹ്വാനം ചെയ്യുന്നു എന്നായിരുന്നു പരാതി. പക്ഷേ, സായ്‌വ് എഴുതി, അയാള്‍ എം എന്‍ റോയി ഗ്രൂപ്പുകാരനാണ്. നമ്മുടെ ഉദ്ദേശം യുദ്ധം ജയിക്കലാണ്. അയാളെ ഉപദ്രവിക്കാതിരിക്കുന്നതാണ്  നല്ലത്. എന്നോട് വീണ്ടും യൂണിയന്‍ തെരഞ്ഞെടുപ്പിനു നില്‍ക്കരുതെന്നു മാത്രമേ ഹാര്‍വേ പറഞ്ഞുള്ളൂ. 


    സ്വാതന്ത്ര്യം വന്നു. മദ്രാസ് ഇന്‍ഫര്‍മേഷന്‍ വന്നു. 36-ല്‍ ഇംഗ്ലീഷ് ജേര്‍ണലിസ്റ്റ് എന്ന സ്ഥിരം തസ്തികയിലായിരുന്നു എനിക്കു പണി. തിരുവനന്തപുരത്തിനു പോകേണ്‍ കാര്യം എനിക്കുായിരുന്നില്ല. അന്ന് മകന്‍ ബാബുവിന് ഏഴു വയസ്സ്.മകള്‍ കല്യാണിക്ക് പത്തു വയസ്സ്. ഡയറക്ടര്‍ നിരുത്സാഹപ്പെടുത്തി. ഞാന്‍ ചില തത്വങ്ങള്‍ പാലിക്കാനാണ് തിരുവനന്തപുരത്തേക്കു പോകുന്നതെന്ന് മറുപടി നല്‍കി. നിങ്ങളെപ്പോലുള്ളവര്‍ ഉണ്ടാകുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. 

അന്ന് കേരളത്തില്‍ ഗവര്‍ണര്‍ഭരണമാണ്. ഒരു തൊഴിലില്‍ തുടര്‍ന്ന് പെന്‍ഷന്‍ പറ്റി ജീവിക്കുന്നത് എനിക്ക് അഭികാമ്യമായി തോന്നിയില്ല. ഇതു ശരിയാണെന്നു പറയുകയല്ല. അബദ്ധമാണ്. തിരുവനന്തപുരത്ത് അന്ന് കേരളകൗമുദിയില്‍ എഴുതും. ആളുകള്‍ ശ്രദ്ധിക്കും. ബാലകൃഷ്ണന്‍, അയ്യപ്പപ്പണിക്കര്‍ തുടങ്ങിയവര്‍ എന്റെ മുറിയില്‍ കൂടും. അന്ന് എന്റെ ലേഖനത്തിന് നൂറു രൂപ ലഭിക്കുമായിരുന്നു. നിങ്ങള്‍ക്കു മാത്രമേ അവര്‍ നൂറു രൂപ നല്‍കിയിട്ടുള്ളൂ എന്ന് പി കെ ബാലകൃഷ്ണന്‍ എന്നോട് പറഞ്ഞിട്ടുണ്ട് . വീട്ടില്‍ തിരിച്ചുവന്നാല്‍ എന്റെ മക്കള്‍ എന്നെ തിരിച്ചറിയാത്ത നില വരരുതെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. 

     കമ്യൂണിസ്റ്റ് ഭരണം നിലവിലുള്ളപ്പോള്‍ രാജിവയ്ക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഞാന്‍ ആരാണെന്നും എന്തു ജോലി ചെയ്യുകയാണെന്നും ഇ എം എസിനും ജോസഫ് മുണ്‍ശ്ശേരിക്കും അറിയാമായിരുന്നു. എന്നിട്ടും ഞാന്‍ വളരെ സ്വതന്ത്രനായിരുന്നു. ഒട്ടേറെപ്പേര്‍ എന്നെ കാണാന്‍ വരും. അന്ന് ഡയറക്ടര്‍ വി ആര്‍ നായനാര്‍ ആയിരുന്നു. 

    തിരുവനന്തപുരം ഞാന്‍ ഇഷ്ടപ്പെട്ടു. പക്ഷേ, എനിക്ക് ആവശ്യമായ anonymity- അഞ്ജാതനായിരിക്കാനുള്ള ആഗ്രഹം -നഷ്ടപ്പെട്ടു. 1959 സെപ്തംബര്‍ രണ്ടിന് ഞാന്‍ രാജി വച്ചു. 1959 ജൂലായ് 31-ന് ഇ എം എസ് ഗവണ്മെന്റിനെ നെഹ്‌റു ഗവണ്മെന്റ് പുറത്താക്കിയിരുന്നു. കമ്യൂണിസ്റ്റ് ഗവണ്മെന്റിനോട് പ്രതിഷേധിച്ചായിരുന്നു ഞാന്‍ രാജിവച്ചതെന്ന് ഡി സി കിഴക്കേമുറി പോലും ഏതോ പുസ്തകത്തില്‍ എഴുതി. കുറച്ചു നേരത്തേ രാജി വച്ചുകൂടായിരുന്നോ എന്ന് മന്നത്തിന്റെ സെക്രട്ടറി ചോദിച്ചു. എന്റെ ഉദ്യോഗം മറ്റൊരാളുടേതല്ല എന്നായിരുന്നു എന്റെ മറുപടി. രണ്ട മാസം മുമ്പ് രാജിവച്ചിരുന്നെങ്കില്‍ പ്രധാന വാര്‍ത്തയായി ഇത് മാറിയേനെ എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ജോണ്‍ പറഞ്ഞു. ഫ്‌ളാഷ് ആയില്ലെങ്കിലും അത് ഒന്നാം പേജ് വാര്‍ത്തയായിരുന്നു. 


    ഞാന്‍ രാജി വച്ചതോടെ എന്നോടൊപ്പം ജോലി നോക്കിയിരുന്ന നമ്പ്യാരും രാജി വച്ചു. ഞാന്‍ വളരെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ എസ് പി സി എസിലും പിന്നീട് ഫാക്ടിലും ജോലി നോക്കിയിരുന്നെങ്കിലും അവിടെ നിന്നും രാജി വച്ച് പിരിയുകയാണുണ്ടായത്. 


കവിതയിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു?.


 ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ ആദ്യ കവിത മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്നത്. കേളപ്പനായിരുന്നു അന്ന് പത്രാധിപര്‍. മാതൃഭൂമി പത്രാധിപരുടെ കത്ത് കിട്ടിയത് എനിക്ക് സന്തോഷകരമായ അനുഭവമായിരുന്നു. 1935-ല്‍ നമ്പീശന്റെ കവന മഞ്ജരി മാസികയില്‍ The solitary reaper എന്ന കവിത കൊയ്ത്തുകാരി എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. പിന്നീടു ശ്രീമതി മദിരാശി എന്ന കള്ളപ്പേരില്‍ ഞാന്‍ അഞ്ച് കവിതകള്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു. അന്ന് കവിതകള്‍ നോക്കിയിരുന്നത് കുട്ടികൃഷ്ണ മാരാര്‍ ആയിരുന്നു. മാരാര്‍ക്കു പോലും ശ്രീമതിയുടെ പിന്നില്‍ ആരാണെന്നു മനസ്സിiലായില്ല. 


   രണാങ്കണത്തിലേയ്ക്ക് പ്രസിദ്ധീകരിച്ചപ്പോള്‍ ചങ്ങമ്പുഴ മദിരാശിയില്‍ വന്നു. ആ കവിത നിങ്ങളുടേതാണല്ലേ എന്ന് ചോദിച്ചു. ചങ്ങമ്പുഴയെ ആദ്യമായും അവസാനമായും ഞാന്‍ കാണുകയായിരുന്നു. അത് ശങ്കരമംഗലം പറഞ്ഞുകൊടുത്തതായിരുന്നു എന്ന് ഞാന്‍ കരുതുന്നു. ചങ്ങമ്പുഴ ശൈലി കവിതകളായിരുന്നു അവയെല്ലാം തന്നെ. ഇംഗ്ലീഷില്‍ എം ജി ഹാരിസ് എന്ന പേരില്‍ ഞാനെഴുതി. അതേപോലെ വാഗ്ഭടന്‍ എന്ന പേരില്‍ നര്‍മ്മദയിലും മറ്റും. വി ബി എന്ന പേരില്‍ സമീക്ഷയില്‍ നീഗ്രോ കവിതകള്‍ വിവര്‍ത്തനം ചെയ്തു. ഹിന്ദികവിയായ വാത്സ്യായന്‍ കുട്ടിസാത്താന്‍ എന്ന പേരില്‍ തമാശകള്‍ എഴുതിയ കാര്യം ഓര്‍മ്മ വരുന്നു. 

കവി എന്ന നിലയില്‍ ഉണ്ടായ മാറ്റം? 


കുട്ടിക്കാലത്ത് ഞാന്‍ ഒറ്റയ്ക്കാണ് വളര്‍ന്നത്. മറ്റുള്ളവരില്‍ നിന്ന് ഞാന്‍ ഒറ്റപ്പെട്ടിരുന്നു. എന്റെ ചങ്ങാതിമാര്‍ ചെടിയും മരവും മറ്റുമായിരുന്നു. കര്‍ണ്ണന്റെ കഥയിലും മറ്റും ഈ സൂചനകള്‍ ധാരാളമാണ്. പതിനഞ്ചു വയസ്സു വരെ കുളിച്ചു തൊഴുതി അമ്പലത്തില്‍ പോകുന്ന ആളായിരുന്നു ഞാന്‍. ഏതാണ്ട് ധ്രുവന്റെ കഥ പോലെ താരധ്രുവ രീതിയിലായിരുന്നു അന്ന് എന്റെ ജീവിതം. 

   പതിനഞ്ചാം വയസ്സില്‍ വലിയ മാറ്റമുണ്ടായി.അന്നെന്റെ നാട്ടില്‍ ചിന്തകന്മാരോ വലിയ വിപ്ലവകാരികളോ ഇല്ല.ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ വീടു തന്നെ മൂന്നു നാഴിക അകലെയായിരുന്നു. ആദ്യമായി സാഹിത്യവുമായി ബന്ധമുള്ള ആളുമായി സമ്പര്‍ക്കത്തിലാകുന്നത് മാതൃഭൂമിയില്‍ കവിത വന്നതിനു ശേഷം ഉള്ളാട്ടില്‍ ഗോവിന്ദന്‍ കുട്ടി നായരുമായാണ്.എഴുതിയാല്‍ അദ്ദേഹത്തെ കാണിക്കും. അദ്ദേഹം ഒരു പ്രേമത്തിലായിരുന്നു അന്ന്. ഗോവിന്ദന്‍ വലിയ ഭാവിയുള്ള ആളാണെന്ന് അദ്ദേഹം അവരോടു പറയുമായിരുന്നു. 

   തുടര്‍ന്ന് ഞാന് പൊന്നാനി സ്‌കൂളിലാണ് പഠിച്ചത്. പത്തു മൈല്‍ നടക്കണം. നാലു മണിക്ക് പുറപ്പെച്ചട്ടാല്‍  എട്ടു മണിക്ക് വീട്ടിലെത്തും. പഠിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു. വീട്ടിന്റെയും നാട്ടിന്റേയും പരമ്പര്യം നോക്കിയാല്‍ യാതൊരു വിധ സ്വാധീനവും അന്നെനിക്ക് ഇല്ലായിരുന്നു. ഇടപ്പള്ളി രാഘവന്‍ പിള്ള മരിച്ച സമയം ഞാന്‍ വിഷാദവാനായിരുന്നു. ക്രമേണ പഠിപ്പില്‍ താല്‍പര്യം കുറഞ്ഞു. അങ്ങനെ ഒമ്പതാം ക്ലാസില്‍ ഞാന്‍ പഠനം നിര്‍ത്തി. മദിരാശിയിലേക്കു തിരിച്ചു. 

   വിദ്യാഭ്യാസത്തിന്റെ അഭാവം ഞാന്‍ വായനയിലൂടെ പരിഹരിച്ചു. 36-37 കാലത്ത് ഞാന്‍ സമയം ചെലവഴിട്ത്ച്ച മദിരാശിയിലെ കണ്ണിമേറാ ലൈബ്രറിയിലായിരുന്നു. രണ്ടു മണി മുതല്‍ ആറു മണി വരെ ഞാന്‍ അവിടെ ഇരിക്കും. എല്ലാത്തരം പുസ്തകങ്ങളും വായിച്ചു. ഞാന്‍ സാംസ്‌കാരിക വിപ്ലവത്തെപ്പറ്റി എഴുതി. 

   1937-ല്‍ എം എന്‍ റോയ് മദിരാശിയില്‍ വന്നു.Radical youth league യോഗത്തിലെ പ്രസംഗം കേട്ടു. ഇന്ത്യയുടെ ബോധമണ്ഡലത്തിലെ ഭാരതത്തെപ്പറ്റിയായിരുന്നു റോയ് പ്രസംഗിച്ചത്. മനുസ്മൃതി, ഹിന്ദു വിശ്വാസങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള ആക്രമണമായിരുന്നു അത. അന്ന് ദൂരെ നിന്ന് അദ്ദേഹത്തെ കണ്ടു. എന്നെ ഏറെ സ്വാധീനിച്ച സംഭവമായിരുന്നു അത്. ഇതിനിടയില്‍ ജെ പി എഴുതിയ Why Socialism?വായിച്ചു. ഗാന്ധിയന്‍ വിശ്വാസത്തെ ജെ പി അതില്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. 

      ഒറ്റപ്പെട്ടാലും കുഴപ്പമില്ലെന്ന മനോഭാവം എന്നില്‍ വളര്‍ത്തിയത് എം എന്‍ റോയ് ആണ്. മറ്റാരുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്താനാവുമായിരുന്നില്ല. ആറടി നാലിഞ്ച് നീളമുളമുള്ള ഒരാള്‍.സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇംഗ്ലീഷ് എന്നീ നാലു ഭാഷകള്‍ അദ്ദേഹം നന്നായി കൈകാര്യം ചെയ്യും. ഒട്ടേറെ കഴിവുകള്‍ നന്നായി ഇണങ്ങിയ മനുഷ്യന്‍. അദ്ദേഹം എന്നെ വല്ലാതെ ആകര്‍ഷിച്ചു. 

ആധുനിക കവിതയില്‍ ഒറ്റപ്പെട്ട പാത എന്തുകൊണ്ട്  തെരഞ്ഞെടുത്തു?

 മിത്തിനെപ്പറ്റി 52-ല്‍ ഞാന്‍ ഒരു ലേഖനമെഴുതി. 1954-ല്‍ പ്രത്യേകതരം കവിതകള്‍ എഴുതാന്‍ തുടങ്ങി. അന്ന് ആ കവിതകളിലെ വ്യത്യസ്തത എന്തെന്ന് പിടിപാടില്ലായിരുന്നു. ആധുനികത മലയാള കവിതയില്‍ അവതരിപ്പിക്കുന്നത് എന്‍ വി കൃഷ്ണവാര്യരാണെന്ന് ഒരഭിപ്രായമുണ്ടണ്‍്. അത് തെറ്റാണെന്ന് എനിക്ക് അഭിപ്രായമില്ല .

 . ഞാനധികം കവിത എഴുതാത്ത കാലമാണ് . അന്നൊക്കെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലാണ് ഞാനെഴുതിയിത്. ഇംഗ്ലീഷില്‍ എഴുതിവന്നതിന്റെ സ്വാധീനം പിന്നീട് ഞാന്‍ മലയാളം എഴുതുന്നതിലും വന്നു. 1945-ല്‍ തന്നെ റൊമാന്റിക് കവിതകളില്‍ നിന്ന് ഞാന്‍ മാറിയിരുന്നു. മനോഭാവത്തിലുള്ള മാറ്റമായിരുന്നു അതിനു കാരണം. വൃത്തസാഹിത്യത്തിലേക്ക് ഞാന്‍ പോയില്ല. കേക തന്നെ വളരെ വ്യത്യസ്ത രീതിയില്‍ ഞാനുപയോഗിച്ചിട്ടുണ്‍്. വളരെ കുറച്ചേ എഴുതിയിട്ടുള്ളൂ. പുതിയ കവികളെയും എന്റെ മനോഭാവം സ്വാധീനിച്ചു. പല കവിതകളും ഞാന്‍ തിരുത്തി കവികള്‍ക്ക് അയച്ചു. അവര്‍ സമ്മതിച്ചാല്‍ മാത്രം ആ തിരുത്തലോടെ ഞാന്‍ അവ പ്രസിദ്ധീകരിച്ചു. 

ആധുനികതയെ നവസാഹിതി എങ്ങനെ സഹായിച്ചു?


1950-ലാണ് കെ സി എസ് പണിക്കരോടൊപ്പം നവസാഹിതി തുടങ്ങിയത്. എം വി ദേവനായിരുന്നു പത്രാധിപര്‍. ദേവന്‍ വിദ്യാര്‍ത്ഥിയാണ്. പത്രാധിപ സമിതിയില്‍ എന്‍ വി കൃഷ്ണവാര്യര്‍, സി ജെ തോമസ്, വി ടി ഭട്ടതിരിപ്പാട്, ഇടശ്ശേരി തുടങ്ങിയവരായിരുന്നു അംഗങ്ങള്‍. 36 പേജുള്ള നവസാഹിതയുടെ ആറു പതിപ്പ് പുറത്തിറങ്ങി. ടി പത്ഭനാഭന്റെ ചില കഥകള്‍, കോവിലന്റെ ഒരു നഗരത്തിന്റെ കഥ, സി ജെയുടെ ചില കൃതികള്‍ എന്നിവ ഇവയിലൂടെ പുറത്തു വന്നു. ഒര#ു സംയുക്തസംരംഭമായിരുന്നു അത്. എന്‍ പി മുഹമ്മദ്, കെ കെ രാഹുലന്‍ തുടങ്ങിയവരും ഇതുമാ.യി ബന്ധപ്പെട്ടു.

 സമീക്ഷയുടെ തുടക്കം എങ്ങനെ?. 


1955-56-ല്‍ പത്തു പത്തു പേര്‍ 200 രൂപ വീതമെടുത്ത് ഒരു സാഹിത്യ മാസിക തുടങ്ങാന്‍ തീരുമാനിച്ചു. എം ദേവന്‍, എന്‍ പി മുഹമ്മദ്, സി ജെ, പി കെ ബാലകൃഷ്ണന്‍, ഞാന്‍ എന്നിങ്ങനെ പത്തു പേര്‍ ചേര്‍ന്നാണ് സമീക്ഷ തുടങ്ങുന്നത്. കെ സി എസ് പണിക്കരാണ് ആദ്യത്തെ മാസികയുടെ കവര്‍ ചെയ്തത്. ഞാനന്ന് തിരുവനന്തപുരത്താണ്. സി ജെ റെയില്‍വേയിലും. നമ്പ്യാരുമുണ്‍്. അവിടെ നിന്ന് പുറത്തിറക്കിയതാണ് ഗോപുരം. അത് അഞ്ചു പതിപ്പുകള്‍ ഇറക്കി. പിന്നെ അയ്യപ്പപ്പണിക്കരും ചേര്‍ന്ന് 350 രൂപ മുടക്കി ആറാമത്തെ പതിപ്പ് ഇറക്കി. ബോദ്‌ലയര്‍, കമ്യു, ലെപ്പാര്‍ഡ് എന്നീ ആധുനികരെപ്പറ്റി മലയാളത്തില്‍ ആദ്യമായി എഴുതപ്പെട്ടത് ഈ പ്രസിദ്ധീകരണത്തിലാണ്. തിരുവനന്തപുരത്ത് ഇത് വരുത്തന്മാരുടെ ഒരു പ്രസ്ഥാനമാണെന്ന് ഒരാക്ഷേപമുണ്ടായി. പക്ഷേ, സുഗതകുമാരിയെപ്പോലുള്ളവര്‍ ഇതേപ്പറ്റി നല്ല അഭിപ്രായം പറഞ്ഞു

. അന്ന് സാഹിത്യ അക്കാദമിയെപ്പറ്റി ചില നോട്ടുകള്‍ ഞാന്‍ തയാറാക്കുകയുണ്ടായി. കര്‍ക്കശമായ ചില നിരീക്ഷണങ്ങള്‍. ഇതുകൊണ്ട്വു ഉണ്ടാന്ന ദോഷങ്ങളാണ് ഞാന്‍ പരാമര്‍ശിച്ചത്. ദാസന്മാരായ എഴുത്തുകാര്‍ ഉണ്ടാവുമെന്ന് ഞാന്‍ ഞാനെഴുതി. അതേപോലെ കേരളത്തിലെ സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അദ്ധ്യക്ഷനായി  കെ എം പണിക്കരെ നിയമിച്ചതിനെയും ഞാന്‍ എതിര്‍ത്തു. പണിക്കര്‍ അയ്യപ്പപ്പണിക്കരുടെ അമ്മാവനാണ്. ആരായാലും സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി കെ എം പണിക്കര്‍ ഇരിക്കുകയും വള്ളത്തോളിനെപ്പോലെ ഒരാള്‍ പുറത്തു നില്‍ക്കുകയും ചെയ്യുന്നത് ശരിയായിരുന്നില്ല. മഹാമനുഷ്യന്മാര്‍ഇരിക്കെ ഉദ്യോഗവും അല്‍പം സാഹിത്യ സേവനവും പരിഗണിച്ച് ഒരാളെ അക്കാദമി പ്രസിഡന്റ് ആക്കിയതിലായിരുന്നു എനിക്ക് എതിര്‍പ്പ്. കെ എം പണിക്കരെക്കാള്‍ കഴിവുള്ള കെ പി കേശവമേനോന്‍, വിക്രമാദിത്യകഥയിലെ ഭട്ടിയെപ്പോലെ കാടാറുമാസവും നാടാറുമാസവുമായി വര്‍ക്കിങ്പ്രസിഡന്റായി തുടരേണ്ടി വരുന്നതും ഞാന്‍ ചൂണ്ടിക്കാട്ടി. 


ആധുനികതയിലേക്ക് മലയാള കവിതയെ നയിച്ച ഘടകങ്ങള്‍? 

1950-ല്‍ തൃശൂരില്‍ ഒരു ക്യാമ്പ് നടന്നു. ഓര്‍ഗനൈസ് ചെയ്യാന്‍ പോയത് ഞാനാണ്. എന്‍ വി കൃഷ്ണവാര്യര്‍ അന്ന് കേരളവര്‍മ്മയില്‍ പഠിപ്പിക്കുകയാണ്. പുരോഗമന സഹിത്യം ഒന്നുമല്ലാത്ത കാലം. തകഴി, പൊന്‍കുന്ന വര്‍ക്കി, പി ഭാസ്‌കരന്‍, സി ജെ, ഉറൂബ്, മുണ്ടശ്ശേരി തുടങ്ങിയ എഴുത്തുകാര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഈ ക്യാമ്പില്‍ ഒരു മാനവിക രേഖ എഴുതി അവതരിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായി. എന്‍ വി അതെഴുതി വായിച്ചു. ഒരാള്‍ക്ക് അഞ്ചു രൂപയായിരുന്നു ക്യാമ്പ് ഫീസ്. തകഴി പോലും ക്യാമ്പ് ഫീസ് നല്‍കി. എഴുത്തുകാരുടെ ക്യാമ്പ് ആദ്യമായി അങ്ങനെ രൂപം കൊണ്ടു

. ജീവിതവും കലയുമായുള്ള ബന്ധം താങ്കളുടെ കൃതികളില്‍ എപ്പോഴും പരാമര്‍ശിക്കപ്പെടുന്നുവല്ലോ. കാരണം.?


വ്യക്തിപരമായ എന്റെ വിശ്വാസത്തിന്റെ ഭാഗമാണിത്. അത് വെറും കവിയെ മാത്രം ബാധിക്കുന്നതല്ല. ജീവിതത്തെപ്പറ്റിയുള്ള സങ്കല്‍പമാണത്. ജീവിതം സുന്ദരമായിരിക്കണം. അവിടെയാണ് എനിക്ക് ഒരു തരത്തില്‍ വിപ്ലവസംരംഭത്തോടുള്ള വിരോധം. ഒരു തൊഴിലാളിയുടെ ജീവിതമായാലും അദ്ധ്വാനിക്കുന്നവരുടെ ജീവിതമായാലും നന്മ വേണം. നന്മയോടൊപ്പം സൗന്ദര്യവും വേണം. ഇതിന്റെ അഭാവത്തില്‍ മാനുഷികമൂല്യങ്ങള്‍ക്ക് അര്‍ത്ഥമോ പ്രസക്തിയോ ഇല്ല. 

 സത്യം ശിവം സുന്ദരം എന്ന ക്ലാസിക് സങ്കല്‍പം നമുക്ക് പരിശോധിക്കാം. Truth ,Goodness beauty തന്നെ  ശിവം എന്നാല്‍ നന്മയാണ്. ഇതു മൂന്നും സമ്മേളിക്കുന്ന വ്യക്തിയാണ് നല്ല വ്യക്തി. ഇതു മൂന്നും മൂല്യമായി കാണുന്ന സമുദായമേ നല്ല സമുദായമാകൂ. ഇത് എന്റെ ജീവിതത്തിലും എനിക്കാവും വിധം ഞാന്‍ ബാധകമാക്കാന്‍ ശ്രമിക്കായ്കയില്ല. ഇതാകട്ടെ, എന്റെ പഴയ പുസ്തകമായ അന്വേഷണത്തിന്റെ ആരംഭത്തിലും പറയുന്നു. ഇതിനു സംഭാവന നല്‍കുന്നതാണ് കല. 

   കലയെന്നു വച്ചാല്‍ സംഗീതം, സാഹിത്യം, വാസ്തുശില്‍പം എല്ലാം കടന്നുവരും. പരിസ്ഥിതിവാദക്കാരുടെ മരം മാത്രമല്ല സൗന്ദര്യം. വാസ്തുവിദ്യയും അതില്‍പെടും. പരമ്പരാഗതമായ വാസ്തുവിദ്യക്ക് കേരളത്തിലെ പ്രകൃതിയും ജീവിതവുമായി നല്ല ബന്ധമുണ്ട് . ഭൂമിശാസ്ത്രം നമ്മെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് . കേരളത്തിന്റെ മഴക്കാറിന്റെ ശ്യാമനിറവും സൂര്യവെളിച്ചത്തിന്റെ സംവിധാനരൂപവും മറ്റും നമ്മുടെ വീടുകളെ ഏറെ സ്വാധീനിച്ചിരിക്കും. പ്രൃകൃതിയുമായി തുലനം ചെയ്യത്തക്ക വിധത്തിലാണ് ആ വീടുകള്‍. അറേബ്യയിലും പ്രകൃതി വാസ്തുവിദ്യയെ സ്വാധീനിച്ചിരിക്കുന്നത് കാണാം. 


ജന്തുക്കളെപ്പോലും പ്രകൃതി സ്വാധിനിക്കുന്നു. ദൂരക്കാഴ്ച കിട്ടത്തക്കവിധമല്ലേ ഒട്ടകപ്പക്ഷിക്ക് നീണ്ട കഴുത്ത് കിട്ടിയിരിക്കുന്നത്. ഉദാഹരണങ്ങള്‍ ഇനിയുമുണ്ട് . സുന്ദരമായി എന്നു പറയുമ്പോള്‍ സൗന്ദര്യശാസ്ത്രപരമായ ഒരു അനുഭൂതി മാത്രമല്ലേ അത്. നല്ലതാണ് സൗന്ദര്യം.നന്മയും സൗന്ദര്യവുമായുള്ള ബന്ധത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ദൈവവിശ്വാസിയല്ല.അത്തരം ബിംബങ്ങളില്‍ വിശ്വാസവുമില്ല.ഞാന്‍ വിശ്വസിക്കുന്നത് മനുഷ്യനിലാണ്.ആ ബിംബം നന്നാക്കുക എന്നതാണ് എന്റെ ലക്ഷ്യം. അതെന്റെ സ്വാര്‍ത്ഥതാല്‍പര്യം കൂടിയാണ്.

(എം ഗോവിന്ദന്‍ അന്തരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് നടത്തിയ ഈ അഭിമുഖം സരോവരം മാസികയിലും പിന്നീട് മാഹി കലാഗ്രാമം പുറത്തിറക്കിയ ഗോവിന്ദന്‍ സ്മരണികയിലും പ്രസിദ്ധീകരിച്ചിരുന്നു .)

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image